Monday, July 20, 2015

നിലവിളക്ക്; മാര്‍ക്‌സിന്റേതും മന്നത്തിന്റേതും

നിലവിളക്ക്; മാര്‍ക്‌സിന്റേതും മന്നത്തിന്റേതും 

കാവാലം ശശികുമാര്‍ 
July 7, 2015 
 കാറല്‍ മാര്‍ക്‌സിനു നിലവിളക്ക് അത്ര പരിചയമുണ്ടാകാനിടയില്ല. വൈദ്യുതി പ്രകാശത്തില്‍, മെച്ചപ്പെട്ട സൗകര്യത്തില്‍ ജീവിച്ചുതന്നെയാണ് അദ്ദേഹം അടിസ്ഥാന വര്‍ഗത്തെക്കുറിച്ച് ചിന്തിച്ചത്; എഴുതിയത്. ഇനി അഥവാ വൈദ്യുതി തടസ്സപ്പെട്ടിട്ടുണ്ടെങ്കില്‍ അപ്പോള്‍ മെഴുകുതിരിയെ ജ്വലിപ്പിച്ചിട്ടുണ്ടാവൂ. ഭാരതത്തെക്കുറിച്ച് മാര്‍ക്‌സ് കുറച്ചെല്ലാം പഠിച്ചെങ്കിലും അതൊന്നും സിദ്ധാന്തമായവതരിപ്പിക്കാന്‍ തുനിഞ്ഞില്ല. കാരണം, അതുവരെ താന്‍ സിദ്ധാന്തിച്ചതെല്ലാം തെറ്റാണെന്ന് സമ്മതിക്കുകയോ തിരുത്തുകയോ ചെയ്യേണ്ടിവരുന്നത് അത്ര സുഖമുള്ള കാര്യമല്ലല്ലൊ. (നമ്മുടെ ബുദ്ധിജീവികളുടെയെല്ലാം പൊതുപ്രശ്‌നമാണത്. പുതിയതു കണ്ട് ശരിയെന്നു തോന്നിയാലും അംഗീകരിക്കാന്‍ മടിക്കും, അല്ലെങ്കില്‍ കണ്ടില്ലെന്നു നടിക്കും. ചൂണ്ടിക്കാണിച്ചാല്‍ അതങ്ങനെയല്ല എന്ന് തെറ്റായി വ്യാഖ്യാനിക്കും, അതിന് സംഘടിതരായി അവര്‍ പരിശ്രമിക്കും. കാരണം, അവര്‍ അതുവരെ പറഞ്ഞതെല്ലാം തെറ്റാണെന്ന് സമ്മതിക്കേണ്ടിവന്നാല്‍ പിന്നെ നിലനില്‍പ്പില്ലല്ലൊ. ബുദ്ധിജീവി വര്‍ഗത്തിന്റെ തര്‍ക്കങ്ങളെല്ലാം വാസ്തവത്തില്‍ ഈ മനോനിലകൊണ്ടാണ്) അങ്ങനെ മാര്‍ക്‌സ് ഭാരതത്തെക്കുറിച്ച് പഠിച്ചപ്പോള്‍ നിലവിളക്കിനെക്കുറിച്ചും അറിഞ്ഞിട്ടുണ്ടാവണം. എന്തെന്നാല്‍, തമസോ മാ ജ്യോതിര്‍ ഗമയഃ എന്നാണല്ലൊ ഭാരതീയ ദര്‍ശനങ്ങളുടെ മാര്‍ഗരേഖ. മാര്‍ക്‌സിനെ പൂജിക്കുന്നവരുണ്ട് നമ്മുടെ നാട്ടില്‍ പ്രത്യേകിച്ചും. അവരില്‍ ചിലര്‍ മാര്‍ക്‌സിന്റെ ചിത്രത്തിനു മുന്നില്‍ നിലവിളക്കു വയ്ക്കുന്നുണ്ട്, മറ്റ് ചിലര്‍ വിളക്ക് വയ്ക്കുന്നിടത്ത് മാര്‍ക്‌സിനെ വയ്ക്കുന്നുണ്ട്. മാര്‍ക്‌സിന് വിളക്കു വയ്ക്കുകയും ശബരിമല അയ്യപ്പനെ പൂജിക്കുകയും ചെയ്യുന്നവരുണ്ട്. നേതാക്കള്‍ പരിചയപ്പെടുത്തിയ മാര്‍ക്‌സിനെ വിശ്വസിക്കുകയും അതിലേറെ ഇഷ്ടദേവതമാരില്‍ വിശ്വാസമര്‍പ്പിക്കുകയും ചെയ്യുന്നവരുണ്ട്. അവര്‍ അങ്ങനെ ഒട്ടും വൈരുദ്ധ്യമില്ലാത്ത ആത്മീയമാര്‍ഗത്തില്‍ പോകുമ്പോഴാണ് വൈരുദ്ധ്യാത്മകമായ ഭൗതികവാദം നേതാക്കള്‍ അവതരിപ്പിച്ചത്. സഖാവ് ഇഎംഎസ് വേദവും മന്ത്രവും പഠിച്ചു. പഠിച്ചശേഷം അതിനോട് വിയോജിച്ചു. യുക്തിവെച്ചു നോക്കുമ്പോള്‍ ശരിയാണ്, അങ്ങനെ വേണം, അറിഞ്ഞുവേണം തിരസ്‌കരിക്കാന്‍. പക്ഷേ, പഠിച്ചത് പ്രയോഗിക്കാന്‍ മിടുക്കുണ്ടായിരുന്നെങ്കില്‍ നമ്പൂതിരിപ്പാട് സഖാവാകില്ലായിരുന്നുവെന്നവാദം ഒരിക്കല്‍ കേട്ടതോര്‍മിക്കുന്നു. മികച്ച കാര്‍ട്ടൂണിസ്റ്റും നര്‍മ്മരസികനും ഭാവനാസമ്പന്നനുമായിരുന്ന ബാല്‍ താക്കറെ, അത് പ്രയോഗിക്കാന്‍ അവസരം കിട്ടാഞ്ഞതിനാലാണ് ശിവസേനയെന്ന പ്രസ്ഥാനം കെട്ടിപ്പടുക്കുന്ന പ്രവൃത്തിയിലെത്തിയതെന്ന് കേട്ടിട്ടുണ്ടല്ലൊ. ഇഎംഎസിന്റെ കാര്യത്തില്‍ മന്ത്ര-വേദോച്ചാരണത്തിനു തടസ്സമുണ്ടായിരുന്നെങ്കിലും എഴുത്തില്‍ ആ തടസമുണ്ടായില്ലെന്നതാണ് കമ്മ്യൂണിസ്റ്റാശയ പ്രചാരണം എഴുത്തിലൂടെ ഇത്ര ശക്തമാകാന്‍ കാരണമത്രെ. ആദ്ധ്യാത്മികതയെയും ആത്മീയതയെയും എതിര്‍ക്കാന്‍ ഇത്രയേറെ ശക്തി കാട്ടിയതിനു പിന്നിലും അങ്ങനെയൊരു മനഃശാസ്ത്രമുണ്ടെന്ന് ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്. അങ്ങനെ മാര്‍ക്‌സിനുമപ്പുറം മാര്‍ക്‌സിസത്തെയും കമ്മ്യൂണിസത്തെയും വ്യാഖ്യാനിച്ചവതരിപ്പിച്ചതുവഴിയാണ് ഇഎംഎസും കിങ്കരന്മാരും ചേര്‍ന്ന് വൈരുദ്ധ്യാത്മക ഭൗതികവാദത്തെ ഹൈന്ദവവിശ്വാസവിരുദ്ധ വിചിത്രവാദമാക്കി മാറ്റിയത്. അതുകൊണ്ടുതന്നെ, ലോകജനതയുടെ വിമോചനത്തിനുള്ള മാനവികവാദമെന്ന പേരില്‍ അവതരിപ്പിച്ച ഇസം ‘ഇന്ത്യ’യില്‍ മറ്റൊരു ഇസമായി, കേരളത്തില്‍ അതില്‍നിന്നും വ്യത്യസ്തമായി, സംസ്ഥാത്തുതന്നെ മലബാറിലും തിരുവിതാംകൂറിലും വെവ്വേറെയായി, ക്രമത്തില്‍ ജില്ലാടിസ്ഥാനത്തില്‍ കമ്മ്യൂണിസവും മാര്‍ക്‌സിസവുമായി. ഒടുവില്‍, ഈ പഞ്ചായത്ത് തെരഞ്ഞെടുപ്പോടെ മാര്‍ക്‌സിസം അതത് പഞ്ചായത്തുകളുടെ അവസ്ഥയും സൗകര്യവുമനുസരിച്ചുള്ള നയപരിപാടികളിലായിത്തീരുമെന്നുറപ്പ്. അതിന്റെ ലക്ഷണമാണ് കോഴിക്കോട്ട് നിലവിളക്കു കത്തിച്ച് മുസ്ലിംലീഗു മന്ത്രിക്കെതിരെ പ്രതിഷേധിക്കാന്‍ കുട്ടി സഖാക്കള്‍ ഇറങ്ങിയത്. ശീലിച്ചിട്ടില്ലാത്ത കാര്യങ്ങള്‍ തിടുക്കപ്പെട്ട് ചെയ്യുമ്പോഴുണ്ടാകുന്ന വലിയൊരു പിഴവുകള്‍. മാര്‍ക്‌സ് കണ്ട വിളക്ക്, ഇഎംഎസ് അണച്ചുവച്ച വിളക്ക്, അവശ്യഘട്ടത്തില്‍ പിടിച്ചുനില്‍ക്കാനുപയോഗിക്കേണ്ടിവരുമ്പോഴുണ്ടാകുന്ന അബദ്ധങ്ങള്‍. അവര്‍ക്ക് ഏറെ പരിചിതമായ ബോംബുണ്ടാക്കലിലും പൊട്ടിക്കലിലും പോലും കൈയബദ്ധം പറ്റി ജീവന്‍ നഷ്ടമാകുന്ന കാലമാണിപ്പോള്‍ സഖാക്കള്‍ക്ക്. അപ്പോള്‍ തീരെ പരിചയമില്ലാത്ത വിളക്കു കൊളുത്തല്‍ ഉടുതുണിക്ക് തീപിടിപ്പിക്കില്ലെ എന്നു സംശയിക്കണം. എന്തിനും ഏതിനും പന്തംപിടിച്ചു പരിചയിച്ച കൈകളാണ്. ദീപങ്ങളെല്ലാം ഇതുവരെയും തല്ലിക്കെടുത്തിയേ പരിചയമുള്ളൂ. പാര്‍ട്ടി പ്ലീനം പാസ്സാക്കിയ നിര്‍ദ്ദേശങ്ങളിലും നിബന്ധനകളിലും വിളക്കുകെടുത്താനേ പറഞ്ഞിട്ടുള്ളൂ. പക്ഷേ, അരുവിക്കരയില്‍ കണ്ണുതുറപ്പിച്ചു. എന്നാല്‍ അരനൂറ്റാണ്ടിലെ കര്‍മ്മദോഷം ഒരു വിളക്കുകത്തിക്കലില്‍ തീരുമോ എന്നു സംശയമാണ്. തീര്‍ന്നേക്കാം; അതിനുമുമ്പ് കേരള സമൂഹത്തോട്, ഹിന്ദുസംസ്‌കാരത്തോട് പാര്‍ട്ടി ഔദ്യോഗികമായി കുറ്റസമ്മതം നടത്തേണ്ടിവരും; ഞങ്ങള്‍ അജാമിള ജന്മത്തിലായിരുന്നു ഇതുവരെ, പിംഗളയുടെ കര്‍മത്തിലായിരുന്നു ഇതുവരെയെന്ന് ഏറ്റുപറഞ്ഞ് വഴിമാറാനുള്ള മോഹം പറയണം. എങ്കില്‍ ഒരുപക്ഷേ രക്ഷപ്പെടാന്‍ വഴി തെളിഞ്ഞേക്കും. (അജാമിളന്‍ തറവാടിയായൊരു ബ്രാഹ്മണനായിരുന്നു. സ്വധര്‍മ്മവും കര്‍മ്മവും വിട്ട്, ഭാര്യയെ മറന്ന്, പരസ്ത്രീയില്‍ പത്തുമക്കളെ ഉല്‍പ്പാദിപ്പിച്ച് അരാജകജീവിതം നയിച്ച്, ക്ഷയിച്ച്, ദയനീയ ജീവിതാന്ത്യം നയിക്കെ, നാരായണനെന്നു പേരിട്ട അവസാന മകനെ വിളിച്ച് കരഞ്ഞപ്പോള്‍ മഹാവിഷ്ണു പ്രസാദിച്ചുവെന്നാണ് പുരാണകഥ. വേശ്യാവൃത്തി ചെയ്ത് ജീവിതം നയിച്ച പിംഗളയെന്ന സ്ത്രീയ്ക്ക് മാനസാന്തരം വന്നപ്പോള്‍ ഈശ്വരാനുഗ്രഹം ഉണ്ടായെന്ന് പിംഗളാ വൃത്താന്തം). ഒരു നിലവിളക്ക് ‘തലകുത്തനെ’ കത്തിച്ചാല്‍ കാര്യമെല്ലാമായെന്നു കരുതുന്നത് മറ്റൊരു വിഡ്ഢിത്തരം. അല്ലെങ്കിലും ആദരിക്കാനും ആരാധിക്കാനുമല്ലാതെ പ്രതിഷേധിക്കാന്‍ നിലവിളക്കോ? വെളുക്കാന്‍ തേച്ചത് പാണ്ടാകുമോ എന്നേ ഇനി അറിയേണ്ടൂ. ഒരിടത്ത് വിളക്കു കത്തിക്കുമ്പോല്‍ മറ്റൊരിടത്ത് വിളക്കു തല്ലിക്കെടുത്തിയിരുന്നു. കരിന്തിരി കത്തിക്കുന്നത് കൊടുംപാപമാണെന്നാണ് ഹിന്ദുക്കളുടെ വിശ്വാസം. വിവാഹത്തിനും അന്ത്യകര്‍മത്തിനും ‘ഫത്വകള്‍’ പുറപ്പെടുവിച്ച് അംഗങ്ങളെ വിരട്ടി നിര്‍ത്തുന്ന ശീലം ചിലെടങ്ങളിലെങ്കിലും പതിവുള്ള നായര്‍ സര്‍വീസ് സൊസൈറ്റിയെക്കുറിച്ചാണ് പറഞ്ഞത്. ആ വലിയ പ്രസ്ഥാനത്തിന് കേരളസമൂഹത്തില്‍ വമ്പിച്ച സ്ഥാനമുണ്ട്; കാരണം ഒരു ത്രിസന്ധ്യക്ക് നിലവിളക്ക്, ഭദ്രദീപം, കൊളുത്തി വച്ച് അതിനുമുന്നില്‍ പ്രതിജ്ഞയെടുത്ത് തുടങ്ങിവച്ച പ്രസ്ഥാനമാണത്. മന്നത്ത് പത്മനാഭന്‍ എന്ന മാതൃകാസേവകന്‍ സ്വജീവിതം ഉഴിഞ്ഞുവച്ച് കെട്ടിപ്പടുത്ത സ്ഥാനം. പക്ഷേ ഇന്ന് അദ്ദേഹത്തിന്റെ സമാധിമണ്ഡപത്തിനുചുറ്റും കരിന്തിരിയുടെ പുകമണമോ അതോ സംഘടനയുടെ തലപ്പത്തുള്ളവരുടെ കോലം കരിയുന്ന ദുര്‍ഗന്ധമോ. രണ്ടായാലും അന്ന് കത്തിച്ച വിളക്കിന്റെ ശോഭ ചിലര്‍ കെടുത്തി. എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സ്ഥാനം മഹത്വമുള്ളതാണ്. ആ പദവിയ്ക്ക് സമുദായാംഗങ്ങള്‍ മാത്രമല്ല കേരളമൊന്നടങ്കം വില കല്‍പ്പിച്ചകാലമുണ്ടായിരുന്നു. പിടിയരി പിരിച്ചതും തെരുവില്‍ തെണ്ടിയതും കന്യാകുമാരി വിവേകാനന്ദ സ്മാരകം നിര്‍മാണത്തിന് മുന്നില്‍നിന്നതും പിന്നാക്കക്കാര്‍ക്കു വഴി നടക്കാന്‍ അവകാശത്തിന് വൈക്കം സത്യഗ്രഹം നയിച്ചതും ഭരണാഭാസം വിനാശമാണെന്നറിഞ്ഞപ്പോള്‍ വിമോചന സമരം നയിച്ചതും ഉള്‍പ്പെടെ സമുദായാചാര്യന്‍ നടത്തിയ കൊച്ചുകൊച്ചു വിപ്ലവങ്ങളുടെ വമ്പിച്ച മാറ്റങ്ങള്‍ കേരളമൊന്നടങ്കം അനുഭവിച്ചറിഞ്ഞതാണല്ലൊ. പക്ഷേ, മൂന്നുപതിറ്റാണ്ടുമുമ്പ് പെരുന്നയിലെ ആസ്ഥാനത്ത് ആരംഭിച്ച കൊട്ടാര വിപ്ലവത്തിന്റെ കേളികൊട്ട് ഇപ്പോഴും തുടരുകയാണ്. ഇത്തവണ അത് മൂര്‍ദ്ധന്യാവസ്ഥയിലെത്തിയിരിക്കുന്നു. ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ അസിസ്റ്റന്റ് സെക്രട്ടറിയായപ്പോള്‍, അന്ന് കിടങ്ങൂര്‍ ഗോപാലകൃഷ്ണ പിള്ളയും കൂട്ടരും തുടങ്ങിവെച്ചതാണ് ആ പോരാട്ടം. പക്ഷേ അവര്‍ എതിര്‍ത്തയാള്‍ ജനറല്‍ സെക്രട്ടറി പദത്തിലെത്തിയെന്ന വളര്‍ച്ചയാണ് സംഭവിച്ചത്. കാരണം എന്‍എസ്എസിന്റെ ഭരണഘടനാ സംവിധാനം അതാണ്; ബാലിക്കു കിട്ടിയ വരംപോലെ, എതിര്‍ക്കുന്നവരുടെ പകുതി ശക്തി കൂടി ആ കസേരയ്ക്കു കിട്ടും. ഒരുപക്ഷേ, സമുദായത്തിന്റെ മനഃശാസ്ത്രം മനസ്സിലാക്കി മന്നത്ത് ആചാര്യന്‍ കരുതിക്കൂട്ടി ചെയ്തുവെച്ചതുമാവാം അതെല്ലാം. രാഷ്ട്രീയത്തിലിറങ്ങിയ എന്‍എസ്എസിന് അത് വേണ്ടവിധം കൈകാര്യം ചെയ്യാനറിയാതെ വന്നപ്പോഴാണ് സമദൂരമെന്ന വിചിത്രനയം കൊള്ളേണ്ടിവന്നത്. ശബരിമലയില്‍ പള്ളികെട്ടാന്‍ നടത്തിയ ശ്രമത്തിനെതിരെ നടന്ന ഐതിഹാസികമായ നിലക്കല്‍ സമരത്തെ ഒതുക്കിയെടുക്കാന്‍ അന്നത്തെ മുഖ്യമന്ത്രി കെ.കരുണാകരന് വിടുപണി ചെയ്തവരില്‍ തുടങ്ങി എന്‍എസ്എസ് രാഷ്ട്രീയത്തിന്റെ പതനം. ഭാരത-ചൈനാ യുദ്ധത്തില്‍ മന്നം കാണിച്ച ദേശസ്‌നേഹമോ സമുദായ സ്‌നേഹമോ പില്‍ക്കാല നേതൃത്വമെല്ലാം മറന്നേപോയി. അപ്പപ്പോഴത്തെ ആവശ്യങ്ങള്‍ക്ക് ആശ്രയവും അഭയവും തേടുന്നവരല്ലാതെ അവകാശവും ആവശ്യവും തിരിച്ചറിയാന്‍ പോലുമറിയാത്തവര്‍ തലപ്പത്തെത്തി. സൊസൈറ്റിയുടെ സംവിധാനപ്രകാരം ബ്രഹ്മാവിനെ അറിയൂ ഇനിയെന്ന്, ഇനിയെന്ത് എന്ന്. പക്ഷേ, ചില യാഥാര്‍ത്ഥ്യങ്ങള്‍ തുറിച്ചുനോക്കുന്നു. കിടങ്ങൂരിന്റെ നേതൃത്വത്തില്‍ ജനറല്‍ സെക്രട്ടറി പി.കെ. നാരായണപ്പണിക്കര്‍ക്കെതിരെ തിരിഞ്ഞപ്പോഴും ജനറല്‍ സെക്രട്ടറിയുടെ കോലം കത്തിച്ച സംഭവമുണ്ടായിട്ടില്ല. സംഘടനയുടെ പ്രസിഡന്റ് അംഗമായ കരയോഗം, ജനറല്‍ സെക്രട്ടറിക്കെതിരെ പ്രമേയം പാസ്സാക്കിയിട്ടില്ല. പക്ഷേ ഇപ്പോള്‍ സ്ഥിതിയെന്താണ്. വെട്ടിപ്പുറം 115-ാം നമ്പര്‍ കരയോഗം പാസ്സാക്കിയ പ്രമേയം പ്രസിഡന്റ് അഡ്വ.പി.എന്‍. നരേന്ദ്രനാഥ് അറിഞ്ഞാണെങ്കില്‍ ജനറല്‍ സെക്രട്ടറിക്കെതിരെയുള്ള അവിശ്വാസമാണത്. പ്രസിഡന്റ് അറിഞ്ഞിട്ടില്ലെങ്കില്‍ അവിശ്വാസം അദ്ദേഹത്തിലേക്കുകൂടി നീളുന്നു. അടിത്തട്ടില്‍ നിയന്ത്രണമില്ലാത്ത നേതാക്കളായി അവര്‍ മാറിയെന്നര്‍ത്ഥം. പ്രമേയത്തിന്റെ അവതരണവും പാസ്സാക്കലും സുരേഷ് ഗോപി സന്ദര്‍ശിച്ച സംഭവത്തില്‍ ജനറല്‍ സെക്രട്ടറിയുടെ വിശദീകരണം വന്നതിനുശേഷമാണ്. അതായത്, വിശദീകരണം കരയോഗങ്ങള്‍ അംഗീകരിക്കുന്നില്ലെന്നര്‍ത്ഥം. ബിഷപ്പിനെ പിന്തുണച്ചതും സ്വീകരിച്ചതും വിവാദമായപ്പോള്‍ നേതൃത്വം നല്‍കിയ വിശദീകരണത്തില്‍ അണികള്‍ തൃപ്തരായി അടങ്ങി. മാത്രമോ, ഇപ്പോള്‍ ആരോപണങ്ങള്‍ എത്രത്തോളമെന്നു നോക്കുക, പ്രമേയങ്ങള്‍ സ്ഥാപിക്കുന്നതിങ്ങനെ-എന്‍എസ്എസിനെ ജനറല്‍ സെക്രട്ടറി കുടുംബസ്വത്തുപോലെയാക്കി. ഗുരുവിനെ വഞ്ചിച്ച ശിഷ്യനായ, ഒറ്റുകാരനായ യൂദാസിനെപ്പോലെയാണ്. പെണ്‍വാണിഭക്കാര്‍ക്കും കള്ളുകച്ചവടക്കാര്‍ക്കും കോഴക്കാര്‍ക്കും കൂട്ടുകച്ചവടക്കാരനായി. സംസ്‌കാരശൂന്യനായി. സമുദായത്തിന് അപമാനമായി. കോമാളിയായി… ഒരുപക്ഷേ, വര്‍ഗ്ഗ വഞ്ചകന്‍ എന്നു വിധിച്ച് സിപിഎം ആക്രമിച്ച ടി.പി. ചന്ദ്രശേഖരന്റെ മുഖം വികൃതമാക്കാന്‍ ശത്രുക്കള്‍ ഏല്‍പ്പിച്ച 51 വെട്ടുകളേക്കാള്‍ മൂര്‍ച്ചയേറിയ പ്രമേയങ്ങള്‍. പക്ഷേ, ഒന്നും സംഭവിക്കില്ല. 30 വര്‍ഷം മുമ്പ്, സുകുമാരന്‍ നായരെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയാക്കിയതിനെതിരെയുള്ള നോട്ടീസ് വായിക്കാന്‍ തന്ന നാട്ടിലെ കരയോഗം ‘പുലി’കള്‍ക്കന്ന് യുവരക്തമായിരുന്നു. അവരിന്ന് വടികുത്തിത്തുടങ്ങി. അന്നത്തെ അഡീഷണല്‍ സെക്രട്ടറി ജനറല്‍ സെക്രട്ടറിയായി. അദ്ദേഹത്തിന്റെ ആക്രോശങ്ങള്‍ക്ക് ക്ഷോഭിക്കുന്ന യൗവനവും. ഈ പതിറ്റാണ്ടുകള്‍ക്കിടയിലെ നായര്‍ സമുദായത്തിന്റെ വളര്‍ച്ച നോക്കാന്‍ 2011 ലെ സെന്‍സസ് പരിശോധിക്കണം. സംഘടനയുടെ വളര്‍ച്ച പഠിക്കാന്‍ എസ്റ്റേറ്റുകളുടെ അതിര്‍ത്തിയും ആദായവും പരിശോധിക്കണം. മന്നം സ്വരുക്കൂട്ടിയ പതിനായിരക്കണക്കിന് ഹെക്ടര്‍ ഭൂമിയ്ക്കപ്പുറം, സ്ഥാപിച്ച മഹദ് കേന്ദ്രങ്ങള്‍ക്കപ്പുറം ഉയര്‍ത്തിയ യശസ്സിനുമപ്പുറം നേട്ടം പറയാനുളളത് പാലക്കാട്ടെ തൃത്താലയില്‍ വരാന്‍ പോകുന്ന കോളേജിന്റെ കഥ മാത്രമായിരിക്കും. സൊസൈറ്റിയുടെ സെറ്റപ്പനുസരിച്ച് ഈ പ്രമേയങ്ങളും മറ്റും വെറും കൊട്ടാര വിപ്ലവമാകും. പക്ഷേ, സൂചനകള്‍ കണ്ട് നിലപാടും നയപരിപാടികളും മാറ്റുന്നതിലാണ് നേതൃത്വത്തിന്റെ ചാതുര്യം. ആദ്യം എന്‍എസ്എസ് ആസ്ഥാനത്തെ ആതിഥേയ നയം പ്രഖ്യാപിക്കണം. പ്രധാനമന്ത്രിയായിരിക്കെ നരസിംഹറാവു സുരക്ഷാവിഭാഗം ഷൂവിട്ട് സമാധിയില്‍ കയറിയപ്പോള്‍ ചിലതെല്ലാം സൊസൈറ്റി തീരുമാനിച്ച് പ്രഖ്യാപിച്ചിരുന്നു. ഇപ്പോള്‍ സുരേഷ് ഗോപി അതൊക്കെയൊന്നു പുതുക്കാന്‍ അവസരം നല്‍കിയിരിക്കുകയാണ്-വിനിയോഗിക്കാം. കീഴടങ്ങുകയല്ല അടങ്ങുകയാണ് വേണ്ടത്. സമാധി മണ്ഡപത്തിലെ നിലവിളക്ക് തിളങ്ങി ജ്വലിക്കണം. അത് മാര്‍ഗദീപ്തികൂടിയാണ്, സമുദായത്തിനു മാത്രമല്ല കേരളത്തിനാകെ. അതിന് വലിയ സന്ദേശങ്ങള്‍ നല്‍കാനുണ്ട്. അത് തിരിച്ചറിയണം. 
**              **                              ** 
പിന്‍കുറിപ്പ്: 
മഹാകവി ഉള്ളൂര്‍ എസ്. പരമേശ്വരയ്യര്‍ പാടിയ പ്രേമസംഗീതമുണ്ട്. ‘വിളക്കു കൈവശമുള്ളവനെങ്ങുംവിശ്വം ദീപമയം, വെണ്മ മനസ്സില്‍ വിളങ്ങിന ഭദ്രനു മേന്മേല്‍ അമൃതമയം’ എന്ന്. ഒന്നുകില്‍ അത് ഉള്‍ക്കൊള്ളാം. അല്ലെങ്കില്‍ മഹാകവി കുമാരനാശാന്റെ വരികള്‍ ഓര്‍മിക്കാം: ‘വണ്ടേ നീ തുലയുന്നു വീണയി വിളക്കും നീ കെടുക്കുന്നിതേ’ എന്ന്. എകെജി സെന്ററിനും എന്‍എസ്എസ് കേന്ദ്രത്തിനും ഒരുപോലെ ബാധകമായ വരികള്‍.
ജന്മഭൂമി: http://www.janmabhumidaily.com/news300406

No comments:

Post a Comment