Friday, November 12, 2010

ചൂട്ടു കത്തിച്ച വെളിച്ചം


ചൂട്ടു കത്തിച്ച വെളിച്ചം


നേരം പുലരുന്നു.. ആദ്യത്തെ ബോട്ടില്‍ തിരിച്ചു പോരണം. തലേന്നു രാത്രി വൈകിയാണ് തറവാട്ടിലെത്തിയത്.മഴ. സുഖമുള്ള മഴ. വെള്ളത്തില്‍ മഴപെയ്യുന്നത് നോക്കിയിരിക്കാന്‍ രസമാണ്. അങ്ങോട്ടുള്ള യാത്രയും ബോട്ടിലായിരുന്നു. അന്തര്‍വാഹിനിയില്‍ ഇങ്ങനെയാവണം-വെള്ളത്തിലൂടെ, മഴയിലൂടെ ബോട്ടില്‍ പോകുമ്പോള്‍ അങ്ങനെ തോന്നി. നാലുചുറ്റിലും അടിയിലും മുകളിലും
ജലസാന്നിദ്ധ്യം. ചില്ലുജാലകത്തിലൂടെ കാണാം മഴ പെയ്തുകൊണ്ടിരുന്നു. . . .

സമയം പുലര്‍ച്ചെ നാലര. അടുത്തുള്ള അമ്പലത്തില്‍ പള്ളിയുണര്‍ത്തല്‍ കൊട്ട്. പണ്ടു നടന്ന വഴികള്‍.. അന്നു പാതിരാവിലും കറുത്തവാവിലും നടക്കുമായിരുന്നു, തെറ്റാതെ, വീഴാതെ. ഇന്നലെ പക്ഷേ സൂക്ഷിച്ച് അടിവെച്ചടിവെച്ചു നടന്നു.. വീട്ടില്‍നിന്നിറങ്ങുമ്പോള്‍ പെങ്ങള്‍ പറഞ്ഞു, വഴി നീളെ വെള്ളവും കുഴിയുണ്ടാകും. ഇതാ തീപ്പെട്ടി കയ്യില്‍ വെച്ചോളൂ. പുലര്‍ച്ചെ പോകുമെന്നു കേട്ടപ്പോള്‍ അമ്മയും തലേന്നു രാത്രി പറഞ്ഞു, വഴി സൂക്ഷിക്കണം. കുട്ടിക്കാലത്തും ഇതൊക്കെ കേട്ടിരുന്നു. അവരുടെ സങ്കല്‍പ്പത്തിലുള്ള വഴിയിലാണോ നടന്നത്. അറിയില്ല. ഒരിക്കല്‍ ജീവിതയാത്രയെക്കുറിച്ച് പറഞ്ഞപ്പോള്‍ അച്ഛന്‍ പറഞ്ഞു, 80 ശതമാനം വഴിയും ശരിയായി. തെറ്റിയ 20 ശതമാനം ഏതെന്ന് അന്നു ചോദിച്ചില്ല. ചോദിക്കണം…
തീപ്പെട്ടി വേണ്ട മൊബൈല്‍ ഫോണിന്റെ ലൈറ്റുണ്ടെന്ന് പറഞ്ഞുവെങ്കിലും നിര്‍ബന്ധിച്ചു തീപ്പെട്ടി പിടിച്ചേപ്പിച്ചു പെങ്ങള്‍. ഇരുട്ടില്‍ ബോട്ടടുക്കണമെങ്കില്‍ ജെട്ടിയില്‍ നിന്ന് തീപ്പെട്ടി ഉരച്ച് വെട്ടം കാണിക്കണം.
തപ്പിത്തടഞ്ഞ് നദിക്കരയിലൂടെ. പമ്പയുടെ കൈവഴിയാണിത്. കാവാലത്തെത്തുമ്പോള്‍ അവള്‍ക്ക് പൂക്കൈതയാറെന്നാണ് പേര്. മനോഹരി, സുന്ദരി. കണ്‍തുറന്നിട്ടില്ല, അതോ പുലര്‍കാല ധ്യാനത്തിലോ. എന്തൊരു ശാന്തതയാണ് നദി അനുഭവിക്കുന്നത്. ഇടയ്ക്ക് ഏതോ മീന്‍ വെള്ളം കുടിക്കാനോ ഇര പിടിക്കാനോ പൊന്തിവന്ന ശബ്ദം. ഒരു തുഴ വെള്ളത്തില്‍ വീഴുന്ന നേര്‍ത്ത ശബ്ദവും കേള്‍ക്കാനുണ്ട്, വഞ്ചി കാണാനായില്ലെങ്കിലും.. ..
ഓരോന്നു ചിന്തിച്ച് പുഴവക്കിലൂടെ നടന്ന് ബോട്ടുജെട്ടിയിലെത്തി. ആരുമില്ല. പുതിയ പഞ്ചായത്തു സമിതിയുടെ ഭരണം തുടങ്ങിയിട്ടു വേണം സുന്ദരിയാകാന്‍ കാത്തിരിക്കുന്ന തെരുവുവിളക്ക്. അത് ആവുന്നത്ര പ്രകാശത്തില്‍ എന്നെ നോക്കി ചിരിക്കുന്നുവെന്നു തോന്നി. അതോ എന്റെ വേഷം കണ്ട് പരിഹസിച്ചതോ. ഗ്രാമസൌഭാഗ്യങ്ങള്‍ വിട്ട് തിരക്കുകളിലേക്ക് ഓടുന്നതിന്റെ പുച്ഛം. അതല്ലെങ്കില്‍ വല്ലപ്പഴുമെങ്കിലും വന്നുപോകുന്നതിന്റെ സന്തോഷം. . . ആറ്റിലേക്ക് ഇറങ്ങി നില്‍ക്കുന്ന ബോട്ടുജെട്ടിയില്‍ കയറി നിന്നു. ആകാശം, ജലം, ഭൂമി, വായു, പ്രഭാത വെട്ടം.. .. നിശ്ശബ്ദ സംഗമം...പഞ്ചഭൂതങ്ങളുടെ ഉജ്ജ്വല സാന്നിദ്ധ്യത്തില്‍ ആത്മീയ-ഭൌതിക ലയം.. .. ഹൃദയം നനഞ്ഞു.
ഒരു മൂലയില്‍ ഒരു ചൂട്ടുകറ്റ. പകുതി കത്തിത്തീര്‍ന്നത്. എനിക്കുമുമ്പേ ആരെങ്കിലും വന്നുവോ. അതോ തലേന്ന് അവസാനത്തെ ബോട്ടില്‍ വന്നിറങ്ങിയ ആളെ കൂട്ടാന്‍ വന്നവരാരെങ്കിലും കൊണ്ടുവന്നതാകാം. ഗ്രാമത്തിന്റെ ജ്വാല. വന്നിറങ്ങിയ ആള്‍ പരിഷ്കാരത്തിന്റെ ടോര്‍ച്ചോ മൊബൈല്‍ വെട്ടമോ മതിയെന്നു പറഞ്ഞിരിക്കാം. പട്ടണത്തില്‍നിന്നു വന്നയാള്‍ പഴയ ചൂട്ടുകറ്റയുമായി നിന്ന പഴഞ്ചനെ പഴിച്ചിരിക്കാം.. ..
ആ ചൂട്ടുകറ്റ ഒരുപാടൊരുപാട് കാലം പിന്നിലേക്ക് കൊണ്ടുപോയി. ഒരു ചൂട്ടുകറ്റ പിടിച്ചിട്ട് എത്രയോ നാളായി. ഒരു മോഹം തോന്നി- ആരും കാണാനില്ല. ചൂട്ടെടുത്തു. പാതിവെന്ത തല. കമനീയമായ നിര്‍മാണ ഭംഗി. എടുത്തു മണം പിടിച്ചു. തെങ്ങോലയുണങ്ങിയ മധുരം പുരണ്ട മണം. കരിയെടുത്ത് നരകയറിയ മീശയില്‍ പുരട്ടാന്‍ തോന്നി. കരിഞ്ഞ ഈര്‍ക്കില്‍ തുമ്പു ചവയ്ക്കാന്‍ തോന്നി.. .. ഇല്ല. ആരും കാണാനില്ല. കണ്ടാല്‍ എനിക്കു വട്ടാണെന്ന് ചിലപ്പോള്‍ തോന്നും. അവര്‍ നാട്ടുമ്പുറത്തുകാരല്ലേ, മനസില്‍ വച്ചേക്കില്ല. അതു പറഞ്ഞു നടക്കും, ഗ്രാമത്തില്‍ പരത്തും. എനിക്കു ചിരിപൊട്ടി.. .. ..
ചൂട്ടു പഴയതു പലതിലേക്കും കൂട്ടിക്കൊണ്ടുപോയി. സ്വാതന്ത്യ്ര സമരകാലത്തെ കുട്ടനാടന്‍ കഥകളിലേക്ക്. പാര്‍ട്ടി നിരോധിക്കപ്പെട്ട കാലത്ത് സഖാവ് ഇം.എം.എസ് ചൂട്ടുവെളിച്ചത്തില്‍ നടന്ന കഥ. നക്സല്‍ പ്രസ്ഥാനവുമായി കെ. വേണുവും മറ്റും മോസ്കോ ദ്വീപില്‍ ചെന്ന കഥ. അടിയന്തിരാവസ്ഥയില്‍ ജനസംഘക്കാര്‍ പാടം കടന്ന കഥ. മീനാക്ഷിയരയത്തി കൈതോലപ്പായ വില്‍ക്കാന്‍ ചന്തക്കു പോയകഥ. വെള്ളപ്പൊക്കത്തില്‍ ചൂട്ടുമീന്‍ പിടിച്ച കഥ.നീലമ്പേരൂര്‍ പടയണിക്ക് പോയകഥ.. .. അക്കഥയിലെല്ലാം ചൂട്ടിന്റെ വെട്ടവും ചൂടും കരിയും പുകയും നിറഞ്ഞു നിന്നു.
ബോട്ടുവരാറായി. പെങ്ങള്‍ തന്ന തീപ്പെട്ടിയുണ്ട് കയ്യില്‍. മഴ നനഞ്ഞ ചൂട്ടു കത്തിച്ചു നോക്കിയാലോ. ഒന്നു പരീക്ഷിച്ചു. അകലെ ബോട്ടിന്റെ ഇരമ്പം. തീപ്പെട്ടിക്കൊള്ളികള്‍ എട്ടോ ഒമ്പതോ പാഴായി. ഇനി രണ്ടെണ്ണം ബാക്കി. ഭാഗ്യം പരീക്ഷിക്കണോ. ഒന്നുകൂടി. ഇല്ല തീപിടിച്ചില്ല. ഓര്‍മകള്‍ക്കു തീപിടിക്കും പോലെ ചൂട്ടില്‍ തീ കത്തില്ല. പക്ഷേ ഒരിക്കല്‍ തീപൂട്ടിയാല്‍ ഇടയ്ക്കിടെ വീശീയാല്‍മതി ആളിക്കത്തും. ഓര്‍മയും അങ്ങനെയാണല്ലോ. അവസാനത്തെ തീപ്പെട്ടിക്കൊള്ളി. ചൂട്ടുകത്തിയില്ലെങ്കില്‍ ബോട്ടടുക്കില്ല. യാത്ര മുടങ്ങും. സമയത്ത് ഓഫീസിലെത്താനാവില്ല. എങ്കിലും സാരമില്ല. ഒരിക്കല്‍കൂടി ഭാഗ്യ പരീക്ഷണം. പുഴയുടെ വളവു തിരിഞ്ഞ് ബോട്ടിന്റെ വരവ്. തീപ്പെട്ടിയില്‍ കൊള്ളി ഉരസി. ഒരു ശീല്‍ക്കാരം. അഭിലാഷം പോലെതന്നെ തീപിടിച്ചു. ചൂട്ടുകത്തുന്നു. വീശി. ആഞ്ഞു വീശി. എന്റെ മുഖവെട്ടം കണ്ടോ ചൂട്ടുവെളിച്ചം കണ്ടോ ബോട്ടടുത്തു. കത്തുന്ന ചൂട്ടുകറ്റയുമായി ബോട്ടില്‍ കയറുമ്പോള്‍ ജീവനക്കാരും യാത്രക്കാരും അത്ഭുതം കൂറി. ചൂട്ടുകളയാശാനെ-ആരോ പറഞ്ഞു. കുറേ പൊട്ടിച്ചിരികള്‍ കേട്ടു. മനസില്ലാ മനസോടെ ചൂട്ടുകറ്റ വെള്ളത്തിലേക്കെറിഞ്ഞു. ഒരു ശബ്ദം-ച്ശീ.. .. . ഒരു ശീ വിളി. ചൂട്ടിന്റേതെന്നു കരുതി. ഒരിക്കല്‍ കൂടി കേട്ടപ്പോള്‍ തിരിഞ്ഞു നോക്കി. ആളെ തിരിച്ചറിഞ്ഞു. മൂന്നു പതിറ്റാണ്ടു മുമ്പ് കാവാലം ഗവണ്‍മെന്റ് യു പി സ്കൂളില്‍ ഒരു ബഞ്ചിലിരുന്നു പഠിച്ച രാധാകൃഷ്ണന്‍. പൊട്ടിച്ചിരിച്ചു, ഞങ്ങള്‍ ഒന്നിച്ച്. നിന്റെ പഴയ വട്ടൊന്നും ഇനിയും മാറിയിട്ടില്ലേ. കുശലം. എന്നെ അറിയാത്തവര്‍ എന്റെ ഭ്രാന്തിന് അടിവരയിട്ടു.

രാധാകൃഷ്ണന്‍ കായലിലേക്കാണ്. കൃഷി നോക്കാന്‍. സ്വയം കൃഷിപ്പണി ചെയ്യുന്ന നല്ല കര്‍ഷകനാണയാള്‍. ഞങ്ങള്‍ കുറേ നേരം പഴയ കഥകളിലേക്ക് പുതിയൊരു ചൂട്ടു കത്തിച്ചു. ഒപ്പം കുട്ടനാട്ടിലെ കര്‍ഷക പ്രശ്നങ്ങളിലേക്ക്. ജീവിത വിഷയങ്ങളിലേക്ക്. നഗരത്തിലൂടെ സ്മാര്‍ട് സിറ്റിക്കും മറ്റും മുന്നിലൂടെ ഞങ്ങളുടെ വര്‍ത്തമാനം ചൂട്ടിന്‍ പുക ഉയര്‍ത്തിക്കൊണ്ടു പോയി.

കായലിലെ മൂലക്കുള്ള ബോട്ടു ജെട്ടിയില്‍ അവനിറങ്ങി. ഞാന്‍ തുടര്‍ന്നു. കാവാലം-ആലപ്പുഴ ബോട്ടുയാത്രയുടെ ഒന്നര മണിക്കൂര്‍ പോയതറിഞ്ഞില്ല. വേമ്പനാട്ടുകാലയില്‍ രാത്രിയുടെ ആലസ്യം വിടാതെ ഹൌസ് ബോട്ടുകള്‍ ഒഴുകി മടങ്ങുന്നു, കരയിലേക്ക്. അതിനുള്ളില്‍ കാണും ചിലപ്പോള്‍ നാടു മാറി നഗരവാസികളായ കുട്ടനാട്ടിലെ പുതിയ തലമുറക്കാരും… ഞാന്‍ ചൂട്ടിന്റെ ചൂരു പിടിക്കാന്‍ ശ്രമിച്ചു... .. .. ..

കാവാലം ശശികുമാര്‍

4 comments:

 1. ഓർമ്മകൾ...മരിയ്ക്കുമോ? ഓളങ്ങൾ....നിലയ്ക്കുമോ? ഓര്‍മകള്‍ക്കു തീപിടിക്കും പോലെ ചൂട്ടില്‍ തീ കത്തില്ല.....................

  ReplyDelete
 2. ഞാനും കുറച്ചു പുറകിലോട്ടു പോയി .. നാട്ടു വഴികളിലെ ഒരു സ്ഥിരം കാഴ്ചയായിരുന്നു ഇത് .. ഇപ്പോള്‍ എല്ലാം ലൈറ്റ് ഉള്ള മോബയ്ലുകള്‍ക്കും ടോര്ച്ചുകള്‍ക്കും വഴി മാറി ...

  ReplyDelete
 3. കുറെ വര്‍ഷങ്ങള്‍ പുറകോട്ടു പോയി ഞാനും .....
  ചൂട്ട്‌ ഓര്‍മയില്‍ എവിടെയോ ഒളിഞ്ഞിരിക്കുകയായിരുന്നു
  നമ്മുക്ക് നഷ്ട്ടമായി പോയവയില്‍ ഒന്ന് ...
  നന്നായിരിക്കുന്നു ഈ എഴുത്ത്

  ReplyDelete
 4. പണ്ട് ചൂട്ടു കറ്റയുടെ വെളിച്ചം മതിയായിരുന്നു നമ്മുടെ ഇടവഴികളെ മനസിലാക്കാന്‍.. ഇന്നിപ്പോള്‍ ആയിരം വാള്‍ട്ടിന്റെ വൈദ്യുതി വെളിച്ചം വീശിയടിച്ചാലും പുതിയ തലമുറക്ക് ഇടവഴികളെന്താണെന്ന് മനസിലാകുമെന്നോ..മനസിലാക്കുമെന്നോ യാതൊരു ഉറപ്പുമില്ല.. ഇനിയിപ്പോള്‍ ചൂട്ടു കറ്റ എന്താണെന്ന് കൂടി പറഞ്ഞു കൊടുക്കേണ്ടി വരും.. ഒപ്പം ഗ്രാമീണരുടെ സ്നേഹവും നിഷ്കളങ്കതയും ആത്മാര്‍ഥതയും... ഗ്രാമത്തിന്‍റെ വിശുദ്ധി നിറഞ്ഞ ഓര്‍മ്മകളിലെക്കാണ് ഈ ചൂട്ടു കറ്റ വെളിച്ചം പകര്‍ന്നത്.. നന്നായിരിക്കുന്നു ചേട്ടാ.. ഇനിയും എഴുതുക..

  വേറൊന്ന്, എം ജി യൂണിവേഴ്സിറ്റിയില്‍ പഠിക്കുന്ന സമയം.. അതിരമ്പുഴ പള്ളിയില്‍ പെരുനാള്‍ കൂടാന്‍ ഹോസ്റ്റലില്‍ നിന്നും ഒരു സംഘമായി കാല്‍നടയായാണ് പോകുന്നത്.. വൈകുനേരം തന്നെ ഉണങ്ങിയ ഓല പെറുക്കി കൂട്ടി കറ്റ കെട്ടി വെയിലത്ത്‌ വെച്ച് നന്നായി ഉണക്കിയെടുക്കും... (സ്കൂള്‍ ഓഫ് ലെറ്റേഴ്സ് സുഹൃത്തുക്കള്‍ ആയിരുന്നു അതിനെല്ലാം മുന്‍പില്‍..അവരോടൊപ്പമുള്ള നല്ല സൗഹൃദം, എനിക്ക് കിട്ടിയ ഭാഗ്യങ്ങളില്‍ ഒന്ന്) രാത്രി അതും കത്തിച്ചു, ''വടക്കത്തി പെണ്ണാളെ...'' നാടന്‍ പാട്ടും പാടി അങ്ങ് പോകും.. ആളുകള്‍ അത് കൌതുകത്തോടെ നോക്കി നില്‍ക്കുമ്പോള്‍ വലിയൊരു ത്രില്‍ ആയിരുന്നു..

  ReplyDelete