കവിത പൂക്കും മനസിന്റെ ചില്ലമേല്‍
നറുനിലാക്കുറുംകൂട്ടിന്‍ പുതപ്പിലായ്
ഇതള്‍ വിടര്‍തത്താന്‍ കൊതിക്കുന്നു സുന്ദര-
സ്ഫുരണ സൌവര്‍ണ സ്വപ്നങ്ങളെത്രയോ...
കുറുകിയേറുമീയമ്പലപ്രാവിലും
കുരുവിതേന്‍ രുചിയുണ്ണുന്ന ചുണ്ടിലും
ഉയരെ മേഘങ്ങള്‍ചേരുന്ന മേലാപ്പു-
വരയുമാനന്ദ വര്‍ണപ്പകിട്ടിലും
നിറയുമാഴക്കടല്‍ചേര്‍ന്നു ചാര്‍ത്തിച്ച
നെടിയൊരുത്തരീയത്തിന്റെ തുമ്പിലും
ചൊരിയുമാച്ചാറ്റനൂല്‍മഴപ്പാവുകള്‍-
വിരയെ നിര്‍മിച്ച നീളന്‍ പുതപ്പിലും...
അരിയൊരപ്പുഞ്ചനീള്‍വയല്‍ച്ചേലിന്റെ
മരതകപ്പച്ച ചാലിച്ച ചന്തവും
അതിനുമേല്‍ ചാന്തു ചേര്‍ക്കും സുഗന്ധമായ്
അവികലം സന്ധ്യ നേദിച്ച പൊട്ടിലും
നിറയുമെന്‍ ചിത്തമെങ്കിലും കോര്‍ക്കുവാ-
നരുതിടാതിങ്ങടുക്കാതെ വാക്കുകള്‍.
അകലെമേറെയുണ്ടക്ഷരക്കൂടതില്‍
കവിത ചേര്‍ക്കുന്ന വൈഭവം ചേരുവാന്‍
വിറയെഴും കൈകള്‍ വാക്കിന്റെ കുഞ്ഞിളം-
വിരല്‍ പിടിച്ചടുത്തെത്തിച്ചുവയ്ക്കിലും
വിജയമാകുവാനെന്തിങ്ങുവേണ്ടതാ-
വിദിത വാഗര്‍ഥയോഗം ലയിക്കുവാന്....
No comments:
Post a Comment