Tuesday, June 16, 2015

ഉമ്മന്‍ചാണ്ടിയുടെ കരുണാകര ജീവിതം

ഉമ്മന്‍ചാണ്ടിയുടെ കരുണാകര ജീവിതം
 കാവാലം ശശികുമാര്‍
 May 19, 2015, Janmabhumi .
ഐഎസ്ആര്‍ഒ ചാരക്കേസ് ഇപ്പോഴും ചാരംമൂടിക്കിടക്കുന്ന ഒരു കനലാണെന്നെ സംബന്ധിച്ചിടത്തോളം, അക്കാലത്ത്, 1994-’95-ല്‍, ആ വാര്‍ത്തകള്‍റിപ്പോര്‍ട്ട് ചെയ്ത പലരില്‍ ഒരാളെന്നനിലയില്‍. ഒരു കേസില്‍ പ്രതികളെ കോടതി ശിക്ഷിച്ചില്ല എന്നതിനര്‍ത്ഥം കുറ്റകൃത്യം നടന്നില്ല എന്നല്ലല്ലൊ. ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷപദവിയില്‍ നിന്നിറങ്ങുമ്പോള്‍ ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണന്‍ നടത്തിയ പരാമര്‍ശങ്ങളാണ് ‘ഇസ്രോ’ ചാരക്കേസ് സംബന്ധിച്ച് ഏറ്റവും പുതുതായി വന്ന വാര്‍ത്ത. കേസന്വേഷിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കണമെന്ന, കേസില്‍ പ്രതി ചേര്‍ക്കപ്പെടുകയും കോടതി, തെളിവ് ഹാജരാക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന കാരണത്താല്‍ വിമുക്തനാക്കുകയും ചെയ്ത നമ്പി നാരായണനെന്ന മുന്‍ ശാസ്ത്രജ്ഞന്റെ പരാതിയെക്കുറിച്ചാണ് പരാമര്‍ശം വന്നത്. വരുംനാളുകളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുകയും ഒരുപക്ഷേ പുനരന്വേഷണം പോലും നടന്നേക്കാന്‍ സാധ്യതയുള്ളതുമായ കേസാണ് ഇസ്രോ ചാരക്കേസെന്ന് മാധ്യമപ്രവര്‍ത്തകനെന്ന നിലയില്‍ എനിക്കു തോന്നുന്നു. ചാരക്കേസിനെ കുറിച്ച് പറഞ്ഞത് ആമുഖം മാത്രം. സംസ്ഥാന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ കരുണാകരജീവിതത്തെക്കുറിച്ചാണ് പറയാന്‍ തുനിഞ്ഞത്. കെ. കരുണാകരന്‍ സംസ്ഥാന മുഖ്യമന്ത്രിയായിരുന്നു, കേരളം ഏറ്റവും കൂടുതല്‍ തവണ മുഖ്യമന്ത്രിയായ വ്യക്തി. ഉമ്മന്‍ചാണ്ടി കെ. കരുണാകരന്റെ ശിഷ്യത്വത്തില്‍ വളര്‍ന്ന നേതാവ്. കരുണാകരന്റെയൊപ്പം നിന്ന് രാഷ്ട്രീയം പഠിച്ചു പരിചയിച്ച ഉമ്മന്‍ചാണ്ടി പക്ഷേ കെ. കരുണാകരന്റെ ഭരണപാടവം പഠിച്ചില്ല, അതുകൊണ്ടാണല്ലോ ഏറ്റവും കുറഞ്ഞകാലം കൊണ്ട് ഏറ്റവും വിമര്‍ശനവിധേയനായ, ആരോപിതനായ, തുറന്നുകാട്ടപ്പെട്ടുപോയ മുഖ്യമന്ത്രിയായത്. മുഖ്യമന്ത്രിയെന്ന നിലയില്‍ കിട്ടിയ ആദ്യത്തെ അവസരത്തില്‍-2004 ആഗസ്റ്റ് 31 മുതല്‍ 2006 മെയ് 18 വരെ-ത്തന്നെ, കുറഞ്ഞകാലം കൊണ്ട് ഉമ്മന്‍ചാണ്ടി കേരളജനതയെ, പാര്‍ട്ടിയെ, ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിക്കാണണമെന്നാഗ്രഹിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്തിരുന്ന ഒരു സമുദായത്തെ, സ്ഥാപനങ്ങളെ എല്ലാം നിരാശപ്പെടുത്തിക്കളഞ്ഞു. പക്ഷേ, അതൊരു സിനിമയുടെ ട്രെയിലര്‍ മാത്രമായിരുന്നു, മുഴുനീള കഥയങ്ങനെയാകില്ലെന്നു സമാധാനിച്ചിരുന്നവരെ പോയ നാലുവര്‍ഷം കൊണ്ട് ഉമ്മന്‍ചാണ്ടി മടുപ്പിച്ചു കളഞ്ഞുവെന്നതാണ് വാസ്തവം. ഒട്ടേറെപ്പേരെ വെറുപ്പിക്കുകയും ചെയ്തു. അങ്ങനെ അഞ്ചാം വര്‍ഷത്തിലേക്കു കടക്കുമ്പോള്‍ ആത്മവിശ്വാസം തീരെ കെട്ടുപോയതിനാലാവണമല്ലോ, കാലാവധി പൂര്‍ത്തിയാക്കാന്‍ കഴിയും എന്നുറപ്പിച്ചു പറയാനാവാത്തത്. പക്ഷേ, കോണ്‍ഗ്രസുകാരില്‍ ഭരണത്തില്‍ അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കിയ ഏക മുഖ്യമന്ത്രി, കരുണാകരന്റെ ശിഷ്യനല്ലേ ഉമ്മന്‍ ചാണ്ടി. വാസ്തവത്തില്‍ അന്ന് രാഷ്ട്രീയ സമ്മര്‍ദ്ദത്തിന്റെ മുള്‍മുനയിലായിരുന്നു കരുണാകരന്‍. അഴിമതി ഒട്ടും കുറവില്ലായിരുന്നു. സെക്രട്ടറിമാരും മന്ത്രിമാരും മന്ത്രിസഭയും അഴിമതിയില്‍ മുങ്ങിയിരുന്നു. ഒടുവില്‍ ഇസ്രോ ചാരക്കേസ് കരുണാകരന് കണ്ഠകോടാലിയായി. അഴിമതിക്കു മേലേ ചാരക്കേസ് പൊന്തിനിന്നു. ഇഷ്ടക്കാരനെ, വിശ്വസ്തനെ എന്തു വിലകൊടുത്തും സംരക്ഷിക്കുകയെന്ന കരുണാകര നയമായിരുന്നു ശ്രീവാസ്തവയെന്ന അന്നത്തെ പോലീസ് ഐജിയെ കൈവിടില്ലെന്ന നിലപാടിലെത്തിച്ചത്. പക്ഷേ, അതിനപ്പുറം അന്നത്തെ കേന്ദ്രസര്‍ക്കാരിനെ, പ്രധാനമന്ത്രിയെ, കോണ്‍്രഗസ് അധ്യക്ഷനെ, അങ്ങനെ പാര്‍ട്ടിയെ, സംരക്ഷിക്കുകയെന്ന ദൗത്യവും കരുണാകരനുണ്ടായിരുന്നുവെന്നത് ഇനിയും തെളിയിക്കപ്പെടേണ്ട കാര്യങ്ങള്‍. ഒടുവില്‍ കരുണാകരന്റെ നേതൃത്വം മാറണമെന്ന ആവശ്യം ഉയര്‍ന്നതും കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് അതിന് തയ്യാറായതും ചരിത്രം. ഉമ്മന്‍ചാണ്ടിയെന്ന, അന്നത്തെ സംസ്ഥാന ധനമന്ത്രിയായിരുന്നു അതിനെല്ലാം കാരണക്കാരനായത്. രാഷ്ട്രീയത്തില്‍ ചരിത്രത്തിന്റെ ആവര്‍ത്തനം നടക്കുന്നത് 12 വര്‍ഷമെന്ന വ്യാഴവട്ടക്കാലത്തിനു ശേഷമോ 20 വര്‍ഷം കഴിഞ്ഞോ ഒരു പഠനവിഷയമാണത്. 1995 മാര്‍ച്ച് 22-നാണ് കെ. കരുണാകരനെ താഴെ ഇറക്കി എ. കെ. ആന്റണി മുഖ്യമന്ത്രിയായത്- 20 വര്‍ഷം മുമ്പ്. കരുണാകരന് മുസ്ലിംലീഗിന്റെ സമ്മര്‍ദ്ദമായിരുന്നു. ഉമ്മന്‍ചാണ്ടിക്ക് എല്ലാത്തരം രാഷ്ട്രീയസമ്മര്‍ദ്ദങ്ങള്‍ക്കും പുറമെ കേരള കോണ്‍ഗ്രസ് എന്ന, ന്യൂനപക്ഷമതവിഭാഗങ്ങളിലെ ക്രിസ്തീയവിഭാഗം പിന്താങ്ങുന്ന പാര്‍ട്ടിയുടെ, സമ്മര്‍ദ്ദം ഏറെയാണ്. ചാരക്കേസായിരുന്നു കരുണാകരനെ വീഴ്ത്താന്‍ കുരുക്കായത്, ഉമ്മന്‍ചാണ്ടിക്ക് അത് കോഴക്കേസായി. ശ്രീവാസ്തവക്കുവേണ്ടി മരണപ്പിടി മുറുക്കിനിന്ന കരുണാകരനെപ്പോലെ ഉമ്മന്‍ചാണ്ടി, മാണിക്കുവേണ്ടി മുറുക്കിപ്പിടിക്കുന്നു, മാണിക്കുവേണ്ടി മാത്രമല്ല, എല്ലാവിഭാഗം കോഴക്കാര്‍ക്കുംവേണ്ടിയെന്നു പറയണം. കരുണാകരനു മകന്‍ മുരളീധരന്‍ ഒരു രാഷ്ട്രീയബാധ്യതയായിരുന്നു, ഉമ്മന്‍ചാണ്ടിക്ക് ഭരണത്തുടക്കത്തില്‍ നിഴല്‍പോലെ ഒപ്പമുണ്ടായിരുന്ന മകന്‍ ചാണ്ടി ഉമ്മനെ തീണ്ടല്‍പ്പാടകലെ നിര്‍ത്തേണ്ടിവന്നതിന്റെ പൊരുള്‍ പുറത്തുവന്നു, പക്ഷേ ഒതുങ്ങി (ക്കി). കരുണാകരന് മകള്‍ പത്മജ ഒരു ദൗര്‍ബല്യമായിരുന്നു അക്കാലത്ത്, അത് രാഷ്ട്രീയ വിവാദ കോളിളക്കങ്ങളും ഉണ്ടാക്കി. നിമിഷനേരമേ നിലനിന്നുള്ളുവെങ്കിലും ഉമ്മന്‍ചാണ്ടിക്കും പ്രതിപക്ഷനേതാവിന്റെ പ്രസ്താവനയിലൂടെയാണെങ്കിലും മക്കളെക്കൊണ്ടു വ്യസനിക്കേണ്ടിവന്നു. അന്ന് കരുണാകരന് ധനമന്ത്രി (ഉമ്മന്‍ചാണ്ടി) തലവേദനയായി, ഇന്ന് ഉമ്മന്‍ചാണ്ടിക്കും ധനമന്ത്രി വഴിയാണ് ദോഷം. അന്നും എന്താണ് ‘പ്രശ്‌നം’ എന്ന് ആരും പറഞ്ഞില്ല, കരുണാകരന്റെ ശൈലിയാണ് പ്രശ്‌നമെന്ന് ഒടുവില്‍ ഉമ്മന്‍ചാണ്ടിയ്ക്ക് പറയേണ്ടിവന്നു, പറയാതെ പറഞ്ഞതും ആവശ്യപ്പെട്ടതും നേതൃമാറ്റമായിരുന്നു. ഇന്നും കാര്യങ്ങള്‍ എത്തിനില്‍ക്കുന്നത് അവിടെയാണ്. അന്ന് കാര്‍ത്തികേയനും രമേശ് ചെന്നിത്തലയും മറ്റും മുന്നില്‍നിന്നു. ഇന്ന് വി.ഡി. സതീശനെപ്പോലെ ചിലര്‍. അന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷസ്ഥാനത്ത് ധര്‍മ്മമൂര്‍ത്തിയായി അവതരിച്ചിരുന്നത് തെന്നല ബാലകൃഷ്ണപിള്ള, ഇന്ന് വി.എം. സുധീരന്‍. മറ്റെല്ലാ ഘടകകക്ഷികളും നേതാക്കളും എതിരായപ്പോള്‍ കോണ്‍ഗ്രസ് നേതാവ് കരുണാകരപക്ഷത്ത് ആകെയുണ്ടായിരുന്നത് സിഎംപിയെന്ന ഇടതുപക്ഷ രാഷ്ട്രീയമുള്ള പാര്‍ട്ടിയും നേതാവ് എം.വി. രാഘവനും മാത്രം. ഇന്ന് കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടിക്കൊപ്പം ആര്‍എസ്പിയും ഷിബു ബേബിജോണും മാത്രം ഉറച്ചുനില്‍ക്കുന്നു, ഇടതുപക്ഷത്തിന്റെ ചുവന്ന രാഷ്ട്രീയമനസ്സോടെ. ബാലകൃഷ്ണപിള്ളയാണ് ഘടകകക്ഷികളില്‍ അന്ന് കരുണാകരനെതിരെ ആദ്യമായി പരസ്യമായി ശബ്ദിച്ച നേതാവ്. ഇന്ന് ഉമ്മന്‍ചാണ്ടിയെ പഴിക്കാന്‍ ഇറങ്ങിയതും അതേ പിള്ള. കെ. കരുണാകരന്റെ വേഗതപോലും ഉമ്മന്‍ചാണ്ടിയിലൂടെ പുനരവതരിക്കുന്നു, കരുണാകരന്‍ റോഡ്‌യാത്രയിലെ വേഗതയില്‍ അഭിമാനിച്ചു, അത് ആനന്ദിച്ചു. ഉമ്മന്‍ചാണ്ടി ഭരണത്തിന് അതിവേഗം എന്ന് ആഗ്രഹിച്ചു, അനുവര്‍ത്തിക്കാനായില്ലെങ്കില്‍പോലും. അന്നും അവസാനം മനസുതുറന്നത് എ.കെ. ആന്റണിയായിരുന്നു. എല്ലാ അവസരവും ഒത്തുവന്നപ്പോള്‍ കരുണാകരന്‍ മുഖ്യമന്ത്രി സ്ഥാനം മാറുമെന്നായപ്പോള്‍ സത്യവാദിയും സമാധാനപ്രേമിയും സമ്മാന്യനുമായി സ്വയം അവതരിച്ചു ആന്റണി. മുഖ്യമന്ത്രിക്കസേരയ്ക്കരികില്‍ തൊട്ടു-തൊട്ടില്ല എന്നുനിന്ന ഉമ്മന്‍ചാണ്ടിയെ അകലത്തേക്ക് മാറ്റിനിര്‍ത്തി സ്വയം അവരോധിക്കാന്‍ വന്ന ആന്റണി അന്ന് ഉമ്മനെ കുരിശില്‍ തറച്ചു, വിശുദ്ധനാക്കി. ഇന്നിപ്പോള്‍ സര്‍വത്ര അഴിമതിയെന്ന പ്രസ്താവന നടത്തി അന്ത്യകൂദാശയും ഒരു മുള്‍ക്കിരീടവും കൂടി ചാര്‍ത്തിയിരിക്കുന്നു. കെ. കരുണാകരനെ നല്ലനടപ്പ് പഠിപ്പിക്കാന്‍ അന്ന് തെന്നല ബാലകൃഷ്ണപിള്ളയെന്ന കെപിസിസി പ്രസിഡന്റ് ചില ഉപദേശങ്ങള്‍ പാര്‍ട്ടിയുടേതായി നല്‍കിയിരുന്നു. ഇന്ന് സുധീരന്‍ ഉമ്മന്‍ചാണ്ടിയ്ക്കും സര്‍ക്കാരിനും കൊടുത്ത കഷായക്കൂട്ടിന്റെ കുറിപ്പടിക്കും അതേ സ്വഭാവംതന്നെ. ഇന്നിപ്പോള്‍ ഉമ്മന്‍ചാണ്ടി ഒരു കരുണാകരജീവിതം അനുഭവിക്കുമ്പോള്‍ ആ കട്ടില്‍ കണ്ടു പനിക്കുന്നവര്‍ എത്രയെത്രയെന്നേ വ്യത്യാസമുള്ളൂ. എങ്കിലും രാഷ്ട്രീയത്തിലെ ചരിത്രഗതി, വിചിത്രമായ കാഴ്ചതന്നെയാണ് എന്നു പറയാതെവയ്യ. തുടക്കത്തില്‍ പറഞ്ഞ ചാരക്കേസിന്റെ ഗതി കോഴക്കേസിനു വരികകൂടി ചെയ്താല്‍ത്തന്നെ എല്ലാം പൂര്‍ണമാകും, ഒരുപക്ഷേ നേതൃമാറ്റം നടന്നില്ലേല്‍പോലും. * * * സര്‍ക്കാര്‍ പരസ്യത്തിലെ ചിത്രങ്ങള്‍ക്ക് സുപ്രീംകോടതിയുടെ മാര്‍ഗ്ഗനിര്‍ദ്ദേശം പുതിയ വിവാദത്തിനു വഴിതുറക്കുന്നു. ജനാധിപത്യസംവിധാനത്തില്‍ അത്തരമൊരു വിലക്ക് എത്രത്തോളം പ്രാവര്‍ത്തികമാകുമെന്നറിയില്ല, അത് ശരിയുമല്ല. എന്തായാലും ഈ വിഷയത്തില്‍ മോദിയേയും മോദിസര്‍ക്കാരിനേയും പഴിക്കാന്‍ ഇടയുണ്ടായില്ല, കോടതി നടപടിയായതിനാല്‍. പക്ഷേ, പഴയ മൂന്ന് കാര്യങ്ങളിലേക്ക് വായനക്കാരുടെ ഓര്‍മ്മ പുതുക്കുന്നു. ഒന്ന്, 1998 ലെ പൊതുതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പാര്‍ട്ടി അന്നത്തെ പ്രധാനമന്ത്രി നരസിംഹറാവുവിന്റെ ചിത്രം പ്രചാരണത്തിന് വിനിയോഗിക്കാഞ്ഞത്. രണ്ട്, മന്‍മോഹന്‍സിങ് പ്രധാനമന്ത്രിയായപ്പോള്‍ നടത്തിയ പ്രഖ്യാപനം-തന്റെ ചിത്രം ഒരു സര്‍ക്കാര്‍ പരസ്യത്തില്‍പ്പോലും വിനിയോഗിക്കരുതെന്ന്. മൂന്ന്, കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുടെ ചിത്രം 2004 മുതല്‍ 14 വരെ പത്തുവര്‍ഷം നാട്ടുകാരുടെ ചെലവില്‍ സര്‍ക്കാര്‍ പരസ്യങ്ങളില്‍ അച്ചടിച്ചത്. സുപ്രീംകോടതിയുടെ നിര്‍ദ്ദേശത്തിന് പൂര്‍വകാല പ്രാബല്യമില്ലാത്തതിനാല്‍ കുടുങ്ങില്ലെന്ന് ഉറപ്പ്. * * * പിന്‍കുറിപ്പ്: കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്‌സിസ്റ്റ്) -ന്റെ ജനറല്‍ സെക്രട്ടറിയായി സീതാറാം യെച്ചൂരി സ്ഥാനമേറ്റു. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയോ സോവ്യറ്റ് പാര്‍ട്ടിയോ വിവരം അറിഞ്ഞ് അനുമോദനമറിയിച്ചതായി കേട്ടില്ല. പണ്ട് കമ്പ്യൂട്ടര്‍ തല്ലിപ്പൊളിക്കാനിറങ്ങിയവരെ സീതാറാം യെച്ചൂരിയുടെ ട്വിറ്ററിലോ പിണറായി വിജയന്റെ ഫേസ്ബുക്കിലോ, പാര്‍ട്ടിയുടെ വെബ്‌സൈറ്റിലോ കണ്ടില്ല. മറ്റൊരു ചിത്രം കാണുക-അറുപിന്തിരിപ്പന്‍ നരേന്ദ്ര മോദിയെ സ്വീകരിക്കാനും കാണാനും സെല്‍ഫിയെടുക്കാനും കമ്മ്യൂണിസ്റ്റ് (?!*) ചൈനയിലെ തെരുവില്‍ കൂടിയ ജനത മുഴുവന്‍ ബിജെപിയുടെ മൊബൈലില്‍ മിസ്‌കോളടിച്ചവരാണോ ആവോ. ആണെങ്കിലും അല്ലെങ്കിലും ചൈനയില്‍നിന്നു കണ്ടതും കേട്ടതുമെല്ലാം അനുശോചനസന്ദേശമായി എകെജി ഭവനിലും എകെജി സെന്ററിലും എന്നു വ്യക്തം.
ജന്മഭൂമി: http://www.janmabhumidaily.com/news288947

No comments:

Post a Comment