
സൃഷ്ടിയില്‍വച്ച് ഏറ്റവും സമ്പൂര്‍ണം മനുഷ്യനാണെന്ന് ആരും ഇതുവരെ സമ്മതിക്കും. ദൈവത്തിന്റെ സൃഷ്ടി എന്നൊന്നും പ്രയോഗിച്ച് ഒരു വിവാദം ഉണ്ടാക്കാനില്ല. സൃഷ്ടിക്കുന്നത് ദൈവമോ മറ്റാരെങ്കിലുമോ എന്ന തര്‍ക്കത്തിനു നേരമില്ലാത്തതുകൊണ്ടുതന്നെ. കാരണം മാവോ മൂത്തത് മാങ്ങയോ മൂത്തത് എന്ന തര്‍ക്കം ഇനിയും അവസാനിച്ചിട്ടില്ലല്ലോ. ആരു സൃഷ്ടിച്ചാലും ശരി ചില കാര്യങ്ങളില്‍ സര്‍ഗക്രിയയുടെ വൈഭവം ഒന്നുവേറേതന്നെയാണ്. മഴവില്ലിനെ, മയില്‍പ്പീലിയെ, ആലിലയെ പുനഃസൃഷ്ടിക്കുന്നവര്‍ക്കുപോലും അതില്‍ അധികമായെന്തെങ്കിലും ചേര്‍ത്ത്, ഒരു കുറവുണ്ടായിരുന്നത് മാറ്റിയെന്ന് കയ്യടിനേടാന്‍ കഴിയുമോ. ഇല്ലതന്നെ. മഴവില്ലില്‍ മറ്റൊരു നിറംകൂടി ചേര്‍ക്കാനില്ല. മയില്‍പ്പീലിയില്‍ മാറ്റി ഒരു ഡിസൈന്‍ വരയ്ക്കാനാകില്ല. ആലിലക്ക് അതിനേക്കാള്‍ മനോഹരമായൊരു ശില്‍പചാരുത കൊടുക്കാനാവില്ല. ഇങ്ങനെ ചില അപൂര്‍വതകളുള്ളതില്‍ മനുഷ്യരുംപെടുന്നു. മറ്റു ജീവികളില്‍നിന്ന് വ്യത്യസ്തമായി സ്വയം ചിന്തിക്കാനും മറ്റുള്ളവരുമായി പങ്കവയ്ക്കാനുമെല്ലാമുള്ള കഴിവ് അവനെ വേറിട്ടുനിര്‍ത്തുന്നു. എന്നാല്‍ പരിണാമത്തിന്റെ ഈ ഘട്ടത്തില്‍നിന്ന് അടുത്ത ഘട്ടത്തിലേക്കുള്ള യാത്രയില്‍ കാര്യമായ ഗതിവേഗം ഇതുവരെ വേണ്ടത്രയായിട്ടില്ല. അതായത് മനുഷ്യന്‍ കഴിഞ്ഞ സൂപ്പര്‍മാന്‍ (അതിമാനുഷന്‍) എന്നത് മനുഷ്യന്റെ സങ്കല്‍പമായിത്തന്നെ നിലനില്‍ക്കുന്നു.
അതിമാനുഷനെന്ന സങ്കല്‍പത്തിന് സാങ്കേതിക-ശാസ്ത്ര പിന്തുണ കിട്ടിയപ്പോള്‍ രൂപപ്പെട്ട കഥകളും സിനിമകളും ചിത്രീകരണങ്ങളുംകൊണ്ട് നാം സംതൃപ്തിപ്പെട്ടുപോരികയാണെന്നുവേണം പറയാന്‍. സൂപ്പര്‍മാന്‍ അങ്ങനെ സാധാരണ മനുഷ്യരില്‍നിന്നു വ്യത്യസ്തനായ, അവയേക്കാള്‍ കായികബലവുമുള്ള, അതിശയിപ്പിക്കുന്ന പ്രവൃത്തിശേഷിയുള്ള ഒരു...... മാറിക്കൊണ്ട് മുതിര്‍ന്നവരിലെ കൌതുകമനസ്സിനെപ്പോലും തൃപ്തിപ്പെടുത്തിക്കൊണ്ടിരുന്നു. കായിക-കലാ പ്രകടനത്തിനപ്പുറം ഈ അതിമാനുഷന്‍ ദുഷ്ടനിഗ്രഹവും ശിഷ്ടസംരക്ഷണവുമുള്‍പ്പെടെയുള്ള ധാര്‍മിക പ്രവര്‍ത്തനങ്ങളിലും വ്യാപൃതനായിരുന്നു. അങ്ങനെ ഒരുകാലത്ത് ആബാലവൃദ്ധത്തിന്റെ, ആഗോളതലത്തിലുള്ള ഹീറോയായിരുന്ന സൂപ്പര്‍മാന്‍ ഇന്ന് എവിടെ. വായനയിലും ദൃശ്യക്കാഴ്ചയിലും ഒരു പരിധിവരെ ലോകത്തെ നല്ലൊരു ശതമാനത്തെ വിനോദിപ്പിക്കുകയും അത്ഭുതപ്പെടുത്തുകയും ചെറിയൊരു വിഭാഗത്തെ പലതരത്തില്‍ പ്രചോദിപ്പിക്കുകയും ചെയ്തിരുന്ന സൂപ്പര്‍മാന്റെ സ്ഥാനത്ത് ഇന്ന് മിസ്റ്റര്‍ ബീന്‍ ആണ് പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നത്. മണ്ടത്തരങ്ങള്‍ മാത്രം ചെയ്യുന്ന, വികൃതമായി അനുകരിക്കുന്ന, ഒരു ചിരിപ്പിക്കല്‍ കോമാളിമാത്രമായ ബീന്‍ ഇന്ന് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും മാതൃകയാവുന്നു. മിസ്റ്റര്‍ ബീനിന്റെ പ്രാദേശികപ്പതിപ്പുകള്‍കൊണ്ട് പ്രകൃതി നിറയുന്നു. അതിമാനുഷനില്‍നിന്ന് ദുര്‍ബല മനുഷ്യനിലേക്കുള്ള പതനം, അല്ല, അധഃപതനം. ആഗോളതലത്തിലുള്ള ഈ നിപാതത്തിന്റെ ആഘാതം വലുതാണ്. അമാനുഷികശേഷി സ്വപ്നം കണ്ട് അത് കൈവരിക്കാനുള്ള ആഗ്രഹം ജനിക്കേണ്ടിടത്തുനിന്ന് വ്യക്തിശക്തിയും ബുദ്ധിവൈഭവവും വേണ്ടേവേണ്ടാത്ത തരം താണ തമാശയിലേക്കുള്ള പരിഹാസ്യമായ പതനം. സര്‍ക്കസ് കാണാന്‍ പോയ രണ്ടു കുട്ടികളില്‍ ഒരാള്‍ ട്രിപ്പീസില്‍നിന്ന് മറ്റൊന്നിലേക്കു പറന്നുപോയ അഭ്യാസിയാണ് തന്റെ നായകനെന്ന് മുത്തച്ഛനെ വിവരിച്ചുകേള്‍പ്പിച്ചു. മറ്റേയാള്‍ മുഖത്ത് ചായം തേച്ച് വിഡ്ഢിത്തങ്ങള്‍ക്കുമേല്‍ വിഡ്ഢിത്തം കയറ്റിവച്ച് ആളെ ചിരിപ്പിച്ച കോമാളിയാണ് തന്റെ ഹീറോയെന്നു പറഞ്ഞു. മുത്തച്ഛന്‍ ആ കുട്ടികളെ യഥാക്രമം സൂപ്പര്‍മാനെന്നും മിസ്റ്റര്‍ ബീന്‍ എന്നും വിളിച്ചു. മുത്തച്ഛനെ മഹര്‍ഷി അരവിന്ദന്‍ എന്ന് അവര്‍ ഇരട്ടപ്പേര്‍ വിളിച്ചില്ല, അതൊന്നും അവര്‍ക്കറിയില്ലല്ലോ.
No comments:
Post a Comment