Tuesday, July 19, 2011

ദേശപ്പെരുമ

ദേശം പണ്ടേ പ്രസിദ്ധം കവിത, കഥയെഴുത്താളുമെണ്ണം കുറച്ച-
ല്ലാരും ചൊല്ലിപ്പുകഴ്ത്തും മഹിതചരിത സര്‍ദാറ് കേയെം പണിക്കര്‍
ഐസീച്ചാക്കോ തുടങ്ങീട്ടനവധി‍, ‘കളി‘യായിട്ടിരാരിശ്ശി മേനോന്‍,
കാവാലം നാടകം,പിന്നിടയിലടിയനും, സ്രഗ്ധരാ പൂജ ചെയ്‌വൂ....



സര്‍ദാര്‍ കെ എം പണിക്കര്‍, ഐ സി ചാക്കൊ, മണ്ടവപ്പള്ളി ഇട്ടിരാരിശ്ശി മേനോന്‍...കാവാലം നാരായണ പണിക്കക്ഷ്, അയ്യപ്പപ്പണിക്കര്‍, കാവാലം വിശ്വനാഥ കുറുപ്പ്........കാവാലം ശ്രീകുമാര്‍,,,,അങ്ങനെ എത്രയെത്ര പ്രതിഭകള്‍......

തീയില്ലാതാവി പൊങ്ങുന്നൊരു മഹിത സദാവിസ്മയം കാണുവാനി-
ക്കായല്‍ തീരത്തു, നേരം പുലരുമരുണിമഛായയില്‍, നോക്കി നില്‍ക്കാം
സാദം തീര്‍ക്കാനിരിക്കാമിവിടെ ഇളമരച്ചായ്‌വിലുച്ചക്കു, രാത്രി
ക്കാകാം വേണേലുറക്കം, പ്രക്രുതി കനിവൊരീ എന്റെ കാവാല ദേശേ....


പുലര്‍ച്ചെ ആ‍റ്റിന്‍ വക്കത്തു നോക്കി നില്‍ക്കുക..... വെള്ളത്തില്‍നിന്നും നീരാവി പൊന്തുന്നതു കാണാം (ഒരു ചായ ഊതിയൂതി കുടിക്കാന്‍ കൊതി തോന്നും ഉറപ്പ്) കിഴക്കു ചുവന്ന സൂര്യന്‍ തിരനോട്ടം നടത്തുന്നതും കാണാം....ഉച്ച നേരത്ത് തീരത്തു പോയി നില്‍ക്കുക... എല്ല ക്ഷീണവും പോകും....മരച്ചോട്ടില്‍ ചാരി ഇരുന്നാല്‍ ഉറങ്ങിപ്പോകും.... രാത്രിയിലും ഉറങ്ങാം...എന്തൊരു പ്രക്രുതി ഭംഗി.....

കണ്ടാനന്ദിക്കുവാനുള്ളൊരിട,മിവിടമാ,ണര്‍ക്കകാന്തിക്കു വര്‍ണം
സ്വര്‍ണം കൂട്ടുന്ന മണ്ണാണിവിടെ,യറുപതും നൂറുമേനീം എളുപ്പം
ഒന്നിന്നാര്‍ക്കാനുമാവില്ലെ,തിരു പറയുവാന്‍, കുട്ടനാടിന്റെ മെച്ചം
കൊണ്ടാണന്നം കിടയ്ക്കുന്നതു,മതിനു നടുക്കെന്റെ കാവാല ദേശം....

സ്വര്‍ണം വിളയുന്ന മണ്ണാണിവിടം.... കറുകറുത്ത മണ്ണില്‍ കരുമാടിക്കുട്ടന്മാര്‍ വിയര്‍പ്പൊഴുക്കി നൂറു മേനി നെല്ലു വിളയിക്കുന്നതു കൊണ്ടാണു കേരളം ചോറുണ്ണുന്നതെന്നു പറഞ്ഞാല്‍ തര്‍ക്കം പരയുമോ....

പണ്ടു പണ്ടു കളിവണ്ടിയോട്ടിയൊരു കാട്ടുപൊന്ത വഴിയുടെ ഞാ-
നിന്ന് നീളെ നടകൊണ്ടു കണ്ടു പല മാറ്റമെന്റെ ചെറു നാട്ടിലും
ഇണ്ടലുണ്ടു, കുതികൊണ്ടു,പാഞ്ഞു വികസിച്ചിടുന്നു പലതെങ്കിലെ-
ന്തില്ല ഭംഗി,യതിനില്ല സംശയമനന്തകാല നിലനില്പ്പതും

No comments:

Post a Comment