എതിര്‍പ്പു കുറഞ്ഞു, ആസ്വാദകര്‍ കൂടി (കാവാലം നാരായണപ്പണിക്കര്‍)
വ്യത്യസ്ത മേഖലകളിലെ ഈ കലാ രൂപങ്ങള്‍ക്കിടയിലെ വൈജാത്യങ്ങള്‍ക്കു പകരം സമാനതകള്‍ കാണാന്‍ കഴിഞ്ഞതാണ് അങ്ങയുടെ വിജയം എന്നു തോന്നുന്നു.-
അതെ, ഈ കലകളില്‍ വ്യത്യസ്തതകള്‍ കാണാം. പക്ഷേ സമാനതകള്‍ കണ്ടെത്തുന്നതാണ് കാരയം. സംസ്കൃതിയുടെ സമാനതകള്‍ കണ്ടെത്തുകയാണു വേണ്ടത്. ഇങ്ങനെ കേരളം കണ്ട ഒരേയൊരു സാംസ്കാരിക നായകന്‍ കുഞ്ചന്‍ നമ്പ്യാര്‍ മാത്രമാണ്. അദ്ദേഹത്തിന്റെ കൃതികളില്‍ അത് അടിമുടി കാണാം. നിത്യജീവിതത്തിലെ കാര്യങ്ങള്‍ മുതല്‍ കലാവിഷ്കാരത്തിന്റെ സൂക്ഷ്മാംശങ്ങളില്‍ വരെ ഈ ഭാവം കാണാം. അത്യുന്നത മേഖലമുതല്‍ താഴേത്തട്ടിലുള്ള കാര്യങ്ങള്‍ വരെ നമ്പ്യാര്‍ ഉള്‍ക്കൊള്ളാനും സ്വാംശീകരിക്കാനും തന്റെ കലാ മേഖലയില്‍ അവ ആവിഷ്കരിക്കാനും ശ്രദ്ധിച്ചിരുന്നു. ഉന്നതാഭിജാത്യപരിവേഷമുള്ള വാദ്യോപകരണമായ മിഴാവുവായിച്ചിരുന്ന നമ്പ്യാര്‍ കുട്ടനാട്ടില്‍ വന്ന് അവിടത്തെ ജാതിയില്‍ താഴ്ന്നവരുടെ താളവും സംഗീതവും കലയും സ്വായത്തമാക്കി. മിഴാവില്‍നിന്നു പടയണിയുടെ പച്ചത്തപ്പുവരെ നമ്പ്യാര്‍ പഠിച്ചു. കേരള കലാപ്രസ്ഥാനത്തിന്റെ മഹാഗുരുവായിരുന്നു നമ്പ്യാര്‍. ഇങ്ങനെ കലകളിലെ വ്യത്യസ്തതകളെ സംയോജിപ്പിക്കാന്‍ കഴിയണം. ആര്യവും ദ്രാവിഡവും യോജിപ്പിക്കണം, ഔന്നത്യവും താഴ്മയും തമ്മില്‍ സമന്വയിക്കണം. സംസ്കൃതവും പ്രാകൃതവും ഒന്നിപ്പിക്കണം. ഇങ്ങനെയുള്ള അനുസന്നിവേശങ്ങള്‍ക്കാണ് ശ്രമിക്കേണ്ടത്. നമ്മുടെ ഭാഷയുടെ ഉല്‍പ്പത്തിവഴിപോലും അങ്ങനെയാണെന്നോര്‍ക്കണം. സംസ്കകൃതവും ഭാഷയും ചേര്‍ന്ന മണിപ്രവാളം. നാടോടിയും സംസ്കൃതവും തമ്മില്‍ കേവലം അക്കാദമിക് ഭേദമേ ഉള്ളുവെന്നാണ് എന്റെ കണ്ടെത്തല്‍. നാട്യഭാഷയില്‍ പറഞ്ഞാല്‍ നാട്യധര്‍മിയും ലോകധര്‍മിയും തമ്മിലുള്ള ഒരു അനുസന്നിവേശം നമ്മുടെ നാട്ടിലുണ്ട്.
സംഗീതം, കവിത, നാടകമെഴുത്ത് തുടങ്ങി വിവിധ രംഗങ്ങളിലൂടെ സ്വയംപ്രകടമാകാന്‍ ശ്രമിക്കുമ്പോള്‍ ഏതിലാണ് കൂടുതല്‍ സംതൃപ്തിയെന്നു പറയാമോ
സംഗീതത്തിലാണെന്റെ തുടക്കം. എന്നല്ല എന്റെ നാടിന്റെ കൊയ്ത്തുപാട്ടും ചക്രപ്പാട്ടും ഞാറ്റുപാട്ടും മറ്റും മറ്റും. അത് ഞാന്‍ ഔപചാരിമായി നേടിയ അറിവല്ല, മറിച്ച് അനുഭവിച്ചുള്ള അറിവാണ്. അത് എന്റെ അടിത്തറയാണ്. ഏതു കുട്ടനാട്ടുകാര്‍ക്കും ആ അനുഭവമുണ്ട്. കാരണം ചുറ്റുപാടുകളുടെ സന്തതിയാണ് മനുഷ്യന്‍. പിന്നെ അമ്പലങ്ങളിലെ ഉത്സവപ്പറമ്പുകളില്‍ കേട്ട തുള്ളല്‍ പാട്ടും മറ്റും കുറേയേറെ സ്വാധീനിച്ചു. പിന്നെ അന്നൊക്കെ വീട്ടുകാരാണല്ലോ ഭാവി വിദ്യാഭ്യാസവും മറ്റും നിശ്ചയിക്കുന്നത്. അങ്ങനെയാണ് വക്കീല്‍ പഠനത്തിന് കാരണമായത്. (പക്ഷേ ഞാന്‍ എന്റെ മക്കളില്‍ ഒരാളെ കഥകളി പഠിപ്പിച്ചു. മറ്റൊരാളെ സംഗീതവും. ഒന്നിനും കൊള്ളാത്തവനെ പാട്ടു പഠിപ്പിക്കു എന്ന സങ്കല്‍പ്പമായിരുന്നു പണ്ടുള്ളവര്‍ക്ക്.) പക്ഷേ എനിക്ക് നല്ല ആത്മവിശ്വാസമായിരുന്നു ഞാന്‍ എങ്ങോട്ടു പോകണമെന്ന കാര്യത്തില്‍. നാടകത്തില്‍ എത്തിച്ചേര്‍ന്നത് അങ്ങനെയാണ്. അതിനു മുമ്പുള്ള കാലത്ത് കിട്ടയതെല്ലാം അവിടേക്കുള്ള സമ്പാദ്യമായിരുന്നു.
താങ്കളുടെ കവിതയിലും നാടകത്തിലുമെല്ലാം താളമാണ് അടിസ്ഥാനമായി അനുഭവപ്പെടുന്നതെന്നു പറഞ്ഞാല്‍..ശരിയാണ്. താളമാണ് അടിസ്ഥാനം എല്ലാറ്റിനും. എല്ലാറ്റിനേയും ഒന്നിപ്പിച്ചു നിര്‍ത്തുന്നതും ഈ താളമാണ്. നാടകത്തിലെ സംഗീതം ഒരു താളത്തില്‍ അധിഷ്ഠിതമാണ്; അതിലെ സംഭാഷണവും നൃത്തവും ചുവടുകളും എല്ലാം താളത്തിന്റെ അടിത്തറയിലാണ്. അത് ആശയത്തിന്റെ വിനിമയത്തിന് അനിവാര്യമാണ്. ഭാവ സംക്രമണത്തിന് അവശ്യമാണ്. ശബ്ദാശബ്ദങ്ങളുടെ ചേരുവയാണ് ഈ റിഥം. അത് ചലനാചലനങ്ങളുടെ സമന്വയമാണ്. എന്റെ നാടകത്തിലെ കലാശങ്ങള്‍ ഇങ്ങനെ ഒന്നില്‍നിന്നു മറ്റൊന്നിലേക്കുള്ള സംക്രമണത്തിനിടയിലെ അവശ്യമായ ചിഹ്നനങ്ങളാണ്. നിര്‍ത്തിന്റെയും തുടര്‍ച്ചയുടെയും ഒരു മേളനം.
കലാകാരന്റെ, ഡയറക്ടറുടെ, കാണികളില്‍ ഓരോരുത്തരുടെയും മനോഭാവത്തിന്റെ ആവിഷ്കാരമാണ് രംഗകലാവതരണത്തെ പൂര്‍ണമാക്കുന്നതെന്ന് പറയാറുണ്ടല്ലോ. അപ്പോള്‍ ആരുടേതാണ് അവതരിപ്പിക്കപ്പെടുന്ന കല.ആവിഷ്കരിക്കപ്പെടുന്ന കല അനന്തപാഠ്യമാണ്. സംവിധായകന്റെ, അഭിനേതാവിന്റെ, പ്രകാശ നിയന്ത്രണക്കാരന്റെ, ശബ്ദ സംവിധാനക്കാരന്റെ, കാണികളില്‍ ഓരോരുത്തരുടെയും പാഠ്യമാണ്. ഇവയുടെ സമ്മേളനമാണ് അതിന്റെ പൂര്‍ണത. ഇവരുടെ ഓരോരുത്തരുടെയും ഓട്ടോണമി-സ്വയം നിര്‍ണയാവകാശം- ആണ് യഥാര്‍ത്ഥത്തില്‍ കലാസ്വാദനം. അതുകൊണ്ട്, എഴുത്തുകാരന്റെ, അല്ലെങ്കില്‍ സംവിധായകന്റെയോ അഭിനേതാവിന്റെയോ മാത്രമല്ല ആവിഷ്കരിക്കപ്പെടുന്ന കല. ഇവിടെ ഒരു അന്തമില്ലാത്ത സ്വയംഭരണാവകാശമുണ്ട്. പ്രേക്ഷകരില്‍ പോലും മുന്നിലിരിക്കുന്നവരും പിന്നിലിരിക്കുന്നവരും തമ്മില്‍ മാത്രമല്ല അടുത്തടുത്തടുത്തിരിക്കുന്നവരില്‍ പോലും ആസ്വാദന ഭേദമുണ്ട്.
കലാകാരന്റെ ഈ ഓട്ടോണമി ഭരണാധികാരികളുടെ മേല്‍ക്കോയ്മയുമായി ഏറ്റുമുട്ടുമ്പോഴാണോ സംഘര്‍ഷം ഉണ്ടാകുന്നത്. കേരള സംഗീത നാടക അക്കാദമി ചെയര്‍മാനായിരിക്കെ സെക്രട്ടറിയുമായി ഭിന്നതയുണ്ടായി. കേന്ദ്ര അക്കാദമിയിലായിരിക്കെയും ചില വിഷയങ്ങള്‍ ഉണ്ടായല്ലോ?
അല്ല. അത് വ്യക്തികള്‍ തമ്മിലുള്ള പ്രശ്നമായിരുന്നു. അധികാരികളുടെ പിന്തുണയുണ്ടെന്ന് തെറ്റിദ്ധരിച്ച് ചെയര്‍പേഴ്സണ്‍ സ്വേച്ഛാധിപത്യത്തിനിറങ്ങിയതു ചോദ്യം ചെയ്യുകയായിരുന്നു ദേശീയ അക്കാദമിയില്‍. കേരളത്തിലെ കാര്യത്തില്‍ ഞാന്‍ നിയമിച്ച സെകട്ടറിയുമായിത്തന്നെയായിരുന്നു പ്രശ്നം. അത് അയാളുടെ വിവരക്കുറവുകൊണ്ടായിരുന്നു. പിന്നെ അക്കാദമികള്‍ ഭരണകൂടങ്ങളേയും സര്‍ക്കാരിനേയും മാത്രം ആശ്രയിച്ചു കഴിയുന്ന കാലം മാറിത്തുടങ്ങിയിരിക്കുന്നു. അതുകൊണ്ട് അന്നത്തെപ്പോലുള്ള കുഴപ്പങ്ങള്‍ ഇന്നില്ല.
അങ്ങയുടെ തനതു നാടക സമ്പ്രദായത്തിനു സമാനമായി മറ്റെവിടെയെങ്കിലും നാടകാവിഷ്കാരമുണ്ടോ.-യഥാര്‍ത്ഥത്തില്‍ അങ്ങനെ പറയാനാവില്ല. പക്ഷേ സാംസ്കാരികത്തനിമയിലേക്കുള്ള യാത്ര എല്ലാ രാജ്യങ്ങളിലും കലാരംഗത്തു സംഭവിച്ചിട്ടുണ്ട്. പക്ഷേ എന്റെ സമ്പ്രദായം അവയിലേതിന്റെയെങ്കിലും അനുകരണമാണെന്നു പറയാനാവില്ല. ഭാരതത്തില്‍തന്നെ ഇങ്ങനെ സ്വത്വത്തിലേക്ക് അന്വേഷിച്ചു പോകുന്ന കലാപാരമ്പര്യമുണ്ടായിട്ടുണ്ട്. നാടകരംഗത്ത് ഹബീബ് തന്‍വറിന്റെ കാര്യം പറയാം. ഛത്തീസ്ഗഢിലെ നാടന്‍ കലാരംഗത്തേക്ക് നാടകത്തെ മടക്കിക്കൊണ്ടുപോയതാണ് ഹബീബിന്റെ രീതി. പക്ഷേ അത് ലോക ധര്‍മ്മിയിലധിഷ്ഠിതമാണ്. എന്റെ ആവിഷ്കാരം നാട്യധര്‍മ്മിയിലാണ്. അതാകട്ടെ കേരളീയമായ രീതിയാണ്. അത് മറ്റാര്‍ക്കുമില്ലാത്തതുമാണ്.
സിനിഗാ ഗാനരചനക്ക് അവാര്‍ഡുകള്‍ കിട്ടിയിട്ടുണ്ടെങ്കിലും എന്തുകൊണ്ടാണെന്ന് കൂടുതല്‍ താല്‍പര്യം കാണിക്കുന്നത്.ഞാനും ജി. അരവിന്ദനും നാടകത്തില്‍ സഹകരിച്ചു പ്രവര്‍ത്തിക്കുമ്പോഴാണ് ആദ്യം സിനിമാ ഗാനം എഴുതുന്നത്. അത് തമ്പ് എന്ന സിനിമക്കു വേണ്ടി അരവിന്ദന്‍ ആവശ്യപ്പെട്ടതനുസരിച്ചായിരുന്നു. പിന്നെ പത്മരാജന്‍, ഭരതന്‍ തുടങ്ങി ഒട്ടേറെ പേര്‍ ആവശ്യപ്പെട്ടപ്പോള്‍ മാത്രം എഴുതി. ഇന്ന് സാഹിത്യം സിനിമാ ഗാനത്തിനു നിര്‍ബന്ധമല്ലാതായിട്ടുണ്ട്. പിന്നെ ട്യൂണിനൊപ്പിച്ച് പാട്ടെഴുതാന്‍ എന്നെ കിട്ടില്ലെന്നു പ്രഗത്ഭര്‍ക്കു പോലും അറിയാം.
Jan 8 ,2010
No comments:
Post a Comment