Tuesday, June 16, 2015

ഗമാങ് കുമ്പസരിക്കുമ്പോള്‍

ഗമാങ് കുമ്പസരിക്കുമ്പോള്‍


കാവാലം ശശികുമാര്‍

 June 16, 2015, Janmabhumi

 പൊട്ടക്കുളത്തില്‍ പുളവന്‍ ഫണീന്ദ്രന്‍ തട്ടിന്‍പുറത്താഹു മൃഗപ്രവീരന്‍… എന്നൊരു പഴയ ശ്ലോകപാദമുണ്ട്. ഇന്നും എന്നും പ്രസക്തമായത്. വാസ്തവവുമാണ്. ചെറിയ പൊട്ടക്കുളത്തില്‍ ഒരു പുളവന്‍ അനന്തസര്‍പ്പത്തിന്റെ നിലയിലാണ്. തട്ടിന്‍പുറത്ത് തകിടം മറിച്ച് ഓടിച്ചാടുന്ന എലിയാണ് അക്കൂട്ടത്തില്‍ മൃഗരാജാവായ സിംഹം. ഇതുപോലെയാണ് ചില നേതൃത്വങ്ങളുടെ കാര്യം. നേതാവ് ഉണ്ടാകുന്നതാണ്. നേതൃത്വവും ഉണ്ടാകുന്നതാണ്. രണ്ടും ഉണ്ടാക്കുമ്പോഴാണ് കുഴപ്പങ്ങള്‍. പക്ഷേ ഉണ്ടാകുന്ന നേതൃത്വമെല്ലാം നല്ലതാകണമെന്നുമില്ല. ശരിയായ നേതൃത്വം ഉണ്ടാവുക അത്ര സാധാരണവുമല്ല. സ്വാഭാവികമായുണ്ടാകുന്ന, ശരിയായ കാര്യങ്ങള്‍ക്കുള്ള, വഴികാട്ടലാണ് വാസ്തവത്തില്‍ യഥാര്‍ത്ഥ നേതൃത്വം. വഴികാട്ടുന്നവരാണ് നേരായ നേതാക്കള്‍. ധര്‍മത്തിന് ഗ്ലാനി സംഭവിക്കുമ്പോള്‍ അതിനെ അഭ്യുത്ഥാനം ചെയ്യാന്‍ ഞാന്‍ അവതരിക്കുന്നുവെന്ന ഗീതാചാര്യ വചനംപോലെ അതൊരു നിതാന്തസത്യമാണ്. രാജ്യ ചരിത്രമേതും പരിശോധിച്ചാല്‍ അതു വ്യക്തമാവുകയും ചെയ്യും. അമ്പതുവര്‍ഷത്തെ ഭാരതചരിത്രത്തിനിടയില്‍ അങ്ങനെ സംഭവിച്ച, സമൂഹത്തില്‍ രൂപംകൊണ്ട അനേകം ശരീരികളുടെ സംയുക്താവതാരമായിരുന്നു അടിയന്തരാവസ്ഥക്കെതിരെ രൂപംകൊണ്ട പ്രക്ഷോഭം. ഒരു വ്യക്തിയായല്ല, ആശയമായി, പ്രസ്ഥാനമായി അവതരിച്ച ഒരു നേതൃത്വം. അതിനുപിന്നില്‍ നേര്‍വഴിയറിയാമായിരുന്ന, ആ വഴി കാട്ടിക്കൊടുത്തിരുന്ന ശരിയായ നേതൃത്വം ഉണ്ടായിരുന്നു. രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതും ഒരു നേതൃത്വമായിരുന്നു. അതൊരു വഴിത്തെറ്റായിരുന്നു. അതുകൊണ്ടാണ് ശരിയായ കാര്യങ്ങള്‍ക്ക്, പൊതുവായ ആവശ്യങ്ങള്‍ക്ക് രൂപംകൊള്ളുന്ന യഥാര്‍ത്ഥ നേതൃത്വത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ആദ്യം പറഞ്ഞത്. ഗിരിധര്‍ ഗമാങ് എന്ന ഒഡീഷ മുന്‍ മുഖ്യമന്ത്രി ഭാരതീയ ജനതാപാര്‍ട്ടിയില്‍ അംഗത്വമെടുക്കുന്നു. ഇതുസംബന്ധിച്ച അന്തിമ ചര്‍ച്ചയും പൂര്‍ത്തിയാക്കി സ്വയം ഈ പ്രഖ്യാപനം നടത്തുമ്പോള്‍ ഗിരിധര്‍ ഗമാങ് കുമ്പസാരിച്ച് സ്വയം രാഷ്ട്രീയ പാപമുക്തി നേടി. കോണ്‍ഗ്രസ് എംപിയായിരിക്കെ, അന്ന് അടല്‍ ബിഹാരി വാജ്‌പേയി സര്‍ക്കാരിനെ താഴെയിറിക്കാന്‍, വിശ്വാസവോട്ടിനെ എതിര്‍ത്ത് താന്‍ പാര്‍ലമെന്റില്‍ വോട്ടുകുത്തിയത് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ നിര്‍ദ്ദേശപ്രകാരമായിരുന്നുവെന്ന്, ഗമാങ് പറഞ്ഞു. ഗമാങ് മറ്റു ചില വിശകലനങ്ങളും വെളിപ്പെടുത്തലുകളും നടത്തി. അന്ന്, 1999 ഏപ്രില്‍ 17-ന് വിശ്വാസ വോട്ടെടുപ്പില്‍ ഒറ്റ വോട്ടിന് (269-270) ഭരണം നഷ്ടമായി അടല്‍ ബിഹാരി വാജ്‌പേയി പുറത്തായത് എന്റെ വോട്ടുകൊണ്ടല്ല, നാഷണല്‍ കോണ്‍ഫ്രന്‍സ് അംഗം സൈഫുദ്ദീന്‍ സോസിന്റെ വോട്ടുകൊണ്ടാണെന്ന്. പക്ഷെ ഗമാങ് ആ കുമ്പസാരത്തോടെ മഗ്ദലനയിലെ മറിയത്തെപ്പോലെ മനസ്സിലെങ്കിലും പാപമില്ലാത്തവനായോ? എന്തായാലും ഗമാങ് ബിജെപിയിലെത്തിയ സംഭവം ചില നേതൃപ്രശ്‌നങ്ങളിലേക്കാണ് വിരല്‍ചൂണ്ടുന്നത്, അടിസ്ഥാനപരമായി. അതുകൊണ്ടാണ് നേതൃത്വത്തെക്കുറിച്ച്,അതിന്റെ ഗുണദോഷ വിചിന്തനത്തെക്കുറിച്ച് തുടക്കത്തില്‍ പറഞ്ഞത്. 1999 ലായിരുന്നു അത്. ഭാരത രാഷ്ട്രീയ ചരിത്രത്തിലെ ഒരു വലിയ രാഷ്ട്രീയ സംഭവം. കേന്ദ്രതലത്തില്‍ വിശാലമായ ഒരു സഖ്യകക്ഷി സര്‍ക്കാര്‍ രാജ്യം ഏറെ വിശ്വസ്തനും പ്രാപ്തനുമായിക്കണ്ട ഒരു നേതാവ് അടല്‍ബിഹാരി വാജ്‌പേയിയുടെ പ്രധാനമന്ത്രിത്വത്തില്‍ സര്‍ക്കാര്‍ രൂപീകരിച്ച സംഭവം. അതിനുമുമ്പ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായപ്പോള്‍, പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോഴും അടല്‍ബിഹാരി വാജ്‌പേയിക്കും ബിജെപിയ്ക്കും ഒരു വിശ്വാസവുമില്ലായിരുന്നു സര്‍ക്കാര്‍ രൂപീകരിച്ച് ഭരണം മുന്നോട്ടുകൊണ്ടുപോകാനാകുമെന്ന്. പക്ഷേ, രണ്ടാം വട്ടം ചില വിശ്വാസങ്ങളും ആശ്വാസങ്ങളുമുണ്ടായിരുന്നു. അതിനുതക്ക കാരണങ്ങളും. ആ സര്‍ക്കാരിനെ പിന്തുണക്കണമെന്നും നിലനിര്‍ത്തണമെന്നും, അതല്ല പുറത്താക്കണമെന്നും രണ്ടഭിപ്രായങ്ങള്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ ഉണ്ടാവുകയും പാര്‍ലമെന്റില്‍ വോട്ടെടുപ്പ് തീരുമാനിക്കുകയും ചെയ്തു. ഭരണപക്ഷത്തും പ്രതിപക്ഷത്തും കണക്കുകളുടെ കൂട്ടലും കിഴിക്കലും ദിവസങ്ങളോളം നടന്നു. ഒറ്റയാള്‍ എംപിമാരും പാര്‍ട്ടികളും സര്‍ക്കാരിനൊപ്പവും എതിര്‍പക്ഷവും ചേരിചേര്‍ന്നു. ഒടുവില്‍ വോട്ടെടുപ്പിന്റെ അന്തിമ മുഹൂര്‍ത്തമായി. അപ്പോഴാണ് ആ വിഷയമുയര്‍ന്നത്; കോണ്‍ഗ്രസ് എംപിയായ ഗിരിധര്‍ ഗമാങ് എന്ന ഒഡീഷയിലെ കോരാപുടില്‍നിന്നുള്ള എംപിക്ക് വോട്ട് ചെയ്യാമോ. കാരണം, ഗമാങ് എംപിയായിരിക്കെത്തന്നെ ഒഡീഷയില്‍ നിയമസഭാ നേതാവായി തെരഞ്ഞെടുക്കപ്പെടുകയും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുകയും ചെയ്തിരുന്നു. പക്ഷേ എംപി സ്ഥാനം രാജിവെച്ച് സ്പീക്കര്‍ക്ക് കത്ത് നല്‍കിയിരുന്നില്ല. ഒടുവില്‍ ഏറെ രാഷ്ട്രീയവാദ വിവാദങ്ങളും ധാര്‍മിക ചര്‍ച്ചകളും വഴി, ഗമാങ് ഒഡീഷയില്‍ നിന്ന് ദല്‍ഹിയിലെത്തുംവരെ പാര്‍ലമെന്റ് നടപടികള്‍ വൈകിപ്പിച്ച്, ഗമാങ്ങിനെക്കൊണ്ട് വോട്ടുചെയ്യിച്ച് കോണ്‍ഗ്രസ് വാജ്‌പേയി സര്‍ക്കാരിനെ പുറത്താക്കിക്കുന്നതില്‍ വിജയിച്ചു. ലോക്‌സഭയില്‍ അംബാസഡര്‍മാര്‍ക്കുള്ള ഗ്യാലറിയില്‍ അന്ന് ഇരിക്കാന്‍ സ്ഥലം കിട്ടാതെ അധികം സീറ്റിട്ട് വിദേശരാജ്യപ്രതിനിധികള്‍ക്ക്  ഇരിപ്പിടം ഒരുക്കേണ്ടിവന്നു. വോട്ടെടുപ്പില്‍ സര്‍ക്കാര്‍ തോറ്റപ്പോള്‍, വാജ്‌പേയി പുറത്തായപ്പോള്‍ അവരില്‍ പലരുടെയും വികാരം വ്യത്യസ്തമായിരുന്നു. ചിലര്‍ ആശ്വസിച്ചു, ചിലര്‍ നിശ്വസിച്ചു. ഗമാങ് സോണിയാഗാന്ധിയുടെ വിശ്വസ്തനായിരുന്നു. ഗമാങിന്റെ ഭാര്യ ഹേമ, സോണിയയുടെ പ്രിയ സുഹൃത്തായിരുന്നു. പത്താം നമ്പര്‍ ജന്‍പഥിലെ നിത്യസന്ദര്‍ശകയായിരുന്നു. ഗമാങ് നല്ല ജാസ് വായനക്കാരനായിരുന്നു. ഇതിനെല്ലാം പുറമേ ഗമാങ് ഒഡീഷയിലെ ക്രിസ്ത്യന്‍ പുരോഹിതരുടെ കണ്ണിലുണ്ണിയായിരുന്നു. വാജ്‌പേയി സര്‍ക്കാരിനെ വീഴ്ത്താന്‍ പ്രയോഗിച്ച ആ വോട്ടിന്റെ മാനങ്ങള്‍ പാര്‍ലമെന്റില്‍ പക്ഷവും പ്രതിപക്ഷവും തമ്മിലുള്ള രാഷ്ട്രീയ അധികാര മത്സരത്തിലെ വെറും ഒരു വോട്ടായിരുന്നില്ല എന്നു സൂചിപ്പിക്കാനാണ് ഗമാങ്ങിനെക്കുറിച്ച് ഇത്രയുമെങ്കിലും പറഞ്ഞത്. ഈ ഒറ്റ വോട്ടിലൂടെ തോല്‍പ്പിക്കപ്പെട്ടത് ഭാരത ജനാധിപത്യമായിരുന്നു. അതിനു പിന്നിലെ താല്‍പര്യങ്ങള്‍ വളരെ വിപുലവും അതേ സമയം നിഗൂഢവുമായിരുന്നു. ഇന്ന് ബിജെപിയിലേക്ക് എത്തുമ്പോള്‍ ഗമാങ് എന്തെല്ലാം ന്യായവും നീതിയും പറഞ്ഞാലും ചില സത്യങ്ങളാണ് അതു വിളിച്ചു പറയുന്നത്. നാഷണല്‍ കോണ്‍ഫ്രന്‍സ് അന്ന് കേന്ദ്ര സര്‍ക്കാരിനെ, വാജ്‌പേയിയെ, ബിജെപിയെ, എന്‍ഡിഎയെ പിന്തുണച്ചു നില്‍ക്കുമ്പോള്‍ അതിലംഗമായ പ്രൊഫ. സൈഫുദ്ദീന്‍ സോസ് പാര്‍ട്ടി വിപ്പു ലംഘിച്ച് വാജ്‌പേയിക്കെതിരേ വോട്ടു ചെയ്തത് എന്തുവികാരത്തിലായിരുന്നുവെന്ന ചോദ്യം ഉയരുന്നുണ്ട്. അന്ന് വാജ്‌പേയി സര്‍ക്കാരിനെ താഴെയിറക്കാന്‍ കോണ്‍ഗ്രസുമായി ഗൂഢാലോചന നടത്താന്‍ തമിഴ്‌നാടു മുഖ്യമന്ത്രി ജയലളിത ദല്‍ഹിയില്‍ ചായ സല്‍ക്കാരം നടത്തിയത് എന്തിനായിരുന്നു. അതിന് അന്ന് ജയയുടെ ഉപദേശക സ്ഥാനത്തുണ്ടായിരുന്ന സുബ്രഹ്മണ്യന്‍ സ്വാമി സൂത്രധാരനായത് എന്തിനായിരുന്നു. ഗമാങ് അന്ന് എല്ലാ ധര്‍മ്മ ചിന്തയും വെടിഞ്ഞ് വോട്ടുചെയ്യാന്‍ എത്തിയത് എന്തിനായിരുന്നു. ആ സംഭവങ്ങള്‍ക്കു ശേഷം തനിക്ക് 272 എംപിമാരുടെ പിന്തുണയുണ്ടെന്നു വാക്കാല്‍ പറഞ്ഞുകൊണ്ട് ഭാരത ചരിത്രത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ വഞ്ചന കാണിക്കാന്‍ രാഷ്ട്രപതിഭവന്റെ ചവിട്ടുപടികയറിയ സോണിയാ ഗാന്ധിയുടെ യഥാര്‍ത്ഥ ലക്ഷ്യമെന്തായിരുന്നു. രസകരമാണ് രാഷ്ട്രീയത്തിലെ ഇത്തരം ചരിത്രങ്ങള്‍ പുനര്‍ വായന നടത്തുമ്പോള്‍. ഒപ്പം അമ്പരപ്പാണ് അന്ന് ചിലതൊക്കെ മറിച്ചാണു സംഭവിച്ചിരുന്നതെങ്കില്‍ എന്നു ചിന്തിക്കുമ്പോള്‍. എന്നാല്‍, ഏറ്റവും കൗതുകകരമായ കാര്യം ചരിത്രത്തിലെ സ്വയം തിരുത്തലുകളും വഴിത്തിരിവുകളും കാണുന്നതാണ്. പിന്നീട് സുബ്രഹ്മണ്യന്‍ സ്വാമി ബിജെപിയിലെത്തി. ജയലളിത ബിജെപി വിരോധം ഏറെ കുറച്ചു. അന്ന് മറുകണ്ടം ചാടി കോണ്‍ഗ്രസ്‌കൊടി കൂട്ടിക്കെട്ടാന്‍ പോയ മായാവതിയുടെ ബിഎസ്പി കോണ്‍ഗ്രസ് വിരുദ്ധമായി. 272 പേരുടെ കള്ളപ്പട്ടിക കാണിച്ച് അന്നത്തെ രാഷ്ട്രപതി കെ. ആര്‍. നാരായണനു മുന്നില്‍ ചെന്ന സോണിയയും പാര്‍ട്ടിയും ഇപ്പോള്‍ ലോക്‌സഭയില്‍ 44 അംഗങ്ങള്‍ മാത്രമായി ചുരുങ്ങി. അന്ന് വാജ്‌പേയി ഭരണം വഴിതിരിച്ച ഒറ്റവോട്ടുകാരനും ഇന്ന് ബിജെപിയിലെത്തി. വാസ്തവത്തില്‍ ഈ മാറ്റങ്ങള്‍ വേറൊരു വഴിയില്‍ ചിന്തിച്ചാല്‍ അതിലും കൗതുകകരമാണ്. ഇതാണ് വാസ്തവത്തില്‍ അടിയറവ് എന്നു പറയുന്നത്. ചതുരംഗക്കളിയില്‍ രാജാവിനെ യുദ്ധത്തില്‍ വെട്ടിവീഴ്ത്താറില്ലല്ലോ. പടയാളികളും പടക്കോപ്പുകളും തീര്‍ന്ന് ഇനിയൊരടിപോലും വെക്കാനില്ലെന്നു വരുമ്പോഴാണ് ആ സമ്പൂര്‍ണ്ണ കീഴടങ്ങല്‍. നേതൃത്വത്തിന്റെ പോരായ്മയണ്, വീഴ്ചയാണ്, പിടിപ്പുകേടാണ് ആ പരാജയത്തിനു കാരണം. വാസ്തവത്തില്‍ ഗിരിധര്‍ ഗമാങ്ങിന്റെ ബിജെപി പ്രവേശത്തോടെ സോണിയയുടെ രാഷ്ട്രീയ ചതുരംഗക്കളിയിലെ അടിയറവ് പൂര്‍ണ്ണമായിരിക്കുകയാണ്. പതിനഞ്ചു വര്‍ഷം മുമ്പു ചെയ്ത കൊടും ജനാധിപത്യ പാപത്തിന്റെ ശമ്പളം. ഗമാങ്ങിനെ അന്ന് ഒഡീഷയില്‍നിന്ന് ന്യൂദല്‍ഹിയില്‍ കൊണ്ടുവന്ന് വോട്ടു ചെയ്യിച്ച തീരുമാനം  വാസ്തവത്തില്‍ സോണിയയുടെ നേതൃപാടവമായിരുന്നോ പ്രകടമാക്കിയത്. അര്‍ജ്ജുന്‍സിങ്, എ. കെ. ആന്റണി തുടങ്ങിയ മുതിര്‍ന്ന ഉപദേശകര്‍ അന്ന് സോണിയക്കുണ്ടായിരുന്നു. എന്നിട്ടും അവര്‍ അധാര്‍മിക വഴിക്ക് ഒരു സര്‍ക്കാരിനെ, അതും അടല്‍ബിഹാരി വാജ്‌പേയിയെപ്പോലെ ലോകം അംഗീകരിച്ച ഒരു നേതാവിന്റെ സര്‍ക്കാരിനെ, വീഴ്ത്താന്‍ തയ്യാറായത് തുടക്കത്തില്‍ പറഞ്ഞ, ശരിയായ കാര്യങ്ങള്‍ക്ക്, പൊതുവായ ആവശ്യങ്ങള്‍ക്ക് രൂപംകൊണ്ട ഒരു നേതൃത്വമായിരുന്നില്ല. അത് സുവ്യക്തമാക്കുകയാണ് ഗമാങ്ങിന്റെ കോണ്‍ഗ്രസ് വിട്ടുള്ള ബിജെപി പ്രവേശം. ഇത് തത്വത്തില്‍ സോണിയുടെ കോണ്‍ഗ്രസ് വിടല്‍ തന്നെയാണ്. സോണിയയുടെ നേതൃത്വം വഴിതെറ്റിക്കുന്നതായിരുന്നുവെന്നതിനു തെളിവായിരുന്നു തുടര്‍ന്നുവന്ന തെരഞ്ഞെടുപ്പിലും വാജ്‌പേയിയെയും ബിജെപിയേയും ഭരണകക്ഷിയായി ഭാരത ജനാധിപത്യം തെരഞ്ഞെടുത്തത്. പക്ഷേ, കുമാര്‍ഗ്ഗത്തില്‍ സഞ്ചരിക്കുന്ന നേതാക്കള്‍ക്ക് കുതന്ത്രങ്ങള്‍ക്ക് വഴക്കം കൂടുമെന്നതിനു തെളിവാണ് 2004-ലെ തെരഞ്ഞെടുപ്പിന്റെ ഫലം. അതിനു പിന്നില്‍ നടന്ന രാഷ്ട്രീയക്കളികളിലെ അന്താരാഷ്ട്രീയ ബന്ധങ്ങളും ഇടപെടലുകളും കാലം വൈകാതെ പുറത്തുകൊണ്ടുവരികതന്നെചെയ്യും. എന്നാല്‍, ഭാരത ജനാധിപത്യത്തിനും ഭരണ സംവിധാനത്തിനും നഷ്ടപ്പെട്ടത് വെറും പത്തുവര്‍ഷമായിരുന്നില്ലല്ലോ, 2004 മുതല്‍ 2014 വരെയുള്ള ഭരണകാലം രാജ്യത്തെ ലക്ഷ്യത്തിലും പ്രയോഗത്തിലും തത്വത്തിലും ഏറെ പിന്നാക്കം പായിച്ചുകളഞ്ഞുവല്ലോ. എല്ലാ അര്‍ത്ഥത്തിലും കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയയുടെ രാഷ്ട്രീയ ആത്മാവായിരുന്ന ഗമാങ്ങിന്റെ ബിജെപിയിലേക്കുള്ള വരവ് സോണിയയുടെ അടിയറവുതന്നെയാണ് തത്വത്തില്‍. പിന്‍കുറിപ്പ്: അര്‍ബുദം ബാധിച്ച് വിദഗ്ദ്ധ ചികിത്സയില്‍ കഴിയുന്ന ഭാര്യയെ സന്ദര്‍ശിക്കാന്‍ ലളിത് മോദിക്ക് യാത്രാ രേഖകള്‍ ലഭ്യമാക്കുന്നതിനു സഹായിച്ച വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് രാജിവെക്കണമെന്നാവശ്യം. താന്‍ മനുഷ്യത്വപരമായ ഒരാവശ്യത്തിന് രാജ്യ വിരുദ്ധമല്ലാത്ത വഴിയില്‍ സഹായം ചെയ്തതേ ഉള്ളുവെന്ന് സുഷമാ സ്വരാജ്. ബിജെപിക്കാര്‍ക്ക്, മോദി സര്‍ക്കാരിന് മനുഷ്യത്വം ഉണ്ടെന്നുകൂടി സമ്മതിക്കേണ്ടിവന്നാല്‍ പിന്നെ എതിര്‍പക്ഷത്തിന് എവിടെയാണ് ഗതി? ഹൊ! കഷ്ടകാലം ഇങ്ങനെയും വരുമോ? മനുഷ്യത്വം, അത് ഞങ്ങള്‍ക്കു മാത്രം പറഞ്ഞിട്ടുള്ളതാണ്. ഭീകരവാദവും ബോംബു പ്രയോഗവും നടത്തിയ കേസില്‍ പ്രതിക്ക് മനുഷ്യത്വത്തിന്റെ മറവില്‍ ജയില്‍മോചനം വേണമെന്ന ആവശ്യം കേരള നിയമ സഭയുടെ പ്രമേയമായി ചരിത്രത്തിലുള്ളതുതന്നെ ഞങ്ങളുടെ മനുഷ്യത്വത്തിന്റെ സര്‍ട്ടിഫിക്കറ്റ്!! ഹാ കഷ്ടം.
ജന്മഭൂമി: http://www.janmabhumidaily.com/news295065

No comments:

Post a Comment