Tuesday, June 16, 2015

മനസിന്റെ മണിച്ചിത്രത്താഴുകള്‍ തുറന്ന് …….

മനസിന്റെ മണിച്ചിത്രത്താഴുകള്‍ തുറന്ന് ……. 
കാവാലം ശശികുമാര്‍ June 14, 2015, Janmabhum, SUNDAY _varadyami 

 താളവും ശ്രുതിയും തെറ്റാത്ത സംഗീതംപോലെയാകണം ജീവിതമെന്നൊക്കെ പറയുമ്പോള്‍ അതു സാഹിത്യം പറച്ചിലാണെന്ന്, അല്ല, പൈങ്കിളി വര്‍ത്തമാനമോ സ്വപ്‌ന സങ്കല്‍പ്പ വിവരണമോ ഒക്കെയാണെന്നു പറഞ്ഞു തള്ളുന്നവരുണ്ടാകാം. പക്ഷേ, തോന്നലുകളാണ് പെരുമാറ്റങ്ങള്‍ക്കടിസ്ഥാനമെങ്കില്‍ ശരീരാവയവങ്ങള്‍ക്കുപരി, കണ്ടറിയാന്‍ കഴിയാത്ത മനസ്സെന്ന സംവിധാനത്തിന്റെ പ്രവര്‍ത്തനമാണ് അതിന് ആധാരം. ഒരുപക്ഷേ ജീവിതത്തെ ശുദ്ധസംഗീതം പോലെ ആര്‍ക്കും സ്വീകാര്യമാക്കുന്നത് അത്തരം നിര്‍മ്മലവും സന്തുലിതവുമായ മനസ്സായിരിക്കണം. ആയിരിക്കണമെന്നല്ല, അതെ, അങ്ങനെതന്നെയാണെന്നു പറയുകയാണ് ഡോ. ജഗദംബിക, മനസ്സുകളുടെ മണിച്ചിത്രത്താഴുകള്‍ തുറന്ന്… എത്തിക്‌സ്, അതിപ്പോഴുമുണ്ട്! പ്രായം എഴുപത്തിയഞ്ചായി. വായിക്കാന്‍ കണ്ണട നിര്‍ബന്ധമില്ല, മറ്റുള്ളവരുടെ മനസ്സു വായിക്കാന്‍ അത്രപോലും അദ്ധ്വാനമില്ല. കാരണം നിത്യ അഭ്യാസി ആനയെ എടുക്കുമെന്നാണല്ലോ ചൊല്ല്, 1969-ല്‍ തുടങ്ങിയതാണ് മനസ്സുകളുമായുള്ള ഇടപഴകലുകള്‍, അത് 45 വര്‍ഷമായി തുടരുന്നു. ഡോ. ജഗദംബിക ഓര്‍മ്മിക്കുന്നു, എത്രയെത്ര താളംതെറ്റിയ മനസ്സുകളെ സന്തുലനത്തിന്റെ നേര്‍രേഖയിലാക്കി! പൊട്ടിപ്പോകാറായ ബന്ധങ്ങള്‍ കൂട്ടിയിണക്കി എത്രയെത്ര കുടുംബങ്ങളെ വഴിപിരിയാതെ ഒന്നിച്ചു നിര്‍ത്തി! എത്ര കുഞ്ഞുങ്ങളെ പഠന വൈകല്യത്തിന്റെ ഇരുട്ടില്‍നിന്നു വെളിച്ചത്തിലേക്കു നയിച്ചു! കഥകള്‍, അല്ല, അനുഭവങ്ങള്‍ പറഞ്ഞാല്‍ തീരില്ല…. പക്ഷേ ഡോക്ടര്‍ പറയുന്നു, ”അതെന്റെ ഒരു തീരുമാനമാണ്, എന്റെ മുന്നില്‍വന്ന ഒരു മനസ്സിനെയുംകുറിച്ചു ഞാന്‍ മറ്റുള്ളവരോടു വിശദീകരിച്ചു പറയില്ല. കാരണം, അത് അവരെ വിഷമിപ്പിച്ചേക്കാം. എന്നെക്കുറിച്ചല്ലേ ഡോക്ടര്‍ പറയുന്നതും എഴുതുന്നതും എന്ന്, അതു വായിക്കാന്‍ ഇടവരുന്ന, എന്റെ സഹായം തേടിവന്ന, ഓരോരുത്തര്‍ക്കും തോന്നിയേക്കാം. അത് നല്ലതല്ല, അങ്ങനെ ചെയ്യാതിരിക്കുന്നതില്‍ ഈ തൊഴിലിന്റെ ഒരു ധര്‍മ്മശാസ്ത്രം കൂടിയുണ്ടെന്നു ഞാന്‍ വിശ്വസിക്കുന്നു.” തൊഴിലിന്റെ എത്തിക്‌സ് -ധര്‍മ്മശാസ്ത്രം- അതിപ്പോഴുമുണ്ട് ചിലരിലെങ്കിലും എന്നത് ഒരു ചെറിയകാര്യമല്ല. ഇന്ന് എല്ലാ രംഗത്തും അത്തരം ധര്‍മ്മ ചിന്തകള്‍ക്ക് സ്ഥാനം മങ്ങിക്കൊണ്ടിരിക്കുന്നുവെന്ന നിരാശ പടര്‍ന്നിരിക്കുമ്പോള്‍ മനോലോകത്തെ ഈ എത്തിക്‌സ് സംസ്‌കാരം ഏറെ പ്രസക്തമാണ്… മനസ്സും യോഗവും മനസ്സിന്റെ പഠനം, മനസ്സാണ് അടിസ്ഥാനം എന്ന ചിന്ത രൂപപ്പെട്ടതെന്നുമുതലാണ്. പരിഷ്‌കാരികള്‍ ഫ്രോയ്ഡിലും യുങ്ങിലുമൊക്കെ തുടങ്ങും. താന്‍ കുളിക്കുന്ന കടവില്‍നിന്നാണ് നദി തുടങ്ങുന്നതെന്നു ധരിക്കുന്നവര്‍ ഏറെയുണ്ടല്ലോ. എന്നാല്‍ അതിനും എത്രയോ എത്രയോ മുമ്പ് മനസ്സ് പഠനവിഷയമായി നമ്മുടെ നാട്ടിലെന്നോ. ഐക്യരാഷ്ട്ര സഭയും യോഗവിദ്യയെ അംഗീകരിച്ചതോടെ മനസ്സ് അല്ലെങ്കില്‍ ധ്യാനം, അഥവാ ഉള്ളിലുള്ളത് എന്ന ബാഹ്യലോക സങ്കല്‍പ്പത്തിനപ്പുറം ചിലതുണ്ടെന്ന വാദത്തിന് ഇക്കാലത്തും കൂടുതല്‍ പ്രാബല്യം കിട്ടിക്കഴിഞ്ഞു. ശരീരവൃത്തിക്കൊപ്പം ചിത്തവൃത്തിനിരോധവും കൂടിയുണ്ടെങ്കിലേ ജീവിതം സമ്പൂര്‍ണ്ണ വിജയമാകൂ എന്ന തത്ത്വം അംഗീകരിക്കപ്പെട്ടു. അതുകൊണ്ട് മനസ്സിലേക്കു മനസ്സു തിരിക്കാനുള്ള വൈമുഖ്യമെല്ലാം പൊതുവേ മാറിക്കഴിഞ്ഞിരിക്കുന്നു. പരസ്യമായി ആരാധനാലയങ്ങളില്‍ അഭയം തേടുന്നവര്‍ക്കും രഹസ്യമായി കൗണ്‍സിലിങ്ങിനു പോകുന്നവര്‍ക്കും പ്രൊഫഷണലായി മെഡിറ്റേഷന്‍ പ്രാക്ടീസു ചെയ്യുന്നവര്‍ക്കും ഒളിച്ചും പതുങ്ങിയും ധ്യാനകേന്ദ്രങ്ങളില്‍ ചെന്നുപെടുന്നവര്‍ക്കും മനോരോഗ ചികിത്സ നേടുന്നവര്‍ക്കും ഒരു പൊതുവേദി ഉയര്‍ന്നു വന്നിരിക്കുകയാണ്. ആനുകാലിക ലോകത്ത് മനോവൈകല്യങ്ങളുടെ പങ്കപ്പാടുകള്‍ തിരിച്ചറിഞ്ഞുകഴിഞ്ഞിരിക്കുന്നുവെന്നതിനു തെളിവാണ് യുഎന്‍ തീരുമാനം. (ഇതിനെതിരെ ഒച്ചപ്പാടുണ്ടാക്കുന്നവര്‍ക്ക് ചികിത്സ അനിവാര്യമെന്ന് ആരും പറയും…അതു വേറേ വിഷയം) കേരളത്തില്‍ ക്ലിനിക്കല്‍ സൈക്കോളജിയില്‍ യോഗ്യതനേടി സര്‍ക്കാര്‍ സര്‍വീസില്‍ ജോലി നേടിയ ആദ്യത്തെ വനിതയാണ് ഡോ. ജഗദംബിക. 1969-മെയ് എട്ടിന് സര്‍വീസില്‍ കയറി. മനോരോഗത്തിന്റെ ഗൗരവം അറിയാവുന്നവരും അറിയാത്തവരും പെട്ടെന്നു പരാമര്‍ശിക്കുന്ന ഊളമ്പാറയിലായിരുന്നു ആദ്യം പോസ്റ്റിങ്. അവിടെനിന്ന് പിന്നീട് എറണാകുളത്ത് ജനറല്‍ ആശുപത്രിയില്‍. സര്‍വീസില്‍നിന്നു വിരമിക്കും വരെ അവിടെയായിരുന്നു. ഇപ്പോള്‍ വിരമിച്ച ശേഷവും ആലുവയ്ക്കടുത്ത് താമസിച്ച് മാനസികാരോഗ്യ ഉപദേശങ്ങള്‍ നല്‍കിവരുന്നു. മനഃശാസ്ത്രജ്ഞരുടെ മനഃശാസ്ത്രം സൈക്യാട്രിയും സൈക്കോളജിയും തമ്മില്‍ വലിയ ഭേദമുണ്ട്. ഒന്ന് മരുന്നും (സൈക്യാട്രി) മറ്റൊന്നു മനസ്സുമാണ് അടിസ്ഥാനമാക്കുന്നത്. പക്ഷേ, സൈക്യാട്രിക്കാണ് മാര്‍ക്കറ്റ്. എങ്ങനെ ഇതു സംഭവിക്കുന്നു, സംഭവിച്ചുവെന്നത് അന്വേഷിച്ചാല്‍ കാര്യങ്ങള്‍ രസകരമാണ്. സൈക്കോളജിക്കാരെ ഡോക്ടര്‍ എന്നു വിശേഷിപ്പിക്കാന്‍ പോലും മറ്റേ വിഭാഗക്കാര്‍ തയ്യാറല്ല. ഡോക്ടര്‍മാരുടെ സംഘടനയായ ഐഎംഎക്കാര്‍ സൈക്കോളജിക്കാരെ അഞ്ചയല്‍പക്കത്ത് അടുപ്പിക്കുന്നുമില്ല. യഥാര്‍ത്ഥത്തില്‍ മനസ്സിനെ ഔദ്യോഗികമായി ഏറെ പഠിക്കുന്നവരും സൈക്കോളജിക്കാരാണ് എന്നിട്ടുകൂടി….. മനുഷ്യന്റെ മനോവ്യാപാരങ്ങളെക്കുറിച്ചുള്ള വര്‍ത്തമാനങ്ങള്‍ക്കിടെ അങ്ങനെയൊരു ചോദ്യം ഡോക്ടര്‍ പ്രതീക്ഷിച്ചിട്ടുണ്ടാവില്ലെന്ന ഉറപ്പിലാണ് തുടങ്ങിയത്, ഡോക്ടര്‍ ഈ ഭൂതബാധയെന്നു പറയുന്നതു സത്യത്തില്‍ ഉള്ളതാണോ? ഡോക്ടറുടെ മനസ്, വര്‍ഷങ്ങള്‍ പിറകോട്ടു പാഞ്ഞു. ഡോ. വി.കെ. അലക്‌സാണ്ടറിന്റെ മേല്‍നോട്ടത്തില്‍, ഡോക്ടറേറ്റു നേടാന്‍ മനസ്സുകളെ പഠിച്ച, നൂറിലേറെ പേരുടെ മനസ്സുകള്‍ ശസ്ത്രക്രിയ ചെയ്തു പഠനം നടത്തിയ കാലം. ആ മനസ്സുകളില്‍ ഭൂതാവിഷ്ടരുണ്ടായിരുന്നു. ഉന്മാദികള്‍, ഭ്രാന്തര്‍, ബാധകയറിയവര്‍, സിദ്ധന്മാര്‍…. ഡോക്ടര്‍ പറയുന്നു, ”സിദ്ധിവൈഭവമുള്ളവരുണ്ട്. മന്ത്രവാദം കൊണ്ടു ചികിത്സിക്കുന്നവരുണ്ട്. ഭ്രാന്തും സിദ്ധിയും തമ്മില്‍ നേരിയതെങ്കിലും വലിയ വ്യത്യാസമുണ്ട്. അതൊക്കെ പറഞ്ഞാല്‍ ഏറെ വിശദീകരിക്കണം. എത്ര വിശദീകരിച്ചാലും വിശ്വസിക്കാത്തവര്‍ തര്‍ക്കിച്ചുകൊണ്ടേയിരിക്കും. ഭ്രാന്തന്‍ ഒരു സമയത്തും യാഥാര്‍ത്ഥ്യലോകത്തേക്കു വരുന്നില്ല. സിദ്ധന്‍ ആ ശേഷിയുള്ളപ്പോള്‍ മാത്രമാണ് അസാധാരണന്‍. അതൊരു അവസ്ഥയാണ്. എന്നാല്‍ സിനിമയില്‍ കാണുന്നപോലെയൊന്നും സാധ്യമല്ല. മണിച്ചിത്രത്താഴ് പോലുള്ള സിനിമകളില്‍ അത്യുക്തിയും അശാസ്ത്രീയതയും ഏറെയുണ്ട്. അതുപോലെയൊന്നുമല്ല മനസ്സിന്റെ ചികിത്സ. സിനിമ ഒരു സൈക്കോ ഡ്രാമയാണ്.” വ്യക്തിക്കു ബാധിക്കുന്ന സൈക്കോളജിക്കല്‍ പ്രശ്‌നങ്ങള്‍, ഒരു സമൂഹത്തിന്റേതായി മാറുന്ന അസാധാരണത്വം ഇന്നു സാധാരണയായിക്കൊണ്ടിരിക്കുകയാണോ? അങ്ങനെ വേണം കരുതാന്‍. ഒറ്റപ്പെട്ട സംഭവങ്ങളായിരുന്ന കുറ്റകൃത്യങ്ങള്‍ക്ക് ഇന്നു ദേശാന്തരങ്ങളില്‍ സാമ്യവും സമകാലീനതയും വരുന്നു. ഇതെന്തുകൊണ്ടായിരിക്കും? ഡോ. ജഗദംബികയുടെ ചില നീരീക്ഷണങ്ങള്‍ ഏറെ വ്യത്യസ്തമായി ചിന്തിക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നതാണ്. ”75 ശതമാനം കേസുകളിലും വ്യക്തികളെ നമുക്ക് കൗണ്‍സിലിങ് വഴി രക്ഷപ്പെടുത്താം. പക്ഷേ, സൈക്കോളജിസ്റ്റിനു പകരം അവര്‍ എത്തിച്ചേരുന്നത് സൈക്യാട്രിസ്റ്റിനു മുന്നിലാണ്. അല്ലെങ്കില്‍ ധ്യാനകേന്ദ്രങ്ങളിലാണ്. അവരെ അങ്ങോട്ടേക്കെല്ലാം പറഞ്ഞു വിടുന്നവരെവേണം ചികിത്സിക്കാന്‍. മരുന്നിന്റെ ആവശ്യമില്ലാത്തവര്‍ക്കു മരുന്നുകൊടുക്കുന്നു. മനസ്സിനെ ചികിത്സിക്കാന്‍ മരുന്നുവേണ്ട. ശരിയാണ്, ചില കേസുകളില്‍ വയലന്റാകുന്നതരത്തില്‍ മനോനില തെറ്റിയവര്‍ക്ക് മരുന്നു വേണം. പക്ഷേ, അധികം കേസുകള്‍ക്കും അതു വേണ്ട. ഇന്ന് കൗണ്‍സിലിങ് എന്ന മേഖലയില്‍ത്തന്നെ വന്‍ തട്ടിപ്പാണു നടക്കുന്നത്. മനോചികിത്സ നടത്തുന്ന കൗണ്‍സിലര്‍മാര്‍ക്ക് യോഗ്യത നിശ്ചയിക്കട്ടെ. അപ്പോഴറിയാം കാര്യങ്ങള്‍. ഇന്ന് എംഎസ്ഡബ്ല്യു (മാസ്റ്റര്‍ ഓഫ് സോഷ്യല്‍ വര്‍ക്ക്) പഠിച്ചിറങ്ങുന്നവരും വ്യക്തികളെ കൗണ്‍സില്‍ ചെയ്യുന്നു. നാളത്തെ സമൂഹത്തിന് അനിവാര്യമാണ് മനോചികിത്സ. കൗണ്‍സിലിങ്ങുകള്‍ വ്യാപകമായി വേണ്ടിവരും. ജില്ലാതലത്തില്‍ ആശുപത്രികളോടു ചേര്‍ന്ന് സൈക്കോളജി യൂണിറ്റുകള്‍ ഉണ്ടാകട്ടെ. നമുക്കു സൈക്യാട്രിസ്റ്റുകള്‍ വേണ്ടിവരില്ല. മനോരോഗത്തിനു മരുന്നും ആവശ്യമാകില്ല. ധ്യാനകേന്ദ്രങ്ങളില്‍ ആളുകള്‍ പോകാത്ത നിലവരും…” ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്നു- ”മറ്റു പല രാജ്യങ്ങളിലും സൈക്കോളജിക്കല്‍ അനാലിസിസ് നടത്താനുള്ള സംവിധാനങ്ങള്‍ ആശുപത്രികളുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നു. ഭാരതത്തില്‍ മാത്രം അതില്ല. എന്തുകൊണ്ട് ആയിക്കൂടാ. കേരളത്തില്‍ നിന്നു തുടങ്ങാം. അതു നമുക്കൊരു നേട്ടമാകും. എന്തായാലും ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിനുമുന്നില്‍ നിര്‍ദ്ദേശം വെക്കാനുദ്ദേശിക്കുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമുന്നില്‍ ഈ വിഷയം എത്തിക്കും. എത്തിയാല്‍ ഇതിനൊരു തീരുമാനമുണ്ടാകുമെന്നുറപ്പാണ്. കാരണം, മനസ്സിന്റെ പ്രശ്‌നങ്ങള്‍ക്കു മരുന്നല്ല പരിഹാരമെന്ന് നല്ലതുപോലെ അറിയാവുന്നയാളാണ് അദ്ദേഹം. പക്ഷേ, രാജ്യത്ത് ചികിത്സാ രംഗത്ത് ഇങ്ങനെയൊരു പോരായ്മ ഉള്ളത് അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാവില്ല, പെടുത്തിയിട്ടുണ്ടാവില്ല,” ഡോക്ടര്‍ ദേശീയ തലത്തില്‍ത്തന്നെ ഇതിനുള്ള പരിശ്രമങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. കുട്ടികള്‍ സ്ഫടിക പാത്രങ്ങളാണ് കുട്ടികള്‍ സ്ഫടിക പാത്രങ്ങള്‍ പോലെയാണ്, മനസ്സുകൊണ്ടും ശരീരംകൊണ്ടും. ഇന്ന് മനോചികിത്സകരെ ഏറ്റവും കൂടുതല്‍ തേടുന്നത് കുട്ടികളാണ്. രക്ഷിതാക്കള്‍ക്ക് കുട്ടികളെ കൗണ്‍സില്‍ ചെയ്യിക്കുന്നത് ഒരു ജോലിയാണ്. എന്തുകൊണ്ട് ഇതു സംഭവിക്കുന്നുവെന്ന് ചോദിക്കുമ്പോള്‍ ഡോ. ജഗദംബിക പറയും…. പ്രധാനമായും അണുകുടുംബത്തിലേക്കുള്ള മാറ്റമാണ് കാരണം. മുമ്പ് കൂട്ടുകുടുംബത്തില്‍ ഉണ്ടായിരുന്ന അന്തരീക്ഷം, പ്രശ്‌നങ്ങള്‍ ചെറുതും വലുതും, അവ ചുമരിനുള്ളില്‍ പറഞ്ഞു തീര്‍ക്കുന്ന സംവിധാനം, പരസ്പര സഹകരണത്തിലും വിട്ടുവീഴ്ചയിലുമുള്ള ജീവിതാനുഭവങ്ങള്‍, വഴികാട്ടലുകള്‍, ഉപദേശങ്ങള്‍ എല്ലാമെല്ലാം ഉണ്ടായിരുന്നു. ഇതെല്ലാം ഒരു തരത്തില്‍ മാനസികാരോഗ്യത്തിന്റെ മാര്‍ഗ്ഗങ്ങളായിരുന്നു. പക്ഷേ, ഇന്ന് അതു പൊയ്‌പ്പോയിരിക്കുന്നു.
ജന്മഭൂമി: http://www.janmabhumidaily.com/news294539

No comments:

Post a Comment