Wednesday, July 20, 2011

കാഥികന്‍, രാഷ്ട്രീയക്കാരന്‍, എഡിറ്റര്‍, ഗ്രന്ഥകാരന്‍, പ്രസാധകന്‍..... അങ്ങനെ പലതും പലതും
ഏഴാം ക്ളാസുകാരന്‍ പയ്യന്‍ സ്കൂളിലെ മലയാളം മുന്‍ഷിയോടു പ്രതിഷേധിച്ച് സ്കൂളില്‍ ബദല്‍ കയ്യെഴുത്തു മാസിക ഇറക്കുക. കടുക്ക ചതച്ചുണ്ടാക്കിയ കറുത്ത മഷിയില്‍ പേന മുക്കി ഉരുണ്ട അക്ഷരത്തില്‍ പുറം ചട്ടയില്‍ എഡിറ്ററുടെ പേരായി സ്വന്തം പേര് എഴുതിപ്പിടിപ്പിക്കുക. സ്കൂള്‍ ചരിത്രത്തില്‍ ഒരു പുതിയ മാസികാ സങ്കല്‍പ്പംതന്നെ പിറക്കുകയായിരുന്നു അവിടെ. അദ്ധ്യാപകര്‍ ഏതാണ്ടു പൂര്‍ണമായിത്തന്നെ തയാറാക്കി വിദ്യാര്‍ത്ഥികളില്‍ നല്ല കയ്യക്ഷരക്കാരെക്കൊണ്ട് എഴുതി പുറത്തിറക്കുന്ന കയ്യെഴുത്തു മാസികക്കു പകരമാണ് ഒരു 12 വയസ്സുകാരന്‍ സ്വയം രചിച്ച് സ്വന്തമായി എഴുതി തയാറാക്കിയ മാസികയുടെ മൂന്നുകോപ്പികള്‍ കാവാലത്തെ സര്‍ക്കാര്‍ സ്കൂളിനു സമര്‍പ്പിച്ചത്. എഡിറ്റര്‍- കാവാലം ഗോവിന്ദന്‍ കുട്ടി നായര്‍. തീര്‍ന്നില്ല, ആഗസ്ത് 15. സ്കൂളിലെ സ്വാതന്ത്യ്രദിനാഘോഷം. അദ്ധ്യാപകരുടെ പ്രസംഗത്തിനു ശേഷം മലയാളം അദ്ധ്യാപകന്‍ മുന്‍ഷി പി. ആര്‍. കേശവപിള്ള വിളിച്ചു ചോദിക്കുന്നു. ഇനി വിദ്യാര്‍ത്ഥികള്‍ക്കു പ്രസംഗിക്കാം, ആരെങ്കിലുമുണ്ടോ? പതിവ് ചടങ്ങാണ്. ആരും ഉണ്ടാകാറില്ല. അന്ന് തേഡ് ഫോമില്‍ പഠിക്കുകയാണ് ഗോവിന്ദന്‍കുട്ടി നായര്‍. ഗോവിന്ദന്‍കുട്ടി നടന്ന് വേദിയില്‍ കയറി. അദ്ധ്യക്ഷനും സദസ്സിനും നമസ്കാരം പറഞ്ഞ് ഇങ്ങനെ തുടങ്ങി '' ഭാരതീയ വീര സന്താനങ്ങളെ..'' നിര്‍ത്താത്ത അന്നത്തെ കരഘോഷം ഇന്നും ചെവിയില്‍ മുഴങ്ങുന്നുവെന്ന് വെന്ന് ഗോവിന്ദന്‍ കുട്ടി നായര്‍ 60 വര്‍ഷത്തിനു ശേഷം ഓര്‍മ്മിക്കുന്നു.
ഗോവിന്ദന്‍കുട്ടിഎസ്. എസ്. എല്‍. സി പരീക്ഷ എഴുതിക്കഴിഞ്ഞപ്പോള്‍ വര്‍ഷം 1949. അക്കാലത്ത് സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തിന്റെ സ്റാളുകളിലൂടെ ഗോവിന്ദന്‍ കുട്ടിയുടെ ആദ്യ ചെറുകഥാ സമാഹാരം വില്‍പ്പനക്കെത്തി- മീന. പില്‍ക്കാലത്ത് കോളെജ് മാഗസിന്‍ എഡിറ്റര്‍, കെ. എസ്. മണിസ്വാമിയുടെയും കുട്ടനാട് രാമകൃഷ്ണ പിള്ളയുടെയും കുടെ പ്രസിദ്ധമായ മലയാളി മാസികയുടെ പത്രാധിപ സമിതിയില്‍, കെ. ബാലകൃഷ്ണന്റെ കൌമുദിയിലും പി. കേശവദേവിന്റെ തരംഗത്തിലും കഥയെഴുത്തുകാരന്‍ എന്നിങ്ങനെ കുട്ടി വളര്‍ന്നു. കേരളത്തില്‍ സംസ്ഥാന ശിശുക്ഷേമ സമിതിയുടെ പ്രവര്‍ത്തനം തുടങ്ങിയപ്പോള്‍ അതിന്റെ ആദ്യത്തെ സംസ്ഥാന ചൈല്‍ഡ് വെല്‍ഫെയര്‍ ഓഫീസറായിരുന്നു ഗോവിന്ദന്‍കുട്ടി. ഈ കാലത്ത് സമിതിയിറക്കിയ ഒട്ടേറെ പ്രസിദ്ധീകരണങ്ങളുടെ ശില്‍പ്പിയായി അദ്ദേഹം. അവിടെ പത്തുവര്‍ഷത്തിലേറെ സജീവ സാന്നിദ്ധ്യമായി. എന്നാല്‍ അതിനു ശേഷമാണ് ഗോവിന്ദന്‍കുട്ടിയുടെ പോരാട്ടത്തിന്റെയും കാര്യശേഷിയുടെയും ജീവിതാനുഭവകാലം. 25 വര്‍ഷത്തെ സംഭവ ബഹുലമായ കഥ.
അടുത്തിടെ ഡോ. കെ. അയ്യപ്പ പണിക്കര്‍ അന്തരിച്ചപ്പോള്‍ വിദേശത്തുള്ള ഒരു കാവാലത്തുകാരന്റെ ഇ-മെയില്‍ സന്ദേശത്തില്‍ അത്ഭുതം കൂറിയിരുന്നു 'പണിക്കര്‍സാര്‍ കാവാലത്തുകാരനായിരുന്നുവോ?' ഇക്കാര്യം മറ്റൊരു കാവാലത്തുകാരനോടു പറഞ്ഞ് കാവാലം ഗോവിന്ദന്‍കുട്ടിയെ കുറിച്ച് സൂചിപ്പിച്ചപ്പോള്‍ മറ്റൊരത്ഭുതം- 'അങ്ങനെയൊരാളുണ്ടോ?' കാവാലം നാരായണപ്പണിക്കര്‍ ചാലയില്‍ നാരായണപ്പണിക്കര്‍ എന്ന പേരില്‍ എഴുതിക്കൊണ്ടിരുന്നകാലത്ത് കാവാലം ഗോവിന്ദന്‍കുട്ടിനായര്‍ എന്ന പേരില്‍ കഥയും കവിതകളും അച്ചടിച്ചുവന്നിരുന്നു. ഒരിക്കല്‍, മലയാള മനോരമയുടെ വാര്‍ഷികപ്പതിപ്പില്‍ ഗോവിന്ദന്‍കുട്ടിയുടെ കഥവന്നു- 'രാജാവിന്റെ മരണം' . കഥ അച്ചടിച്ചു വന്നത് അകം താളുകളില്‍ അപ്രധാനമായി. പക്ഷ അന്ന് പതിപ്പിന്റെ ചുമതലക്കാരന്‍ ഒരു കത്തയച്ചു, 'പതിപ്പ് അച്ചടിച്ചു കഴിഞ്ഞാണ് വായിച്ചത്. ഈ പതിപ്പിലെ ഏറ്റവും മികച്ച കഥയാണിത്.' എന്നൊരു കുറിപ്പും അക്കാലത്ത് കഥക്ക് കൊടുത്തിരുന്ന പ്രതിഫലത്തിന്റെ ആറിരട്ടി തുകയും. പക്ഷേ ശിശുക്ഷേമ സമിതിയിലെ ജോലിക്കിടയില്‍ ഗോവിന്ദന്‍കുട്ടിയിലെ സാഹിത്യകാരന്‍ തിരശ്ശീലക്കു പിന്നില്‍ മാഞ്ഞുപോയി.
'നമ്മുടെ കുഞ്ഞുങ്ങള്‍' എന്ന പേരില്‍ ശിശുക്ഷേമ സമിതിക്കുവേണ്ടി പുറത്തിറക്കിയിരുന്ന മാസികയുടെ എല്ലാ പ്രവര്‍ത്തനങ്ങളും ഗോവിന്ദന്‍കുട്ടിയുടേതായിരുന്നു.'മലയാളി'യുടെ ഞായറാഴ്ച പതിപ്പുകള്‍ അതിമനോഹരവും അന്തസ്സാര ഗംഭീരവുമാക്കിയിരുന്ന ഗോവിന്ദന്‍കുട്ടിയുടെ അവിടത്തെ പരിചയംതന്നെയാണ് ശിശുക്ഷേമ സമിതിയില്‍ സഹായകമായത്. മലയാളിയില്‍ ജോലിയിലിരിക്കെ തലസ്ഥാനത്തെ പ്രമുഖ സാഹിത്യകാരന്മാരുമായുള്ള പരിചയം, അവരോടൊപ്പം പ്രസംഗിക്കാനും വിവിധ വേദികളില്‍ പ്രവര്‍ത്തിക്കാനുമുണ്ടായ അവസരം, ആകാശവാണിയിലെ റേഡിയോ നാടക അവതരണം... തുടങ്ങി ഗോവിന്ദന്‍കുട്ടിനായര്‍ വ്യാപരിക്കാത്ത മേഖലയില്ല. അങ്ങനെയിരിക്കെയാണ് മറ്റൊരു വഴിത്തിരിവ് ജീവിതത്തിലുണ്ടായത്.
ശിശുക്ഷേമസമിതിയില്‍ സര്‍വാധികാരിയായിരിക്കുന്ന കാലം. സമിതിയുടെ സെക്രട്ടറിയുമായി അത്ര നല്ല രസത്തിലല്ലാതായി. ശിശുദിനാഘോഷങ്ങള്‍ക്കു ദല്‍ഹിയിലേക്കുപോകാന്‍ സംസ്ഥാനത്തുനിന്നു തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ക്കു പകരക്കാരനായി തന്റെയാളെ അയക്കണമെന്ന് സെക്രട്ടറി. പറ്റില്ലെന്നു ഗോവിന്ദന്‍കുട്ടി. വാക്കുതര്‍ക്കം. വഴക്ക്. ഒടുവില്‍ നടപടി- സസ്പന്‍ഷന്‍. പിന്നെ തിരിച്ചെടുക്കല്‍. എന്നാല്‍ ഏറെ നാള്‍ അവിടെ തുടരാന്‍ ഗോവിന്ദന്‍കുട്ടി തയാറായില്ല. രാജിവച്ചു. വാശികൊണ്ടെടുത്ത തീരുമാനം. പക്ഷേ അത് അതിസാഹസികമായിപ്പോയി. സഹായിക്കാനാളില്ലാതായി. ആരുടേയും സഹായം വാങ്ങി ശീലവുമില്ല. അഞ്ചടിരണ്ടിഞ്ചു പൊക്കക്കാരന് ആകാശം മുട്ടെയായിരുന്നു അഭിമാനം. ആരോടും അതിരുവിട്ട ഒത്തു തീര്‍പ്പിനു തയാറല്ലായിരുന്ന അദ്ദേഹം എഴുത്തും പ്രസിദ്ധീകരണവുമാണ് തന്റെ വഴിയെന്നു തീരുമാനിച്ചുറച്ചു. അങ്ങനെ 'ബാലാരാമം' (ചില്‍ഡ്രണ്‍സ് ഗാര്‍ഡന്‍) എന്ന ഒരു മാസിക പിറന്നു. മാസികയുടെ പ്രത്യേകത-' പ്രൈമറി അപ്പര്‍ പ്രൈമറി വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി' എന്ന മുദ്രാവാക്യം. ഇന്ന് ഡി. പി. ഇ. പിയും സ്കൂള്‍ പ്രോജക്ടും ഒക്കെ ചെയ്യാന്‍ സഹായത്തിനിറങ്ങുന്ന ബാല-സ്കൂള്‍ മാസികകളുടെ മുന്‍ഗാമിയായിരുന്നു ബാലാരാമം. പയ്യെപ്പയ്യെ ഗോവിന്ദന്‍കുട്ടി ബാലസാഹിത്യ രംഗത്തേക്കു തിരിയുകയായിരുന്നു. വിജയകരമായ ഒരു വളര്‍ച്ച, മാതൃകാപരമായ ഒരധ്വാന പാഠം.
കേരളത്തില്‍ ബാലസാഹിത്യം അച്ചടിക്കാന്‍ മാത്രമായി ഒരു അച്ചുകൂടം സ്ഥാപിച്ചത് ഗോവിന്ദന്‍കുട്ടിയാണ്. അതിനു മാത്രമായി ഒരു പ്രസാധന സ്ഥാപനം തുടങ്ങിയതും. അങ്ങനെ കാവാലം പ്രിന്റേഴ്സും ബാലവാടി പ്രസാധന ശാലയും തിരുവനന്തപുരത്തെ പൂജപ്പുരയില്‍ പിറന്നു. അതിലൂടെ പ്രൈമറി-അപ്പര്‍ പ്രൈമറി വിഭാഗത്തിന് 12 പുസ്തകങ്ങളും സെക്കണ്ടറി വിഭാഗത്തിന് എട്ടു പുസ്തകങ്ങളും പ്രസിദ്ധീകരിച്ചു. അതില്‍ പലതിനും മൂന്നും നാലും പതിപ്പുകളിറങ്ങി. രാമായണം കഥകള്‍, ഭാരതകഥകള്‍, ജാതകകഥകള്‍, അറബിക്കഥകള്‍ എന്നിവക്കൊപ്പം മൃച്ഛകടികം, രഘുവംശം, ഊരുഭംഗം, പത്തുകല്‍പ്പനകള്‍ എന്നിവയും പ്രസിദ്ധീകരിച്ചു. ഒക്കെയും അതീവ ലളിതമായ ഭാഷയില്‍ കുട്ടികളെ ഉദ്ദേശിച്ചുകൊണ്ട്.
ഈ പുസ്തകങ്ങളെക്കാളൊക്കെ എടുത്തുപറയേണ്ടത് ക്രിക്കറ്റിനെക്കുറിച്ച് എഴുതിയ പുസ്തകത്തിന്റെ കാര്യമാണ്. 1977-ല്‍ ആ പുസ്തകം പ്രസിദ്ധീകരിച്ചു. ദേശീയ കളിയായ ഹോക്കിയെക്കുറിച്ചുമുണ്ട് ഒന്ന്. ഇന്ന് ക്രിക്കറ്റിന് ഇത്ര മാര്‍ക്കറ്റുണ്ടാകുന്നതിന് എത്രയോ വര്‍ഷം മുമ്പാണ് ഇതെന്നോര്‍ക്കണം.
ഈ പുസ്തകങ്ങളെല്ലാം സ്വയം എഴുതിയവയോ വിവര്‍ത്തനം ചെയ്തവയോ ആണ്. അതിന്റെ രചന, അച്ചു നിരത്തല്‍, പ്രൂഫു വായന, തപാലില്‍ കോപ്പി അയക്കല്‍, വില്‍പന അടക്കം എല്ലാ കാര്യങ്ങളിലുമായി ഗോവിന്ദന്‍കുട്ടിനായര്‍ 25 വര്‍ഷം വിയര്‍പ്പൊഴുക്കി. ഊണും ഉറക്കവും മറന്ന് അക്ഷീണം പ്രവര്‍ത്തിച്ചു. സര്‍ക്കാര്‍ ജോലിയില്‍നിന്നു കിട്ടിയിരുന്നതിനേക്കാള്‍ വരുമാനം. മക്കളെ പഠിപ്പിച്ച് ഡോക്ടര്‍മാര്‍ വരെയാക്കി. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന രണ്ട് പ്രസ്സുകളായിരുന്നു അന്ന് എന്ന് നായര്‍ ഓര്‍മ്മിക്കുന്നു. പ്രസ്സില്‍ അവസാനം അച്ചടിച്ചത് രാമായണം ഗദ്യവിവരണം. ബാലസാഹിത്യത്തോടൊപ്പം പ്രൌഢ സാഹിത്യവും തനിക്കു വഴങ്ങുമെന്നു തെളിയിക്കുകയായിരുന്നു അതിന്റെ ലക്ഷ്യം.
പുസ്തകങ്ങളുടെയെല്ലാം ജനറല്‍ എഡിറ്റര്‍ കാവാലം ഗോവിന്ദന്‍കുട്ടിനായര്‍. പുസ്തകം എഴുതുന്നത് കെ. വിഷ്ണുശര്‍മ്മ. ലോകത്തെ ആദ്യത്തെ ബാലസാഹിത്യം എന്നു വിശേഷിപ്പിക്കാവുന്ന 'പഞ്ചതന്ത്രം ഉപാഖ്യാനം എന്ന സംസ്കൃത ഗ്രന്ഥത്തിന്റെ രചയിതാവ് വിഷ്ണുശര്‍മ്മക്ക് ഇനീഷ്യല്‍ ചേര്‍ത്ത തൂലികാനാമം ഗോവിന്ദന്‍കുട്ടിയുടേതുതന്നെയായരുന്നു. ഇതിനു സാക്ഷ്യപത്രം സാക്ഷാല്‍ എം. ടിയുടേത് (സാഹിത്യഅക്കാദമി അദ്ധ്യക്ഷന്‍ എന്ന നിലയില്‍) ഗോവിന്ദന്‍കുട്ടിയുടെ പക്കലുണ്ട്. എന്തുകൊണ്ട് കെ. വിഷ്ണുശര്‍മ്മ യെന്നു ചോദിച്ചാല്‍ പുസ്തകത്തിന് ആധികാരികതയുണ്ടാകാന്‍ അന്ന് അതു വേണ്ടിയിരുന്നു എന്നു ഗോവിന്ദന്‍കുട്ടി പറയുന്നു. സ്വന്തം പേരു മോശമായതുകൊണ്ടല്ല മറിച്ച് മലയാളികള്‍ക്ക് ഇത്തരം ചില കാര്യങ്ങള്‍ അംഗീകരിക്കുന്നതിന് ഒരു പ്രത്യേക മനഃശാസ്ത്രമുണ്ടെന്നാണ് അദ്ദേഹത്തിന്റെ പക്ഷം.
രഘുവംശം കെ.വിഷ്ണുശര്‍മ്മയെന്ന പേരില്‍ അച്ചടിച്ചുവന്നപ്പോള്‍ '' ആളിനെ ഞാനറിയും, ഒറ്റപ്പാലത്തുകാരനാണ്. സംസ്കൃതത്തില്‍ നല്ല വ്യുല്‍പ്പത്തിയുള്ള ആളാണ്'' എന്ന് ഒരു പ്രശസ്ത സാഹിത്യകാരന്‍ തന്നോടുതന്നെ പറഞ്ഞകാര്യം ഗോവിന്ദന്‍കുട്ടി ഓര്‍മ്മിക്കുന്നു. പക്ഷേ ആ ശര്‍മ്മ താനാണെന്നുപറഞ്ഞപ്പോള്‍ ആ എഴുത്തുകാരന്‍ പില്‍ക്കാലത്തു പിണങ്ങുകയും ചെയ്തുവത്രേ.
കോളെജ് വിദ്യാഭ്യാസത്തിനായി ആലപ്പുഴയില്‍ എത്തുംവരെ കാവാലത്ത് നല്ലബന്ധമുണ്ടായിരുന്ന ഗോവിന്ദന്‍കുട്ടിയെ 1960 കളിലെ ജനങ്ങളേ കാവാലത്തുകാരനായി ഓര്‍മ്മിക്കുന്നുള്ളു. പില്‍ക്കാലം മുഴുവന്‍ തിരുവനന്തപുരത്ത്. ഏറെ സംഭവ ബഹുലമായ ജീവിതത്തിന്റെ വിശ്രമകാലം ഇപ്പോള്‍ മകളോടൊപ്പം എറണാകുളത്തെ കാക്കനാട്ടിനടുത്താണ്.

ഇന്നത്തെ കേന്ദ്രമന്ത്രി വയലാര്‍ രവി കാവാലം ഗോവിന്ദന്‍കുട്ടിയുടെ വാടകമുറിയില്‍ വിദ്യാര്‍ത്ഥിരാഷ്ട്രീയക്കാലത്ത് ഒപ്പം കഴിഞ്ഞിട്ടുണ്ട്. 1958-'59 കാലത്ത് ആലപ്പുഴ സനാതന ധര്‍മ്മകോളെജിന്റെ മാഗസിന്‍ എഡിറ്ററായി ഗോവിന്ദന്‍കുട്ടി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

തകഴിയുടെ ചെമ്മീന്‍ അവസാനകയ്യെഴുത്തു പ്രതി തയാറാക്കിയത് ഗോവിന്ദന്‍കുട്ടിനായരാണ്. മന്നത്തു പത്മനാഭന്‍ നേരിട്ടാണ് ഗോവിന്ദന്‍കുട്ടിയുടെ മിടുക്കറിഞ്ഞ് മലയാളിയില്‍ ജോലിക്കുകയറ്റിയത്. ഒരിക്കല്‍ ജോലി നിഷേധിക്കാനിടയായതില്‍ പില്‍ക്കാലത്ത് അഴീക്കോട് പരസ്യമായി ഗോവിന്ദന്‍കുട്ടിയോട് ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്. കൌമുദി ബാലകൃഷ്ണനും കേശവദേവും അന്നത്തെ പൊതുവദികളില്‍വച്ച് അനുഗ്രഹിച്ചിട്ടുണ്ട്.....
അത്രയൊന്നും അറിയപ്പെടാതെ ഇന്ന് കഴിയുന്നതില്‍ അദ്ദേഹത്തിനു വിഷമമില്ല. 'ഏറെ പരിശ്രമിച്ചിട്ടാണ് ഇങ്ങനെയൊക്കെ ചെയ്യാനായത്. സാഹിത്യത്തിനു തനിക്കുചെയ്യാവുന്ന ചില കാര്യങ്ങള്‍ ചെയ്തു. അതില്‍ രണ്ടാം പകുതി ജീവിക്കാന്‍ കൂടിയായിരുന്നു. പക്ഷേ ആ ജീവിത പോരാട്ടത്തിനിടയില്‍ എന്റെ സര്‍ഗ്ഗാത്മക സാഹിത്യ പ്രവര്‍ത്തനം പിന്‍നിരയിലേക്കുപോയി. എങ്കിലും വിഷമമില്ല. എന്റെ കര്‍മ്മങ്ങള്‍ ഞാന്‍ ചെയ്തു തീര്‍ത്തു'- ഗോവിന്ദന്‍കുട്ടിനായര്‍ പറയുന്നു.

No comments:

Post a Comment