Friday, August 5, 2011

ലക്ഷ്മണോപദേശം, ലക്ഷ്മണന്റെ ഉപദേശം, ഉദാരവല്‍കരണവും

ലക്ഷ്മണോപദേശം, ലക്ഷ്മണന്റെ ഉപദേശം, ഉദാരവല്‍കരണവും
രാമനോ അതോ ലക്ഷ്മണനോ കൂടുതല്‍ പ്രായോഗിക വാദി എന്ന ഒരു സംശയം കഴിഞ്ഞ ദിവസം രാമായണം വായിക്കുന്നതിനിടെ ഉണ്ടായി. എന്തുകൊണ്ട് ലക്ഷ്മണോപദേശം എന്നു പ്രസിദ്ധമാകേണ്ട അദ്ധ്യാത്മ രാമായണ ഭാഗം രാമന്റെ ഉപദേശം കൊണ്ട് മറഞ്ഞു? രാമന്‍ ലക്ഷ്മണനു നല്‍കിയ ഉപദേശം രാമോപദേശമായി അറിയപ്പെടുകയല്ലേ വേണ്ടത്. ലക്ഷ്മണന്‍ നല്‍കിയ ഉപദേശം എന്തുകൊണ്ട് വേണ്ട രീതിയില്‍ ശ്രദ്ധിക്കപ്പെടാതെ പോയി? ലക്ഷ്മണന്‍ വില്ലും പിടിച്ചു നില്‍ക്കുന്ന ഒരു തടിമിടുക്കുള്ള അന്ധനായ ജ്യേഷ്ഠ ഭക്തന്‍ മാത്രമാണോ?
മാന്‍ഡ്രേക്കു കഥകളില്‍ ലോതറിനെ പോലെയേ ലക്ഷ്മണന്‍ ശ്രദ്ധിക്കപ്പെട്ടിട്ടുള്ളു. രാമന്‍ സര്‍വം തികഞ്ഞ ലക്ഷണ യുക്തനായ നായകന്‍ തന്നെ. രാമായണത്തിന്റെ ഉദ്ദേശ്യം തന്നെ അതാണല്ലോ. സീതയുടെ അയനം കൂടിയായിട്ടും രാമായണം രാമന്റെ അയനമായത് ആരാണു ഗുണവാനും വീര്യമാനുമായി ഈ ലോകത്തുള്ളയാള്‍ -'കോന്വോസ്മിന്‍ സംപ്രതം ലോകേ ഗുണവാന്‍ കശ്ച വീര്യവാന്‍? ' -എന്ന ചോദ്യത്തിനുത്തരമായതുകൊണ്ടാണെന്നതാണല്ലോ ന്യായം. പക്ഷേ ലക്ഷ്മണന്റെ കാര്യത്തില്‍ തടിയനായ മാന്‍ഡ്രേക്കിനെ ആപത്തുകളില്‍ രക്ഷിക്കുന്ന തടിയന്‍ ലോതറിന്റെ റോളല്ല അദ്ദേഹത്തിന്റേത്. അതു മനസിലാക്കണമെങ്കില്‍ ലക്ഷ്മണന്റെ ഉപദേശം കേള്‍ക്കണം.... ലക്ഷ്മണന്‍ നല്‍കിയ ഉപദേശം.
നമ്മുടെ കഥകളില്‍, തര്‍ക്കമുണ്ടാകാം, ഞാന്‍ സാധാരണ പറഞ്ഞു കേട്ടിട്ടുള്ള കഥകളില്‍, ലക്ഷ്മണന്‍ ജ്യേഷ്ഠന്റെ സംരക്ഷണത്തിനു സകല സൌഖ്യങ്ങളും, വൈയക്തിക ഭോഗങ്ങളെല്ലാംതന്നെയും, വെടിഞ്ഞ് ഇറങ്ങിത്തിരിച്ച ആളാണ്. ധമ്മ പത്നിയെക്കൂടി ഉപേക്ഷിച്ചിറങ്ങിയതിനു ലക്ഷ്മണന്‍ കേട്ടിട്ടുള്ള പഴി ഏറെയാണ്. രാമന്‍ വിഷ്ണുവും ലക്ഷ്മണന്‍ അനന്തനുമായതിനാല്‍ അവര്‍ ഒന്നിച്ചേ ഉണ്ടാവൂ എന്നെല്ലാമുള്ള കഥയുടെയും വ്യാഖ്യാനത്തിന്റെയും വഴി മറ്റൊന്നാണ്. ഇടയ്ക്കു പറയട്ടെ, രാമായണത്തിലെയും മഹാഭാരതത്തിലെയും കഥയുടെ ഘടനാ സൂത്രം എത്ര സുഘടിതവും ആസൂത്രിതവുമാണെന്നു ചിന്തിച്ച് അമ്പരന്നിരുന്നുപോകും സാഹിത്യപരമായി രാമായണത്തെയും ഇന്നത്തെ ചില സാഹിത്യ മാതൃകകളേയും താരതമ്യം ചെയ്യുമ്പോള്‍.
പറഞ്ഞു വരുന്നത് ലക്ഷ്മണോപദേശത്തെക്കുറിച്ചാണല്ലോ. ഏറ്റവും പ്രചാരം നേടിയ ലക്ഷ്മണോപദേശം ശ്രീരാമന്‍ ലക്ഷ്മണനു നല്‍കുന്നതാണ്-വത്സ! സൌമിത്രേ കുമാര നീ കേള്‍ക്കണം മത്സരാദ്യം വെടിഞ്ഞെന്നുടെ വാക്കുകള്‍..... എന്ന എഴുത്തച്ഛന്‍ രാമായണത്തിലെ വരികളില്‍ ഏറ്റവും പ്രസക്തമായതും ഏറെപ്പേര്‍ പ്രചരിപ്പിക്കുന്നതുമായ വരികള്‍ ഇതാണ്- ഭോഗങ്ങളെല്ലാം ക്ഷണപ്രഭാ ചഞ്ചലം വേഗേന നഷ്ടമാമായുസുമോര്‍ക്ക നീ..... എന്നതാണല്ലോ. സംന്യാസിയായ ശ്രീരാമന്റെ വാക്കുകളാണ് കൊട്ടാരത്തില്‍ യുവരാജാവായി അഭിഷിക്തനാകാന്‍ തുനിഞ്ഞു നിന്ന രാമനില്‍നിന്നു കേള്‍ക്കുന്നത്. എല്ലാത്തരം ഭോഗങ്ങളേയും നിരസിക്കുന്ന, അതിന്റെ നിഷ്ഫലതയേയും നൈമിഷകതയേയും സ്ഫുരിപ്പിക്കുന്ന വാക്കുകള്‍. ആത്യന്തികമായി അതു സത്യമാണുതാനും, വേദാന്ത ഭാഷയില്‍. ജ്യേഷ്ഠനോടുള്ള പരമ ഭക്തിയില്‍, അച്ഛനോടും അമ്മയോടുമുള്ള അടങ്ങാത്ത ക്ഷോഭത്തില്‍ കണ്ണു ചുവന്നു കൈ ചുരുട്ടി നില്‍ക്കുന്ന ഈ ലക്ഷ്മണനില്‍ ഒരു ഭീമനെയായിരിക്കും പലര്‍ക്കും കാണാനായിട്ടുള്ളതെന്നു ഞാന്‍ കരുതുന്നു. (ഭീമന്‍ ദ്വാപരയുഗത്തിലും ലക്ഷ്മണന്‍ ത്രേതായുഗത്തിലും ആണെന്നതൊക്കെ മറ്റൊരു കാര്യം. കഥയും ആശയവും ഉള്‍ക്കൊള്ളുമ്പോള്‍ നമുക്ക് കാലത്തേക്കാള്‍ കഥാപാത്രങ്ങളാണല്ലോ പ്രധാനം. ഭക്തി മുഴുത്തപ്പോള്‍ രാമായണത്തില്‍ എഴുത്തച്ഛന്‍ പോലും ശ്രീരാമനെ ശ്രീകൃഷ്ണാവതാരമായി സ്തുതിക്കുന്നുണ്ടല്ലോ.) അങ്ങനെ ക്ഷുഭിനായ ലക്ഷ്മണന്‍ ശ്രരാമന്റെ ഉപദേശം കേട്ടിട്ടുണ്ടാവുമോ, അഥവാ കേട്ടാല്‍ ഉള്‍ക്കൊണ്ടിട്ടുണ്ടാവുമോ എന്നെല്ലാം ഞാന്‍ ആലോചിച്ചിട്ടുണ്ട്. അത്തരം സംശയങ്ങള്‍ക്കൊക്കെ അവസാനമായി ലക്ഷ്മണന്റെ ഉപദേശം കഴിഞ്ഞ ദിവസം വീണ്ടും വായിച്ചപ്പോള്‍... എന്നല്ല അതിനപ്പുറവും....
ആഗോളവലകരണത്തിന്റെയും സാമ്പത്തിക ഉദാരീകരണത്തിന്റെയും 20-ാം വര്‍ഷമാണിത്. അതായത് ഇന്‍ഡ്യയില്‍ വന്നിട്ട് 20 വര്‍ഷം. നമ്മുടെ ഇപ്പോഴത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് അന്ന് ധനമന്ത്രിയായിരിക്കെയാണ് ഇന്‍ഡ്യയില്‍ ആഗോളവല്‍കരണം ഔദ്യോഗികമായി നടപ്പായത്, രണ്ടു ദശകം മുമ്പ്. അന്നും അതിനു മുമ്പും ശേഷവും ഉണ്ടായ മുറവിളികളും ഇപ്പോള്‍ അതേക്കുറിച്ച് ആരും സങ്കടം പറയാത്തതും ആഗോളവല്‍കരണം ശരിയാണെന്നിപ്പോള്‍ തിരിച്ചറിഞ്ഞതുകൊണ്ടല്ല. മറിച്ച്, ആഗോളവല്‍കരണം ഒരു അനിവാര്യമായ യാഥാര്‍ത്ഥ്യമയതുകൊണ്ടാണ്. ഗുണവും ദോഷവും രണ്ടു ത്രാസുകളില്‍ വച്ച് തൂക്കി നോക്കാന്‍ അത്ര എളുപ്പമല്ലെങ്കില്‍ കൂടിയും ഗുണങ്ങള്‍ ചിലത് അതിനുണ്ടായിരിക്കുന്നു എന്ന് അന്ന് കര്‍ക്കശമായി എതിര്‍ത്തവര്‍കൂടിയും സമ്മതിക്കുന്നു. സാമ്പത്തിക ആളോവല്‍കരണത്തിന്റെ ഗുണഫലങ്ങള്‍ ധാരാളമുണ്ട്. അതേ സയം ദോഷങ്ങള്‍ അതിനേക്കാള്‍ ഏറെയാണ്. ശ്രീരാമോപദേശത്തിലെ ഒരു പ്രശ്നം ഇവിടെയാണ് ഞാന്‍ കാണുന്നത്. ഭൌതിക ലോകത്ത് എല്ലാ ഭോഗങ്ങളും ത്യജിച്ച് ജീവിക്കുവാന്‍ - ജീവിതകാലം അഥവാ ആയുസ്സ് ചുട്ടുപഴുത്തു നില്‍ക്കുന്ന ലോഹത്തിനു മേല്‍ വീഴുന്ന ചെറിയ വെള്ളത്തുള്ളി പോലെ ക്ഷണികമാണെങ്കില്‍ കൂടിയും (വഹ്നി സംതപ്ത ലോഹസ്താംബു ബിന്ദുനാ സന്നിഭം മര്‍ത്യ ജ•ം ക്ഷണ ഭംഗുരം)- വിഷമം തന്നെയാണ്. ആഗോളവല്‍കരണത്തിന്റെ ഒരു ലോകത്ത് നമ്മുടെ രാജ്യം മാത്രം അതില്‍നിന്നു വേറിട്ടു നില്‍ക്കാന്‍ കഴിയാത്ത സ്ഥിതി വന്നത് അങ്ങനെയാണ്. ഒരു പൊതു ലോകക്രമത്തില്‍ ഒരു രാജ്യത്തിനു മാത്രം മാറിനില്‍ക്കുക എളുപ്പമലല്ലോ. അഥവാ മാറി നില്‍ക്കാന്‍ ഒരു രാജ്യത്തെ ജനത മുഴുവന്‍ ശ്രീരാമ മനസ്സുള്ളവരായിരിക്കണം. മഹാത്മാ ഗാന്ധി വിശദീകരിച്ച രാമരാജ്യം അതായിരുന്നു. സ്വയം പര്യാപ്തമായ സ്വാശ്രയ രാജ്യം. അതു നേടാന്‍ ഭോഗങ്ങള്‍ക്ക് അവധി കൊടുക്കേണ്ടിവരും. അത് എത്ര വേദാന്തം പറഞ്ഞാലും ഒരു ജനാധിപത്യ സംവിധാനത്തില്‍, പ്രത്യേകിച്ച് തികച്ചും വ്യത്യസ്തമായി നടപ്പാക്കിപ്പോരുന്ന ഇന്‍ഡ്യന്‍ ജനാധിപത്യത്തില്‍, ഒട്ടും എളുപ്പമല്ലാ താനും. പക്ഷേ ലക്ഷ്മണന്‍ നല്‍കിയ ഉപദേശത്തില്‍ അതു സാധ്യമാക്കുന്നുവെന്നു പറയാനാണ് ഞാന്‍ ശ്രമിക്കുന്നത്.
ലക്ഷ്മണന്‍ ഉപദേശിച്ചത് എപ്പോഴാണ്, ആരെയാണ് എന്ന് അതിശയിക്കുന്നുണ്ടാവും നിങ്ങള്‍. ലക്ഷ്മണന്‍ ഉപദേശിച്ചത് ഗുഹനെ. ഗുഹന്‍ എന്ന വനവാസി നേതാവിനെ. കാട്ടു രാജാവിനെ. ഉപദേശിച്ചത് വനവാസത്തിനിടെ ഗംഗകടന്ന രണ്ടാം രാത്രിയില്‍, സീതയും ലക്ഷ്മണനും വടവൃക്ഷത്തിന്റെ വേരുകളില്‍ കാട്ടിലകള്‍ മുറിച്ചിട്ട് അതില്‍ കിടന്നുറങ്ങുമ്പോള്‍ കാട്ടുരാജാവും ലക്ഷ്മണനും കാവല്‍നില്‍ക്കുമ്പോള്‍, ഗുഹന്‍ ശ്രീരാമന്റെ അവസ്ഥയിലും അതിനു കാരണക്കാരായ കൈകേയിയേയും മന്ഥരയേയും ഭത്സിക്കാനൊരുങ്ങുമ്പോള്‍....
ലക്ഷ്മണന്‍ ശ്രീരാമ തത്വം ഗുഹനു പറഞ്ഞുകൊടുത്തു. സീതയാരെന്നും ലക്ഷ്യമെന്തെന്നും പറഞ്ഞുകഴിഞ്ഞ ലക്ഷ്മണന്‍ ഗുഹനോടു പറഞ്ഞു,
'ഭോഗത്തിനായ്കൊണ്ടു കാംക്ഷിക്കുയും വേണ്ട
ഭോഗം വിധികൃതം വര്‍ജ്ജിക്കയും വേണ്ട' എന്ന്. അതായത് അമിതമായ ഭോഗാസക്തിയില്‍ സമ്പത്തും ആഡംബരവും തേടി പോകരുത്, എന്നു കരുതി ഭോഗങ്ങള്‍ തനിക്കു വന്നു ചേരുന്നത് ഒന്നും കളഞ്ഞ് സര്‍വസംഗ പരിത്യാഗിയാകുകയും വേണ്ട എന്ന്. ഒരുപക്ഷേ ഈ ഉപദേശമായിരിക്കും കൂടുതല്‍ പ്രായോഗികം എന്നു തോന്നുന്നു. പ്രത്യേകിച്ച് മാനുഷ ജ•ം കിട്ടിയത് പൂര്‍ത്തീകരിക്കാന്‍ ഈ നിലപാടു കൂടിയേ തീരൂ. ഇവിടെ ആഗോളവല്‍കരണവും ഉദാരീകരണവും അപകടമില്ലാത്തതായി തീരുന്നു. ആത്മീയതയും ആദ്ധ്യാത്മികയും മാത്രമല്ല, ഭൌതികതയും ആത്മവിശ്വാസവും കൂടി ചേര്‍ന്നാലേ ആയുസിന്റെ സാഫല്യം ഉണ്ടാകുകയുള്ളുവെന്നും സ്ഥാപിക്കപ്പെടുന്നു. അന്ന് ക്ഷുഭിതനായ ലക്ഷ്മണന്‍ ജ്യേഷ്ഠന്റെ ഉപദേശം ഉള്‍ക്കൊണ്ട് രല്പാം രാത്രി സ്വരൂപിച്ചെടുത്ത ഈ നിലപാട് എക്കാലത്തും മനുഷ്യര്‍ക്കുള്ള ഉപദേശമാണെന്നു വേണം കരുതാന്‍. ഒരുപക്ഷേ ശ്രീരാമനേയും തിരുത്തിക്കൊണ്ടു നടത്തിയ ഈ നിലപാടു പറയലാണ് ആധുനിക മനുഷ്യന്റെ, സംന്യാസികളല്ലാത്ത മനുഷ്യന്റെ, സംതുലിതമായ ഭൌതിക ജീവിതത്തിനുള്ള മാര്‍ഗ നിര്‍ദ്ദേശം. പക്ഷേ എന്തുകൊണ്ട് ലക്ഷ്മണന്റെ ഈ ഉപദേശം വേണ്ടത്ര ഉള്‍ക്കൊള്ളാതെ, ചര്‍ച്ചചെയ്യാതെ, പ്രചരിപ്പിക്കപ്പെടാതെ പോയി എന്നതാണ് അതിശയം.

3 comments:

  1. തോമസ് കാര്‍ലൈല്‍ എന്ന ചിന്തകന്‍ ചരിത്രത്തെക്കുറിച്ചു പറഞ്ഞത് 'ലോക ചരിത്രം മഹാന്മാരുടെ ജീവചരിത്രം' എന്നാണ്. ഭാരതീയ കൃതികളില്‍ ഒട്ടുമിക്കവയുടേയും കഥാപാത്ര സൃഷ്ടികളില്‍ നായകനും പ്രതിനായകനും അടങ്ങുന്ന ഒരു തരം നാലാംകിട മലയാള സിനിമാ സംസ്കാരത്തിന്റെ ചൂരും ചൂടും കാണാം. രാമായണത്തിലുമുണ്ട് ഈ പകര്‍ന്നാട്ടം. രാമായണം രാമന്റെ അയനമല്ലാതെ സീതയുടെയോ ലക്ഷ്മണന്റെയോ അയനമായാല്‍ എങ്ങനെയാണ് ഹേ, പിന്നെ രാമനെ ധര്‍മമൂര്‍ത്തിയായി പൂജിക്കാന്‍ കഴിയുക? ശീര്‍ഷക കഥപാത്രത്തിന്റെ മനോവിചാരങ്ങളിലല്ലെ കഥയുടെ രസച്ചരട്. സീതായനമായാല്‍ അല്ലെങ്കില്‍ ലക്ഷ്മണായനമായാല്‍ അവര്‍ രാമനെ ശാസിക്കില്ലേ? അതു രാമപ്രണേതാക്കളായവര്‍ എങ്ങനെ സഹിക്കും?
    രാമനോട് ഒരിക്കലും തന്തയായ ദശരഥന്‍ പറയുന്നില്ല, കാട്ടില്‍ പോകാന്‍ ! പിന്നെ എന്തേ ചെറിയമ്മ പറഞ്ഞത് കേട്ട പാതി കേള്‍ക്കാത്ത പാതി ഓടി കാടകം പുക്കാന്‍ തീരുമാനിച്ചത്? അമ്മയെ കൂട്ടാതെ ഭാര്യയായ സീതയെ കൂട്ടിയത്? അനുജനായ ലക്ഷ്മണനെ കൂട്ടിയത്? ഇതിനെല്ലാം പൊതുവായി ഒരു ഉത്തരം പറഞ്ഞാല്‍ ഭീരുത്വം. വിശദീകരിച്ചു പറഞ്ഞാല്‍ , അഭിഷേക വേളയിലാണല്ലോ വിച്ഛിന്നാഭിഷേകം. ചെറിയമ്മയുടെ വാക്കു ധിക്കരിച്ച്, തന്നെ പിടിച്ചു കെട്ടി രാജാവായി വാഴുക എന്ന അച്ഛന്റെ വാക്കു ധിക്കരിച്ച് കാട്ടിലേക്കു പോകാന്‍ തയ്യാറായത് കേവലമായ സാങ്കേതികാര്‍ത്ഥത്തില്‍ പറഞ്ഞാല്‍ രാജ്യം ഭരിച്ച് സമയം മിനക്കെടുത്താന്‍ തയാറല്ലായിരുന്ന രാമന്റെ ഭീരുത്വം ഒന്നു മാത്രം. പതിനാലു വര്‍ഷം , ത്രേതായുഗത്തിനു ശേഷവും ചില വിദ്വാന്മാര്‍ കാട്ടിലേക്കു പോയിരുന്നല്ലോ. അവര്‍ അഞ്ചു പേരുണ്ടായിരുന്നു. അവര്‍ പക്ഷെ അന്നു അമ്മയേയും കൂട്ടിയിരുന്നു. അത്രയും സ്നേഹിക്കുന്ന അമ്മ കരഞ്ഞു പറഞ്ഞിട്ടും രാമന്‍ കൂടെ കൂട്ടാന്‍ തയ്യാറായില്ല. എന്തേ കാരണം? വയ്യ. ഉത്തരവാദിത്വം ഏല്‍ക്കാന്‍ വയ്യ. പിന്നെ എന്തേ ഭാര്യയെ കൊണ്ടു പോയി? പോവണം. വെച്ചു വിളമ്പാനും ഭോഗിക്കാനും വനാന്തരത്തില്‍ ആരുണ്ടാകും! അനുജനായ ലക്ഷ്മണനെ കൂട്ടിയത് അതിനേക്കാള്‍ വ്യക്തം. ഇടയ്ക്കു ചീത്ത പറയാനും ഉപദേശിക്കാനും ശത്രുക്കളാരെങ്കിലും സ്വന്തം ഭാര്യയെ കട്ടുകൊണ്ടു പോകുന്നുണ്ടോ എന്നു നോക്കാനും! ചേട്ടന്റേയും ചേടത്തിയമ്മുടേയും കാലടികള്‍ പിന്തുടര്‍ന്നു കാട്ടിലേക്കു പോകാന്‍ തീരുമാനിച്ചു ലക്ഷ്മണന്‍ യൗവ്വനവും കാമവും തിളച്ചു മറിയുന്ന സ്വന്തം ഭാര്യ്യയായ ഊര്‍മിളയുടെ അടുത്തു യാത്രാനുമതി ചോദിക്കാന്‍ പോകുന്ന ഒരു രംഗമുണ്ട്. ഉളുപ്പില്ലാതെ, തന്നെ ഒറ്റയ്ക്കാക്കി കാട്ടിലേക്കു പോകുന്ന ഭര്‍ത്താവിനോട് ഊര്‍മിള ചോദിക്കുന്നു: "ചേട്ടാ അങ്ങേക്കു ഫോര്‍ട്ടീന്‍ ഇയേഴ്സ് ചേട്ടന്റേയും ചേടത്തി അമ്മ (?)യുടേയും പാദസേവ ചെയ്തു ജീവിക്കാം. അത്രയും കാലം ഈ അന്തപ്പുരത്തില്‍ അണകെട്ടി നിര്‍ത്തിയ യൗവ്വനവും വെച്ചു ഞാന്‍ എന്താണ് ചെയ്യേണ്ടതെന്നു കൂടി പറഞ്ഞു പോയ്ക്കോളൂ"
    കാലം മഹാന്മാരെന്നു വിളിച്ചവരൊക്കെ സ്വന്തം കര്‍ത്തവ്യം നിര്‍വഹിക്കാതെ കൂലിയെഴുത്തുകാരെ വെച്ചു നിര്‍മിച്ച ചരിത്ര മേന്‍മയില്‍ വിളങ്ങുന്നവരാണ്. രാമായണത്തില്‍ ലൂപ്പു ഹോളുകള്‍ നിരവധിയാണ്, രാമനെ വിഗ്രഹമാക്കാതിരിക്കാന്‍ ; പ്രത്യേകിച്ചും വാത്മീകി രാമായണത്തില്‍ . അതു കൊണ്ടാണല്ലോ, എല്‍ . കെ. അദ്വാനി രാമരഥയാത്ര നടത്തിയപ്പോള്‍ , രാമന്‍ ധര്‍മത്തിന്റെ വിഗ്രഹ മൂര്‍ത്തിയാണോ എന്നു പരിശോധിക്കാന്‍ വാത്മീകി രാമായണത്തിന്റെ അടിസ്ഥാനത്തില്‍ അദ്വാനിയെ കരുണാനിധി ക്ഷണിച്ചപ്പോള്‍ ആ ക്ഷണം വേണ്ടപ്പെട്ടവര്‍ സ്വീകരിക്കാതിരുന്നത്.
    താങ്കളുടെ സംശയം വായിച്ചപ്പോള്‍ ഇത്രയും കുറിക്കണമെന്നു തോന്നി. (ബ്ലഡ് പ്രഷര്‍ , ഭഗന്തരം എന്നിവ ഉള്ളവര്‍ ക്ഷമിക്കുക).

    ReplyDelete
  2. ee manayilante vivaraakkedu.raman pokumbol dasarathan chathittillaaa heey.appo angorude koode irikkuka ennu dharmapathneee dharmam.pinn ebaakkiyullathu verum naattinpurathukaarante manjaakkannu iniyum ramaayaanam vaayikkanam pinnem vaaayikkanam pinnem vaaayikkanam.ennale RAAA maayOOOO. MANAYILANTE manasile RAAAAAAAAA

    ReplyDelete
  3. വിവരക്കേടിന്റെ ആള്‍രൂപം എന്നേ ഈ ഹൃഷി എന്ന വിദ്വാനെ വിശേഷിപ്പിക്കാന്‍ പറ്റൂ... കാരണം അത്രയ്കുണ്ട് ഇയാളുടെ യുക്തി. രാമന്‍ കാട്ടില്‍ പോകുമ്പോള്‍ ദശരഥന്‍ ചത്തിട്ടില്ല (മനുഷ്യര്‍ പ്രാണന്‍ ചെടിയുമ്പോല്‍ സാമാന്യ ബുദ്ധികള്‍ മരിച്ചു എന്നാണ് പറയുക. അതിനു പകരം ചത്തിട്ടില്ല എന്നു പറയാന്‍ തോന്നിയ അങ്ങയുടെ വിവേക ബുദ്ധിക്കു വിദൂര നമസ്കാരം) എന്ന പ്രയോഗം വായിച്ചു. ദശരഥന്‍ മരിച്ചു എന്നു ഞാന്‍ പറഞ്ഞിട്ടില്ല. പിന്നെ "ധര്‍മപത്നീ ധര്‍മം" എന്ന ഒരു പ്രയോഗം. ഞാന്‍ ചോദിക്കുന്നതും അതുതന്നെ. ഈ ധര്‍മത്തിന്റെ പാത അനുസരിക്കുകയാണെങ്കില്‍ എന്തു കൊണ്ട് ഊര്‍മിളയെ വനത്തിലേക്കു ലക്ഷ്മണന്‍ കൂട്ടിയില്ല? ഒരു വാക്ക് എഴുതി ചുറ്റുപാടും മലീമസപ്പെടുത്തുന്നതിനു മുന്‍പായി എഴുതുന്ന സംഗതി തിരിഞ്ഞു കടിക്കുന്ന പാമ്പായി മാറാതിരിക്കാന്‍ നോക്കൂ... അറിയാത്ത വിഷയത്തെക്കുറിച്ചു വെറുതെ വിളമ്പാതിരിക്കൂ... അല്ലെങ്കിലും ഹൃഷി എന്ന വാക്കിന്റെ അര്‍ത്ഥം തന്നെ 'അസത്യവാദി' എന്നാണല്ലോ.

    ReplyDelete