Friday, August 5, 2011

ലക്ഷ്മണോപദേശം, ലക്ഷ്മണന്റെ ഉപദേശം, ഉദാരവല്‍കരണവും

ലക്ഷ്മണോപദേശം, ലക്ഷ്മണന്റെ ഉപദേശം, ഉദാരവല്‍കരണവും
രാമനോ അതോ ലക്ഷ്മണനോ കൂടുതല്‍ പ്രായോഗിക വാദി എന്ന ഒരു സംശയം കഴിഞ്ഞ ദിവസം രാമായണം വായിക്കുന്നതിനിടെ ഉണ്ടായി. എന്തുകൊണ്ട് ലക്ഷ്മണോപദേശം എന്നു പ്രസിദ്ധമാകേണ്ട അദ്ധ്യാത്മ രാമായണ ഭാഗം രാമന്റെ ഉപദേശം കൊണ്ട് മറഞ്ഞു? രാമന്‍ ലക്ഷ്മണനു നല്‍കിയ ഉപദേശം രാമോപദേശമായി അറിയപ്പെടുകയല്ലേ വേണ്ടത്. ലക്ഷ്മണന്‍ നല്‍കിയ ഉപദേശം എന്തുകൊണ്ട് വേണ്ട രീതിയില്‍ ശ്രദ്ധിക്കപ്പെടാതെ പോയി? ലക്ഷ്മണന്‍ വില്ലും പിടിച്ചു നില്‍ക്കുന്ന ഒരു തടിമിടുക്കുള്ള അന്ധനായ ജ്യേഷ്ഠ ഭക്തന്‍ മാത്രമാണോ?
മാന്‍ഡ്രേക്കു കഥകളില്‍ ലോതറിനെ പോലെയേ ലക്ഷ്മണന്‍ ശ്രദ്ധിക്കപ്പെട്ടിട്ടുള്ളു. രാമന്‍ സര്‍വം തികഞ്ഞ ലക്ഷണ യുക്തനായ നായകന്‍ തന്നെ. രാമായണത്തിന്റെ ഉദ്ദേശ്യം തന്നെ അതാണല്ലോ. സീതയുടെ അയനം കൂടിയായിട്ടും രാമായണം രാമന്റെ അയനമായത് ആരാണു ഗുണവാനും വീര്യമാനുമായി ഈ ലോകത്തുള്ളയാള്‍ -'കോന്വോസ്മിന്‍ സംപ്രതം ലോകേ ഗുണവാന്‍ കശ്ച വീര്യവാന്‍? ' -എന്ന ചോദ്യത്തിനുത്തരമായതുകൊണ്ടാണെന്നതാണല്ലോ ന്യായം. പക്ഷേ ലക്ഷ്മണന്റെ കാര്യത്തില്‍ തടിയനായ മാന്‍ഡ്രേക്കിനെ ആപത്തുകളില്‍ രക്ഷിക്കുന്ന തടിയന്‍ ലോതറിന്റെ റോളല്ല അദ്ദേഹത്തിന്റേത്. അതു മനസിലാക്കണമെങ്കില്‍ ലക്ഷ്മണന്റെ ഉപദേശം കേള്‍ക്കണം.... ലക്ഷ്മണന്‍ നല്‍കിയ ഉപദേശം.
നമ്മുടെ കഥകളില്‍, തര്‍ക്കമുണ്ടാകാം, ഞാന്‍ സാധാരണ പറഞ്ഞു കേട്ടിട്ടുള്ള കഥകളില്‍, ലക്ഷ്മണന്‍ ജ്യേഷ്ഠന്റെ സംരക്ഷണത്തിനു സകല സൌഖ്യങ്ങളും, വൈയക്തിക ഭോഗങ്ങളെല്ലാംതന്നെയും, വെടിഞ്ഞ് ഇറങ്ങിത്തിരിച്ച ആളാണ്. ധമ്മ പത്നിയെക്കൂടി ഉപേക്ഷിച്ചിറങ്ങിയതിനു ലക്ഷ്മണന്‍ കേട്ടിട്ടുള്ള പഴി ഏറെയാണ്. രാമന്‍ വിഷ്ണുവും ലക്ഷ്മണന്‍ അനന്തനുമായതിനാല്‍ അവര്‍ ഒന്നിച്ചേ ഉണ്ടാവൂ എന്നെല്ലാമുള്ള കഥയുടെയും വ്യാഖ്യാനത്തിന്റെയും വഴി മറ്റൊന്നാണ്. ഇടയ്ക്കു പറയട്ടെ, രാമായണത്തിലെയും മഹാഭാരതത്തിലെയും കഥയുടെ ഘടനാ സൂത്രം എത്ര സുഘടിതവും ആസൂത്രിതവുമാണെന്നു ചിന്തിച്ച് അമ്പരന്നിരുന്നുപോകും സാഹിത്യപരമായി രാമായണത്തെയും ഇന്നത്തെ ചില സാഹിത്യ മാതൃകകളേയും താരതമ്യം ചെയ്യുമ്പോള്‍.
പറഞ്ഞു വരുന്നത് ലക്ഷ്മണോപദേശത്തെക്കുറിച്ചാണല്ലോ. ഏറ്റവും പ്രചാരം നേടിയ ലക്ഷ്മണോപദേശം ശ്രീരാമന്‍ ലക്ഷ്മണനു നല്‍കുന്നതാണ്-വത്സ! സൌമിത്രേ കുമാര നീ കേള്‍ക്കണം മത്സരാദ്യം വെടിഞ്ഞെന്നുടെ വാക്കുകള്‍..... എന്ന എഴുത്തച്ഛന്‍ രാമായണത്തിലെ വരികളില്‍ ഏറ്റവും പ്രസക്തമായതും ഏറെപ്പേര്‍ പ്രചരിപ്പിക്കുന്നതുമായ വരികള്‍ ഇതാണ്- ഭോഗങ്ങളെല്ലാം ക്ഷണപ്രഭാ ചഞ്ചലം വേഗേന നഷ്ടമാമായുസുമോര്‍ക്ക നീ..... എന്നതാണല്ലോ. സംന്യാസിയായ ശ്രീരാമന്റെ വാക്കുകളാണ് കൊട്ടാരത്തില്‍ യുവരാജാവായി അഭിഷിക്തനാകാന്‍ തുനിഞ്ഞു നിന്ന രാമനില്‍നിന്നു കേള്‍ക്കുന്നത്. എല്ലാത്തരം ഭോഗങ്ങളേയും നിരസിക്കുന്ന, അതിന്റെ നിഷ്ഫലതയേയും നൈമിഷകതയേയും സ്ഫുരിപ്പിക്കുന്ന വാക്കുകള്‍. ആത്യന്തികമായി അതു സത്യമാണുതാനും, വേദാന്ത ഭാഷയില്‍. ജ്യേഷ്ഠനോടുള്ള പരമ ഭക്തിയില്‍, അച്ഛനോടും അമ്മയോടുമുള്ള അടങ്ങാത്ത ക്ഷോഭത്തില്‍ കണ്ണു ചുവന്നു കൈ ചുരുട്ടി നില്‍ക്കുന്ന ഈ ലക്ഷ്മണനില്‍ ഒരു ഭീമനെയായിരിക്കും പലര്‍ക്കും കാണാനായിട്ടുള്ളതെന്നു ഞാന്‍ കരുതുന്നു. (ഭീമന്‍ ദ്വാപരയുഗത്തിലും ലക്ഷ്മണന്‍ ത്രേതായുഗത്തിലും ആണെന്നതൊക്കെ മറ്റൊരു കാര്യം. കഥയും ആശയവും ഉള്‍ക്കൊള്ളുമ്പോള്‍ നമുക്ക് കാലത്തേക്കാള്‍ കഥാപാത്രങ്ങളാണല്ലോ പ്രധാനം. ഭക്തി മുഴുത്തപ്പോള്‍ രാമായണത്തില്‍ എഴുത്തച്ഛന്‍ പോലും ശ്രീരാമനെ ശ്രീകൃഷ്ണാവതാരമായി സ്തുതിക്കുന്നുണ്ടല്ലോ.) അങ്ങനെ ക്ഷുഭിനായ ലക്ഷ്മണന്‍ ശ്രരാമന്റെ ഉപദേശം കേട്ടിട്ടുണ്ടാവുമോ, അഥവാ കേട്ടാല്‍ ഉള്‍ക്കൊണ്ടിട്ടുണ്ടാവുമോ എന്നെല്ലാം ഞാന്‍ ആലോചിച്ചിട്ടുണ്ട്. അത്തരം സംശയങ്ങള്‍ക്കൊക്കെ അവസാനമായി ലക്ഷ്മണന്റെ ഉപദേശം കഴിഞ്ഞ ദിവസം വീണ്ടും വായിച്ചപ്പോള്‍... എന്നല്ല അതിനപ്പുറവും....
ആഗോളവലകരണത്തിന്റെയും സാമ്പത്തിക ഉദാരീകരണത്തിന്റെയും 20-ാം വര്‍ഷമാണിത്. അതായത് ഇന്‍ഡ്യയില്‍ വന്നിട്ട് 20 വര്‍ഷം. നമ്മുടെ ഇപ്പോഴത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് അന്ന് ധനമന്ത്രിയായിരിക്കെയാണ് ഇന്‍ഡ്യയില്‍ ആഗോളവല്‍കരണം ഔദ്യോഗികമായി നടപ്പായത്, രണ്ടു ദശകം മുമ്പ്. അന്നും അതിനു മുമ്പും ശേഷവും ഉണ്ടായ മുറവിളികളും ഇപ്പോള്‍ അതേക്കുറിച്ച് ആരും സങ്കടം പറയാത്തതും ആഗോളവല്‍കരണം ശരിയാണെന്നിപ്പോള്‍ തിരിച്ചറിഞ്ഞതുകൊണ്ടല്ല. മറിച്ച്, ആഗോളവല്‍കരണം ഒരു അനിവാര്യമായ യാഥാര്‍ത്ഥ്യമയതുകൊണ്ടാണ്. ഗുണവും ദോഷവും രണ്ടു ത്രാസുകളില്‍ വച്ച് തൂക്കി നോക്കാന്‍ അത്ര എളുപ്പമല്ലെങ്കില്‍ കൂടിയും ഗുണങ്ങള്‍ ചിലത് അതിനുണ്ടായിരിക്കുന്നു എന്ന് അന്ന് കര്‍ക്കശമായി എതിര്‍ത്തവര്‍കൂടിയും സമ്മതിക്കുന്നു. സാമ്പത്തിക ആളോവല്‍കരണത്തിന്റെ ഗുണഫലങ്ങള്‍ ധാരാളമുണ്ട്. അതേ സയം ദോഷങ്ങള്‍ അതിനേക്കാള്‍ ഏറെയാണ്. ശ്രീരാമോപദേശത്തിലെ ഒരു പ്രശ്നം ഇവിടെയാണ് ഞാന്‍ കാണുന്നത്. ഭൌതിക ലോകത്ത് എല്ലാ ഭോഗങ്ങളും ത്യജിച്ച് ജീവിക്കുവാന്‍ - ജീവിതകാലം അഥവാ ആയുസ്സ് ചുട്ടുപഴുത്തു നില്‍ക്കുന്ന ലോഹത്തിനു മേല്‍ വീഴുന്ന ചെറിയ വെള്ളത്തുള്ളി പോലെ ക്ഷണികമാണെങ്കില്‍ കൂടിയും (വഹ്നി സംതപ്ത ലോഹസ്താംബു ബിന്ദുനാ സന്നിഭം മര്‍ത്യ ജ•ം ക്ഷണ ഭംഗുരം)- വിഷമം തന്നെയാണ്. ആഗോളവല്‍കരണത്തിന്റെ ഒരു ലോകത്ത് നമ്മുടെ രാജ്യം മാത്രം അതില്‍നിന്നു വേറിട്ടു നില്‍ക്കാന്‍ കഴിയാത്ത സ്ഥിതി വന്നത് അങ്ങനെയാണ്. ഒരു പൊതു ലോകക്രമത്തില്‍ ഒരു രാജ്യത്തിനു മാത്രം മാറിനില്‍ക്കുക എളുപ്പമലല്ലോ. അഥവാ മാറി നില്‍ക്കാന്‍ ഒരു രാജ്യത്തെ ജനത മുഴുവന്‍ ശ്രീരാമ മനസ്സുള്ളവരായിരിക്കണം. മഹാത്മാ ഗാന്ധി വിശദീകരിച്ച രാമരാജ്യം അതായിരുന്നു. സ്വയം പര്യാപ്തമായ സ്വാശ്രയ രാജ്യം. അതു നേടാന്‍ ഭോഗങ്ങള്‍ക്ക് അവധി കൊടുക്കേണ്ടിവരും. അത് എത്ര വേദാന്തം പറഞ്ഞാലും ഒരു ജനാധിപത്യ സംവിധാനത്തില്‍, പ്രത്യേകിച്ച് തികച്ചും വ്യത്യസ്തമായി നടപ്പാക്കിപ്പോരുന്ന ഇന്‍ഡ്യന്‍ ജനാധിപത്യത്തില്‍, ഒട്ടും എളുപ്പമല്ലാ താനും. പക്ഷേ ലക്ഷ്മണന്‍ നല്‍കിയ ഉപദേശത്തില്‍ അതു സാധ്യമാക്കുന്നുവെന്നു പറയാനാണ് ഞാന്‍ ശ്രമിക്കുന്നത്.
ലക്ഷ്മണന്‍ ഉപദേശിച്ചത് എപ്പോഴാണ്, ആരെയാണ് എന്ന് അതിശയിക്കുന്നുണ്ടാവും നിങ്ങള്‍. ലക്ഷ്മണന്‍ ഉപദേശിച്ചത് ഗുഹനെ. ഗുഹന്‍ എന്ന വനവാസി നേതാവിനെ. കാട്ടു രാജാവിനെ. ഉപദേശിച്ചത് വനവാസത്തിനിടെ ഗംഗകടന്ന രണ്ടാം രാത്രിയില്‍, സീതയും ലക്ഷ്മണനും വടവൃക്ഷത്തിന്റെ വേരുകളില്‍ കാട്ടിലകള്‍ മുറിച്ചിട്ട് അതില്‍ കിടന്നുറങ്ങുമ്പോള്‍ കാട്ടുരാജാവും ലക്ഷ്മണനും കാവല്‍നില്‍ക്കുമ്പോള്‍, ഗുഹന്‍ ശ്രീരാമന്റെ അവസ്ഥയിലും അതിനു കാരണക്കാരായ കൈകേയിയേയും മന്ഥരയേയും ഭത്സിക്കാനൊരുങ്ങുമ്പോള്‍....
ലക്ഷ്മണന്‍ ശ്രീരാമ തത്വം ഗുഹനു പറഞ്ഞുകൊടുത്തു. സീതയാരെന്നും ലക്ഷ്യമെന്തെന്നും പറഞ്ഞുകഴിഞ്ഞ ലക്ഷ്മണന്‍ ഗുഹനോടു പറഞ്ഞു,
'ഭോഗത്തിനായ്കൊണ്ടു കാംക്ഷിക്കുയും വേണ്ട
ഭോഗം വിധികൃതം വര്‍ജ്ജിക്കയും വേണ്ട' എന്ന്. അതായത് അമിതമായ ഭോഗാസക്തിയില്‍ സമ്പത്തും ആഡംബരവും തേടി പോകരുത്, എന്നു കരുതി ഭോഗങ്ങള്‍ തനിക്കു വന്നു ചേരുന്നത് ഒന്നും കളഞ്ഞ് സര്‍വസംഗ പരിത്യാഗിയാകുകയും വേണ്ട എന്ന്. ഒരുപക്ഷേ ഈ ഉപദേശമായിരിക്കും കൂടുതല്‍ പ്രായോഗികം എന്നു തോന്നുന്നു. പ്രത്യേകിച്ച് മാനുഷ ജ•ം കിട്ടിയത് പൂര്‍ത്തീകരിക്കാന്‍ ഈ നിലപാടു കൂടിയേ തീരൂ. ഇവിടെ ആഗോളവല്‍കരണവും ഉദാരീകരണവും അപകടമില്ലാത്തതായി തീരുന്നു. ആത്മീയതയും ആദ്ധ്യാത്മികയും മാത്രമല്ല, ഭൌതികതയും ആത്മവിശ്വാസവും കൂടി ചേര്‍ന്നാലേ ആയുസിന്റെ സാഫല്യം ഉണ്ടാകുകയുള്ളുവെന്നും സ്ഥാപിക്കപ്പെടുന്നു. അന്ന് ക്ഷുഭിതനായ ലക്ഷ്മണന്‍ ജ്യേഷ്ഠന്റെ ഉപദേശം ഉള്‍ക്കൊണ്ട് രല്പാം രാത്രി സ്വരൂപിച്ചെടുത്ത ഈ നിലപാട് എക്കാലത്തും മനുഷ്യര്‍ക്കുള്ള ഉപദേശമാണെന്നു വേണം കരുതാന്‍. ഒരുപക്ഷേ ശ്രീരാമനേയും തിരുത്തിക്കൊണ്ടു നടത്തിയ ഈ നിലപാടു പറയലാണ് ആധുനിക മനുഷ്യന്റെ, സംന്യാസികളല്ലാത്ത മനുഷ്യന്റെ, സംതുലിതമായ ഭൌതിക ജീവിതത്തിനുള്ള മാര്‍ഗ നിര്‍ദ്ദേശം. പക്ഷേ എന്തുകൊണ്ട് ലക്ഷ്മണന്റെ ഈ ഉപദേശം വേണ്ടത്ര ഉള്‍ക്കൊള്ളാതെ, ചര്‍ച്ചചെയ്യാതെ, പ്രചരിപ്പിക്കപ്പെടാതെ പോയി എന്നതാണ് അതിശയം.

3 comments:

  1. That view expressed by Lkshmana is very much valid,no doubt.It is an extension of "Lkshmanopadesha" delivered by Rama.Bhogangalellam kshanaprabhaa chanjalam-This is a fact.Vegena nashtamam aayussum-This is also a fact.These facts are not contradictory to the views of lakshmana. Eagerness and tall expectations of material comforts and long lasting or everlasting healthy-wealthy and mighty situations are baseless and utopian-That is the essence of these advices and views.

    ReplyDelete
  2. ശശിയേട്ടാ.... നമ്മുടെ പുരാണങ്ങള്‍ക്കും പൗരാണിക സാഹിത്യങ്ങള്‍ക്കും ഉള്ള ഒരു പ്രത്യേകതയായാണ്‌ ഞാനീ വാദത്തെ കാണുന്നത്‌. ഒരോ സംഗതികളേയും ഒന്നിലധികം വീക്ഷണങ്ങളിലൂടെ വിപക്ഷിക്കുവാന്‍ കഴിയുന്നു എന്ന പ്രത്യേകത അതിനുണ്ട്‌. അതിലെ ഓരോ കഥാപാത്രങ്ങളുടേയും വീക്ഷണകോണുകളിലൂടെ നോക്കി നമുക്ക്‌ ഒരു പക്ഷെ ഒരു പുതിയ ചിന്താധാര തന്നെ വളര്‍ത്തിയെടുക്കാമെന്ന്‌ താങ്കള്‍ ഇവിടെ വായനക്കാരെ ഓര്‍മ്മിപ്പിക്കുന്നു. http://arackanvision.blogspot.com

    ReplyDelete