Wednesday, July 20, 2011

ശിവരാത്രികള്‍.......



കല്‍പ്പപാദപപ്പൂവിന്‍ കൊഴിഞ്ഞ ദളമന്തി-
ച്ചുവപ്പിന്‍ ചായക്കൂട്ടില്‍ ചേര്‍ത്തുവെച്ച,തിനൊപ്പം
തിളങ്ങും കണ്ണിന്‍കോണില്‍ പടര്‍ന്ന മഷിക്കറു-
പ്പിഴുകിച്ചേരും ഖേദം ചേര്‍ത്തു പാര്‍വതി നിന്നാള്‍

ഹിമവദ്സാനുക്കളില്‍ നേര്‍ത്തുവോ മഞ്ഞിന്‍ പുത-
പ്പുരുകിക്കിനിഞ്ഞെന്നോ ചുടുനിശ്വാസക്കാറ്റാല്‍...
ഹരതാണ്ഡവപ്രോജ്ജ്വല്‍ ഭ്രമഹുങ്കാരം ചേരു-
ന്നചലം സ്വനശൂന്യം നിശ്ചേഷ്ടം പവനനും

ദക്ഷന്റെ സര്‍വസ്വസ്വത്തുച്ഛിഷ്ടംപോലേത്യജി-
ച്ചക്ഷണം പുറപ്പെട്ടു താതവാക്യങ്ങള്‍ താണ്ടി
ഇച്ഛപോല്‍ സ്വയംവരം ചെയ്തതു വരിഷ്ഠമോ,
രിഷ്ടമോ വിവേകം ചേര്‍ത്തിന്നു നീ വിമര്‍ശിപ്പൂ

വളരുംകാലം തീര്‍ത്ത നിനവിന്‍ കല്ലില്‍തട്ടി-
ക്കനവും കനംപേര്‍ത്ത കല്‍പ്പനച്ചിമിഴ്ചില്ലും
തകര്‍ന്നോ, നുരതീര്‍ത്ത നിമിഷച്ചിത്രംപോലെ?
പറവാന്‍ വെമ്പുന്നെന്തോ, ഭാവമങ്ങനെ ചൊല്‍വൂ

ആരുമില്ലടുത്തിപ്പോ,ളന്തിക്കു തിരിവെച്ചി-
ട്ടാരുവാന്‍ ഉരുക്കഴിക്കേണ്ടതാ ശിവനാമം
തരുണര്‍ രണ്ടാണെന്നാലാരുമിങ്ങടുത്തില്ലാ-
തരിയും ലഭിപ്പീലാ പുത്രവല്‍സലമോദം

എരിയുന്നുണ്ടാമച്ഛന്നുള്ളകമിന്നും നീയ-
ന്നൊരുനാള്‍ ചാര്‍ത്തിപ്പോന്ന വിരഹക്കൊടും തീയില്‍
അറിയുന്നുണ്ടോ ദുഃഖം, വിരഹം തീര്‍ത്തീടുന്ന-
തകലെപ്പിരിഞ്ഞങ്ങുപോകുമ്പോള്‍ ജീവസ്നേഹം

ഉയരെ,പ്പഴനിയില്‍ ചേര്‍ത്തുവന്‍ പദം, സ്കന്ദ-
പ്പെരുമാളായിത്തീര്‍ന്നൂ സര്‍വര്‍ക്കും കുമരനായ്
അറിവൂ നീയാ ഖേദം പുത്രദുഃഖത്തിന്‍ തീയുള്‍-
ക്കനലിന്‍ നേര്‍ക്കാവടിത്തിണര്‍പ്പില്‍ പുളയുമ്പോള്‍

മകനായ് കരുതേണ്ട ദേവനെത്താതന്‍ ചീര്‍ത്തോ-
രഹമിങ്ങേറിക്കോളില്‍ നിന്ദിച്ച പിഴയാല്‍താന്‍
ഒരു വന്‍മേഷത്തലച്ചിരിയായ് പ്രാണന്‍ ചേര്‍ത്ത-
ന്നതിനോ ഗജരൂപപ്രായനായ് ഗണനാഥന്‍

കൊതിയാണിന്നും പക്ഷേ കാണുവാന്‍, ശിവം ചേര്‍ന്ന
നടനം,രൂപം,ഹൃദ്യ നിത്യമാം മൃദുസ്മേരം
എരിയും കണ്ണാല്‍ ക്ഷിപ്രം ചുട്ടെരിച്ചതുദേവന്‍
രതിയെ,ദ്ദയാവാ,നെന്നാകിലും നിന്നോടെന്നും

പറയും സംഹാരകനെന്നുനിന്‍ പ്രിയനേയി-
ബ്ഭുവനം മുഴുവന്‍ നീയെങ്കിലത്ഭുതശീല
പറയൂ ഭവാന്തകനെങ്കിലെന്തിനായ് നാഥ-
നുലകം മുടിക്കുന്ന കാളകൂടത്തെ തിന്നൂ

ഒരുവേള നീയോര്‍ത്തോ ജടയും പറിച്ചന്നു
പതിതാന്‍ കോപംകൊണ്ടങ്ങച്ഛനെ മുടിച്ചതും
ഹൃദയം പിളര്‍ന്നമ്മ തേങ്ങിയ ദീനക്കാറ്റിന്‍-
ഗതിയൊന്നറിഞ്ഞില്ലേ രാവിനെ പകലാക്കാന്‍

ഇനിയും വിഷദര്‍പ്പം ചീറ്റിടാം ഇഹലോക-
പ്പുളകം തേടും ജീവകോശങ്ങള്‍ ഭ്രമക്കൂത്താല്‍
ഇനിയും വിഴുങ്ങുവാന്‍ വേണ്ടിവന്നിടാം കണ്ഠം
കനിയാം ദേവന്‍, നീയും കണ്‍തുറന്നിരിക്കേണം

അറിവൂ, ഖേദം നിനക്കിന്നിപ്പോള്‍, ഹിമഗേഹ-
ത്തറയില്‍ ചുരുങ്ങുന്ന ദീനതയോര്‍ത്തിട്ടല്ലാ
നിറവൂ താപം നിന്നില്‍ ലോകത്തിന്‍ ഗതിയോര്‍ത്താ-
ണഖിലം മുടിക്കുന്നൊരുന്ധതാ വേഗം പാര്‍ത്തും

ഇനി നീയുറങ്ങാതെ കാത്തിരിക്കണം ദേവീ
നിറനീള്‍ക്കണ്ണാല്‍തന്നെ പാര്‍ത്തിരിക്കണം നിത്യം
ഇനിയും വിഴുങ്ങേണ്ടതുണ്ടുപോല്‍ ഗരം നാഥന്‍
വിഷഹാരകന്‍ ലോകാമയഹാരകനീശന്‍

No comments:

Post a Comment