Tuesday, June 16, 2015

മോദി ഇഫക്ട് കേരളത്തിലും പ്രകടം

മോദി ഇഫക്ട് കേരളത്തിലും പ്രകടം 
കാവാലം ശശികുമാര്‍
June 9, 2015 

ഒരു സ്വിച്ചിട്ട് മുറിയിലാകെ പ്രകാശം പരത്തുന്ന ലൈറ്റ് തെളിയിക്കുന്നതുപോലെ, ഒന്നിലേറെപ്പേര്‍ ചെയ്യേണ്ട ഒരു കാര്യം നടപ്പാക്കാന്‍ എളുപ്പമല്ല. ഒരു വീട്ടിലെ അംഗങ്ങളെക്കൊണ്ടെല്ലാം പോലും നിര്‍ബന്ധിച്ചുള്ള ഉത്തരവിലൂടെയോ നിര്‍ബന്ധത്തിലൂടെയോ നിര്‍ദ്ദേശിച്ചാലും പൂര്‍ണ്ണ മനസ്സോടെ ഒരു കാര്യം ചെയ്യിക്കാന്‍ എത്ര സമര്‍ത്ഥനായ ഗൃഹനാഥനും സാധിക്കില്ല. അതാണു സാങ്കേതികതയും മാനസികാവസ്ഥയും തമ്മിലുള്ള പല വ്യത്യാസങ്ങളിലൊന്ന്. അതുകൊണ്ടാണ് ഒന്നും ഒന്നും കൂടി ചേര്‍ന്നാല്‍ കണക്കില്‍ രണ്ടാകുന്നതും വൈക്കം മുഹമ്മദ് ബഷീറിന്റെ കഥാപാത്രമായ മജീദിന് ‘ഇമ്മിണി ബല്യ ഒന്നാ’കുന്നതും. നിര്‍ബന്ധിച്ച്, ഉത്തരവുകൊണ്ട് സമ്പൂര്‍ണ്ണമനസ്സോടെ ഒരു കാര്യവും സാധിപ്പിക്കാന്‍ ഭരണാധികാരികള്‍ക്കും സാധ്യമല്ല. ഏകാധിപത്യ-സ്വേച്ഛാധിപത്യ ഭരണാധിപനു സാധിക്കില്ല, പിന്നെയല്ലേ ജനാധിപത്യ സംവിധാനത്തില്‍. അതിനുത്തമ ഉദാഹരണമാണ് ഈ ജൂണ്‍ മാസം 25-ന് അര്‍ദ്ധരാത്രിയില്‍ 40 വര്‍ഷം തികയുന്ന അടിയന്തരാവസ്ഥ പ്രഖ്യാപനം. സ്വേച്ഛാധിപത്യം തലയ്ക്കു പിടിച്ച, ഏകാധിപത്യം സമ്പ്രദായ ശീലമാക്കിയ, കോണ്‍ഗ്രസ് നേതാവ് ഇന്ദിരാഗാന്ധി തന്റെ പ്രധാനമന്ത്രിക്കസേര എന്നന്നേക്കുമായി നഷ്ടപ്പെടുമെന്ന് ഉറപ്പായപ്പോള്‍ പ്രഖ്യാപിച്ച കിരാതമായ മാര്‍ഗ്ഗത്തിലൂടെ നടപ്പാക്കിയ ആ അടിയന്തരാവസ്ഥക്കാലത്തും ഒരു കാര്യവും സമ്പൂര്‍ണ്ണ ജനതയും പൂര്‍ണ്ണമനസ്സോടെ ചെയ്തില്ല; പേടിപ്പിച്ചിട്ടും പീഡിപ്പിച്ചിട്ടും പോലും. ഭാരതത്തില്‍ മാത്രമല്ല, ഏതുരാജ്യത്തും ഏകാധിപത്യ പ്രവണതകളോടും നടപടികളോടും ഇതുതന്നെയായിരുന്നു നിലപാടെന്ന് ചരിത്രം പറയുന്നു. പക്ഷേ, നിര്‍ബന്ധിക്കാതെ, നിയന്ത്രിക്കാതെ മുന്നോട്ടു വെക്കുന്ന നിര്‍ദ്ദേശങ്ങള്‍ക്കു സ്വീകാര്യത കിട്ടാറുണ്ട്. അതും നേരത്തേ പറഞ്ഞതുപോലെ സമ്പൂര്‍ണ്ണ ജനങ്ങളും ഒറ്റദിവസംകൊണ്ട് സ്വീകരിച്ചുവെന്നുവരില്ല. നിര്‍ദ്ദേശിക്കുന്നവര്‍ക്ക് അങ്ങനെയൊരു നിര്‍ബന്ധമുണ്ടാവാനിടയില്ലാതാനും. നിര്‍ബന്ധങ്ങളില്ലാത്ത ഈ സ്വീകാര്യതയ്ക്ക് അടിത്തറബലം കൂടും. ആഴമുള്ളതും ആരൂഢമുള്ളതുമാകുമ്പോള്‍ അതു ദീര്‍ഘകാലം നിലനില്‍ക്കുകയും കൂടുതല്‍കാലം കൂടുതല്‍ ഇടങ്ങളിലേക്കു വ്യാപിക്കുകയും ചെയ്യും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണ പ്രവര്‍ത്തനങ്ങളും രീതികളും ജനതയെ സ്വാധീനിക്കുന്നതെങ്ങനെയെന്ന ചെറു ചിന്തകളാണ് ഇങ്ങനെ കുറിപ്പിച്ചത്. മോദിവന്നാല്‍ ഹിന്ദുരാഷ്ട്രമുണ്ടാക്കും, ന്യൂനപക്ഷങ്ങള്‍ക്ക് ഭാരതം വിടേണ്ടിവരും. രാജ്യം മുഴുവന്‍ വര്‍ഗ്ഗീയ കലാപങ്ങളുണ്ടാകും, ഗുജറാത്തു സംഭവങ്ങള്‍ രാജ്യവ്യാപകമായി ആവര്‍ത്തിക്കപ്പെടുമെന്നെല്ലാമായിരുന്നു തെരഞ്ഞെടുപ്പുകാലത്തെ എതിര്‍ കക്ഷികളുടെ പ്രചാരണം. പക്ഷേ, സര്‍ക്കാര്‍ ഒരു വര്‍ഷം തികച്ചപ്പോള്‍ ഇപ്പറഞ്ഞ ഒരു കാര്യങ്ങളിലും എന്താണു സ്ഥിതിവിശേഷം, മുമ്പത്തേതില്‍നിന്ന് എന്താണ് മാറ്റം വന്നിരിക്കുന്നതെന്ന് ഒരു റിപ്പോര്‍ട്ടു കാര്‍ഡ് തയ്യാറാക്കാന്‍ അന്നത്തെ ഒരു കുപ്രചാരകന്മാരാരും മുതിര്‍ന്നില്ല. എത്ര ന്യൂനപക്ഷങ്ങള്‍ ഭാരതം വിട്ടു? ഹിന്ദുരാഷ്ട്ര പ്രഖ്യാപനം ഉണ്ടായോ? എത്ര വര്‍ഗ്ഗീയ കലാപങ്ങള്‍ രാജ്യത്തുണ്ടായി? അങ്ങനെ വിലയിരുത്തുമ്പോഴല്ലെ പ്രവചനങ്ങള്‍ ശരിയായി എന്നു സ്ഥാപിക്കാനാവൂ. അതുണ്ടായില്ല, അതുചെയ്യാന്‍ വിമര്‍ശകര്‍ക്കു താല്‍പര്യവുമില്ല. അതേ സമയം നരേന്ദ്ര മോദിക്ക് പറയാനേറെയുണ്ട്, താന്‍ തെരഞ്ഞെടുപ്പിനു മുമ്പ് നല്‍കിയ വാഗ്ദാനങ്ങള്‍ എത്രയൊക്കെ നടപ്പാക്കിയെന്ന് അക്കമിട്ടു നിരത്തുന്നുണ്ട്, ഓരോരോ വകുപ്പുതിരിച്ച്. ഒരു സര്‍ക്കാരിന്റെ ആദ്യവര്‍ഷത്തിലെ നേട്ടവും പ്രവര്‍ത്തനവും നിഷ്പക്ഷരാഷ്ട്രീയത്തോടെ വിലയിരുത്തുന്നവര്‍ അവ വലിയ നേട്ടംതന്നെയെന്നു സമ്മതിക്കുന്നുമുണ്ട്. നിര്‍ബന്ധങ്ങളില്ലാതെ സ്വാധീനിക്കപ്പെടുന്നതിലെ പ്രാധാന്യം പറഞ്ഞുവല്ലോ. കേരളത്തില്‍ സംഭവിച്ച അത്തരം ചില സ്വാധീനങ്ങളെക്കുറിച്ചു പറയാം: കേരളത്തിലെ നരേന്ദ്ര മോദി ഇഫക്ടുകള്‍. ഒരു ഭരണാധികാരി എങ്ങനെയാണ് ജനങ്ങളെ, മറ്റു ജനനായകരെ സ്വാധീനിക്കുന്നത് എന്നത് പ്രവര്‍ത്തനങ്ങളിലൂടെ വേണം മനസിലാക്കാന്‍. കേന്ദ്ര സര്‍ക്കാരിന്റെ ശുചിത്വ ഭാരതം പദ്ധതി കേരളത്തിലെ പ്രതിപക്ഷ കക്ഷിയെ സ്വാധീനിച്ചിട്ടില്ലെന്നു പറയാമോ. അവര്‍ കേരള ശുചിത്വ പരിപാടി തട്ടിക്കൂട്ടിയത് മഴ വരുന്നതിനും പഞ്ചായത്ത് തെരഞ്ഞെടുപ്പു വരുന്നതിനും മുന്നോടിയായി മാത്രമാണോ? എങ്കില്‍ എന്തുകൊണ്ട് ശുചീകരണ യജ്ഞം പദ്ധതിയായി തിരഞ്ഞെടുത്തു? പിണറായി വിജയനെ അടുത്ത സംസ്ഥാന മുഖ്യമന്ത്രിയായി പ്രഖ്യാപിച്ച് പ്രചാരണം നടത്താന്‍ സോഷ്യല്‍ മീഡിയകളെ വിനിയോഗിക്കാന്‍ തീരുമാനിച്ചത് മോദിയുടെ തെരഞ്ഞെടുപ്പു പരിപാടിയും സര്‍ക്കാരിന്റെ സമാന്തര മാധ്യമങ്ങള്‍ വഴിയുള്ള പ്രചാരണ പരിപാടികളും മാതൃകയാക്കിയല്ലെന്നു പറയാനാവുമോ? കമ്പ്യൂട്ടര്‍വല്‍കരണത്തെയും യന്ത്രവല്‍കരണത്തെയും എതിര്‍ത്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കളും പ്രസ്ഥാനങ്ങളും ഫേസ്ബുക്കിലും ട്വിറ്ററിലും വഴി പ്രചാരണങ്ങള്‍ ദിനചര്യയാക്കുമ്പോള്‍ അതു സ്വാധീനം കൊണ്ടാണെന്നു സമ്മതിക്കാന്‍ അവര്‍ തയ്യാറായില്ലെങ്കിലും തിരിച്ചറിയാന്‍ നമ്മള്‍ തയ്യാറാകണം. മോദി ഇഫക്ട് എന്ന് ഇവയെ വിളിച്ചാല്‍ തെറ്റാകുമോ? സംസ്ഥാനത്തെ ഇപ്പോഴത്തെ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ഏറെ നാള്‍ പാമൊലിന്‍ കേസില്‍ കുടുങ്ങിക്കിടന്നു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ വെളിപ്പെടുത്തല്‍ പ്രകാരം, കുറ്റക്കാരനേ അല്ലെന്ന് പ്രഖ്യാപിക്കപ്പെട്ട്, ചുമതലയേറ്റ സംസ്ഥാന ചീഫ് സെക്രട്ടറി, രാഷ്ട്രീയക്കാര്‍ ചെയ്യുന്ന ദുഷ്പ്രവൃത്തിക്ക് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ശിക്ഷിക്കപ്പെടുന്നുവെന്ന് മാധ്യമങ്ങള്‍ക്കു മുന്നില്‍ പറയാതെ പറഞ്ഞത് അബദ്ധത്തില്‍ സംഭവിച്ചതൊന്നുമല്ല. ബോധത്തോടെ, ആലോചിച്ചുറച്ചു പറഞ്ഞതാണ്. അതിനു പിന്നില്‍ മോദി ഇഫക്ട് ഉണ്ട്. സുധീരനായ ഒരു പ്രധാനമന്ത്രി, രാജ്യ ചരിത്രത്തില്‍ ഇതാദ്യമായി, രാജ്യത്തെ ഐഎഎസ് ഉദ്യോഗസ്ഥരോട് ഇങ്ങനെ പറഞ്ഞു: ‘നിങ്ങള്‍ക്കു ശരിയെന്നു തോന്നുന്നതു ചെയ്യുക. നിങ്ങള്‍ക്കു രേഖാമൂലം നല്‍കുന്ന ഉത്തരവുകള്‍ മാത്രം അനുസരിക്കുക, നിങ്ങള്‍ക്കൊപ്പം ഞാനുണ്ട്.’ രാജ്യത്തെ മുഴുവന്‍ ഐഎഎസ് ഉദ്യോഗസ്ഥരുടെയും അന്തസ്സുയര്‍ത്തുകയും ഉത്തരവാദിത്ത ബോധം വര്‍ദ്ധിപ്പിക്കുകയും ചെയ്ത ആ പ്രഖ്യാപനം നിശ്ചയമായും ജിജി തോംസണ്‍ എന്ന ഐഎഎസു കാരനെ സ്വാധീനിച്ചിരിക്കുന്നു. അത് മോദി ഇഫക്ട് അല്ലെന്നു പറയാനാവുമോ? സംസ്ഥാനത്തെ കാലഹരണപ്പെട്ട പല ഭരണ ചട്ടങ്ങളും നിയമങ്ങളും ഉണ്ട്, അവ മാറ്റേണ്ടതുണ്ട്, അതിന് വിവിധ വകുപ്പുകളോട് റിപ്പോര്‍ട്ടു സമര്‍പ്പിക്കാനാവശ്യപ്പെട്ടിരിക്കുകയാണെന്ന് സംസ്ഥാന ചീഫ് സെക്രട്ടറി പ്രസ്താവിച്ചു. പാമോലിന്‍ കേസിലെ പ്രസ്താവനയുടെ പേരില്‍ ചീഫ് സെക്രട്ടറിക്കെതിരേ മന്ത്രിസഭാ യോഗത്തില്‍ ചീറ്റുകയും സെന്‍ഷര്‍ ചെയ്യുകയും ചെയ്തുവെന്ന് പറയപ്പെടുന്ന മന്ത്രിമാരാരും ഈ പ്രഖ്യാപനത്തെക്കുറിച്ച് പ്രതികരിച്ചില്ല. അതായത്, ഈ തീരുമാനം വിവിധ വകുപ്പുകളുടെ ഭരണ മേല്‍നോട്ടം വഹിക്കുന്ന മന്ത്രിമാര്‍ക്കറിയാമെന്നര്‍ത്ഥം. ഇങ്ങനെയൊരു തീരുമാനം ആദ്യമെടുത്തത്, ‘കാലഹരണപ്പെട്ട നൂറുകണക്കിന് ചട്ടങ്ങളും നിയമങ്ങളും റദ്ദാക്കാന്‍ പോകുന്നു’വെന്ന് ആദ്യം പ്രഖ്യാപിച്ചത് ആരാണ്? പ്രധാനമന്ത്രി നരേന്ദ്ര മോദി. അപ്പോള്‍, സംസ്ഥാന സര്‍ക്കാര്‍’ ഇങ്ങനെയൊരു തീരുമാനം എടുത്തത് മോദി ഇഫക്ടുകൊണ്ടല്ലേ? നല്ല സ്വാധീനം നല്ലതിനാണ്, അതു മാറ്റം കൊണ്ടുവരും. പക്ഷേ, നല്ലതു പറഞ്ഞു തരുന്നവര്‍ക്കു നന്മ നേര്‍ന്നില്ലെങ്കിലും അവരെ തള്ളിപ്പറയരുത്, അതാണു മര്യാദ. ഇനി സംസ്ഥാന പോലീസ് തലപ്പത്തെ കാര്യം നോക്കാം. ‘ആനവാല്‍ മോതിരം’ സിനിമയിലെ സാദാ പോലീസിന്റെപോലുള്ള ധൈര്യമായി ഇതിനെ കാണുന്നവരുണ്ടാകാം. പക്ഷേ, അതല്ല. കാര്യമറിഞ്ഞും കാര്യങ്ങള്‍ മാറുന്നതറിഞ്ഞുമുള്ള കണിശക്കാരന്റെ കണക്കുകൂട്ടിയുള്ളതാണ് പുതിയ ക്രമസമാധാന ഡിജിപിയായ ടി. പി. സെന്‍ കുമാറിന്റെ നയ നിലപാടുകള്‍. പോലീസ് എങ്ങനെ കളിപ്പാട്ടം മാത്രമല്ലാതാകുമെന്നും കിളിക്കൂടുകള്‍ക്കുള്ളിലൊതുങ്ങില്ലെന്നും തെളിയിക്കുന്ന നിലപാടുകള്‍. അതിനു പിന്നിലുമുണ്ട് മോദി ഇഫക്ട്. സിബിഐ കൂട്ടില്‍ കിടക്കുന്ന തത്തയല്ലെന്ന് ആ സ്വതന്ത്ര ഏജന്‍സിക്കു തോന്നിത്തുടങ്ങിയതിന്റെ തെളിവുകളാണല്ലോ മനോജ് വധക്കേസില്‍ സിപിഎം നേതാവ് പി. ജയരാജനെ രാഷ്ട്രീയ ഗൂഢാലോചനക്കേസില്‍ ചോദ്യം ചെയ്തത്, കേരളത്തിന്റെ ചരിത്രത്തിലാദ്യമായാണ് കേസന്വേഷണ ചരിത്രത്തിലെ വഴിത്തിരിവ്. സിബിഐ കളമശ്ശേരി-കടകംപള്ളി ഭൂമിയിടപാടു കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാനെയും കൂട്ടരേയും പിടികൂടിയതും ചില സദ്ഭരണത്തിന്റെ സൂചനകളാണല്ലോ. അതെങ്ങനെ കേരള പോലീസിലെ ഐപിഎസ് ഉദ്യോഗസ്ഥര്‍ക്ക് ഉശിരേകാതിരിക്കും. ഇത് മോദി ഇഫക്ട് പ്രത്യക്ഷമാക്കുകയല്ലേ? പ്രധാനമന്ത്രിയുടെ ജന്‍ധന്‍ യോജന പദ്ധതി വന്നപ്പോള്‍ ബാങ്കുകളില്‍ അക്കൗണ്ട് എടുക്കാന്‍ ചെന്നവരെ ബാങ്കു ജീവനക്കാരുടെ യൂണിയന്‍ നേതാക്കള്‍ മടക്കി അയച്ചു. വെറും തട്ടിപ്പാണെന്നു വിശദീകരിച്ചു. ഇവരില്‍ യൂണിയനുകള്‍ ഇടതുചായ്‌വുള്ളവരുടേതും ജീവനക്കാര്‍ കാവിവിരുദ്ധ രാഷ്ട്രീയ മനസുള്ളവരുമായിരുന്നു. അതിന്റെ രാഷ്ട്രീയ നേട്ടം മോദി സര്‍ക്കാരിനും ബിജെപിക്കും കിട്ടുമെന്ന കാരണത്താല്‍. ഇപ്പോള്‍, തുടര്‍ പദ്ധതിയായി പെന്‍ഷന്‍-ഇന്‍ഷുറന്‍സ് പദ്ധതികള്‍ വന്നപ്പോള്‍ ബാങ്കുകള്‍ മത്സരിക്കുകയാണ്, അവരുടെ ബാങ്കിലൂടെ പദ്ധതിയിലംഗമാകാന്‍. ഇടതുപക്ഷം ഭരിക്കുന്ന സഹകരണ ബാങ്കുകളാണ് ഈ രംഗത്ത് വമ്പിച്ച പ്രചാരണക്കാര്‍. പള്ളികളില്‍ സുകന്യ സമ്പാദ്യ- അടല്‍ പെന്‍ഷന്‍- ഇന്‍ഷുറന്‍സ് പദ്ധതികളില്‍ ചേരണമെന്നു നിര്‍ബന്ധിച്ച് അനുയായികള്‍ക്കിടയില്‍ വിശദീകരണ ക്ലാസുകള്‍ നടത്തുകയാണ്. മോദി ഇഫ്ക്ട് എവിടെയെല്ലാം ഇല്ല എന്നാണു പറയാന്‍ എളുപ്പമെന്നു തോന്നുന്നില്ലേ? ജൂണ്‍ 21-ന് അന്താരാഷ്ട്ര യോഗാ ദിനം വരുന്നു. ലോകരാജ്യങ്ങള്‍ ഭാരതത്തിന്റെ യോഗവിദ്യക്കു ശിഷ്യപ്പെടുമ്പോള്‍ മാറിനില്‍ക്കാന്‍ ആര്‍ക്കൊക്കെയാകുമെന്നു കണ്ടറിയണം. രഹസ്യമായാണെങ്കിലും യോഗവഴിയിലേക്കു വരാതിരിക്കാന്‍ പലര്‍ക്കുമാവില്ല. യോഗ ശീലമാക്കിയ സംസ്ഥാനത്തെ പ്രതിപക്ഷ നേതാവും എകെജി സെന്ററില്‍ ആര്‍ട്ട്ഓഫ് ലിവിങ് പരിശീലന ക്ലാസ് നടത്തിയ എം.എ. ബേബിയും കൂട്ടുനിന്ന പിണറായി വിജയനും ശീര്‍ഷാസനംകൊണ്ട് പിടലിയുടെ ഉളുക്കുമാറിയ എ.കെ.ആന്റണിയുമെല്ലാം പരസ്യമായി മോദിയുടെ യോഗക്കു വേണ്ടി ഇറങ്ങിയില്ലെങ്കിലും രഹസ്യമായി പോലും എതിര്‍ക്കില്ലെന്നുവേണം കരുതാന്‍. ഇതല്ലേ മോദി ഇഫക്ട്? വ്യക്തികള്‍ മറ്റു വ്യക്തികളെ സ്വാധീനിക്കാന്‍ കഴിയുന്നിടത്താണ് വിപ്ലവത്തിന്റെ തുടക്കം. അതു വളര്‍ന്ന് സമൂഹത്തിലേക്കു വ്യാപിക്കുമ്പോള്‍ സാമൂഹ്യ വിപ്ലവമായി.മോദി ഇഫക്ട് അങ്ങനെ ഒരു സാമൂഹ്യ വിപ്ലവമാകുകയല്ലേ? കാട്ടുതീ പോലെ അല്ലായിരിക്കാം.പക്ഷേ, കാലക്രമത്തില്‍ ദീപാവലിയാകുമെന്നുറപ്പു നല്‍കുന്നവയാണ് ഈ ലക്ഷണങ്ങള്‍.
പിന്‍കുറിപ്പ്: മാറ്റങ്ങള്‍ പ്രത്യക്ഷമായിത്തുടങ്ങി. പക്ഷേ, ജനങ്ങള്‍ക്കു മനം മാറ്റമുണ്ടാകില്ലെന്നാണ് പലരുടെയും വിശ്വാസം, അല്ലെങ്കില്‍ അബദ്ധ ധാരണ. അരുവിക്കരയിലെ വോട്ടെടുപ്പിന് ആദ്യം പറഞ്ഞ അടിയന്തരാവസ്ഥയുടെ പശ്ചാത്തലമുണ്ട്. പൗരസ്വാതന്ത്ര്യവും അവകാശങ്ങളും മുഴുവന്‍ കൂച്ചുവിലങ്ങിട്ടുപൂട്ടി തുറുങ്കിലടച്ച ഭരണകാലത്തിന്റെ തുടക്ക ദിവസത്തിന്റെ വാര്‍ഷികത്തിലാണ് വോട്ടെടുപ്പ്. പൗര സ്വാതന്ത്ര്യവും മനസും പ്രകടിപ്പിക്കാനുള്ള സുവര്‍ണാവസരം. മാറ്റങ്ങള്‍ എല്ലായിടത്തും കണ്ടുതുടങ്ങിയ ജനങ്ങള്‍ മാറ്റത്തിനു വേണ്ടി വോട്ടുകുത്തില്ലെന്നാര്‍ക്കു പറയാനാവും?
ജന്മഭൂമി: http://www.janmabhumidaily.com/news293591

No comments:

Post a Comment