Wednesday, December 29, 2021

മെട്രോ ശ്രീധരൻ സാർ സജീവ രാഷ്ട്രീയം വിടുമ്പോൾ...

 മെട്രോ ശ്രീധരൻ സാർ

സജീവ രാഷ്ട്രീയം വിടുമ്പോൾ...
.......
ഇ. ശ്രീധരൻ, മെട്രോമാൻ, ടെക്നോ ക്രാറ്റ്, സജീവ രാഷ്ട്രീയം വിട്ടു. ബിജെപിയിലേ അദ്ദേഹം ചേർന്നിട്ടുള്ളു, പാർട്ടിയെന്ന നിലയിൽ. അതിനാൽ ബി ജെ പി വിട്ടു എന്നും പറയാം. ബി ജെ പിയിൽ ചേർന്നു എന്നു പറയാമെങ്കിൽ അങ്ങനെയും പറയാമല്ലോ.


കഴിഞ്ഞ മാസം അദ്ദേഹത്തെ കണ്ട് ഒരു മണിക്കൂർ 10 മിനുട്ട് സംസാരിച്ചു. പല വിഷയങ്ങൾ. ദേശീയ ഭരണം, വികസന പ്രവർത്തനം, കേരളം, യു പി, കശ്മീർ, മലേഷ്യ, നെതർലാൻഡ്, ആത്മീയത, RSS, സ്വാമി ഭൂമാനന്ദ തീർഥ, ദൽഹി മെട്രോ, ഊരാളുങ്കൽ, കെ റെയിൽ, കേരള വികസനം തുടങ്ങി പലതും.
എൻ്റെ ഒരു ചോദ്യം തെരഞ്ഞെടുപ്പ് രാഷ്ട്രീയ അനുഭവങ്ങളെക്കുറിച്ചായിരുന്നു. വിസ്തരിക്കാതെ വ്യക്തമായി ഇങ്ങനെ വിശദീകരിച്ചു:
നല്ല അനുഭവമായിരുന്നു. പലതും പുതിയത് പഠിച്ചു. രാഷ്ട്രീയ പ്രവർത്തനം എനിക്കറിയില്ലായിരുന്നല്ലോ.
തെരഞ്ഞെടുപ്പിൽ ബിജെപി ഓവർ കോൺഫിഡൻസിലായിരുന്നു. ഞാനും. കാരണം കണക്കുകൾ ശരിയായിരുന്നു. 16.3 ശതമാനം വോട്ടു കിട്ടിയ പാർട്ടിക്ക് 3 ശതമാനം വോട്ടു കൂടി കിട്ടിയാൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയെങ്കിലുമാകാമായിരുന്നു. പല കാരണങ്ങളാൽ വോട്ട് കുറയുകയാണ് ചെയ്തത്. അതിന് കാരണം കണ്ടെത്തണം.
ഞാൻ മാത്രം വിജയിക്കാത്തതും നന്നായി എന്ന് തോന്നി. ഒറ്റയ്ക്ക് എന്തു ചെയ്യാനാകുമായിരുന്നു. അധികാരവുമില്ലാത്ത സാഹചര്യത്തിൽ മോശമായി മാറിയേനെ.
അധികാരമില്ലാതെയും പലതും ചെയ്യാം. ജയിച്ചാലും തോറ്റാലും ചെയ്യുമെന്ന് ഞാനുറപ്പു നൽകിയ കാര്യങ്ങൾ ചെയ്തു. ഒരു കോളനിയിൽ വൈദ്യുതി ഇല്ലാത്തതായിരുന്നു പ്രശ്നം. ഞാൻ സ്വന്തം പണം വിനിയോഗിച്ച് അവർക്ക് വൈദ്യുതി എത്തിച്ചു. അധികാരവും പദവിയും രാഷ്ട്രീയവുമില്ലാതെ ചെയ്യാവുന്ന ഒട്ടേറെക്കാര്യങ്ങളുണ്ട്. അതിൽ എനിക്കാവുന്നത് ഞാൻ ചെയ്യും. ചെയ്തു കൊണ്ടിരിക്കുന്നു.
തെരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ പല സ്ഥാനങ്ങളും പദവികളും ഞാൻ രാജി വെച്ചിരുന്നു. പക്ഷേ, അനൗദ്യോഗികമായി പലരും, സ്ഥാപനങ്ങളും എന്നോട് അഭിപ്രായങ്ങൾ തേടാറുണ്ട്. ഞാൻ ഉപദേശങ്ങൾ കൊടുക്കാറുമുണ്ട്, അത് തുടരും.
രാഷ്ട്രീയപ്പാർട്ടികൾക്ക് രാഷ്ട്ര താൽപ്പര്യം വളരണം. പല പാർട്ടികൾക്കുമില്ല. RSS, ബിജെപി ഒക്കെ തുടക്കകാലത്തേ രാഷ്ട്ര സ്നേഹവും രാഷ്ട്ര താൽപ്പര്യവും മുഖ്യമാക്കിയിരുന്നു. അധികാരമല്ല പ്രധാനം.
പുലർച്ചെയുള്ള ദിനചര്യക്രമവും ആത്മീയ സാധനയും സംബന്ധിച്ച് ചോദിച്ചപ്പോൾ പറഞ്ഞു:
ആരോഗ്യ പ്രശ്നങ്ങളുണ്ട്. മുമ്പത്തെപ്പോലെ കഴിയുന്നില്ല. അടുത്തിടെ ആശുപത്രിയിൽ കഴിയേണ്ടിവന്നു. വിശ്രമിക്കണം, പക്ഷേ, എൻ്റെ ആത്മീയ ഗുരു (സ്വാമി ഭൂമാനന്ദ തീർഥ) പറഞ്ഞിട്ടുള്ളത്, ആവുന്നത്ര കാലം ആവുന്ന പോലെ രാഷ്ട്ര സേവനം ചെയ്യുക എന്നാണ്. അതാണ് സർവീസിൽ നിന്ന് വിരമിച്ച ശേഷവും ഞാൻ പല പ്രവർത്തനങ്ങളിൽ ഉള്ളത്. ഇപ്പോൾ ഭാരതപ്പുഴ സംരക്ഷണത്തിനുള്ള ശ്രമങ്ങളിലാണ്.പ്രശ്നം പഠിച്ചു. പരിഹാരവും തിരിച്ചറിഞ്ഞു. ഇനി പദ്ധതികൾ വേണം. പണമല്ല, നദീ സംരക്ഷണത്തിന് അഥോറിറ്റി വേണം, അതിന് ഭരണ, നിയമ അധികാരം വേണം...


ഇ. ശ്രീധരൻ രാഷ്ടീയക്കാരനല്ല; കക്ഷിരാഷ്ട്രീയക്കാരനല്ല. രാഷ്ട്രീയമില്ലാതെ അധികാരം കിട്ടില്ല എന്നതാണ് ജനാധിപത്യത്തിലെ ഇന്ത്യൻ സ്ഥിതി. രാഷ്ട്രീയമില്ലാതെ, അധികാരമില്ലാതെ മാറ്റങ്ങൾക്ക് നേതൃത്വം കൊടുക്കാനാവില്ല. അതിനുള്ള അവസരം കൂടിയായിരുന്നു പാലക്കാട്ടെ പരീക്ഷണവും പരിശ്രമവും. പരാജയപ്പെട്ടു എന്നു പറയാനാവില്ല. 90 വയസാണ് ഈ വർഷം കഴിയുന്നത്. രാഷ്ട്രീയത്തിൽ അത് ഏറെ വൈകിയ കാലമാണ്. രാഷ്ട്ര നിർമാണക്കാര്യത്തിൽ സായാഹ്നം എന്നേ പറയാനാവൂ..
രാഷ്ട്രീയത്തിൽ പരിശ്രമിച്ച് ' ദയനീയനായി' പിൻവലിയേണ്ടിവന്ന ടി.എൻ. ശേഷൻ്റെ സ്ഥിതിയല്ല ശ്രീധരന്. സജീവ രാഷ്ട്രീയത്തിലില്ലെങ്കിലും ടെക്‌നോക്രാറ്റ്, മനുഷ്യന് നേഹി, രാഷ്ട്ര പ്രേമി ശ്രീധരൻ നമ്മോടൊപ്പമുണ്ടാകും, എന്തിനും തയാറായി, ഏവരേയും സ്നേഹിച്ച് സ്നേഹാദരം സ്വീകരിച്ച്.


ചിത്രം: ഇ. ശ്രീധരൻ, ഭാര്യ രാധാ ശ്രീധരൻ- പൊന്നാനിയിലെ വീട്ടിൽ.
ഒരു ചിത്രത്തിൽ ജന്മഭൂമി റിപ്പോർട്ടർ (കോഴിക്കോട്) വിജിത്തും.
കാമറ: എം.ആർ. ദിനേശ് കുമാർ, ജന്മഭൂമി.

നെയ്‌വിളക്ക്, കെടാവിളക്ക്

 നെയ്‌വിളക്ക്, കെടാവിളക്ക്


ഡിഗ്രിക്ക് ആലപ്പുഴ എസ്ഡി കോളെജിൽ (സനാതന ധർമ്മ കോളെജ്, കളർകോട്) പഠിക്കുമ്പോൾ കോളെജ് മാഗസിനിലേക്ക് ഒരു കവിത കൊടുക്കാൻ തോന്നി; കാലം 1984 അവസാനം. അന്ന് കെഎസ് യു നേതാവ് സുരേഷ് രാജശേഖരനായിരുന്നു മാഗസിൽ എഡിറ്റർ എന്ന് തോന്നുന്നു. ടി.ടി. ശ്രീകുമാർ, അനിതാ തമ്പി, സാബു ഷൺമുഖം, ഉണ്ണി ബാലകൃഷ്ണൻ (അന്ന് ഉണ്ണിയുടെ പേര് അങ്ങനെ ആയിരുന്നോ എന്ന് സംശയം) ഒക്കെയാണ് അന്ന് താരങ്ങൾ. കവിത കൊടുത്തു. പ്രസിദ്ധീകരിക്കുമെന്ന് വിശ്വാസമില്ല, കാരണം കോളെജ് മാഗസിനൊക്കെ രാഷ്ട്രീയ താൽപര്യങ്ങളിലാണ് അന്നും. ഇന്ദിരാ വധത്തിന്റെ പശ്ചാത്തലത്തിലാണ് കവിത. പദ്യമെന്നൊക്കെ പറയാമെന്നല്ലാതെ കവിതയെന്ന് വിളിക്കാമായിരുന്നോ അതിനെ. മാത്രമല്ല, അതിൽ ഒരുവരിയിൽ വൃത്തവും ഈണവും താളവുമൊക്കെ തെറ്റിച്ച് മുഴച്ചുനിൽക്കുന്ന ഒരുഭാഗവുമുണ്ടായിരുന്നു. പക്ഷേ, മാഗസിൻ വന്നപ്പോൾ കവിതയുണ്ട്. കവിതയിൽ ആ വരി തിരുത്തിയിട്ടുണ്ട്... അത് ഇങ്ങനെയായിരുന്നു: 'ഗരിമയൊടുനിന്നൊരാ സൈന്ധവപ്രാന്തത്തിലൊരു വിപിനരോദനം കേൾക്കാം, ഒരുമയ്ക്കുവേണ്ടിയാ സത്യസമത്വത്തിനാരോ മുഴക്കിയ ഘോഷം' എന്ന് തിരുത്തിയത്. ഞാനെഴുതിയ വരിയിലെ 'ആസേതുഹിമാചലേ' ആയിരുന്നു സൈന്ധവപ്രാന്തത്തിലായത്. എന്റെ 'ശബ്ദ'മാണ് 'ഘോഷ'മായത്. പദ്യം കവിതയായി മാഗസിനിൽ കയറുകയായിരുന്നു. മാഗസിൻ സ്റ്റുഡന്റ് എഡിറ്റർ വഴി അറിഞ്ഞതാണ്, കവിതയാക്കിയത് അമ്പലപ്പുഴ ഗോപകുമാർ സാർ ആയിരുന്നുവെന്ന്. സാറാണ് കവിത തിരഞ്ഞെടുത്തത്.
മലയാളം ബിഎയ്ക്ക് പഠിക്കുന്ന എന്റെ വകുപ്പ് മേധാവിയാണ് അന്ന് ഗോപകുമാർ സാർ. ഈ കവിതക്കാര്യം സാറിനോട് ഞാൻ മുൻപേ പറഞ്ഞില്ല, പ്രസിദ്ധമാക്കാൻ തിരഞ്ഞെടുത്ത കാര്യം സാർ എന്നോടും. കവിത തിരുത്തിയതിന്റെ സൗന്ദര്യം സാറിനോട് ഒരു ഉച്ചനേരം പറഞ്ഞപ്പോൾ ആരുടെ കവിതയെന്ന് ഞാൻ നോക്കിയിരുന്നില്ല, ശശികുമാറിന്റേതായിരുന്നോ, ഇനിയും എഴുതണം. അതിന് വായിക്കണം, കൂടുതൽ കൂടുതൽ കവികളെ വായിക്കണം. എഴുത്തച്ഛൻ, ചെറുശ്ശേരി, നമ്പ്യാർ ഒക്കെ വായിക്കണം. ഒപ്പം ആധുനികരേയും പഠിക്കണം. കവിതയ്ക്ക് ആത്മാവും ശരീരവും വേണം തുടങ്ങി പലതും പറഞ്ഞു.

അക്ഷരശ്ലോകം ചൊല്ലാനുള്ള എന്റെ കഴിവ് സാർ എന്റെ കുട്ടിക്കാലത്തേ അറിഞ്ഞിരുന്നു. ഞാൻ എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ കളർകോട്ടെ ഒരു വായനശാലയിൽ (ജയ്ഹിന്ദ് ആണെന്ന് ഓർമ, കൈതവനയിൽ) ശ്ലോകം ചൊല്ലിയതിന് സാറാണ് സമ്മാനം നൽകിയത്. പ്രീഡിഗ്രിക്ക് കോളെജിൽ ചേരാൻ ചെന്നപ്പോൾ അച്ഛൻ എന്നെയും കൂട്ടി സാറിനെ കണ്ട് ആ ഓർമ പുതുക്കിയിരുന്നു. അന്നു മുതൽ ജീവിതത്തിന്റെ സന്തോഷകാലത്തും ദുർഘടകാലത്തും സാറിന്റെ സാന്ത്വനമോ സാമീപ്യമോ സമ്മാനമോ ഉണ്ടാകാറുണ്ട്.
കഴിഞ്ഞ ദിവസം, സാറിന്റെ 'നെയ്‌വിളക്ക്' എന്ന പുതിയ കവിതാ സമാഹാരം തപാലിൽ കിട്ടിയപ്പോൾ ആർത്തിയോടെ അത് മറിച്ചുനോക്കി. ലളിത സുന്ദരമായ കവിതകൾ, അതി മനോഹരമായ വരികൾ, ഒറ്റവായനയിൽ ഹൃദിസ്ഥമായിമാറുന്ന ഈരടികൾ...
സാറിന്റെ ഒരു കവിതയിലെ ഈ രണ്ടു വരികൾ ആഴ്ചയിൽ ഒരിക്കലെങ്കിലും മൂളാതിരിക്കില്ല, കാരണം ഒരു ദിവസമെങ്കിലും രാത്രിയേയും ഇരുട്ടിനേയും ഒറ്റയാനായി കാണാതിരിക്കില്ലല്ലോ. മലയാള കവിതയിൽ ഏറ്റവും സ്വാധീനിച്ച് 10 ഈരടികൾ ആവശ്യപ്പെട്ടാൽ ഞാൻ ഇതുൾപ്പെടുത്തും.
'മയക്കുവെടിയേറ്റ മദയാനയെപ്പോലെ
മലയോരത്തെക്കാട്ടിൽ പാതിര മൂർച്ഛിക്കുമ്പോൾ' എന്ന വരികൾ. എനിക്ക് അറിയില്ല, അത്തരമൊരു സങ്കൽപ്പം സാഹിത്യത്തിൽ വേറേ ഉണ്ടോ എന്ന്. 'സാനുവിൽ തിണ്ടുകുത്തുന്ന കൊമ്പനാന കണക്കിനേ' എന്ന് നിത്യമേഘമെന്ന കവിതയിൽ അക്കിത്തം മേഘത്തെ വരച്ചിട്ടത് വായിച്ച ആനന്ദത്തിന്റെ ആനത്തലവലുപ്പം ഈ വരികളിൽ എനിക്ക് തോന്നാറുണ്ട്.
സാറ് സംസാരിക്കുമ്പോൾ, ക്ലാസെടുക്കുമ്പോൾ വെള്ളം നിറച്ചുവെച്ച വട്ടച്ചെമ്പിന്റെ വക്കിൽ തട്ടുമ്പോൾ ജലതരംഗങ്ങൾ വട്ടത്തിൽ സഞ്ചരിച്ച് നടുക്ക് തമ്മിൽ ചേർന്ന് നടുക്കെത്തി, ഒരു തുള്ളിയായി മുകളിലേക്ക് കുതിക്കാൻ ശ്രമിക്കുന്ന കാഴ്ച മനസിൽ വരും. വെള്ളമില്ലാത്ത ചെമ്പുകിടാരത്തിൽ തട്ടുമ്പോൾ കേൾക്കുന്ന ശബ്ദ വീചിയുടെ മകാരത്തുടർച്ച കേൾക്കും.
അദ്ദേഹത്തിന്റെ കവിതകൾ വായിക്കുമ്പോഴും ഇതാണ് എനിക്ക് അനുഭവം. അത് ആത്മീയ സാംസ്‌കാരികതയുടെ ഉന്നതിയിലേക്കുള്ള കുതിപ്പിന്റെ ജലബിന്ദുക്കളാകും. അവ ഓങ്കാരത്തിലെ മകാരമായി മൂളക്കം മുഴക്കിക്കൊണ്ടിരിക്കും. അറിയില്ല വേറേ ആർക്കെങ്കിലും അങ്ങനെയൊക്കെ അനുഭവമുണ്ടോ എന്നും അനുഭവിപ്പിക്കാനാകുമോ എന്നും. പക്ഷേ, അമ്പലപ്പുഴ ഗോപകുമാറിനെ അമ്പലക്കവികളുടെ ഗണത്തിൽ പെടുത്തി ഒതുക്കിയിട്ടുണ്ട് ചിലർ- പി. കുഞ്ഞിരാമൻനായർക്കും എസ്. രമേശൻനായർക്കും മറ്റും നിരൂപക-വിമർശക സിംഹങ്ങൾ കൊടുത്ത ചാപ്പകുത്തൽ.
നെയ്‌വിളക്കിൽ 50 കവിതകളുണ്ട്. പകുതിയും പേരും വിഷയവുംകൊണ്ട് 'അമ്പലക്കവിതകൾ'. പക്ഷേ ഉള്ളിലാഴ്ന്നിറങ്ങിയാൽ ഭക്തി ഘോഷണം മാത്രമല്ല. ചില കവിതകൾ വിഷയത്തിലും അവതരണത്തിലും സങ്കൽപ്പനത്തിലും അസാമാന്യമായ സംവേദനക്കരുത്തുള്ളവ.
ഒന്നുരണ്ടുദാഹരണങ്ങൾ മാത്രം:
പഞ്ചവർണക്കിളി പാടുമ്പൊഴും, കാട്ടു
പൂഞ്ചോലയാർത്തലച്ചീടുമ്പൊഴും, വന്യ
ജന്തുക്കളോരോവിധത്തിലുള്ളസ്തിത്വ
ജന്യമാം ശബ്ദമുയർത്തുമ്പൊഴും, ഇളം
തെന്നലുണർത്തും ദലമർമ്മരങ്ങൾതൻ
ഭിന്നതാളത്തിൽ പ്രകൃതിയലിയുമ്പൊഴും
ആരൊരാളീശബ്ദവൈജാത്യ വിസ്മയ-
സാഗരം തന്നിൽ മറഞ്ഞിരുന്നീടുന്നു'
എന്ന് എഴുതുമ്പോൾ അത് ഭക്തിയാണെന്ന് പറയുന്നതല്ലേ, യുക്തിയില്ലായ്മ?
ജൻമപർവം, അമ്മത്തോറ്റം, തുഞ്ചന്റെ കൈരളി തുടങ്ങിയ കവിതകളിലെ വിഷയവും സന്ദേശവും ഭക്തിയാണെന്ന് പറയാമോ. ഏത് കവിയുടെ രചനയോടും എതുതലത്തിൽ മാറ്റുരച്ചാലും മികച്ചു നിൽക്കും 'ഒരു മുത്തങ്ങപ്പാട്ട്'
'മുത്തങ്ങപ്പുല്ലു വളർന്ന് പടർന്നെന്റെ
മുറ്റം മുഴുക്കെയും കാടാണേ
ചെത്തിപ്പറിച്ചിട്ടും കുത്തിപ്പിഴുതിട്ടും
കത്തിച്ചുനോക്കീട്ടും കാടാണേ
കാട്ടിലും മേട്ടിലും മാമരച്ചോട്ടിലും
കട്ടച്ച ചോരപ്പാടാണേ
ചോരക്കൊതിയുള്ള നാട്ടധികാരത്തിൻ
തീയുണ്ട തുപ്പിയ പോടാണേ
പോട്ടിന്നകത്തൊരു താമരപ്പൈങ്കിളി
വീർപ്പിട്ടിരിക്കുന്ന കണ്ടില്ലേ
പാട്ടില്ല ചിരിയില്ല കളിയില്ലവളുടെ
പ്രാണൻ പിടയ്ക്കുന്നതെന്താണേ?''
കവിതയ്ക്ക് മാർക്കിടുന്ന ജഡ്ജിമാരും സമ്മാനം നിശ്ചയിക്കുന്ന കൊട്ടാരം പണ്ഡിതരും അവഗണിച്ചാലും വായനക്കാർ കൊണ്ടാടുകതന്നെ ചെയ്യും ഈ കവിയെ കവിതകളെ...
വിളക്കുകൾ അങ്ങനെയാണ്, സ്വയം തെളിയും, ചുറ്റും തെളിക്കും, നെയ്‌വിളക്ക് ദിവ്യത്വവും പരത്തും. അമ്പലപ്പുഴയിലെ ഈ കവിതയുടെ കെടാവിളക്ക് സുഗന്ധവും പരത്തുന്നു, പരക്കട്ടെ,എങ്ങും, എന്നാളും.
നെയ്‌വിളക്ക്
ഡോ. അമ്പലപ്പുഴ ഗോപകുമാർ
കവിതകൾ
ബുദ്ധ ബുക്‌സ്
വില 120 രൂപ

 കാവാലം കുറിപ്പുകൾ 3

മണ്ഡലം വട്ടമെത്തുകയാണ്,
ആ പള്ളിമണികൾക്ക് ഒരു സന്ദേശമുണ്ട്...

ഇന്ന് ക്രിസ്മസ്. ഇന്നലെ എന്റെ നാട്ടുപ്രദേശം ഉറങ്ങിയിട്ടില്ല. ക്രിസ്മസ് കരോൾ സംഘങ്ങൾ കൊട്ടിപ്പാടി ഇടവഴികളിലും കയറിയിറങ്ങി. അവർക്ക് കൊട്ടാൻ ബാൻഡുവാദ്യ ഉപകരണങ്ങളായിരുന്നില്ല, നാസിക് ഡോളുകളായിരുന്നോ? അത്രയ്ക്ക് കാതടപ്പിക്കുന്ന ശബ്ദമായിരുന്നു. ചിലപ്പോൾ അതും ബംഗാളികൾ ഏറ്റെടുത്തിട്ടുണ്ടാവും. മുഖംമൂടിയ വേഷങ്ങളിൽ ആളെ തിരിച്ചറിയാൻ വിഷമിച്ചു.
കരോളിന്റെ ശബ്ദത്തെ മറികടന്ന് പടക്കങ്ങൾ പൊട്ടിച്ചിരിച്ചു. കാലത്ത് വഴിയിൽ മഞ്ഞിൽ കുതിർന്ന് പടക്കത്തിന്റെ അവശിഷ്ടങ്ങൾ. നനഞ്ഞ പടക്കങ്ങൾ...
ഫേസ്ബുക്കിൽ, ക്രിസ്തു ജയന്തിക്ക് ആശംസയർപ്പിക്കാൻ മത്സരിക്കുന്നവരിൽ വിശ്വാസികൾ, അവിശ്വാസികൾ, മതേതരപ്രസംഗകർ. വീഡിയോകളും ചിത്രങ്ങളും പോസ്റ്ററുകളുമായി സാമൂഹ്യ മാധ്യമങ്ങളും നിറഞ്ഞിരിക്കുന്നു.
ക്രിസ്മസ് വിവിധ തരത്തിൽ ആഘോഷിക്കുന്നവർക്കിടയിൽ രവി (വ്യാജപ്പേര്) യാണ് എനിക്ക് ഈവർഷത്തെ താരമായത്. പാൽവിതരണമാണ് പതിവ് ജോലി. നല്ല പശുവിൻപാൽ വീടുകളിലെത്തിക്കും. അതാണ് തൊഴിൽ. പശുവിനെ വളർത്തലും പാൽവിൽപ്പനയും. ക്രിസ്മസിന് കാലത്ത് അൽപ്പം 'വശപ്പിശക്' സംഭവിച്ചു, അങ്ങേ വീട്ടിൽ കൊടുക്കേണ്ട പാൽ, അളവിൽ കുറച്ച് വാങ്ങുന്ന മറ്റൊരു വീട്ടിൽ. പലർക്കും അബദ്ധം മനസിലായപ്പോൾ അന്വേഷണമായി. അത് കണ്ടെത്തി- തലേന്നത്തെ 'ആഘോഷം' പുലർച്ചെയും അവസാനിക്കാത്ത ഏതോ വീട്ടിൽ പാൽകൊടുക്കാൻ ചെന്നതാണ് രവി. അവിടെ കൂട്ടുകാരൻ സൽക്കരിച്ചു. സമയവും കാലവും നോക്കിയില്ല, രവി ആവശ്യംപോലെ വാങ്ങിക്കുടിച്ചു. (പാഠം രണ്ട് പാൽ..... ''പശു നമുക്ക് പാൽതരും....അതുകുടിക്കാഞ്ഞാൽ അമ്മ കരയും. കാരണം ഞാൻ അച്ഛനെപ്പോലെ വലുതാകണം'' എന്നാണല്ലോ പഴയ പാഠം. അത് രവി ഇങ്ങനെ മാറ്റി; '...അതുകുടിക്കാഞ്ഞാൽ ഇഷ്ടൻ പിണങ്ങും. കാരണം, ഞാനും ആഘോഷത്തിൽ പങ്കാളിയാകണം.') പാനീയവീര്യം പ്രവർത്തിച്ചു തുടങ്ങിയപ്പോഴാണ് രവിക്ക് ചുവടുതെറ്റിയത്, അളവ് തെറ്റിയത്, വീടുമാറിയത്. അബദ്ധമായത്.
''ആരോഗ്യത്തിന് പാല്, ആഘോഷത്തിന് പാനീയം...'' എത്രനല്ല ക്യാപ്ഷൻ. മിൽമയും ബിവറേജസും സ്വന്തമായ സംസ്ഥാന സർക്കാരിന് വേണമെങ്കിൽ പ്രതിഫലം തരാതെ എടുക്കാം... പേറ്റന്റ് ഇല്ല.
ഇൗയാഴ്ച നഗരത്തിലായിരുന്നെങ്കിൽ കേക്കുകളുടെ ധാരാളിത്തമായിരുന്നേനേ, സമ്മാനമായും സന്തോഷമായും കേക്ക് തിക്കിത്തിരക്കിയേനെ. ഗ്രാമത്തിൽ, പണ്ട്, ഒപ്പം പഠിച്ച കെ.ജെ. ജോസഫ് കടത്തുവള്ളംകയറ്റി കുന്നമ്മയിലെ വീട്ടിൽ കൊണ്ടുപോയി 'വെളുത്ത പുളിപ്പിച്ച അപ്പം' തീറ്റിച്ചത് 45 വർഷത്തിന് ശേഷം ഇപ്പോഴും ഓർമയിൽ. അതിൽ കള്ള് ചേർക്കുമെന്ന വിവരം അറിഞ്ഞ് പിൻവലിഞ്ഞപ്പോൾ, 'ഇല്ല, നിങ്ങൾക്കുവേണ്ടി ഞങ്ങളും കള്ളൊഴിവാക്കി, പകരം ഈസ്റ്റ് ചേർത്താണ് ഉണ്ടാക്കിയതെ'ന്ന് ആണയിട്ടുപറഞ്ഞാണ് കെജെ വീട്ടിലേക്ക് കൂട്ടിയത്. അത്തരം സൗഹാർദങ്ങൾ അതേ തീവ്രതയിൽ ഇന്നുണ്ടോ... അറിയില്ല. ഇനി ഉണ്ടാകുമോ... പ്രത്യാശിക്കാം.
.......
ക്രിസ്മസ് ദിനമായ ഡിസംബർ 25 നാണ് മുൻപ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ ജന്മദിനം. രാജ്യം സദ്ഭരണ ദിനമായി ആഘോഷിക്കുകയാണ് ആ ജന്മദിനം. 2000 ലെ ജന്മദിനത്തിന് പിറ്റേന്ന് അദ്ദേഹം കേരളത്തിലെത്തി. കോട്ടയത്തെ കുമരകത്തായിരുന്നു മൂന്ന് ദിവസം. കേരളത്തെക്കുറിച്ച്, ഭാരതത്തെക്കുറിച്ച്, വികസനത്തെക്കുറിച്ച് അടൽജി പങ്കുവെച്ച കുറിപ്പുകൾ വഴികാട്ടിയായിരുന്നു.
..........


നാളെ മണ്ഡലവ്രതക്കാലം 41 ാം ദിവസമാകുകയാണ്; ശബരിമല തീർത്ഥാടനക്കാലത്തിന്റെ പരിസമാപ്തി. കഴിഞ്ഞ ഏതാനും വർഷങ്ങളായി, കാവാലത്ത് ഭദ്രകാളീ ക്ഷേത്രത്തിലെ കളമെഴുത്തും പാട്ടും ഡിസംബർ 25 ന് വീട്ടിലെ വകയിൽ ആയിരുന്നു. ഇത്തവണ അമ്മയും അച്ഛനും മരിച്ച വർഷമായതിനാൽ, ഒരുവർഷത്തേക്ക് അത്തരം വഴിപാടുകൾ നടത്താൻ പാടില്ലെന്നാണ് നാട്ടുനടപ്പും വിശ്വാസവും. അതിനാൽ പൂജകൾ നടത്തുന്നില്ല, പൂജയ്ക്ക് തൊഴാൻ എത്താനായി എന്നതാണ് ആശ്വാസം.
കുട്ടിക്കാലത്തെ മണ്ഡലക്കാലം ഓർമയിൽ. ഇടവഴികളിലെങ്ങും സന്ധ്യയായാൽ ശബരിമലയ്ക്ക് കെട്ടുമുറുക്കി, (ഞങ്ങടെ നാട്ടിൽ കെട്ടുമുറുക്കലാണ്, ചിലർക്ക് കെട്ടെടുപ്പാണ്, ചിലർക്ക് കെട്ടുനിറയ്ക്കൽ- റംസാൻ വ്രതക്കാലത്തെ നോമ്പുതുറക്കൽ പോലെയാണ്. ചിലെടത്ത് നോമ്പ്തുറ, ചിലർക്ക് നോമ്പ് മുറി ആണല്ലോ.) യാത്രപോകുന്ന ചെറു സംഘങ്ങൾ ശരണം വിളിച്ച് നീങ്ങുന്നത് കാണാമായിരുന്നു, കേൾക്കാമായിരുന്നു. ചില വീടുകളിൽ വലിയ ആഘോഷമായിരുന്നു. വൈകാരികമായ രംഗങ്ങളായിരുന്നു അതൊക്കെ എനിക്ക്: വീട്ടിൽ അമ്മമാർ കെട്ടുനിറച്ചുപോകുന്ന മക്കൾക്ക്, ഭാര്യമാർ ഭർത്താവിന്, അത്താഴം വിളമ്പിക്കൊടുക്കുന്ന കാഴ്ച. അത് ഏറെ അർത്ഥങ്ങൾ ഉള്ള ആചാരമാണെന്ന് ആരാണ് എനിക്ക് അത്ര കുഞ്ഞിലേ പറഞ്ഞുതന്നതെന്ന് അറിയില്ല. ആ വേളയിൽ കരയുന്ന അമ്മമാരെ കണ്ടിട്ടുണ്ട്, കൈവിറയ്ക്കുന്ന ഭാര്യമാരെയും. കാനനപാതയിലൂടെയുള്ള യാത്രയിൽ സംഭവിക്കാവുന്ന വൻ അപകടങ്ങൾ ഭയന്ന്, അനിശ്ചിത്വങ്ങൾ ഉണ്ടാവാതിരിക്കാൻ വിശ്വാസമൂർത്തിയോട്, കാത്തുകൊള്ളണമേ എന്നുള്ള കൺനിറഞ്ഞ പ്രാർത്ഥനയായിരുന്നിരിക്കണം അത്. മടങ്ങിവന്നില്ലെങ്കിൽ അവസാന അത്താഴമാണല്ലോ എന്ന ആശങ്കയായിരുന്നിരിക്കണം. എത്രയോ വീടുകളിൽ എത്രവട്ടം തീർത്ഥ യാത്രപോകുന്നവർക്കൊന്നും ദോഷം വരുത്തരുതേ എന്ന് ഞാനും പ്രാർത്ഥിച്ചിരിക്കുന്നു!! കാനനപാതയിൽ ആനക്കൂട്ടം ഇറങ്ങി, ഒറ്റയാൻ ഇറങ്ങി, പുലിയെ കണ്ടു, എന്നൊക്കെ പത്രവാർത്തകൾ കണ്ടതായി കേട്ടപ്പോഴൊക്കെ പ്രാർത്ഥിച്ചിട്ടുണ്ട് - ആർക്കും അപകടം വരുത്തരുതേ എന്ന്. (കഴിഞ്ഞ ദിവസം ഇപ്പോൾ കാവാലത്തുള്ള പെരിയ സ്വാമിമാരിൽ പ്രമുഖൻ രാധച്ചേട്ടൻ, പറഞ്ഞതിങ്ങനെ: ആനയിറങ്ങിയിട്ടുണ്ടെങ്കിൽ മുന്നറിയിപ്പുതരാൻ കാട്ടിൽ സംവിധാനവും അന്നൊക്കെ ഉണ്ടായിരുന്നു. ഇടയ്ക്കിടയ്ക്ക് നല്ല തിരക്കിനിടെ, ആന ഇറങ്ങിയെന്ന ബഹളം കൂട്ടുന്നത്, മോഷ്ടാക്കളുടെ പതിവായിരുന്നു. ഓരോന്നിന്റെ ഓരോരോ സാധ്യതകൾ...)
അമ്പലപ്പരിസരം അയ്യപ്പൻമാരുടെ കേന്ദ്രമായിരിക്കും അന്നൊക്കെ. ദിവസവും ധർമശാസ്താ ക്ഷേത്രത്തിൽ ഭജന. മൈക്ക് അന്നൊക്കെ അസാധാരണ സാങ്കേതിക സംവിധാനമായിരുന്നു. മൈക്കിൽ പാടാൻ അവസരം കൊതിച്ചിരുന്നവരുടെ മത്സരങ്ങൾ. സന്ധ്യമുതൽ അർദ്ധരാത്രിവരെ പാടാൻ അവസരം കാത്തിരുന്നിട്ട് കിട്ടാതെ കരഞ്ഞ് ഇറങ്ങിപ്പോയ ബാല്യങ്ങൾ. മൈക്ക് കിട്ടാത്തതിനാൽ മണ്ഡലം ചിറപ്പ് മഹോത്സവം 42 ാം ദിവസം പ്രത്യേകമായി സംഘടിപ്പിച്ച് വെല്ലുവിളിച്ച ക്ഷുഭിത യൗവനങ്ങൾ. (തലച്ചെല്ലൂർ കൃഷ്ണൻകുട്ടിച്ചേട്ടനായിരുന്നു ആ സാഹസികൻ. അദ്ദേഹത്തിന്റെ അളിയൻ നിർമിച്ച സൂര്യൻ എന്ന സിനിമയിലൂടെയാണ് അന്തരിച്ച നടൻ ജയന്റെ സഹോദരൻ അജയൻ സിനിമയിൽ എത്തിയത്. ആ സിനിമയിൽ കൃഷ്ണൻകുട്ടിച്ചേട്ടൻ സബ് ഇൻസ്‌പെക്ടറായി അഭിനയിച്ചിട്ടുമുണ്ട്. അകാലത്തിൽ അന്തരിച്ച കൃഷ്ണൻകുട്ടിച്ചേട്ടൻ നല്ലൊരു കലാസ്‌നേഹിയായിരുന്നു. പ്രത്യേകം വിവരണം അർഹിക്കുന്നയാൾ)
അക്കാലത്തെ പെരിയ സ്വാമിമാരും അമ്പലം നടത്തിപ്പിന് നേതൃത്വം കൊടുത്തിരുന്ന മുതിർന്നവരുമായ കരപ്രമാണിമാർ ഏറെയുണ്ടായിരുന്നു. കരനാഥൻമാർ, കരപ്രമാണിമാർ, കൈകാര്യക്കാർ, കിങ്കരൻമാർ അങ്ങനെയങ്ങനെ വലിയ പ്രമുഖരുടെ ശൃംഖല. ഇന്നത്തെ തലമുറയ്ക്ക് കേട്ടുകേൾവിപോലുമില്ലാത്ത അത്തരം പ്രമാണിമാരുടെ നിര എല്ലാ ഗ്രാമത്തിനും ഉണ്ടായിരുന്നിരിക്കണം. അല്ലാതെ സാമൂഹ്യക്രമം ഇല്ലായിരുന്നു അക്കാലത്ത്. അവർ ചിലർ ദേവന്മാരായിരുന്നു. അസുരൻമാർ കുറവായിരുന്നു, 'ദേവാസുരൻമാ'രായിരുന്നു ഏറെ. പോട്ടയിലെ പരമൂള്ള സാർ (പരമേശ്വരൻപിള്ള), പാലക്കാട്ടെ (വീട്ടുപേര്) പാപ്പ (കൃഷ്ണപിള്ള), വേലിയാത്ത് ശങ്കരമ്മാമ്മൻ (ശങ്കരപ്പിള്ള), ചമ്പക്കാട്ട് വേലുസ്വാമി, കുറ്റിക്കാട്ട് വേലൂപ്പിള്ളച്ചേട്ടൻ, തുരുത്തിക്കാട്ടെയും പെരുമ്പോത്രയിലെയും ദാമോദരൻമാമ്മൻമാർ, പയ്യംപള്ളി രാമക്കുറുപ്പ്, മണ്ഡോത്തിലെ കേശവൻ ചേട്ടൻ, കാക്കനാട്ടെ ശേഖരച്ചേട്ടൻ.... അങ്ങനെ നീണ്ട നിരയാണ് പെരിയ സ്വാമിമാരും അമ്പലപ്രമുഖരുമായി. അര നൂറ്റാണ്ടിനപ്പുറം അമ്പലം-ഉത്സവം നടത്തിപ്പ് എൻഎസ്എസ് കരയോഗങ്ങളുടെ മേൽനോട്ടത്തിലായിരുന്നു. കരക്കാർ കാഴ്ചക്കാർ മാത്രമായിരുന്നു. പിൽക്കാലത്ത് കാര്യങ്ങൾ മാറി.
വൈകിട്ടത്തെ ദീപാരാധനാ പൂജയ്ക്ക് ശാസ്താ ക്ഷേത്രത്തിൽ ശരണംവിളി ഒരു മത്സര ഇനം പോലെയായിരുന്നു. മുതിർന്നവരും കുട്ടികളും 'മത്സരി'ച്ചു. മൈക്കുണ്ടെങ്കിൽ പറയുകയും വേണ്ട. കുട്ടികൾക്ക് ശരണം വിളിക്കാൻ യോഗ്യത, തെറ്റാതെ ക്രമത്തിൽ, നിഷ്ഠപ്രകാരം ശരണം വിളിക്കാൻ യോഗ്യരാകണമായിരുന്നു. ഒരിക്കൽ വിളിച്ചത് ആവർത്തിക്കരുത്, തടസമുണ്ടാകരുത്, ഉച്ചാരണം ശുദ്ധമാകണം, ഭക്തിഭരമാകണം.... കടമ്പകൾ കടന്ന് വിജയ റൗണ്ടിൽ കടക്കുന്നത് ചിലർ മാത്രമായിരുന്നു. അന്നൊക്കെ ശരണം വിളിച്ച് പരിശീലിക്കുന്നവരുമുണ്ടയിരുന്നു. മൈക്കിൽ നാടുമുഴുവൻ ശബ്ദം കേൾക്കുന്നത്, പിറ്റേന്ന് പകൽ ആളുകൾ അഭിനന്ദിക്കുന്നത് ഒക്കെ ബിരുദയോഗ്യതകളായി കണക്കാക്കിപ്പോന്നിരുന്നു.
ഏറ്റവും ദീർഘ സമയം സ്വാമിയേ.... എന്ന് നീട്ടി വിളിക്കുന്നതിൽ മുമ്പൻ വേലുസ്വാമിയായിരുന്നു. മിനിറ്റിലേറെ നീളും വിളികൾ... സർക്കാർ ഉദ്യോഗസ്ഥൻ. ജോലികഴിഞ്ഞ് വീട്ടിലെത്തിയാൽ കുളികഴിഞ്ഞ് അമ്പലത്തിലുണ്ടാകും മണ്ഡലക്കാലത്ത്. ഭജനയും കഴിഞ്ഞ്, പാതിരാവിലേ പോകൂ. പരമൂള്ളസ്സാർ- ഇത്രയും ഈണത്തിൽ അയ്യപ്പ സ്തുതികൾ പാടാൻ വേറേ ആരുണ്ടായിരുന്നു? അതിനൊപ്പം ഇത്ര തുറന്ന ശബ്ദവും. മൈക്ക് പരമൂള്ളസ്സാറിന്റെ തൊണ്ടതന്നെയായിരുന്നു. ആ മേൽക്കൈ ആർക്കും നേടാൻ കഴിഞ്ഞിരുന്നില്ല. ചുണ്ടൻവള്ളത്തിലെ പാട്ടുകാരൻമാരിൽ മുഖ്യനുമായിരുന്നു.
ശങ്കരമ്മാമൻ കൃത്യമായ ആചാര വിധിപ്രകാരം ഇക്കാര്യങ്ങൾ ചെയ്തുപോന്നു, പരമൂള്ളസ്സാറിന്റെ കർക്കശ സ്വഭാവം മാറി ഏറെ ജനകീയനായാൽ ശങ്കരമ്മാമനായി. പാപ്പയും ദാമോദരൻമാമ്മൻമാരും മറ്റും ഇവരേക്കാളും മുതിർന്നവരായിരുന്നു. അവർക്ക് മറ്റുപല കാര്യങ്ങളുടെയും മേൽനോട്ടവുമുണ്ടായിരുന്നു.
എന്നാൽ മണ്ഡലവ്രതാവസാന ദിവസമായ 41 ന് പുലരുമ്പോൾ തുടങ്ങുന്ന അഖണ്ഡ നാമജപം കൊല്ലാറ കേശവച്ചേട്ടന്റെ 'കുത്തക'യായിരുന്നുവെന്നുതന്നെ പറയണം. ശിഷ്യനായി പാലക്കാട്ടെ പരമൂച്ചേട്ടനും.
''ഭൂതനാഥ സദാനന്ദസ്സർവഭൂത ദയാപരാ
രക്ഷരക്ഷ മഹാബാഹോ ശാസ്‌ത്രേ തുഭ്യം നമോ നമഃ'' എന്ന് ഓരോതവണയും പൂക്കളർപ്പിച്ച് സന്ധ്യവരെ ഒരേ താളത്തിൽ, ഒരേ ഈണത്തിൽ അവർ നാമം ജപിച്ചുപോന്നു. ഇന്നും പുതിയ തലമുറയിൽ പെട്ടവർ അഖണ്ഡനാമ ജപം നടത്തുന്നുണ്ട്. കുട്ടിക്കാലത്ത് അഖണ്ഡനാമജപത്തിന് ഏറ്റുപാടാൻ ചെന്നിരിക്കുമായിരുന്നു. ആ നാമം, അങ്ങനെയാണെന്ന് എത്രയെത്രകാലം തെറ്റിച്ചൊല്ലിയ ശേഷമാണെന്നോ അറിഞ്ഞത്!! 'ശാസ്‌ത്രേ തുഭ്യം' എന്നത് സംസ്‌കൃതത്തിൽ, ചതുർത്ഥീ വിഭക്തിയിലാണ് സംബോധനയെന്നൊക്കെ മനസിലാക്കിയത്, ഞായറാഴ്ചകളിൽ അമ്പലത്തിന്റെ ഊട്ടുപുരയിൽ നടന്നുപോന്ന മതപാഠശാലയിലെ ക്ലാസുകളിൽനിന്നാണ്. ശാസ്താവിനെക്കുറിച്ചാവുമ്പോൾ 'ശാസ്‌തേ' തുഭ്യം എന്നല്ലേ വേണ്ടതെന്ന സംശയം നീക്കിയതും 'ശാസ്‌ത്രേ' ആണെന്നും പറഞ്ഞുതന്നത് മതപാഠശാലയിൽ സംസ്‌കൃത ബാലപാഠങ്ങൾ പറഞ്ഞുതന്ന വാക്കയിൽ മേനോൻ സാർ (സംസ്‌കൃത പണ്ഡിതനും അധ്യാപകനുമായിരുന്ന എസ്. അയ്യപ്പമേനോൻ സാർ) ആയിരുന്നു.
മണ്ഡലം ചിറപ്പിലെ പ്രധാന ഇനമായിരുന്ന ഭജന ഒരു സംഭവമായിരുന്നു. മണിയനാശാരി (രാമച്ചംപറമ്പ്), മണിയൻചേട്ടൻ (മൂത്തനാട്), വേലുസ്വാമി (ചമ്പക്കാട്), പത്മിനിയമ്മട്ടീച്ചർ (നടുവിൽമഠം), സരസ്വതിയമ്മച്ചേച്ചി (പുതിയറ), ശാന്തമ്മ അമ്മായി (അട്ടിച്ചിറ) തുടങ്ങിയവരുടെ മുൻനിര. പിന്നെ പലനിര. അവയൊക്കെ വിശദവിവരണം വേണ്ടവ...മറ്റൊരിക്കലാവാം
......
ജമ്മു കശ്മീരിൽ 30 വർഷമായി ആരാധന മുടങ്ങിക്കിടന്ന 80 വർഷം പഴക്കമുള്ള സെന്റ് ലൂക്‌സ് ക്രിസ്ത്യൻ പള്ളി ഈ ക്രിസ്മസ് ദിനത്തിൽ ആരാധനയ്ക്ക് തുറന്നുകൊടുത്ത് കേന്ദ്ര സർക്കാരിന്റെ ഭരണസംവിധാനം പ്രഖ്യാപനം നടത്തുന്ന വാർത്ത ടെലിവിഷനിൽ. ജമ്മുകശ്മീരിലെ മത-സാമൂഹ്യ-രാഷ്ട്ര- വിരുദ്ധ ശക്തികളുടെ വിധ്വംസക പ്രവർത്തനങ്ങളെ തുടർന്നാണ് പള്ളി പൂട്ടിപ്പോയത്. സംസ്ഥാനം സാധാരണ നിലയിലേക്ക് മാറുകയാണ്. മതേതരത്വം ഇന്ത്യൻ രീതിയിൽ പുനർ നിർവചിക്കപ്പെടുകയാണ്. കപട മതേതരത്വമല്ല, മതനിരാസമല്ല, ഏറെ ആത്മീയ വിശ്വാസമുള്ള ആളുകളുടെ ഈ രാജ്യത്ത് മത സഹവർത്തിത്വമാണ് ആവശ്യമെന്ന സന്ദേശമാണ് ക്രിസ്മസ് ദിനത്തിലെ ഈ ഭരണ നിർവഹണനടപടിയെന്ന് വ്യാഖ്യാനിക്കാനാണ് എനിക്ക് തോന്നുന്നത്.
----
ചിത്രം: കാവാലത്തെ ശാസ്താ ക്ഷേത്രത്തിന്റെ പിന്നിലുള്ള ഒറ്റയടിപ്പാത... പണ്ടുപണ്ട് നാട്ടുതോട്ടിൽ മുങ്ങി, ഇറനോടെ, ശാസ്താ ക്ഷേത്രത്തിലെ അഭിഷേക ദർശനത്തിന് പുലർച്ചെ പോയിരുന്നത് ഇവിടത്തെ ഇതുപോലൊരു വഴിയിലൂടെ ആയിരുന്നു...
2021 ഡിസംബർ 25

കാവാലം കുറിപ്പുകൾ 2

 കാവാലം കുറിപ്പുകൾ 2


നക്ഷത്രങ്ങളുടെ കാവൽക്കാലം

സന്ധ്യ രാത്രിയായിക്കൊണ്ടിരിക്കെ, ആറു കുട്ടികൾ ക്രിസ്മസ് കരോൾ പാടി വീട്ടുമുറ്റത്തെത്തി. പത്തുവയസായിരിക്കണം അതിൽ മുതിർന്നയാളിന്. അവരിൽ മൂന്ന് പെൺകുട്ടികൾ. അറിയില്ല, അവർ ആരൊക്കെയെന്ന്. ഒരുപക്ഷേ, സഹപാഠികളുടെ മക്കളുണ്ടായിരുന്നിരിക്കാം. ചിലരോട് കുശലം ചോദിച്ചപ്പോൾ പാപ്പാനിവേഷങ്ങൾ അഴിക്കാതെ അവർ പേരും വീട്ടുപേരുമൊക്കെ പറഞ്ഞു. മിടുക്കികൾ, മിടുക്കൻമാർ..
വലിയ മുതൽ മുടക്കില്ലാത്ത സെറ്റപ്പ്. ക്രിസ്മസ് ഫാദറിന്റെ വേഷം സംഘടിപ്പിച്ചിട്ടുണ്ട്. കൊട്ടാൻ എണ്ണപ്പാട്ട. അതിൽ പന്തം പോലെ തുണിചുറ്റിയ കമ്പുകൊണ്ട് താളം പിടിച്ചാണ് പാട്ട്. രണ്ടു കുരുന്നുകൾ തുള്ളിക്കളിക്കുന്നു. എല്ലാവർക്കും നല്ല താളബോധം. ശ്രുതി തെറ്റാത്ത കൂട്ടപ്പാട്ട്.
തലമുറകൾ എത്രകഴിഞ്ഞാലും വഞ്ചിപ്പാട്ടിന്റെ ഈണവും ചുണ്ടൻവള്ളത്തിന്റെ വെടിത്തടിയിലെ ഇടിനാദം ഹൃദയതാളവുമായിട്ടുള്ള കുട്ടനാട്ടുകാർക്ക് താളപ്പിഴ ഉണ്ടാകാനിടയില്ലല്ലോ. അവർ പാടി, ആടി. പോകും മുമ്പ്, അവരുടെ വാമൂടിയ കുടത്തിൽ ചേച്ചി പണം നിക്ഷേപിച്ചു. പഴുത്ത പൂവൻകുലയിൽനിന്ന് ഒരുപടലപ്പഴം കുട്ടികൾക്ക് കൊടുത്തു. അവർ സന്തോഷത്തോടെ സ്വീകരിച്ചു. ഹാപ്പി ക്രിസ്മസ്, ഹാപ്പി ന്യൂ ഇയർ പറഞ്ഞ് അവർ പിരിഞ്ഞു.
അവരിൽ പെൺകുട്ടികൾ ഉണ്ടായിരുന്നുവെന്നത് ഏറെ ശ്രദ്ധേയമായി. സ്്ത്രീ ശാക്തീകരണം, നവോത്ഥാനം തുടങ്ങിയ അവകാശവാദങ്ങൾ വരുമോ എന്നറിയില്ല. വരുന്നെങ്കിൽ അക്കൂട്ടത്തിൽ ഇതുകൂടി ശ്രദ്ധിക്കണം, വന്ന കുട്ടികൾ ക്രിസ്മസല്ലേ, കരോളല്ലേ, യേശുവിന്റെ പിറവി അറിയിക്കുന്നതല്ലേ, അത് ഒരു മതവിഭാഗത്തിന്റേതല്ലേ, എന്നൊക്കെ ചിന്തിക്കുന്ന മതേതരക്കാലത്ത്, അവർ മതം നോക്കാതെ വന്ന ആഘോഷക്കാരായിരുന്നുവെന്നുകൂടി അറിയിക്കട്ടെ.
അവർ കുട്ടികളല്ലേ, അവരതൊന്നും നോക്കിയിട്ടില്ലായിരിക്കാം എന്ന് പറയാൻ വരട്ടെ, അവരുടെ കരോൾ പുറപ്പാട് വീട്ടിലെ മുതിർന്നവർ അറിഞ്ഞുതന്നെയാണ്. അവർ ഒത്തുചേർന്ന് കഴിഞ്ഞ ഏതാനും ദിവസമായി കരോൾ പരിശീലിക്കുന്നുണ്ടായിരുന്നത്രേ.
നാട്ടിൻപുറത്ത് ഇത്തരം നൻമകൾ വിടരുന്ന രാവുകളാണിപ്പോൾ. പണ്ടുപണ്ട് ഏറെയുണ്ടായിരുന്നു. ഏറെ പ്രൊഫഷണൽ സ്വഭാവത്തിൽ ആളുകൾ പല ഗ്രൂപ്പുകൾ വന്നിരുന്നു. അവരിൽ ചില ക്രിസ്മസ് അപ്പൂപ്പൻമാർ മിഠായി തന്നിരുന്നു. അവർ മതം നോക്കാതെ വീടുകൾ കയറിയിരുന്നു. ആരും അവരെ ഇറക്കിവിട്ടില്ല, അവർക്ക് 'കാണിക്കപ്പെട്ടി'കളിൽ പണമിട്ടുകൊടുത്തിരുന്നു. രസകരമയിരുന്നു അക്കാലം.
വിഷുവിന് കണികാണിക്കാൻ വീടുകൾ തോറും കണിയൊരുക്കിയ കാഴ്ചയുമായി കയറിയിറങ്ങുന്ന സംഘങ്ങൾ ഏറെയുണ്ടായിരുന്നു. ആരാണ് കണികാണിച്ചതെന്ന് അറിയാതിരിക്കണം, കണികാണാൻ വീടുതുറന്നെത്തുന്നവരുടെ കണ്ണിൽ ആദ്യം പെടാതെ നിൽക്കണം. അതി മനോഹരമായി പാടണം, വാദ്യങ്ങൾ വേണം, കാഴ്ച വിസ്മയകരമാകണം... ഒക്കെ സഹിക്കാം, കണികാണിക്കൽ പുലർച്ചെയാകണം. അവരും മതമൊന്നും നോക്കിയിരുന്നില്ല. ഹിന്ദുവിന്റെ വീട്ടിൽ മാത്രമല്ല, കണികാണിച്ചിരുന്നത്. കണികാണാൻ ഇതരമതസ്ഥർ വിസമ്മതിച്ചതുമില്ല. കണിയുമായി വീട്ടിൽ ചെല്ലാഞ്ഞതിന് പിറ്റേന്ന് പരിഭവം പറഞ്ഞ ക്രിസ്ത്യൻ വീട്ടുനാഥൻമാരുമുണ്ടായിരുന്നു.
ഭക്തിയോടെ ഈ ചര്യകൾ നടത്തിയിരുന്ന കാലം കഴിഞ്ഞ്, ഇതൊരു വരുമാനമായി കണ്ടകാലത്ത് മത്സരങ്ങൾ പോലുമുണ്ടായി. അതിനുമുമ്പ് കൗതുകം, രസം, സഹാപാഠികളുടെ വീടു സന്ദർശനം, പ്രണയികൾക്ക് രോമാഞ്ചം കൊള്ളൽ തുടങ്ങിയ വിനോദങ്ങളായിരുന്നു ചിലർക്ക്. പലപല സംഘങ്ങൾ വന്നുപോകുന്ന രാത്രികളിൽ കണികൾക്ക് ജഡ്ജായി, കണികാണിച്ചവരെ തിരിച്ചറിയുന്ന ഡിറ്റക്ടീവായി ഒക്കെ നാട്ടിൻപുറം അവ ആഘോഷിച്ചുപോന്നു.
ഇടയ്‌ക്കെവിടെയോ അതൊക്കെ് മെനക്കെട്ട ചടങ്ങായി.
പല വീരസ്യങ്ങളും രസങ്ങളും കേട്ടുകേട്ട്, ഒരിക്കലെങ്കിലും ആ വിഷുക്കണിസംഘത്തിനൊപ്പം പോകാൻ കൊതിമൂത്തു. കണിക്കാർ കാശു വാങ്ങുന്നു, അത് പങ്കുവെക്കുന്നു, അത് തെറ്റായ ശീലം, ആ കൂട്ടത്തിൽ പോയാൽ രാത്രിയിലെ തോന്യവാസങ്ങൾ ചെയ്യും തുടങ്ങിയ വിമർശനങ്ങളോടെ കർശന വിലക്ക്‌വന്നു.
ഒരിക്കൽ, ഒരു ചെറുസംഘത്തിനൊപ്പം, ആ രാത്രി അച്ഛന്റെ വീട്ടിൽ കിടക്കുമെന്ന് അമ്മയോടും അച്ഛൻവീട്ടിൽ മറിച്ചും പറഞ്ഞ്, രാത്രിയിൽ കണിക്കാർക്കൊപ്പം ചേർന്നു; പാട്ടുകാരനായിരുന്നു. കണികാണും നേരം കമല നേത്രന്റെ... പതിവ് പാട്ട്. ശബ്ദം തിരിച്ചറിഞ്ഞ നാട്ടുകാർ റിപ്പോർട്ട് ചെയ്തു. സ്വന്തം വീട്ടിലും പരിസര വീടുകളിലും പോകാതിരുന്നത് വീട്ടിലറിയാതിരിക്കാനാണ്. പക്ഷേ, നാട്ടുകാർ അറിയിച്ചു. വഴക്കും ശാസനയും കിട്ടി. കണിക്കാണിക്കയുടെ പങ്ക് വാങ്ങിയിരുന്നില്ല, അതിനാൽ ആ കുറ്റബോധം ഉണ്ടായില്ല. ചില സത്യങ്ങൾ അറിഞ്ഞു, അത്തരം കൂട്ടക്കളിയിൽ അരുതാത്തതിൽ പങ്കാളിയാകും. പിന്നെ ഒന്നോ രണ്ടോവട്ടംകൂടി അങ്ങനെ കണികാണിക്കാൻ പോയി.
ഒരിക്കിൽ ഒന്നിൽക്കൂടുതൽ സംഘങ്ങൾ കണികാണിക്കാനിറങ്ങിയതും വാർഡ് അതിരുകൾ കടന്ന് വന്നതുമൊക്കെ കണിസംഘങ്ങൾ തമ്മിലുള്ള തർക്കങ്ങൾക്ക് കാരണമായി. കൃഷ്ണന്റെ വിഗ്രഹവും കണിവസ്തുക്കളും ഒരുക്കിയ വലിയ കൂട് ഒന്നുരണ്ടു പേർ മാറിമാറി ചുമക്കും. അങ്ങനെ പോയ വഴിയിൽ, 'എതിർകക്ഷികൾ' ഭയപ്പെടുത്താൻ പാതിരാവിൽ ഒളച്ചിരുന്ന് നായക്കൂട്ടം കുരച്ചു ചാടുന്ന 'മിമിക്രി' അവതരിപ്പിച്ചപ്പോൾ ചിതറി ഓടിയ സംഘത്തിൽ, കൃഷ്ണനെ തലയിലേറ്റിയ കൂട്ടുകാരൻ കിണറ്റ് വക്കിൽ മണിക്കൂറുകൾ തൂങ്ങിക്കിടന്നതും അപ്പോഴും കൃഷ്ണ വിഗ്രഹത്തിലെ പിടിവിടാതിരുന്നതും മറ്റൊരു സാഹസിക ചരിത്രമായി. മഞ്ഞുകൊണ്ട പനിമാറാനും (പേടിച്ചതല്ല എന്നാണിപ്പോഴും സ്വയം വിശ്വസിപ്പിക്കുന്നത്, ഓടിവീണപ്പോഴത്തെ മുറിവുണങ്ങാനും ഏറെനാൾ വേണ്ടിവന്നു. മാനക്കേട് മാറാൻ അതിലേറെയും!)
ഇത്തരം സംഘങ്ങളിൽ ഏറെപ്പേരുണ്ടായിരുന്നു. എന്നാൽ രണ്ടേ രണ്ടുപേർ ശ്രീകൃഷ്ണന്റെ ഫോട്ടോയും ഒരു ഗഞ്ചിറയും ഓടക്കുഴലുമായി കണികാണിച്ചത് അക്കാലത്ത് പിറ്റേന്നത്തെ 'ഹിറ്റോ' 'വൈറലോ' ആയ സംഭവമായി.
ഒരു സിനിമയിൽ നടൻ ഹരിശ്രീ അശോകൻ താടിയും മീശയും വെച്ച ശ്രീകൃഷ്ണനായി വേഷം കെട്ടുന്നുണ്ട്. അത് കാവാലത്തെ ചില വിരുതൻമാർ നാലുപതിറ്റാണ്ടുമുമ്പ് അവതരിപ്പിച്ച പരിപാടിയുടെ പകർപ്പായിരുന്നോ എന്ന് ആ രംഗം കാണുമ്പോൾ ചിന്തിച്ചിട്ടുണ്ട്. പക്ഷേ അത്തരം കൃതിവികൃതികൾ ആവിഷ്‌കരിക്കപ്പെടാത്ത നാട്ടിൻപുറങ്ങളുണ്ടോ. കരോളും മതേതരത്വവും പറഞ്ഞ് വിഷുവിലും കണിയിലുമെത്തി.
നാൽപ്പത് നാൽപ്പത്തഞ്ച് വർഷങ്ങൾക്ക് മുൻപാണ്; ഒപ്പം പഠിക്കുന്നവർ ക്രിസ്മസ് രാത്രിയിൽൽ പുലർച്ചെ പള്ളിയിൽ നടക്കുന്ന ആഘോഷങ്ങളെക്കുറിച്ചുള്ള ഡീക്കടി (ഇന്ന് അത് തള്ളലാണ്) കേട്ട് സഹിക്കാതെ കണ്ടറിയാൻ ലിസ്യൂ പള്ളിയിൽ പോയി.
പള്ളിയുടെ ഒരു പ്രദേശം മുഴുവൻ മനോഹരമായി അലങ്കരിച്ചിരിക്കുന്നു. വിശാലമായ പുൽക്കൂട്, നക്ഷത്രങ്ങൾ ആകാശത്തും പള്ളിപ്പരിസരത്തും. ഉണ്ണിയേശു അവിടെ ജനിക്കുമെന്നാണ് സഹപാഠി ചാക്കോ തോമസിന്റെ തള്ള്. അവനെ കൈവിടാതെ പിടിച്ച് ഒപ്പം നിർത്തി. തിരുപ്പിറവി അറിയിച്ച് പള്ളിമണി മുഴങ്ങി. പുൽക്കൂട്ടിൽ പ്രതിമകൾമാത്രം. പള്ളി അൾത്താരയിൽനിന്ന് ഗീതങ്ങളും വചനങ്ങളും ആമേനുകളും. ഞങ്ങൾ ചാക്കോയെ വിടുന്നില്ല. ചാക്കോ ദാ നോക്കിക്കോ എന്ന് പറഞ്ഞ് പുഴക്കരയിലെ പുൽക്കൂട്ടിനടുത്തേക്ക് ശ്രദ്ധ വിളിച്ചു.
പെട്ടെന്ന് അവിടെ ഒരു അനക്കം. ഞങ്ങൾ ചാക്കോയുടെ പിടിവിട്ടു. ചാക്കോ ഓടി പള്ളിക്കുള്ളിൽ കയറി. ഞങ്ങൾ ചാക്കോക്കഥകളിലെ സെമിത്തേരിയിലെ കാഴ്ചകളും സംഭവങ്ങളും ഒക്കെ ഓർമിച്ച് സ്ഥലം കാലിയാക്കാൻ ഓടി. അവധികഴിയാൻ നിന്നില്ല, ചാക്കോ പിറ്റേന്നുതന്നെ 'അത്ഭുതം' പറയാൻ ഞങ്ങടെ വീടുകളിലെത്തി.
അന്നൊക്കെ എല്ലാ വീട്ടിലും നക്ഷത്രങ്ങൾ ഉണ്ടാക്കി തൂക്കുമായിരുന്നു. വൈദ്യുതി വ്യാപകമാകും മുമ്പ്, നക്ഷത്രം വിലയ്ക്ക് കിട്ടുന്ന കാലത്തിന് മുമ്പ്, ഇറയോ കമുകിൻ വാരിയോ കൊണ്ട് വർണ്ണക്കടലാസ് പൊതിഞ്ഞ് നക്ഷത്രങ്ങൾ ഉണ്ടാക്കി. അതിൽ വിളക്ക് കത്തിച്ച് വെച്ച് ചിലർ അത്ഭുതങ്ങൾ കാട്ടി. കാറ്റിൽ വിളക്ക് മറിഞ്ഞ് കത്തിപ്പോയ നക്ഷത്രങ്ങളുടെ കഥയുമുണ്ട്.
പിന്നെ എപ്പോഴോ ചിലരൊക്കെച്ചേർന്ന് നടപ്പാക്കിയ 'മതേതരത്വം' അത്തരം കൂട്ടുൽസവങ്ങൾ ഏറെ കൃത്രിമമാക്കി. കച്ചവടമനസും രാഷ്ട്രീയ ഇടപെടലുകളും വോട്ടുബാങ്ക് രാഷ്ട്രീയവും നാട്ടിൻ ന്മകളും ഒരുമകളും ഇല്ലാതാക്കി. മതങ്ങൾ വളർന്നു, മത സൗഹാർദ്ദം തകർന്നു. സഹിഷ്ണുത കുറഞ്ഞു, സഹവർത്തിത്വം അകന്നു. എങ്കിലും നാട്ടിൻപുറങ്ങളിൽ കാവാലം പോലെ ചിലയിടത്തെങ്കിലും, ഇതൊക്കെ തുടരുന്നു. നമുക്ക് പ്രത്യാശിക്കാം...
നക്ഷത്രം എന്നാൽ ആശ്രയിക്കുന്നവർക്ക്, സേവിക്കുന്നവർക്ക് ഗുണം ചെയ്യുന്നത് എന്നാണ് അർഥം. നക്ഷത്രങ്ങൾ വഴിവിളക്കുകളാണ്, ആഴക്കടലിൽ ദിശയറിയാത്തവർക്ക് ധ്രുവ നക്ഷത്രം ആശ്രയമാണ്; രക്ഷയാണ്. ശാസ്ത്രജ്ഞർക്ക് നക്ഷത്രം ദിശയാണ്. തിരുവാതിര നക്ഷത്രവും മകര നക്ഷത്രവും ആശ്രയിക്കുന്നവർക്ക് ഗുണം ചെയ്യുന്നതാണ്. യേശുവിന്റെ പിറവിയിടം അറിയാൻ സഹായിച്ച വാൽനക്ഷത്രം വഴികാട്ടിയാണ്. പിറ (ചന്ദ്രൻ) കണ്ട് വിശ്വാസപ്രകാരമുള്ള വ്രതാനുഷ്ഠാനങ്ങൾ തുടങ്ങുന്ന മതം ഒരു നക്ഷത്രത്തെയാണ് ആശ്രയിക്കുന്നത്. സൂര്യഗായത്രി ചൊല്ലി ദിവസം തുടങ്ങുന്ന വിശ്വാസക്കാരും നക്ഷത്രത്തിന്റെ ആശ്രിതരാണ്. അവിശ്വാസികൾക്കും നക്ഷത്രം പ്രതീക്ഷയാണ്.
നക്ഷത്രക്കാലം ഓർമിപ്പിക്കുന്ന ക്രിസ്മസ് തലേന്ന് ഇത് കുറിക്കുമ്പോൾ വീട്ടുമുറ്റത്തേക്ക് മറ്റൊരു കരോൾക്കൂട്ടം കടക്കുന്നു. ക്രിസ്മസ് ആശംസകൾ...
..................................
1. ഈ വർഷത്തെ കുട്ടിക്കിടാങ്ങളുടെ ക്രിസ്മസ് കരോൾ
2. ഒരു ക്രിസ്മസ് കാലത്ത് മകനും കൂട്ടുകാരും ചേർന്നിറക്കിയ കൊച്ചുസിനിമ കാണാം...
2021 ഡിസംബർ 24

കാവാലം കുറിപ്പുകൾ- 1


 കാവാലം കുറിപ്പുകൾ- 1


*കാവാലത്ത് നടന്ന ആ യുദ്ധം...*


പമ്പയുടെ കാലംകൂടിയാണ് ഡിസംബർ - ജനുവരി മാസങ്ങൾ. പമ്പയെ അടുത്തറിയാവുന്നവരും അകലെനിന്ന് കേട്ടവരും പമ്പയെ തൊട്ടറിയുന്ന കാലം. പീരുമേട്ടിലെ പുളച്ചിമലയിൽനിന്ന് പമ്പ ഒഴുകിത്തുടങ്ങി പ്രധാനമായി തടംതല്ലുന്ന ശബരിമലയുടെ സാമീപ്യംതന്നെയാണ് അതിന് കാരണം. ശബരിമല തീർഥാടനത്തിന്റെ കാലത്ത്, മറുനാട്ടിൽനിന്നുപോലുമെത്തുന്നവർക്ക് പമ്പ പുണ്യനദി മാത്രമല്ല, അത്ഭുതനദിയാണ്. 

കാവേരിയും അതിന്റെ കൈവഴികളും കണ്ട ആന്ധ്രക്കാർക്കും കർണാടകക്കാർക്കും തമിഴർക്കും പമ്പ അത്ഭുത നദിയാണ്. മലയാളികളിലും വടക്കൻ ജില്ലക്കാർക്ക്; അവർക്ക് ഭാരതപ്പുഴയുടെയും കബനിയുടെയും കുന്തിയുടെയും ഒക്കെ അഭിമാനം ഉള്ളപ്പോഴും പമ്പ വിസ്മയമാണ്. അതിലെ ജല സമൃദ്ധിതന്നെ കാരണം.

പമ്പ, തീരവാസികളെ 'വെള്ളം കുടിപ്പിച്ച' കാലമായിരുന്നു 2018 മുതൽ. മഹാ പ്രളയവും മിനി പ്രളയവുമായി പമ്പ പരിസരവാസികളോട് കലഹിച്ചു. പമ്പയുടെ കൈവഴികൾ പോലും കവിഞ്ഞ് നിറഞ്ഞു. പമ്പയ്ക്ക് ഗംഗാ നദിയെക്കുറിച്ച് പറയുംപോലെ ഔഷധ ശേഷിയുണ്ട്, ഉൾക്കാട്ടിലൂടെയുള്ള പ്രവാഹമാണ് കാരണം പറയുന്നത്. പമ്പയുടെ മാഹാത്മ്യം പറയാനേറെയുണ്ട്. 


അതല്ല പറയാൻ തുടങ്ങിയത്. കുട്ടനാട്ടിലെ അതിർത്തികളെക്കുറിച്ചാണ്.  ആ അതിർത്തിചരിത്രത്തിൽ വെള്ളവും തോടും പുഴയും മറ്റുമുള്ളതിനാൽ വാക്കുകൾ ഒഴുകി, പമ്പയിൽ എത്തിയെന്നുമാത്രം.

ഇന്നത്തെ കുട്ടനാട്ടിൽ തലങ്ങും വിലങ്ങും റോഡുകളാണ്. എവിടെയും വാഹനങ്ങളുടെ നെട്ടോട്ടമാണ്. ഈ യാത്രാ സംവിധാനങ്ങൾ, സൗകര്യങ്ങൾ 35 വർഷത്തിനു മുമ്പില്ല. ഇന്നും റോഡുസൗകര്യങ്ങൾ ഇല്ലാത്ത സ്ഥലങ്ങൾ കുട്ടനാട്ടിൽ ധാരാളമുണ്ട്. ആലപ്പുഴ- ചങ്ങനാശേരി റോഡാണ് (എ-സി റോഡ്) ആ രംഗത്തെ പരീക്ഷണവും വിപ്ലവവുമായത്. അതിന്റെ കാരണക്കാരെക്കുറിച്ചുള്ള ചർച്ച മറ്റൊരിക്കലാകാം. തൽക്കാലം ഇങ്ങനെ വഴിതിരിയാം- കുട്ടനാട്ടിലെ ഇന്നത്തെ പല റോഡുകൾക്കും അടിയിൽ തോടുകളാണ്; കൈത്തോടുകൾ. അതായത്, ചെറിയ തോടുകൾ നികത്തി റോഡാക്കുകയായിരുന്നു.

ഈ തോടുകൾ ഒരുകാലത്ത് പുരയിടങ്ങളുടെയും വസ്തുക്കളുടെയും അതിർത്തികളായിരുന്നു. വീട്, പുരയിടം അതിന് അതിർത്തികളായി, മറ്റ് പ്രദേശങ്ങളിൽ നടവഴിയോ റോഡോ ആയിരുന്നെങ്കിൽ കുട്ടനാട്ടിൽ പലയിടത്തും അത് തോടായിരുന്നു. പ്രയോജനം ഏറെ- ഒന്ന്: ഓരോ വീടിനും ഉണ്ടായിരുന്ന വാഹനമായ വള്ളം കടത്തിക്കൊണ്ടുവരാം. അതിലൂടെ വീട്ടിൽനിന്ന്, 'കാലെടുത്തു വെയ്ക്കുന്നത് കാറിലേക്കാണ്,' എന്ന് ഇന്ന് പലരും വീമ്പുപറയും പോലെ വീട്ടിൽനിന്ന് വള്ളത്തിലേക്ക് പലരും കാലെടുത്തുവെച്ചുപോന്നു. അതിർത്തിത്തർക്കമില്ലാത്തതരത്തിൽ, അടയാളങ്ങൾക്ക് തോടുകൾ സഹായകമായി. മൂന്ന്: പുരയിടങ്ങളിലെ വെള്ളക്കെട്ട് ഒഴിവായി; നാടിന്റെ നാഡിയായ ഈ തോടുകൾ വഴി മഴവെള്ളം ഒഴുകി പ്രധാന പുഴയിലെത്തി, വേമ്പനാട്ടുകായലിലൂടെയോ തോട്ടപ്പള്ളി വഴിയോ കടലിൽ ചേർന്നിരുന്നു. (അതും മറ്റൊരു വിഷയമാണ്, ചർച്ചയാകേണ്ട വിഷയം) 


അതു പറയാനുമല്ല തുടങ്ങിയത്. തോടും പുഴയും അതിരായ നാട്ടിൽ പമ്പയുടെ കൈവഴിയായ കാവാലത്താറ് രണ്ട് നാട്ടുരാജ്യങ്ങളുടെ അതിർത്തിയായിരുന്നതും പിന്നീട് യുദ്ധത്തിൽ ഒരു നാട്ടുരാജാവിന്റെ ഭരണം മറ്റൊരാൾ പിടിച്ചപ്പോൾ അതിർത്തി മാറിയതും അതിന്റെ പേരിൽ നാട്ടിൽ പുതിയൊരു സംസ്‌കാരവും ആചാരവും വന്നതും, നാട്ടുകാർ രാജാവിന്റെ ആചാരം പാലിക്കാത്തവരും അല്ലാത്തവരുമെന്ന് തിരിഞ്ഞതും അവരവരുടെ വിശ്വാസവും ആചാരവും തുടർന്നതും തുടരുന്നതും ഓർമിച്ചത് പങ്കുവെക്കാനായിരുന്നു.





രണ്ടുമൂന്ന് ദിവസമായി നാട്ടിലുണ്ട്. മണ്ഡലക്കാലമായതിനാൽ വീട്ടരികിലെ അമ്പലത്തിൽ -കാവാലം പള്ളിയറക്കാവ് ദേവീക്ഷേത്രത്തിലും ഉപക്ഷേത്രമായ ശാസ്താ ക്ഷേത്രത്തിലും- ഉത്സവ നാളുകളുടെ പ്രതീതി. പുലർച്ചെ നാലരമണിക്ക് നിർമാല്യ ദർശനത്തിനു പോയി. ദേവി, ശ്രീ പരമേശ്വരൻ, ഗണപതി, സുബ്രഹ്‌മണ്യൻ, രക്ഷസ്, രാജ്ഞി, സർപ്പം, ശാസ്താവ്, ഭദ്രകാളി, ശ്രീകൃഷ്ണൻ, വെളിച്ചപ്പാട് എന്നിങ്ങനെ ക്ഷേത്രങ്ങളും മൂർത്തികളും. നാലര മണിക്ക് പള്ളിയുണർത്തിയപ്പോൾ പത്തോളം പേർ. നിർമാല്യ സമയമായ അഞ്ചുമണിക്ക് അമ്പതോളം. കൊച്ചുകുട്ടികളില്ല, അതിനാൽ 'ആബാലവൃദ്ധ'മെന്ന് പ്രയോഗിക്കുകവയ്യ. വൃദ്ധരും യുവജനങ്ങളും. സ്വാഭാവികമായും സ്ത്രീകൾ കൂടുതലാവും എന്ന ഊഹക്കണക്കും ഇവിടെ തെറ്റി.

നീണ്ടുപരന്നാണ് ക്ഷേത്ര സമൂഹം. തെക്കുവടക്കായി ക്ഷേത്രങ്ങൾ. അത് തുടരുംമുമ്പ് ഒരിടവഴിയിൽ നിൽക്കുന്ന ഈ പഴയ ചരിത്രത്തെക്കുറിച്ച് പറയാം. കരയുടെ തെക്ക് പമ്പയുടെ കൈവഴിയായ കാവാലത്താറ്. പണ്ട്, ഈ പുഴയായിരുന്നു രണ്ട് രാജ്യങ്ങളുടെ അതിർത്തി. തെക്കേക്കര അമ്പലപ്പുഴ ആസ്ഥാനമായിരുന്ന ചെമ്പകശ്ശേരി രാജാക്കന്മാരുടെ ഭരണത്തിൻ കീഴിലായിരുന്നു. ദേവനാരായണൻമാർ എന്നാണ് രാജാക്കൻമാർ അറിഞ്ഞിരുന്നത്. പുറക്കാട്, അമ്പലപ്പുഴ, കുട്ടനാട് പ്രദേശങ്ങളായിരുന്നു ഭരണത്തിൽ. നാവികപ്പടയുമൊക്കെയായി ദേശം വളർത്തിയും സംരക്ഷിച്ചും കഴിഞ്ഞവർ. കളരിപ്പയറ്റും കായികാഭ്യാസങ്ങൾക്കും പുറമേ വലിയ പടക്കോപ്പുകളും വെള്ളത്തിലൂടെ വള്ളത്തിൽപ്പോയി യുദ്ധം ചെയ്യാൻ സമർഥരായ സേനയുമുണ്ടായിരുന്ന നാട്ടുരാജ്യം. (അതു മാത്രമല്ല, സാംസ്‌കാരികമായി ദേവനാരായണ രാജാക്കന്മാർ ഏറെ ഉയർന്നവരായിരുന്നു. വള്ളുവനാട്ടിൽനിന്ന് അമ്പലപ്പുഴയെത്തിയ കുഞ്ചൻ നമ്പ്യാരെയും കൂത്തിനേയും പുതിയ കലയായ തുള്ളലാക്കി മാറ്റിയ ചരിത്രം വേറേ പറയണം...പറയാം, പിന്നെയൊരവസരത്തിൽ). പുഴയുടെ വടക്കേക്കര, വടക്കുംകൂർ രാജവംശത്തിന്റെ അധീനതയിലായിരുന്നു. കടുത്തുരുത്തി ആസ്ഥാനമാക്കി, വൈക്കം, ഏറ്റുമാനൂർ, മീനച്ചിൽ പ്രദേശങ്ങളായിരുന്നത് പിൽക്കാലത്ത് വടക്ക് ഉദയംപേരൂരും കിഴക്ക് തൊടുപുഴയും പടിഞ്ഞാറ് ചേർത്തലയും വരെ അധീനമായിരുന്നു.

അങ്ങനെ ഒരു പുഴയുടെ ഇരുകരകളിൽ ഒന്ന് ശൈവ സമ്പ്രദായക്കാരും മറ്റൊന്ന് വൈഷ്ണവ വിശ്വാസികളുമായി. വടക്കുംകൂർ ശൈവരായിരുന്നു. ഏറ്റുമാനൂർ, കടുത്തുരുത്തി, വൈക്കം തുടങ്ങിയ അതിപ്രശസ്ത ശൈവക്ഷേത്രങ്ങൾക്കു പുറമേ പ്രദേശത്തെ ശിവക്ഷേത്രങ്ങളുടെ കണക്കെടുത്താൽ അത് തിരിയും. 

അമ്പലപ്പുഴക്കാരാകട്ടെ, വില്വമംഗലത്തെ ഏറെക്കാലം കൊട്ടാരത്തിൽ പാർപ്പിച്ച് സംരക്ഷിച്ചവരാണ്, കൃഷ്ണ - വിഷ്ണു പക്ഷക്കാർ. കുട്ടനാട്ടിൽ കാവുകളും ദേവീക്ഷേത്രങ്ങളുമാണ് കൃഷ്ണാരാധനാ കേന്ദ്രങ്ങൾ കഴിഞ്ഞാൽ കൂടുതൽ. ശിവ ക്ഷേത്രങ്ങൾ താരതമ്യേന കുറവ്.

ഈ നാട്ടുരാജാക്കന്മാർ തമ്മിൽ യദ്ധമുണ്ടായി. വടക്കുംകൂറിന്റെ സേനയെ കോട്ടയംവരെ ദേവനാരായണൻമാർ തോൽപ്പിച്ചു. ചരിത്രത്തിലെ അത്രവരെ നാട്ടിൽ പലയിടത്തും പലകാലങ്ങളിൽ പല നാട്ടുരാജാക്കൻമാർ തമ്മിലും സംഭവിച്ചത്. പിന്നെയാണ് രസം.

വടക്കുംകൂറിന്റെ അധീനതയിലിരുന്ന പ്രദേശങ്ങൾ ചിലത് ചെമ്പകശേരിയുടെ പക്കലായി. വടക്കുംകൂറിന്റെ വക കോയിക്കൽ കൊട്ടാരവും കൊട്ടാരത്തിനോട് ചേർന്ന മേൽപ്പറഞ്ഞ ക്ഷേത്ര സമൂഹവും ചെമ്പകശ്ശേരി രാജാവിലായി. അതിൽ ശ്രീകൃഷ്ണ ക്ഷേത്രമില്ല കേട്ടോ. കോയിക്കൽ കൊട്ടാരം നിലനിന്ന സ്ഥലം ഇന്ന് പള്ളിയറക്കാവിലമ്മയുടെ ആറാട്ടുകുളം നിലനിൽക്കുന്ന ഇടത്താണ്. അവിടെയടുത്ത് കൊട്ടാരവും ക്ഷേത്രവുമായി ബന്ധപ്പെട്ട ഗുരുസിക്കളം (ഗുരുതിക്കളം), പടനിലം തുടങ്ങിയ പേരിലുള്ള സ്ഥലങ്ങൾ ഇന്നുമുണ്ട്. 

ചെമ്പകശ്ശേരിക്ക് കൈവന്ന പ്രദേശവും കൊട്ടാരവും സന്ദർശിക്കുന്ന രാജാവിന് രാജ്യാതിർത്തി സന്ദർശിച്ച് തിരികെ അമ്പലപ്പുഴയ്ക്ക് പോകുമ്പോൾ, വിശ്വാസപ്രകാരമുള്ള ക്ഷേത്ര ദർശനത്തോടെയാണല്ലോ തുടങ്ങേണ്ടത്. അത് അക്കാലത്ത് ഏറ്റവും കാവാലംകരയുടെ തെക്കേ അറ്റത്തെ ക്ഷേത്രമായിരുന്ന ദുർഗാ ദേവി ക്ഷേത്രത്തിൽ തൊഴുത് വേണ്ടിവന്നു. എന്നാൽ, ചെമ്പകശ്ശേരി രാജാവിന്  വിശ്വാസപ്രകാരം കൃഷ്ണനെ തൊഴുതു വേണം തുടങ്ങാൻ. പരിഹാരമായി, അങ്ങനെ ശ്രീകൃഷ്ണന് ചെമ്പകശ്ശേരി രാജാവ് ക്ഷേത്രം പണിതു. ആ ക്ഷേത്രമാണ് ഇന്നത്തെ കൃഷ്ണൻമഠം. 

അങ്ങനെ ശൈവ-വൈഷ്ണവ സംസ്‌കാരങ്ങളുടെ അതിർത്തിയായി ഒഴുകിയ പമ്പയുടെ കൈവഴി കാവാലത്ത് ശൈവ-വൈഷ്ണവ സംയോഗത്തിന്റെ പ്രവാഹമായി. അതിർത്തിയായിരുന്ന പുഴ അതിരറ്റ് ഒഴുകി...

നിർമാല്യം ആദ്യം തെക്കേ അറ്റത്തെ ദേവീ ക്ഷേത്രത്തിലാണ്. അവിടെ തൊഴുത് വടക്കോട്ടേക്ക്, അതാണ് രീതി. പുലർച്ചെ അൽപ്പം വൈകിപ്പോയ ചില വിശ്വാസികൾ വടക്കുനിന്ന് ധൃതിപിടിച്ച് തെക്കോട്ട്, ദേവിയെ ആദ്യം തൊഴാൻ ഓടുകയാണ്. കൃഷ്ണൻമഠത്തിന്റെ സമീപത്ത്, അവിടത്തെ നിർമാല്യ ദർശനത്തിന് തെക്കുനിന്നുള്ളവർ. തമ്മിൽ കണ്ടപ്പോൾ ആരോ പറഞ്ഞു, അല്ല അവിടത്തേതു കഴിഞ്ഞു, ഇവിടെ നിർമാല്യം കണ്ട് തൊഴുത് അങ്ങോട്ടേക്ക് പോകാം. അവർ നിരസിച്ചു, അതുവേണ്ട, അവിടുന്ന് ഇങ്ങോട്ട് ആകട്ടെ, അതാണ് ശരി.

പുതിയ തലമുറക്കാരാണ്. അവർക്ക് കൂറ് തെക്കോ വടക്കോ എന്നതൊക്കെ ഒരു ചോദ്യമാണ്. അവർക്ക് ഈ ജനാധിപത്യക്കാലത്ത്, രാജഭരണം ഈ പദേശത്തുണ്ടായിരുന്നുവെന്ന് അറിയുമോ ആവോ. എങ്കിൽ അവർ ഇപ്പോഴും വടക്കുംകൂർകാരാണോ... 

സംശയം തീർക്കാൻ ചിലരോട് ചോദിച്ചു, ഇങ്ങനെയൊക്കെയായിരുന്നുവോ എന്ന സംശയത്തിൽ എന്നെ നോക്കി. വല്ലപ്പോഴും പുഴയാഴത്തിൽനിന്ന് വെള്ളമെടുക്കാൻ വരുന്ന ചില മീനുകളെപ്പോലെ വിരളമായേ എന്നെ കാണാറുള്ളു. കണ്ടാലും ഒരു ചിരിയിലോ ഒരു നമസ്‌കാരത്തിലോ കുശലം തീരുകയും ചെയ്യും. ഞാൻ പറഞ്ഞതൊക്കെ കേട്ട് അവരിൽ ചിലർ നെറ്റി ചുളിച്ചു. ഇയാൾക്ക് ഇതെന്തുപറ്റി, പുലർച്ചെ ചിന്നനടിച്ചോ? കാവാലത്തെ ചരിത്രവും സംഭവങ്ങളും അറിയാവുന്ന അവസാന തലമുറയിലെ ഓരോരുത്തർ കാലംകൂടുകയാണ്. അവരിൽനിന്ന് കാത്തുസൂക്ഷിക്കാൻ ശേഖരിച്ച് വെക്കേണ്ട എന്തെല്ലാമുണ്ടെന്നോ? പലതും കൈമോശം വരികയാണ്...

ചിത്രം:

1,3,4. അമ്പലക്കുളം

2. പമ്പയുടെ കൈവഴിയായ കാവാലത്താറ് 

2021 ഡിസംബർ 22


Friday, June 18, 2021

രുദ്രാക്ഷച്ചരടിലെ സംന്യാസ ധ്യാനങ്ങള്‍

രുദ്രാക്ഷച്ചരടിലെ സംന്യാസ ധ്യാനങ്ങള്‍ ===================================================== 


അമൃതകീര്‍ത്തി പുരസ്‌കാരം നല്‍കി ആദരിക്കപ്പെട്ട കവി എസ്. രമേശന്‍ നായര്‍ക്ക് പ്രിയപ്പെട്ടവര്‍ ചേര്‍ന്ന് തപസ്യയുടെ ആഭിമുഖ്യത്തില്‍ ഒരുക്കുന്ന അനുമോദനാഘോഷമായ രമ്യസന്ധ്യ 2014 ഒക്ടോബര്‍ 29-ന് കൊച്ചി എളമക്കരയിലെ ഭാസ്‌കരീയത്തില്‍ നടന്നു... അന്ന് എഴുതിയത്... കവി അകാലത്തിൽ അന്തരിച്ചപ്പോൾ (2021 ജൂൺ 18ന്ഇ) വിടെ ചേർക്കുന്നു.. വെറുതേയിരിക്കുമ്പോള്‍ അത് മൂളിപ്പാട്ടാണ്. ഭക്തികിനിയുമ്പോള്‍ പ്രാര്‍ത്ഥനാ ഗീതമാണ്. ഗൗരവവേളകളിലത് വേദാന്തപൂര്‍ണ്ണിമയാണ്. അത് എസ്. രമേശന്‍ നായരുടെ കവിതയാണ്. വാക്കും വാക്കും ചേരുമ്പോള്‍ ഒരു നക്ഷത്രം പിറക്കുന്നതാണ് കവിതയെന്നു പറഞ്ഞു കേട്ടിട്ടുണ്ട്. വാക്കിനോടു വാക്കു ചേരുമ്പോള്‍ ചന്ദനം മണക്കുന്നതും നിലാവൊളി ചൊരിയുന്നതും നിലവിളക്കു തെളിയുന്നതും അനുഭവിക്കണമെങ്കില്‍ ആ കവിതകളിലൂടെ കടന്നു പോവുക. കവിയുടെയും കവിതയുടേയും മാറ്റേറുന്നത് അവ കാലത്തെ അതിജീവിക്കുമ്പോഴാണല്ലോ. കന്യാകുമാരിയിലെ രണ്ടു സ്മാരകങ്ങള്‍, ലോകത്തിനു ഭാരതത്തിന്റെ കീര്‍ത്തിമുദ്രകളാണ് സ്വാമി വിവേകാനന്ദ സ്മാരകവും തിരുവള്ളുവ പ്രതിമയും; സംസ്‌കാരത്തിന്റെ പെരും പ്രതീകങ്ങള്‍. ആ നാട്ടില്‍ പിറന്ന രമേശന്‍ നായര്‍ അതിലൊന്നു മലയാളത്തിലേക്കു കൊണ്ടുപോന്നു, തിരുക്കുറള്‍ പരിഭാഷയിലൂടെ. മറ്റൊന്ന് പണിപ്പുരയിലാണ്; വിവേകാനന്ദം, സ്വാമി വിവേകാനന്ദനെ അധികരിച്ചുള്ള ബൃഹദ് കാവ്യം. ‘പൂമുഖവാതില്‍ക്കലെ ഭാര്യ’യെയാണോ ‘ചന്ദനം മണക്കുന്ന പൂമുറ്റമുള്ള വീടി’നേയാണോ ‘രാധതന്‍ പ്രേമത്തെ’യാണോ മലയാളിക്ക് ഏറെ പരിചയം. അവ തമ്മില്‍ മത്സരിച്ചേക്കാം. പക്ഷേ, അതിനെല്ലാം മുകളിയായി നിറനിലാവുതിര്‍ത്തുകൊണ്ട് ഗുരുപൗര്‍ണ്ണമി വിളങ്ങും. കാരണം അത് രമേശന്‍ നായരുടെ വിളിക്കൊണ്ട കൃതിയായിക്കഴിഞ്ഞു. ശ്രീ നാരായണ ഗുരുവിന്നുള്ള ശാശ്വത സ്മാരകം. ഗുരുപൂര്‍ണ്ണിമയുടെ ഇംഗ്ലീഷ് പരിഭാഷ തയ്യാറാകുന്നു. പെന്‍ഗ്വിന്‍ ബുക്‌സാണ് പ്രസാധകര്‍. ഹിന്ദി തര്‍ജ്ജമ പൂര്‍ത്തിയായി. തമിഴില്‍ ജോലികള്‍ നടക്കുന്നു. തെലുങ്കിലും ഉടന്‍ പൂര്‍ത്തിയാകും. മറ്റു ഭാഷകളിലേക്ക് ഗുരുപൂര്‍ണ്ണിമ വൈകാതെ പ്രഭ ചൊരിയും. എന്തുകൊണ്ട് ഗുരുചരിതം എഴുതിയെന്നു ചോദിച്ചാല്‍ കവി പറയുന്ന വിവരണം കൗതുകകരമാണ്, ഏറെ ശ്രദ്ധേയവും. ”നാലു പതിറ്റാണ്ടോളം സ്വാമികളെക്കുറിച്ചു പഠിച്ചു. ചട്ടമ്പി സ്വാമികളെക്കുറിച്ച് എഴുതാനുള്ള ഒരാളുടെ നിര്‍ദ്ദേശത്തിലാണു തുടക്കം. പക്ഷേ, അന്തര്‍മുഖനും ആത്മാന്വേഷിയുമായിരുന്ന, വിദ്യാധിരാജനായിരുന്ന, ആധ്യാത്മിക പ്രഭാവനായിരുന്ന ചട്ടമ്പി സ്വാമിയേക്കാള്‍ വിദ്യയും ആത്മജ്ഞാനവും സമൂഹത്തിനു സമര്‍പ്പിച്ച്, ജനങ്ങളിലേക്കു നടന്നുചെന്ന ഗുരുദേവനിലേക്ക് ശ്രദ്ധ തിരിയുകയായിരുന്നു.” വിവിധ കാരണങ്ങളാല്‍ ബോധപൂര്‍വം ചിലര്‍ ചുവരുകള്‍ക്കുള്ളില്‍ അടച്ച ഗുരുനിലാവെട്ടം ലോകമാകെ വ്യാപിക്കാന്‍ തുടങ്ങിയിരിക്കുകയാണ്. വിവേകാനന്ദമെന്ന ബൃഹദ്കാവ്യം ഭാരതപുത്രന്റെയും ഭാരതാംബയുടെയും സാംസ്‌കാരികതയുടെ ഭവ്യസ്മാരകമായിരിക്കുമെന്നുറപ്പ്. വെറും പാട്ടെന്ന് ചിലര്‍ മാറ്റിനിര്‍ത്തുന്ന സിനിമാ ഗാനങ്ങള്‍, അമ്പലപ്പാട്ടെന്ന് ഒഴുക്കന്‍ മട്ടില്‍ ചിലര്‍ പറയുന്ന ഭക്തിഗീതങ്ങള്‍ തുടങ്ങി എല്ലാമെല്ലാം കവിതയില്‍ മുക്കി ഇനിപ്പുറ്റവയാക്കിയ കവി വേദാന്ത സാരപ്പൊരുളിനെ പഞ്ചാമൃതമാക്കി കവിതയിലൂടെ തരുന്നു. അടുത്ത നിമിഷം നര്‍മ്മത്തിന്റെ കറുപ്പങ്കിയണിയിച്ച് ആനുകാലികാവസ്ഥയ്‌ക്കെതിരേ മര്‍മ്മത്തില്‍ കുത്തുന്ന കവിതയുടെ അമ്പു പായിക്കുന്നു. 2014-ല്‍ ഇറങ്ങിയ ‘ഉണ്ണി തിരിച്ചു വരുന്നു’വെന്ന കാവ്യം അതാണ്. കവി പ്രതിഭയുടെ ചക്രവാളം തൊടാനുള്ള വളര്‍ച്ചയാണിത്. ‘ഭാവത്തിന്‍ പരകോടിയില്‍ സ്വയം അഭാവത്തിന്‍ സ്വഭാവം വരാം…’ എന്ന പോലെ. ആരാണു രമേശന്‍ നായര്‍? അങ്ങനെ ചോദിച്ചാല്‍ പെട്ടെന്ന് ഒരുത്തരത്തിനു വിഷമിക്കും. ഗാനരചയിതാവ്, കവി, നാടകകൃത്ത്, ബ്രോഡ്കാസ്റ്റര്‍, പ്രസംഗകന്‍, ഗദ്യകാരന്‍, എഡിറ്റര്‍…. തീരുന്നില്ല. ഇപ്പറഞ്ഞതിനെല്ലാമപ്പുറം മികച്ച സംഘാടകനാണ് അദ്ദേഹം. അതിനും മേലേ, ചെയ്യുന്നതിനെല്ലാം സാമൂഹ്യബന്ധം നിര്‍ബന്ധമാക്കിയ സംഘാടകന്‍. പന്ത്രണ്ടാം വയസ്സില്‍ മഞ്ജരി വൃത്തത്തില്‍ എഴുതിയാണു തുടക്കം. ഇപ്പോള്‍ 66-ല്‍ അമൃതകീര്‍ത്തിയും നേടിനില്‍ക്കുമ്പോള്‍ കര്‍മ്മകാണ്ഡത്തെക്കുറിച്ച് അഭിമാനിക്കാന്‍ ഏറെയുണ്ട്. ‘കളിക്കിടാങ്ങള്‍ക്കു പട്ടം പാറിക്കാന്‍ നീ കൊടുത്തുവോ പൂണൂല്‍ ചരട്, പുല്‍കട്ടേ ചിത്തം നീല വിശാലത’ എന്ന് ജന്മപുരാണത്തില്‍ അനുഷ്ടുപ്പ് എഴുതിയ കവി തന്റെ ദര്‍ശനത്തോടൊപ്പം കവിതാ സങ്കല്‍പ്പത്തെയും ആകാശത്ത് പറത്തിവിട്ടു. ‘മേഘം മദ്ദളമാക്കിടുന്ന കലതന്‍ മുറ്റത്ത് വെണ്‍ചേങ്കിലത്താളം ദൂതു പറഞ്ഞൊരന്ന നടതന്‍ സോപാന സംഗീതമേ’ എന്നു ശാര്‍ദ്ദൂലവിക്രീഡിതത്തില്‍ കുറിച്ചപ്പോള്‍ കവിതയുടെ പൂക്കാലം ഒരിക്കല്‍കൂടി വരുമെന്ന് കവി ഉറപ്പു നല്‍കുകയായിരുന്നു. ആധുനികവും ആധുനികോത്തരവുമായി വൃത്തമില്ലാച്ചതുരങ്ങള്‍ കവിതാലോകത്ത് ഉറഞ്ഞു തുള്ളുന്ന കാലത്തായിരുന്നു ഇത്. ‘എഴുന്നേറ്റു നടക്കുന്നു. ചെമ്പഴന്തിയില്‍നിന്നൊരാള്‍…’ എന്ന് ഒരു കാവ്യം നേരിട്ടു തുടങ്ങിവെക്കുമ്പോള്‍ തന്റെ കവിതയ്ക്ക് കടക്കാന്‍ പാകത്തില്‍ മലയാളി മനസ്സിന്റെ വാതില്‍ തുറന്നേ കിടക്കുന്നുവെന്ന ഉത്തമ വിശ്വാസം കവി നേടിയിരുന്നുവെന്ന് ഉറപ്പ്. കാരണം, പുഷ്പാഞ്ജലിയും വനമാലയും മയില്‍പീലിയും മറ്റും മറ്റും വഴി കവി മലയാളിയുടെ വിശ്വാസത്തിന്റെ പൂജാമുറിയില്‍ പോലും കടന്നിരുന്നു അതിനകം. 3000 ഭക്തിഗീതങ്ങള്‍, അതില്‍ ആയിരവും ശ്രീകൃഷ്ണ ഗീതികള്‍. ഒരുവിഷയത്തില്‍ ഇത്രയും ഗീതം എഴുതിയ കവി വേറേയില്ല, ഇനി ഉണ്ടാകാനും വിഷമം. ശ്രീകൃഷ്ണന്‍ രമേശന്‍ നായര്‍ക്ക് എപ്പോഴും ‘അഗ്രേ പശ്യാമി’യാണ്. ഒറ്റരാത്രികൊണ്ട് ഒറ്റയിരുപ്പില്‍ എഴുതിത്തീര്‍ത്തതാണ് ‘മയില്‍പീലി’യിലെ പത്തു ഗീതങ്ങള്‍. ഈ അസാധാരണമായ സാധ്യത്തെക്കുറിച്ച് കവി പറയുന്നു,” ഞാന്‍ ഗുരുവായൂരപ്പന്റെ ഗുമസ്തനാണ്. എന്നെക്കൊണ്ട് ഇതെല്ലാം ചെയ്യിക്കുകയാണ്. ഗുരുവായൂരപ്പന്റെ നിറഞ്ഞ സാന്നിദ്ധ്യം എനിക്ക് എവിടെയും അനുഭവപ്പെടുന്നു. എനിക്ക് ആ അനുഗ്രഹമുണ്ട്.” അതെ അല്ലെങ്കില്‍ ‘മഞ്ജുള സന്ധ്യകണ്ട് അതു ഭഗവാന്റെ മഞ്ഞപ്പട്ടും മഴമുകില്‍പൂവ് മയില്‍പീലി’യും ആണെന്ന് എങ്ങനെയാണ് നിനയ്ക്കാന്‍ പറ്റുക! ‘രാത്രിയാം ഗോപിക മുകില്‍ചിന്തില്‍ വെണ്ണയുമായ് കാത്തുനില്‍ക്കുന്നു’വെന്ന് ചന്ദ്രബിംബത്തെ വരയ്ക്കാന്‍ കഴിയുക!! കണ്ടതിലും കേട്ടതിലുമെല്ലാം ഭഗവാനെ അറിയാനാവുക!!! രമേശന്‍ നായര്‍ നവ പൂന്താനമാണെന്ന് ചിലര്‍ പറയുമ്പോള്‍ അതിശയോക്തി തോന്നേണ്ടതില്ല. ആ കൃഷ്ണഗീതികള്‍ പൂന്തേനാണ്; അല്ല, ഭക്തിയും ഭാഷയും സാഹിത്യവും ചേര്‍ന്ന തൃമധുരമാണ്. 1967-ല്‍ സമ്പദ് ശാസ്ത്രത്തില്‍ ബിരുദമെടുക്കുമ്പോള്‍ കവിതാലോകത്ത് തന്റെ സാന്നിദ്ധ്യം ശ്രദ്ധേയമാക്കിയിരുന്നു അദ്ദേഹം. കവിതയാണ് സ്വന്തം വഴിയെന്നു പഠനകാലത്തേ തിരിച്ചറിഞ്ഞ് വായനയും എഴുത്തും നിരന്തര സാധന തന്നെയാക്കി. കുറച്ചുകാലം പാരലല്‍ കോളെജില്‍ അദ്ധ്യാപനം. 1972-ല്‍ മലയാളം എംഎ ഒന്നാം റാങ്കില്‍ പാസായി. അടുത്തവര്‍ഷംതന്നെ കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പത്രാധിപ സമിതിയില്‍- വിവര്‍ത്തകനായി, ഗവേഷകനായി… 1975-ല്‍ ആകാശവാണിയില്‍, തൃശൂര്‍ നിലയത്തില്‍ ചേര്‍ന്നു. 999 പേരില്‍നിന്നാണ് തിരഞ്ഞെടുക്കപ്പെട്ടത്. അതിനിടെ കോളെജ് ലക്ചറര്‍ പോസ്റ്റില്‍ നിയമനം വന്നുവെങ്കിലും ബ്രോഡ്കാസ്റ്റിങ് രംഗത്ത് തുടരുകയായിരുന്നു. ഏറെപ്പേരെ പരിചയപ്പെടാനും പ്രതിഭകളെ കണ്ടെത്താനും ചിലരെ വളര്‍ത്തിയെടുക്കാനും കഴിഞ്ഞ കാര്യം അനുസ്മരിക്കുമ്പോള്‍ രമേശന്‍ നായര്‍ പറയുന്നു, ”സി. വി. ശ്രീരാമനെ ആകാശവാണിയില്‍ ഒരു കഥ അവതരിപ്പിക്കാന്‍ ക്ഷണിച്ചു. കഥ കേട്ടു കഴിഞ്ഞപ്പോള്‍ ഞാന്‍ പറഞ്ഞു, വക്കീലേ ഇത് ഇവിടെങ്ങും ഒതുങ്ങില്ല. അതാണ് ചിദംബരം എന്ന കഥ. ഞാന്‍ അന്ന് അങ്ങനെ പറഞ്ഞത് പില്‍ക്കാലത്ത് ശ്രീരാമന്‍ അനുസ്മരിച്ച് എഴുതി. അതില്‍ അഭിമാനം തോന്നാറുണ്ട്.” അങ്ങനെ എത്രയെത്ര. പക്ഷേ, ആകാശവാണിയെ ‘അസുരവാണി’ (വികെഎന്‍-നോടു കടപ്പാട്) യായി കേട്ട ചിലര്‍ കവിയെ ശിക്ഷിച്ചു. 1994-ലെ റേഡിയോ നാടകോത്സവക്കാലം. ‘ശതാഭിഷേകം’ എന്ന നാടകം കവിയുടേതായി പ്രക്ഷേപണം ചെയ്തു. അതിലെ കിട്ടുമ്മാനും കിങ്ങിണിക്കുട്ടനും അന്നത്തെ കാലിക രാഷ്ട്രീയത്തിലെ ചിലരുടെ പ്രതിബിംബങ്ങളായി. കെ. കരുണാകരന്‍ മുഖ്യമന്ത്രിയായിരുന്ന കാലം. നേതൃമാറ്റം ആവശ്യപ്പെട്ട് ഒരു വിഭാഗം കോണ്‍ഗ്രസുകാര്‍ പോരടിക്കുന്ന നാളുകള്‍. തറവാട്ടിലെ കസേരയൊഴിഞ്ഞുകൊടുക്കാത്ത കിട്ടുമ്മാവനും മാനസിക വളര്‍ച്ച പൂര്‍ത്തിയാകാത്ത മകന്‍ കിങ്ങിണിക്കുട്ടനും കഥാപാത്രങ്ങളായി ശതാഭിഷേകം. പോരേ പുകില്‍. വാദം, പ്രതിവാദം, വിവാദം. യഥാര്‍ത്ഥ സംവാദം മാത്രം കാര്യമായി നടന്നില്ല. ഒടുവില്‍ കവിക്ക് ശിക്ഷ, ആന്തമാനിലെ റേഡിയോ നിലയത്തിലേക്കു നാടുകടത്തല്‍. തുടര്‍ന്ന് ജോലി രാജിവെക്കുമ്പോള്‍ രമേശന്‍ നായര്‍ പ്രോഗ്രാം പ്രൊഡ്യൂസിങ് വിഭാഗത്തില്‍ തലവനായിരുന്നു, 12 വര്‍ഷം സര്‍വീസ് ശേഷിക്കുന്നുണ്ടായിരുന്നു. നാടകകൃത്തു പറയുന്നു, ”എനിക്കെതിരേയുള്ള നടപടി അധികാരത്തിന്റെ ധാര്‍ഷ്ട്യമായിരുന്നു. നാടകം ജനങ്ങള്‍ക്കിടയില്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ടു. അതിന് അക്കാലത്തു മാത്രമല്ലായിരുന്നു പ്രസക്തി. ശതാഭിഷേകം സര്‍വകാല പ്രസക്തിയുള്ളതാണ്. കേരളത്തിലെ പ്രസാധന ചരിത്രത്തിന്റെ ഭാഗമാണത്. പുസ്തകത്തിന്റെ എത്രലക്ഷം കോപ്പികള്‍ വിറ്റഴിഞ്ഞുവെന്നതിനു കൃത്യമായ കണക്കില്ല.” ചലച്ചിത്രത്തിന്റെ അഭ്രത്തിളക്കത്തില്‍ കവിയെ എന്തുകൊണ്ട് ഏറെ കാണാനില്ല എന്നു പലര്‍ക്കും തോന്നാം. ”ചലച്ചിത്രലോകത്തോട് എനിക്ക് ആദ്യംമുതലേ അത്ര കമ്പം തോന്നിയിരുന്നില്ല. എം ടിയാണ് ആദ്യം ഗാനമെഴുതാന്‍ കൂട്ടിക്കൊണ്ടു പോയത്. ‘രംഗം’ എന്ന സിനിമക്ക്. ‘വനശ്രീ മുഖം നോക്കി വാലിട്ടെഴുതുമീ’ എന്ന ആ ഗാനം ചലച്ചിത്ര ഗാനങ്ങള്‍ക്കിടയിലെ ശ്രീതിലകമാണ്. പിന്നെ 160 സിനിമകള്‍ക്ക് എഴുനൂറോളം പാട്ടുകള്‍. എല്ലാം നന്നായെന്നൊന്നും തോന്നിയിട്ടില്ല. പക്ഷേ, ഒന്നുംപിഴച്ചില്ല. ചിലത് അസാധാരണമാണ്,” രമേശന്‍ നായര്‍ പറയുന്നു. സിനിമക്ക് പേരിട്ട ചരിത്രം വരെയുണ്ട് (അനിയത്തിപ്രാവ്) രമേശന്‍ നായര്‍ക്ക്. അദ്ദേഹത്തിന്റെ പാട്ടെഴുത്തില്‍ പാടിയും അഭിനയിച്ചും അവാര്‍ഡു നേടിയവര്‍ ഏറെയുണ്ട്. മീരാ ജാസ്മിന്‍ (സൂത്രധാരന്‍), മധുബാലകൃഷ്ണന്‍, കാവ്യാമാധവന്‍, മുതിര്‍ന്ന (ബേബി) ശാലിനി, ബോബന്‍ കുഞ്ചാക്കോ, പൃഥ്വിരാജ്… അങ്ങനെ ഏറെ. ‘കന്നിപ്പൂക്ക’ളില്‍ തുടങ്ങി ‘ഉണ്ണി തിരിച്ചുവരുന്നു’വരെയുള്ള കവിതകളും കാവ്യങ്ങളും ഒരു കവിയുടെ വളര്‍ച്ചയും പൂര്‍ണ്ണതയും പഠിക്കാവുന്ന രചനകളാണ്. കവിയും കവിതയും എന്നും വളര്‍ന്നുകൊണ്ടേയിരിക്കുന്നുവെന്നതിനു തെളിവുകളാണത്. അടുത്തിടെ ശ്രീനരായാണ ഗുരുദേവന്റെ ‘ദൈവ ദശകം’ വ്യാഖ്യാനിച്ച് അദ്ദേഹം ഒരു ചെറു പുസ്തകമെഴുതി. ‘നാനൃഷിഃ കവിഃ’ എന്ന സൂത്രം സത്യമാക്കുന്ന അര്‍ത്ഥാക്ഷരങ്ങളാണ് രമേശന്‍ നായരുടേത്. കവിതയെ പദ്യമെഴുത്തായും അതിനുമപ്പുറം വൃത്തമില്ലാത്ത അമൂര്‍ത്തതയായും മറ്റും വ്യാഖ്യാനിച്ചിരുന്നവര്‍ക്കിടയിലേക്കാണ് ‘അഗ്രേപശ്യാമി’യും ‘സ്വാതിമേഘ’വും ‘സരയൂ തീര്‍ത്ഥ’വും ‘ഗ്രാമക്കുയി’ലും ‘ഗുരുപൂര്‍ണ്ണിമ’യും മറ്റും കടന്നുചെല്ലുന്നത്. കവി പറയുന്നു, ” കവിത ശുദ്ധമാണെങ്കില്‍, സത്യമാണെങ്കില്‍ നിലനില്‍ക്കും. അംഗീകരിക്കപ്പെടും. വ്യാജമാണെങ്കില്‍ എത്ര കെട്ടിപ്പൊക്കിയാലും തകരും.” രമേശന്‍നായരുടെ കവിതകള്‍ അംഗീകരിക്കപ്പെടുന്ന കാലമാണിനി വരാന്‍ പോകുന്നത്. ഇടയ്ക്ക് ചോദിച്ച ചോദ്യം പിന്നെയും- രമേശന്‍ നായര്‍ ആരാണ്? ഈ കവി ഗദ്യം എഴുതിയാല്‍, പ്രഭാഷണം നടത്തിയാല്‍ അത് കവിതയ്ക്കു മേലേയും നില്‍ക്കുന്ന ഹൃദ്യാക്ഷരങ്ങളുടെ അര്‍ച്ചനയാണ്. എന്നാല്‍, സംഘാടകനായ രമേശന്‍ നായരുടെ വൈഭവമാണ് ഏറെ കാണാന്‍ കിടക്കുന്നത്. സ്വയമേവ സംഘാടകനെന്ന് അദ്ദേഹം തെളിയിച്ചൂ, തിരുക്കുറളിന്റെ പ്രകാശനവേളയില്‍. തലസ്ഥാനത്ത് ആനപ്പുറത്ത് ഗ്രന്ഥമെഴുന്നള്ളിച്ച് നടത്തിയ ആ സാംസ്‌കാരിക സമ്മേളനം ഗാംഭീര്യവും പ്രൗഢിയും ഗൗരവവും കൊണ്ട് ഇന്നും അനന്യമായ തലസ്ഥാനചരിത്രമാണ്. ഇപ്പോള്‍ വ്യക്തിയുടെ ആ വൈഭവത്തിന് വമ്പന്‍ സംഘടനയുടെ മികച്ച പിന്തുണയുംകൂടി ആയിരിക്കുന്നു. തപസ്യ കലാ സാഹിത്യ വേദിയുടെ അദ്ധ്യക്ഷനായ രമേശന്‍ നായര്‍ ആവിഷ്‌കരിച്ചിരിക്കുന്ന പദ്ധതികള്‍ സംഘടന പ്രാവര്‍ത്തികമാക്കുന്നതോടെ സാംസ്‌കാരിക രംഗത്ത് ഒരു നവ ജ്യോതിസ്സു പരക്കാന്‍ പോകുകയാണെന്ന് മുന്‍കൂട്ടിപ്പറയാം. ഒരിക്കല്‍ മഹാകവി അക്കിത്തം സ്വകാര്യ സംഭാഷണത്തില്‍ പറഞ്ഞു, ”മലയാളത്തില്‍ രണ്ടു പേരില്‍നിന്നേ ഇനി കവിത പ്രതീക്ഷിക്കേണ്ടൂ. ഒന്ന് ചുള്ളിക്കാട്, പക്ഷേ ഇപ്പോള്‍ അങ്ങനെ കാര്യമായി എഴുതുന്നില്ല. മറ്റൊന്ന് രമേശന്‍നായര്‍. എഴുതുന്നതെല്ലാം കവിതയാണ്. അസാമാന്യ പ്രതിഭയാണ്.” ഒരുമിച്ചു പ്രവര്‍ത്തിച്ച 10 വര്‍ഷത്തിനിടെ രമേശന്‍ നായരുടെ കവിതയുടെ വൈഭവമറിഞ്ഞ് അക്കിത്തം അദ്ദേഹത്തെയും കവിതകളേയും കുറിച്ച് കവിതയെഴുതി. അക്കിത്തത്തിന്റെ കവിതക്ക് ആദ്യമായി അവതാരികയെഴുതിയതും രമേശന്‍ നായര്‍. ഈ കവിക്ക് ആരോടാണ് സാമ്യത തോന്നുക. ഏതു കവിതയ്ക്കും സാമ്യം പറയുക അസാധ്യംതന്നെ. പക്ഷേ, വള്ളത്തോള്‍ എന്ന കവിയോട് രമേശന്‍ നായര്‍ക്കു സാമ്യം പറയാനാവും. വള്ളത്തോള്‍ ചെയ്ത ഋഗ്വേദത്തിന്റെ വിവര്‍ത്തനവും വാത്മീകി രാമായണ തര്‍ജ്ജമയും രമേശന്‍ നായര്‍ ചെയ്ത തിരുക്കുറള്‍-ചിലപ്പതികാര വിവര്‍ത്തനങ്ങളും കൊണ്ടല്ല ഈ സാമ്യം. വള്ളത്തോളിന് തന്റെ കാവ്യജീവിതത്തോടൊപ്പമുണ്ടായിരുന്ന സാമൂഹ്യ ബോധം രമേശന്‍ നായരില്‍ ഉള്ളതുകൊണ്ടാണ്. കേരള കലാമണ്ഡലമെന്ന സാംസ്‌കാരിക സ്ഥാപനം ഇല്ലായിരുന്നെങ്കില്‍ നമ്മുടെ കേരളീയ സാംസ്‌കാരിക-കലാമേഖല ഇന്നു കാടുമൂടി പോയേനെ. വള്ളത്തോള്‍ ഉണ്ടായിരുന്നതുകൊണ്ടാണ് കലാമണ്ഡലം ഉണ്ടായത്. ലോട്ടറി പോലും നടത്തി സാംസ്‌കാരിക സംരക്ഷണത്തിനു പണം കണ്ടെത്തിയ കവി. രമേശന്‍ നായര്‍ക്ക് ആ വികാരമുണ്ട്. ”സാംസ്‌കാരിക സംരക്ഷണത്തിനു കവിക്ക് കടപ്പാടുണ്ട്. അത് ഉത്തരവാദിത്തമാണ്. എന്തു ചെയ്യുമ്പോഴും അതിനു സാമൂഹിക നേട്ടം എന്ന കാഴ്ചപ്പാടുണ്ടാകണ”മെന്ന് രമേശന്‍ നായര്‍ പറയുന്നു. ഉള്ളിലും ചുറ്റിലും നിറഞ്ഞ് ആ കവിത തുളുമ്പുന്നു… അതു ഏതു ഹൃദയവും നിറയ്ക്കുന്നു, അത് അശരീരിയായി മുഴങ്ങുന്നു- നാവെന്തിനു തന്നൂ ഭഗവാന്‍ നാരായണ നാമം പാടാന്‍ കാതെന്തിനു തന്നൂ ഭഗവാന്‍ നാരായണ ഗീതം കേള്‍ക്കാന്‍ കണ്ണെന്തിനു തന്നൂ ഭഗവാന്‍ നാരായണ രൂപം കാണാന്‍ കൈയെന്തിനു തന്നൂ ഭഗവാന്‍ നാരായണ പാദം പണിയാന്‍ കാലെന്തിനു തന്നൂ ഭഗവാന്‍ നാരായണ സവിധം ചെല്ലാന്‍ പൂവെന്തിനു തന്നൂ ഭഗവാന്‍ നാരായണ പൂജകള്‍ ചെയ്‌വാന്‍ നാരായണ കൃപയില്ലെങ്കില്‍ നാടില്ലാ കാടുകളില്ലാ നാളില്ലാ നാളെയുമില്ല നാരായണ ശരണം! ശരണം! ====================================================== കാവാലം ശശികുമാര്‍

Sunday, May 9, 2021

ഈ കവിതകളിൽ ഹൃദയം ഉരസുക

 ഉരസുക





ഒന്നും ഒന്നും ഇമ്മ്ണി ബല്യഒന്നാണെന്ന് കേള്‍ക്കുമ്പോഴെല്ലാം നാം കൈയടിച്ചു. ഇമ്മ്ണി ചെറിയ ഒന്നാക്കി ചിലതിനെ നമ്മള്‍ ഒതുക്കിവെച്ചു. 'ഉണ്ണി'ക്ക് പ്രായഭേദമില്ലെങ്കിലും കുഞ്ഞുണ്ണിക്ക് കുട്ടികള്‍ക്കിടയില്‍ മാത്രമായി ഇടം ചുരുക്കി. കൊണ്ടാടപ്പെടുന്ന പലരുടെയും ഗുണവിശേഷങ്ങള്‍ ഒരാളിലൊന്നിക്കുന്നതു കാണാനായിട്ടും കണ്ടില്ലെന്ന് നടിച്ചു. ഇതെല്ലാം മുന്‍കൂട്ടി കണ്ടിട്ടെന്നപോലെ അദ്ദേഹം പറഞ്ഞു, ''എനിക്ക് പൊക്കം കുറവാണെന്നെ പൊക്കാതിരിക്കുക'' എന്ന്. ആ പൊക്കം കുറഞ്ഞയാളിലെ ഭാരം ഏറെക്കനപ്പെട്ടതാണെന്നതാണ് വാസ്തവത്തില്‍ പൊക്കാന്‍ നോക്കെണ്ടെന്നു പറഞ്ഞതിനു കാരണം. 

മെയ് 10 കുഞ്ഞുണ്ണി മാഷിന്റെ 90-ാം ജന്മവാര്‍ഷിക ദിവസമാണ്. 2006 മാര്‍ച്ച് 26 ന് അന്തരിച്ചു. കുട്ടികളുടെ കവി, ബാലസാഹിത്യകാരന്‍, 'കുഞ്ഞുണ്ണി'ക്കവിതക്കാരന്‍ എന്നിങ്ങനെയാണ് ചിലര്‍ ചാര്‍ത്തിയ വിശേഷണങ്ങള്‍. പഴഞ്ചൊല്‍ പാടിയും നാവുരുളുകള്‍ പാടിപ്പിച്ചും നടന്നയാള്‍, കുട്ടികളുടെ കൂട്ടുകാരന്‍ എന്നെല്ലാം പുകഴ്ത്തപ്പെട്ടപ്പോഴും കുഞ്ഞുണ്ണിക്കവിതയെന്ന പ്രസ്ഥാനപ്പേരിട്ടുകൊടുത്തപ്പോഴും കുഞ്ഞുണ്ണിയെ അരക്കവിയായി മാത്രം അംഗീകരിക്കാനുള്ള വ്യഗ്രതയായിരുന്നില്ലേ അതിനു പിന്നില്‍. ആര്‍ക്കും അത്ര പെട്ടെന്ന് സാദ്ധ്യമല്ലാത്ത തരത്തില്‍ അനുയായികളെയോ ആസ്വാദകരെയോ സൃഷ്ടിച്ച കവി, ചിത്രകാരന്‍, അദ്ധ്യാപകന്‍, ജീവിതമാതൃക... ഒക്കെയായ കവിയെ തമസ്‌കരിക്കാനാവില്ലെന്നു വന്നപ്പോള്‍ തളച്ചിടാന്‍ ചിലരില്‍നിന്നെങ്കിലും ശ്രമം നടന്നിട്ടില്ലേ? കുഞ്ഞുണ്ണി ആദ്യം കമ്മ്യൂണിസ്റ്റായിരുന്നത്രെ! പിന്നെ നക്‌സലൈറ്റും!! എന്തായാലും നല്ലകാലത്ത് സന്യാസതുല്യമായിരുന്നു ജീവിതം, മാര്‍ഗ്ഗവും. അത് പോരായ്മയായോ, അയോഗ്യതയായോ? അറിയില്ല. ചിന്ത തുടങ്ങുന്നകാലത്ത് കമ്മ്യൂണിസം ബാധിക്കാത്തവരുണ്ടാകില്ല, അതൊരു കക്ഷിരാഷട്രീയമായിക്കാണാതെ. പ്രശ്‌നങ്ങള്‍ക്ക് ക്ഷിപ്ര പരിഹാരം വേണമെന്നാഗ്രഹിക്കുന്ന ആവേശക്കാര്‍ക്ക് നക്‌സല്‍ ചിന്തയും വന്നേക്കാം, അതിന്റെ അപകടം തിരിച്ചറിയുംവരെ. അതിനപ്പുറത്തേക്ക് ഒരു കുഞ്ഞുണ്ണിക്കും അതില്‍ രണ്ടിലും ചിന്തയൊടുക്കാനാവില്ല, ആ പേരുള്ള ചില കഥാപാത്രങ്ങള്‍ക്കല്ലാതെ. ഒ. വി. വിജയന്റെ കുഞ്ഞുണ്ണിയ്ക്കുണ്ടായ പരിണാമമുണ്ടല്ലോ (ഗുരുസാഗരം) അതാണ് സത്യവഴി. കവി കുഞ്ഞുണ്ണിയുടെ രാമകൃഷ്ണാശ്രമ വാസവും ആശ്രമം സ്‌കൂളിലെ അദ്ധ്യാപനവഴിയും കൊച്ചുകുട്ടികളുമായുള്ള സമ്പര്‍ക്കവും ചില ചിന്താധാരകളോടുള്ള സാമീപ്യവും കൊണ്ടെത്തിച്ചത് കാഷായ സംസ്‌കാരത്തിലായിരുന്നു. പൂര്‍ണ്ണതയിലേക്കുള്ള വഴിയാത്രയായിരുന്നു ആ ജീവിതം. അതുകൊണ്ടുതന്നെയാവണം ആദ്യ കവിതാസമാഹാരത്തിന് 'കാല്‍ശതം' എന്ന കണക്കുമുറ്റിയ (നൂറിന്റെ നാലിലൊന്ന്) പേരിട്ടത്. 'ഭടജനങ്ങള്‍ക്കു വേണ്ടി' എഴുതിയ, ഭാഷയുടെ താളാചാര്യന്‍ കുഞ്ചന്‍ നമ്പ്യാരുടെ പിന്മുറ എഴുത്തുകാരനായതിനാല്‍, കവിത കേള്‍പ്പിക്കാനായിരുന്നു കുഞ്ഞുണ്ണിക്കമ്പം. കവിതകളിലെ നര്‍മ്മം നമ്പ്യാരുടെ മര്‍മ്മമറിഞ്ഞതിനാലായിരുന്നു. ''കുഞ്ഞുങ്ങള്‍ക്കു രസിച്ചീടുന്നൊരു കവിയായിട്ടു മരിക്കാന്‍'' ആയിരുന്നുവല്ലോ കുഞ്ഞുണ്ണിപ്രാര്‍ത്ഥന. കുഞ്ഞുങ്ങളാണ് നാളെയുടെ, ഭാഷാവഴിയെന്ന അറിവാണ് ആ രചനകളിലെ ലാളിത്യം. അതിലെ സന്ദേശം കുഞ്ഞുങ്ങളിലൂടെ അമ്മമാരിലും അകത്തളങ്ങളിലും അടുക്കളയിലു പോലും എത്തുമെന്നാഗ്രഹിച്ചു. പക്ഷേ, 'മലര്‍വാടി'യിലിരുന്ന് ആ കുട്ടികളുടെ മാസികയിലേക്കു വന്ന രചനകളില്‍ കവിതയും കഥയും കണ്ടെത്തി ഏറെ എഴുത്തുകാരെ സൃഷ്ടിച്ചെങ്കിലും ഗുരുവിനെ കുഞ്ഞുണ്ണിയാക്കി നിര്‍ത്താനേ അവരില്‍ പലരും മത്സരിച്ചുള്ളു. ''സത്യമേ ചൊല്ലാവൂ, ധര്‍മ്മമേ ചെയ്യാവൂ, നല്ലതേ നല്‍കാവൂ, വേണ്ടതേ വാങ്ങാവൂ.'' എന്ന് കുഞ്ഞുണ്ണി പഠിപ്പിച്ച ധര്‍മ്മം അവര്‍ ഉള്‍ക്കൊള്ളാതെ പോയോ. അതോ മനപ്പൂര്‍വം അവര്‍ മറന്നോ? എന്തിനും പടിഞ്ഞാറേക്ക് നോക്കി ശീലിച്ചതിനാല്‍ ചിലര്‍ ജപ്പാനില്‍ പോയി, ഹൈക്കു എന്ന കവിതാ സമ്പ്രദായത്തെ കണ്ടുപിടിച്ചു കുഞ്ഞുണ്ണിക്കവിതയ്ക്ക് രൂപമാതൃകയും പേരും നിശ്ചയിക്കാന്‍. വേദങ്ങളും ഉപനിഷത്തുകളും അടുത്തറിയാന്‍ അവസരം കിട്ടിയ, അദ്ധ്യാപകനെ അവ സ്വാധീനിച്ചോ എന്ന് ആരും പഠിക്കാന്‍ തുനിഞ്ഞില്ല. ഹൈക്കുവിനു മൂന്നുവരി, കുഞ്ഞുണ്ണിക്കവിതയ്ക്കും വരിയെണ്ണം കുറവ്. അതിനപ്പുറം അനുഷ്ടുപ്പും ആര്യയും ഗീതിയും വൃത്തങ്ങള്‍ പൗരസ്ത്യമായതിനല്‍ ഗവേഷകര്‍ അത് കണ്ടിട്ടുണ്ടാവില്ല. വാസ്തവത്തില്‍ കുഞ്ഞുണ്ണിക്കവിതകള്‍ വരികളിലും വാക്കുകളിലും അസാധാരണമായ കനം പേറുന്ന സൂക്തങ്ങള്‍ പോലെയല്ലേ, വേദ സൂക്തങ്ങള്‍ പോലെ, യോഗസൂത്രങ്ങള്‍ പോലെ. പഴഞ്ചൊല്ലുകള്‍ പുനരാവിഷ്‌കരിച്ചതും പുതുചൊല്ലുകള്‍ രൂപപ്പെടുത്തിയതും പറയാനുള്ള പുതുവഴികളായിരുന്നു. എഴുത്തിലെ വൃഥാസ്ഥൂലതയോട് സൂക്ഷ്മതകൊണ്ടുള്ള പ്രതിരോധം, പക്ഷേ മുദ്രാവാക്യം മുഴക്കിക്കൊണ്ടായിരുന്നില്ലെന്ന പ്രത്യേകതയുണ്ട്. ഭാഷയോടുള്ള കവിയുടെ പ്രേമം, ഭാഷ സംരക്ഷിക്കാനുള്ള വ്യഗ്രത, സംരക്ഷണ നിയമമുണ്ടാക്കാനുള്ള സത്യഗ്രഹ സമരത്തിലൂടെയല്ല പ്രകടിപ്പിച്ചത്. അദ്ധ്യാത്മരാമായണം കിളിപ്പാട്ടും അനേകം രാമായണ വിവരണങ്ങളും ഉണ്ടായിട്ടും കുഞ്ഞുണ്ണിരാമായണം രചിച്ചതെന്തിനായിരുന്നു. അതിലൂടെ കണ്ണോടിച്ചാല്‍ കാര്യം മനസ്സിലാകും. എഴുത്തച്ഛന്റെ രാമായണ കവിതാരൂപവും കുഞ്ഞുണ്ണിമാഷിന്റെ ഗദ്യരൂപവും താരതമ്യം ചെയ്താല്‍ അമ്പരന്നു പോകും, ഭാഷാ പ്രയോഗത്തിന്റെ വൈഭവത്തില്‍; എഴുത്തച്ഛനേക്കാള്‍ ഒന്നും അധികമില്ല, ഒന്നുമേ കുറവുമില്ല- കിറുകൃത്യം. കുട്ടികള്‍ക്കുവേണ്ടി മാത്രമായിരുന്നില്ല കുഞ്ഞുണ്ണി എഴുതിയത്. താനെഴുതുന്നത് കുട്ടികളും വായിക്കണമെന്ന് ആഗ്രഹിച്ചിരുന്നുവെന്ന് മാത്രം. ''ഞാനെന്റെ മീശചുമന്നതിന്റെ കൂലി ചോദിക്കാന്‍ ഞാനെന്നോടു ചെന്നപ്പോള്‍ ഞാനെന്നെത്തല്ലുവാന്‍ വന്നു'' കുഞ്ഞുണ്ണിയുടെ ഈ വരികള്‍ 'മറ്റു ചിലരുടെ' പേരിലായിരുന്നെങ്കില്‍ ഒരുപക്ഷേ ചിലരെങ്കിലും ലോകോത്തരമെന്ന് ഘോഷിച്ചേനെ എന്നുറപ്പ്. ''ജീവിതം നല്ലതാകുന്നു, മരണം ചീത്തയാകയാല്‍'' എന്ന കുഞ്ഞുണ്ണിവരികളും അയ്യപ്പപ്പണിക്കരുടെ ചില കവിതാവരികളും ഒപ്പം നില്‍ക്കുന്നുണ്ട്. ''ബ്രഹ്മസത്യം ജഗത് മിഥ്യ. ബ്രായും ബ്രസ്റ്റും കണക്കിനേ'' എന്ന എഴുത്ത് വി കെ എന്നിനോട് കിടപിടിക്കും. പക്ഷേ കുഞ്ഞുണ്ണി പലര്‍ക്കും അന്നും ഇന്നും അരക്കവി!! ''കാലമില്ലാതാകുന്നു, ദേശമില്ലാതാകുന്നു കവിതേ നീയെത്തുമ്പോള്‍ ഞാനുമില്ലാതാകുന്നു'' എന്ന കവിസമാധി സ്ഥിതിക്ക് പിന്നില്‍, കാര്‍മേഘത്തിനു കീഴേ പറക്കുന്ന വെളുത്ത കൊറ്റികളെ കണ്ടപ്പോള്‍ സമാധി സ്ഥിതിയിലായ ഗദാധരന്റെ ഹൃദയമുണ്ട്. ദക്ഷിണേശ്വരത്തെ ഭവ താരിണിയെ അറിഞ്ഞ, ആ കാളീമാതാവ് തിരിച്ചും അറിഞ്ഞ രാമകൃഷ്ണ പരമഹംസരെ ചിലര്‍ ഭ്രാന്തന്‍പൂജാരിയാക്കി ഒതുക്കാന്‍ ശ്രമിച്ച സംഭവങ്ങളോട് ഏറെ സാദൃശ്യമുണ്ട് കുഞ്ഞുണ്ണിജീവിതത്തിനും. പരമഹംസരെ ലോകത്തിനറിയിക്കാന്‍ ഗുരുത്വം പൂത്ത ഒരു വിവേകാനന്ദനുണ്ടായിരുന്നെന്നു മാത്രം! ജ്ഞാനപ്പാന ലളിതഭാഷയിലായിപ്പോയതിനാല്‍ പൂന്താനം അപമാനിക്കപ്പെട്ടെന്ന കഥ സത്യമോ എന്നറിയില്ല. പക്ഷേ, ഭക്തിയും വിഭക്തിയും തമ്മിലുരസി, തിരിച്ചറിവിന്റെ ചൂടും വെളിച്ചവുമുണ്ടാക്കി ആ കഥ. കുഞ്ഞുണ്ണിക്കവിതയിലെ പ്രകാശവും ചൂടും അറിയാന്‍ ഹൃദയംകൊണ്ട് അതില്‍ ഉരസുകതന്നെ വേണം.

2017 may 6

Monday, July 20, 2020

'യുവ' രാമായണം


ജന്മകാണ്ഡം


എട്ടുദിക്കിലുമെന്നല്ല
ങ്ങാകാശത്താഴിയിങ്കലും
വാഹനം പായ്ക്കുവാന്‍
കെല്‍പ്പുള്ളവനാണിവനെങ്കിലും

പത്തുവര്‍ഷത്തിലേറെപ്പോ
ന്നാദ്യവേളി കഴിച്ച നാള്‍
മറ്റൊന്നിനവനില്‍മര്‍ദ്ദം
അമ്മയ്ക്കായ്- പുത്രകാമിയാള്‍.

പലവൈദ്യര്‍, മന്ത്രവാദം,
ഹോമം ഹാ! ഹോമിയോപ്പതി,
ശല്യവിദ്യകള്‍ പിന്നെന്തെന്തെ
ന്തില്ലാ -വിപണിയുജ്വലം
യയാതിജ്വര ബാധിച്ച
ലോകത്തോ പൂത്തുനില്‍പ്പിതാ-
യൗവനം, വൃദ്ധരില്‍വൃദ്ധ
രാകുന്നോര്‍ക്കും കൊടുത്തിടാന്‍-
ലേപനം,വടകം,പിന്നെ
ലേഹ്യ,'മിഞ്ചക്ഷ'നിങ്ങനെ
മാര്‍ഗം കുന്നോളമുണ്ടാഹാ!
മാര്‍ജാരവഴിതേടുക.
ശാസ്ത്രവിദ്യകളൊട്ടേറെ,
'ടെസ്റ്റിയൂബി'ല്‍ തന്റെ കുഞ്ഞിനെ-
പ്പോറ്റി രക്ഷിച്ചു നല്‍കാനായ്,
'ഐവിഎഫി'ന്റെ വിക്രമം
ഇതിലൊന്നിനെ വേള്‍ക്കാന
ങ്ങൊടുവില്‍ തീര്‍ച്ചയായവന്‍
വാമപക്ഷത്തു നിന്നപ്പോള്‍
പച്ചക്കൊടി ചലിച്ചുതേ....

പണ്ടു പത്തുവഴിക്കൊപ്പം
രഥം പായിച്ച ഭൂപതി
പുത്രലാഭം നടപ്പാവാന്‍
പുത്രകാമേഷ്ടി ചെയ്തതും
രാമലക്ഷ്ണരന്നൊപ്പം
മറ്റു രണ്ടു സഹോദരര്‍-
ഭരതന്‍ താനുമവ്വണ്ണം ശ
ത്രുഘ്‌നഖ്യാതിമാനുമേ-
ജനിച്ച കഥയും പാടി
യപ്പുറത്തെ മുറിയ്ക്കകം
മുതുമുത്തശ്ശി മൂളിപ്പോയ്-
കാലം ഹാ കലികാലമായ്.
എങ്കിലും തന്റെ വിശ്വാസം
ശാസ്ത്രമാക്കിയെടുക്കുവാന്‍
ശതകുംഭത്തില്‍ ഗര്‍ഭത്തെ
ഗാന്ധാരിവിരിയിച്ചതും
നൂറ്റുവര്‍ഭൂമിയില്‍ പണ്ടു
പിറന്നതു, വളര്‍ന്നതും
ഓര്‍ത്തുമുത്തശ്ശി കാല്‍നീട്ടി
നാമം ചൊല്ലിയിരുന്നു നാള്‍.

'ട്യൂബ്', 'ടെസ്റ്റിയൂ'ബി,തൈ'സ്‌ക്യൂബ്',
'ടെസ്റ്റ്' നീളുന്ന നാളുകള്‍
ഒടുവില്‍ 'ടെസ്റ്റ് റൈറ്റായി'
പ്പിറന്നാന്‍ പുണ്യപൂരുഷന്‍
വംശവര്‍ധനയുണ്ടായ
സന്തോഷത്താല്‍ മുഴുക്കനെ
'ബാങ്കുബാലന്‍സ്' തീര്‍ന്നിട്ടും
ആഘോഷം- 'വാഹ്!' തകര്‍പ്പനായ്
ചാത്തന്‍നടയിലെന്നല്ല
വാരണാസിക്കരയ്ക്കലും
ചാത്തമൂട്ടിക്കടപ്പാട്
തീര്‍ക്കാന്‍ പോയി പിതാവവന്‍.

വിദ്യാകാണ്ഡം


മകനോ വലുതാകുന്നൂ
പിറന്നാള്‍ നാലു താണ്ടിയ-
ന്നവനോ വിക്രമന്‍ കാട്ടു
ന്നമിതപ്രതിഭാഗുണം
സംസാരിപ്പൂ, വരയ്ക്കുന്നു,
ഇംഗ്ലീഷ് അക്ഷരമാലയില്‍-
പലതും മെച്ചമായ്ത്തന്നെ
യെഴുതുന്നത്ഭുതാത്ഭുതം
ടിവികാണും, സ്വയം നിര്‍ത്തും,
'കമ്പ്യൂട്ടര്‍മൗസി'ലങ്ങനെ-
തിരിക്കും ഹായ്! വരയ്ക്കും പി
'ന്നിന്റര്‍നെറ്റ്' 'കണക്ടി'ടും
'മൈക്രോസോഫ്റ്റി'നെയെന്നല്ല
'ഉബുണ്ടു'വുമവന്‍ സ്വയം
തുറക്കും പിന്നടയ്ക്കും, ഹായ്!,
പാസ്‌വേഡും ക്രാക്കുചെയ്തിടും!?

ഇവനെപ്പറ്റിയൊന്നിന്നാള്‍
ടിവിയില്‍ വാര്‍ത്ത വന്നിടാന്‍
അമ്മ,യമ്മൂമ്മ കെഞ്ചുന്നു,
ണ്ടായാള്‍ മാര്‍ഗം തിരഞ്ഞുപോയ്
പത്തുകാശു മുടക്കീട്ടും
പടം കാട്ടണമെന്നയാള്‍-
തീരുമാനിച്ചുറച്ചപ്പോളക്കാര്യം
'ലൈവി'ലായ് സുഖം.

മുതുമുത്തശ്ശി കണ്‍ രണ്ടും
വിരിയിച്ചു പറഞ്ഞുപോയ്
''മിടുക്കനിവനിപ്പോഴേ
പഠിക്കേണം പുരാണവും''
ഒടുവില്‍ തര്‍ക്കവാഗ്വാദ
പ്പയറ്റില്‍ പ്രായമേറിയോള്‍
ജയിച്ചാള്‍ ചില 'കണ്ടീഷന്‍സ്'-
''സീരിയല്‍ ടൈമില്‍ വേല്പത്.''

വംശവര്‍ധനപോരല്‍പം
സംസ്‌കാരത്തിന്റെ സ്വത്തതും
കുഞ്ഞുകാലത്തു ചേര്‍ത്തീടില്‍
വന്നേക്കാം ഗുണമല്‍പ്പമായ്
എന്നു മോഹിച്ചു മുത്തശ്ശി
വൈകുന്നേരത്തെ വേളയില്‍
കുട്ടനേമടിയില്‍ ചേര്‍ത്തു
രാമന്റെ കഥ പാടിയാള്‍.
മിടുക്കന്‍ കഥ കേള്‍ക്കുമ്പോള്‍
ഉടക്കന്‍ ചോദ്യമങ്ങനെ-
മടക്കുന്നതുകേള്‍ക്കെപ്പോ
ന്നുറക്കെച്ചിരി പൊങ്ങവേ,
ഇതുതാന്‍ ശരിയാം പാത
യെന്നു ചിന്തിച്ചുറച്ചവന്‍
വയസ്‌സുനാലെത്തിയില്ലേ-
മനസ്‌സു പരുവപ്പെടും

ആദ്യചോദ്യം മുഖത്തേല്‍ക്കെ
മുത്തശ്ശിക്കു കരച്ചിലായ്
മറ്റുള്ളോര്‍ പലയുക്തിക്കൂ
ട്ടൊപ്പിച്ചവനു നല്‍കിപോല്‍.

കുട്ടന്‍ ചോദിച്ചു 'കഷ്ടം ഹാ!
രാമന്റച്ഛന്‍ മിടുക്കനാള്‍
നാലുവേളി കഴിച്ചില്ലേ,
നാലാണ്‍മക്കള്‍ കിടച്ചിതേ.
നാലാളുണ്ടേല്‍ സുഖം താത,
ന്നെനിക്കും സുഖമായിടും
ക്രിക്കറ്റുകളിയാകാ,മീ
വീട്ടില്‍ത്തന്നെയതേ സുഖം

കഥമുന്നോട്ടു പോയപ്പോള്‍
ശ്രീരാമന്‍ മിഥിലാപുരി-
സ്‌സദസില്‍ ചെന്നുവെന്നേവം
സീതാപാണിപിടിച്ചതിന്‍-
കാര്യമാദരവോടങ്ങു
മുത്തശ്ശിപറയുമ്പോഴേ-
കണ്‍മിഴിച്ചവനാരാഞ്ഞു:-
''സ്വയംവരവരപ്പണി-
ഇപ്പഴുണ്ടോ? രാമനന്ന്
തികഞ്ഞെത്ര വയസ്‌സതും,
എനിക്ക് വഴിയെന്തേലും
കിടയ്ക്കാന്‍ മാര്‍ഗമോതിടൂ.''

വല്യവായതുറന്നുള്ള
കുഞ്ഞിന്റെ പദചാതുരി-
പൊങ്ങി,യെങ്ങും പരക്കാതെ
പൊത്തിവായതു,മുത്തശി.

രാമന,ച്ഛന്റെ വാക്കിന്മേല്‍
പൊന്‍പൂശും കഥയെത്തവേ
കൈകേയിമനമങ്ങേറ്റു
ചീരധാരി ചിരിക്കവേ.

''രാമനെന്താഭ്രാന്തുപെട്ടോ?
അച്ഛന്റെയടിമപ്പണി-
ക്കെന്തിനായാള്‍ സ്വന്തജീവന്‍
കാട്ടില്‍ പൂട്ടിയിടുന്നു ഹാ!
ഭാവിരാജ്യഭരം നോക്കാന്‍
പ്രാപ്തനായുള്ള രാമനീ-
യച്ഛനെച്ചിത്തരോഗത്തി
ന്നാശുപത്രിക്കയക്കണം;
കൂടെ രണ്ടാനമ്മയേയും
പോലീസിനു കൊടുക്കണം;
വേണമെങ്കില്‍ കേസിനായി
വക്കീലിനെ വിളിക്കണം.
അല്ലാതെന്തൊരു ലോകം ഹേ-
രാമനാരുടെ മാതൃക
ആര്‍ക്കുവേണമിതാ,ണത്തം
പെണ്ണാക്കിയൊരു ജീവിതം.''

കൊച്ചുമോന്റെ വിരുത്തത്തിന്‍
ബുദ്ധികേട്ടങ്ങുചൂളവേ
മുത്തശ്ശിനീട്ടിയങ്ങോതീ -
''രാമ ശ്രീരാമ പാഹിമാം''

''വിചിത്രം ഹാ വിചിത്രം ദേ,
കേള്‍ക്കൂ കൂട്ടന്റെ വൈഭവം-
വിമര്‍ശനമനസുള്ളോന്‍
വിഖ്യാതനിവനായിടും
പഴമക്കാര്യമപ്പാടേ
വിഴുങ്ങാതിവനിപ്പൊഴേ
യുക്തിയാല്‍ ഭക്തിയേ വെല്‍വു
ഇവനേറ്റം പ്രശസ്തനാം''-
എന്നു ചൊല്ലിച്ചിരിച്ചാര്‍ത്തി
ട്ടാഘോഷിക്കുന്നിതച്ഛനും
കൂട്ടുകാരും; മകന്‍ ചെന്നു
തൊട്ടുനക്കി, രുചിച്ചുപോയ്;
''കയ്പ്പനാണിവന്നെന്നാലെന്ത
ച്ഛാ വീണ്ടും സ്വദിക്കുവാന്‍
ത്വരതോന്നുന്നിതെന്താവോ'';
കൂട്ടുകാര്‍ കയ്യടിച്ചിതേ-
''സുകൃതം സുകൃതം കേട്ടോ;
മിടുക്കനിവനായിടും
അച്ഛനേക്കാള്‍ മകന്‍ കേളും,
മാതൃകാപുത്രനായിടും''

യൗവന കാണ്ഡം


മുത്തശ്ശി പാവം വിട്ടില്ലാ
പ്രതീക്ഷയതിനാലവര്‍
പുരാണകഥ പുണ്യാഹം
പോലെ നീട്ടിത്തളിച്ചിതേ.
കഥയില്‍ രാവണന്‍ വന്നു
രാമപത്‌നിയെ വ്യാജമായ്
കളവേറെച്ചൊല്ലിയന്നു
തേരിലേറ്റിക്കടന്നതിന്‍-
വ്യഥയേറെ മനസേറ്റി
മുത്തശ്ശിച്ചേലുചൊല്ലവേ

കലികാലജനാം കുട്ടന്‍
ചൊന്നു- ''പീഡന''മല്ലയോ!
സീത രാമജപം ചെയ്തും
ലക്ഷ്മണക്ഷമയോതിയും
പടുരാക്ഷസചിത്തത്തെ
നേര്‍ക്കുനേരേയെതിര്‍ത്തതും
ഇടയില്‍ ഗൃധ്രവീരന്‍ വ
ന്നവനോടേറ്റുതോറ്റതും
മുതുമുത്തശ്ശി ചൊല്ലെ;
''ഛായ്!'' കുട്ടന്‍ കാട്ടുന്നിതക്ഷമ

പിന്നെയും സീതതന്‍ ദിവ്യ
ജീവിതം, രാമവൈഭവം
പലതായ് ചൊല്ലി മുത്തശ്ശി
ഭക്തിഭാവം പരത്തവേ
അവനസ്വസ്ഥ ചിത്തം പൂ
ണ്ടരിശംകൊണ്ടു ചൊല്ലിനാന്‍
''മതി, നിര്‍ത്തെ,ന്തുകാലം? ഛേ!
രാവണന്‍ മണ്ടനല്ലയോ?
തലപത്തുണ്ട് ബുദ്ധിക്കോ
തഴുതിട്ട കണക്കിലായ്
കരമൊട്ടേറെയുണ്ടെന്നാല്‍
കൈകള്‍ ആഭരണങ്ങളോ?
ഒരു പെണ്ണിനെ കയ്പ്പാങ്ങില്‍
കിട്ടിയിട്ടിവനെന്തുവാന്‍
കഴിവില്ലാത്തവന്‍ ഷണ്ഡന്‍,
കഥയോ കാര്യമോയിത്!''

കലിഭാവം കരംകാലും
കണ്ണും മൂക്കും നഖങ്ങളും-
ഉരുവംപൂണ്ടുനില്‍ക്കുന്ന
കണ്ടുമുത്തശ്ശി കയ്യുകള്‍-
ചെവിയില്‍ തിരുകിച്ചൊന്നാന്‍
കുട്ട, നിര്‍ത്തുക പാഴ്ശ്രുതി,
വെളുക്കാന്‍ ഞാന്‍ തേപ്പതെല്ലാം
പാണ്ടാക്കിക്കളയുന്നു നീ
കുട്ടനട്ടഹസിച്ചും കൊ
ണ്ടപ്പുറത്തേക്കു പോയുടന്‍
ടിവിവയ്ക്കുന്നു കാണുന്നൂ-
'രതിനിര്‍വേദ ട്രൈലറും.'
അപ്പെഴേക്കച്ഛനെത്തിപ്പോയ്
വീഡിയോ സിഡിയൊന്നതാ
'വിജയട്രോഫി' പോല്‍ കയ്യില്‍,
പത്മരാജന്റെ 'ഒര്‍ജിനല്‍'
'ഇതു വീണ്ടും കണ്ടുവേണം
താരതമ്യം നടത്തുവാന്‍'
മകന്‍ കെഞ്ചുന്നു, ''പൊന്നച്ഛാ
എന്നെയും കൂട്ടുകില്ലയോ.''

മുത്തശ്ശിക്കഥ ചെന്നെത്തീ
ബാലി-സുഗ്രീവ ലോകമ-
ങ്ങവിടെക്കയറിപ്പറ്റി രാമന്‍
ചെയ്‌തോരു സഖ്യവും
വിവരിക്കെ,ച്ചിരിച്ചപ്പോള്‍,
കുട്ടനുണ്ടായി, സംശയം
''പണ്ടും ക്വൊട്ടേഷസംഘങ്ങള്‍
ഉണ്ടായിട്ടുണ്ട് മുത്തശീ
അതല്ലേ രാമനും ഭ്രാതാ
ലക്ഷ്മണന്‍ താനുമേറ്റതും
സുഗ്രീവന്റെ സുഖത്തിനായ്
ബാലിയെ എയ്തുതീര്‍ത്തതും?
ഒളിഞ്ഞമ്പെയ്തു വീഴ്ത്താ
നിന്നാര്‍ക്കാണാര്‍ക്കാണസാധ്യത
നേര്‍ക്കുനേര്‍ നിന്നു പോരാടാ
രാമനോ പൂജ്യനല്ലമേ.
രാമനും 'കാരിയും' പിന്നെ
'തമ്മനം' 'മൃഗ'മാദിയും
തമ്മിലെന്താണു ഭേദം ഞാന്‍
രാവണന്റനുയായിയാം.
സോദരിക്കു മനംപോയീ
മുലയും മൂക്കുമൊപ്പമേ
അതു ചെയ്തവരാരെന്ന
ങ്ങറിഞ്ഞ നിമിഷത്തിലേ-
അതേ നാണയമൊന്നില്‍ത്താന്‍
തിരിച്ചടി കൊടുത്തവന്‍
ലക്ഷ്മണന്‍ കാത്തുപോരുമ്പോള്‍
സീതയെ കൈക്കലാക്കിയോന്‍
രാമ-രാവണ പക്ഷത്തില്‍
രാമനേക്കാള്‍ മികച്ചതായ്
രാവണന്‍ തന്നെ മുത്തശ്ശീ,
സംശയം ലേശമില്ലമേ.''

കൊച്ചുമോന്റെ മനസ്‌സൊന്നു
മാറാന്‍ മുത്തശ്ശിയപ്പൊഴേ
തൃപ്രയാറപ്പനും പിന്നെ
തിരുവില്വാമലയ്ക്കലും
പലനേര്‍ച്ചകള്‍ നേര്‍ന്നിട്ടും
മതിയാവാഞ്ഞു ഭക്തിയാല്‍
രാമായണം തുറന്ന,പ്പോള്‍
ഇടനോക്കിത്തിരഞ്ഞുപോയ്.

കിട്ടിസുന്ദരകാണ്ഡം താന്‍
അശോകവനിതന്നിലായ്
രാവണന്‍ സകലാഭൂഷന്‍
സീതതന്‍ മുന്നിലങ്ങനെ
കാമമെല്ലാമുണര്‍ത്തിച്ചാ
ശ്രീരാമന്റെ വിമര്‍ശനം
നടത്തുമ്പോള്‍ മുത്തശിക്കും
മനസ്‌സതു ചലിച്ചുപോയ്
ഋത,മെന്തൊരു മാന്യന്‍താ
നിവനോ ദുഷ്ടരാക്ഷന്‍
ചെറുമോന്റെ മനം വെല്‍വാ
നിവനാം-നവനായകന്‍.
എങ്കിലും രാക്ഷസന്‍, ഹീനന്‍,
ധര്‍മ്മം കൈവിട്ട ജീവിതന്‍
ദീര്‍ഘനിശ്വാസമൊട്ടൊന്നു
വിട്ടു മുത്തശ്ശി പായയില്‍
ദീര്‍ഘവീക്ഷണമോടപ്പോള്‍
ഉറങ്ങാനായ്കിടന്നുപോയ്.

ചെറുമോനന്നു ''സ്‌കൂള്‍വിട്ടു''
നേരേ വന്നങ്ങു മുത്തശി-
ക്കിടക്കിയിലിരുന്നിട്ടു
ചൊല്ലീ സ്‌കൂളിന്‍ വിശേഷവും
''അമ്മൂമ്മക്കൊപ്പമാളില്ലി
ല്ലിന്നു ക്ലാസിലെ മാസ്റ്ററും
രാവണന്റെ മഹത്വം താന്‍
വിസ്തരിച്ചത്-വിസ്മയം
രാവണന്‍ ദ്രാവിഡന്‍, രാമ
നാര്യന്‍ മേലാളരന്നുമേ
കീഴടക്കിയ വൃത്താന്തം
രാമായണമതാണുപോല്‍''
ഒന്നും മനസിലാകാത
ങ്ങമ്മൂമ്മക്കണ്‍ മിഴിക്കവേ
മകനെട്ടാം ക്ലാസുകാരന്‍ -
മിടുക്കില്‍ താതവിസ്മയം!


അന്നുവൈകിട്ടേറെഖിന്നം
പൂണ്ടു മുത്തശ്ശി ഗദ്ഗദം-
പുറത്താവാതെ, ചൊന്നേറെ
രാമനാമകഥാമൃതം
ദശാനനവധം, പിന്നെ
വിഭീഷണനെ വാഴ്ചതും
ലങ്കവിട്ടു മടക്കത്തില്‍
പുഷ്പകം വഴിപോന്നതും
അയോധ്യയിലെ രാജാവായ്
അഭിഷേകം കഴിച്ചതും
അതിമാനുഷമാംവണ്ണം
രാജ്യം നന്നായ് ഭരിച്ചതും
അവിടെത്തീര്‍ക്കുവാന്‍ വൃത്തം
ഭക്തമുത്തശ്ശിനോക്കവേ
ചെറുമോന്‍ സംശയം ചൊന്നൂ-
''അഗ്നിശുദ്ധിമറന്നുവോ?
രാമനന്നതുചെയ്തില്ലേ,
സംശയം മൂത്ത ദുര്‍മനം
പൂര്‍ണഗര്‍ഭിണിയാ സീതാ
ദേവിയെ കാട്ടിലങ്ങനെ-
കൈവിട്ടു കളയാന്‍ മാത്രം
വിശ്വാസം തന്നിലില്ലയെ-
ന്നന്നുരാമന്‍, കെടുത്തീലേ
മാതൃകാദീപമാകവേ?
നാട്ടുകാര്‍ ചൊന്ന കേട്ടന്നാള്‍
പാതിവ്രത്യത്തിലാണയാള്‍-
സംശയം ചേര്‍ത്തതെന്തയ്യോ!
സ്ത്രീപീഡനമഹാമഹം!!
കായശക്തിപ്രകടനം
കാട്ടി വേട്ടവളേയവന്‍-
കാട്ടില്‍ കൂട്ടിരിയാതന്നു
രാക്ഷസന്നുകൊടുത്തവന്‍
പിന്നെ വീണ്ടേല്‍ക്കുവാന്‍ ചെന്നൂ
കൊണ്ടുപോന്നു പുലര്‍ത്തിയാന്‍
അവള്‍ ഗര്‍ഭിണിയാണെന്ന
തറിഞ്ഞും കാട്ടിലാക്കിനാന്‍
ഇതു പീഡനമല്ലെങ്കില്‍
പിന്നെയെന്താണ് ചൊല്ലുമോ?
ഇവയിന്നു നടന്നെന്നാല്‍
രാജാവല്ലവനാരുവാന്‍-
തന്നെയാണെങ്കിലും തീരും
കഥ നിസ്‌സംശയം ദൃഢം.
അതിനാല്‍ രാമനെ ഞാനി
ന്നണുവും പിന്തുണച്ചിടാ.
അതു മാത്രമതല്ലല്ലോ
മുത്തശ്ശീ കേള്‍ക്കപിന്നെയും-
മുനിവാത്മീകി വന്നെത്തി
ക്കൂട്ടിച്ചേര്‍ത്തൊരു ബന്ധവും
തവ രാമന്‍ തകര്‍ത്തില്ലേ
അഗ്നിശുദ്ധിക്കനല്‍ക്കരെ
അതിനെന്താണുപായം ഞാന്‍
'ഐപിസി' വച്ചു ചൊന്നിടാം
അവള്‍തന്നാത്മഹത്യയ്ക്കു
പ്രേരണക്കാരനായൊരാ-
രാമനെയഴികള്‍ക്കുള്ളി
ലാക്കാനാരാരുമില്ലയോ?
ഇതുതാന്‍ രാമവൃത്താന്തം,
മാതൃകാ പുരുഷോത്തമന്‍-
ചെയ്തതെല്ലാം, ഞാനതിപ്പോള്‍
അച്ചടിച്ചു പരത്തിടാം
അതിന്നാരും മുതിര്‍ന്നേക്കി
ല്ലാര്‍ക്കും ധൈര്യം കിടച്ചിടാ
അതിമാനുഷരെ കൃത്യം
കൃത്യമായ് വിമറ്ശിക്കുവാന്‍.
അതിനിപ്പോള്‍ ബദല്‍ വന്നാ
നിന്റര്‍നെറ്റിന്റെ വൈഭവം
അതിലാണേലാര്‍ക്കു വേണേല്‍
ചേര്‍ക്കാം, നോക്കാം വിലക്കിടാ.''

അതിസാഹസനാം പുത്രന്‍
ആത്മരോഷം മുഴക്കിയും
ആത്യന്തികമിതാണല്ലോ
സത്യമെന്നു കയര്‍ക്കയും-
ചെയ്തു തന്‍ ലക്ഷ്യധര്‍മ്മങ്ങള്‍
ഉറക്കെപ്രവചിക്കുകയും
പല രൂപത്തിലുച്ചത്തില്‍
മുദ്രാവാക്യം മുഴക്കയും
ചെയ്തുനില്‍ക്കവെ മുത്തശ്ശി
ക്കണ്ണിലുപ്പു വിളഞ്ഞുപോയ്
മകന്റെ കലിഭാവത്തി
ലച്ഛന്‍ മൂക്കു വിയര്‍ത്തുപോയ്,
അമ്മ നെഞ്ചത്ത് കൈവെച്ചി
ട്ടാകാശത്തേക്കുനോക്കിയി-
''ട്ടയ്യോ, ശ്രീരാമ! ഹേ രാമ!!
രക്ഷ നീമാത്രമല്ലയോ''
എന്നു കണ്ണീരൊഴുക്കിക്കൊ
ണ്ടലറിക്കരയുന്നതും
കണ്ടു പുച്ഛം പുരട്ടിത്തന്‍
കിറികോട്ടിചിരിച്ചുകൊ-
ണ്ടുത്തമന്‍ മകനന്ന
ങ്ങധമപ്പാഴ്ക്കുഴിക്കകം
നിപതിച്ചാന്‍-തകര്‍ന്നേപോ
മൊറ്റരാത്രിക്കു ലോകവും.

മുത്തശ്ശി രാമായണം


മുതുമുത്തശ്ശിയത്താഴം
കഴിച്ചില്ല, കിടക്കയില്‍
തലയും തകരും ഹൃത്തും
ചേര്‍ത്തു വീണൊട്ടു നേരമേ
പിന്നെയപ്പാതിരാവിങ്ക
ലുണര്‍ന്നോലയുമാണിയും
എടുത്തു ചെറുമോനായി
ക്കുറിച്ചൂ ചിന്തയിങ്ങനെ:
അതുകാലാതിവര്‍ത്തിത്വം
പൂണ്ടൊരക്ഷരമാലയായ്.

''രാമനെന്‍ മാതൃകാ പുണ്യ
പുരുഷന്‍, സീതദേവിയാള്‍,
അവര്‍തന്‍ കഥയോ; സത്യം
കഥിക്കും ലോകജീവിതം.
രാവണന്‍, രാമനും പിന്നെ
സീത, ലക്ഷ്മണനൊക്കെയും
ഹനുമാന്‍, ബാലി, സുഗ്രീവന്‍,
കൈകേയീ, മന്ഥരത്വവും
മനുഷ്യ മനസില്‍ത്തന്നെ
രൂപം പൂണുന്ന ഭാവന
അവ ജീവിതമാക്കുമ്പോള്‍
അവരായ് നമ്മള്‍ മാറിടും.''

''രാമനായ് മാറുവാനേറെ
ധര്‍മ്മമാര്‍ഗ്ഗം ചരിക്കണം,
പുത്രധര്‍മ്മം പുലര്‍ത്തീടും
മകനാണവനെന്നുമേ
ഭര്‍തൃമാര്‍ഗ്ഗം ചരിക്കുന്നൊ
രേകപത്‌നീ വ്രതസ്ഥിതന്‍
സോദരത്വം തുളുമ്പുന്ന
ഭ്രാതൃഭാവം നിറഞ്ഞവന്‍
പ്രജാരക്ഷാര്‍ത്ഥമായ് സ്വന്തം
രാജ്യഭാരം ചുമന്നവന്‍
തെല്ലുമേ സംശയം തന്നി
ലാര്‍ക്കും തോന്നാതിരിക്കുവാന്‍-
രൂപം ഭാവം കര്‍മ്മമെല്ലാം
നമ്മളെപ്പോലെ കാട്ടിയോന്‍
എങ്കിലും വിഷമം കുഞ്ഞേ,
നമ്മള്‍ക്കാ രാമനായിടാന്‍
പകരം നമ്മള്‍ കാണുന്നൂ
ദുര്‍വ്യാഖ്യാനക്കറുപ്പുകള്‍.''

''രാവണന്‍ രൂപഗംഭീരന്‍,
പത്തെണ്ണം തലയുള്ളവന്‍
കരമുണ്ടങ്ങിരുപതും
കര്‍മ്മ വൈഭവവും തദാ.
കൈലാസഗിരിയെപ്പോലും
അമ്മാനക്കളിയാട്ടമായ്-
ത്തട്ടിയാണവനാവശ്യം
നേടി-ദേവന്നനുഗ്രഹം.
എങ്കിലെന്തവനൊന്നൊന്നായ്
ചെയ്തുകൂട്ടിയതൊക്കെയും
അധര്‍മ്മംതന്നെ-ചേട്ടന്റെ
രാജ്യം തട്ടിയെടുത്തയാള്‍,
പിന്നെ ധന്യകുബേരന്‍തന്‍
സ്വത്തുസര്‍വസ്വവും ദ്രുതം
കൈക്കലാക്കിബ്ഭരിച്ചപ്പോള്‍
ലക്ഷ്മിയെക്കാവല്‍ നിര്‍ത്തിയോന്‍
പരസ്ത്രീ ചോരണം,ജാല,
മാള്‍മാറാട്ടമതൊക്കെയും
പരക്കെച്ചെയ്തധര്‍മ്മങ്ങള്‍,
പത്തുബുദ്ധികളൊത്തവന്‍.
അവന്റെവഴി പോയീടാ
നെളുപ്പം, സാഹസഭ്രമം-
പിടിച്ച നവനൂറ്റാണ്ടിന്‍
കലികാലത്വ വിഭ്രമം.''

''കൊതിയോടിന്നു ഞാനിപ്പോ
ളുറങ്ങാതെയിരിപ്പതാ-
ക്കുതിരയ്ക്കു വിലക്കേറ്റും
കുശനും ലവനും വരാന്‍.
അവരെത്തീ,ട്ടധര്‍മ്മത്തില്‍
മേധമിന്നു നടത്തുവാന്‍-
തുനിയും നവലോകത്തിന്‍
യാഗാശ്വത്തെ തളച്ചിടും.
അതിലാണെന്റെ വിശ്വാസം
അതു സാര്‍ത്ഥകമായിടും
അതിലെന്‍ കുട്ടനും ചേരാ
നെന്റെ വില്‍പ്പത്രമിങ്ങിതാ.
അതിനായ് രാമനാമങ്ങ
ളാവര്‍ത്തിച്ചു ജപിച്ചിടാ
മതിനേ സാധ്യമാവുള്ളൂ
പഴഞ്ചന്‍ മുത്തശിക്കഹോ!!!''
-----------------------------------------------------------------------------------------

കാവാലം ശശികുമാര്‍ 

മൊ.ഫോ. 9446539279.


വര: ജയഹരി കാവാലം