Saturday, August 7, 2010

യയാതിമാര്‍


ലേഖനം

മലയാളിക്ക് എന്തുപറ്റി? യയാതി ബാധയോ?



മലയാളിക്കെന്തുപറ്റി? അതോ മുമ്പും ഇങ്ങനെയൊക്കെ ആയിരുന്നോ. ചരിത്രത്തിന്റെയും സാഹിത്യത്തിന്റേയും കെട്ടുകഥകളുടേയും ഒക്കെ വഴിയേ പഴയ കാലത്തേക്കു പോയപ്പോഴും ഈ സ്ഥിതി ഉണ്ടായിരുന്നതായി കാണാന്‍ കഴിഞ്ഞില്ല. വളരെ വിചിത്രമായി തോന്നിപ്പോകാറുണ്ട് ഇതൊക്കെ കാണുമ്പോള്‍. പറഞ്ഞു വരുന്നത് പത്രങ്ങളിലും മറ്റു മാധ്യമങ്ങളിലും നാല്‍കവലകളിലും കാണുന്ന ലൈംഗികോത്തേജന പരസ്യങ്ങളെക്കുറിച്ചാണ്. ആദ്യത്തെ ഡല്‍ഹിയാത്ര ഓര്‍മ്മ വരുന്നു. തീവണ്ടിയില്‍ (ഇലക്ട്രിക് ട്രെയിന്‍ ആകുന്നതിനു മുമ്പ്) ഡല്‍ഹിയെന്ന മഹാനഗരത്തിനടുത്തെത്തിയപ്പോള്‍ ഹൃദയമിടിപ്പായിരുന്നു. ഏതോ വലിയൊരു, പുതിയൊരു ലോകത്തേക്കാണല്ലോ പ്രവേശിക്കാന്‍ പോകുന്നതെന്ന അങ്കലാപ്പ്. തീവണ്ടി വേഗം കുറഞ്ഞ് ഇഴഞ്ഞിഴഞ്ഞ് നിങ്ങുമ്പോള്‍ ഇരുപുറങ്ങളിലുമുള്ള മതിലുകളില്‍ തീവണ്ടിയ്ക്കൊപ്പം നീളത്തിലും വലുപ്പത്തിലും കണ്ട പരസ്യങ്ങള്‍ വായിച്ച് ഉള്ളാലെ സങ്കോചിച്ചുപോയി. ഇവിടെ ഹിന്ദിക്കാര്‍ക്കൊക്കെ എന്താ ലൈംഗികരോഗവും ലൈംഗിക അപാകതകളുമാണോ എന്ന്. കാരണം അതിനുള്ള ചികിത്സാ വാഗ്ദാനങ്ങളായിരുന്നു പരസ്യങ്ങളെല്ലാം. ഡോക്ടറുടെ പേരും ഫോ നമ്പറും.... ഹിന്ദിയില്‍ പ്രയോഗം 'ഗുപ്ത് രോഗ്' എന്നായിരുന്നു. (ഈ പരസ്യങ്ങളൊക്കെ ഇന്നും അവിടെയുണ്ട്. വിമാനയാത്രകള്‍ ഒഴിവാക്കി അടുത്തിടെ ഒരു ട്രെയിന്‍ യാത്രയില്‍ ഞാനതു പ്രത്യേകം ശ്രദ്ധിച്ചു, അതെ "ഗുപ്ത് രോഗ'ങ്ങള്‍ ഡല്‍ഹിക്കാര്‍ക്കു കുറഞ്ഞിട്ടില്ല.പക്ഷേ ആ 'ഗുപ്ത് രോഗ’ങ്ങള്‍ ഇന്നു കേരളത്തിലാണോ കൂടുതല്‍? അങ്ങനെ വേണം സംശയിക്കാന്‍. കേരള ഔഷധ വിപണിയില്‍, ആയുര്‍വേദമാകട്ടെ, അലോപ്പതിയാകട്ടെ, ചൂടപ്പം പോലെ വിറ്റുപോകുന്നത് ലൈംഗികോത്തേജക മരുന്നുകളാണെന്ന് മരുന്നു കടക്കാര്‍ സമ്മതിക്കുന്നു. ഓരോ ദിവസവും പുതിയ പുതിയ മരുന്നുകളുടെ പരസ്യം പത്രത്തില്‍ വരുന്നു, ഇലക്ട്രോണിക് മീഡിയകളില്‍ കാണിക്കുന്നു. ഇവിടെ ആയുര്‍വേദ ഔഷധമെന്ന ലേബലില്‍ ഇറങ്ങുന്ന ഒരു ഡസന്‍ മരുന്നുകളുടെ പേര് ഒരാഴ്ചത്തെ പത്രം പരതിയാല്‍ ബഹു വര്‍ണങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നതു കാണാം. മാര്‍ക്കറ്റുണ്ടാക്കുകയും വില്‍ക്കുകയും പണം സമ്പാദിക്കുകയും ചെയ്യുന്നത് അവയുടെ ഉല്‍പാദകരുടെ കച്ചവടതന്ത്രം. പക്ഷേ ഇത്തരം മരുന്നുകളുടെ പ്രേരണയില്ലാതെ ജീവിക്കാന്‍ പറ്റാത്ത സ്ഥിതിവിശേഷം മലയാളിക്കുണ്ടായോ. എങ്കില്‍ എന്താണതിനു കാരണം.?ബാല്യം, കൌമാരം, യൌവനം, വാര്‍ദ്ധക്യം എന്നിങ്ങനെയുള്ള ജീവിതദശകളും ബ്രഹ്മചര്യം, ഗാര്‍ഹസ്ഥ്യം, വാനപ്രസ്ഥം, സംന്യാസം എന്നിങ്ങനെയുള്ള ജീവിതാവസ്ഥകളും മകന്‍/മകള്‍, ഭര്‍ത്താവ്/ഭാര്യ, അച്ഛന്‍/അമ്മ എന്നീ ജീവിതാനുഭവഘട്ടങ്ങളും ഉത്തരവാദിത്വങ്ങളും കുഴമറിഞ്ഞു പോയതാണോ കാരണം. ജീവിതം എക്കാലത്തും ഒരേപോലെയാവില്ലെന്നത് സങ്കല്‍പമല്ല ശാസ്ത്രീയ യാഥാര്‍ത്ഥ്യമായിരിക്കെ എക്കാലത്തും 'മധുവിധു'എന്ന അനുഗ്രഹമാണോ ഈ മരുന്നുകളുടെ പിന്നാലെ പോകാനുള്ള പ്രേരണ. ഒരു തരം യയാതി സിന്‍ഡ്രോം. മകന്‍ പുരുവിന്റെ യൌവനം വാങ്ങി വാര്‍ദ്ധക്യത്തിലും ലൈംഗികാനന്ദം അനുഭവിച്ച രാജാവായ യയാതിയുടെ പിന്മുറക്കാരാകാന്‍ ശ്രമിക്കുകയാണോ നമ്മള്‍.യഥാകാലം സംഭവിക്കുന്നതിനു പകരം എല്ലാം അകാലത്തില്‍ സംഭവിക്കുകയോ അല്ലെങ്കില്‍ സംഭവിപ്പിക്കാന്‍ ശ്രമം നടത്തുകയോ ചെയ്യുന്നത് അസാധാരണ പ്രക്രിയയാണ്. അത് അപകടങ്ങള്‍ക്കേ വഴിവെച്ചിട്ടുള്ളൂ. മഴയില്ലാത്ത വേളയില്‍ മഴപ്രളയം വരുന്നതും മഴ വേണ്ടപ്പോള്‍ വരള്‍ച്ച വരുന്നതും പ്രകൃതിയെ എങ്ങനെ ബാധിക്കുന്നോ അതുപോലെ. ബാല്യത്തില്‍ ലൈംഗികവിദ്യാഭ്യാസമെന്ന പേരില്‍ ഉദ്ബോധിപ്പിക്കുന്ന കാര്യങ്ങള്‍ക്കു നേരെ ഉണ്ടാകുന്ന എതിര്‍പ്പുകളെ ഈ കാഴ്ചപ്പാടില്‍ വേണം കാണാന്‍. വാര്‍ധക്യത്തില്‍ കൌമാരത്തിന്റെ കിനാവുകള്‍ മനസില്‍ കയറ്റുന്ന ദൃശ്യ-ശ്രാവ്യ (ടിവി-സിനിമാ-സംഗീതത്തിന്റെ പേരിലുള്ള തുള്ളലുകള്‍) പരിപാടികളുടെ ഇംപാക്ടും ഇതുതന്നെ. നമ്മുടെ അച്ചടി മാധ്യമരംഗത്ത് സര്‍ക്കാര്‍ ഒരു ആത്മാര്‍ത്ഥമായ നിയന്ത്രണം കൊണ്ടുവരട്ടെ - മനോരോഗത്തിലെത്തിക്കുന്ന, തരംതാണ അശ്ളീല പ്രസിദ്ധീകരണങ്ങള്‍ എത്രയെത്രയെന്നോ (അവയില്‍ ഒരു ദിക്കിലേക്ക് തിരഞ്ഞ് ധാര്‍മ്മികതയും മൂല്യവും പ്രഭാഷണം ചെയ്യുന്ന പത്രങ്ങളുടെ കമ്പനികള്‍ നടത്തുന്ന 'കൊച്ചുപുസ്തക’ങ്ങളും ഉണ്ട്) അത് ഉത്തേജകമരുന്നിനു പിന്നാലെ പോകുന്ന മനോരോഗത്തിനും നിയന്ത്രണമാകും.ഉപഭോഗ സംസ്ക്കാരത്തിന്റെ, ഉദാരവല്‍ക്കരണത്തിന്റെ അരാജകത്വമാണിന്നത്തെ ഈ 'മരുന്നു തേടല്‍' ദമനത്തിന്റെ, അതായത് നിയന്ത്രണത്തിന്റെ കാര്യത്തില്‍ നമ്മള്‍ മലയാളികള്‍ക്കും മനോരോഗം പിടിച്ചിരിക്കുന്നു. സംതൃപ്തി, അത് ഭോഗസംതൃപ്തി മാത്രമാണെന്ന മിഥ്യാധാരണയിലേക്ക് ജനത വഴുതിവീഴുന്നു. പുനഃശ്ചിന്തയുള്ള കാലമാണിത്. എന്നും യൌവനം വേണമെന്നാഗ്രഹിക്കുന്നവര്‍ എന്തുകൊണ്ട് എക്കാലവും ബാല്യത്തിന്റെ നിഷ്ക്കളങ്കത സൂക്ഷിക്കണമെന്നാഗ്രഹിക്കുന്നില്ല? എന്തുകൊണ്ട് പക്വത തന്റെ സ്ഥിരാവസ്ഥയായിരിക്കണമെന്നാഗ്രഹിക്കുന്നില്ല. അതെ, നമ്മള്‍ മലയാളികള്‍ക്കിടയിലും ഞരമ്പുരോഗങ്ങള്‍ വ്യപാകമാവുകയാണ്; അത് അപകടവുമാണ്.
കാവാലം ശശികുമാര്‍

1 comment:

  1. നോക്കണേ ! ഈ പോസ്റ്റിനു ഒരാളും കമന്റിട്ടിട്ടില്ല. കാലികവും, പ്രസക്തവുമായ ഈ പോസ്റ്റിന്. ഒന്നാലോചിച്ചാല്‍ ഞാനുള്‍പ്പടെയുള്ള മലയാളികളില്‍ നല്ലൊരുവിഭാഗം ഞരമ്പുരോഗികളാണെന്നു ആരെങ്കിലും സംശയം പറഞ്ഞാല്‍ അതിനെ എങ്ങനെ എതിര്‍ക്കും?

    ReplyDelete