അങ്ങനെ എനിക്കും കിട്ടി ഒരു ലൈസന്‍സ്. ഇരു-ചതുഷ്ചക്ര വാഹനങ്ങള്‍ ഓടിക്കാനുള്ള നിയമപരമായ അവകാശം. ഒട്ടേറെ കടമ്പകള്‍ കടന്ന് ഈ പ്രായത്തില്‍ ഇതിനു തുനിഞ്ഞത് അക്കാര്യത്തില്‍ മോശക്കാരനാണെന്ന അയോഗ്യത വേണ്ടെന്നു കരുതിയാണ്. പരിശീലനം, പരീക്ഷ, പരീക്ഷണം, പ്രാര്‍ത്ഥന.... എന്തായാലും ഇനി വഴിനടക്കുന്നവര്‍ക്കും വാഹനമോടിക്കുന്നവര്‍ക്കും ഒരാളെക്കൂടി പേടിക്കണം എന്നായി സ്ഥിതി എന്നു ചുരുക്കം.
ഏതാണ്ടു മൂന്നു മാസത്തെ പരിശീലനത്തിനിടെ ഒട്ടേറെ രസകരമായ അനുഭവങ്ങള്‍, കഥകള്‍.. ചിലതു പങ്കുവെക്കാമെന്നു തോന്നുന്നു.. ..
മാഷിന്റെ വകയാണേറെയും--
ആദ്യത്തെ ദിവസം വണ്ടിയെക്കുറിച്ച് എന്തെങ്കിലും അറിയുമോ എന്നു ചോദ്യം- ഇല്ല എന്നു മറുപടി. നമ്മള് വണ്ടി ഓടിക്കുകയാണ്. നമ്മള് വണ്ടിക്കുള്ളിലാണ്. യന്ത്രമാണ് വണ്ടി ഓടിക്കുന്നത്. മുന്നോട്ടു പോകാനും നിര്‍ത്താനും ആണു നമ്മുടെ അദ്ധ്വാനം വേണ്ടത്. റോഡു മര്യാദകള്‍ സംബന്ധിച്ച പാഠങ്ങള്‍ എത്ര പഠിച്ചാലും വണ്ടിയോടിക്കാന്‍ ചില സ്കില്ലൊക്കെ വേണം- അങ്ങനെ വാക്പാഠങ്ങള്‍. പിന്നെ ചില പ്രയോഗ പാഠങ്ങള്‍.
മൂന്നാമത്തെ ക്ളാസില്‍ വണ്ടി അങ്ങനെ പോകുമ്പോള്‍ മാഷ്- എങ്ങനെയുണ്ട്, ഇപ്പോള്‍ ഓടിക്കാമെന്നൊക്കെ ഒരു ധൈര്യം വന്നില്ലെ? ഞാന്‍- മാഷു കൂടെയിരുന്നു ബ്രേക്കും ആക്സിലേറ്ററും ചവിട്ടുകയും സ്റ്റിയറിംഗ് നിയന്ത്രിക്കുകയും ചെയ്താല്‍ കാഷ്മീരുവരെയും പോകാം മാഷേ. അപ്പോള്‍ മാഷ്- ങ്ഹാ.. അപ്പോള്‍ സംഗതിയറിയാം അല്ലേ. രണ്ടാമത്തെ ദിവസം ചിലവ•ാരടെ വിചാരം അവരുടെ കാലിലാ വണ്ടിയോടുന്നതെന്നാ.. അങ്ങനെയിരിക്കെ മുന്നില്‍ ബസ് നിര്‍ത്തി. പിന്നില്‍ മറ്റൊരു വണ്ടി. മാഷ് പറഞ്ഞു, ചവിട്ടൂ ബ്രേക്ക്.. ഞാന്‍ ചവിട്ടി. വണ്ടി നിന്നില്ല. ഞാന്‍ ചുണ്ടുകടിച്ചു ബ്രേക്ക് ചവിട്ടി നോക്കി. വണ്ടി നില്ക്കുന്നില്ല. കാരണം ക്ളച്ചു ചവിട്ടിയില്ല. മാഷിന്റെ ചോദ്യം- ചുണ്ടുകടിച്ചാല്‍ വണ്ടി നില്‍ക്കുമെന്നാരാ പറഞ്ഞത്. പിന്നെ കുറച്ചു വഴക്ക്. ഞാനൊന്നു ചമ്മിയിരിക്കെ ചില പാഠങ്ങള്‍. ക്ളച്ചിന്റെ പ്രസക്തി. പിന്നെ ഒരു വിശദീകരണം-പറയാറില്ലെ അവന്റെ ബിസിനസ് ക്ളച്ചു പിടിച്ചില്ല, ഒന്നും ക്ളച്ചു പിടിക്കുന്നില്ല… എന്ന്. എന്താ കാരണം, നിര്‍ത്താനും വേഗത കൂട്ടുന്നതിനു ഗിയര്‍മാറ്റാനും ക്ളച്ചാണു പ്രധാനം. പലപ്പോഴും ബ്രേക്കില്‍ കാലു വെക്കാതെ വണ്ടി ഓടിക്കാന്‍ പറ്റും. അതാണു ക്ളച്ച്. മറ്റൊരിക്കല്‍ ക്ളച്ചില്ലാതെ ബ്രേക്കു ചവിട്ടിയപ്പോള്‍ മാഷിന്റെ ചോദ്യം- അല്ലാ ഈ രണ്ടു കാലും ഒരേ അരയില്‍നിന്നു തന്നെയല്ലേ. അതോ ഒന്നിനു പോളിയോ വരാറുണ്ടോ ഇടയ്ക്ക്?
അങ്ങനെയിരിക്കെ മറ്റൊരു മാഷിന്റെ ശിഷ്യന് പതിവില്ലാതെ എന്റെ പതിവു മാഷിന്റെ വണ്ടിയില്‍ പരിശീലനത്തിനു കേറിക്കോട്ടെ എന്നു ചോദിച്ചു. ആയിക്കോട്ടെ. ഒരു സ്കൂളിന്റെ വണ്ടി. ആരെ പഠിപ്പിച്ചാലും ഒരേ പാഠം. പിന്നെയെന്താ കേറിക്കോ എന്നു മാഷ്. അങ്ങനെ പുതിയ ആള് കയറിയ വണ്ടി ഓടിക്കൊണ്ടിരിക്കെ ഒരു ബമ്പ്. മാഷ് പതിവുപോലെ പതിഞ്ഞ ശബ്ദത്തില്‍ പറഞ്ഞു, ആക്സിലേറ്റര്‍ വേണ്ട. പതുക്കെ പോകട്ടെ. ശിഷ്യന് വണ്ടി ബമ്പില്‍ കയറ്റി ഒറ്റ ചാടിക്കല്‍. അപ്രതീക്ഷിതമായി കിട്ടിയ ചാട്ടത്തില്‍ മാഷിന്റെ തല വണ്ടിയുടെ മച്ചില്‍ ഇടിച്ചു. ഈശോയെ എന്നൊരു വിളി. പിന്നെ കുറച്ചു നേരം തിരുമ്മി. കനത്ത നിശബ്ദത. ഒരു ഷോര്‍ട് ബ്രേക്കിനു ശേഷം മാഷിന്റെ ചോദ്യം- താനിന്നു യാദൃച്ഛികമായി വന്നതാണോ അതോ മറ്റേ അവന് (മാഷ്) പറഞ്ഞുവിട്ടതാണോ. വണ്ടിയില്‍ ഈ തമാശ കേട്ടിട്ടും കനത്ത നിശബ്ദത. അപ്പോള്‍ മാഷ്- ഒന്നു ചിരിക്കെന്റെ പിള്ളാരെ. ദേഷ്യവും വേദനയും പോകട്ടെ. ഹഹഹഹഹഹ
വണ്ടി റോഡില്‍ ഓടിക്കാനായി എന്നു മാഷ് വിശ്വാസം പറഞ്ഞ ദിവസമാണതു സംഭവിച്ചത്- അങ്ങനെ പോകുകയാണ്, എറണാകുളത്തെ തിരിക്കില്‍. ബൈപാസിലൂടെ ചീറിപ്പായുന്നു ലോറികളും സ്വകാര്യ ബസുകളും. എറണാകുളത്തെ വണ്ടിവേഗതയെക്കുറിച്ച് ഈ നാട്ടുകാരനായ ബാലചന്ദ്രന് ചുള്ളിക്കാടു പാടിയതാണ് ശരി. മരണ വേഗത്തിലോടുന്ന വണ്ടികള്‍, നഗരവീഥികള്‍ നിത്യ പ്രയാണങ്ങള്‍.. അതിനിടയിലാണ് എല്‍ എന്നൊരു ബോര്‍ഡും വെച്ച് ഡ്രൈവിംഗ് സ്കൂളിന്റെ പേരും, ഡ്രൈവിംഗ് പഠിപ്പിക്കുന്നു വേഗത കുറച്ചു പോകുക എന്ന മുന്നറിയിപ്പും ഒക്കെയായി കൊച്ചു കുട്ടികള്‍ നടക്കാന്‍ തുടങ്ങുന്നതു പോലെ വണ്ടിയോടിക്കുന്നത്. അപ്പോള്‍ ഒരു ബൈക്ക് യാത്രക്കാരന് ഹോണും അടിച്ച് ഒവര്‍ടേക്ക് ചെയ്തു പോകുംവഴി സൈഡു ചേര്‍ന്നു പോടോ ഇല്ലെങ്കില്‍ പേസ്റ്റാകും എന്ന് ആക്രോശിച്ചത്. അപ്പോള്‍ ആശാന്റെ വിശദീകരണം- അവന്റെ വീറിനു കാര്യമുണ്ട്. പിറകില്‍ പൊണ്ടാട്ടി ഇരിക്കുന്നതുകൊണ്ടുള്ള അസുഖമാ. അതങ്ങനെയാ. നിങ്ങള്‍ക്കിപ്പോള്‍ ഒരു ദേഷ്യമൊക്കെ വന്നില്ലേ. പഠിച്ച് വലിയ വണ്ടിയൊക്കെ ഓടിക്കുമ്പോള്‍ ഇപ്പം കിട്ടിയത് ആര്‍ക്കെങ്കിലും കൊടുത്താല്‍മതി. റാഗിംഗ് പോലെ... അങ്ങനെ പോകവേ പിന്നില്‍ വലിയ ഹോണടി. വണ്ടി ഇടത്തേക്കു തിരിക്കുമ്പോള്‍ മാഷിന്റെ ഉപദേശം, അത്രയ്ക്ക് അങ്ങോട്ടു പോകണ്ട. അവന് ഹോണടിക്കട്ടെ. ഞാന്‍ സൈഡ് മിററില്‍ കാണുന്നു ചുവന്ന സ്വകാര്യ ബസിന്റെ പേടിപ്പിക്കുന്ന മുഖം കണ്ടു. അതില്‍ മുമ്പു വായിച്ചിട്ടുണ്ട് ഈ കണ്ണാടിയില്‍ കാണുന്നതിനേക്കാള്‍ അടുത്താണ് ഇതില്‍ കാണുന്ന വണ്ടിയെന്ന്. ഉള്ളൊന്നു പിടഞ്ഞു. പിന്നെ മാഷിന്റെ ഉപദേശം കേട്ടു. സ്വകാര്യ ബസ് കടന്നു പോയി- ഞങ്ങടെ വണ്ടിയുടെ സൈഡ് മിററും കൊണ്ട്. മാഷ് പറഞ്ഞു: പുതിയൊരു പാഠം- വണ്ടിയിലിരുന്നു പലരും പലതും പറഞ്ഞെന്നിരിക്കും. വണ്ടി ഓടിക്കുന്നവരുടെ കയ്യിലാ സ്വന്തം ജീവനും അതിലിരിക്കുന്നവരുടെ ജീവനും. ഇപ്പോള്‍ കണ്ണാടിയേ പോയുള്ളു, മേലില്‍ സൂക്ഷിക്കുക.
അങ്ങനെ ലേണേഴ്സ് ടെസ്റ്റു ദിവസം, അതു പാസായി. ഉച്ചയോടെ ആര്‍ടിഒ ഓഫീസില്‍നിന്ന് മടങ്ങുമ്പോള്‍ മാഷിനോടു പറഞ്ഞു, ഉച്ചയായില്ലേ, നമുക്ക് ഊണുകഴിഞ്ഞു പോയാലോ, ഏതെങ്കിലും ഹോട്ടലിനു മുന്നില്‍ നിര്‍ത്തണം മാഷേ. മാഷാണു വണ്ടി ഓടിക്കുന്നത്. . . മാഷു വേഗം ഓടുന്ന വണ്ടി ചവുട്ടി നിര്‍ത്തി. നമുക്ക് എന്നാല്‍ ഇവിടെനിന്നെങ്ങാനും കഴിച്ചാലോ. അവിടേക്കു പോയാല്‍ തിരിക്കിനിടയില്‍ പാര്‍ക്കിംഗ് ബുദ്ധിമുട്ടാകും. ഞാനൊന്നമ്പരന്നു.. ഡ്രൈവിംഗ് പഠിപ്പിക്കുന്ന മാഷാണ് ഇങ്ങനെ പറയുന്നത്. അപ്പോള്‍ എനിക്ക് എന്താ ഇദ്ദേഹത്തില്‍നിന്നു പഠിക്കാന്‍. തിരക്കുള്ള സ്ഥലങ്ങളില്‍ പാര്‍ക്കിംഗ് പറ്റില്ലെന്നാണോ. ഇതൊക്കെ എന്റെ മനസില്‍ വന്നുവെന്ന് എന്റെ നിശബ്ദതകൊണ്ടു മനസിലായതുപോലെ മാഷിന്റെ വിശദീകരണം- അതേ, ഈ ഡ്രൈവിംഗ് സ്കൂളിന്റെ വണ്ടി കണ്ടാല്‍തന്നെ പലര്‍ക്കും ഒരു പുച്ഛമാ. ഇവനൊക്കെ ഇത്തരം വണ്ടികളിലോടിച്ചാ ഈ പണി പഠിച്ചതെങ്കിലും അതൊക്കെ മറക്കും. പിന്നെ ഈ വണ്ടി ആശാനോടിച്ചാലും ശിഷ്യ•ാരോടിച്ചാലും അവര്‍ക്ക് എല്ലാം പഠിക്കുന്ന പിള്ളാരെന്ന ഭാവമാ. ഞാന്‍ ആശാനാണെന്നൊന്നു അവര്‍ക്കു തോന്നില്ല. എന്തിനാ വെറുതേ നിങ്ങടെ മുന്നില്‍ നാണം കെടുന്നത്..അതുകൊണ്ടാ... അതാ.... ഹാവൂ.. .. സമാധാനമായി.. ..ഞാന്‍ വെറുതേ മാഷിനെ തെറ്റിദ്ധരിച്ചു.. .. ..
വണ്ടി പിന്നിലേക്ക് ഓടിക്കാനും പുതിയ ഭാഷയില്‍ പറഞ്ഞാല്‍ ഒടിക്കാനും വൈഭവം ഇല്ലെങ്കില്‍ ഡ്രൈവിംഗ്കൊണ്ടു കാര്യമില്ല. അങ്ങനെയാണ് എച്ച് ക്ളാസിനെത്തിയത്. നാലു ചക്രവാഹനം ഇംഗ്ളീഷിലെ എച്ച് എന്ന അക്ഷരം പോലുള്ള ആകൃതിയില്‍ ഓടിച്ച് കാണിക്കുകയാണല്ലോ സംഗതി. ടൂവീലറിന് 8 ക്ളാസാണ്. അതോ 88 ആണോ. എന്തായാലും വലത്തോട്ടും ഇടത്തോട്ടും എട്ടു മാതൃകയില്‍ വണ്ടി ഓടിച്ചു കഴിഞ്ഞ് കാറിന്റെ എച്ചിനു ചെന്നപ്പോള്‍ മാഷിന്റെ ചോദ്യം, ഇനി കാറിന്റെ എട്ടെടുക്കാം അല്ലേ. മാഷിനു പറ്റിയ തെറ്റു തിരുത്തും പോലെ പറഞ്ഞു-അല്ല മാഷേ കാറിന് എട്ടല്ലല്ലോ എച്ച് അല്ലേ... ഉടനെ വന്നൂ മറുപടി. സാറേ, ഇതാണു പറയുന്നത് നിങ്ങള്‍ക്ക് ഒന്നുമറിയാന്‍ വയ്യന്ന്. അക്കത്തിലെ എട്ടാണ് അക്ഷരത്തിലെ എച്ച്. ഒന്നെണ്ണി നോക്കിക്കേ... എ-1, ബി-2,സി-3, ഡി-4, ഇ-5, എഫ്-6,ജി-7,എച്ച്-8... .. ഠിം... .. .. .. അങ്ങനെ പുതിയ പാഠവും പഠിച്ച് വണ്ടി പിന്നിലേക്കും മുന്നിലേക്കും ഓടിച്ച് വണ്ടികൊണ്ട് എച്ച് വരച്ച് (ഇതിനേക്കാള്‍ എളുപ്പമാണ് മൂക്ക്കൊണ്ട് ക്ഷ വരയ്ക്കാന്‍) അവിടവിടെ കുത്തി നിര്‍ത്തിയിരുന്ന കമ്പികളില്‍ മുട്ടാതെ വിജയീഭാവത്തില്‍ വണ്ടിയില്‍നിന്നിറങ്ങിയപ്പോള്‍ മാഷിന്റെ കമന്റ്- അങ്ങനെ റിവേഴ്സും പഠിച്ചു. ഇനി ലൈസന്‍സ് കിട്ടും. പേടിക്കണ്ട. ഞാന്‍ ഒന്നാശ്വസിച്ചു. അപ്പോള്‍ മാഷ് വീണ്ടും.. .. .. അല്ല മാഷ് വീടു വെച്ചോ? മറുപടി- വെച്ചു. കാര്‍പോര്‍ച്ചു കെട്ടിയോ? -കെട്ടി. അയ്യോ വേണ്ടാരുന്നുവെന്ന് മാഷ്. എന്താ മാഷേ? അതേ ഓലകൊണ്ടു കെട്ടുന്നതായിരുന്നു നല്ലത്. അല്ലെങ്കില്‍ ഇങ്ങനെ റിവേഴ്സ് എടുത്താല്‍ വണ്ടീം പോകും, കാര്‍പോര്‍ച്ചും പോകും.. . . കൂട്ടച്ചിരിയ്ക്കിടയില്‍ ഞാന്‍ നോക്കുമ്പോള്‍ നേരേ കിടക്കേണ്ട വണ്ടി ഞാന്‍ നിര്‍ത്തിയിട്ടിരിക്കുമ്പോള്‍ കിടക്കുന്നത് കുറുകെ.. . . ഹഹഹഹ
ഒന്നിലേറെ മാഷ•ാരുണ്ട്. ടീച്ചറും. വണ്ടികള്‍ ചിലത് പഴയത്. ഒരാളുടെ വിദ്യാര്‍ത്ഥിയെ മറ്റേയാള്‍ എച്ച് പഠിപ്പിക്കുമ്പോള്‍ ആ മാഷിന്റെ ഡ്രൈവിംഗ് പരിശീലന രീതിയെ കുറ്റപ്പെടുത്തും. തിരിച്ചും.. .. .. അങ്ങനെ ഇവര്‍ ശിഷ്യ•ാരുടെ മുന്നില്‍ സ്കോര്‍ ചെയ്യാന്‍ കിട്ടുന്ന അവസരം വിനിയോഗിക്കുകയും ചെയ്യും. അതിനു സ്ഥലകാലമൊന്നും നോട്ടമില്ല. ചിലപ്പോള്‍ പരസ്പര മര്യാദ ലംഘിക്കപ്പെടുന്നുവെന്നും തോന്നും...
അങ്ങനെ ഡ്രൈവിംഗ് ടെസ്റ്റ് വന്നു.. കടുത്ത ടെന്‍ഷന്‍. കാലത്തേ പോയി ക്യൂ നിന്നു. പെണ് പഠിതാക്കള്‍ക്ക് ഒരു ടീച്ചര്‍ ഉണ്ട്. ഒരുശിഷ്യക്കു ഭയങ്കര ടെന്‍ഷന്‍... ടീച്ചറേ ഞാന്‍ പാസാകുമോ. അപ്പോള്‍ ടീച്ചറിന്റെ മറുപടിച്ചോദ്യം.. കൊച്ചു തോറ്റാല്‍ പിന്നെ ഞാനെന്തിനാ ഈ സാരിയുമുടുത്തിവിടെ നില്‍ക്കുന്നത്? ഉടനെ വന്നു ഒപ്പം നിന്ന മാഷിന്റെ കമന്റ്- കൊച്ചേ.. എങ്ങനെയെങ്കിലും ജയിക്കണേ.. അല്ലെങ്കില്‍ നമ്മുടെ ആകെ മാനം പോകും.. ടീച്ചര്‍.. സാരി.. ഹഹഹഹഹ കൂട്ടച്ചിരി. എല്ലാവര്ക്കും ടെന്‍ഷന്‍ മാറി.
അങ്ങനെ ടെസ്റ്റ് കഴിഞ്ഞു. വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ അദ്ദേഹത്തിന്റെ വാഹനത്തിലിരുന്ന് എന്റെ പേപ്പറൊക്കെ നോക്കിക്കൊണ്ടിരിക്കുമ്പോള്‍ ഒരു വിദ്യാര്‍ത്ഥിനി 8 എടുത്ത ടൂ വീലര്‍ കമ്പിക്കു പുറത്തുകൂടിയാണ് കടന്നു പോയത്. എന്റെ പേപ്പറൊക്കെ നോക്കുമ്പോള്‍ തന്റെ അബദ്ധം കണ്ടില്ലെന്ന വിശ്വാസത്തില്‍ കുട്ടി വന്നു നിന്നു. ഉദ്യോഗസ്ഥന് ചോദിച്ചു. പാസായോ? കുട്ടിയുടെ മറുപടി- ഞാന്‍ കാലുകുത്തിയില്ല. അതല്ല താന്‍ പാസായോ എന്നു വീണ്ടും. ഇല്ല സാര്‍ ഞാന്‍ കാലുകുത്തിയില്ല എന്നു കുട്ടി. പിന്നെ താനെന്തിനാ കമ്പിക്കു പുറത്തുകൂടി പോയത് എന്നദ്ദേഹം. അയ്യോ. അതു ഞാന്‍ അകത്തൂടെ എടുത്താല്‍ കമ്പിയില്‍ മുട്ടുമെന്നു കരുതി എടുത്തതാ എന്നു കുട്ടി ചിണുങ്ങി. ഉദ്യോഗസ്ഥന്റെ പ്രസംഗം- മോളേ അതു കമ്പിയല്ല കാണയാണെങ്കിലോ? തന്റെ ഷേപ്പും മാറും വണ്ടീടെ കാറ്റും പോകും. പിന്നെ ആ കമ്പിക്കു പകരം ആളാണെങ്കിലോ. അവരുടെ കാറ്റും പോകും. ഞാനെന്താ ഈ വണ്ടിക്കുള്ളില്‍നിന്നു പുറത്തിറങ്ങാത്തത്. എനിക്കറിയാം ഈ ഓടിക്കുന്നവരൊക്കെ മിടുക്ക•ാരാ. ആ കമ്പിയുടെ അുത്തെങ്ങാനും നിന്നാല്‍ എന്റെ മക്കള്‍ക്ക് അപ്പനില്ലാതാകും. അതുകൊണ്ട് മോള് അടുത്ത തവണ ഒന്നുകൂടി വാ. എട്ടും പൊട്ടുമൊക്കെ ഒന്നു തിരിയട്ടെ... സങ്കടപ്പെട്ടു കുട്ടി പോയപ്പോള്‍ ബാക്കി കമന്റ് പഴയ സിനിമാ പാട്ടു മുഴുവന്‍ പാടാന്‍ വയ്യ.. പാവാടക്കാരില്ലല്ലോ ഇപ്പോള്‍ ചുരീദാറല്ലേ. ( അന്നു നിന്റെ നുണക്കുഴി തെളിഞ്ഞിട്ടില്ല. . . .എട്ടും പൊട്ടും തിരിയാത്ത. . . ) എന്ന പാട്ടിന്റെ ബാക് ഗ്രൌണ്ടു കേട്ടപോലെ. . ..
ടെസ്റ്റു പാസായി മടക്കയാത്രയില്‍ പഴയ കഥകള്‍ പറയുകയാണ് മാഷ്. ഒരിക്കല്‍ മാഷ് പഠിപ്പിച്ച ഒരു ശിഷ്യന് 10 ക്ളാസ് കഴിഞ്ഞിട്ടും ക്ളച്ചു ചവിട്ടാതെ വണ്ടി ഗിയര്‍മാറ്റി. അതും വലിയ തിരക്കുള്ള റോഡില്‍. അാഷിനു ദേഷ്യം വന്നുവത്രേ. പെട്ടെന്ന് എന്താ ഈ കാണിക്കുന്നതെന്നു ചോദിച്ച് ഒറ്റയടി കൊടുത്തു ഗിയറില്‍ വെച്ചിരുന്ന കയ്യില്‍. പിന്നെ മാഷിനു പശ്ചാത്താപം. കുറച്ചു കഴിഞ്ഞു ക്ഷമ പറഞ്ഞു. അപ്പോള്‍ മധ്യവയസ്കനായ വിദ്യാര്‍ത്ഥി പറഞ്ഞുവത്രേ-അതു സാരമില്ല എന്ന്. അടുത്തപടിയായി മാഷ് ചോദിച്ചുവത്രേ- സാറിന് എന്താണു ജോലിയെന്ന്. മറുപടി-ഹൈക്കോടതിയിലാ. ഹൈക്കോടതിയില്‍ ഏതു സെക്ഷനിലാ? മറുപടി- ഞാന്‍ ജഡ്ജാ. ഠിം. മാഷിന്റെ വിവരണം ഇങ്ങനെ- എന്റെ കാല് സഡന്‍ ബ്രേക്കില്‍. രണ്ടു കയ്യും കൂട്ടി തൊഴുതു പറഞ്ഞുപോയി-എന്നെ ശിക്ഷിക്കല്ലേ എന്ന്. അപ്പോള്‍ ആ ജഡ്ജ്-അതു സാരമില്ല, ഇപ്പോള്‍ ഞാന്‍ ജഡ്ജല്ല, വണ്ടി ഓടിക്കാന്‍ പഠിക്കുന്നയാളാ. മാഷ് അദ്ധ്യാപകന്. തെറ്റു ചെയ്താല്‍ കുട്ടികളെ ശിക്ഷിക്കണം. എങ്കിലേ നേരേയാകൂ. അാഷ് തുടരുന്നു- സമാധാനമായി. അതു തമാശയും ഗൌരവവും എല്ലാം ചേര്‍ന്ന ഒരു അനുഭവമായി. അന്നു മുതല്‍ ഞാന്‍ ആരേയും ചീത്തപോലും പറയില്ല. ആര്‍ക്കറിയാം പഠിക്കാന്‍ വരുന്നവര്‍ ആരാണെന്ന്. എന്റെ ഡ്രൈവിംഗ് മാഷ•ാരെല്ലാം തമാശക്കാരായത് ഇത്തരം അനുഭവങ്ങള്‍കൊണ്ടാകാം. എന്നാലും ഡ്രൈവിഗ് ഒരു തമാശയായി കാണുന്നില്ല ഞാന്‍. കീ കീ കീ ഇടതും വലതും നോക്കി ഫുട്പാത്തില്‍ കൂടിത്തന്നെ പോകണേ. . . ഹോണടിക്കുന്ന ഒരു വണ്ടി ഓടിക്കുന്നത് ഞാനായിരിക്കും.. . . സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ടല്ലോ. . . .