Monday, July 20, 2015

പെട്ടിപൊട്ടിയ്ക്കുമ്പോള്‍ വായിച്ചറിയുന്നത്

പെട്ടിപൊട്ടിയ്ക്കുമ്പോള്‍ വായിച്ചറിയുന്നത് 
കാവാലം ശശികുമാര്‍
 June 30, 2015
ജനങ്ങള്‍ മനസ്സുതുറക്കുമ്പോള്‍ ആ വിവരം അടഞ്ഞപെട്ടിയിലാകുന്നതാണ് ജനാധിപത്യപ്രക്രിയയുടെ നടത്തിപ്പു വഴിയിലെ പല സുപ്രധാനനിമിഷങ്ങളിലൊന്ന്. കാലം പുരോഗമിക്കുകയും സങ്കേതികത വളരുകയും ചെയ്തപ്പോള്‍ പെട്ടിക്കുപകരം യന്ത്രങ്ങളായി എന്നുമാത്രം.എങ്കിലും മനസ്സു തുറക്കുമ്പോള്‍ പെട്ടിക്കുള്ളില്‍ അടയ്ക്കപ്പെടുന്ന രഹസ്യം പിന്നീട് പെട്ടി തുറക്കുമ്പോള്‍ പരസ്യമാകും. അതാണ് ജനാധിപത്യത്തിലേക്കുള്ള വഴിയിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിലെ ഏറ്റവും പ്രധാനഘട്ടം. പണ്ട് ബാലറ്റ് പെട്ടികളായിരുന്നത് ഇപ്പോള്‍ ഇവിഎം എന്നറിയപ്പെടുന്ന ഇലക്‌ട്രോണിക് വോട്ടിങ് മെഷീനുകളായി. നാളെ, ഡിജിറ്റല്‍ ഇന്ത്യയുടെ വളര്‍ച്ചയുടെ ഒരു ഘട്ടത്തില്‍ ഓരോരുത്തരുടെയും പക്കലുള്ള സ്മാര്‍ട്ട് ഫോണുകളാകും ആ സ്ഥാനം വഹിക്കുക;അത്ര വിദൂരമല്ലാത്ത കാലത്തില്‍ തന്നെ. എന്നാല്‍, മനസ്സിന്റെ രഹസ്യം രേഖപ്പെടുത്തുന്ന ‘വോട്ടുപെട്ടി’ തുറക്കുമ്പോള്‍ വെളിപ്പെടുന്നത് യഥാര്‍ത്ഥത്തില്‍ വോട്ടു ചെയ്തവരുടെ ഉള്ളിലിരുപ്പുതന്നെയാണോ. അഥവാ പരസ്യമാക്കുന്നതിനെ വിശകലനം ചെയ്യുന്നവരും വിളംബരം ചെയ്യുന്നവരും ശരിയായ രീതിയില്‍ ആ രഹസ്യം വായിച്ചെടുക്കുന്നുണ്ടോ? സംശയമാണ്. അരുവിക്കര നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പു കഴിഞ്ഞു, ജനാഭിപ്രായം ”പെട്ടിയിലായി.” ഇന്ന് പെട്ടി തുറക്കുകയായി. ഫലം എന്തുമാകട്ടെ. എന്തായാലും അത് വിശകലനം ചെയ്യുന്നതില്‍ പാര്‍ട്ടികള്‍, വ്യക്തികള്‍, സംഘടനാ നേതാക്കള്‍ എത്രമാത്രം വിജയിക്കുന്നുവെന്നതാണ് ഇവിടെ ചര്‍ച്ചാ വിഷയം. ഓരോ തെരഞ്ഞെടുപ്പ് ഫലവും നല്‍കുന്ന പൊതുസന്ദേശം, മണ്ഡലങ്ങളില്‍ നിന്നുള്ള ജനവിധി സൂചന, ഇങ്ങനെ ഓരോ തെരഞ്ഞെടുപ്പു ഫലവും സ്ഥൂലമായോ സൂക്ഷ്മമായോ വിശകലനം ചെയ്യുന്നതില്‍, യഥാര്‍ത്ഥത്തില്‍ നാം വിജയിക്കുന്നുവോ പരാജയപ്പെടുന്നവോ? ജനവിധി എന്നെല്ലാം ആവേശത്തോടെ പറയുമ്പോഴും ജനമനസ്സ് കൃത്യമായി വായിച്ചെടുക്കാന്‍ തെരഞ്ഞെടുപ്പ് ഫലം സഹായിക്കുന്നുണ്ടോ? വാസ്തവത്തില്‍ രാഷ്ട്രീയ സംവിധാനത്തിനോ തെരഞ്ഞെടുപ്പു സംവിധാനത്തിനോ ഇങ്ങനെയൊരു കൃത്യമായ ജനമനസ്സു കണ്ടെത്തലിനു കഴിയുന്നുണ്ടോ. അതില്ലെങ്കില്‍ വ്യക്തികളുടെ ജനാധിപത്യ ബോധ-വിശ്വാസ പ്രകടനങ്ങളുടെ പൊതുസ്വഭാവമായി ജനാധിപത്യസംവിധാനത്തെ എങ്ങനെ കാണാനാകും? അരുവിക്കരയില്‍ ആരു ജയിക്കുമെന്നതല്ല, ആരുജയിച്ചാലും തെരഞ്ഞെടുപ്പുഫലം വിശകലനംചെയ്ത് എത്തിച്ചേരുന്ന നിഗമനം എന്താണെന്നതാണ് പ്രധാനം. ഇടതുപക്ഷ സ്ഥാനാര്‍ത്ഥി ജയിച്ചാല്‍ തെരഞ്ഞെടുപ്പു ഫലം സര്‍ക്കാരിനെതിരാണെന്നാണോ അര്‍ത്ഥമാക്കേണ്ടത്? യുഡിഎഫ് ജയിച്ചാല്‍ സര്‍ക്കാരിന്റെ ചെയ്തികള്‍ക്കെല്ലാം അരുവിക്കര മണ്ഡലത്തിലെ ജനങ്ങള്‍, അതിലൂടെ കേരള ജനത,നല്ല സര്‍ട്ടിഫിക്കറ്റ് കൊടുത്ത് പിന്തുണ നല്‍കുന്നുവെന്നാണോ അര്‍ത്ഥം? ബിജെപി വിജയിച്ചാല്‍ ജനങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍നയങ്ങള്‍ക്കും നരേന്ദ്രമോദിക്കും ഒ.രാജഗോപാലിനും ഒപ്പമാണെന്നാണോ വിശകലനം ചെയ്യേണ്ടത്, നിഗമനത്തിലെത്തേണ്ടത്. എം.വിജയകുമാര്‍ വിജയിച്ചാല്‍ അത് സിപിഎമ്മിന്റെ നേട്ടമെന്നോ വിഎസിന്റെ നേട്ടമെന്നോ അണിയറയില്‍ ഇരുന്നു പ്രവര്‍ത്തിച്ച പിണറായി വിജയന്റെ നേട്ടമെന്നോ, പുതിയ പാര്‍ട്ടി സെക്രട്ടറി കോടിയേരിയുടെ നേട്ടമെന്നോ കണക്കാക്കേണ്ടത്. അതോ സിപിഎമ്മിന്റെ അനുഭാവികളുടെയും പ്രവര്‍ത്തകരുടെയും രാഷ്ട്രീയ വോട്ടു നേട്ടമെന്നോ. മറിച്ച് ശബരീനാഥനാണ് വിജയമെങ്കില്‍ നേട്ടം എ.കെ. ആന്റണിയുടേതോ, ഉമ്മന്‍ചാണ്ടിയുടേതോ ജി. കാര്‍ത്തികേയന്റെതോ, സുധീരന്റേതോ, കോണ്‍ഗ്രസിന്റെ പരമ്പരാഗത വോട്ടര്‍മാരുടേതോ. രാജഗോപാലാണു വിജയിയെങ്കില്‍ സുരേഷ് ഗോപിക്കോ, വി. മുരളീധരനോ അമിത് ഷായ്‌ക്കോ പാര്‍ട്ടിപ്രവര്‍ത്തകര്‍ക്കോ നേട്ടം അവകാശപ്പെടാനുള്ളത്? സരിതയും പൂന്തുറ സിറാജും വെള്ളാപ്പള്ളി നടേശനും പി.സി.തോമസും  ശശി തരൂരും കെ.എം. മാണിയും തുടങ്ങി സകലരും അവരവരുടെ നിലയില്‍ അവകാശവാദം ഉന്നയിക്കുമ്പോള്‍ പോള്‍ ചെയ്യപ്പെടാതെ പോയ 23.69 ശതമാനം വോട്ടും ‘നോട്ടാ’ വോട്ടും പരിഗണിക്കപ്പെടാതെയുള്ള വിശകലനങ്ങള്‍ കാമ്പുള്ളതോ കഴമ്പുള്ളതോ ആകുന്നുണ്ടോ. അതായത് രാഷ്ട്രീയശക്തിയോ സമുദായശക്തിയോ സ്ഥാനാര്‍ത്ഥിമിടുക്കോ എന്തെങ്കിലും തെരഞ്ഞെടുപ്പു ഫലത്തില്‍നിന്ന് തിരിച്ചറിയാന്‍ കഴിയുന്നുണ്ടോ എന്നതാണ് അടിസ്ഥാന ചോദ്യം. അപ്പോള്‍ തെരഞ്ഞെടുപ്പ് സംവിധാനം കുറ്റമറ്റതാണെങ്കിലും  അത് ജനമനസ്സ് വായിക്കാനുള്ള കൃത്യമായ ഒരു സംവിധാനമാകുന്നില്ല എന്നര്‍ത്ഥം. ജനമനസ്സു വായിക്കാതെ മനസ്സിലാക്കാതെ ജനങ്ങളെ ഭരിക്കുന്ന ക്രമം, എത്ര ജനാധിപത്യപരമാകുമെന്നതാണ് കാതലായ പ്രശ്‌നം. അഴിമതിയായിരുന്നോ അരുവിക്കരയിലെ വിഷയം, അതോ ഭരണനേട്ടമോ? വികസനം, സദ്ഭരണം, ബാര്‍കോഴ, സോളാര്‍വിവാദം തുടങ്ങിയവയും പാണ്ടന്‍ നായയും ബലിയാടും അറവുമാടും മറ്റും മറ്റും വിഷയമായ തെരഞ്ഞെടുപ്പില്‍ ഇക്കാര്യങ്ങളൊക്കെയായിരുന്നോ വോട്ടു ചെയ്യാന്‍ ജനങ്ങള്‍ ആധാരമാക്കിയ കാരണങ്ങള്‍. ഫലം വിശകലനം ചെയ്താല്‍ അതറിയാനുള്ള സംവിധാനമില്ല. സ്ഥാനാര്‍ത്ഥികളോ പാര്‍ട്ടികളോ അവതരിപ്പിക്കുന്ന പ്രകടനപത്രിക എന്ന വാഗ്ദാന  പത്രിക പോലും വോട്ടെടുപ്പില്‍ ജനമനസ്സറിയാനുള്ള മാര്‍ഗ്ഗമല്ല. അങ്ങനെ നോക്കുമ്പോള്‍ അടിമുടി ഒരു പരിഷ്‌കാരമില്ലാതെ ജനവികാരം അളക്കാന്‍, മനസ്സിലാക്കാന്‍, തിരിച്ചറിയാന്‍ നിലവില്‍ സാധ്യമല്ലെന്നതാണ് സത്യം. തെരഞ്ഞെടുപ്പുകള്‍ സര്‍ക്കാരിന്റെ വിലയിരുത്തലാവുമ്പോഴേ ജനാധിപത്യം സാര്‍ത്ഥകമാകൂ. അങ്ങനെ വരണമെങ്കില്‍ ജനങ്ങള്‍ നിശ്ചയിച്ച ഭരണത്തിന്റെ നടപടിക്രമങ്ങളെ വിലയിരുത്താന്‍ അവര്‍ക്ക് അവസരം നല്‍കണം. അതിനൊരു പുതിയ സംവിധാനംതന്നെ രൂപപ്പെടേണ്ടിവരും. ജനാഭിലാഷം സര്‍ക്കാര്‍ അറിയണം. അത് ചര്‍ച്ച ചെയ്ത് പൊതു ധാരണയുണ്ടാക്കണം. അത് നടപ്പാക്കുന്നതില്‍ ഭരണപക്ഷവും പ്രതിപക്ഷവും എന്തുനിലപാടെടുക്കുന്നുവെന്ന് വ്യക്തമാക്കണം. തെരഞ്ഞെടുപ്പുവേളയില്‍ അതിന്റെ നടത്തിപ്പ് ക്രമങ്ങളും നേട്ടവും കോട്ടവും കാരണവും അവതരിപ്പിക്കണം. അതില്‍ ചര്‍ച്ച നടക്കണം, ജനം പ്രതികരിക്കണം. തെരഞ്ഞെടുപ്പുകള്‍ക്കുമുമ്പ് ജനങ്ങള്‍ അജണ്ട നിശ്ചയിക്കണം. അതിനോട് പാര്‍ട്ടികള്‍ നയം പ്രഖ്യാപിക്കണം. ആ നയങ്ങളെ സ്വീകരിക്കാനും തിരസ്‌കരിക്കാനുമുള്ളതായിരിക്കണം വോട്ടുകള്‍. അപ്പോള്‍ നയമില്ലാ പാര്‍ട്ടികള്‍ അപ്രസക്തമാകും, അപ്രത്യക്ഷമാകും, സമൂഹത്തോട് പാര്‍ട്ടികള്‍ക്കും സംഘടനകള്‍ക്കും പ്രതിബദ്ധത കൂടും. ജനബന്ധമില്ലാത്ത ഉദ്യോഗസ്ഥര്‍, ജനവികാരം കണക്കാക്കാതെ തയ്യാറാക്കുന്ന ബജറ്റ് പെട്ടിയിലെ രഹസ്യങ്ങള്‍ക്ക് ബദലുണ്ടാകും. പാണ്ടന്‍നായയും പരനാറിയും ബലിയാടുകളും വേശ്യാലയവും മറ്റും തെരഞ്ഞെടുപ്പിലെ സ്വാധീനഘടകമാകാതെ പോവും. അപ്പോള്‍ ഗ്രാമസഭകള്‍, ജനപ്രതിനിധികളുടെ തദ്ദേശ സ്വയംഭരണ സംവിധാനം, നിയമസഭകള്‍, ലോക്‌സഭാ ഇതെല്ലാം ആ സങ്കല്പത്തിന്റെ അടിസ്ഥാനത്തിലല്ലേ എന്ന ചോദ്യം വരാം. പക്ഷേ മുകളില്‍നിന്നുള്ള അടിച്ചേല്‍പ്പിക്കലുകളില്ലാതെ താഴേത്തട്ടില്‍ നിന്നുള്ള നിര്‍ദ്ദേശങ്ങള്‍ക്കും അഭിലാഷങ്ങള്‍ക്കും മേല്‍പ്പറഞ്ഞസഭകളില്‍ എന്താണ് പ്രസക്തിയെന്നു ചിന്തിച്ചുനോക്കിയാല്‍ നിലവില്‍ ആ സംവിധാനം ഏട്ടിലെ പശുവാണെന്നു കാണാം. ജനപ്രതിനിധികള്‍ യഥാര്‍ത്ഥത്തില്‍ നിയമസഭയില്‍ അവതരിപ്പിക്കുന്നതും ചര്‍ച്ചചെയ്യുന്നതും അവര്‍ പ്രതിനിധാനം ചെയ്യുന്ന മണ്ഡലത്തിലെ ജനങ്ങളുടെ പ്രശ്‌നങ്ങളാണോ.അല്ലേയല്ല. അവരുടെ മണ്ഡലങ്ങളില്‍ വികസനപ്രവര്‍ത്തനങ്ങള്‍ക്കെന്ന പേരില്‍, ബജറ്റിനുപുറമേ പ്രത്യേകഫണ്ട് അനുവദിച്ചതില്‍നിന്നുതന്നെ വ്യക്തമാണ് നിലവിലുള്ള നമ്മുടെ സംവിധാനങ്ങള്‍ അപര്യാപ്തമോ അപൂര്‍ണമോ ആണെന്ന്. അതായത് അധികാരം വികേന്ദ്രീകരണത്തിനുള്ള പഞ്ചായത്തീ രാജ് നിയമനിര്‍മാണം നടത്തുകയും ഭരണഘടനാ ഭേദഗതി കൊണ്ടുവരികയും ചെയ്തിട്ടും കാര്യങ്ങള്‍ ഉദ്ദിഷ്ട ലക്ഷ്യം സാധിക്കുന്നില്ലെന്നുതന്നെ. കക്ഷിരാഷ്ട്രീയത്തിന്റെ അതിപ്രസരത്തില്‍ അംഗങ്ങളുടെ എണ്ണം ഭരണാവകാശം നിര്‍ണയിക്കുമ്പോള്‍, രാഷ്ട്രീയ നേതൃത്വങ്ങളുടെ ഇച്ഛയും താല്‍പ്പര്യവും രാജ്യതാല്‍പ്പര്യങ്ങളെ ബാധിക്കുമ്പോള്‍, ആസൂത്രണമെല്ലാം വെറും ഏട്ടിലെ പശുവായിത്തന്നെ നില്‍ക്കും. ഒരു മണ്ഡലത്തിലെ- അത് ത്രിതല പഞ്ചായത്തായാലും നഗരസഭയായാലും നിയമസഭയായാലും ലോക്‌സഭായായാലും ഈ രാഷ്ട്രീയത്തിനപ്പുറമുള്ള ജനപങ്കാളിത്തത്തോടെ, ജനാഭിപ്രായത്തോടെ ജനകീയാഭിലാഷത്തോടെ ആകുമ്പോഴേ വികസനം യാഥാര്‍ത്ഥ്യമാവുകയുള്ളൂ. ഈ വികസനത്തില്‍ അതത് സ്ഥലത്തിന്റെ പ്രതിനിധിയുടെ പിടിപ്പും പിടിപ്പുകേടും വിലയിരുത്താനുള്ള അവസരം വരുമ്പോഴേ സമ്പൂര്‍ണ്ണ അര്‍ത്ഥത്തില്‍ ജനാധിപത്യം എന്ന വിഭാവനം നടപ്പിലാകൂ. അതിന് തെരഞ്ഞെടുപ്പ് ഫലത്തിന്റെ വിശകലനത്തില്‍ പുതിയൊരു മാര്‍ഗവും രീതിയും രൂപപ്പെടുക തന്നെ വേണം. പാര്‍ട്ടികള്‍ പ്രകടനപത്രിക അവതരിപ്പിക്കുന്നതിനുപകരം ജനങ്ങള്‍ അവരുടെ ആവശ്യപത്രികയും അവകാശപത്രികയും സമര്‍പ്പിക്കുന്ന സംവിധാനം ഉണ്ടാകട്ടെ. അത് നടപ്പിലാക്കാനുള്ള നയപരിപാടികള്‍ പ്രഖ്യാപിക്കുന്നവര്‍ക്ക് വോട്ടുകുത്തട്ടെ. അത് നടപ്പിലാക്കുന്നതിനെ വിലയിരുത്തി അടുത്തവട്ടം വിധി എഴുതട്ടെ. ആവശ്യങ്ങള്‍ നിറവേറ്റാന്‍ കൂട്ടുനിന്നവരോട് പിന്തുണയും എതിര്‍ക്കുന്നവരോട് വിയോജിപ്പും വിധിക്കട്ടെ. അതിനുമുമ്പ് ആര്‍പിഎയില്‍ (ജനപ്രാതിനിധ്യ നിയമത്തില്‍) ജനപ്രതിനിധിയെ തിരിച്ചുവിളിക്കാനുള്ള നിയമനിര്‍മാണം കൂടി വേണ്ടിവരും. ശരിയാണ്. എത്ര സുന്ദരമായ നടക്കാത്ത സ്വപ്‌നം എന്ന് തോന്നാം. പക്ഷേ അനതിവിദൂര ഭാവിയില്‍ നടക്കുമെന്നുറപ്പുള്ള സങ്കല്പമാണ്, ആവശ്യമാണിത്. നോട്ടാ എന്ന സംവിധാനം തെരഞ്ഞെടുപ്പില്‍ നടപ്പാകുമെന്ന് പ്രതീക്ഷിച്ചിരുന്നോ, ഇവിഎം എന്നൊന്ന് സങ്കല്‍പ്പിച്ചിരുന്നോ. സര്‍ക്കാരിനോട് നേരിട്ട് സംവദിക്കാന്‍, അഭിപ്രായങ്ങള്‍ ഇടനിലക്കാരില്ലാതെ പ്രധാനമന്ത്രിയെ അറിയിക്കുന്ന ഒരു സംവിധാനം പ്രാവര്‍ത്തികമാകുമെന്ന് സങ്കല്‍പ്പിച്ചിരുന്നോ. അതെല്ലാം യാഥാര്‍ത്ഥ്യമായിക്കൊണ്ടിരിക്കെ,നമ്മുടെ തെരഞ്ഞെടുപ്പ് സംവിധാനത്തില്‍ അടിമുടിയൊരു മാറ്റം പ്രതീക്ഷിക്കാം. അതിനായി കാത്തിരിക്കാം. ഒരു സ്ഥാനാര്‍ത്ഥി ജയിച്ചാല്‍ അതിനെ എന്റെ നേട്ടമെന്ന് വ്യാഖ്യാനിക്കാന്‍ പൊട്ടന്യായങ്ങള്‍ നിരത്തുകയും അതില്‍ ഞെളിയുകയും ചെയ്യുന്നവര്‍ക്ക് ഇത്തരം മാറ്റങ്ങളില്‍ താല്‍പ്പര്യമുണ്ടാവില്ല. കാരണം അവരുടെ വയറ്റുപിഴപ്പാണ് നിന്നുപോകുന്നത്. **        **        ** പിന്‍കുറിപ്പ്:മഹാകവി കുഞ്ചന്‍ നമ്പ്യാര്‍ നടത്തിയതുപോലത്ര മൂര്‍ച്ചയേറിയ സദുദ്ദേശ്യ സാമൂഹ്യവിമര്‍ശനം പില്‍ക്കാലത്തും സാഹിത്യത്തിലോ രാഷ്ട്രീയത്തിലോ ഉണ്ടായിട്ടില്ല. അദ്ദേഹത്തിന്റെ കവിതയ്ക്ക് ശരവ്യമായ ഒരു സമുദായം നായന്മാരുടേതായിരുന്നു. അവയുള്‍ക്കൊണ്ട കുറച്ചുപേരൊക്കെ ദുസ്സ്വഭാവം ഉപേക്ഷിച്ചുവെന്നതൊഴിച്ചാല്‍ അടിസ്ഥാനപരമായി നോക്കുമ്പോള്‍ ഏതു കുഴലില്‍ എത്രനാളിട്ടാലും സ്ഥായീഭാവം പണ്ടേപ്പോലെതന്നെ; പിന്നെ, പല്ലിനു ശൗര്യം കുറയുക സ്വാഭാവികമാണല്ലോ. നമ്പ്യാര്‍ ഏറ്റവും വിമര്‍ശിച്ച ജന്തുവര്‍ഗ്ഗം നായയുമായിരുന്നുവെന്നത് വെറും വെറും യാദൃച്ഛികത മാത്രം.
ജന്മഭൂമി: http://www.janmabhumidaily.com/news298435

No comments:

Post a Comment