Monday, July 20, 2015

ഹിന്ദു, ദേശാഭിമാനി, മാതൃഭൂമി

ഹിന്ദു, ദേശാഭിമാനി, മാതൃഭൂമി 
 കാവാലം ശശികുമാര്‍ 
July 14, 2015 

ഹിന്ദുവായിരിക്കുക, ദേശാഭിമാനിയായിരിക്കുക, മാതൃഭൂമിയില്‍ വിശ്വാസമര്‍പ്പിക്കുക. രാജ്യസ്‌നേഹകിള്‍ പലരും എന്നും ആഗ്രഹിക്കുന്ന  കാര്യമാണ്. ഒരേസമയം ഇതു മൂന്നും സാര്‍ത്ഥകമാക്കുക അത്ര ചെറിയകാര്യമല്ല. എന്നാല്‍, ഇതാണെന്നു പറയുകയും അതിനു കടകവിരുദ്ധമായി പ്രവര്‍ത്തിക്കുകയും ചെയ്യുക തീരെ വിഷമകരമല്ല. അല്ലെങ്കില്‍ത്തന്നെയും ചിലത് മാര്‍ക്കറ്റിലെ ബ്രാന്റുകളാകുമ്പോള്‍ അങ്ങനെയാണല്ലോ, എന്തില്ലയോ അതുണ്ടെന്നു പറയും, എന്തല്ലയോ അതാണെന്നു പറയും. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ അവര്‍ എന്താണെന്നു പറയുന്നുവോ അതല്ലാതിരിക്കുകയെന്നതാണ് അവരില്‍ പലരിലും കണ്ടുവരുന്ന പ്രത്യേകത. അതായത്, പേര് ബോധാനന്ദന്‍ എന്നാണ്. പക്ഷേ, വിവരക്കേടായിരിക്കും അടിസ്ഥാനം. സത്യവാന്‍ എന്ന പേരിലാവും അറിയപ്പെടുക, പക്ഷേ, നാട്ടിലെ കുപ്രസിദ്ധ കള്ളനായിരിക്കും. രാമന്റെ പേരും രാവണത്വവും. അതവരുടെ വിധി, അവരെ അനുഭവിക്കേണ്ടിവരുന്നത് ജനങ്ങളുടെ വിധി. ഹിന്ദുവായിരിക്കുക, ഹിന്ദുവാണെന്നഭിമാനിക്കുക, അഭിമാനത്തോടെ ഹിന്ദുവെന്ന് പറയുക- ഇങ്ങനെ നിര്‍ദ്ദേശിക്കുകയും പ്രയോഗിക്കുകയും ചെയ്യുന്ന വലിയൊരു വിഭാഗം ജനതയുണ്ട്. അവര്‍ ഹിന്ദുവെന്നാല്‍ ചിലര്‍ പ്രചരിപ്പിക്കും പോലെ അനുഷ്ഠിക്കുന്ന ആചാര പദ്ധതിതിയില്‍ മാത്രമൊതുങ്ങുന്ന മതമല്ല, അതിനപ്പുറം അതൊരു സംസ്‌കാരമാണ്, അതിനിടയാക്കുന്ന ജീവിതരീതിയാണെന്നു കരുതുന്നവരും അങ്ങനെ പ്രഖ്യാപിക്കുന്നവരും അതിന്‍പ്രകാരം ജീവിക്കുന്നവരുമാണ്. ലോകത്ത് നിര്‍വചനങ്ങളില്‍ കൃത്യമായൊതുങ്ങി ഒരു തത്വവും നൂറുശതമാനവും പ്രായോഗികമായിട്ടില്ലാത്തതിനാല്‍ ഹിന്ദുത്വം എന്നതിന്റെ നിര്‍വചനത്തില്‍ കിറുകൃത്യമായി ജീവിക്കുകയും മുന്നേറുകയും ചെയ്യുന്നവരുടെ എണ്ണം അത്ര കൂടുതലുണ്ടാവില്ല. പക്ഷേ, സത്യം പോലെ, ധര്‍മ്മം പോലെ, അഹിംസ പോലെ ഹിന്ദുത്വവും ഒരു അവസ്ഥയാണ്. നമ്മുടെ രാഷ്ട്രത്തിന്റെ ആത്മാവ് ഈ സാംസ്‌കാരികതയാണെന്നു പണ്ടേക്കുപണ്ടേ വിശ്വസിച്ചു പോരുന്നതും അതുപ്രകാരം ചിലരെങ്കിലും അനുശീലിച്ചു പോരുന്നതും അതുകൊണ്ടാണ്. പക്ഷേ, ഹിന്ദു എന്നത് ഒരു മത വിഭാഗമാണെന്നും അത് വൈദേശികമായ സെമിറ്റിക് മതങ്ങളെ പോലെ ഒരു ആചാര-ആരാധനാ സമ്പ്രദായമാണെന്നും ധരിച്ചിരിക്കുന്നവര്‍ക്ക് ഹിന്ദുവെന്നു കേട്ടാല്‍ കടുത്ത എതിര്‍പ്പാണ്, വിയോജിപ്പാണ്. അവര്‍ വിമര്‍ശിക്കപ്പെടേണ്ടവരോ, കല്ലെറിയപ്പെടേണ്ടവരോ, ഉന്മൂലനം ചെയ്യപ്പെടേണ്ടവരോ ആണെന്ന വികാരമാണ് അക്കൂട്ടര്‍ക്ക്. അതിനുകിട്ടുന്ന ഏത് അവസരവും സര്‍വമതവിശ്വാസങ്ങള്‍ക്കും തുല്യപ്രാധാന്യം നല്‍കണമെന്നു വ്യവസ്ഥചെയ്യുന്ന മതേതരത്വം ഭരണഘടനയുടെ ആമുഖത്തിലെ ആപ്തവാക്യമാണെങ്കില്‍ക്കൂടിയും, അവര്‍ ദുര്‍വിനിയോഗിക്കും. ഏത് അധര്‍മ്മമാര്‍ഗ്ഗവും അതിനു സ്വീകരിക്കും. ആത്യന്തികമായി ആ ലക്ഷ്യത്തില്‍ പരാജയമാണുണ്ടാവുകയെന്നറിയാം. പക്ഷേ, അവസാനംവരെ പൊരുതിയെന്ന് ആരെയോ ബോധ്യപ്പെടുത്താനെന്ന വിധത്തില്‍ അവര്‍ പോരാടിക്കൊണ്ടേയിരിക്കും. ഹിന്ദുവെന്നത് മതപരമാണെങ്കില്‍ ഹിന്ദുസ്ഥാന്‍ എന്താകണമെന്ന ചോദ്യം നില്‍ക്കട്ടെ. പക്ഷേ, ഹിന്ദുവെന്ന് പൊതുവേ പരാമര്‍ശിക്കുന്ന ദ ഹിന്ദുവെന്ന പത്രത്തിന്റെ കാര്യമോ. ദ ഹിന്ദുവെന്ന ചെന്നൈ ആസ്ഥാനമായ ഇംഗ്ലീഷ് പത്രത്തിന്റെ പേര് അങ്ങനെയാണെങ്കിലും അതിന്റെ സ്വഭാവമായ കടുത്ത ഹിന്ദു വിരോധം കുപ്രസിദ്ധമാണ്. അവരുടെ, മാനേജ്‌മെന്റിന്റെ, യഥാര്‍ത്ഥ ദൗത്യം എന്താണെന്നകാര്യത്തില്‍ ഇനിയും വ്യക്തമാകാന്‍ ഏറെയുണ്ട്. അവസരം കിട്ടുമ്പോളെല്ലാം ഹിന്ദുത്വത്തെ-ദേശീയതയെ- ഭാരതീയതയെ- ഭാരത സംസ്‌കാരത്തെ എതിര്‍ക്കുകയോ അവഹേളിക്കുകയോ അവമതിക്കുകയോ ദുര്‍വ്യാഖ്യാനിക്കുകയോ ആ പത്രത്തിന്റെ പ്രത്യക്ഷ ദൗത്യമാണ്. അതിന്റെ ചരിത്രം പറയാനാണെങ്കില്‍ ഏറെ. പക്ഷേ, മാധ്യമ ധര്‍മ്മങ്ങളുടെ മാറ്റുരയ്ക്കുമ്പോള്‍ ഹിന്ദു പ്രകടിപ്പിക്കുന്ന ഹിന്ദുത്വ വിരോധം എങ്ങനെ മാധ്യമ ധര്‍മ്മം പോലും ഉല്ലംഘിക്കുന്നുവെന്നതിന് ഒരുദാഹരണം ഇതാ. കെ. എന്‍. ഗോവിന്ദാചാര്യ ആര്‍എസ്എസ് പ്രചാരകനായിരുന്നു. കേരളത്തിലുള്‍പ്പെടെ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളില്‍ വിവിധ മേഖലകളില്‍ പ്രവര്‍ത്തിച്ചു പരിചയമുണ്ട്- വിദ്യാര്‍ത്ഥി രാഷ്ട്രീയം മുതല്‍ വിദ്വദ്രാഷ്ട്രീയം വരെ. ബിജെപി രാഷ്ട്രീയത്തിന്റെ ഒരുകാലത്തെ ആശയ പ്രചാരണ പരിപാടികളില്‍ പുതിയ നയപരിപാടികളുടെ പ്രയോക്താവായിരുന്നു. പുതിയ സാമൂഹ്യ സംരചനയെന്ന നയപദ്ധതിയിലൂടെ ബിജെപിയെ ഉത്തരേന്ത്യന്‍ രാഷ്ട്രീയ പാര്‍ട്ടിയെന്നും, ബ്രാഹ്മണ മേധാവിത്തപ്പാര്‍ട്ടിയെന്നും മറ്റുമുള്ള എതിരാളികളുടെ അടിസ്ഥാന രഹിത ആരോപണങ്ങള്‍ക്കു മറുപടിയും മറുവിധിയും നല്‍കിയ ആള്‍. ഇടക്കാലത്ത് അദ്ദേഹം സജീവ-നിത്യജീവിത രാഷ്ട്രീയത്തില്‍നിന്നു മാറി, ആഗോളവല്‍കരണത്തിന്റെ ഭാരത സ്വാധീനത്തെക്കുറിച്ച് പഠിക്കുകയായിരുന്നു ലക്ഷ്യം. അടുത്തിടെ, ദ ഹിന്ദു പത്ര ലേഖകനോട് മോദി സര്‍ക്കാരിനെക്കുറിച്ച് ഗോവിന്ദാചാര്യ കാഴ്ചപ്പാടു പങ്കുവെച്ചു. സംശയമില്ല, വാര്‍ത്തതന്നെ. കാരണം ഗോവിന്ദാചാര്യ, പ്രമോദ് മഹാജന്‍, നരേന്ദ്ര മോദി, വെങ്കയ്യ നായിഡു തുടങ്ങിയവര്‍ ഒരേകാലത്ത് ബിജെപിയുടെ രണ്ടാംനിര നേതാക്കളായി പ്രവര്‍ത്തിച്ചവരാണ്. ഒരുകാലത്ത് ബിജെപിയുടെ വളര്‍ച്ചയെക്കുറിച്ചും ഭാരതത്തിന്റെ ഭാവിയെക്കുറിച്ചും സംഘടനാ പ്രവര്‍ത്തനങ്ങളെക്കുറിച്ചുമെല്ലാം പരസ്പരം ചര്‍ച്ചചെയ്ത്, ആശയം പങ്കുവെച്ച്, ഒരേ മനസ്സോടെ പ്രവര്‍ത്തിച്ചവരാണ്. അതുകൊണ്ട് പല തലത്തില്‍ ഗോവിന്ദാചാര്യയുടെ അഭിപ്രായങ്ങള്‍ക്ക് പ്രാധാന്യമുണ്ട്. പക്ഷേ, ഗോവിന്ദാചാര്യയുടെ അഭിപ്രായം പറയുമ്പോള്‍ അത് ആര്‍എസ്എസ് താത്വികാചാര്യന്‍ ഗോവിന്ദാചാര്യയുടെ അഭിപ്രായം എന്ന് വാര്‍ത്തയിലും തലക്കെട്ടിലും ഹിന്ദു പത്രം ചേര്‍ക്കുമ്പോള്‍”അത് അടിസ്ഥാനപരമായി പിഴവാണ്. കാരണം, ഗോവിന്ദാചാര്യ ആര്‍എസ്എസ് താത്വികാചാര്യനല്ലാത്തതുകൊണ്ടുതന്നെ. അദ്ദേഹം ആര്‍എസ്എസിന്റെ ഏതെങ്കിലും ഭാരവാഹിയുമല്ല. ആര്‍എസ്എസ്സിന്റെ- മാധ്യമ ഭാഷയില്‍ പറഞ്ഞാല്‍ സംഘ പരിവാറിന്റെ, ഏതെങ്കിലും പോലും ഭാരവാഹിയല്ല. പിന്നെ എന്തുകൊണ്ട് ഈ വിശേഷണം. പത്രത്തിന് അറിയാതെ സംഭവിച്ച പിഴവല്ല. മണിക്കൂറുകള്‍ വിവിധ തരത്തില്‍, തലത്തില്‍ ചര്‍ച്ചചെയ്ത് തലപ്പത്തുള്ളവര്‍ കൊടുത്ത വിശേഷണമാണത്രെ, താത്വികാചാര്യന്‍ എന്നത്. ശരി, പത്രത്തിന്റെ കണ്ടെത്തല്‍ ആണെന്നു വ്യാഖ്യാനിക്കാമെന്നു വെക്കുക. എന്നാല്‍, ആര്‍എസ്എസ് ഔദ്യോഗികമായി അക്കാര്യത്തില്‍ നല്‍കിയ വിശദീകരണം ദ ഹിന്ദു കണ്ടില്ലെന്നു നടിച്ചു. ആര്‍എസ്എസ് സഹസര്‍കാര്യവാഹ്, ജോയിന്റ് ജനറല്‍ സെക്രട്ടറി, ദത്താത്രേയ ഹൊസബൊളെ വാര്‍ത്താ ഏജന്‍സിയായ പിടിഐക്ക് നല്‍കിയ അഭിമുഖത്തില്‍ നിലപാടു വിശദീകരിച്ചു, ആര്‍എസ്എസിന് താത്വികാചാര്യന്‍ എന്ന പദവിയില്ല, ആരെയും ആര്‍എസ്എസ് അഭിപ്രായം പറയാന്‍ ചുമതലപ്പെടുത്തിയിട്ടില്ല. പതിനായിരക്കണക്കിനു പ്രവര്‍ത്തകരുള്ളവര്‍ക്കാര്‍ക്കും സ്വന്തം അഭിപ്രായം പറയാന്‍ അവകാശമുണ്ട്, പക്ഷേ അതു സംഘടനയുടെ നിലപാടല്ല, ഗോവിന്ദാചാര്യ പറഞ്ഞത് വ്യക്തിപരമായ നിലപാടായിരിക്കും, സംഘടനയുടേതല്ല, സഹ സര്‍കാര്യവാഹ് പറഞ്ഞു. എന്നാല്‍, ദ ഹിന്ദു ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചില്ല. ആര്‍എസ്എസ് സ്വന്തം താത്വികാചാര്യനെ തള്ളിപ്പറഞ്ഞുവെന്ന് മറ്റൊരു നുണവാര്‍ത്തകൂടി എഴുതാനുള്ള സാധ്യത ഉണ്ടായിരിക്കെയും അതുചെയ്തില്ല. ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് ഇഷ്ടാനുസരണം അഭിപ്രായം പറയാമെന്ന മറ്റൊരു കുവാര്‍ത്തയ്ക്ക് സാധ്യത ഉണ്ടായിട്ട് അതും ചെയ്തില്ല. അവിടെയാണ് ഹിന്ദുവിന്റെ ഹിന്ദുത്വ വിരുദ്ധതയുടെ പരിസീമ തിരച്ചറിയേണ്ടത്. ഇനി, ഗോവിന്ദാചാര്യയെ താത്വികാചാര്യനെന്നു വിശേഷിപ്പിച്ചതു തെറ്റായെന്നു തോന്നിയെങ്കില്‍ അതു തിരുത്താനും തയ്യാറായിട്ടില്ല. ദ ഹിന്ദുവിനെ ഹിന്ദു തിരിച്ചറിയേണ്ടതിന്റെ ഒരുപാഠം മാത്രം. ഇങ്ങനെ എത്രയെത്ര. ഹിന്ദുവിനെ ഇംഗ്ലീഷ് ദേശാഭിമാനിയെന്നു വിശേഷിപ്പിക്കുന്ന ഒരു മാധ്യമ വിശകലനക്കാരനുണ്ട്, അഡ്വ. ജയശങ്കര്‍. ഹിന്ദുവിന്റെ വിഫലമാകുന്ന ഇടതുപക്ഷ പ്രചാരണ പരിപാടികളുടെ അടിസ്ഥാനത്തിലാണ് ഈ കൃത്യമായ വിമര്‍ശനം. ദേശാഭിമാനിയെന്ന സിപിഎം മുഖപത്രത്തെക്കുറിച്ച് അറിയാവുന്നവര്‍ക്ക് ഹിന്ദുവിന്റെ തലം തിരിച്ചറിയാന്‍ ഏറെ സഹായകമാണ് ഈ വിശേഷണം. ദേശാഭിമാനി പാര്‍ട്ടിപ്പത്രമാണെന്നത് പരസ്യമാണ്. അതുകൊണ്ടുതന്നെ അതുവായിക്കുന്ന പാര്‍ട്ടി പ്രവര്‍ത്തകര്‍ പോലും ആ മുന്‍വിധിയുണ്ടാകും. വാര്‍ത്തയ്ക്ക് അതനുസരിച്ചുള്ള വിശ്വാസ്യതയുടെ മാര്‍ജ്ജിനും നല്‍കും. അവര്‍ക്കുള്ള ഹിന്ദുത്വവിരോധവും ഹിന്ദുത്വ പ്രസ്ഥാനങ്ങളോടുള്ള വിരോധവും ദേശാഭിമാനി തെല്ലും മറച്ചുവെക്കാറില്ല. എന്നല്ല, ആ വിരോധം ആളിക്കത്തിക്കാന്‍ അവര്‍ വാര്‍ത്ത വളച്ചൊടിക്കും, മാധ്യമധര്‍മ്മത്തെ കശക്കി കശാപ്പുചെയ്യും. ഏറ്റവും പുതിയ ഉദാഹരണമാണ്, കണ്ണൂരില്‍ മനോരോഗി ഒരു കുട്ടിയെ തെരുവില്‍ കൊലപ്പെടുത്തിയ വാര്‍ത്ത മറ്റെല്ലാ പത്രങ്ങളില്‍നിന്നും വ്യത്യസ്തമായി ദേശാഭിമാനിയില്‍വന്നത്. ആര്‍എസ്എസ്‌കാരന്‍ സിപിഎംകാരന്റെ മകനായ മുസ്ലിം വിദ്യാര്‍ത്ഥിയെ വാള്‍ കൊണ്ടുവെട്ടിക്കൊന്നുവെന്നാണ് അവര്‍  വാര്‍ത്തയെഴുതിയത്. ഒന്നുകില്‍ ബോധപൂര്‍വം മറ്റൊരു കലാപത്തിനുവേണ്ടി എഴുതിയത്. അല്ലെങ്കില്‍, കതിരൂര്‍ മനോജ് വധക്കേസില്‍ കണ്ണൂര്‍ കലാപ കാപാലികതകളുടെ തലതൊട്ടപ്പന്റെ കൈയില്‍ സിബിഐയുടെ വിലങ്ങുവീഴുമെന്നായപ്പോഴുണ്ടായ മനോവിഭ്രാന്തിയിലാവാം ഈ കാഴ്ചപ്പിശകെന്നു സമാധനിക്കാം. അല്ലെങ്കിലും ഇന്നത്തെ ദേശാഭിമാനിയാണല്ലോ എന്നു സമാധാനിക്കാം; പണ്ടെത്തെ, ധീര ദേശാഭിമാനിയും ആദര്‍ശനിഷ്ഠാവാനും ഹിന്ദുത്വാഭിമാനിയുമായിരുന്ന ടി. കെ. മാധവന്റെ ദേശാഭിമാനി പത്രമല്ലല്ലോഎന്ന്. നമ്മുടെ മാതൃഭൂമി, ഭാരതം, കുടുതല്‍ മാനിതയായിക്കൊണ്ടിരിക്കുകയാണ് ആഗോള തലത്തില്‍. എന്നാല്‍, മാതൃഭൂമി പത്രത്തിനെന്തുപറ്റിയെന്നു മൂക്കില്‍ വിരല്‍ വെച്ചു പോകാതിരിക്കില്ല വായനക്കാര്‍ പലരും. സുരേഷ് ഗോപിയുടെ പെരുന്ന എന്‍എസ്എസ് ആസ്ഥാന സന്ദര്‍ശന വിഷയത്തില്‍ എന്‍എസ്എസ്സിനെ വിമര്‍ശിച്ചു പിണക്കേണ്ടെന്ന് ആര്‍എസ്എസ് നിര്‍ദ്ദേശിച്ചതായി പത്രത്തില്‍ ഒരു വാര്‍ത്ത. അങ്ങനെയൊരു വാര്‍ത്ത ആ പ്രസ്ഥാനം നല്‍കിയ പരസ്യ പ്രസ്താവനയുടെ അടിസ്ഥാനത്തിലല്ല. പ്രസ്ഥാനത്തിന്റെ ഏതെങ്കിലും നേതാവോ, പ്രവര്‍ത്തകനോ പോലും പരസ്യമായി പറഞ്ഞിട്ടുള്ളതല്ല, അങ്ങനെ വരുന്ന അഭിപ്രായം സംഘടനയുടേതല്ലെങ്കില്‍കൂടിയും. ആര്‍എസ്എസ് പ്രസ്ഥാനത്തെയും ഹിന്ദുത്വ ആദര്‍ശത്തെയും സംസ്‌കാരത്തെയും ദേശീയതയേയും എതിര്‍ക്കുന്നതില്‍ ഇന്ന് മാതൃഭൂമി കാണിച്ചുവരുന്ന നിഷ്ഠയും വ്യഗ്രതയും വാശിയും വീറും ആരെയും അമ്പരപ്പിക്കുന്നതാണ്. കാരണം, സ്വാതന്ത്ര്യ സമര വഴികളില്‍ മാതൃഭൂമി നമ്മുടെ മാതൃഭൂമിക്കുവേണ്ടി നടത്തിയ പോരാട്ടങ്ങളുടെ ചരിത്രം ചെറുതല്ല. പക്ഷേ, ഇന്ന് മാതൃഭൂമിയുടെ ദൗത്യം മറ്റു ചിലതാണെന്നു സംശയിക്കേണ്ടതുതന്നെയാണ്. അതെ, ‘മാതൃഭൂമി’യിലും ‘ദേശാഭിമാനി’യായ ‘ഹിന്ദു’ ഇന്ന് അപകടവഴിയിലാണ്. പക്ഷേ, സമാധാനം നല്‍കുന്നത് അവയെ ഉപജീവിക്കുന്നവര്‍ക്കെല്ലാം, ചെയ്യുന്ന ജോലിക്കു കൂലി വാങ്ങുന്നുവെങ്കിലും, ആ കാഴ്ചപ്പാടുകളില്ലെന്നതാണ്. അതൊരു നല്ലവെളിച്ചമാണലോ. പ്രതീക്ഷ നല്‍കുന്ന വെളിച്ചം…
 **        **        ** 
പിന്‍ കുറിപ്പ്: 
തൊഴിലാളി ക്ഷേമവും സംരക്ഷണവുമാണ് പത്രത്തിന്റെ മുഖപ്രസംഗം. സര്‍വ ജീവനക്കാര്‍ക്കും സ്വയം പിരിഞ്ഞു പോകലിനുള്ള അവസര നോട്ടീസായിരുന്നു അന്ന് മാനേജ്‌മെന്റിന്റെ വാഗ്ദാനം. നിത്യ തൊഴിലാളിയില്ല, ഒക്കെയും കരാര്‍ പണിക്കാരായി മാറി. ഏതു സമയത്തും പുറത്തേക്കുള്ള വഴി കാണിക്കപ്പെടാം. ‘എഴുത്തോ നിന്റെ കഴുത്തോ’ എന്ന എം. ഗോവിന്ദന്റെ ചോദ്യം എപ്പോഴും ചെവിയില്‍ മുഴങ്ങിക്കൊണ്ടിരിക്കും- ‘അടിയന്തരാവസ്ഥ’ക്കാലമാണ് ദി ഹിന്ദുവില്‍ കുറേ നാളായി. ഇന്ന രീതിയില്‍ എഴുതാന്‍ പറയുമ്പോള്‍ ജീവനക്കാര്‍ ചിലരെങ്കിലും കഴുതകളായി നാലുകാലില്‍നിന്ന് അമറാന്‍ വിധിക്കപ്പെട്ടവരാണ്. മറ്റു രണ്ടിടത്തും സ്ഥിതി വ്യത്യസ്തമല്ല, സാഹചര്യം മാത്രമാണ് ഭിന്നം.
ജന്മഭൂമി: http://www.janmabhumidaily.com/news302775

No comments:

Post a Comment