Wednesday, July 20, 2011

കൊന്ന പൂത്തപ്പോള്‍

ഉണ്ണിയാര്‍ക്കുന്നു,പൂമുറ്റത്തു കതുറ-
ന്നൊന്നു പുലരി വിടര്‍ന്നേയുള്ളു
നോക്കമ്മേ, മുത്തശ്ശീ, മുത്തച്ഛാ നമ്മുടെ
വായ്ക്കും കണിക്കൊന്ന പുഞ്ചിരിച്ചൂ
വായ്കുരവ,കൂക്ക്,പേര്‍ക്കുന്ന സന്തോഷ-
ക്കൂത്തരങ്ങാക്കുന്നു മുറ്റമവന്‍

കേട്ടങ്ങുമുറ്റത്തു ചെന്നുനോക്കുമ്പൊഴോ
തേക്കമായോര്‍മകള്‍ തേട്ടിവന്നു

ഉണ്ണി തുളിക്കയായ് സന്തോഷത്തേന്മഴ-
ത്തുള്ളികള്‍ മേടവിഷുപ്പകര്‍പ്പില്‍
കണ്ണനെ കാണണം കണ്ണാടിവെക്കണം
പൊന്‍കണി വെള്ളരി ചേര്‍ക്കവേണം
തൂവെള്ളപ്പാല്‍നിറമാലുന്നൊരംബരം
ചേലിലാ ശ്രീഫലത്തിന്‍ തുടുപ്പും
ചമ്പാവരി,യതില്‍ ചേലിലൊതുക്കത്തില്‍
അംഗല്യച്ചെപ്പങ്ങടയ്ക്ക,വെറ്റ
കര്‍ഷകവേര്‍പ്പണി മുത്തുവിളയിക്കും
സ്വത്തെല്ലാം കണ്ണനു കാഴ്ചവെക്കാം
അക്കാഴ്ച കപൂട്ടിക്കാണിക്കും മുത്തശ്ശി-
ക്കയ്യാല്‍ ഞാന്‍ കൈനീട്ടി വാങ്ങിനില്‍ക്കും
മുത്തശ്ശന്‍,മുത്തശ്ശി,മറ്റുള്ള ബന്ധുക്കള്‍
ഒക്കെയും നല്‍കുന്ന വെള്ളി നാണ്യം
കൂട്ടിക്കിലുക്കി കുലുക്കി ഗുരുവായൂര്‍-
കണ്ണനു നല്‍കുവാന്‍ കാത്തുവെയ്ക്കും

ഈ വിഷുക്കാലത്തുമച്ഛന്‍ വരില്ലയോ
മുത്തശ്ശീ മുത്തശ്ശാ ചൊല്ലുകമ്മേ.. ..

**********
മുറ്റത്തെ കൊന്നപൂത്തന്നാ-
ളന്നാണമ്മ കരഞ്ഞത്
ഉണ്ണിക്കന്നറിയില്ലൊന്നും
മിണ്ടാറായില്ല കുഞ്ഞവന്‍

കൊന്നയന്നു ചിരിച്ചപ്പോള്‍
ഫോണില്‍ ബെല്ലുകരഞ്ഞുപോയ്
അങ്ങേത്തലക്കലെശ്ശോകം
ഇങ്ങു ബോധം മറച്ചുപോയ്
താങ്ങിനിര്‍ത്തിയതീ കൈകള്‍
താങ്ങായ് നിന്നവളോമന

മൂന്നാംനാള്‍ വന്നു, ഞെട്ടിക്കും
ദീനനാദമൊടാംബുലന്‍സ്
ഉണ്ണിക്കന്നൊന്നുമോര്‍ക്കാനു
ള്ളോര്‍മയുള്ളില്‍ പതിഞ്ഞിടാ

ഇന്നുമിങ്ങവനോടോതും
മുത്തശ്ശന്‍; അച്ഛനങ്ങതാ-
ഓരോ വിഷുവിനും നല്‍കും
വെള്ളിത്തുട്ടുകളൊന്നതില്‍
'അച്ഛനെന്മകനായ് നല്‍കാന്‍
അച്ഛന്നേല്‍പ്പിച്ച നാണയം'
തുച്ഛമാം നുണയെന്നാലും
കൊച്ചുദു:ഖം മറഞ്ഞിടും

കുഞ്ഞുനാവിന്‍ കൊച്ചുചോദ്യം
കേട്ടു കേള്‍ക്കാത്ത മട്ടതില്‍
ചെന്നുകാല്‍ നീട്ടി മുത്തശ്ശി
നാരായണ ജപിപ്പിതേ
*****
ഉണ്ണിയങ്ങനെ ചോദിച്ചീടവേ
കണ്ണുനീരിന്റെയുപ്പതും
മുത്തച്ഛന്നൊരു നീറ്റലായുള്ളില്‍
തൊയില്‍ ഗദം വിങ്ങിയോ

അങ്ങുദൂരത്തതിര്‍ത്തി കാക്കുന്ന
ധന്യധീരനാം യോദ്ധാവായ്
ഇന്നും വാഴുന്നു തന്മകനെന്ന്
കുഞ്ഞുമോനോടു ചൊല്ലുമ്പോള്‍
ഇന്നുഞാനും മനസ്സില്‍ വിശ്വസി-
പ്പാണു പൊന്‍മകന്‍ ജീവിപ്പൂ
അങ്ങുമാമല തന്നിലെ മഞ്ഞിന്‍
വെള്ളപൂശിയ വീഥിയില്‍
ശത്രുപക്ഷത്തെ സൂക്ഷ്മ നീക്കങ്ങള്‍
ഒത്ത ജാഗ്രതയോടവന്‍
നോക്കയാണുണ്ണീ കാക്കയാണവന്‍
തോക്കുമായ് നിന്നീ രാജ്യത്തെ

ഉണ്ണിചോദിക്കുമിങ്ങയല്‍പക-
ത്തുള്ള വീട്ടില്‍ പടക്കങ്ങള്‍
തിങ്ങും ശബ്ദത്തില്‍ പൊട്ടുമ്പോഴെന്തേ
നമ്മള്‍ക്കാ ഘോഷം വേയോ
ഉള്ളിലായിടനെഞ്ചിലായ് പൊട്ടു-
മോരോ ശബ്ദവും ശത്രുവിന്‍
തോക്കില്‍ നിന്നവന്‍ നെഞ്ചിലേറ്റിയ
ശൂര വിക്രമ സാഹസം

ഉണ്ണിക്കുത്തരംചൊല്ലാതപ്പൂപ്പന്‍
കണ്ണുതൂത്തു കടന്നുപോയ്
ഒന്നുപാളിയക്കപതിച്ചുവോ
ചില്ലുചിത്രത്തിന്‍ ഭിത്തിയില്‍

ഉണ്ണിയുത്തരം നേടാനായമ്മ-
യ്ക്കുമ്മയൊന്നു കൊടുത്തുപോയ്
*********
അമ്മക്കന്നു തിടുക്കമാരുന്നെത്ര
കണ്ണുനീര്‍വാര്‍ത്തു കാണുവാനമ്മുഖം
ഉണ്ണിവന്നു പിറന്നതും കുഞ്ഞവന്‍
ഇങ്കു ചോദിച്ചു നീട്ടിച്ചിരിച്ചതും
കത്തിലും പിന്നെ വാക്കിലും കേട്ടുകേ-
ട്ടെത്ര മോഹിച്ചു പാവം പുറപ്പെടാന്‍
ശത്രുവിന്‍ തോക്കു മിണ്ടാത്ത നാളിലേ
കത്തു കൂടാതെ കാലാള്‍ക്കു വിശ്രമം
ആ വിഷുക്കണി കാണുവാന്‍ നിശ്ചയം
ഞാന്‍ വരുമെന്നു ചൊന്നന്നുതൊട്ടുഞാന്‍
ഏതുപൊന്‍കണി വെക്കണം- കണ്ണനോ?
നേരിലുണ്ണിയോ? പൊന്‍കണിയാരുവാന്‍?
എന്നു ചിന്തിച്ചു, മോഹിച്ചു,കാമിച്ചു
തള്ളി നീക്കിയ നാളുകള്‍ക്കെത്രയാം
നാഴിക, ഹാ വിനാഴിക, നാഥ! നിന്‍
നാമവും രൂപമൊന്നുതാന്‍ സ്വപ്നവും

വന്നഫോണിന്റെ സന്ദേശമെന്തെന്നു
ചൊല്ലീലാരും കുഴപ്പമെന്തോ പറ്റീ
എന്നുമാത്രം കരുതിക്കഴിയുമ്പോള്‍
വന്നു പെട്ടിയൊന്നത്രതാനോര്‍മയില്‍
ഒന്നുകില്ലവസാനമാമുഖം
കവര്‍ ചൊല്ലി കാണാഞ്ഞതേ നല്ലൂ
എന്റെയോര്‍മയില്‍ സുസ്മേര സൌഭഗം
തന്നെയിന്നുമെന്‍ പൊന്‍കണിപ്പൂമുഖം

അന്നുമാഞ്ഞിതെന്‍ കുങ്കുമപ്പൊട്ടതും
വര്‍ണ വസ്ത്രവും കാമവും മോഹവും
ഇന്നു നീ മാത്രമെന്‍ ജീവനൌഷധം
എന്നുമെന്‍പുണ്യമാകുന്നിതുണ്ണിനീ

ഉണ്ണിയെങ്ങനെ ചൊല്ലും ഞാന്‍ നിന്നോടി-
ന്നിന്നു സത്യം, ഹാ എത്രനാള്‍ കള്ളവും
എങ്കിലും ഞാന്‍ പറയാം നീ കണ്ണനെ-
കാമതുപോലെ കാണുനീ അച്ഛനെ
എന്‍കണി നീ,യെന്‍ കണ്ണു നീ കാമുഞാ-
നിന്നു നിന്നിലൂടച്ഛനെ; നാഥനെ

കൊന്ന പുഞ്ചിരി തൂകിയോ, മഞ്ഞയില്‍-
തന്നു ചാലിച്ചു, സക്തി വിരക്തിയും
ഇന്നു ഞാന്‍ നീട്ടുമെന്‍ വിരല്‍ തുമ്പുകള്‍-
ക്കെന്തു സാന്ത്വനം നല്‍കുവാനാവതും
ഇന്നു ഞാനോ കൃതാര്‍ത്ഥനെന്‍ കൊമ്പിലി-
ന്നിങ്ങുവന്നൊരൂഞ്ഞാലിട്ടതോര്‍മയാല്‍
ഒന്നുതാരാട്ടി വെക്കമുറക്കിയോ
മെല്ലെയോര്‍മയെ തൊട്ടങ്ങുണര്‍ത്തിയോ

അങ്ങു കോണില്‍ ചിലപ്പൂ വിഷുപ്പക്ഷി
മഞ്ഞചുറ്റി, മഷിയിട്ട കണ്ണുമായ്
ഉണ്ണിയെനോക്കി ഉമ്മവെക്കാന്‍ കൊതി-
ച്ചിന്നു നീളുന്ന പ്രാതസൂര്യക്കതിര്‍

ഉണ്ണിക്കുത്തരം വേണ്ട,വന്‍ മേളിപ്പൂ
ഉത്തരം, ചോദ്യമില്ലാത്ത കേളിയില്‍.
April 16, 2010

No comments:

Post a Comment