Wednesday, August 31, 2011

ഓണം വരട്ടെ, ഓണം വരുന്നു, ഓണം വന്നു.......


ഓണം വരട്ടെ, ഓണം വരുന്നു, ഓണം വന്നു.......

ഓണം വരട്ടെ, ഓണം വരുന്നു, ഓണം വന്നു- പിന്നെയും ഓണം വരട്ടെ എന്നു തുടങ്ങി എന്നാവര്‍ത്തിക്കുന്ന ഒരു ചക്രം പോലെയാണ് നമ്മുടെ ഏറ്റവും ഗൃഹാതുരത്വമുണ്ടാക്കുന്ന ഓണാഘോഷത്തിന്റെ കാര്യം. ഓണം കേരളീയരുടെ മാത്രമല്ല, മലയാളി എവിടെയുണ്ടോ അവിടെയെല്ലാം ആഘോഷിക്കുന്ന ആഹ്ളാദത്തിന്റെ ഉത്സവമാണ്. പഴയ മാവേലിപ്പാട്ടിന്റെ ഈരടികളില്‍ പറയുന്നുണ്ടല്ലോ "....മാനുഷരെല്ലാരുമൊന്നുപോലെ ആമോദത്തോടെ വസിക്കും കാലം....' എന്ന്. അതേ ആമോദത്തോടെ ഇക്കാലത്തും പുലരുന്ന ഒരു അവസ്ഥ. അതിനു ജാതിയും മതവും വര്‍ഗവും ചിന്തയും ഒന്നും അതിരിടാത്ത അവസ്ഥ. മലയാളി ആഗോളമായി ആഘോഷിക്കുന്ന, താലോലിക്കുന്ന കല്‍പ്പനയാണ് ഓണം എന്നുതന്നെ പറയണം.

ഓണം നമുക്കു മാവേലിയാണ്. വാമനനെന്ന ദൈവവാതാരത്തിനും മുകളില്‍ ദാനവാനും സത്യവാനും വാക്കു മാറ്റാത്തവനും സദ് യശസ്സുള്ളവനും ധര്‍മ്മ പരിപാലകനും നീതിമാനുമായ രാജാവിനെ, അസുര രാജാവിനെ പ്രതിഷ്ഠിച്ച് മാതൃകാ പുരുഷനാക്കി മാറ്റിയിരിക്കുന്നു നമ്മള്‍. അധികാരമേറിയാല്‍ ആരും മറന്നു പോകുന്ന ആദര്‍ശങ്ങളാണ് മാവേലിയുടെ ഗുണഗണങ്ങളില്‍ നാം പാടുന്നത്. കള്ളവും ചതിയും നുണയും പോലുമില്ലാത്ത കാലം. ചതിയും വഞ്ചനയും തീരെ ഇല്ലാത്ത ലോകം. എല്ലാവരും തുല്യരായി ആര്‍ക്കും പ്രത്യേക പരിഗണനയോ അവഗണനയോ ഇല്ലാത്ത ലോകം. ഒരുപക്ഷേ ആ പഴയ നാടന്‍ പാട്ടിന് ഇന്നത്തെ കടുത്ത മത വിശ്വാസങ്ങളുടെയും കനത്ത മതമില്ലായ്മയുടെ മാര്‍ക്സിസത്തിന്റെയും നേരായ ചേര്‍ച്ചയാണ് സമ്മാനിക്കാനാകുന്നത്. അങ്ങനെ മഹാബലിയെന്ന അസുര രാജാവ് ദാന ധര്‍മ്മം കൊണ്ടും നീതി ഭദ്രതകൊണ്ടും ന്യായഭരണം കൊണ്ടും ദേവലോകത്തെയും അമ്പരപ്പിച്ചതും ദേവേന്ദ്രന്‍ തന്റെ സ്ഥാനം നഷ്ടമാകുമെന്നു ഭയന്നതും അസൂയയും ഭയവും മൂത്തപ്പോള്‍ ദാനം തന്റെ മാത്രം മഹത്വമാണെന്ന അഹംഭാവം മഹാബലിയ്ക്കു വര്‍ദ്ധിച്ചപ്പോള്‍ അതു മാര്‍ഗമാക്കി വിഷ്ണുവിനെ വാമനാവതാരം എടുപ്പിച്ചതും മൂന്നടി ഭൂമി ചോദിച്ചതും ആദ്യ രണ്ടു ചുവടുകള്‍ കൊണ്ട് ആകാശവും പാതാളവും അളന്നതും മൂന്നാം ചുവടു പാതാളത്തിലേക്കു വെക്കവേ ബലിയുടെ അഹങ്കാരത്തെയും ശരീരത്തോടൊപ്പം കൊണ്ടു പോയതുമായ പുരാണ കഥയ്ക്കപ്പുറം മഹാബലിയെ ഒരു നാട്ടുരാജാവോ സ്വന്തം നിയോജക മണ്ഡലത്തിലെ സങ്കല്‍പ്പത്തിലുള്ള എംഎല്‍എയോ എംപിയോ ആയി അന്വാഖ്യാനം ചെയ്യാന്‍ മലയാളിയെ പ്രേരിപ്പിക്കുന്നത് അവന്റെ സങ്കല്‍പ്പത്തലും ഉള്ളിന്റെ ഉള്ളിലും ഊറിക്കിടക്കുന്ന ധര്‍മ ബോധവും നീതിചിന്തയും സമത്വ ഭാവനയുംതന്നെ ആയിരിക്കണം.

അതുകൊണ്ടുകൂടിയായിരിക്കണം മലയാളി ഓണത്തെ ഇങ്ങനെ സ്നേഹിക്കുന്നത്.

ഓണത്തിന്റെ വരവ് പണ്ടെല്ലാം പ്രകൃതി മുന്‍കൂട്ടി വിളിച്ചറിയിക്കുമായിരുന്നു, ഇന്നും അങ്ങനെതന്നെ. പക്ഷേ മാറിയ കാലാവസ്ഥയില്‍ കര്‍ക്കിടകത്തിന്റെ കറുത്ത മുഖം മാറുന്നില്ലെന്നതു സത്യമാണെങ്കിലും നിലാവിന്റെ വെണ്‍മയും നിറങ്ങളിലെ മഞ്ജിമയും പക്ഷികളുടെയ കൂജനവും ചെടികളുടെ ഹരിതാഭയും മറ്റും മറ്റും ഓണവരവ് അറിയിക്കുന്നു. ഇന്ന് പ്രകൃതിക്കു വന്ന മാറ്റം പോലെ മനുഷ്യ പ്രകൃതിക്കും മാറ്റമുണ്ടാവുമ്പോള്‍ ഓണവരവ് അറിയിക്കുന്നത് ഉപഭോക്താക്കളെ ആവേശം കൊള്ളിക്കുകയും ആകര്‍ഷിക്കുയും ചെ

യ്യുന്ന പരസ്യങ്ങളിലൂടെയാണെന്നു മാത്രം.

പക്ഷേ, എവിടെവെച്ചാണ് നമ്മുടെ മഹാബലി പൊന്നു തമ്പുരാന്‍ മലയാളി മനസില്‍ ഒരു കോമാളിയായി മാറിയത്. ചിരിക്കാന്‍, ചിരിപ്പിക്കാന്‍, ചിരിയുടെ സാഹചര്യങ്ങള്‍ ആസ്വദിക്കാന്‍ ലോകത്തു മലയാളിയെപ്പോലെ അഗ്രഗണ്യരല്ല മറ്റാരുമെന്നു തോന്നിപ്പോകും. നമ്മുടെ തോലനും കുഞ്ചന്‍ നമ്പ്യാരും വികെഎന്നും സഞ്ജയനും തുടങ്ങി എത്രയെത്ര എഴുത്തുകാര്‍. നമ്മുടെ നാടക-സിനിമാ വേദികള്‍ ഉള്‍പ്പെടെയുള്ള സ്റ്റേജു പരിപാടികളിലേക്കു നോക്കിയാല്‍ എത്രയെത്ര മഹാ•ാര്‍ (അവരെയെല്ലാം പേരെടുത്തു പറയാനാവാത്തത്ര എണമുണ്ട് എന്നതു നമുക്ക് അഭിമാനമാണ്). കഥാ പ്രസംഗവും മിമിക്രിയുമടക്കം ഏതെല്ലാം രംഗത്താണ് നമ്മള്‍ നമ്മുടെ നര്‍മ്മബോധ സമ്പത്തിന്റെ കലവറ തുറന്നുവെച്ചിരിക്കുന്നത്. ഇനിയും തുറക്കപ്പെടാത്തെ എത്രയെത്ര വേറേ. നമ്മുടെ ആ ചിരി പാരമ്പര്യത്തോടു കിടിപിടിക്കുന്ന ഒന്നും ഒരു ലോകത്തുമില്ലെന്ന് അഭിമാനത്തോടെ പറയാം. പക്ഷേ, ചിരിയുടെ, നര്‍മ്മത്തിന്റെ, ശുദ്ധ ഹാസ്യത്തിന്റെ നേര്‍വഴിയില്‍നിന്ന് എപ്പോഴോ തെന്നി വീണ നമ്മള്‍ നര്‍മ്മത്തിന്റെ ധര്‍മ്മം കളഞ്ഞപ്പോളാണ് മാവേലി മലയാളിക്കു കോമാളിയായത്. 'ഓണത്തപ്പാ കുടവയറാ, ഇന്നോ നാളെയോ തിരുവോണം, തിരുവോണക്കറി എന്തെല്ലാം ചേനത്തണ്ടും ചെറുപയറും...'' എന്ന ഒരു പഴംപാട്ടിനെ 'മാവേലിപ്പാട്ടി'നൊപ്പം പാടിപ്പാടി നാം മാവേലിയെ വാക്കില്‍നിന്നു വരയിലേക്കു മാറ്റിയപ്പോഴാകണം മാവേലി കോമാളിയായത്.

വയറുന്തി, കപ്പടാ മീശവെച്ച്, മേനിമുഴുവന്‍ സ്വര്‍ണം പൂശി, ഓലക്കുടയും പിടിച്ച് സ്വര്‍ണ പാദുകങ്ങളും വര്‍ണ്ണക്കിരീടവുമായി കുംഭയും തലോടി കട്ടിപ്പുരികത്തിനടിയിലെ ക്രൂരത മുറ്റിയ കണ്ണുകളുമായി നില്‍ക്കുന്ന മാവേലിയാണ് ഇന്ന് നമ്മുടെ മഹാബലി. രൂപവും ഭാവവുമാണ് പ്രവൃത്തി രൂപപ്പെടുത്തുന്നതെന്ന് പറയുമ്പോള്‍ പ്രവൃത്തികൊണ്ട് നമുക്ക് രൂപത്തെയും വിചിന്തനം ചെയ്യാം. അങ്ങനെയാണെങ്കില്‍ ദാനവാനായ, ധര്‍മിഷ്ടനായ, പ്രജാ തല്‍പരനായ, രാജ്യത്തെ സംരക്ഷിച്ചിരുന്ന ഒരു രാജാവിന് നമ്മുടെ പതിവു ചിത്രങ്ങളില്‍ കാണുന്ന ബാലേ വേഷം തീരെ യോജിക്കുന്നില്ല. ദേവ ദേവനായ, ദേവ ലോക രാജനായ, ഇന്ദ്രനേയും അമ്പരപ്പിക്കുന്ന കരുത്തും കായിക ബലവും സൌന്ദര്യവും സദസ്വഭാവവുമുള്ള മഹാബലിയുടെ രൂപം ഇന്നത്തെ കുടവയറന്റേതാവാനിടയില്ല.

ഇവിടെയാണ് കവടിയാര്‍ രാജകൊട്ടാരത്തിലെ ഇപ്പോഴത്തെ രാജാവ് തന്റെ ഭാവനയില്‍ കണ്ട മഹാബലിയുടെ ചിത്രത്തിന്റെ പ്രസക്തി. അതില്‍ (ഇതോടൊപ്പം ചേര്‍ത്തിരിക്കുന്നു) മഹാബലി നല്ലൊരു യോദ്ധാവാണ്. സുന്ദരനാണ്, മാന്യനാണ്. അസുരനാണെങ്കിലും ദേവ തുല്യനാണ്. ആരാധനയും ബഹുമാനവും തോന്നുന്ന വ്യക്തിത്വം സ്ഫുരിക്കുന്നയാളാണ്.

ഓണത്തിന്റെ പഴയകാല ചിത്രം നമ്മുടെ സങ്കല്‍പ്പത്തില്‍ നിന്നും മായുന്നു, കണ്‍മുന്നില്‍നിന്നെന്നപോലെ. കാലത്തെഴുന്നേറ്റു പൂവിറുക്കാന്‍ കൂട്ടരോടൊത്തു തൊടിയില്‍ പോകുന്നതും പൂക്കളം നിര്‍മിക്കുമ്പോള്‍ സമ്മാനത്തേക്കാള്‍ അഭിമാനം മാനമാക്കി അതു സുന്ദരമാക്കാന്‍ മത്സരിക്കുന്നതും ഊഞ്ഞാലാടി പുതിയ ആയവും ഉയരവും കുറിക്കുന്നതും പുതിയ ഓണക്കോടി അണിയുന്നതും തലപ്പന്തു കളിക്കുന്നതും കിളിത്തട്ടില്‍ ഓടുന്നതും പരിപ്പും പപ്പടവും പായസവും കൂട്ടി ഉണ്ണുന്നതും ശര്‍ക്കരവരട്ടി(പുരട്ടി) നുണഞ്ഞ് രസിക്കുന്നതും എല്ലാം പഴയ തലമുറയുടെ ഓര്‍മകളിലെ പറഞ്ഞു കേള്‍ക്കുന്ന വാക്യങ്ങള്‍ മാത്രമാകുന്നു ഇന്ന്. അന്യനാട്ടുകാര്‍ ഓണമാഘോഷിക്കാന്‍ നമ്മെ പഠിപ്പിക്കുന്ന ഉപഭോഗ സംസ്കാരം നമ്മുടെ മനോഹര സങ്കല്‍പ്പങ്ങളെയും ആചാരങ്ങളെയും ആഘോഷങ്ങളെയും ഡിജിറ്റലാക്കി മാറ്റിയിരിക്കുന്നു. അനുഭവിക്കുന്നതിനു പകരം അവതരിപ്പിക്കുന്നതു മാത്രം കണ്ട് നാം അനുശീലിച്ചു പോന്നിരിക്കുന്നു....ഓണം (ONAM) എവിടെ എത്തി..? ഓ! നാം (O NAM) എവിടെയെത്തി...??!!

എങ്കിലും നമുക്ക് ഓണപ്പാട്ടു വശമുണ്ട്. ഓണക്കാലം ഇന്നത്തേക്കാള്‍ മികച്ചതായ ഒരു പൂര്‍വകാലം നമുക്കുണ്ടായിരുന്നുവെന്ന് നമ്മെ ഓരോരുത്തരേയും ഓര്‍മ്മിപ്പിക്കുന്നു. പകല്‍ മുഴവന്‍ കാട്ടില്‍ ചുറ്റിത്തിരിഞ്ഞ് ഇഷ്ടാനുസരണം മേയുന്ന, കഴുത്തില്‍ കയറില്ലാത്ത പശു അന്തിക്ക് സ്വന്തം വീട്ടുതൊഴുത്തില്‍ മടങ്ങി എത്തുന്നതുപോലെ നാം സ്വന്തം സംസ്കാരത്തില്‍ തിരിച്ചെത്തുന്ന മുഹൂര്‍ത്തം കൂടിയാണ് ഓണക്കാലം.

ഓണം വരട്ടെ, ഓണം വരുന്നു, ഓണം വന്നു.......

ഇനി നമുക്ക് കാത്തിരിക്കാം, അടുത്ത ഓണം വരട്ടെ എന്ന്.....

_

കാവാലം ശശികുമാര്‍

No comments:

Post a Comment