Wednesday, July 20, 2011

വലകള്‍ ചലിക്കുമ്പോള്‍


അയലത്തുണ്ടകലത്തങ്ങും
കേള്‍പ്പൂണ്ടാവേശ കീര്‍ത്തനം
വലയാരുടെയായാലും
ചലിക്കുമ്പോഴുള്ള ഘോഷണം

വലയില്പെട്ട പെണ്ണാള-
ന്നാത്മഹത്യക്കുറിപ്പതില്‍
എഴുതിച്ചേര്‍ത്തു;പൂവാലന്‍
വെബ്ബില്‍ വഞ്ചകനായതും


വലവീശി എറിഞ്ഞപ്പോള്‍
വാവച്ചന്നേറെ മോഹിതന്‍
കരയില്‍ വല ചേര്‍ത്തപ്പോള്‍
കണ്ണില്‍ മാത്രം പരല്‍കളി

വലകെട്ടി നടുക്കായി-
ട്ടൂര്‍ണനാഭന്‍ തപസ്വിയായ്
പലരും വഴിയാണിന്നെ-
ന്നൂണതുത്സവമാക്കണം

ഇരയായ് പെട്ട പൂമ്പാറ്റ-
ക്കുതുകം ചിറകിട്ടടി-
ച്ചിളകാന്‍ നോക്കവെദംഷ്ടം
വെളിയില്‍ കാണായ് ഭയംകരം!


വലയുന്നു വലക്കുള്ളില്‍
പ്രാണന്‍ പോകുന്ന വേദന
പിടയുന്നു കവിക്കുള്ളം
കൂട്ടതാര്‍ക്കൊപ്പമാകണം

കയ്യുയര്‍ത്തിയനക്കീടില്‍
പൂമ്പാറ്റക്കുഞ്ഞു ജീവിതം
മുകിലിന്‍ മുടിയേറ്റായി
പൂങ്കാറ്റായി ചമഞ്ഞിടും

കവിചിത്തം ഭ്രമിപ്പൂ ഹാ!
സദ്യവട്ടക്കൊതിക്കുളിര്‍-
മനസില്‍ തീര്‍ത്തു മോഹിക്കും
ചിലന്തിക്കെന്തു പോംവഴി

അഥവാ പൊടിമീന്‍ പോലും
കിട്ടാതന്നം മുടങ്ങുമാ
പാവം വാവയ്ക്കതത്താഴം
കിട്ടാന്‍ ഞാനെന്തു ചെയ്തിടും


പൂവാലന്നിരയായി തീര്‍ന്ന-
തെന്റെ നേര്‍പെങ്ങളല്ലയോ
അവളെപ്പോലായിരങ്ങള്‍-
ക്കാശയാവാനുമാ‍ര്‍ വരും

അറിയില്ലാര്‍ക്കുമാരാനും
പോരുമോ വന്‍ വലക്കെണി-
ച്ചതിയില്‍ നിന്നു മേലേറ്റാന്‍:
ലോകകപ്പിന്റെ ഗോളൊലി...

No comments:

Post a Comment