Thursday, May 14, 2015

നാവുവെട്ടലും കൈവെട്ടലും നടത്തുമ്പോള്‍

നാവുവെട്ടലും കൈവെട്ടലും നടത്തുമ്പോള്‍

കാവാലം ശശികുമാര്‍                                                                                                      (നിരീക്ഷണം)
May 12, 2015
കൈവെട്ടുകേസില്‍ വിധി പറഞ്ഞ കോടതിയുടെ ചില നിരീക്ഷണങ്ങള്‍ ഇങ്ങനെ: നൂറിലേറെ പേര്‍ പങ്കെടുത്ത യോഗത്തില്‍ കുറച്ചുപേര്‍ മാത്രം ചേര്‍ന്ന് പ്രത്യേക ഗൂഢാലോചന നടത്തിയെന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ല... കൈവെട്ടുകാര്‍ക്ക് വിവിധ മതവിഭാഗങ്ങള്‍ക്കിടയില്‍ സ്പര്‍ദ്ധയുണ്ടാക്കാന്‍ ലക്ഷ്യമുണ്ടായിരുന്നു, അത് സാധിച്ചു... പ്രതികളുടെ ലക്ഷ്യം അവരുടെ വിശ്വാസത്തിനെതിരെ പറയുന്നവര്‍ക്ക്, അത് വച്ചുപൊറുപ്പിക്കില്ലെന്ന് മുന്നറിയിപ്പുകൊടുക്കുകയായിരുന്നു... ഇതൊക്കെ ബോധ്യപ്പെട്ടെങ്കിലും 54 പ്രതികളില്‍ 31 പേരെ വിചാരണ ചെയ്ത് 18 പേരെ വെറുതെ വിട്ട് 13 പേരെയാണ് പ്രത്യേക കോടതി ശിക്ഷിച്ചത്. 10 പേര്‍ക്ക് എട്ടുവര്‍ഷം തടവും മൂന്നുപേര്‍ക്ക് രണ്ടുവര്‍ഷം തടവും!!! കൈ വെട്ടിയവര്‍ കൈകൊട്ടിയാണ് വിധി സ്വീകരിച്ചതെന്നതു കാണാതെ പോകരുതല്ലോ...
kaivettu-case-prathikale-jaഅത് ഒരു പ്രത്യേകതയാണെന്ന് തിരിച്ചറിയുന്നതും അങ്ങനെ ശ്രദ്ധേയമാകുന്നതും വാര്‍ത്തയാകുന്നതും പൊതുവില്‍നിന്നു വ്യത്യസ്തമായ സവിശേഷതകളുടെ അടിസ്ഥാനത്തിലാണല്ലൊ. വ്യക്തികളുടെയും വിഷയങ്ങളുടെയും സംഭവങ്ങളുടെയും കാര്യത്തില്‍ ഇതാണ് സ്ഥിതി. സവിശേഷത തന്നെ ഗുണവും ദോഷവും നന്മയും തിന്മയും എന്നിങ്ങനെ വെളിച്ചവും ഇരുട്ടുംപോലെ വിഭിന്നവിശേഷങ്ങളുടെ അടിസ്ഥാനത്തില്‍ വിശാലമാണ്. യാത്രക്കാരന്‍ മറന്നുവച്ച്, വണ്ടിയില്‍നിന്നു കിട്ടിയ ബാഗിലെ ലക്ഷം രൂപ പോലീസ് സ്റ്റേഷനില്‍ ഏല്‍പ്പിക്കുന്ന ഓട്ടോ റിക്ഷാ ഡ്രൈവര്‍ വാര്‍ത്തയില്‍ ശ്രദ്ധേയനാകുന്നതങ്ങനെയാണ്.
എല്‍എല്‍എം പരീക്ഷക്ക് കോപ്പിയടിക്കുന്ന ഐജി മറ്റ് പരീക്ഷാര്‍ത്ഥികളില്‍ നിന്ന് വാര്‍ത്താപാത്രമാകുന്നതങ്ങനെയാണ്. അതേസമയം, ബീഹാറിലെ കോപ്പിയടി വാര്‍ത്തയാകുന്നത്, ചിലര്‍മാത്രം ചെയ്യുന്ന കോപ്പിയടിയെന്ന പരീക്ഷാകൃത്രിമം സര്‍വരും സംഘടിതമായും പരസ്യമായും ചെയ്യുന്നുവെന്ന വിശേഷംകൊണ്ടാണ്. ഒരു മന്ത്രിക്കെതിരെ അഴിമതിയാരോപണം ഉയരുന്നതും വാര്‍ത്തയാകുന്നതും അത് മറ്റുമുഴുവന്‍ മന്ത്രിമാരും ചെയ്യാത്തതുകൊണ്ടാണ്, ചെയ്യാന്‍ പാടില്ലാത്തതായതുകൊണ്ടാണ്.
കഴിഞ്ഞയാഴ്ചയില്‍ ഇങ്ങനെ മുഖ്യവാര്‍ത്തയായി ശ്രദ്ധേയമായത് സംസ്ഥാന വിജിലന്‍സ് ആന്‍ഡ് ആന്റികറപ്ഷന്‍ ബ്യൂറോ വിഭാഗം തലവന്‍ വിന്‍സന്‍ എം.പോളിന്റെ പ്രസംഗവും പ്രസ്താവനയുമായിരുന്നു. പ്രസ്താവനയുടെയും പ്രസംഗത്തിന്റെയും രത്‌നച്ചുരുക്കമിങ്ങനെ:
1. സംസ്ഥാനത്ത് അഴിമതി വ്യാപകമായിരിക്കുന്നു.
2. മന്ത്രിമാര്‍ മാത്രമല്ല, ഉദ്യോഗസ്ഥരും രാഷ്ട്രീയനേതാക്കളും കുറ്റവാളികളും കൂട്ടുചേര്‍ന്ന അഴിമതികളാണ് നടക്കുന്നത്.
3. ഇത്തരം കേസുകളില്‍ ആയിരത്തിലേറെ എണ്ണം തീര്‍പ്പാകാതെ കിടക്കുന്നു.
4. അന്വേഷണ ഏജന്‍സികള്‍ പോലും സര്‍ക്കാര്‍ സമ്മര്‍ദ്ദത്തിനു വിധേയമാകുന്നു.
5. അഴിമതി അന്വേഷിക്കുന്ന ഏജന്‍സികള്‍ക്കു മുകളില്‍, ഉദ്യോഗസ്ഥരുടെ പദവിക്കുമേല്‍ എപ്പോള്‍ വേണമെങ്കിലും വീഴാവുന്ന സ്ഥിതിയില്‍ ഡെമോക്ലീസിന്റേതുപോലെ ഒരു വാള്‍ തൂങ്ങുന്നു. വിന്‍സന്‍ പോള്‍ മുമ്പും വാര്‍ത്തയില്‍ ഇടം നേടിയിട്ടുണ്ട്.
സത്യസന്ധനായ, സമര്‍ത്ഥനായ, സമ്മര്‍ദ്ദവിധേയനാകാത്ത ഉദ്യോഗസ്ഥന്‍ എന്നനിലയില്‍. ഇപ്പോള്‍ വിജിലന്‍സ് ഡയറക്ടര്‍ പറഞ്ഞത് അസാധാരണമായി പറയുന്ന കാര്യങ്ങളായതിനാല്‍ വാര്‍ത്തയായി. ചര്‍ച്ച ചെയ്യപ്പെട്ടു.
കാര്യങ്ങള്‍ തുറന്നുപറഞ്ഞ പോലീസ് ഉദ്യോഗസ്ഥരിലെ ഈ പ്രമുഖന്‍ സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കിയെന്നുവരെ വിശകലനങ്ങള്‍ വന്നു. സാധാരണ ഇങ്ങനെയൊക്കെ ഒരുദ്യോഗസ്ഥന്‍, അതും പോലീസ് സേനപോലെയുള്ള സുപ്രധാന വിഭാഗത്തിന്റെ തലപ്പത്തിരിക്കുന്നയാള്‍ പ്രസ്താവിച്ചാല്‍, അത് സര്‍ക്കാര്‍ ഗൗരവമായി കാണും, ഉദ്യോഗസ്ഥനോട് വിശദീകരണമാരായും, തൃപ്തികരമല്ലെങ്കില്‍ നടപടിയെടുക്കും.
പക്ഷേ, വിന്‍സന്‍ എം. പോള്‍ വിജിലന്‍സ് ഡയറക്ടറായി തുടരുകയാണ്. കവതിയെഴുതിയതിന് ഐജിയോട് വിശദീകരണം ചോദിച്ച, മേലുദ്യോഗസ്ഥരുടെ പീഡനങ്ങളെക്കുറിച്ച് പരാതിപ്പെട്ട പോലീസുകാരിക്കെതിരെ വിവിധതലത്തില്‍ നടപടിയെടുത്ത കേരളത്തിലെ സര്‍ക്കാരുകളുടെ ട്രാക്ക് റെക്കോര്‍ഡ് നോക്കുമ്പോള്‍ വിജിലന്‍സ് ഡയറക്ടര്‍ ആ പദവിയില്‍ ഇരിക്കുന്നത് തികച്ചും അതിശയമാണ്. അതിന്റെ രഹസ്യം അന്വേഷിക്കുമ്പോഴാണ് ഡയറക്ടറുടെ പ്രസംഗത്തെ, പ്രസ്താവനയെ സൂക്ഷ്മവിശകലനത്തിനു വിധേയമാക്കേണ്ടിവരുന്നത്.
ഒട്ടേറെ ഗോലിയാത്തുകളെ വീഴ്ത്താനുതകുന്ന പയറ്റാണ്, ബിജു രമേശ് എന്ന ഒരു വ്യവസായി, ദാവൂദിനെപ്പോലെ ധനമന്ത്രി കെ.എം. മാണിക്കെതിരെ, തുടങ്ങിവച്ചത്. അത് ഫലംകണ്ടു. പ്രതിപക്ഷനേതാവിനുപോലും പറ്റാത്തത്ര, ആഘാതമാണ് പലരുടേയും ഭാഷയില്‍ ‘ബാര്‍മുതലാളി’യായ അല്ലെങ്കില്‍ ‘കള്ളുകച്ചവട’ക്കാരനായ ഒരു വ്യക്തിയുടെ ആരോപണം ഉണ്ടാക്കിയിരിക്കുന്നത്. ഇന്ന് അന്വേഷണത്തിന്റെ തലത്തില്‍ എത്തിനില്‍ക്കുമ്പോള്‍, സര്‍ക്കാരില്‍ മുഖ്യമന്ത്രിവരെ ആരോപണവിധേയരായി വിഷമിക്കുമ്പോള്‍, വിജിലന്‍സ് ഡയറക്ടര്‍ ഇങ്ങനെയൊരു വിശദീകരണം, അല്ലെങ്കില്‍ വിശകലനം നടത്തിയത് എരിതീയില്‍ എണ്ണയൊഴിക്കലോ, പുരക്ക് തീ പിടിച്ചപ്പോള്‍ വാഴവെട്ടലോ ഒക്കെയല്ലേ എന്ന് സംശയിക്കണമായിരുന്നു.
പക്ഷേ, എന്തുകൊണ്ട് സര്‍ക്കാരോ ഭരണകക്ഷിയോ അവരുടെ ‘കോളാമ്പിക’ളോ വിന്‍സന്‍ പോളിനെതിരെ ആക്രോശിച്ചില്ല. അവിടെയാണ് ആ പ്രസ്താവന അഴിമതിക്കാര്‍ക്കെങ്ങനെ സഹായകമായി എന്ന് തിരിച്ചറിയാനുള്ള പാസ്‌വേഡ്. വാസ്തവത്തില്‍ വിജിലന്‍സ് ഡയറക്ടര്‍ അഴിമതിക്കാര്‍ക്കെല്ലാം രക്ഷയായി പ്രസ്താവനയിലൂടെ മതില്‍ കെട്ടുകയായിരുന്നുവെന്നതാണ് വാസ്തവം.
പ്രസ്താവനകളിലേക്ക് ഒന്നു വീണ്ടും കണ്ണോടിച്ചാല്‍ കൂടുതല്‍ വ്യക്തമാകും. അത് പരോക്ഷമായി സ്ഥാപിക്കുന്നത് ഇവയാണ്.
1. അഴിമതി സംസ്ഥാനത്ത് വ്യാപകമായി. അതായത് ഒരു മുഖ്യമന്ത്രി, അല്ലെങ്കില്‍ ഒരുദ്യോഗസ്ഥന്‍ മാത്രമല്ല അഴിമതിക്കാരന്‍. അവര്‍ സംസ്ഥാനമാകെയുണ്ട് എന്നര്‍ത്ഥം. അപ്പോള്‍ ഒരാളെ മാത്രം പഴിക്കുന്നതില്‍ അര്‍ത്ഥമില്ല.
2. ഉദ്യോഗസ്ഥര്‍-ക്രിമിനലുകള്‍-രാഷ്ട്രീയക്കാര്‍ തമ്മിലുള്ള കൂട്ടുകെട്ട് ദൃഢമാണ്. എന്നുവെച്ചാല്‍ മേല്‍പ്പറഞ്ഞ വിഭാഗത്തില്‍ ആരുമില്ല പാപം ചെയ്യാത്തവരായി, അതിനാല്‍ കല്ലേറു നിര്‍ത്തിക്കൊള്ളുകയെന്നും ധ്വനിയുണ്ട്. വിജിലന്‍സ് ഡയറക്ടര്‍ കുറ്റപ്പെടുത്തിയ വിഭാഗത്തില്‍ പ്രതികരിച്ചോ എന്നു നോക്കുക. ഇല്ല. അതായത് ഡയറക്ടര്‍ എറിഞ്ഞ കല്ല് കൊള്ളേണ്ടിടത്ത് തന്നെ കൊണ്ടു.
3. ഇത്തരത്തില്‍ 1200 ല്‍ ഏറെക്കേസുകള്‍ കെട്ടിക്കിടക്കുന്നു. വെറുതെ പറയുന്നതല്ല കണക്കുകൈയിലുണ്ടെന്നര്‍ത്ഥം. അതില്‍ ആരുടെയൊക്കെ, ആരൊക്കെ പ്രതികളായ കേസുണ്ടെന്ന് സ്വയം ഓര്‍ത്തുകൊള്ളൂ എന്ന താക്കീതിന്റെ ശബ്ദമുണ്ട്. കോടതികള്‍ മെല്ലെപ്പോക്കാണെന്നും മുന്നറിയിപ്പുണ്ട്.
4. അന്വേഷണ ഏജന്‍സികള്‍ സര്‍ക്കാരുകളുടെ സമ്മര്‍ദ്ദത്തിനു വിധേയമാകുന്നു- സര്‍ക്കാരുകള്‍ എന്നാല്‍ ഈ സര്‍ക്കാര്‍ മാത്രമല്ല മുന്‍ സര്‍ക്കാരുകളും എന്നാണര്‍ത്ഥം. പൂര്‍വകാല കഥകള്‍ പുറത്തുവിടുമെന്ന ഭീഷണിയാണതിനു പിന്നില്‍. ഇത് ഒന്നു വിശകലനം ചെയ്യുക, വിജിലന്‍സ് ഡയറക്ടര്‍ക്ക് സ്വയം ഉള്‍വിളി തോന്നിപ്പറഞ്ഞതാണോ അതൊക്കെ, അതോ പറയിച്ചതോ. ഒരുതരത്തില്‍ നാവുവെട്ടലാണിത്, ഔദ്യോഗികമായി നാവുമുറിക്കുന്ന രീതി.
രണ്ടുപതിറ്റാണ്ടുമുമ്പ് കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച എന്‍.എന്‍.വോറ കമ്മീഷന്റെ റിപ്പോര്‍ട്ടുവന്നു, രാഷ്ട്രീയക്കാരും ക്രിമിനലുകളും ഉദ്യോഗസ്ഥരും തമ്മിലുള്ള അവിഹിത കൂട്ടുകച്ചവടത്തിനെതിരെ. എസ്.ബി. ചവാനായായിരുന്ന അന്ന് ആഭ്യന്തരമന്ത്രി, നരസിംഹറാവു പ്രധാനമന്ത്രിയും, കോണ്‍ഗ്രസ് ഭരണവും.
റിപ്പോര്‍ട്ടില്‍ ഓരോ സംസ്ഥാനത്തെയും കുറിച്ചുവരെ വിശകലനമുണ്ട്; കേരളത്തെക്കുറിച്ചും. വിന്‍സന്‍ പോള്‍ പറഞ്ഞത് പുതിയ കാര്യമല്ലെന്ന് ആ റിപ്പോര്‍ട്ടു വായിച്ചാല്‍ മനസിലാകും. പിന്നെ എന്തിനിപ്പോള്‍ പറഞ്ഞു. വോറ കമ്മീഷനും മുമ്പ് എത്രയോ പതിറ്റാണ്ടുമുമ്പ്, പ്രധാനമന്ത്രിയായിരിക്കെ തനിക്കെതിരെ അഴിമതിയാക്ഷേപങ്ങള്‍ ഉയര്‍ന്നപ്പോള്‍ ഇന്ദിരാഗാന്ധി പറഞ്ഞു, അഴിമതി ആഗോളപ്രതിഭാസമാണെന്നും എന്നെ മാത്രം പഴിക്കേണ്ടെന്നും. അപ്പോള്‍ പിന്നെ വിജിലന്‍സ് ഡയറക്ടറുടെ ഇപ്പോഴത്തെ സാമാന്യവല്‍ക്കരണത്തിനു പിന്നിലെന്താണ് ലക്ഷ്യം.
ഉദ്ദേശ്യം സുവ്യക്തം- അഴിമതിയെക്കുറിച്ച് ആരും മിണ്ടരുത്. മാത്രമല്ല, അതത്ര വലിയ കാര്യമൊന്നുമല്ല, സ്വാഭാവികമായ ഭരണക്രമം എന്ന സന്ദേശം പ്രചരിപ്പിക്കല്‍ അതിനു പിന്നിലുണ്ട്.
നരസിംഹറാവു പ്രധാനമന്ത്രിയായിരിക്കെ കോണ്‍ഗ്രസ് പാര്‍ട്ടിയും സര്‍ക്കാരും അഴിമതിയാരോപണങ്ങളുടെ പഞ്ചാഗ്നിമധ്യത്തിലായപ്പോഴാണ് ജെയിന്‍ ഹവാലാ കേസ് ഡയറി പുറത്തു വന്നത്. അന്നത്തെ പ്രതിപക്ഷനേതാവ് എല്‍.കെ. അദ്വാനിയെ വരെ പ്രതിയാക്കിക്കൊണ്ടായിരുന്നു കേസ്.
കോണ്‍ഗ്രസില്‍ തനിക്ക് എതിരാളിയാകാനിടയുള്ളവരുടെ പേരും ഉള്‍പ്പെടുത്തിയാണ് റാവു ഡയറിയിലെ വിവിരങ്ങള്‍ എന്ന പേരില്‍ പുറത്തുവിട്ടത്. അദ്വാനി ആരോപണത്തിനു പിന്നാലെ പ്രതിപക്ഷ നേതൃസ്ഥാനം രാജിവെച്ചു, കേസ് നടത്തി വിജയിച്ചു, അതുകൊണ്ട് മറ്റു കോണ്‍ഗ്രസുകാര്‍ കൂടി രക്ഷപ്പെട്ടു. ഇന്ദിരയും റാവുവും സൃഷ്ടിച്ച മാതൃക അനുസരിക്കുകയല്ലെ ഉമ്മന്‍ചാണ്ടി, അതിന് വിന്‍സന്‍ എം. പോള്‍ ഒത്താശ ചെയ്യുകയല്ലെ ഈ പ്രസ്താവനയിലൂടെ. അങ്ങനെ നിരീക്ഷിക്കുന്നതിലല്ലേ ശരിക്കൂടുതല്‍. അല്ലെങ്കില്‍ എന്തുകൊണ്ട് അടച്ചാക്ഷേപിച്ചിട്ടും ആരോപിച്ചിട്ടും രാഷ്ട്രീയക്കാരോ ഉദ്യോഗസ്ഥരോ നീതിന്യായ നടത്തിപ്പു സംവിധാനമോ, എന്തിന് ക്രിമിനലുകള്‍ പോലുമോ വിജിലന്‍സ് ഡയറക്ടറോടു പ്രതികരിച്ചില്ല.
ജെയിന്‍ ഹവാല ഡയറിക്കേസില്‍ തന്റെ പേരില്‍ ഉയര്‍ന്ന ആരോപണത്തിന്റെ നിജസ്ഥിതി വ്യക്തമായി, താന്‍ കുറ്റവിമുക്തനാണെന്നു തെളിയാതെ ഇനി പാര്‍ലമെന്റില്‍ പ്രവേശിക്കില്ലെന്ന് ദൃഢപ്രതിജ്ഞയെടുത്ത ലാല്‍ കൃഷ്ണ അദ്വാനിയുടെ മാതൃക പിന്തുടരാന്‍ ആരോപണവിധേയരായ കേരളത്തിലെ എത്ര രാഷ്ട്രീയക്കാര്‍ തയ്യാറാകും? അതിന് ഇമ്മിണി പുളിക്കും.
തനിയമം നടപ്പാക്കി മലാലയെ വധിക്കാന്‍ കേസില്‍ പാക്കിസ്ഥാന്‍ കോടതി പാക് താലിബാനികള്‍ക്ക് ജീവപര്യന്തം ശിക്ഷവിധിച്ച് മാതൃകയായി. മതനിന്ദയുടെ പേരില്‍ മതകോടതി തീരുമാനം നടപ്പാക്കി പ്രൊഫസറുടെ കൈ വെട്ടിക്കളഞ്ഞ കേസില്‍ പ്രതികള്‍ക്ക് ഭാരതത്തിലെ, കേരളത്തിലെ, കോടതി പത്ത് വര്‍ഷംവരെ ശിക്ഷവിധിച്ച് മാതൃക കാട്ടി.  സല്‍മാന്‍ ഖാനെന്ന പ്രശസ്ത സിനിമാതാരം മദ്യപിച്ച് ലക്കുകെട്ട് വണ്ടിയോടിച്ച്, വഴിയോരത്ത് ഉറങ്ങേണ്ടിവന്ന സാധാരണക്കാരന്റെ മേല്‍കയറ്റി കൊലപ്പെടുത്തി. ഈ കേസില്‍, 13 വര്‍ഷത്തിനുശേഷം, അഞ്ചുവര്‍ഷം തടവിന് മുംബൈയിലെ കോടതി സല്‍മാനെ ശിക്ഷിച്ചു. രണ്ടുദിവസം ജാമ്യം അനുവദിച്ചു, മൂന്നുനാള്‍ കേസ് മരവിപ്പിച്ചു.
ഒരു ദിവസം പോലും ജയിലഴിയില്‍ പിടിക്കാന്‍ ഇടവരാതെ രക്ഷപ്പെട്ടു. തൃശൂരില്‍ കോണ്‍ഗ്രസ് നേതാവിനെ കൊലപ്പെടുത്തിയ കേസില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചു. ‘ശിക്ഷകള്‍ മനഃപരിവര്‍ത്തനത്തിനാകണം,’ ‘ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധിയും ശിക്ഷിക്കപ്പെടരുത്,’ ‘നിയമം നിയമത്തിന്റെ വഴിക്കുപോകും,’ ‘കോടതിയെ ചോദ്യം ചെയ്യരുത്’ തുടങ്ങിയ ഒട്ടേറെ ആപ്തവാക്യങ്ങള്‍ നമുക്കുള്ളത് കാലോചിതമായി വിചിന്തനം ചെയ്ത് പരിഷ്‌കരിക്കേണ്ടതുണ്ടോ. ചര്‍ച്ച ചെയ്യണം; പ്രത്യേകിച്ച് ഭരണഘടനയുടെ  100-ാം ഭേദഗതിവരെ കഴിഞ്ഞ ദിവസം പാര്‍ലമെന്റ് പാസ്സാക്കിയ പശ്ചാത്തലത്തില്‍.
കൈവെട്ടുകേസില്‍ വിധി പറഞ്ഞ കോടതിയുടെ ചില നിരീക്ഷണങ്ങള്‍ ഇങ്ങനെ: നൂറിലേറെ പേര്‍ പങ്കെടുത്ത യോഗത്തില്‍ കുറച്ചുപേര്‍ മാത്രം ചേര്‍ന്ന് പ്രത്യേക ഗൂഢാലോചന നടത്തിയെന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ല… കൈവെട്ടുകാര്‍ക്ക് വിവിധ മതവിഭാഗങ്ങള്‍ക്കിടയില്‍ സ്പര്‍ദ്ധയുണ്ടാക്കാന്‍ ലക്ഷ്യമുണ്ടായിരുന്നു, അത് സാധിച്ചു… പ്രതികളുടെ ലക്ഷ്യം അവരുടെ വിശ്വാസത്തിനെതിരെ പറയുന്നവര്‍ക്ക്, അത് വച്ചുപൊറുപ്പിക്കില്ലെന്ന് മുന്നറിയിപ്പുകൊടുക്കുകയായിരുന്നു… ഇതൊക്കെ ബോധ്യപ്പെട്ടെങ്കിലും 54 പ്രതികളില്‍ 31 പേരെ വിചാരണ  ചെയ്ത് 18 പേരെ വെറുതെ വിട്ട് 13 പേരെയാണ് പ്രത്യേക കോടതി ശിക്ഷിച്ചത്. 10 പേര്‍ക്ക് എട്ടുവര്‍ഷം തടവും മൂന്നുപേര്‍ക്ക് രണ്ടുവര്‍ഷം തടവും!!! കൈ വെട്ടിയവര്‍ കൈകൊട്ടിയാണ് വിധി സ്വീകരിച്ചതെന്നതു കാണാതെ പോകരുതല്ലോ…
പിന്‍കുറിപ്പ്: നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നത് മുന്‍ സര്‍ക്കാരിന്റെ കാലത്തെ അഴിമതി ഭരണത്തിനെതിരെ വോട്ടുനേടിയാണ്. വര്‍ഷം ഒന്നു തികയാന്‍ പോകുന്ന സാഹചര്യത്തില്‍ സര്‍ക്കാരിനെ വിലയിരുത്തുന്നതില്‍ മുഖ്യ അജണ്ട അതാകണ്ടെ?അപ്പോള്‍, വിശകലനക്കാരും വിമര്‍ശകരും എണ്ണിപ്പറഞ്ഞുകൊള്ളുക, മോദി സര്‍ക്കാരിന്റെ ഒരു വര്‍ഷഭരണകാലത്തു നടന്ന അഴിമതികള്‍ ഏതൊക്കെ. കേന്ദ്രത്തില്‍ ഒന്നും കണ്ണില്‍പ്പെട്ടില്ലെങ്കില്‍ കുറച്ചുകൂടി വിശാലമായ കാന്‍വാസ് ആകട്ടെ, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്കെതിരെ പേരിനെങ്കിലും ഒരു അഴിമതി ആരോപണം ചൂണ്ടിക്കാട്ടാന്‍ പറ്റുമോ?

No comments:

Post a Comment