Monday, July 20, 2015

അദ്വാനി അടിയന്തരാവസ്ഥ പ്രസ്താവിച്ചപ്പോള്‍

അദ്വാനി അടിയന്തരാവസ്ഥ പ്രസ്താവിച്ചപ്പോള്‍ 
കാവാലം ശശികുമാര്‍
June 23, 2015 
 മുതിര്‍ന്ന ബിജെപിനേതാവ് ലാല്‍ കൃഷ്ണ അദ്വാനി അടിയന്തരാവസ്ഥയെക്കുറിച്ചു പ്രസ്താവിച്ചപ്പോള്‍ ഏറ്റവും കൂടുതല്‍ സന്തോഷിച്ചത് കോണ്‍ഗ്രസുകാരായിരുന്നത് എന്തുകൊണ്ടാണ്? നരേന്ദ്ര മോദി സര്‍ക്കാരിനെ കരിപൂശാന്‍ കിട്ടുന്നതെന്തും വിനിയോഗിക്കാന്‍ കാത്തിരിക്കുന്നവര്‍ അതു വിനിയോഗിക്കുകതന്നെ ചെയ്യും, ചെയ്യണം. പക്ഷേ, പിടിച്ചതു പുലിവാലാണെങ്കിലോ? വിട്ടുകളയുക എളുപ്പമല്ലല്ലോ. ശരിക്കും കോണ്‍ഗ്രസ് പിടിച്ചതു പുലിവാലുതന്നെയായിരുന്നു. കോണ്‍ഗ്രസെന്നല്ല, അദ്വാനിയെചാരി മോദിയെ തല്ലാനിറങ്ങിത്തിരിച്ചവരെല്ലാം മോശക്കാരാകുകതന്നെ ചെയ്തു. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ട് 40 വര്‍ഷമാകാന്‍ ഇനി ദിവസങ്ങള്‍ മാത്രം, 1975 ജൂണ്‍ 25-ന് അര്‍ദ്ധ രാത്രിയിലായിരുന്നല്ലോ ജനാധിപത്യത്തിനു മേല്‍ ഇടിത്തീപോലെ അതു സംഭവിച്ചത്. കോണ്‍ഗ്രസ് പ്രധാനമന്ത്രി ഇന്ദിരാഗാന്ധി തന്റെ അധികാരം നിലനിര്‍ത്താന്‍ ഭരണ ഘടനയിലെ 352-ാം വകുപ്പ് ദുരുപയോഗം ചെയ്ത് നടപ്പാക്കിയ കരാളത. അടിയന്തരാവസ്ഥയ്ക്കു 40 വര്‍ഷമാകുമ്പോള്‍ ഈ 50 വയസുകാരന്‍ അതോര്‍മ്മിക്കുന്നത് അനുഭവിച്ചവരില്‍നിന്നു കേട്ട കാര്യങ്ങളിലും അറിഞ്ഞവര്‍ നല്‍കിയ വിവരണങ്ങളിലും കൂടിയാണ്. അന്നത്തെ പത്തുവയസുകാരന്റെ ഓര്‍മ്മകളില്‍ ഇന്നും സര്‍ക്കാര്‍ സ്‌കൂളിന്റെ ചുവരുകളില്‍ ‘ഇരുപതിന പരിപാടി വിപ്ലവ പരിപാടി’യെന്നുള്ള പോസ്റ്ററുണ്ട്… പിറ്റേന്ന് അതിനുമേലേ ‘അടിയന്തരാവസ്ഥ അറബിക്കടലില്‍’ എന്ന് പോസ്റ്ററില്‍ വായിച്ചതും സ്‌കൂളില്‍ പോലീസ് വന്നതും അതേ അമ്പരപ്പോടെ ഇന്നും മനസിലുണ്ട്… അയ്യപ്പന്‍ ചേട്ടന്‍ വള്ളത്തില്‍ വന്ന് ഒരു മതിലില്‍ ‘അടിയന്തരാവസ്ഥ അറബിക്കടലില്‍’ എന്നെഴുതിത്തീരും മുമ്പ് പോലീസുകാര്‍ പിടികൂടിയതും ബൂട്ടിട്ട കാലുകള്‍ കൊണ്ട് ചവിട്ടിച്ചതച്ചതും കണ്ടു നിന്ന ബാല്യകാല ഓര്‍മ്മയുണ്ട്… വിസില്‍ മുഴക്കി പിന്നാലെ വരുന്ന കാക്കിക്കാരെ തോല്‍പ്പിച്ച,് കാടുപിടിച്ചകാവിലേക്കു കയറിപ്പോയ ഉണ്ണിയെന്നയാളെ, ഇന്നും നാട്ടിലെ വീട്ടുമുറ്റത്ത് പാടത്തിനക്കരെയുള്ള കാവുകാണുമ്പോളെല്ലാം ഓര്‍മ്മിച്ചു പോകാറുണ്ട്… രാത്രിയില്‍ അസമയത്ത് എങ്ങോനിന്നു വീട്ടില്‍വന്ന് കയറി കിട്ടുന്നതെന്തെങ്കിലും കഴിച്ച് എങ്ങോട്ടോ പോകുമായിരുന്ന ഒരു രവിച്ചേട്ടന്‍, ഒരുദിവസം രാത്രി തങ്ങാന്‍ ഇടം ചോദിച്ചിട്ട് അതുനവദിക്കാതിരുന്ന മുന്‍ പട്ടാളക്കാരനായ വല്യച്ഛനു മുന്നില്‍ വീരവാദങ്ങള്‍ നടത്തി പോയി, പിറ്റേന്ന് പോലീസ് പിടികൂടി മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് കുടലിനു പകരം പ്ലാസ്റ്റിക് കുഴലുമായി ജീവിക്കേണ്ടി വന്ന അകന്ന ബന്ധു ശിവന്‍ചേട്ടന്‍, അമ്പലപ്പറമ്പില്‍ കൂട്ടംകൂടി ശാഖയിലെ കളികള്‍ കളിക്കുമ്പോള്‍, കൂടെക്കൂടെ കക്ഷത്തില്‍ ഡയറിയും ഇടുക്കിപ്പിടിച്ചു വന്ന്, ആര്‍എസ്എസ് ശാഖ നടത്തിയിരുന്ന ചേട്ടന്മാരെക്കുറിച്ച് രഹസ്യാന്വേഷണം നടത്തിപ്പോകുമായിരുന്ന സിഐഡി പോലീസ് വിജയന്‍… അങ്ങനെ ചില ഓര്‍മ്മകളില്‍മാത്രമായിരുന്ന അടിയന്തരാവസ്ഥയുടെ കരാളത അറിഞ്ഞത് പില്‍ക്കാലത്ത് മുതിര്‍ന്നവരുടെ അനുഭവ വിവരണങ്ങളില്‍നിന്നാണ്. പക്ഷേ, പില്‍ക്കാലത്തറിഞ്ഞ അടിയന്തരാവസ്ഥയുടെ ഭീകര കാലത്തെക്കുറിച്ചുള്ള ഓര്‍മ്മകള്‍ ആരെയും നടുക്കുന്നതാണ്. ആയിരക്കണക്കിനു പേര്‍ക്കാണ് ഉള്ളുലയ്ക്കുന്ന അനുഭവങ്ങള്‍ പറയാനുള്ളത്. കോരിത്തരിപ്പിക്കുന്ന ഓര്‍മ്മകളാണവ.പക്ഷേ, പല കാരണങ്ങള്‍കൊണ്ട് അത് ഭാരതത്തില്‍, കേരളത്തില്‍ പ്രത്യേകിച്ച് ഔദ്യോഗിക ചരിത്രത്തിലില്ലാതെ പോയി. അടിയന്തരാവസ്ഥ ഇവിടെ പി. രാജന്‍ എന്ന എഞ്ചിനീയറിങ് കോളെജ് വിദ്യാര്‍ത്ഥിയുടെ പോലീസ് കസ്റ്റഡിയിലെ കൊലപാതകവും കക്കയം ക്യാമ്പും കെ. കരുണാകരനും അച്യുതമേനോനുമൊക്കെമാത്രമായി ചുരുങ്ങിപ്പോയി. അതിനു പന്നില്‍ ചില സംഘടിത ശ്രമങ്ങളുണ്ടെന്നുതന്നെ സംശയിക്കണം. അടിയന്തരാവസ്ഥയുടെ യഥാര്‍ത്ഥ ചരിത്രം ചര്‍ച്ചചെയ്യപ്പെടണമെന്നത് ജനാധിപത്യത്തിന്റെ ആരോഗ്യ സംരക്ഷണത്തിന് അത്യാവശ്യമാണെന്ന സന്ദേശമാണ് വാസ്തവത്തില്‍ അദ്വാനിയുടെ പ്രസ്താവന നല്‍കുന്നതെന്നതാണ് വാസ്തവം. അടിയന്തരാവസ്ഥയെക്കുറിച്ച്, അതിനു ശേഷമുണ്ടായ രാഷ്ട്രീയ അവസ്ഥകളെക്കുറിച്ച് കോണ്‍ഗ്രസ് നേതാവയിരുന്ന കെ. കരുണാകരന്‍ നടത്തിയ ഒരു വിവാദ പ്രസ്താവന ഓര്‍മ്മയില്‍ വരുന്നു. പിന്നീട് കരുണാകരന്‍ കോണ്‍ഗ്രസ് ഹൈക്കമാണ്ടിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് അതു പിന്‍വലിക്കുകയും ചെയ്തു. പിന്‍വലിക്കുകയല്ല, പ്രയോഗിച്ചു പഴക്കം വന്ന പതിവു ശൈലിയില്‍ ഞാന്‍ അങ്ങനെ പറഞ്ഞിട്ടില്ല എന്ന പുതു പ്രസ്താവന നടത്തി. മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് കരുണാകരന്റെ നേതൃമാറ്റം ആവശ്യപ്പെട്ട് കോണ്‍ഗ്രസില്‍ പ്രക്ഷോഭം നടക്കുന്ന കാലം. അന്ന് ഇന്ദിരാ അനുസ്മരണ ചടങ്ങില്‍ സംസാരിക്കവേ കരുണാകരന്‍ പ്രസ്താവിച്ചു, അടിയന്തരാവസ്ഥ കഴിഞ്ഞ് തെരഞ്ഞെടുപ്പു നടന്നു. അതില്‍ തോറ്റതിന്റെ വിഷമത്തില്‍ ഇരിക്കുന്ന ഇന്ദിരാജിയോട് സൈനിക മേധാവി പറഞ്ഞു, ”വേണമെങ്കില്‍…” പൂര്‍ത്തിയാക്കിയത് കരുണാകര ശൈലിയില്‍ പറഞ്ഞും പറയാതെയും ആംഗ്യം കാണിച്ചുമൊക്കെയായിരുന്നു. അതിന്റെ ആശയം ഇന്ദിരയ്ക്ക് അധികാരത്തില്‍ തുടരാന്‍ സൈന്യം കൂടെ നില്‍ക്കാമെന്നു പറഞ്ഞു, പക്ഷേ, ഇന്ദിര അതു നിരസിച്ചുവെന്നാണ്. ഇന്ദിരയുടെ ജനാധിപത്യ ബോധത്തെക്കുറിച്ചു പറയാനും വെള്ളപൂശാനുമായിരുന്നിരിക്കണം ഉദ്ദേശിച്ചത്. ഐഎസ്ആര്‍ഒ ചാരക്കേസില്‍ സംസ്ഥാന പോലീസ് മേധാവിയായിരുന്ന രമണ്‍ ശ്രീവാസ്തവയെ വഴിവിട്ട് സംരക്ഷിക്കുന്നുവെന്നതിന്റെ പേരില്‍ നടന്ന ഉള്‍പ്പാര്‍ട്ടി പോരില്‍ മുഖ്യമന്ത്രിസ്ഥാനം നഷ്ടമാകുമെന്ന ഘട്ടത്തിലായിരുന്നു കരുണാകരന്റെ പ്രസ്താവന. പ്രസ്താവന മാധ്യമങ്ങളില്‍ വിവാദമായതോടെ ഹൈക്കമാണ്ട് ഇടപെട്ടു, കരുണാകരന്‍ തിരുത്തി. വാസ്തവത്തില്‍ അടിയന്തരാവസ്ഥയ്ക്കപ്പുറം പട്ടാള വിപ്ലവത്തിന്റെ സാധ്യതപോലും രാജ്യത്തുണ്ടായിരുന്നുവെന്നാണ് കരുണാകരന്‍ വെളിപ്പെടുത്തിയത്. ഇന്ദിരാഗാന്ധിയുമായി അത്ര അടുപ്പമുണ്ടായിരുന്ന കരുണാകരന്‍ പറഞ്ഞത് മുഴുവന്‍ ശരിയായിരിക്കില്ല, എന്നാല്‍ അതില്‍ വലിയൊരു ശരിയുണ്ടായിരുന്നിരിക്കണം താനും. സൈനിക മേധാവി ഇന്ദിരയോടല്ല, ഇന്ദിര സൈനിക മേധാവിയോട് അങ്ങനെ ഒരു സാധ്യത ചോദിക്കുകയായിരുന്നിരിക്കണം ചെയ്തത്. ഏതെങ്കിലും കാലത്ത് ഒരുപക്ഷേ വെളിപ്പെട്ടേക്കാവുന്ന സത്യം. അതാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ, ഇന്ദിരാഗാന്ധിയുടെ, നെഹൃു കുടുംബത്തിന്റെ ജനാധിപത്യത്തോടുള്ള ബഹുമാനം. അതുമറന്നാണ് അടിയന്തരാവസ്ഥയെക്കുറിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ വാചകമടിക്കുന്നത്. അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ പ്രധാനമന്ത്രി ഇന്ദിര ഭാരത ഭരണഘടനയില്‍ത്തന്നെയുള്ള 352-ാം വകുപ്പാണ് വിനിയോഗിച്ചത്. അതിനെതിരേ സ്വാതന്ത്ര്യ സമരം നടത്തി വിജയിച്ചെങ്കിലും ഇനിയൊരിക്കലും ആ സാഹചര്യം ആവര്‍ത്തിക്കാതിരിക്കാന്‍ ഭരണഘടനയില്‍നിന്ന് അത് എന്നെന്നേക്കുമായി നീക്കാന്‍ 40 വര്‍ഷത്തിനിടെ ഒരു സര്‍ക്കാരും തയ്യാറായിട്ടില്ല. സ്വാതന്ത്ര്യ ലബ്ധിയുടെ സുവര്‍ണ്ണ ജൂബിലി ആഘോഷിച്ച ഘട്ടത്തില്‍ ഭരണഘടനാ പരിഷ്‌കരണത്തിന് ലോക്‌സഭാ സ്പീക്കര്‍ നിയോഗിച്ച സമിതിയും ഇക്കാര്യം പരിഗണിച്ചില്ല, അല്ലെങ്കില്‍ അവരുടെ ശ്രദ്ധയില്‍ വന്നിട്ടില്ല. അതായത് ആ ആപത്‌സാധ്യത അവിടെ കിടക്കുന്നുവെന്നര്‍ത്ഥം. ഇന്ന് ഭരണഘടനാ പരിഷ്‌കാരത്തിനുപോലും അധികാരം നല്‍കി ഒരു സര്‍ക്കാരിനെ ജനങ്ങള്‍”തെരഞ്ഞെടുത്ത ഘട്ടത്തില്‍ ഇക്കാര്യത്തെക്കുറിച്ച് ഒരു ആരോഗ്യകരമായ ചര്‍ച്ചയ്ക്കു പകരം, അടിയന്തരാവസ്ഥയുടെ പീഡനകാലം ജയിലില്‍ അനുഭവിച്ച അദ്വാനിയുടെ പ്രസ്താവനയുടെ സദുദ്ദേശ്യം കാണാന്‍ കഴിയാതെ പോയതും അതു വിവാദമാക്കിയതും ചിലരുടെ ആസൂത്രിത പദ്ധതിതന്നെയായിട്ടു വേണം കരുതാന്‍. ദുര്‍ബ്ബല ഭരണനേതൃത്വം ഉണ്ടാകുമ്പോള്‍ ഇനിയും അടിയന്തരാവസ്ഥ വന്നേക്കാനുള്ള സാഹചര്യങ്ങളുണ്ട് എന്ന് അദ്വാനി പറഞ്ഞത് മോദിയെക്കുറിച്ചാണെന്നു വ്യാഖ്യാനിക്കുന്നവര്‍ക്ക് രണ്ട ് അബദ്ധങ്ങള്‍ സ്വയം സംഭവിച്ചു: 1. അവര്‍ ഇന്നലെവരെ പറഞ്ഞിരുന്നത് മോദി അധികാരക്കരുത്തനാണെന്നും കര്‍ക്കശക്കാരനാണെന്നുമായിരുന്നു എന്നത് മറന്നു. 2. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് ഇന്ദിര ദുര്‍ബലയായിരുന്നതുകൊണ്ടായിരുന്നുവെന്ന് അവര്‍ തന്നെ സമ്മതിച്ചു. ഒരു ദിവസത്തേക്ക് മോദിക്കെതിരേ പ്രചരിപ്പിക്കാന്‍ അവര്‍ക്ക് ഒരായുധം കിട്ടി. അത് വളച്ചൊടിച്ചിട്ടാണെങ്കില്‍കൂടിയും, അദ്വാനിജിയുടെ വാക്കുകളായി എന്നത് ദൗര്‍ഭാഗ്യകരംതന്നെയാണ്. ഒരു ദിവസം മുഴുവന്‍ ഇലക്‌ട്രോണിക് മാധ്യമങ്ങള്‍ തന്റെ വാക്കുകള്‍ ദുര്‍വ്യാഖ്യാനം ചെയ്തിട്ടും അതു തിരുത്താന്‍ പിറ്റേന്നുവരെ അദ്ദേഹം കാത്തുവെന്നത് ഗുരുതരമായ കാലതാമസംതന്നെയാണ്. കാരണം, 1990-കളില്‍ പാര്‍ട്ടി ദേശീയ നിര്‍വാഹക സമിതിയോഗത്തില്‍ മാധ്യമ സംസ്‌കാരവും ശൈലിയും സാങ്കേതിക വിദ്യയും മാറുന്നു, അതനുസരിച്ച് പ്രതികരിക്കാന്‍ പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും സജ്ജരാകണമെന്ന് പ്രസംഗിച്ചത് അദ്വാനിജിയായിരുന്നു, അതെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ടു സമര്‍പ്പിക്കാന്‍ സമിതിയെ നിയോഗിച്ചതും പ്രസാര്‍ ഭരതി ബില്‍ ഡ്രാഫ്റ്റ് ചെയ്ത ഈ മുന്‍ വാര്‍ത്താ വിതരണ വകുപ്പു മന്ത്രിയായിരുന്നുവെന്നതും പരിഗണിക്കുമ്പോള്‍ കാര്യം കൂടുതല്‍ ഗൗരവതരമാകുന്നു. വാക്കുപയോഗിക്കുമ്പോള്‍ ഏറെ കരുതണം. നോക്കിയിരിക്കുകയാണ് പലരും. ഒറ്റ ദിവസത്തേക്കെങ്കില്‍ അങ്ങനെ, അല്ല ഒരു നിമിഷത്തേക്കെങ്കില്‍ അങ്ങനെയും. മോദിയെ മോശക്കാരനാക്കാന്‍ ഒരവസരമേ അവര്‍ക്കു വേണ്ടൂ. 

പിന്‍കുറിപ്പ്: 
കാളപെറ്റെന്നു കേട്ടാല്‍ കയറെടുക്കുന്നവര്‍ അതു നരേന്ദ്ര മോദിയുടെ കാളയാണെന്നു കേട്ടാല്‍ കത്തിയെടുക്കുന്നവരായി മാറുന്ന കാലമാണിത്. അതുകൊണ്ട് അദ്വാനിജിയുടെ വാക്കുകള്‍ക്ക് ഇഷ്ടപ്രകാരം വ്യാഖ്യാനം ചമച്ചത്. അതില്‍ കോണ്‍ഗ്രസുകാര്‍ പെട്ടത് ഒരു വര്‍ത്തമാനം. സഖാക്കള്‍ക്കു പറ്റിയത് അതിനേക്കാള്‍ വലുതാണ്. കേരളത്തില്‍ റബ്ബര്‍ കര്‍ഷകര്‍ക്കു വേണ്ടി സിപിഎം നേതൃത്വത്തില്‍ ഒരു സമരപരിപാടി പ്രഖ്യാപിച്ചു. പക്ഷേ, പിറ്റേന്ന് അതുപേക്ഷിച്ചു. കാരണം പറഞ്ഞതോ കേരളത്തിന്റെ വെട്ടിക്കുറയ്ക്കുമെന്നു പറഞ്ഞ കേന്ദ്ര റബ്ബര്‍ സബ്‌സിഡി പുനസ്ഥാപിച്ചതിനാലാണെന്നും. സബസിഡി വെട്ടിക്കുറയ്ക്കുമെന്നാരാണു പറഞ്ഞതെന്നു ചോദിച്ചാലോ? സിപിഎം പരസ്യമായി അവിശ്വസിക്കുകയും രഹസ്യമായി അമിതമായി വിശ്വസിക്കുകയും ചെയ്യുന്ന സംസ്ഥാന ധനമന്ത്രി കെ. എം. മാണിയെന്നുത്തരം. പക്ഷേ, മാണിയെ ഒപ്പമിരുത്തി കേന്ദ്ര വാണിജ്യമന്ത്രി നിര്‍മ്മലാ സീതാരാമന്‍ പ്രസ്താവിച്ചു അങ്ങനെയൊരു തീരുമാനം കേന്ദ്ര സര്‍ക്കാര്‍ എടുത്തിട്ടേ ഇല്ലെന്ന്. മാണി അവിടിരുന്നു വെട്ടിവിയര്‍ത്തു. സിപിഎം മാണിയെ വിശ്വസിച്ച് ആപ്പിനിടയില്‍ വാലു കുടുങ്ങിയ കുരങ്ങനെപ്പോലെയായി. മോദിയുടെ കാള പെറ്റപ്പോള്‍ കെട്ടാനെടുത്ത കയറും വെട്ടാനെടുത്ത കത്തിയും അവര്‍ക്ക്എകെജി സെന്ററിന്റെ മൂലയ്‌ക്കെറിയേണ്ടിവന്നു. വാര്‍ത്തകള്‍ അങ്ങനെയങ്ങനെ ചിലര്‍ ഉണ്ടാക്കുകയാണല്ലോ, ഉണ്ടാവുകയല്ലല്ലോ.
ജന്മഭൂമി: http://www.janmabhumidaily.com/news296693

No comments:

Post a Comment