Wednesday, July 20, 2011

ഇത്തവണയും വേലകളിച്ചു

ഇത്തവണ ഉത്സവത്തിന് പോയപ്പോള്‍ എട്ടാം ഉത്സവത്തിലെ വേലകളി ശരിക്കും ആസ്വദിച്ചു. തുടക്കം മുതല്‍ ഒടുക്കം വരെ അവരുടെ ചുവടുകള്‍ക്കൊപ്പിച്ച് വായ്ത്താരി ചൊല്ലി നടക്കുമ്പോള്‍ ആനന്ദമായിരുന്നു. ഒപ്പം ഒരു ഖേദവും- പണ്ട് ബാല്യത്തില്‍ വേലക്കു പിന്നില്‍ നിന്ന് താളം പിടിക്കാന്‍ ഉണ്ടായിരുന്ന തിക്കും തിരക്കുമില്ല. അന്നൊക്കെ ഒരു കൊടി കയ്യില്‍ കിട്ടാന്‍ കൊതിയും അതിനുള്ള മത്സരവുമായിരുന്നെങ്കില്‍ ഇന്ന് രണ്ടു കയ്യിലും കൊടിപിടിച്ച് വായ്ത്താരി പറയുമ്പോള്‍ ആ ശബ്ദത്തിനു മുഴക്കം കുറവായിരുന്നു. പിന്നെ ഒരാശ്വാസം തോന്നി, അച്ഛന്റെ പ്രായമുള്ള മുണ്ടടി മണിയന്‍ ചേട്ടനും മൂത്ത ചേട്ടനൊപ്പമുള്ള പൂതിയോട്ടു കുട്ടപ്പായി ചേട്ടനുമൊപ്പം വേലക്കു പിന്നില്‍ നിന്നപ്പോള്‍ എന്റെയൊപ്പം തൊണ്ട പൊട്ടുമാറുച്ചത്തില്‍ ഏറ്റു പറയാന്‍ എന്റെ രണ്ടു മക്കളുമുണ്ടായിരുന്നു, 11-ഉം എട്ടും വയസുകാര്‍, ആണും പെണ്ണും. അവര്‍ മാത്രമല്ല വേറേ ഏതാനും കുട്ടികളും…. ആവൂ, ആശ്വാസമാകുന്നു. . . . വേലകളിക്കാന്‍ വന്നവിരിലും യുപി സ്കൂളില്‍ പഠിക്കുന്ന കുട്ടികളെ കണ്ടു. ഇല്ല നമ്മുടെ കലകളും സംസ്കാരവുമൊന്നും അങ്ങനെയങ്ങ് മമറയില്ല.. .. ..

വേലകളിഃ കലയുടെ ആഘോഷം

ആനച്ചമയത്തില്‍ പ്രതിബിംബിച്ച് നിങ്ങള്‍ ഒരു നൃത്തം കണ്ടിട്ടുണ്ടോ? ചെറുകാറ്റിന്റെ കുഞ്ഞിക്കൈകള്‍ താലോലിക്കുമ്പോള്‍ ജലപ്പരപ്പില്‍ ഉണ്ടാകുന്ന അലച്ചാര്‍ത്തില്‍ അമൂര്‍ത്ത ബിംബങ്ങളുടെ ആയിരവും പതിനായിരവും വേഷങ്ങള്‍ ഒന്നിച്ചു നൃത്തമാടുന്നതു കണ്ടിട്ടുണ്ടോ? അങ്ങനെ കാണുമ്പോഴാണ് ഈ കലക്ക്, വേലകളിക്ക് കാണാന്‍ കൌതുകവുമേറുക. വേദിയുടെ മൂന്നുപുറവും പിന്നെ കാണികളുടെ നാലാം തടസവും നീക്കി നിലത്തിറങ്ങുന്ന ഒരു കല. താളവും വാദ്യവും നൃത്തവും മെയ്യഭ്യാസവും വേഷവും ഒന്നിക്കുന്ന കലയുടെ ആഘോഷമാണ് വേലകളി.
എഴുന്നള്ളി നില്‍ക്കുന്ന ഭഗവാന്റെ തിടമ്പേറ്റിയ ആനക്കു മുന്നില്‍ കളരിച്ചുവടുകളും പടക്കളത്തിലെ അടവുകളും പയറ്റുന്ന ഇവര്‍ക്ക് ഒരേ രൂപമാണ്. അതുകൊണ്ടുതന്നെ ആനച്ചമയത്തിലെ നെറ്റിപ്പട്ടത്തില്‍ മുഴുപ്പുള്ള കുമിളകളില്‍ മിഴിയുന്നവര്‍ക്കും ഒരേ രൂപം. ഇതു തിരുമുമ്പില്‍ വേലയുടെ വേളയാണ്.
ഈ വേലകളിക്കാര്‍ കണ്ണെഴുതിയിരിക്കും. നെറ്റിയില്‍ ചന്ദനക്കുറി. അരയില്‍ അരപ്പട്ടയോ കച്ചയോ കാണും. ബഹുവര്‍ണമല്ല വേഷം. പക്ഷേ കമനീയം. തലപ്പാവുണ്ടാകും. കയ്യില്‍ തോള്‍വള, കഴുത്തില്‍ മണിമാലകള്‍. അധികഭാരമില്ലാത്ത ആഭരണങ്ങള്‍ക്ക് ആയിരമിരട്ടിയാവും ചന്തം. കയ്യില്‍ അലങ്കാരിഭരിതമായ പരിചയും ചുരികക്കോലും. ചിലപ്പോള്‍ വെട്ടിത്തിളങ്ങുന്ന വാളുകളും കാണാറുണ്ട്.
പിന്നില്‍ മദ്ദളം, ഇലത്താളം, കുറുങ്കുഴല്‍, തപ്പ് (ചിലെടങ്ങളില്‍ ചെണ്ടയും കൊമ്പും കാണാം) എന്നിവയുതിര്‍ക്കുന്ന കര്‍ശനമായ താളക്രമം. അതിനൊപ്പം ഉത്സവപ്പറമ്പിലെ കാണികളും ആരാധകരും കരക്കാരും ചേര്‍ന്ന് ഉച്ചത്തില്‍ ഉതിര്‍ക്കുന്ന വായ്ത്താരിയും അവര്‍ താളത്തില്‍ തുള്ളിക്കളിക്കുന്ന ഉത്സവക്കൊടികളും. വായ്ത്താരിക്കും വാദ്യങ്ങള്‍ക്കുമൊപ്പിച്ച് വേലക്കാര്‍ ചുവടുവച്ച് മുന്നോട്ടും പിന്നോട്ടും വശങ്ങളിലേക്കും ചലിക്കുകയാണ്. മുന്നില്‍ നില്‍ക്കുന്ന നായകന്റെ- സേനാപതിയുടെ- കാല്‍ച്ചുവടും കൈച്ചലനവും അതേ പടി നെല്ലിട തെറ്റാതെ അനുയായികളും അനുകരിക്കുമ്പോള്‍ പ്രകടമാകുന്ന ഏകീഭാവത്തിനു വര്‍ണനാതീതമായ സൌന്ദര്യമാണ്. അത് സൈന്യത്തിന്റെ അച്ചടക്കവും ചിട്ടയും കൃത്യതയും എല്ലാമെല്ലാം സ്ഫുരിപ്പിക്കുന്നു. (ഇന്ന് റിപ്പബ്ളിക് ദിനത്തില്‍ ദല്‍ഹിയില്‍ പട്ടാളവും സ്വാതന്ത്യ്ര ദിനത്തില്‍ സംസ്ഥാനങ്ങളില്‍ പൊലീസും നടത്തുന്ന പരേഡുകള്‍ക്ക് എത്രയോ കാലം മുമ്പ് ഈ കമനീയ ദൃശ്യം നിലനിന്നിരുന്നുവെന്നാലോചിക്കുക.)
അതില്‍ കളരിപ്പയറ്റിന്റെ മെയ്വഴക്കമുണ്ട്. കരസേനയുടെ കൌശലങ്ങളുണ്ട്. കളരിയഭ്യാസിയുടെ കൈക്കരുത്തുണ്ട്. കമനീയമായ ഒരു കലയുടെ കാഴ്ച്ചത്തികവുണ്ട്.
ഇപ്പോള്‍ നിങ്ങള്‍ അമ്പലക്കുളത്തിന്റെ കരയിലാണ്. അമ്പലക്കുളങ്ങരയിലെ ഈ വേലക്കാരുടെ ലീല കുളത്തില്‍ വേലയെന്നാണറിയപ്പെടുന്നത്. കണ്ണാടിപോലുള്ള ജലാശയത്തില്‍ തെളിയുന്നത് തുല്യ ശക്തിയുള്ള 'എതിരാളികളാ'ണ്. ആരും ജയിക്കുകയും തോല്‍ക്കുകയും ചെയ്യാത്ത ഒരു 'യുദ്ധമുറ'യാണവിടെ നടക്കുന്നത്. ആ പരിശീലനത്തില്‍ കളിക്കാര്‍ക്ക് സ്വന്തം കഴിവില്‍ അഭിമാനിക്കാനും വീഴ്ചയില്‍ തിരുത്താനുമുള്ള അവസരമൊരുങ്ങുന്നു. കാഴ്ചക്കാര്‍ക്ക് അത് ബിംബവും പ്രതിബിംബവും ഓളപ്പരപ്പിലെ അസംഖ്യം പ്രതിബിംബങ്ങളും എല്ലാം എല്ലാം ഒന്നായിച്ചേരുന്ന അദ്വൈത ദര്‍ശനമാകുന്നു. ഈ കലയുടെ ആത്മീയ ദര്‍ശനം അതാണ്. എല്ലാം ഒന്നാണെന്ന ഏകാത്മ ദര്‍ശനം.
ക്ഷേത്രമൂര്‍ത്തിയുടെ മുന്നില്‍ നടക്കുന്ന ഈ കലാ പ്രകടനം രാജഭരണകാലത്തെ പാരമ്പര്യ സൈനിക വിഭാഗമായിരുന്ന നായന്മാരുടെ പരിശീലന കലയായിരുന്നിരിക്കണം. സൈന്യത്തിലേക്ക് ആളെ കൂട്ടാനും സൈനികര്‍ക്ക് ആള്‍ക്കൂട്ടത്തിലെത്താനും ഉള്ള ഉപാധികൂടിയായിരുന്നിരിക്കണം ഈ കല. അമ്പലപ്പുഴയാണ് വേലകളിയുടെ ഈറ്റില്ലമെന്നാണ് തെളിഞ്ഞിരിക്കുന്നത്. അമ്പലപ്പുഴ രാജാവിന്റെ സൈനിക പരിശീലകനായിരുന്ന മാത്തൂര്‍ പണിക്കരാണ് ഈ കലയുടെ ജനകനെന്നും. അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രം, ചേര്‍ത്തല ദേവീ ക്ഷേത്രം, ഹരിപ്പാട് സുബ്രഹ്മണ്യ ക്ഷേത്രം, തുടങ്ങി ആലപ്പുഴ- കുട്ടനാട് പ്രദേശങ്ങളിലാണ് വേലകളിക്ക് പ്രചാരം ഏറെ. ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലും വേലകളിയുണ്ട്. അവിടവിടെ ചില പ്രാദേശിക ഭേദങ്ങളുമുണ്ട്. കൌരവ- പാണ്ഡവ യുദ്ധത്തെ അനുസ്രമിപ്പിക്കുന്നതാണ് വേലകളിയെന്നും പറയാറുണ്ട്.
എല്ലാ കലകള്‍ക്കും ഉള്ള ദൈവിക പരിവേഷം വേലകളിക്കും പറയപ്പെടുന്നുണ്ട്. അതില്‍ ചിലത് ഇങ്ങനെ-
ഭഗവാന്‍ കൃഷ്ണന്‍ ബാല ലീലകള്‍ക്കിടയില്‍ താമരക്കുളത്തില്‍ ഇറങ്ങി കൂട്ടുകാരുമായി കളിച്ചു. കരയ്ക്ക് കയറിയപ്പോള്‍ അവര്‍ നീണ്ട താമരത്തണ്ടും താമര ഇലയും കൊണ്ട് കളിച്ചു. ഇതു കണ്ട നാരദ മുനി വില്വമംഗലം സ്വാമിയാരോട് ഈ കൃഷ്ണലീല ജനങ്ങള്‍ക്കിടയില്‍ വ്യാപകമാക്കണമെന്ന് ആവശ്യപ്പെട്ടുവത്രേ. അങ്ങനെയാണ് ഈ വേലകളിയുണ്ടായതെന്ന് ഒരു പക്ഷം. മറ്റൊരു ദേവാംശ കഥയിങ്ങനെയാണ്. പൊന്‍കുന്നത്തിനടുത്ത് ചിറക്കടവില്‍ വേലകളി അഭ്യസിച്ചിരുന്നവരില്‍ ഒരാള്‍ പെട്ടെന്ന് ഒരു ദിവസം അപ്രത്യക്ഷനായി. തേടാത്തയിടമില്ലെന്നായി. പക്ഷേ ഒടുവില്‍ തിരിച്ചറിഞ്ഞു, അത് മണികണ്ഠനായ അയ്യപ്പ സ്വാമിയായിരുന്നുവെന്ന്. അന്നുതൊട്ട് ഇങ്ങനെ വിശ്വസിച്ചു പോരുന്നു വേലകളിക്കാരില്‍ ഒരാള്‍ സ്വാമി അയ്യപ്പനാണെന്ന്. ഇന്നും ചിറക്കടവിലെ ശിവക്ഷേത്രത്തില്‍ വേലകളിക്ക് കളിക്കാരുടെ എണ്ണം കഴിഞ്ഞ് ഒരു നിഴല്‍ അധികമായുണ്ടാകാറുണ്ടത്രേ. അത് സാക്ഷാല്‍ അയ്യപ്പനാണെന്നാണ് വിശ്വാസം.

April 9,2010

No comments:

Post a Comment