Wednesday, July 20, 2011

മാറ്റങ്ങള്‍ക്കിടയില്‍ വലിയ മാറ്റങ്ങളില്ലാതെ



പത്തുവര്‍ഷം മുമ്പത്തെ കാര്യമാണ്. ഇന്റര്‍നെറ്റില്‍ സര്‍ഫ് ചെയ്ത് ഒരു ഇ മെയില്‍ ഐഡി ഉണ്ടാക്കുന്നതിനുള്ള ശ്രമത്തില്‍. ഇന്‍ഫര്‍മേഷന്‍ ടെക്നോളജി യുഗത്തില്‍ നമ്മള്‍ പിന്നിലായിപ്പോകരുതല്ലോ. അതിന്റെ നടപടി ക്രമം മുന്നോട്ടു പോകവേ ഒരു ചോദ്യം- ആദ്യം പഠിച്ച സ്കുളിന്റെ പേര്? ഗവ. യു. പി. എസ്, കാവാലം എന്ന് പൂരിപ്പിച്ചു. 1976-ല്‍ ആയിരിക്കണം അതിനുമുമ്പ് ഒടുവില്‍ ആ പേര് എഴുതിയത്, ഏഴാം ക്ളാസില്‍ പഠിക്കുമ്പോള്‍ പുസ്തകത്തിന്റെ പുറം ചട്ടയില്‍. 20 വര്‍ഷത്തിനു ശേഷം അന്ന് പെട്ടെന്ന് ഓര്‍മ്മകള്‍ പിന്നോട്ടു പോയി. ഇപ്പോള്‍ 30 വര്‍ഷത്തിനു ശേഷം കമ്പ്യൂട്ടറിനു മുന്നിലിരുന്ന് ഈ കുറിപ്പു തയാറാക്കുമ്പോള്‍ ഒരിക്കല്‍കൂടി ആ ഓര്‍മ്മകള്‍ ഉണര്‍ന്നെഴുന്നേല്‍ക്കുന്നു. ഇപ്പോള്‍ ആദ്യം പഠിച്ച സ്കൂളിനെക്കുറിച്ച് അഭിമാനമേറെയുണ്ട്. പഠിക്കുന്ന കാലത്ത് ഏറെ ഉണ്ടായിരുന്നത് അപകര്‍ഷബോധമായിരുന്നുവെന്നു പറയാതിരിക്കുന്നത് അസത്യമാകും. കാരണം മറ്റു സ്കൂളുകളില്‍ പഠിക്കുന്നവര്‍ എന്റെ സ്കൂളിനെക്കുറിച്ച് പറഞ്ഞിരുന്നതെല്ലാം കുറ്റവും കുറവും മാത്രമായിരുന്നു. 'മാക്രി തുടിച്ചാല്‍ വെള്ളം കയറുന്ന ചെമ്പുക്കുഴി'യെന്നായിരുന്നു ഒരു കുപ്രസിദ്ധി. ഓലകെട്ടി, പനമ്പുകൊണ്ട് മറച്ച, കളിക്കാന്‍ ഗ്രൌണ്ടില്ലാത്ത സ്കൂളനെക്കുറിച്ച് എന്‍. എസ്. എസ്സിലേയും പെണ്‍ പള്ളിക്കൂടത്തിലേയും കുട്ടികള്‍ കളിയാക്കി പറയുമ്പോള്‍ സത്യത്തില്‍ ജാള്യതകൊണ്ടു ചൂളിയിട്ടുണ്ട്. (ഇടയ്ക്കൊന്നു പറയട്ടെ സന്മനസ്സുള്ളവര്‍ക്ക് സമാധാനം എന്ന സിനിമയിലെ സ്കൂള്‍ കണ്ടപ്പോള്‍ അതിലെ സ്കൂള്‍ അതിഭാവുകത്വമാണെങ്കിലും എന്റെ പഴയ ക്ളാസ് മുറികളെക്കുറിച്ച് അഭിമാനം തോന്നിയിരുന്നു) അയല്‍ സ്കൂളിലെ 'വല്യേട്ട'ന്മാരുടെ കളിയാക്കല്‍ തലയ്ക്കു ഞോടല്‍ വരെ എത്തുമ്പോള്‍ വള്ളിനിക്കറിട്ട ഒരു നാലാംക്ളാസുകാരന് സ്വന്തം സ്കൂളിനെക്കുറിച്ച് എങ്ങനെ അഭിമാനം തോന്നും?
പക്ഷേ ഇന്ന് തിരിഞ്ഞു നോക്കുമ്പോള്‍ അഭിമാനിക്കാനേറെയേറെ. അന്നത്തെ ഓലപ്പുര സ്വന്തം കണ്‍ മുന്നില്‍ ഉയര്‍ന്ന് ആധുനിക സൌകര്യമുള്ള കെട്ടിടമായി. അതിന് അടിത്തറ പണിയാന്‍ നീണ്ട തെങ്ങിന്‍ കുറ്റികള്‍ ആഴത്തിലേക്ക് ആഞ്ഞിറങ്ങിപ്പോയപ്പോള്‍ ഉണ്ടായ ഇടിപ്പും കുലുക്കവും ഹൃദയമിടിപ്പുകളായിരുന്നു- ഒരു പുതിയ സ്കൂള്‍ കെട്ടിടം ഉയര്‍ന്നു കാണാനുള്ള ആഗ്രഹത്തിന്റെ. അങ്ങനെ പെണ്‍ പള്ളിക്കൂടത്തേയും എന്‍. എസ്. എസ്സിനേയും പിന്നിലാക്കാനുള്ള മോഹം.
ഇടിവെട്ടിപ്പൊട്ടിയ ഭിത്തിയില്‍ പൊങ്ങിനിന്നിരുന്ന കൂറ്റന്‍ കെട്ടിടം. വെള്ളിടിയായി ദേശവ്യാപകമായി രാഷ്ട്രീയ അടിയന്തരാവസ്ഥ വന്നു വീണപ്പോഴും 'ഇരുപതിന പരിപാടി വിപ്ളവ പരിപാടി'യെന്ന പോസ്റര്‍ നെഞ്ചിലേറ്റി നിന്ന, കറുപ്പും വെളുപ്പും നിറമുള്ള കൂറ്റന്‍ ഭിത്തികള്‍. അതിനു ചുറ്റും ക്ഷയിച്ച തറവാട്ടിന്റെ തകര്‍ന്ന വേലിക്കെട്ടുപോലെ നിലനിന്നിരുന്ന പനമ്പുമറയോ പലകമറയോ ഉള്ള മറ്റു ക്ളാസ് മുറികള്‍. നീന്തിക്കടന്ന് ചെല്ലേണ്ട കരയോഗം ചിറയില്‍ ഞങ്ങള്‍ കുട്ടികളെ നോക്കി കണ്ണു ചിമ്മി വിളിക്കുന്ന ഞാവല്‍ പഴങ്ങള്‍, മുതിര്‍ന്നവര്‍ രഹസ്യമായി ഈ 'വിലക്കപ്പെട്ട' കനികള്‍ തിന്നുന്നതും സാറന്മാരുടെ തല്ലുവാങ്ങുന്നതും ഒക്കെയായി ആ പഴയ സ്കൂള്‍ കെട്ടിടവും സ്മരണകളും.
പ്രിസത്തിന്റെയും ബിംബ-പ്രതിബിംബങ്ങളുടെയും ശാസ്ത്ര കൌതുകങ്ങള്‍ക്ക് നാടന്‍ രീതിയില്‍ പ്രാക്ടിക്കല്‍ നടത്തിക്കുന്ന സയന്‍സ് അധ്യാപകന്‍ ചാക്കോ സാര്‍-മാന്ത്രികതൂവാലയില്‍ ആകാശത്തൂടെ പറന്നു വരുന്ന അലാവുദ്ദീന്‍കഥകളെ ഓര്‍മ്മിപ്പിച്ച് കൊതുമ്പുവള്ളത്തില്‍ തുഴഞ്ഞു വരുന്നചാക്കോ സാര്‍, ഇന്നത്തെ ആനിമേഷന്‍ വിദ്യയെ അമ്പരപ്പിക്കുന്ന വേഗതയില്‍ സി എ റ്റി ക്യാറ്റും ആര്‍ എ റ്റി റാറ്റും വരച്ചു പഠിപ്പിച്ചിരുന്ന കുര്യന്‍ സാര്‍, ഡി പി ഇ പി എന്ന ആശയം ഉദിക്കും മുമ്പേ അതു നടപ്പാക്കിയ മോളി സാര്‍, ചരിത്രവും ഭൂമി ശാസ്ത്രവും നാട്ടിമ്പുറത്തെ കഥയാക്കി പറഞ്ഞു തന്നിരുന്ന മാധവന്‍ സാര്‍.. .ക്ലോക്കിനെ കുറിച്ചു പറയുമ്പോള്‍ അതിന്റെ ത്രിമാന രൂപങ്ങള്‍ കാണിച്ചു തരുമായിരുന്ന, ചുവന്ന മഷികൊണ്ടു മാര്‍ക്കും വെരി ഗുഡ്ഡും തരുമായിരുന്ന എല്‍,സരസ്വതിയമ്മസ്സാര്‍.... . 'അങ്കിള്‍ കൃഷ്ണന്‍ ഇന്‍ ലണ്ടന്‍' എന്ന പാഠം പഠിപ്പിച്ച് ലണ്ടന്റെ അത്ഭുതലോകം വിവരിക്കുമ്പോള്‍ തൊട്ടു മുമ്പത്തെ നിമിഷം മുഖത്തുണ്ടായിരുന്ന പട്ടാളഭാവം മറന്നേ പോയിരുന്ന ഹെഡ് മാസ്റര്‍ രാമചന്ദ്രന്‍ സാര്‍.. .. എല്‍. പി കുട്ടികള്‍ക്കു മണി കിലുക്കിയും യുപിക്കാര്‍ക്ക് ഓട്ടു ബെല്‍ മുഴക്കിയും കാമ്പസ് നിയന്ത്രിച്ച് സര്‍വാധികാരിയായി വിലസിയിരുന്ന ന്യൂണ്‍ കബീര്‍ദാസ് കരുവാറ്റ. . . അങ്ങനെ ഓര്‍മ്മിക്കാനെത്രയെത്ര മുഖങ്ങള്‍. മുഖച്ഛായതന്നെ മാറിയ എന്റെ സ്കൂളിന്റെ ഓര്‍മ്മയില്‍ പക്ഷേ ഞങ്ങള്‍ ആരുടെയെങ്കിലും മുഖമുണ്ടാകുമോ എന്നും ചിലപ്പോള്‍ ആലോചിച്ചിട്ടുണ്ട്.
സ്കൂളിന്റെ ഓര്‍മ്മ വരുമ്പോളെല്ലാം മനസ്സില്‍ കടന്നു വരുന്ന രണ്ടു കാര്യങ്ങള്‍ ഒന്ന് ദേശിയ വായന ശാലയും മറ്റൊന്ന് പലപ്പോഴായി സ്കൂളില്‍ നടന്നിട്ടുള്ള മാന്ത്രികജാല പ്രകടനങ്ങളുമാണ്. മാന്ത്രിക പ്രകടനങ്ങളോട് ഇന്നും ഭയം ജനിപ്പിക്കുന്ന സംഭവങ്ങളായിരുന്നു നാവുമുറിക്കലും തലയില്‍ വച്ച് കരിങ്കല്ലു പൊട്ടിക്കുന്നതും മറ്റും മറ്റും. ഒരിക്കല്‍ വായനശാലയില്‍ കള്ളന്‍ കയറിയപ്പോള്‍, അവരെ തൊണ്ടി സഹിതം പിടികൂടിയപ്പോള്‍, അവരെ കാണാന്‍ നാട്ടുകാര്‍ ഓടിക്കൂടിയപ്പോള്‍, അക്കൂട്ടത്തില്‍ അമ്മയോടൊപ്പം വിരല്‍ തുമ്പില്‍ പിടിച്ച്, പേടിച്ച് കള്ളന്മാരെ കാണാന്‍ പോയി. കള്ളന്‍ സ്കൂളിലും കയറിയിരുന്നു. അവിടെനിന്ന് ഒന്നും കിട്ടിയില്ലത്രേ. (ന ചോര ഹാര്യം -കള്ളന്മാര്‍ക്ക് അപഹരിക്കാനാകാത്തത്- എന്നാണല്ലോ വിദ്യയെക്കുറിച്ച് പഴയ ചൊല്ല്) അതുവരെ കണ്ടിട്ടില്ലാത്ത, കേട്ടുമാത്രം പരിചയമുള്ള കള്ളനെ കണ്ടപ്പോള്‍ ഉള്ളില്‍ ചിരിച്ചുപോയി. കറുത്ത നിറമില്ലാത്ത, ഭീമസേനനെ പോലെ തടിയില്ലാത്ത, കപ്പടാ മീശയും കയ്യില്‍ ആയുധവുമില്ലാത്ത പാവം കള്ളന്‍, അല്ല കള്ളന്മാര്‍ മൂന്നുപേര്‍-അതോ നാലോ. അവരെ നാട്ടിലെ അന്നത്തെ ചെറുപ്പക്കാര്‍ തല്ലി ക്ഷതമേല്‍പ്പിച്ചിട്ടുണ്ട്. കള്ളനെ കണ്ട ചിരിയുടെ മേല്‍ ചിരിയും ചിന്തയും ചാന്തു തേച്ച ഒരു സംഭവമുണ്ടായി. വായന ശാലയിലെ മൈക്കു സെറ്റും റേഡിയോവും കുറച്ചു പുസ്തകങ്ങളുമാണ് അവര്‍ മോഷ്ടിക്കാന്‍ ശ്രമിച്ചത്. അവര്‍ക്കുള്ള ശിക്ഷയാണ് ചിരിക്കും ചിന്തക്കും കാരണമായത്.
കള്ളനെ പിടിച്ചാല്‍ പിന്നെ പൊലീസ് വരികയാണല്ലോ പതിവ്. കള്ളനും പൊലീസുമാണല്ലോ കുട്ടികളുടെ കളിയില്‍ പോലും ജോഡി. പക്ഷേ ഇവിടെ പൊലീസും കോടതിയുമൊക്കെ പിന്നത്തെ കാര്യം. കള്ളന്മാര്‍ക്കു ശിക്ഷ വിധിച്ചു. വിധിച്ചതും നടപ്പാക്കിയതും തൊട്ടടുത്ത വീട്ടിലെ മുന്‍ഷി സാര്‍. പച്ച ഈര്‍ക്കില്‍ പിണച്ച് കള്ളന്മാര്‍ക്ക് ആറു വീതം അടി. മുന്‍ഷി സാര്‍ ശിക്ഷ നടപ്പാക്കി. ഒരു പക്ഷേ ജീവപര്യന്തം ശിക്ഷിച്ചാല്‍ പോലും ഉണ്ടാകാത്ത മനഃപരിവര്‍ത്തനം വന്നിട്ടുണ്ടാവണം അവര്‍ക്ക് എന്നു പിന്നീട് ആലോചിച്ചിട്ടുണ്ട്. എന്തായാലം അവരില്‍ ഒരാള്‍ മരിക്കൂം വരെ കഠിന അധ്വാനിയായിട്ടാണു ജീവിച്ചത്. പക്ഷേ ആ സംഭവം മോഷണം കുറ്റമാണെന്നും ശിക്ഷക്ക് മനഃപരിവര്‍ത്തനമാണ് ആത്യന്തിക ലക്ഷ്യമെന്നുമുള്ള പാഠം പില്‍ക്കാലത്ത് പഠിപ്പിച്ചുതന്നു.
അങ്ങനെ നാട്ടില്‍ ചര്‍ച്ചാവിഷയമായിരിക്കുമ്പോഴാണ് വായനശാല വായിക്കാന്‍ മാത്രമുള്ളതും (റീഡിംഗ് റൂം) ഗ്രന്ഥശാല പുസ്തകപ്പുരയാണെന്നും (ലൈബ്രറി) ദേശിയ വായനശാല ആന്റ് ഗ്രന്ഥശാല ഇതു രണ്ടും കൂടി ചേര്‍ന്നതാണെന്നും മനസ്സിലാക്കിയത്. അപ്പോഴും ദേശിയം (ദേശീയം അല്ല) പിടികിട്ടിയിരുന്നില്ല. അതു മനസ്സിലാക്കിയപ്പോഴാകട്ടെ ആ പേരിട്ട പ്രാദേശിക പ്രമുഖരുടെ സങ്കല്‍പ്പം അതിശയിപ്പിക്കുകയും ചെയ്തു.
കാവാലം കഴിഞ്ഞ കാല്‍ നൂറ്റാണ്ടിനിടെ എത്രയോ മാറിപ്പോയി. റോഡും വണ്ടിയും പുതിയ പുതിയ കച്ചവട കേന്ദ്രങ്ങളുമാണ് പുരോഗമനമെങ്കില്‍ കാവാലം അതിശയകരമായ പുരോഗതിയിലെത്തി. ഇംഗ്ളീഷ് വിദ്യാഭ്യാസത്തിന്റെ ആദ്യ പാഠങ്ങള്‍ നല്‍കാന്‍ യുപി സ്കൂളിനും കാവാലത്തിന്റെ ഒരു അതിര്‍ത്തിയെന്നു പറയാവുന്ന ലിസിയോ പ്രദേശത്തിനും ഇടക്ക് മൂന്നു സ്കൂളുകളാണ് ഉയര്‍ന്നിരിക്കുന്നത്. അവിടെയെല്ലാം പുതിയ പുതിയ കുരുന്നുകള്‍ അക്ഷരക്കൂട്ടു പഠിക്കാന്‍ എത്തുകയും ചെയ്യുന്നു. പക്ഷേ ഈ ദേശിയവായനശാലയും യു. പി. സ്കൂളുമിരിക്കുന്നിടം ഒരു ദ്വീപുപോലെ ഒറ്റപ്പെട്ടു കിടക്കുന്നു- പഴയ ചില നല്ല ഓര്‍മ്മകള്‍ ഉണര്‍ത്തുന്ന നിത്യ സ്മാരകങ്ങളായി.
january-5, 2010

No comments:

Post a Comment