Wednesday, March 21, 2012

വാക്കും വല്‍മീകവും

വാക്കും വല്‍മീകവും


കൃത്യമായ് കുലച്ചേറ്റവില്ലിനാലമ്പെയ്തന്നു
നിത്യവും ഹനിച്ചെത്ര ഹിംസ്രരാം ജന്തുക്കളെ
കാടുവാണവന്‍, തന്റെ ജന്‍മമേ കാടത്തത്തില്‍,
കാടനായ്ക്കര്‍മ്മം, കൃത്യധീരനായ്, ജീവന്‍പോറ്റാന്‍.

ചൂരിന്നു വേറേയെന്നു തോന്നിയ മുഹൂര്‍ത്തത്തില്‍
നേരിടാനടുക്കുന്ന സിംഹത്തെ, മഹിഷത്തെ
ലേശവും ലക്ഷ്യം തെറ്റാതെയ്തിട്ടോ മഴുവാലോ
സാശയന്‍ കൊന്നാന്‍, തന്റെ ജീവിതലക്ഷ്യം കാക്കാന്‍
കാടത്തി, മക്കള്‍,പിന്നെയമ്മയും ചേര്‍ന്നിട്ടുള്ള
കൂടെത്തി,യവര്‍ക്കായിട്ടാഹാരം നിറയ്ക്കുവാന്‍
കൊന്നവന്‍ മൃഗങ്ങളെ, പക്ഷിയെ,പാമ്പെ, കാലം-
ചെല്ലവേ കാട്ടില്‍ കൂട്ടംകൂട്ടമായ് മാളോരെത്തി

പുത്തനാം യാത്രക്കാരെ പേടിപ്പിച്ചവര്‍തന്റെ
ഭക്ഷണം, പലവക സമ്പാദ്യം,തന്റേതാക്കി
കാടിനെ നാടാക്കുന്ന നാട്ടിന്റെ പരിഷ്കാരം
കാടത്തത്തനിമയില്‍ കളങ്കം ചേര്‍ത്തീടുന്നോ
കര്‍മ്മമേ മാറിപ്പോയതറിഞ്ഞീലവനുള്ളില്‍
ധര്‍മ്മമെന്നൊരു ചിന്ത തെല്ലുമേ തെളിഞ്ഞീലാ

അന്നുമാ മരക്കൊമ്പില്‍ വഴിക്കണ്ണടയ്ക്കാതെ
പൊങ്ങിനോരസ്വാസ്ഥ്യത്തിന്‍ ചൂടുമായവന്‍ കാത്തു
ദൂരെനിന്നവര്‍ വന്നൂ-വേറിട്ടവേഷം, ഭാഷ
കയ്യിലോ കരുതീട്ടില്ലൊന്നുമേ ഭാണ്ഡം പോലും
എങ്കിലും കിടച്ചേക്കാമെന്തേലുമെന്നങ്ങോര്‍ത്തു
മുന്നിലായ് ചാടിച്ചെന്നാനന്നുമേ രത്നാകരന്‍
ഒട്ടുമേ ഞെട്ടീലാരും- ഏഴുപേര്‍ സുമുഖന്‍മാര്‍
സ്വല്‍പ്പമായ് വിശേഷം; തന്‍വേഷമല്ലവര്‍ക്കാര്‍ക്കും
കൈകളില്‍ രുദ്രാക്ഷവും നെറ്റിമേല്‍ കുറികളും
ഭംഗിയില്‍ കൂട്ടിക്കെട്ടിച്ചേര്‍ത്തതാം മുടിക്കെട്ടും
ചുണ്ടിലെല്ലാര്‍ക്കും ശബ്ദമൊന്നുപോല്‍, വിഷമം താ-
നാദ്യമായ് കേള്‍ക്കുന്നോരു ശബ്ദമെന്നെന്നേ തോന്നൂ

തെല്ലിട പരുങ്ങിപ്പോയ് കാട്ടാളന്‍, പെട്ടെന്നവന്‍
മല്ലിടാന്‍ പരുവത്തില്‍ നിന്നൊട്ടു ചോദ്യം ചെയ്തൂ
ആരാണു നിങ്ങള്‍? പോവതെങ്ങോട്ടിന്നെന്തായാലും
കയ്യിലെ സമ്പാദ്യവും സര്‍വതും തന്നീടണം
അല്ലായ്കില്‍ കൊന്നീടും ഞാന്‍ കണ്ടില്ലേ തിളങ്ങുന്നൊ-
രായുധം മടിയില്ല കൊല്ലുവാനാളെപ്പോലും

തെല്ലുമേ ഭാവം മാറാതെല്ലാരും ചിരിച്ചുകൊ-
ണ്ടന്നവര്‍ പറഞ്ഞൂ നീ ചോദിച്ച ചോദ്യം കൊള്ളാം
ആരാണിതാരാണെന്ന ചോദ്യത്തിന്‍ മറുപടി-
യ്ക്കായിട്ടേ തപം ചെയ് വൂ  ഞങ്ങളും-തിരിവീലാ
കയ്യിലിന്നില്ലാ സ്വന്തമായൊന്നും, ഉള്ളില്‍ തെല്ലും
കില്ലില്ലാതുരചെയ്യാം-ഉള്ള തു താങ്കള്‍ക്കേകാം
കൊല്ലുവാന്‍ കഴിഞ്ഞേക്കാം ഞങ്ങളെ ഞങ്ങള്‍ക്കുള്ളില്‍-
കൊന്നാലും ചാവാതുള്ളൊരാത്മാവുണ്ടതു നില്‍ക്കും

ആദ്യമായ് കാണും ഭാവം, വേറിട്ട രൂപം, ശബ്ദം
ആരുമേ പറയാത്ത കാര്യങ്ങള്‍-ഇവര്‍ കൊള്ളാം.
എന്തിതെന്നിടനെഞ്ചു തുടിപ്പൂ, കൈതാഴുന്നൂ
കയ്യിലെ മഴുപ്പിടി മെല്ലവേ അയയുന്നൂ
ഇല്ല പാടില്ലില്ലില്ല കാട്ടിലേ നീതിക്കില്ല
കൊല്ലുവാന്‍ തുനിഞ്ഞാലോ ദയയും ദാക്ഷിണ്യവും
പെട്ടെന്നു രത്നാകരന്‍ തിളങ്ങും മഴുപൊക്കി
വെട്ടുവാന്‍ തുനിഞ്ഞപ്പോള്‍ ഒത്തവര്‍ ചോദിച്ചുപോയ്
ആര്‍ക്കു വേണ്ടിയാണെല്ലാം ചെയ്വത്? കര്‍മ്മത്തിന്റെ
നേട്ടവും ഫലവും ചെന്നാര്‍ക്കാണു ചേരുന്നതും?
നീ കൊല്ലും മൃഗത്തിന്റെ, ദ്രോഹിക്കും മറ്റുള്ളോന്റെ
സൌഭാഗ്യം ഭുജിപ്പോരാ പാപവും തിന്നീടുമോ?

വാക്കിന്നു വാക്കത്തിക്കുമില്ലാത്ത മൂര്‍ച്ച; ചോദ്യം-
ചോദിച്ച മുഖത്തിലോ ശാന്തമാം ചിരിമാത്രം

സംശയം തീര്‍ക്കാനമ്മ, മക്കളും സുപത്നിയും
പാര്‍ക്കുന്ന ഗുഹക്കകം ചെക്കെന്നു ചെന്നാനവന്‍
പുച്ഛിച്ച ചിരിപൊട്ടീ, പാപമോ? ആരേല്‍ക്കണം?
ഒക്കെയും നിന്‍പേരില്‍താന്‍; ഭക്ഷണം മാത്രം പഥ്യം

വാക്കുതന്നൂക്കോര്‍ക്കണം- വല്‍മീകമുടഞ്ഞന്നു
വാക്കിനാല്‍ വാക്യം-കാവ്യം-ലോകത്തിന്‍ രാമായുന്നൂ
വാക്കുകള്‍ ഉരസുമ്പോള്‍ തീക്കണമല്ലാ തീര്‍പ്പൂ
പോര്‍ക്കളം മുടക്കുവാന്‍ വാക്കൊന്നേ വഴങ്ങുള്ളൂ


കാവാലം ശശികുമാര്‍

Friday, February 17, 2012

പരിസ്ഥിതി: കവിതയുടെ കാലം കഴിഞ്ഞു

അഭിമുഖം

പരിസ്ഥിതി: കവിതയുടെ കാലം കഴിഞ്ഞു 

പരിസ്ഥിതി സംരക്ഷണം കേരളത്തില്‍ പുതിയൊരു ഘട്ടത്തിലേക്കു കടക്കാന്‍ സമയമായി. വൃക്ഷം നടുന്നതും സംരക്ഷിക്കുന്നതുമായ പ്രവര്‍ത്തനങ്ങളുടെ കാലം കഴിഞ്ഞു, ഇനി വേണ്ടത് പരിസ്ഥിതിയെ തകര്‍ക്കുന്നത് തടയുക എന്ന പ്രവൃത്തിയാണ്.


പരിസ്ഥിതി സംരക്ഷണ രംഗം ഇന്ന് എത്തിനില്‍ക്കുന്നതെവിടെയാണ്? 
പരിസ്ഥിതി സംരക്ഷണത്തിന് കവിതയെഴുത്തിന്‍റെയും കഥയെഴുത്തിന്‍റെയും കാലം കഴിഞ്ഞു. ആശ യം കൊണ്ടുമാത്രം ഐക്യപ്പെടാനാകില്ല. ഇനി വേണ്ടത് തടയലിന്‍റെ പ്രവൃത്തിയാണ്. കാരണം എതിരാളികള്‍ സംഘടിതരാണ്. അവര്‍ എതിര്‍ക്കുന്ന വരെ വീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. വൃക്ഷം നടുകയല്ല ഇന്ന് പരിസ്ഥിതി പ്രവര്‍ത്തനം. അടുത്ത ഘട്ടത്തിലേക്കു കടക്കേണ്ടതുണ്ട്. അതിനു ധൈര്യം വേണം. പരിസ്ഥിതിയെന്നാല്‍ പ്രകൃതിതന്നെയാണ്. പ്രകൃതി സംരക്ഷണമാണ് പ്രധാനം. മരങ്ങള്‍ മാത്രമല്ല നമ്മുടെ വയലുകളിലെ പച്ചപ്പില്‍ ചോരച്ചുവപ്പിന്‍റെ മണ്ണിട്ടു നികത്തുന്നു. കുന്നുകള്‍ കുഴിച്ചത് പ്രകൃതിയുടെ വ്രണങ്ങള്‍പോലെ കിടക്കുന്നു. വികസനത്തിന്‍റെ പേരില്‍ എന്തുമാകാമെന്ന സ്ഥിതി വിശേഷം മാറണം.

ജനങ്ങള്‍ കൂടുതല്‍ പരിസ്ഥിതി ബോധമു ളളവരായിട്ടുണ്ട്, പക്ഷേ ഇത്തരം പ്രവര്‍ത്തനങ്ങള്‍ പ്രാദേശികമായി നടക്കുന്നുവെന്നല്ലാതെ അതിനു സംസ്ഥാന വ്യാപകമായ സംഘടിത സ്വഭാവം വരുന്നില്ലല്ലോ?

ശരിയാണ്. പ്രാദേശികമായി പലരും പലതും ചെ യ്യുന്നു. പക്ഷേ അതിനു സംഘടിത-ഏകീകൃത- ഏകോപിത സ്വഭാവം വേണം. നമ്മുടെ വീടിനടുത്തു ളള കുന്ന് ഇടിച്ചു നിരത്തുമ്പോള്‍ അതിനെതിരേ പ്രതികരിക്കാന്‍ ആ നാട്ടുകാര്‍ക്കാകണം. ഇന്ന് അവര്‍ നോക്കി നില്‍ക്കുക മാത്രമാണ്. അതിനു പിന്തുണ കൊടുക്കാന്‍ സംസ്ഥാനമെമ്പാടുമുളള പ്രവര്‍ത്തകര്‍ എത്തണം. ഇപ്പോള്‍ പ്രാദേശികമായി അഞ്ചോ എട്ടോ പേര്‍ ഒരു കുന്നിടിച്ചു നിരത്തുന്നവരെ എതിര്‍ക്കുമ്പോള്‍ അവര്‍ തല്‍കാലം നിര്‍ത്തും. പക്ഷേ കൂ ടുതല്‍ സന്നാഹങ്ങളോടെ, ആള്‍ബലത്തോടെ വരുമ്പോള്‍ എതിര്‍ക്കാന്‍ എട്ടുപേരുടെ സംഘത്തിനാ കാതെ വരും. കുന്നുകള്‍ ഒരാളുടേതല്ല, ഒരു നാടിന്‍റേ താണ്, നമ്മുടെ കുഞ്ഞുങ്ങള്‍ക്കു കാണാനും കയറാനുമുളളവയാണ്. അതില്ലാതാക്കാന്‍ ആര്‍ക്കും അവ കാശമില്ല. പക്ഷേ അത് നിരത്തുന്നതു തടയാന്‍ ആള്‍ ബലം വേണം. സംസ്ഥാന വ്യാപകമായി പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കും സംഘടനകള്‍ക്കും ബോധവല്‍കരണം വേണം. പ്രാദേശിക സംഘടനകള്‍ക്കു സഹായം നല്‍കാന്‍ റിസോഴസ് പേഴ്സണുകള്‍ ഉള്‍പ്പെടുന്ന ജില്ലാതലത്തില്‍ ഒരു അപെക്സ് ബോഡി, അതിനു മാര്‍ഗ നിര്‍ദ്ദേശം നല്‍കാന്‍ സംസ്ഥാനതല ത്തില്‍ ഒരു സമിതി. ഇതിന്‍റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിട്ടുണ്ട്. സ്കൂള്‍-കോളെജ് തലത്തില്‍ പരിസ്ഥിതി പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതാണ് കൂടുതല്‍ ഫലം ചെയ്യുക.  എന്തായാലും ജനങ്ങള്‍ ബോധവാന്മാരാണെങ്കിലും അവര്‍ക്കിടയില്‍ ഒരു ആലസ്യം ഉണ്ട്. അതുമാറണം, മാറ്റണം. 

ജനങ്ങളെ അങ്ങനെ സംഘടിപ്പിക്കാനും സംഘടിതമായി തടയുന്ന പ്രവൃത്തിക്കു സജ്ജരാക്കാനും കഴിയുമോ?
സൈലന്‍റ് വാലിയുടെ കാര്യത്തില്‍ സ്വാഭാവികമായി ശക്തമായ ജനപ്രക്ഷോഭവും പിന്തുണയുമുണ്ടായി. അതുപോലെ അതിരപ്പിളളിയുടെ കാര്യത്തില്‍ ഉണ്ടാവുമെന്നു കരുതുന്നതു ശരിയല്ല. ശക്തി കുറയും. അതിനാല്‍ ആസൂത്രണം ചെയ്യണം. സംഘശക്തിയെ തയ്യാറാക്കണം. വിക സന പദ്ധതികള്‍ വരുമ്പോള്‍ അതിനെ ശരിയായ കാഴ്ചപ്പാടില്‍ വിശകലനം ചെയ്യണം. സ്നേഹ കേന്ദ്രിതമായ ഒരു സംഘടിത സ്വഭാവം വരണം. അതിന് അഗ്രസീവായ നടപടിക്രമങ്ങള്‍ ഉണ്ടാവണം.
മറ്റു സംസ്ഥാനങ്ങളില്‍ ഇത്രയേറെ പരിസ്ഥിതി പ്രശ്നങ്ങള്‍ കാണാറില്ല, കേരളം ചെറിയ സംസ്ഥാനമായതുകൊണ്ടാണോ ഇത്?
കേരളത്തില്‍ ഏറെ സജീവമാണ്. ഇവിടെ ജനങ്ങളുടെ ആവാസത്തിനെന്ന പേരിലാണ് വിക സനമെന്ന മറയില്‍ പ്രകൃതി നാശം വരുത്തുന്നത്. എന്തായാലും ഒരു കാര്യത്തില്‍ കര്‍ശനമായ തീരുമാനം നാം എടുക്കണം-ഏതു മന്ത്രി പറഞ്ഞാലും കേരളത്തില്‍ ഇനി വന്‍കിട വ്യവസായ പദ്ധതികളും ഫാക്ടറികളും വേണ്ടെന്നു പറയണം. നമുക്ക് ഇനി ചെറുകിട-കുടില്‍ വ്യവസായങ്ങള്‍ മതി. തൊഴിലില്ലായ്മ പരിഹരിക്കല്‍, ജോലി സാദ്ധ്യത തുടങ്ങിയ കാര്യങ്ങള്‍ പറഞ്ഞായിരുന്നു ഇക്കാലമത്രയും ഇത്തരം വലിയ വ്യവസായ പദ്ധ തികള്‍ നമ്മില്‍ അടിച്ചേല്‍പ്പിച്ചിരുന്നത്. ഇനി അതു പറയാനാവില്ല. അതിനാല്‍ വന്‍കിട വ്യവ സായങ്ങള്‍ കേരളത്തില്‍ സമ്മതിക്കരുത്.

ഭൂമിയില്‍ നടത്തുന്ന ഏതുതരം നിര്‍മാണവും പ്രവര്‍ത്തനവും മണ്ണിന്‍റെ തരം മാറ്റിക്കളയുകയാണ്. ചെളിയുളള ഭൂമിയില്‍ മണ്ണ് നിറയ്ക്കുന്നതും മലയിടിച്ച് തരിശാക്കുന്നതും വയല്‍ നികത്തി നിരത്താക്കുന്നതും എല്ലാം ഈ പ്രക്രിയയാണ്.

കണ്ടല്‍കാടുകളുടെ സംരക്ഷണം ഒരു പ്രക്ഷോഭമാകാത്തതെന്തുകൊണ്ടാണ്? 
കേരളത്തിലെ കണ്ടല്‍കാടുകള്‍ 80 ശതമാനവും സ്വകാര്യ വ്യക്തികളുടേതാണ്. അവ അങ്ങനെ നിലനിര്‍ത്തണമെന്നു നമുക്കു നിര്‍ബന്ധിക്കാനാവില്ല. അതിനാല്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നിയമ നിര്‍മാണം നടത്തി ഈ കണ്ടല്‍ വനങ്ങള്‍ സ്വന്തമാക്കി സംരക്ഷിക്കേണ്ടത് പരിസ്ഥിതി സംരക്ഷണത്തിന് അത്യാവശ്യമാണ്. കണ്ടല്‍ വനങ്ങളില്‍ എക്കോ ടൂറിസമെന്നോ മറ്റേതെങ്കിലും പേരുപറഞ്ഞോ ഒരു പദ്ധതിയും കൊണ്ടുവരരുത്.

സര്‍ക്കാരിന്‍റെ ഈ മേഖലയിലെ നടപടികള്‍ സഹായകമല്ലേ?

സര്‍ക്കാര്‍ ചെയ്യേണ്ടത്  ഏറെയുണ്ട്. പ്രകൃതി സംരക്ഷണത്തിനുളള പഞ്ചവല്‍സര പദ്ധതികള്‍ നടപ്പാക്കണം. പ്രകൃതിയെ രക്ഷിക്കുക, ജനങ്ങള്‍ രക്ഷിക്കപ്പെടും. ഇവിടത്തെ ജീവികള്‍ സംരക്ഷിക്കപ്പെട്ടുകൊളളും. ഭക്ഷണം കൊടുക്കാനുളള പദ്ധതികള്‍ ഒന്നും സര്‍ക്കാര്‍ ആവിഷ്കരിക്കണമെന്നില്ല. അത് അവര്‍ സ്വയം കണ്ടുപിടിച്ചുകൊളളും.  


ആഗസ്റ്റ് 5, 2011The sunday Indian
 


നെഹ്റു ട്രോഫി വള്ളംകളി ഓളപ്പരപ്പില്‍ ഒരു ഐപിഎല്‍ പോലെ...

ഒരുകാലത്ത് കുട്ടനാടന്‍ ജനതയുടെ അഭിമാനമായിരുന്ന വളളംകളിക്ക് വാണിജ്യവല്‍കരണത്തിന്‍റെ ആധിക്യത്തില്‍ യഥാര്‍ത്ഥ ആവേശം ചോരുന്നു 

ഒരിക്കല്‍കൂടി കരിനാഗങ്ങള്‍ തുഴകളെറിഞ്ഞ് ചുറ്റുപാടും വെളളം തെറിപ്പിച്ചു. ആയിരക്കണക്കിനു ബാറ്റ്സ്മാന്‍മാരുടെ ക്രിക്കറ്റു ബാറ്റുകളില്‍നിന്ന് ഗ്രൌണ്ടിനു തലങ്ങും വിലങ്ങും ബൌണ്ടറി പായുംപോലെ അതു തോന്നിച്ചു. അത് ഒരു ഐപിഎല്‍ ക്രിക്കറ്റിനെ ഓര്‍മ്മിപ്പിച്ചു.

വേദി കുട്ടനാട്ടിന്‍റെ കായിക ശേഷി അളക്കുന്ന ആലപ്പുഴ പുന്ന മടക്കായലായിരുന്നു, 59-ാമത് നെഹ്രുട്രോഫി ജലമേള. ആഗസ്റ്റിലെ രണ്ടാം ശനിയാഴ്ചയാണ് ഈ പ്രതിവര്‍ഷ മത്സരം. ഇക്കൊല്ലം കൊല്ലം ജീസസ് ബോട്ക്ലബ് തുഴഞ്ഞ ദേവാസ് ചുണ്ടനാണ് നെഹൃടോഫി നേടിയത്. 1250 മീറ്റര്‍ താണ്ടാന്‍ എടുത്തത് വെറും നാലു മിനിറ്റ് 37.36 സെക്കന്‍റ്. തൊട്ടു പിന്നിലെത്തിയ കാരിച്ചാല്‍ ചുണ്ടണ്ടന് ഒരു സെക്കന്‍റിനാണ് ഒന്നാം സ്ഥാനം പോയത്. മൂന്നാം സ്ഥാനം മുട്ടേല്‍ കൈനകരിയ്ക്കാണ്. കേന്ദ്ര ആരോഗ്യമന്ത്രി ഗുലാംനബി ആസാദ് ഉദ്ഘാടനം ചെയ്ത മേളയില്‍ സിനിമാ താരം മമ്മൂട്ടി മുഖ്യാതിഥിയായിരുന്നു. കേന്ദ്ര ഊര്‍ജ സഹമന്ത്രി കെ. സി. വേണുഗോപാല്‍ സമ്മാനം നല്‍കി.

ചുണ്ടന്‍വളളങ്ങള്‍, ഓടി, വെപ്പ്, ചുരുളന്‍ വളളങ്ങള്‍, വനിതകള്‍ തുഴയുന്നവ, വിദ്യാര്‍ത്ഥികള്‍ തുഴയുന്നവ എന്നിങ്ങനെ വിവിധ തര ത്തിലുളള വളളങ്ങളില്‍ കുട്ട നാട്ടുകാര്‍ കായിക പ്രതിഭ മാറ്റുരച്ചപ്പോള്‍ വിദേശ രാജ്യങ്ങളില്‍ നിന്നുളളവര്‍ഉള്‍പ്പെടെയുളള കാണികള്‍ കരയില്‍ ആര്‍പ്പുവിളിച്ച് ആനന്ദിച്ചു. ആദ്യപാദ മത്സരങ്ങള്‍ക്കും ഫൈനലിനുമുളള ഇടവേളയില്‍ കേരളീയ കലാരൂപങ്ങളായ കഥ കളി, തുളളല്‍ ഗരുഡന്‍ തുളളല്‍, മയിലാട്ടം, തെയ്യം, പുലികളി, വേലകളി തുടങ്ങിയവ ജലപ്പരപ്പിലൊഴുകുന്ന വേദികളില്‍ വന്നത് കാണികള്‍ക്കു കൌതുകമായി.

1952-ല്‍ അന്നത്തെ പ്രധാനമന്ത്രി പണ്ഡിറ്റ് ജവ ഹര്‍ലാല്‍ നെഹ്രു കേരളം സന്ദര്‍ശിച്ചതിന്‍റെ ഒര്‍മ്മയ്ക്കായാണ് എല്ലാ വര്‍ഷവും നെഹ്രു ട്രോഫി മത്സരം നടക്കുന്നത്. മത്സരങ്ങള്‍ക്കായി ഇന്ന് കുട്ടനാട്ടില്‍ 21 വളളങ്ങള്‍ ഉണ്ടെങ്കിലും കാലപ്പഴക്കം കൊണ്ടു പലതും മത്സരത്തിനുപയുക്തമല്ലാതായി. ഈ വര്‍ഷം പങ്കെടുത്തത് 19 വളളങ്ങളാണ്. അതേ സമയം ആറന്മുള ക്ഷേത്രത്തിലെ വളളസദ്യയും ആരാധനയും വഴി പ്രശസ്തമായ 50ഒളം പളളിയോടങ്ങള്‍ ഉണ്ടെങ്കിലും അവ മത്സരങ്ങള്‍ക്കുളളവയല്ല.

ഒരിക്കല്‍ വളളം തുഴച്ചിലിന് തെരഞ്ഞെടുക്കപ്പെടുന്നത് അഭിമാനമായി കുട്ടനാട്ടുകാര്‍ കരുതിയിരുന്നു. നാട്ടിലെ ചുണ്ടന്‍റെ തുഴച്ചില്‍കാരന്‍ ഒന്നാം തുഴക്കാരനാകുന്നത് കായികശേഷിയുടെ അംഗീകാരമായിരുന്നു. ആ സ്ഥാനം നേടാന്‍ അവര്‍ സമയവും പണവും മനസും നീക്കിവെച്ചിരുന്നു. എന്നാല്‍ 1980 കാലങ്ങളില്‍ വളളംകളി രംഗത്ത് സ്പോണ്‍സര്‍ഷിപ്പു കടന്നുവന്നതോടെ ക്രി ക്കറ്റില്‍ ഐപിഎല്‍ കൊണ്ടുവന്ന അപചയം അവിടെയും സംഭവിച്ചു. സ്വന്തം നാടിന്‍റെ സ്വന്തം ചുണ്ടന്‍ സ്വന്തം നാട്ടുകാര്‍ തുഴഞ്ഞു വിജയം കൈവരിക്കുന്ന അഭിമാനം പോയി. വളളം മാത്രമല്ല തുഴച്ചില്‍കാരെയും വാടകക്കെടുക്കുന്ന രീതി വന്നു. വളളംകളി കൂടുതല്‍ വാണിജ്യവല്‍കരിക്കപ്പെട്ടു. പരസ്യങ്ങളും, സ്പോണ്‍സര്‍ഷിപ്പും വഴി വളളം തുഴയുന്ന ക്ലബ്ബുകള്‍ക്കും തുഴച്ചില്‍കാര്‍ക്കും കൂടുതല്‍ സാമ്പത്തിക നേട്ടം ലഭിക്കുന്ന സമ്പ്രദായം വന്നു.

ഇക്കാലത്ത് ഗൌരവപൂര്‍ണമായി മത്സരിക്കുന്ന ഒരു ചുണ്ടന്‍വളളത്തിന്‍റെ ക്ലബ്ബ് കുറഞ്ഞത് 30 മുതല്‍ 50 ലക്ഷം രൂപവരെ ചെലവിടു ന്നു. ടിഎസ്ഐക്കു ലഭിച്ച ഈ വര്‍ഷത്തെ കണക്കുകള്‍ ഏറെ അമ്പരപ്പിക്കുന്നതാണ്. ഒന്നാം സ്ഥാനത്തെത്തിയ ദേവാസ് തുഴഞ്ഞ കൊല്ലം ജീസസ് ക്ലബ് 55 ലക്ഷം രൂപ ചെലവിട്ടു. കൈനകരിയില്‍നിന്നുളള മറ്റൊരു ചുണ്ടന്‍ ഒന്നരക്കോടി ചെലവഴിച്ചു. ഈ ചെലവ് ഒരുമാസം നീളുന്ന പരിശീലനത്തി നും വളളത്തിന്‍റെ വാടക ക്കും തുഴച്ചില്‍കാരുടെ കൂലിക്കും മറ്റുമാണ്. മാസത്തിലേറെ നീളുന്ന പരിശീലന ക്യാമ്പുകളാണ് സംഘടിപ്പിക്കപ്പെടുന്നത്. ബോട്ടുക്ലബ്ബുകള്‍ ഈ ചെലവിനു പണം കണ്ടെത്തുന്നത് സ്പോണ്‍സര്‍മാരെക്കൊണ്ടാണ്. വിദേശ ഇന്‍ഡ്യക്കാരും വന്‍ ബിസിനസുകാരും കോര്‍പ്പറേറ്റ് സ്ഥാപനങ്ങളുമാണ് മിക്കവാറും സ്പോണ്‍സര്‍മാരാകുന്നത്.

എന്നാല്‍ ഒന്നാം സ്ഥാനം നേടുന്ന ചുണ്ടന്‍റെ ക്ലബിനു കിട്ടുന്ന സാമ്പത്തിക പ്രതിഫലം ഈ ചെലവുമായി താരതമ്യം ചെയ്യുമ്പോള്‍ നാ മമാത്രമാണ്. പിന്നെ എന്താണ് ഈ സ്പോണ്‍സര്‍ഷിപ്പു വഴി അവര്‍ക്കു നേട്ടം? നെഹ്രുട്രോഫിയുടെ കമന്‍റേറ്റര്‍ മാരില്‍ ഒരാളായ ഷാജി ചേരമര്‍ കുന്നുമ്മ ടിഎസ് ഐയോടു വിശദീകരിച്ചു,“സ്പോണ്‍സര്‍മാര്‍ക്ക് പ്രസിദ്ധികിട്ടുന്നു. ഈ ജലമേള 163 രാജ്യങ്ങളില്‍ കാണുന്നു. പത്തിലേറെ ദേശീയ- അന്തര്‍ദേശീയ ടിവി ചാനലുകള്‍ സംപ്രേഷണം ചെയ്യുന്നു. നൂറുകണക്കിനു വിദേശ സഞ്ചാരികള്‍ ഉള്‍പ്പെടെ ആയിരങ്ങള്‍ ജലമേള കാണാന്‍ എത്തുന്നു. ഒരാള്‍ക്ക് സ്വയം പ്രദര്‍ശിപ്പിക്കാന്‍ ഇതിനേക്കാള്‍ മികച്ച അവസരം ഏതാണ്?” സ്പോണ്‍സര്‍മാര്‍ക്ക് ഒരു കോടി രൂപക്കു വരെ നികുതിയിളവും നേടിയെടുക്കാം. മാത്രമല്ല വിവിഐപികളും മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായും മറ്റും സമ്പര്‍ക്കത്തിന് അവര്‍ക്ക് ഇത് അവസരം ഉണ്ടാക്കുന്നു.

വളളംകളിയുടെ ആദ്യകാല ആവേശം ജനങ്ങള്‍ക്കില്ലാതായി. സ്വന്തം നാടിന്‍റെ സ്വന്തം കളിക്കാര്‍ തുഴയുന്ന വളളം അല്ലാത്തതാണ് പ്രശ്നം. ഇന്നു സ്പോണ്‍സര്‍ഷിപ്പ് വളളംകളി തുഴച്ചില്‍കാരുടെ ജീവിത സാഹചര്യവും നിലവാരവും ഉയര്‍ത്തിയിരിക്കാം, ഐപിഎല്‍ കളിക്കാരുടേതുപോലെ. പക്ഷേ പഴയ കാലത്തെ ആവേശവും സംസ്കാരവും ജീവിതരീതിയും നാടിന്‍റെ ഐക്യവും ഇല്ലാതായി. പഴയ വളളംകളി പ്രേമിയായ ജോണ്‍ ജോസഫ് ടിഎസ്ഐയോടു പറഞ്ഞു, “പണ്ട് ഇത് കുട്ടനാടന്‍ ഗ്രാമങ്ങള്‍ തമ്മില്‍, ചുണ്ടന്‍ വളളങ്ങള്‍ തമ്മിലുളള ആരോഗ്യകര മായ മത്സരമായിരുന്നു. ഇന്നത് ക്ലബ്ബുകളും സ്പോണ്‍സര്‍മാരും തമ്മിലുളള കച്ചവട മത്സരമായിരിക്കുന്നു. തുഴച്ചില്‍കാര്‍ക്കു നേട്ടമുണ്ടായിരിക്കാം, പക്ഷേ ആ വികാരവും ആവേശവും പൊയ്പോയി...” 


സെപ്റ്റംബര് 22, 2011, the sunday indian. 

 
 

അമ്മമാരോടൊത്ത്

അമ്മമാരോടൊത്ത്

അവര്‍ മറക്കാത്ത ഓണം

ആ അമ്മമാര്‍ക്കു മാത്രമല്ല, അതിനു സാക്ഷിയായവര്‍ക്കും ഒരിക്കലും മറക്കാത്ത ഒന്നായിരുന്നു അമ്മയ്ക്കൊരോണം എന്ന പരിപാടി, ഒരുകൂട്ടം ചെറുപ്പക്കാരുടെ മാതൃകാപരമായ സംരംഭം

ഏകദേശം പത്തുവര്‍ഷം മുമ്പാണ്, ആ തിരുവോണത്തിന് ബദരിനാഥിലേക്കുളള യാത്രയിലായിരുന്നു ഞങ്ങള്‍, ചില പത്രപ്രവര്‍ത്തക സുഹൃത്തുക്കള്‍...ഇന്‍ഡ്യാ-ചൈനാ അതിര്‍ത്തിയിലെ അവസാന ഗ്രാമമായ മനാ... ബദരീനാഥില്‍നിന്ന് മൂന്നു കിലോ മീറ്റര്‍ അകലെ അവിടെ ഒരു പഴയ കെട്ടിടത്തില്‍ ഏതാനും അമ്മമാര്‍. അവര്‍ ആഘോഷത്തിലാണ്. ഞങ്ങള്‍ അവരുമായി സംസാരിച്ചു. കേരളം ഇന്‍ഡ്യയുടെ അങ്ങേമൂലയാണെന്നും ഞങ്ങള്‍ക്കും ആ ദിവസം ആഘോഷത്തിന്‍റേതാണെന്നും നാട്ടില്‍ ഞങ്ങളെ പിരിഞ്ഞ് അമ്മമാര്‍ കാത്തിരിക്കുന്നുവെന്നുമെല്ലാം വിശദീകരിച്ചപ്പോള്‍ ഞങ്ങള്‍ സമാനമനസ്കരായി. ഇന്‍ഡ്യയില്‍ ഏറ്റവും കൂടുതല്‍പേര്‍ സൈനിക സേവനത്തിലേര്‍പ്പെട്ടിട്ടുളള ഉത്തരാഖണ്ഡ് സംസ്ഥാനത്തിലെ ഈ അമ്മമാരുടെ മക്കളും സൈനികരാണ്. അവരെവിടെയോ ആണെന്നല്ലാതെ കൂടുതലൊന്നുമറിയാത്ത അവര്‍ ഒത്തുചേര്‍ന്നത് സ്വാതന്ത്ര്യ ദിനത്തിന്‍റെ (അന്ന് ആഗസ്റ്റ് 15 ആയിരുന്നു) ആഘോഷങ്ങള്‍ക്കായിരുന്നു; അന്നുതന്നെ അവരുടെ തികച്ചും പ്രാദേശികമായ ഒരുത്സവദിവസവും. അവര്‍ പറഞ്ഞു, നിങ്ങള്‍ അമ്മമാരില്‍നിന്ന് അകന്നു നില്‍ക്കുന്നു, ഞങ്ങളുടെ മക്കള്‍ അകലെ ഞങ്ങളെ പിരിഞ്ഞു കഴിയുന്നു. നമുക്ക് അമ്മയും മക്കളുമാകാം.... അവര്‍ പാകം ചെയ്ത പായസം ഞങ്ങള്‍ക്കു തന്നു. അവരോടൊപ്പം പാടിയും ആടിയും ആ ഓണം ഞങ്ങള്‍ അര്‍ത്ഥപൂര്‍ണമാക്കി....

ഓണത്തിന് ഒരുക്കെല്ലാംകൂട്ടി അമ്മയും മക്കളുമൊത്തുചേരുമ്പോളാണ് ആഘോഷം സമ്പൂര്‍ണമാകുന്നതെന്ന് പറയാറുണ്ട്... പക്ഷേ അമ്മയെ വഴിയില്‍ ഉപേക്ഷിക്കുന്ന മക്കളും മക്കളെ ഞെക്കിക്കൊല്ലുന്ന അമ്മയും നിത്യവാര്‍ത്തകളാകുന്ന കാലമാണിത്. ആധുനികകാലം  അടുക്കളയില്‍നിന്ന് സ്ത്രീകളെ അരങ്ങിലെത്തിച്ചപ്പോള്‍ മറുവശത്ത് ‘അസൂര്യംപശ്യ’കളായി മാറുന്ന സ്ത്രീ വാര്‍ദ്ധക്യം ഇക്കാലത്തിന്‍റെ സങ്കടമായി മാറുന്നു. വൃദ്ധസദനങ്ങളില്‍ ജന്മദിനവും ഉത്സവദിനങ്ങളും ആഘോഷിക്കുന്ന അമ്മമാരും അച്ഛന്മാരും ഏറുന്ന ഈ കാലവും അതിനു കാരണമാകുന്ന സമൂഹവും ഈ കാലഘട്ടത്തിന്‍റെ അസ്വസ്ഥതയാ കുമ്പോള്‍ അമ്മമാര്‍ക്കായി ഒരു ഓണാഘോഷം ഏതുതരത്തിലും മാതൃകയായി. അതായിരുന്നു 16 വര്‍ഷമായി ആലപ്പുഴ ജില്ലയിലെ കുട്ടനാട്ടില്‍ കാവാലം ഗ്രാമത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന സൂര്യ യുവജനക്ഷേമ കേന്ദ്രം നടത്തിയ ഈ വര്‍ഷത്തെ ഓണാ ഘോഷത്തിന്‍റെ പ്രത്യേകത- അമ്മയ്ക്കൊരോണം.

ഓണാഘോഷത്തിന്‍റെ ബാക്കിപത്ര മായി മദ്യത്തിന്‍റെയും ഇറച്ചിയുടെയും സ്വര്‍ണ്ണത്തിന്‍റെയും ഉപഭോഗക്കണക്കുകള്‍ ‘പ്രധാന വാര്‍ത്തയാകുമ്പോള്‍’ നന്മയുടെ കിരണങ്ങള്‍ എത്ര പ്രകാശം പരത്തിയാലും കണ്ണില്‍ പതിക്കാത്ത കാലം കൂടിയാണിത്. 106 അമ്മമാര്‍, അവര്‍ ആ ഗ്രാമത്തിലെ വിവിധ വിഭാഗങ്ങളില്‍ പെട്ടവരാണ്, ഏതെങ്കിലും തരത്തില്‍ പരാധീനത അനുഭവിക്കുന്നവരാ ണ്, വൈധവ്യം, മാറാവ്യാധി, തീരാദു:ഖം തുടങ്ങിയവയ്ക്ക് വിധേയരായവരാണ്. അത്തരത്തില്‍ ഉളള 65-നും 80-നും ഇടയ്ക്കു പ്രായമുളളവരെ കണ്ടെത്തി, അവരെ പ്രത്യേകം ക്ഷണിച്ച് ആഘോഷ വേദിയില്‍ കൊണ്ടുവന്ന് ആദരിച്ച് ഓണപ്പുടവയും ഓണ സദ്യയും നല്‍കി. അവര്‍ക്കു വേണ്ടി കുട്ടികള്‍ തിരുവാതിര കളിച്ചും നാടോടി നൃത്തം ചെയ്തും നാടന്‍ പാട്ടുപാടിയും അവരെ ആഹ്ലാദിപ്പിച്ചു. അംബേദ്കര്‍ ഗ്രാമത്തിലെ വനിതകളുടെ വഞ്ചിപ്പാട്ട് ഏറെ ആകര്‍ഷകമായിരുന്നു. ഒരുപക്ഷേ നൂറിലേറെ വീടുകളില്‍ അമ്മമാര്‍ക്കു കിട്ടുമായിരുന്ന ആഹ്ലാദത്തിലുമധികമായിരുന്നു ആ വേദിയില്‍ പങ്കുവെയ്ക്കപ്പെട്ടതെന്നു പറഞ്ഞാല്‍ ഒട്ടും അതിശയോക്തിയല്ല അത്.

‘അമ്മയ്ക്കൊരോണം’ പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചത് കാവാലം നാരായണപ്പണിക്കരായിരുന്നു. ഗ്രാമങ്ങളില്‍ നടക്കുന്ന ഇത്തരം തനിമയുളള ആചാരങ്ങളും ആഘോഷങ്ങളുമാണ് ഒരു സമൂഹത്തെ സാംസ്കാരിക സമ്പന്നമായി നിലനിര്‍ത്തുന്നതെന്നു പറഞ്ഞ അദ്ദേഹം കൂടുതല്‍ കൂടുതല്‍ സംഘടനകള്‍ വ്യാപകമായ തോതില്‍ ഇത്തരം സാംസ്കാരിക പ്രകടനങ്ങള്‍ നടത്തേ ണ്ടതുണ്ടെന്ന് വിശദീകരിച്ചു. അമ്മമാരെ ആദരിക്കാന്‍ പഠിക്കുകയും ശീലിക്കുകയും ചെയ്യുന്നത് സ്വന്തം തിരിച്ചറിവിന്‍റെ തെളിവാണെന്നും വരുംവര്‍ഷങ്ങളില്‍ ഇത് ഒരു സമൂഹപൂജയായി മാറണമെന്നും അദ്ദേഹം പറഞ്ഞു. ദാനം ചോദിച്ച വാമനനു മുന്നില്‍ ശിരസു കുനിച്ചതിലൂടെ എക്കാലത്തും ഉയര്‍ന്ന ശിരസുമായി നില്‍ക്കുന്ന ഒരു മികച്ച ഭരണാധികാരിയായി മാനവ മനസില്‍ നില്‍ക്കുന്ന മഹാബലിയുടെ സ്മരണനിറഞ്ഞ ഓണത്തിന് ഇത്തരമൊരു ചടങ്ങു നടത്താനായത് ധന്യതയാണെന്ന് അദ്ദേഹം പറഞ്ഞു.

സിനിമാ-സീരിയല്‍ നടന്‍ കൊല്ലം തുളസിയായിരുന്നു അമ്മയ്ക്കൊരോണം പരിപാടിയില്‍ അമ്മാര്‍ക്ക് ഓണക്കോടി വിതരണം ചെയ്തത്. സിനിമയിലും സീരിയലുകളിലും കൂടി തനിക്കു ലഭിച്ചിട്ടുളള വില്ലന്‍ പരിവേഷം ഇല്ലാതാക്കാനും ഇന്നുതന്നോടൊപ്പമില്ലാത്ത പെറ്റമ്മയുടെ ഓര്‍മ്മയും അനുഭവവും നിങ്ങള്‍ക്കൊപ്പമിരിക്കുമ്പോള്‍ വീണ്ടും കിട്ടുവാനുമാണ് അവിടെയെത്തിയതെന്നു പ്രസ്താവിച്ച കൊല്ലം തുളസി പ്രതീകാത്മകമായി മൂന്നു മുതിര്‍ന്ന അമ്മമാരെ പൊന്നാടയണിയിച്ച് കാ ല്‍വന്ദിച്ചു. എല്ലാ അമ്മമാര്‍ക്കും ഓണക്കോടി വിതരണം ചെയ്തു. അമ്മമാരെ തിരികെ വീടുകളിലെത്തിക്കാനും സൂര്യയുടെ പ്രവര്‍ത്തകരായ ചെറുപ്പക്കാര്‍ ശ്രദ്ധ കാണിച്ചു.

ഒരുപക്ഷേ കേരളത്തില്‍ ഓണക്കാലത്ത് ഇതുവരെ നടത്തിയിട്ടുളള ആഘോഷങ്ങളില്‍നിന്നു തികച്ചും വ്യത്യസ്തമായ ഒന്നായിരുന്നു ‘അമ്മയ്ക്കൊരോണം’ പരിപാടി. കൂടുതല്‍ വിപുലമായ രീതിയില്‍ വരും കാലങ്ങളില്‍ ഈ പരിപാടി നടത്തുമെന്നു മാത്രമല്ല അമ്മമാരില്‍ അര്‍ഹതപ്പെട്ടവര്‍ക്കായി കൂടുതല്‍ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും പ്രഖ്യാപിച്ച് സൂര്യ യുവജനക്ഷേമകേന്ദ്ര പ്രവര്‍ത്തകര്‍ പ്രതിബദ്ധത പ്രകടിപ്പിച്ചപ്പോഴാണ് പുതിയ തലമുറയുടെ സമൂഹത്തോടുളള കരുതല്‍ വ്യക്തമായത്. സൂര്യ ജനറല്‍ സെക്രട്ടറി ഹരികൃഷ്ണന്‍ ടിഎസ് ഐ യോടു പറഞ്ഞു, “ഒട്ടേറെ പേരുണ്ട് ഈ ആശയം മുന്നോട്ടു വെച്ചവരും അതിനു വേണ്ടി അഹോരാത്രം പ്രവര്‍ ത്തിച്ചവരുമായി. ഇതിനു വേണ്ടുന്ന സാമ്പത്തിക സഹായങ്ങള്‍ നല്‍കിയ സന്മനസുകളും ഏറെയുണ്ട്. കഴിഞ്ഞ 16 വര്‍ഷത്തിനിടയിലെ പ്രവര്‍ത്തനങ്ങളില്‍ ഏറെ പേര്‍ അനുമോദിച്ച സൂര്യയുടെ ഒരു സംരംഭമാണിത്. ഇതിന്‍റെ തുടര്‍നടപടികള്‍ ഞങ്ങള്‍ ആസൂത്രണം ചെയ്യും. വര്‍ഷത്തിലൊരിക്കലുളള ഒരു പ്രോഗ്രാമായി മാത്രം ഞങ്ങള്‍ ഇതിനെ ചുരുക്കു കയില്ല. കലുഷിതമായ സമൂഹത്തിന് ഒരു കൂട്ടം ചെറുപ്പക്കാരുടെ  സന്ദേശമാണിത്. അതു വ്യാപകമാക്കും. സമൂഹത്തിന്‍റെ സേവനം ആവശ്യമായ അമ്മമാരുടെ, മുതിര്‍ന്നവരുടെ പരിരക്ഷയ്ക്കു വേദിയാകണമെന്നാണ് ഞങ്ങളുടെ ആഗ്രഹം. അതിനു മനസുളളവരുടെ സംയോജകരാകാന്‍ ഞങ്ങളെന്നുമുണ്ടാകും.” 

ഒക്ടോബര് 20, 2011the sunday indian

സ്മാരകം ബാക്കിയാക്കി അവര്‍ പോയി



മണിയപ്പന്‍

സ്മാരകം ബാക്കിയാക്കി അവര്‍ പോയി

 
മണിയെന്ന 65കാരിക്ക് കാഴ്ചപോയി. ഏകമകന്‍ മണിയപ്പന്‍ നഷ്ടപ്പെട്ടതിന്‍റെ ഭാരം താങ്ങാനാകാഞ്ഞ്, നിര്‍ത്താതെ കരഞ്ഞിട്ടാണെ ന്ന് ഭര്‍ത്താവ് പറയുന്നു. ഓര്‍മ്മയിലെ മണിയപ്പന്‍. 2005 നവംബര്‍ 25ന് അഫ്ഘാനിസ്ഥാനില്‍ താലിബാന്‍കാര്‍ തലവെട്ടിക്കൊന്ന ഹരിപ്പാട് സ്വദേശി മണിയപ്പന്‍. ഇന്‍ഡ്യന്‍ സൈന്യത്തിനു വേണ്ടി ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷന്‍റെ ഡ്രൈവറായിരുന്നു ഇദ്ദേഹം.

പണി തീരാത്ത വീട്ടിലെ ചെറിയ മേശപ്പുറത്ത് മുഴുവന്‍ മരുന്നു പാക്കറ്റുകള്‍. അരികെ ചെറിയ പാത്രങ്ങളില്‍ അവര്‍ക്കുളള അത്താഴം. അവിടവിടെ സിമന്‍റുചാക്കും പണിയായുധങ്ങളും. രാമന്‍കുട്ടി എന്ന, മണിയപ്പന്‍റെ അച്ഛന്‍ പറഞ്ഞു, “തുടരന്‍ മഴ, പണിക്കാരില്ലായ്മ, പിന്നെ പണമില്ലായ്മയും കൂടിയായപ്പോള്‍ പണി നിന്നു.”

 “എന്‍റെ മകന്‍റെ മരണത്തിനു നഷ്ടപരിഹാരമായി 30 ലക്ഷത്തിലേറെ കിട്ടിയെന്നു പലരും പറയുന്നു. അതുകൊണ്ടുതന്നെ സര്‍ ക്കാര്‍ കണക്കില്‍ ഞങ്ങള്‍ ദാരിദ്ര്യരേഖക്കു മുകളിലാണ് പക്ഷേ, വാസ്തവമിതാണ്, ഞങ്ങള്‍ക്ക് എങ്ങുനിന്നും ഒന്നും കിട്ടുന്നില്ല” ഹൃദ്രോഗികൂടിയായ രാമന്‍കുട്ടി ആലപ്പുഴ മെഡിക്കല്‍ കോളേജിലെ ചികിത്സയിലാണ്, ഇപ്പോള്‍ കാഴ്ച പോയ ഭാര്യയെ ശുശ്രൂഷിക്കുന്നു, ഭക്ഷണം ഉണ്ടാക്കിക്കൊടുക്കുന്നു, ദിനചര്യകള്‍ക്ക് സഹായിക്കുന്നു.

ഇവരെ സഹായിക്കാന്‍ മണിയപ്പന്‍റെ ഭാര്യ ബിന്ദു ഇല്ലേ എന്നു ചോദിച്ചേക്കാം. ഇല്ല! അവര്‍ പറയുന്നു, മണിയപ്പനു സ്മാരകമു ണ്ടാക്കിയിരിക്കുന്ന ആ വീട്ടില്‍ നിന്ന് ഏറെ അകലെയാണ് താമസിക്കുന്നത്. മണിയപ്പന്‍റെ ജീവനു നഷ്ടപരിഹാരമായി ഭാര്യ ബിന്ദു വിന് ആലപ്പുഴ ഡി.വൈ.എസ്.പി. ഓഫീസില്‍ ജോലികിട്ടി, രണ്ടു മക്കളുമായി താമസിക്കുന്നു. അജയന്‍ എട്ടാം ക്ലാസിലും അജയ് രണ്ടാം ക്ലാസിലും. ബിന്ദു മാസത്തിലൊരിക്കല്‍ വരും അല്ലെങ്കില്‍ ചെലവിനുളള കുറച്ചു പണം മകന്‍റെ കയ്യില്‍ കൊടുത്തുവിടും. ബിന്ദുവാകട്ടെ എല്ലാം പഴയ കാര്യങ്ങളാണെന്നും ഒന്നും പറയാനില്ലെന്നുമാണ് പ്രതികരിച്ചത്.
 
അവര്‍ സന്തുഷ്ടയാണ്, സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത 10 ലക്ഷം രൂപയും മക്കളുടെ സൌജന്യ വിദ്യാഭ്യാസവും രക്ഷകര്‍ത്താക്കള്‍ ക്കുളള സൌജന്യ ചികിത്സയും തനിക്കുളള ജോലിയും കിട്ടി. ഒട്ടു മിക്ക സഹായങ്ങളും ബിന്ദുവിനാണ്. കുടുംബ പെന്‍ഷന്‍ ഉള്‍പ്പെടെ, കിട്ടിയ അവരിപ്പോള്‍ താമസിക്കുന്നത് നഷ്ടപരിഹാരത്തുക മുടക്കി ബിന്ദു വിലയ്ക്കുവാങ്ങിയ സ്വന്തം തറവാട്ടില്‍.
“ചിലര്‍ പറയുന്നു ബിന്ദു പുനര്‍ വിവാഹം ചെയ്തെന്ന്. ഞങ്ങള്‍ക്ക് പക്ഷേ, അതേക്കുറിച്ചൊന്നും അറിയില്ല.” രാമന്‍കുട്ടി പറഞ്ഞു. നിര്‍ഭാഗ്യമെന്നു പറയാം പ്രായത്തോടൊപ്പം രാമന്‍കുട്ടിയുടെ ബാധ്യതകളും വളരുന്നു. അദ്ദേഹം സ്വയം പാചകം ചെയ്യുന്നു, തനിക്കും ഭാര്യക്കും (ഏറെ നാളായി രക്താര്‍ബുദം ബാധിച്ച ഭാര്യക്ക് പ്രമേഹവും കാഴ്ചക്കുറവുമുണ്ട്) മരുന്നു വാ ങ്ങാന്‍ പോകുന്നു. ഇപ്പോള്‍ ഒരു പുതിയ പണിയുണ്ട്, തന്‍റെ പേരിലുളള വസ്തുവില്‍ ഒരു സെന്‍റ് ദേശിക സംഘടനക്ക് കൈമാറാന്‍ താലൂക്ക് ഓഫീസില്‍ കയറിയിറങ്ങുന്നു, ലക്‌ഷ്യം- അവിടെ മണിയപ്പന്‍റെ പേരില്‍ വായനശാലയും ഗ്രന്ഥശാലയും പണിയുക. 
 
 ഒക്ടോബര് 1, 2011 , the sunday indian



  


ഏറുന്ന ഇരട്ടക്കുഴപ്പങ്ങള്‍

കേരളത്തില്‍ മലപ്പുറം ജില്ലയിലെ കൊടിഞ്ഞി ഗ്രാമത്തില്‍ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ 270ല്‍ പരം ഇരട്ടക്കുട്ടികള്‍. ഈ കൌതുകം അറിഞ്ഞെത്തുന്ന സന്ദര്‍ശകര്‍ നാട്ടുകാര്‍ക്ക് അലോസരമാകുന്നു..

ജനിതക ശാസ്ത്രജ്ഞര്‍ക്ക് ഗവേഷണവിഷയം. സാധാരണക്കാര്‍ക്ക് അമ്പരപ്പിനുളളത്, മാധ്യമങ്ങള്‍ക്ക് നല്ലൊരു വാര്‍ത്ത, പക്ഷേ, ഇത്രയേറെ ഇരട്ടകള്‍പിറന്ന അപൂര്‍വ്വതയുളള കൊടിഞ്ഞിയിലെ ജനങ്ങള്‍ക്ക് ഇതൊരു ശല്യമായി മാറിയിട്ടുണ്ട്.

പച്ചച്ച, ഗ്രാമീണത മുറ്റിയ കൊടിഞ്ഞിഗ്രാമം ധാരാളം അന്യദേശക്കാരെ ആകര്‍ഷിക്കുന്നു, വിദേശികള്‍ ഇരട്ടകളുടെ ഈ അത്ഭുതം അറിഞ്ഞെത്തുന്നു, കാരണം 13,000 ജനസംഖ്യയുളള ഈ പ്രദേശത്ത് 270 ഇരട്ടക്കുട്ടികളാണ്. ദേശീയ ശരാശരി ആയിരം പേര്‍ക്ക് എട്ട് ഇരട്ടകളായിരിക്കെയാണ് കൊടിഞ്ഞിയില്‍ അത് നാലിരട്ടിയുളളത്. ഇതിനു കാരണം ഇനിയും കണ്ടെത്താനായിട്ടില്ല. ഈ അത്ഭുത പ്രതിഭാസം ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് തന്‍റെ സ്വ ന്തം താല്‍പര്യത്തില്‍ പഠനം നടത്തിയ ഡോ. ശ്രീബിജു പറയുന്നു, “ജനിതക ഘടകം ഒരു കാരണമാണ്, എന്നാല്‍ പരിസ്ഥിതിയും പ്രധാനമാണ്. ഇരട്ടക്കുട്ടികളുടെ മാതാപിതാക്കളധികവും മുസ്ലിം സമുദായത്തില്‍ പെട്ടവരാണെങ്കിലും ഹിന്ദുക്കളിലും ഈ പ്രതിഭാസം കാണാം. അഞ്ചു കുടുംബങ്ങളില്‍ മൂന്നു കുട്ടികള്‍ ഒരുമിച്ചു ജനിച്ചിട്ടുണ്ട്, ഇരട്ടകളില്‍ പകുതിയും പെണ്‍കുട്ടികളുമാണ്.”

കൊടിഞ്ഞി അങ്ങാടിയില്‍ ചോദിച്ചാല്‍ പറഞ്ഞുതരും ഏതൊക്കെ വീട്ടിലാണ് ഇരട്ടകളുളളതെന്ന്. ഇപ്പോള്‍ ഇരട്ടകളുടെ ഫോട്ടോ എടുക്കാന്‍ ഒരു ഇരട്ടക്ക് 1000 രൂപ വീതം അവര്‍ ആവശ്യപ്പെടുന്നുണ്ട്. ഈ ഇരട്ടകളുടെ ആധിക്യം ശ്രദ്ധയില്‍പെട്ട 2002 മുതല്‍ കൊടിഞ്ഞിയിലെ ദേശീയ- അന്തര്‍ദേശീയ മാധ്യമങ്ങളുടെയും ന്യൂസ് ടെലിവിഷന്‍ ചാനലുകളുടേയും നിരന്തരമായ ഒഴുക്കാണ്. ഞങ്ങള്‍ കൊടിഞ്ഞിയില്‍ ചെല്ലുന്നതിന് ഒരാഴ്ച മുമ്പാണ് ജപ്പാനില്‍ നിന്നുളള ഒരു ടെലിവിഷന്‍ സംഘം അവിടെയെത്തി ഡോക്യുമെന്‍ററി ഫിലിം ചെയ്തത്. അഭിനയവും ഷൂട്ടിംഗും ഫോട്ടോ പോസിംഗുമൊക്കെ ഇപ്പോള്‍ ഇവിടത്തുകാര്‍ക്ക് വിരസതയുണ്ടാക്കിത്തുടങ്ങിയിട്ടുണ്ട്. 

കാരണമുണ്ട്, കുട്ടികളുടെ ഫോട്ടോ എടുക്കലും വീഡിയോ പിടിക്കലുമെല്ലാം സ്കൂള്‍ സമയത്താകും. ഇതുകൊണ്ടുതന്നെ ഗ്രാമത്തിലെ മൂന്നു സ്കൂളുകളിലെയും അധ്യാപക-രക്ഷാകര്‍തൃ സംഘടനകളും ചേര്‍ന്നെടുത്ത തീരുമാനം കുട്ടികളുടെ ഫോട്ടോ എടുക്കുന്നത് പിടിഎയുടെ അനുമതിയോടെ ആവണമെന്നും സ്കൂളിന് ആ പേരില്‍ ഒരു ഡൊണേഷന്‍ നല്‍കണമെന്നുമാണ്. 

എന്നാല്‍ സന്ദര്‍ശകരെ ചില ഗ്രാമീണര്‍ സ്വന്തം നിലക്ക് കൂട്ടിക്കൊണ്ടുപോയി കുട്ടികളെ കാട്ടിക്കൊടുക്കാറുണ്ട്. അങ്ങനെയാണ് പല ആരോപണങ്ങളും ഉയര്‍ന്നത്. ചിലര്‍ വന്‍തുക ഇതിന്‍റെ പേരില്‍ കൈപ്പറ്റുന്നുണ്ടെന്ന്. ഒരു ആക്ഷേപം ഉയര്‍ന്നത് നേരത്തെ പറഞ്ഞ ജപ്പാന്‍ ടെലിവിഷന്‍ കമ്പനി ഡോക്യുമെന്‍ററി നിര്‍മ്മാണത്തിന് സഹകരിച്ച കുട്ടികള്‍ക്കായി 2.5 ലക്ഷം രൂപ കൊടുത്തുവെന്നാണ്. ഗ്രാമത്തിലെ വിദ്യാര്‍ത്ഥിയായ ജാബിര്‍ പറയുന്നു, “പണം വാങ്ങുന്നെങ്കില്‍ തന്നെ തെറ്റില്ല. അതവരുടെ ക്ഷേമത്തിനുപയോഗിക്കണം, പക്ഷേ, ഇപ്പോള്‍ പണം ചില തെറ്റായ കൈകളിലാണെത്തുന്നത്.”

2008-ല്‍ അവിടെ ‘ട്വിന്‍സ് ആന്‍റ് കിന്‍സ്’ എന്ന പേരില്‍ ഒരു സംഘടന രൂപീകരിച്ചു. ഉദ്ദേശ്യം, കുട്ടികളുടെ പേരില്‍ ആരെങ്കിലും അനര്‍ഹമായ നേട്ടം ഉണ്ടാക്കാതിരിക്കുക കുട്ടികളില്‍ ആരെങ്കിലും രഹസ്യമായ ജനിതക പഠനം പോലുളളവ നടത്തുന്നത് തടയുക കുട്ടികള്‍ക്കായി ക്ഷേമപ്രവര്‍ത്തനം നടത്തുക തുടങ്ങിയവ. സംഘടന ഇരട്ടക്കുട്ടികള്‍ക്കായി ആരോഗ്യക്യാമ്പും മറ്റും സംഘടിപ്പിച്ചുവരുന്നു. 

ടിഎസ്ഐ കൊടിഞ്ഞി സന്ദര്‍ശിച്ചത് പരീക്ഷാകാലത്തായതിനാല്‍ സ്കൂളധികൃതര്‍ കുട്ടികളുടെ ഗ്രൂപ്പ് ഫോട്ടോ എടുക്കുന്നതിനു വിസമ്മതിച്ചു. ഞങ്ങള്‍ക്ക് മൂന്ന് ഇരട്ടക്കുട്ടികളെ ഒരുമിച്ചുകിട്ടി - ജുബാബ, ജുബാന എന്നീ മൂന്നാം ക്ലാസുകാരികള്‍, രണ്ടുവയസുളള അഫ്ര യും അഫ്നയും, ആറുമാസം പ്രായമുളള അഫ്രയും അന്‍ഷായും. 

ഇവിടെ പല കുടുംബത്തിലെയും അംഗങ്ങള്‍ ഗള്‍ഫിലുണ്ട്. പക്ഷേ, എല്ലാവരും അത്ര സമ്പന്നരല്ല. അഫ്ന-അഫ്രകളുടെ അച്ഛന്‍ യൂസഫ് എന്ന ഓട്ടോ ഡ്രൈവര്‍ പറയുന്നു, “മാധ്യമങ്ങള്‍, ഞങ്ങളുടെ കഥ കൊണ്ട് നേട്ടമുണ്ടാക്കുന്നു. ഞങ്ങള്‍ക്കൊന്നും പക്ഷേ കിട്ടുന്നില്ല.”  (
ജനുവരി 24, 2011, the sunday Indian)

Thursday, February 16, 2012

മുസിരീസ്: ചരിത്രത്തിലെ കുഴികള്‍

കേരള ചരിത്രത്തിലേക്കു വെളിച്ചം തെളിയിക്കാന്‍ സഹായകമാകേണ്ട ഖനനങ്ങള്‍ വിവാദത്തിന്‍റെ ഇരുട്ടുപരത്തുന്നുവോ?
കഴിഞ്ഞ വര്‍ഷം വന്ന ഒരു മലയാള സിനിമയില്‍ ചരിത്രാന്വേഷിയായ ഒരു ഗവേഷക കഥാപാത്ര മുണ്ട്. ആള്‍ പഴയ ചരിത്രം തേടി ഖനനവും ഗവേഷണവും നടത്തുകയാണ്. ഒരുദിവസം ടെന്‍റുപൊളിച്ചു പിരിയുമ്പോള്‍ പറയുന്ന സ്വന്തം കഥയുണ്ട്- താന്‍ ഇത്രനാള്‍ ഇവിടെ ഖനനം നടത്താന്‍ കാരണം തന്‍റെ പഴയ കാമുകിയുടെ വീട് ആ ഖനന സ്ഥലത്തുനിന്നാല്‍ ക ണ്ണെത്തുന്നിടത്താണെന്ന്. പെട്ടെന്ന് ഖനനം നിര്‍ത്തി മറ്റൊരിടത്തേക്കു പോകുവാന്‍ കാരണം കാമുകിക്ക് മറ്റൊരു ജില്ലയിലേക്കു സ്ഥലം മാറ്റമായതാണത്രെ... സിനിമ ‘സാള്‍ട്ട് ആന്‍റ് പെപ്പര്‍’. ചരിത്ര ഗവേഷണ പരിപാടികളുടെയും ഖനന പദ്ധതികളുടെയും ചില പൊളളത്തരങ്ങള്‍ക്കു മേല്‍ ‘എരിവും ഉപ്പും’ കൂട്ടി ചേര്‍ത്ത ആ വിമര്‍ശനത്തില്‍ കഴമ്പില്ലാതില്ല. ഒരുപക്ഷേ മുസിരീസ് ഗവേഷണ-ഖനന പദ്ധതിയോടുളള കറുത്ത ഫലിതമായി വേണമെങ്കില്‍ അതിനെ കാണാവുന്നതാണ് എന്നു തോന്നുന്നു. 

അടുത്തിടെ ഒരു വേദിയില്‍ പ്രസിദ്ധ ചരിത്രകാരനായ പ്രൊഫ.എം.ജി.എസ് നാരായണന്‍ അഭിപ്രായപ്പെട്ടു, പൊങ്ങച്ചക്കാരായ മലയാളികള്‍ക്ക് യഥാര്‍ത്ഥ ചരിത്രത്തെ പേടിയാണെന്ന്. അതിനാല്‍ ശരിയായ ചരിത്രത്തെ അവര്‍ മിഥ്യാ ചരിത്രങ്ങളും സങ്കല്‍പ്പങ്ങളും കൊണ്ടു മൂടിവെ ക്കുകയാണെന്ന്. വാസ്തവമാണ്, പാര്‍ട്ടികളും മതങ്ങളും സംഘടനകളും വ്യക്തികളും അവരുടെ സ്വന്തം ആഗ്രഹങ്ങളും താല്‍പര്യങ്ങളും അടിസ്ഥാനമാക്കി ചരിത്രങ്ങള്‍ ചമയ്ക്കുകയാണ്. പരശുരാമന്‍ നിര്‍മ്മിച്ച കേരളം എന്ന സങ്കല്‍പ്പത്തിനപ്പുറം ചരിത്രങ്ങളുടെ സൂക്ഷ്മമായ യഥാര്‍ത്ഥ വശത്തിനു തെളിവു കണ്ടെത്താന്‍ നമ്മുടെ ചരിത്രകാരന്മാര്‍ക്കും കഴിയാത്തതോ കഴിവില്ലാത്തതോ, കണ്ടെത്താന്‍ തെളിവുകളില്ലാത്തതോ?

കേരളത്തിന്‍റെ ചരിത്രമെഴുത്തില്‍ കൊടുങ്ങല്ലൂരിനു വലിയ പ്രാധാന്യമുണ്ട്. നമ്മുടെ ചരിത്രങ്ങള്‍ക്ക് തമിഴ് സാഹിത്യവും വിദേശഭാഷയിലെ എഴുത്തുകളുമാണ് ആധാരം. മലയാളത്തിനു ക്ലാസിക് പദവി കിട്ടാത്തതിന് അസൂയപ്പെട്ടിട്ടു കാര്യമില്ല, തമിഴാണ് നമ്മുടേതിനേക്കാള്‍ പഴക്കമുളള ഭാഷ. ആ തമിഴിലെ സംഘം കൃതികളിലാണ് കേരള ചരിത്രത്തിലേക്കു പ്രകാശം വീഴിക്കുന്ന പരാമര്‍ശങ്ങള്‍ ഉളളത്. തമിഴ് സംഘം കൃതികളില്‍ പരാമര്‍ശിക്കുന്ന മുചിറി പത്തനമാണ് കേരളത്തിന്‍റെ അന്യരാജ്യങ്ങളുമായുളള വ്യാപാര -വാണിജ്യ ബന്ധങ്ങളെക്കുറിച്ചു പറയുന്നത്. 

ഈ മേഖലയെക്കുറിച്ച് 2000 കൊല്ലം പഴക്കമുളളതെന്നു തെളിയിക്കപ്പെട്ടിട്ടുളള തമിഴ് പാട്ടുകളിലൂടെ നമുക്കു കിട്ടുന്ന വിവരങ്ങള്‍ അനുസരിച്ച് കേരളത്തിന് വിദേശ രാജ്യങ്ങളുമായി, പ്രത്യേകിച്ച് ഗ്രീസുമായി കപ്പല്‍ മാര്‍ഗമുണ്ടായിരുന്ന വ്യാപാര ബന്ധം നടന്നിരുന്നത് മുചിറി പത്തനം എന്ന തുറമുഖം വഴിയായിരുന്നു. പ്ലിനിയും ടോളമിയും പെരിപ്ലസും പോലുളള വിദേശ യാത്രാവിവരണ-ചരിത്രമെഴുത്തുകാര്‍ പോലും ഇങ്ങനെയൊരിടത്തെക്കുറിച്ചു രേഖപ്പെടുത്തിയിട്ടുണ്ട്. അവരുടെ മുസിരിസാണ് തമിഴ് കൃതികളിലെ മുചിറി. പക്ഷേ നിര്‍ഭാഗ്യമെന്നു പറയാം നമ്മുടെ ചരിത്ര സംരക്ഷണ സംസ്കാരത്തിന്‍റെയും ശീലത്തിന്‍റെയും കുറവുകൊണ്ടുതന്നെയാവണം മുചിറി അഥവാ മുസിരിസ് എവിടെയാണെന്നു കൃത്യമായി ക ണ്ടെത്താനായിട്ടില്ല. എന്നാല്‍ അതുകൊടുങ്ങല്ലൂരിലെവിടെയോ ആണെന്ന കാര്യത്തില്‍ കേരള ചരിത്രകാരന്മാര്‍ക്കിടയില്‍ പൊതു ധാരണ ഉണ്ടായിട്ടുണ്ട്.

ഇതു സംബന്ധിച്ച ഗവേഷണങ്ങളും പഠനങ്ങളും ഏറെ നടന്നിട്ടുണ്ട്. കേരളത്തിന്‍റെ ഗതകാല പ്രഭാവത്തെ കൃത്യമായി കണ്ടെത്താന്‍ നടത്തുന്ന ഏതു ശ്രമവും ആരും സ്വാഗതം ചെയ്തിട്ടേ ഉളളു. കേരളത്തില്‍ രാഷ്ട്രീയ പ്രതിബദ്ധതയുടെ ബാദ്ധ്യതകള്‍ പേറുന്നവരുള്‍പ്പെടെ ചരിത്രമെഴുത്തുകാര്‍ പലരുണ്ടെങ്കിലും നമ്മുടെ നിഗമനങ്ങള്‍ അധികവും കെട്ടുകഥകളുടെയും സാഹിത്യ കൃതികളുടെ പിന്‍ബലത്തിലും ഉളളവയാണെന്ന ആക്ഷേപം അടിസ്ഥാനമില്ലാത്തതല്ല. ഉദ്ഖനനങ്ങളും ഗ്രന്ഥവരികളും താളിയോലകളും മറ്റും കൃത്യമായി കണ്ടെത്തി അവയിലൂടെ ശാസ്ത്രീയമായ ചരിത്രാന്വേഷണം കേരളത്തിന്‍റെ ശീലമായിട്ട് ഇപ്പോള്‍ കുറച്ചു കാലമേ ആയിട്ടുളളു. ഈ സാഹചര്യത്തിലാണ് മുചിറി എന്ന മുസിരീസിന്‍റെ പേരില്‍ ഇപ്പോള്‍ നടക്കുന്ന ഖനനത്തിന്‍റെ പ്രസക്തി.

ഏറെ വിപ്ലവകരമാകേണ്ട ഒരു ഖനന പദ്ധതി ഏറെ വിമര്‍ശനം വാങ്ങിക്കൂട്ടിയിരിക്കുന്നതെന്തുകൊണ്ടാണ്? ഈ ഖനനത്തിലെ കണ്ടെത്തലുകള്‍ക്ക് ശാസ്ത്രീയ മായ ചരിത്രമെഴുത്തിനു തുണനില്‍ക്കാനാവുമോ? എന്തെങ്കിലും നിക്ഷിപ്ത താല്‍പര്യങ്ങള്‍ ഈ ഖനനത്തിനും കണ്ടെ ത്തലിനും പിന്നില്‍ ഉണ്ടാകുമോ? കണ്ടെ ത്തലുകള്‍ ഇതുവരെയുളള കേരള ചരിത്രം മാറ്റിയെഴുതാന്‍ ഇടയാക്കുമോ? ഇനി ഇന്നത്തെ വിമര്‍ശനങ്ങുടെയും വിവാദങ്ങളുടെയും പശ്ചാത്തലത്തില്‍ മുസിരീസ് ഖനനത്തിന്‍റെ ഭാവി എന്തായിത്തീരും?
നമ്മുടെ നാടുഭരിക്കുന്നവര്‍ക്കിന്നു സംസ്കാരവും ടൂറിസവും തമ്മില്‍ തിരിച്ചറിയാനാവാത്ത തിമിരമാണെന്നു പറഞ്ഞാല്‍ തെറ്റാവില്ല. ഭരണ നയങ്ങള്‍ക്കെല്ലാം ടൂറിസത്തിലാണ് കണ്ണ്. ടൂറിസം എന്നാല്‍ ആഭ്യന്തര ടൂറിസമല്ല, വിദേശിയെ കണ്ടാലേ തൃപ്തിയാകൂ. അതുകൊണ്ടുതന്നെ സംസ്കാരം കണ്ടെത്തലിനു പകരം ടൂറിസം വികസനമാകുന്നു നമ്മുടെ ലക്‌ഷ്യം. അതിന്‍റെ ഏറ്റവും പുതിയ ഉദാഹരണമാണ് മുസിരീസ് ഹെറിറ്റേജ് പ്രോജക്ട് എന്നാണ് ആക്ഷേപങ്ങളുടെ കാതല്‍. ചരിത്ര സത്യം കണ്ടെത്തേണ്ട മാര്‍ഗവും ലക്‌ഷ്യവും പിഴച്ചെന്ന ആക്ഷേപത്തില്‍ കഴമ്പില്ലാതില്ല. ആക്ഷേപിക്കുന്നവരുടെ വാദങ്ങള്‍ക്കു കൃത്യമായ മറുവാദം നിരത്താന്‍ ഹെറിറ്റേജ് പദ്ധതിയെ അനുകൂലിക്കുന്നവര്‍ക്കും കഴിയുന്നില്ല. വാദങ്ങളും എതിര്‍വാദങ്ങളും ഏറെ നടന്ന സാഹചര്യത്തില്‍ അവ അവിടെ നില്‍ക്കട്ടെ.

ഈ പദ്ധതിയുടെ ഭാവി എന്താകും? കഴിഞ്ഞ അഞ്ചുവര്‍ഷത്തിലേറെയായി നടക്കുന്ന ഖനന പദ്ധതിയുടെ ഫലം ചരിത്രമെഴുത്തില്‍ സ്വീകാര്യമാകുമോ? അതിന്‍റെ ആധികാരികത അംഗീകരിക്കപ്പെടുമോ? ഇല്ലെങ്കില്‍ കേന്ദ്ര ഫണ്ടായാലും കേരള ഫണ്ടായാലും  പൊതുഖജനാ വില്‍നിന്നു മുടക്കിയ വന്‍തുകകള്‍ പാഴായതിന് ആരു സമാധാനം പറയും?
അന്തരിച്ച മുന്‍ മന്ത്രി ടി.എം.ജേക്കബിന്‍റെ കാലത്തു തുടങ്ങിയ പദ്ധതിയുടെ ലക്‌ഷ്യത്തില്‍ വര്‍ഗീയത ആരോപിക്കുന്ന ഒരു സംഘത്തില്‍ ചിലരുടെ ആക്ഷേപങ്ങള്‍ക്ക് അവര്‍ക്കുളളില്‍തന്നെ ഉയര്‍ന്ന ഒരു മറുപടി ഏറെ കൌതുകകരമായി- ‘.... സെന്റ‍്തോമസ് കേരളത്തില്‍വന്നുവെന്ന് സ്ഥാപിക്കാനാണ് ഈ ഖനനത്തിന്‍റെ ലക്‌ഷ്യമെന്നു പറയുന്നതിലര്‍ത്ഥമില്ല. അങ്ങനെയൊന്നു സ്ഥാപിക്കാന്‍ ഇതൊന്നും പോരാ. സ്ഥാപിച്ചാല്‍തന്നെ പ്രത്യേകിച്ച് അതിന്‍റെ പേരില്‍ സാമൂഹ്യ -സമുദായ ക്രമത്തില്‍ മാറ്റമൊന്നുമുണ്ടാകാന്‍ പോകുന്നുമില്ല.’

മറ്റൊരു വിമര്‍ശനം കേരളചരിത്രത്തിന്‍റെയും സംസ്കാരത്തിന്‍റെയും കാര്യത്തില്‍ ഇതുവരെ എഴുതിയവയെല്ലാം ചരിത്രകാരന്മാര്‍ക്ക് തിരുത്തിയെഴുതാന്‍ നിര്‍ബന്ധിതരാകുമെന്നതുകൊണ്ടാണ് പുതിയ കണ്ടെത്തലിനെ പഴയ തലമുറയില്‍ പെട്ട ചരിത്രകാരന്മാര്‍ എതിര്‍ക്കുന്നതെന്നാണ്. പക്ഷേ അതിനു ചരിത്രകാരന്മാര്‍ പറയുന്ന മറുപടി ഇങ്ങനെ- ‘എങ്കില്‍ പറയട്ടെ, എന്തു പുതിയ തെളിവാണ് ഇപ്പോഴത്തെ ഖനനത്തില്‍ പുറത്തുവന്നത്.’ ഖനനത്തിനെതിരേയുളള വിമര്‍ശകരുടെ സംഘടിത സമിതിയയായ  മുസിരീസ് പൈതൃക പോഷണ സമിതി ജോയിന്‍റ് സെക്രട്ടറി സതീഷ് ചന്ദ്രന്‍ ടി.എസ്.ഐയോടു പറഞ്ഞു,“ ഇപ്പോള്‍ ഖനനത്തിലൂടെ കിട്ടിയവയില്‍ 50 ശതമാനത്തിലധികം വസ്തുക്കളും 15-ാം നൂറ്റാണ്ടിനു ശേഷമുളളതാണെന്നാണു നിഗമനം. മുസിരിസ് 1341-ലെ വെളളപ്പൊക്കത്തില്‍ ഇല്ലാതായിയെന്നും പറയുന്നുണ്ട്. പിന്നെ എങ്ങനെ ഈ തെളിവുകള്‍ സ്വീകാര്യമാകും. ഇപ്പോള്‍ ഖനനത്തിന്‍റെ മേല്‍നോട്ടം വഹിക്കുന്ന ഡോ. പി. ജെ. ചെറിയാനും മറ്റും ലോകവ്യാപകമായി പ്രചരിപ്പിക്കുന്ന മുസിരിസ് എന്നാല്‍ പട്ടണമാണെന്ന വാദവും ചരിത്രവസ്തുതകളെന്ന വ്യാജേനയുളള പ്രചാരണങ്ങളും വാസ്തവത്തില്‍ ഇടതു ചരിത്രകാരന്മാര്‍ പോലും അംഗീകരിക്കുന്നില്ല. പക്ഷേ പ്രത്യയ ശാസ്ത്ര പ്രതിബദ്ധതയുടെ പേരില്‍ അവര്‍ക്ക് അദ്ദേഹത്തെ തളളിപ്പറയാനും പറ്റുന്നില്ലെന്ന അവസ്ഥയിലാണെന്നു വേണം അനുമാനിക്കാന്‍.’

വാസ്തവത്തില്‍ മുസിരീസ് എവിടെയാണെന്നു കണ്ടെത്താതെ എങ്ങനെ ഈ പദ്ധതിക്ക് മുസിരിസ് ഹെറിറ്റേജ് പദ്ധതിയെന്നു പേരിട്ടുവെന്ന ആക്ഷേപം അത്ര ഗൌരവമുളളതല്ലെന്നു തോന്നിയേക്കാം. പക്ഷേ കുട്ടി ജനിക്കും മുമ്പേ പേരിട്ടതിനു പിന്നില്‍ ‘ഒരു തീരുമാനം നടപ്പാക്കാന്‍ തെളിവു തേടിയുളള ഖനനം’ എന്ന ആരോപണത്തിനു കാരണമാകുന്നില്ലേ. പട്ടണം തന്നെ മുസിരീസ് എന്നു സ്ഥാപിക്കാനുളള വ്യഗ്രത ഈ പദ്ധതിക്കു പിന്നിലുണ്ടെന്ന ഡോ. എന്‍.എം. നമ്പൂതിരിയുടെ ആരോപണം ശരിയെന്നു തോന്നിപ്പിക്കുന്ന ന്യായങ്ങള്‍ ഏറെയുണ്ട്. ടോളമി മുതല്‍ രാജന്‍ ഗുരുക്കള്‍ വരെയുളളവര്‍ രേഖപ്പെടുത്തിയ വസ്തുതകളെ അപ്പാടെ തളളിക്കളയാനുളള വെമ്പല്‍ ഈ ഖനന പദ്ധതിയില്‍ കടന്നു കുടിയിട്ടുണ്ടോ എന്നു കാലമാണു വിധിയെഴുതേണ്ടത്.

മുസിരിസ് പദ്ധതിക്കും ഇപ്പോള്‍ അതിനു മേല്‍നോട്ടം വഹിക്കുന്ന കേരള ചരിത്ര ഗവേഷണ കൌണ്‍സിലിനുമെതിരേ ഉയര്‍ന്നു വരുന്ന അഴിമതി ആരോപണങ്ങളും അക്കൌണ്ടന്‍റ് ജനറലിന്‍റെ ക്രമക്കേടു കണ്ടെത്തലും മറ്റും പദ്ധതിക്കുമേല്‍ കരിനിഴല്‍ വീഴ്ത്തുന്നുണ്ട്. 140 കോടി രൂപ വകയിരുത്തിയ, വേണ്ടിവന്നാല്‍ 500 കോടി രൂപവരെ പോലും പോകാവുന്ന വന്‍ പദ്ധതിയെന്ന നിലയില്‍, ഒരു വന്‍ ടൂറിസം പരിപാടിയുടെ ഭാഗമായ ഈ പദ്ധതി തടസപ്പെടാതിരിക്കാന്‍ രാഷ്ട്രീയ നേതൃത്വത്തിനു താല്‍പര്യമുണ്ടായേക്കാം. പക്ഷേ ചരിത്രത്തിന് ഈ പദ്ധതി ഗുണ കരമാകണമെങ്കില്‍ വേണ്ടത് പ്രമുഖ ചരിത്രകാരന്‍ പ്രൊഫ. എം.ജി.എസ്. നാരായണന്‍ ടിഎസ്ഐയോടു പറഞ്ഞതുപോലെ (കോളം വായിക്കുക) ‘അടിയന്തിരമായി ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്‍ഡ്യ ഈ പ്രദേശത്തിന്‍റെ ഖനനം ഏറ്റെടുക്കുക’യാണ്. അതിന്‍റെ സാധ്യതയി ലാണു പദ്ധതിയുടെ ഭാവി. 

(ജനുവരി 6, 2012 the sunday indian )

“എഎസ്ഐയെ മാറ്റിനിര്‍ത്തിയത് ദുഃഖകരം”
 പ്രൊഫ. എം ജി എസ് നാരായണന്‍


മുസിരീസിനെക്കുറിച്ചുളള അറിവുകള്‍ നമുക്ക് ആദ്യമായി കിട്ടുന്നത് തമിഴ്സംഘ സാഹിത്യങ്ങളില്‍ നിന്നാണ്. മുചിറി എന്നാണ് അതിലെ പരാമര്‍ശങ്ങള്‍. അവിടം കപ്പലുകള്‍ വന്നടുക്കുന്ന സ്ഥലം എന്നാണ് വിശദീകരിച്ചിരുന്നത്. ഗ്രീക്കു കപ്പലുകള്‍ ഇവിടെ വന്നിരുന്നു. അവര്‍ നമ്മുടെ നാട്ടിലെ കുരുമുളകു കൊണ്ടുപോകുകയും പകരം സ്വര്‍ണ്ണം രാജാക്കന്മാര്‍ക്കു കൊടുക്കുകയും ചെയ്തു. അന്നു കറുത്ത പൊന്ന് എന്നാണ് കുരുമുളക് അറിയപ്പെട്ടിരുന്നത്. ഗ്രീക്കു സഞ്ചാരികളും ചരിത്രകാരന്മാരുമായ പ്ലിനി, ടോളമി, പെരിപ്ലസ് തുടങ്ങിയവരും ഇവിടത്തെക്കുറിച്ചെഴുതിയിട്ടുണ്ട്. മുസിരീസ് എന്ന് അവരാണു പരാമര്‍ശിച്ചത്. പക്ഷേ ഈ പ്രദേശം എവിടെയാണെന്ന് ആരും കൃത്യമായി ഇതുവരെ പറഞ്ഞിട്ടില്ല. പരാമര്‍ശങ്ങളിലെ സൂചനകള്‍ കൊണ്ട് കൊടുങ്ങല്ലൂര്‍ ആണെന്ന് ഏകദേശ ധാരണയായിട്ടുണ്ട്.

രണ്ടു യുവ ചരിത്രാന്വേഷികള്‍, ഡോ. ശെല്‍വകുമാറും ഡോ. ഷാജനും ചേര്‍ന്നാണ് മഴക്കാലത്ത് പട്ടണം പ്രദേശത്ത് ചില ചരിത്രാവശിഷ്ടങ്ങള്‍ കാണാറുണ്ടെന്നു കണ്ടെത്തിയത്. അക്കാലത്ത് സാംസ്കാരിക വകുപ്പു മന്ത്രിയായിരുന്ന അന്തരിച്ച ടി.എം. ജേക്കബ് ഹില്‍പാലസ് ആസ്ഥാനമാക്കി സെന്‍റര്‍ ഫോര്‍ ഹെറിറ്റേജ് സ്റ്റഡീസ് എന്ന സംവിധാനത്തിന് ആരംഭം കുറിച്ചു. ഗോപി എന്നയാള്‍ അതിന്‍റെ ഡയറക്ടറായി. ഗോപി പുരാവസ്തു വകുപ്പില്‍നിന്ന് അനുമതി നേടി ഹെറിറ്റേജ് സെന്‍ററിന്‍റെ മേല്‍നോട്ടത്തില്‍ അവിടെ ചില ഖനനങ്ങള്‍ നടത്തി. ചേര കാലത്തെ ഒന്നോ രണ്ടോ നാണയവും റോമന്‍ മണ്‍പാത്ര അവശിഷ്ടങ്ങളും മറ്റും അവര്‍ക്കു കിട്ടി. പിന്നെ സംസ്ഥാന സര്‍ക്കാര്‍ മാറി. കേരള ഹിസ്റ്ററി കൌണ്‍സിലിന് ഖനന ചുമതലയും മറ്റും കൈമാറി. തുടര്‍ന്നു നടന്ന ഖനന പരിപാടിയില്‍ കിട്ടിയ തെളിവുകള്‍ വെച്ച് അവിടമാണ് മുസിരീസ് എന്നു പറയുന്നത് എടുത്തുചാടിയുളള നിഗമനമാകും. അവിടെ ഒരു ജനപദമുണ്ടായിരുന്നോ എന്ന കാര്യം വ്യക്തമല്ല.

എന്‍റെ അഭിപ്രായത്തില്‍ ഈ സുപ്രധാനമായ ഒരു ഖനന പരിപാടിയില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്‍ഡ്യ (എഎസ്ഐ)യെ പങ്കെടുപ്പിക്കാത്തത് വളരെ നിര്‍ഭാഗ്യകരമായ കാര്യമാണ്. അവരാണ് ശരിയായ പരിജ്ഞാനമുളള, പരിശീലനമുളള, സംവിധാനങ്ങളുളള, ഈ ജോലിക്കു യോഗ്യരായ ആളുകള്‍. പക്ഷേ സംസ്ഥാന സര്‍ക്കാര്‍ അന്നു എഎസ്ഐ ക്ക് വേണ്ടത്ര പങ്കാളിത്തം കൊടുത്തില്ല. ഇപ്പോള്‍ നടത്തിയിരിക്കുന്നത് രണ്ടോ മൂന്നോ സ്ഥലത്ത് ആഴത്തില്‍ (വെര്‍ട്ടിക്കല്‍) നടത്തിയിരിക്കുന്ന ഖനനമാണ്. അതു പോരാ. മറ്റു സ്ഥലങ്ങളില്‍ പരപ്പില്‍ (ഹൊറിസോണ്ടല്‍) ഖനനവും നടക്കണം. കാരണം മുസിരീസ് ഒരു വലിയ ഗ്രാമമായിരുന്നു. പക്ഷേ അത്ര വലിയ പ്രദേശത്ത് ഖനനം അത്ര എളുപ്പമല്ല..

എന്നാല്‍ എഎസ്ഐയെ ഈ ഖനനത്തില്‍നിന്ന് അകറ്റി നിര്‍ത്തിയത് വലിയ ദുഃഖകരമായ കാര്യമാണ്. കെസിഎച്ച്ആറിന് സ്വന്തമായി ആര്‍ക്കിയോളജിസ്റ്റുകളില്ല. ലോകമെങ്ങും, നൈല്‍ നദീതീരത്തും ഇന്‍ഡോനേഷ്യയിലും ഈസ്റ്റ് ഏഷ്യയിലും നടക്കുന്ന ഖനനങ്ങള്‍ക്ക് അവിടത്തെ സര്‍ക്കാരുകള്‍ ആര്‍ക്കിയോളജി സര്‍വേ ഓഫ് ഇന്‍ഡ്യയുടെ സഹായമാണ് തേടാറ്. നമ്മള്‍ മാത്രം പക്ഷേ അവരുടെ സേവനം തേടുന്നില്ല. എനിക്ക് പറയാനുളളത് ഇപ്പോഴത്തെ കേരള സര്‍ക്കാര്‍ എഎസ്ഐയുടെ സഹായം തേടി, അവരെ കൊണ്ട് കൊടുങ്ങല്ലൂര്‍ പ്രദേശത്ത് വ്യാപകമായ ഖനനം നടത്തിച്ച് ചരിത്ര വസ്തുതകള്‍ കണ്ടെത്താനുളള ധൈര്യവും ആര്‍ജവവും കാണിക്കണമെന്നാണ്. അതുണ്ടാകുമെന്നാണ് എന്‍റെ പ്രതീക്ഷ. 

(പ്രൊഫ.എംജിഎസിനോടു സംസാരിച്ചതില്‍നിന്ന് തയ്യാറാക്കിയത്)
(ജനുവരി 6, 2012 the sunday indian )

Tuesday, January 31, 2012

റയില്‍വേ, സൌമ്യ, വാജ്പേയി, ഗാന്ധിജി

റയില്‍വേ, സൌമ്യ, വാജ്പേയി, ഗാന്ധിജി


( സൌമ്യ എന്ന 23 വയസുകാരി എറണാകളും-ഷൊര്‍ണൂര്‍ പാഞ്ചര്‍ ട്രെയിനില്‍വെച്ച് ഒരു ഒറ്റക്കയ്യന്‍ ഗോവിന്ദച്ചാമിയുടെ മനോവൈകൃതത്തിന്റെ ക്രൂരതയ്ക്കിരയായി കൊല്ലപ്പെട്ടിട്ട് ഇന്ന് ഒരു വര്‍ഷം. കേസില്‍ പ്രതിയായ ഗോവിന്ദച്ചാമി എന്ന തമിഴ്നാടു സ്വദേശിയെ രക്ഷപ്പെടുത്താന്‍ പല കുറുക്കുവഴികളും പലരും പ്രയോഗിച്ചു... ഒന്നും ഫലിച്ചില്ല. ഒടുവില്‍ അതിവേഗ കോടതി 11-11-11-ല്‍, ഗോവിന്ദച്ചാമിക്കു വധ ശിക്ഷ വിധിച്ചു. ശിക്ഷ നടപ്പാക്കിയിട്ടില്ല..... സൌമ്യയുടെ കൊലപാതകം നടന്നതിനു തൊട്ടടുത്ത ദിവസം വള്ളത്തോള്‍ നഗര്‍ കടന്ന് ഷൊര്‍ണൂര്‍ ജംഗ്ഷനിലെത്തിയ ആലപ്പുഴ-കണ്ണൂര്‍ എക്സ്പ്രസ് ട്രെയിനിലെ ഒരു അനുഭവം ഇങ്ങനെ..... സൌമ്യയെ ഓര്‍ത്തപ്പോള്‍ പോസ്റ്റു ചെയ്യുന്നുവെന്നു മാത്രം.....)
“പ്രധാനമന്ത്രിയുടെ മക്കളെ ഇങ്ങനെ ട്രെയിനില്‍ ആരെങ്കിലും ഉപദ്രവിക്കുകയും പരിക്കേല്‍ക്കുകയും അപകടപ്പെടുകയും ചെയ്താല്‍ എന്തായിരിക്കും. ഫലം...’ ഷൊര്‍ണൂരിനടുത്ത് വള്ളത്തോള്‍ നഗര്‍ റയില്‍േവസ്റ്റേഷനടുത്ത് ക്രൂര പീഡനത്തിനിരയായി ജീവന്‍ നഷ്ടപ്പെട്ട സൌമ്യയുടെ  മരണവാര്‍ത്തയറിഞ്ഞപ്പോള്‍ കണ്ണൂര്‍ എക്സ്പ്രസില്‍ യാത്രചെയ്തിരുന്ന ഒരു മദ്ധ്യവയസ്കയുടെ പ്രതികരണമായിരുന്നു അത്. റയില്‍വേ മന്ത്രിയുടെ മക്കള്‍ എന്നു പറയാഞ്ഞതിനാല്‍ ആ യാത്രക്കാരിക്ക് അത്യാവശ്യം നമ്മുടെ രാഷ്ട്രീയ നേതാക്കളുടെ ജീവിതകാര്യങ്ങളെക്കുറിച്ചു ബോധമുണ്ടെന്നു തോന്നി. അന്നു റയില്‍ മന്ത്രി ഇന്നത്തെ ബംഗാള്‍ മുഖ്യമന്ത്രിയായ, അവിവാഹിതയായ, മമതാ ബാനര്‍ജി ആയിരുന്നു) ചിലര്‍ അവരുടെ ചോദ്യത്തോടു പ്രതികരിച്ചു. അതൊരു ചെറു ചര്‍ച്ചയായി. റയില്‍വേയുടെ  പശ്നങ്ങളിലേക്കും ഇ. അഹമ്മദ് കേന്ദ്രത്തില്‍ റയില്‍വേ മന്ത്രിസ്ഥാനത്തുനിന്ന് വിദേശകാര്യവകുപ്പിലേക്കു പോയതിനെക്കുറിച്ചും അതിന്റെ ന്യൂനപക്ഷ രാഷട്രീയത്തെക്കുറിച്ചും... അഹമ്മദ് വിട്ടു പോയത് മമതാ ബാനര്‍ജിയുടെ പിടിവാശികള്‍ സഹിക്കാഞ്ഞാണെന്നും മറ്റും മറ്റും. റയില്‍വേ മന്ത്രിയായിരിക്കെ ഓ. രാജഗോപാല്‍ ചെയ്ത റയില്‍വേ വികസനത്തെക്കുറിച്ചും കേരളത്തില്‍ റയില്‍ വികസനം വൈകുന്നതിനെക്കുറിച്ചും മറ്റും മറ്റുമായി ചര്‍ച്ച നീണ്ടു. അപ്പോള്‍ പഴയ ആ സംഭവത്തെക്കുറിച്ച് ഞാന്‍ ഓര്‍മിച്ചു.

 അടല്‍ബിഹാരി വാജ്പേയി പ്രധാനമന്ത്രിയായിരിക്കെ അദ്ദേഹത്തിന്റെ അനന്തിരവന്‍ ട്രെയിനില്‍നിന്ന് വലിച്ചെറിയപ്പെട്ട് കൊല്ലപ്പെട്ട സംഭവം. യുപിയില്‍ ട്രെയിന്‍ യത്രയ്ക്കിടെ ചെറുപ്പക്കാരായ ചിലര്‍ ഒരു യാത്രക്കാരിയോട് അപമര്യാദ കാട്ടിയത് ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് വിദ്യാര്‍ത്ഥിയായിരുന്ന ആ ചെറുപ്പക്കാരന് ആക്രമണം നേരിടേണ്ടി വന്നതും ജീവന്‍ നഷ്ടമായതും. എന്നിട്ടെന്തു സംഭവിച്ചു? നാലു ദിവസം കഴിഞ്ഞാണ് പ്രതികളില്‍ ചിലരെ റയില്‍വേ പൊലീസ് പിടികൂടിയത്. റയില്‍വേ ധന സഹായം വല്ലതും നല്‍കിക്കാണും. പ്രധാനമന്ത്രിയായിരിക്കെ അനന്തിരവന്‍ കൊല്ലപ്പെട്ടപ്പോള്‍ അന്ത്യകര്‍മങ്ങള്‍ക്കിടക്ക് അമ്മാവന്‍ അവിടെ പോയി. പക്ഷേ പിന്നെയും എത്രയെത്ര ആക്രമണങ്ങളും അപകടങ്ങളും ട്രെയിനുകളില്‍ ഉണ്ടായി. ഉണ്ടായിക്കൊണ്ടിരിക്കുന്നു.

ഇക്കാര്യമൊന്നും അവിടെ ചര്‍ച്ചാവിഷയമായില്ല. യാത്രക്കാര്‍ പതിവുപോലെ സര്‍ക്കാരുകളെ, പൊലീസ് ഉദ്യോഗസ്ഥരെ, രാഷ്ട്രീയക്കാരെ എല്ലാം കുറ്റം പറഞ്ഞു. വണ്ടി ഷൊര്‍ണൂര്‍ ജംഗ്ഷനില്‍ എത്തിയപ്പോള്‍ ഒരു കൂട്ടം ചെറുപ്പക്കാര്‍ മുദ്രാവാക്യം വിളിച്ച് പ്ളാറ്റ്ഫോമിലൂടെ പോകുന്നുണ്ടായിരുന്നു. അവരുടെ ആവശ്യങ്ങളില്‍ റയില്‍വേ അധികൃതര്‍ നീതി പാലിക്കണമെന്നതും ഇങ്ക്വിലാബ് സിന്ദാബാദ് എന്നും മാത്രമാണ് വ്യക്തമായത്. ഏതാനും മിനിട്ടുകള്‍ കഴിഞ്ഞപ്പോള്‍ ടെലിവിഷനില്‍ ലൈവ് വാര്‍ത്ത കണ്ട ആരോ ഫോണ്‍ വിളിച്ചു പറഞ്ഞത് ഒരു യാത്രക്കാരന്‍ അറിയിച്ചു, റയില്‍വേ സ്റ്റേഷനു പുറത്ത് പൊലീസും പ്രകടനക്കാരും ഏറ്റുമുട്ടുന്നു, സൌമ്യയുടെ മരണത്തില്‍ പ്രതിഷേധിച്ചവര്‍ സ്റ്റേഷനില്‍ അക്രമം കാണിച്ചു, പലതും തല്ലിത്തകര്‍ത്തു, പൊലീസിനും റയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സിനും പ്രകടനക്കാര്‍ക്കും പരിക്ക് എന്നും മറ്റും. തനിക്ക് ഫോണില്‍ കിട്ടുന്ന വാര്‍ത്തകള്‍ അദ്ദേഹം അപ്പപ്പോള്‍ വിളിച്ചു പറയുന്നുണ്ടായിരുന്നു.
ഇതിനിടെ ഇടതുപക്ഷ മുന്നണിയുടെ ആഭിമുഖ്യത്തില്‍ സംസ്ഥാന ഹര്‍ത്താലാണ് നാളെയെന്ന് ആരോ കിട്ടിയ വിവരം പ്രഖ്യാപിച്ചു. പിന്നീട് അത് ഷൊര്‍ണൂര്‍ മുനിസിപ്പാലിറ്റി അതിര്‍ത്തിയില്‍ മാത്രമാണെന്നു തിരുത്തി. സൌമ്യയോടുള്ള പ്രിയംകൊണ്ടല്ല, മറിച്ച് നിയമസഭാ തെരഞ്ഞെടുപ്പടുത്തപ്പോള്‍ കേന്ദ്രത്തിലെ കോണ്‍ഗ്രസ് സര്‍ക്കാരിനോടുള്ള പ്രതഷേധമാക്കി മാറ്റാനാണിതെന്ന് ഒരാള്‍ വിമര്‍ശിച്ചു. (അയാള്‍ കോണ്‍ഗ്രസുകാരനായിരിക്കണം.) അടുത്ത പ്രതികരണങ്ങളില്‍ ഒന്ന് ഇങ്ങനെയായിരുന്നു. അഹമ്മദ് വകുപ്പുമാറിയതു നന്നായി. അല്ലെങ്കില്‍ ഓരുടെ നെഞ്ചുമ്മേക്കേറാനുള്ള കോണിയായേനെ ഇത്. (പരോക്ഷമായി അയാള്‍ താന്‍ മുസ്ളിം ലീഗാണെന്നു പ്രഖ്യാപിച്ചു.) ചര്‍ച്ചകള്‍ പുരോഗമിക്കെ സ്റ്റേഷനില്‍ വന്ന നാലു വണ്ടികള്‍ സ്റ്റേഷന്‍ വിട്ടു, നിലമ്പൂര്‍ പാസഞ്ചര്‍, തൃശൂര്‍ പാസഞ്ചര്‍, മംഗലാപുരം-ചെന്നൈ എക്സ്പ്രസ്,.... എഴുമണിക്ക് ഷൊര്‍ണൂരിലെത്തിയ കണ്ണൂര്‍ എക്സ്പ്രസ് മാത്രം അനങ്ങുന്നില്ല. യാത്രക്കാര്‍ പലരും പല കാരണങ്ങള്‍ ഊഹിച്ചു. സമയം എട്ടുമണികഴിഞ്ഞ് ഇരുപതു മിനിട്ട്. അപ്പോള്‍ റയില്‍വേയുടെ മൈക്ക് ചിലച്ചു. കണ്ണൂര്‍ വണ്ടി വൈകിയേ പുറപ്പെടൂ... യാത്രക്കാര്‍ കാരണം തിരക്കി. ബിജെപിക്കാര്‍ വണ്ടി തടഞ്ഞിരിക്കുകയാണത്രെ. സൌമ്യയുടെ മരണത്തിനുത്തരവാദിയായ റയില്‍വേയോടു പ്രതിഷേധിച്ച്. പിന്നെ ചര്‍ച്ച അതിലേക്കു തിരിഞ്ഞു, എന്തുകൊണ്ട് കണ്ണൂര്‍ വണ്ടി മാത്രം തടഞ്ഞു, എന്തിന് ബിജെപി തടഞ്ഞു. ചിലര്‍ ഉറക്കെ പ്രസ്താവിച്ച് ബിജെപിയോടുള്ള എതിര്‍പ്പു പ്രകടിപ്പിച്ചു. ഒരാള്‍, അവരുടെ ശക്തിക്കനുസരിച്ച് അവര്‍ ചെയ്യുന്നുവെന്ന് പറഞ്ഞ് തന്റെ ബിജെപി പക്ഷപാതം കുറച്ചു നര്‍മ്മത്തില്‍ പുരട്ടി പ്രസ്താവിച്ചു. അങ്ങനെ എത്രവേഗം ആ കമ്പാര്‍ട്ടുമെന്റ് അവര്‍ ഒന്നിച്ചു നിന്നു ചര്‍ച്ചചെയ്ത സൌമ്യയുടെ മരണമെന്ന സാമൂഹ്യ പ്രശ്നത്തില്‍നിന്ന്, റയില്‍വേയുടെ അപര്യാപ്തതകളില്‍നിന്ന് രാഷ്ട്രീയ കേരളത്തിന്റെ തനിപ്പകര്‍പ്പായി പല വിഭാഗങ്ങളായി പിരിഞ്ഞുവെന്ന് അതിശയപ്പെട്ടിരിക്കെ റയില്‍വേയുടെ അറിയിപ്പുവന്നു, വണ്ടി 8.40നു പുറപ്പെടാനാവുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന്. വണ്ടിക്കുള്ളിലെ ശ്വാസം മുട്ടിക്കുന്ന തിരക്കില്‍നിന്നു രക്ഷപ്പെടാന്‍ പ്ളാറ്റ് ഫോമി ഇറങ്ങി നിന്നവര്‍ കൈക്കൊട്ടിയാര്‍ത്ത് പ്രസ്താവനയെ സ്വാഗതം ചെയ്തു. അവരില്‍ അധികം പേരും ചെറുപ്പക്കാരായിരുന്നു.
ഇരുചെവികളിലും മൊബൈല്‍ ഇയര്‍ ഫോണ്‍ കുത്തിക്കയറ്റി ഒരു മണിക്കൂര്‍ 47 മിനിട്ട് വണ്ടിക്കുള്ളില്‍ ഇരുന്നവര്‍ക്കും സന്തോഷമുളവാക്കിക്കൊണ്ട് വണ്ടി നിരങ്ങി നീങ്ങി. ഈജിപ്തില്‍ ഭരണാധികാരിയുടെ പിടിപ്പുകേടിനെതിരേ ഫേസ് ബുക്കിലൂടെ ഉണ്ടായ കാമ്പയിന്‍ നാളെ ഇന്‍ഡ്യയിലും കേരളത്തിലും എല്ലാം സംഭവിക്കുമെന്ന് പ്രത്യാശിച്ച എന്റെ ഒരു വിപ്ളവ സ്വപ്നക്കാരനായ സുഹൃത്തിനെ ഓര്‍ത്തു ഞാന്‍ സങ്കടപ്പെട്ടു. ആദ്യം ക്ഷോഭിച്ച മദ്ധ്യവയസ്ക തന്റെ ഭര്‍ത്താവിനോട് അപ്പോള്‍ ചര്‍ച്ചചെയ്തത് കണ്ണൂരെത്തിക്കഴിഞ്ഞാല്‍ കാറോടിച്ച് എത്രമണിക്കു വീട്ടിലെത്താമെന്നും പിറ്റേന്ന് ഓഫീസില്‍ പോകാതെ അവധിയെടുത്താലെങ്ങനെയിരിക്കും എന്നുമായിരുന്നു.
വണ്ടിയില്‍ തിരിച്ചു കയറി വന്നപ്പോള്‍, താന്‍ തൂവാല വിരിച്ച് ബുക്ക് സീറ്റില്‍ ഒന്നിളവേല്‍ക്കാന്‍ ഇരിക്കുന്ന തലനരച്ചയാളെ കണ്ടു ക്ഷോഭം പ്രകടിപ്പിക്കന്നൂ ടീഷര്‍ട്ടും തലയില്‍ കമ്പിളിത്തൊപ്പിയും ചെവിയില്‍ മൊബൈല്‍ ഫോണ്‍ ഇയര്‍ ഫോണും ഘടിപ്പിച്ച യുവാവ്.... കാപ്പിയും വടയും കുപ്പിവെള്ളവും വില്‍ക്കാന്‍ തിരക്കിലൂടെ നൂണ്ടു നീങ്ങൂന്ന കച്ചവടക്കാരന്‍,...
വണ്ടി വേഗമെടുത്തു.... നഷ്ടമായ സമയം തിരിച്ചു പിടിക്കാനെന്നവണ്ണം...പാട്ടും കേട്ടു പടിയിലിരിക്കുന്ന യുവാക്കള്‍ ട്രെയിനിന്റെ വേഗത്തേക്കാള്‍ അതിവേഗം മനസുകൊണ്ടു സഞ്ചരിക്കുകയാണ്. ഒരു ചെറിയ അശ്രദ്ധമതി.... അതാരും കരുതാറില്ല. ചെവിയില്‍ തോള്‍കൊണ്ടു ചേര്‍ത്ത മൊബൈല്‍ഫോണില്‍ സംസാരിച്ച് ഒരു കയ്യില്‍ ബാഗും പുറത്തു മറ്റൊരു ബാഗുമായി വണ്ടിയില്‍ ചാടിക്കയറുന്നവര്‍ അപകടത്തെക്കുറിച്ച് ഭയക്കുന്നില്ല, ആഭരണങ്ങള്‍ പ്രദര്‍ശിപ്പിച്ചും ആവശ്യത്തിലേറെ ആകര്‍ഷിച്ചും അസമയത്തും ഒറ്റയ്ക്കു യാത്രചെയ്യുന്നവര്‍ സുരക്ഷയെക്കുറിച്ച് ഓര്‍മിക്കുന്നില്ല.....

ട്രെയിനില്‍ പല ശ്രേണിയില്‍ സൌകര്യങ്ങള്‍ക്കനുസരിച്ചു പണം കൂടുതല്‍ വാങ്ങി യാത്രക്കാരെ കൊണ്ടു പോകുമ്പോള്‍ അധിതര്‍ കണക്കാക്കുന്നില്ല,എല്ലാവര്‍ക്കും ഒരേ ജീവനാണെന്ന്. ഇരിക്കാന്‍ തടിപ്പലകകൊണ്ടുള്ള സീറ്റുകള്‍ ഇന്നും ഒഴിവാക്കിയിട്ടില്ല. വണ്ടിക്കുള്ളില്‍ കൂടി തലമുതല്‍ വാലറ്റം വരെ സഞ്ചരിക്കാന്‍ എല്ലാ ട്രെയിനിലും സൌകര്യമൊരുക്കുന്നതിനുള്ള മനസ് ഇന്നും അധിതര്‍ക്കില്ല. പ്ളാറ്റ് ഫോം ടിക്കറ്റെടുക്കാന്‍ മറന്നോ ധൃതിയിലോ കടന്നുപോകുന്ന മാന്യ•ാരെ ആക്ഷേപിക്കാനും 'പിടികൂടാ'നും ശുഷ്കാന്തി കാണിക്കുന്നവര്‍ അജ്ഞാതരും ലഹരിക്കടിമപ്പെട്ടവരും മാനസിക രോഗികളും മനപൂര്‍വം അങ്ങനെ ചെയ്യുന്നവരും വിഹരികുന്നതു കാണുന്നില്ല!!
ഡല്‍ഹിയില്‍ റയില്‍മ്യൂസിയത്തില്‍ പോയാല്‍ ആദ്യകാല തീവണ്ടികളുടെ കോച്ചുകളും മറ്റും സംരക്ഷിച്ച് അതില്‍ അന്നത്തെ യാത്രാക്രമവും സൌകര്യവും മറ്റും മാതൃകയാക്കി വെച്ചിട്ടുണ്ട്. അതില്‍ കാണാം ബ്രിട്ടീഷ് മേലാള•ാര്‍ അന്തസോടെ ഒന്നാം ക്ളാസില്‍ യാത്രചെയ്യുന്ന രീതിയും സൌകര്യവും പാവം ഇന്‍ഡ്യന്‍ സാധാരണക്കാര്‍ അനുഭവിച്ചിരുന്ന സൌകര്യങ്ങളും. സ്വാതന്ത്യ്രം കിട്ടി ഇത്രയൊക്കെയായിട്ടും അതിനൊന്നും വലിയ വ്യത്യാസമുണ്ടായിട്ടില്ലെന്നതാണ് സത്യം.

വള്ളത്തോള്‍ നഗറില്‍ പീഡനമേറ്റും പിടഞ്ഞും മരിച്ച സൌമ്യയ്ക്കുണ്ടായ ജീവിത ദുരന്തം പോലെയൊന്ന് അന്നു ദക്ഷിണാഫ്രിക്കയില്‍ ബാരിസ്റ്റര്‍ ആയരുന്ന, പില്‍ക്കാലത്ത് മഹാത്മജിയായി മാറിയ, എം.കെ.ഗാന്ധിക്കു പുറത്തേക്കു വലിച്ചെറിയപ്പെട്ട റയില്‍വേ യാത്രയ്ക്കിടെ സംഭവിച്ചിരുന്നെങ്കില്‍ എന്നും മറ്റും ചിന്തിച്ചു ഭയന്നിരിക്കെ അടുത്ത സ്റ്റേഷനായ പട്ടാമ്പിയില്‍ വണ്ടി നിന്നു. ഞാന്‍ എത്ര മിടുക്കന്‍ എന്ന മട്ടില്‍ ഇറങ്ങി നടക്കുമ്പോള്‍ ഞാനൊഴിഞ്ഞ സീറ്റിനു വേണ്ടി അകത്തു തര്‍ക്കവും തള്ളും നടക്കുന്നതു കാണാമായിരുന്നു....... അവര്‍ക്കിടയില്‍ സൌമ്യയും ഗോവിന്ദച്ചാമിയും റയില്‍വേയുടെ അവഗണനയും ഒന്നും ചര്‍ച്ചയില്ലായിരുന്നു.....

Saturday, January 28, 2012

പരിപ്പുവടയുടെ ഗന്ധവും 
പ്രാണന്‍ വിറ്റ ചായയും

കഴിഞ്ഞ ദിവസം രഘുവിനെ കണ്ടപ്പോഴാണ് 
ആ പഴയ കഥകള്‍ ഓര്‍മ്മിച്ചത്. അതെക്കുറിച്ചെഴുതാന്‍ ഇരിക്കുമ്പോള്‍, ഒച്ചയുണ്ടാക്കാതെ ഞാനെന്താണെഴുതുന്നതെന്ന് അറിയാനെന്നപോലെ പിന്‍ജാലകത്തിലൂടെ കടന്നുവന്ന ഇളം കാറ്റിന് ആ പഴയ ഗന്ധം. നാടന്‍ വെളിച്ചെണ്ണയില്‍ മൂക്കുന്ന, കറിവേപ്പിലയും ചെറിയുള്ളിയും പച്ചമുളകും തുവരപ്പരിപ്പും കൂടി മൂക്കുന്ന സുഗന്ധം. ഹായ്!! നീട്ടിയൊന്നു വലിച്ചു കയറ്റി.... അപ്പോള്‍ ഞാന്‍ കാവാലത്തെ വൈപ്പും പാടത്തില്‍ കരയില്‍ ഉച്ചകഴിഞ്ഞ് ഏതാണ്ടു മൂന്നു മണിയോടെ പടിഞ്ഞാറുനിന്ന വന്ന് കിഴക്കോട്ടു പോയി ചുറ്റിത്തിരിഞ്ഞു അവിടെത്തന്നെ കറങ്ങിയടിക്കു കാറ്റില്‍ പനയോലകൊണ്ടുള്ള ചെറിയ കാറ്റാടി ഉണ്ടാക്കി അതില്‍ നീലവും ചുണ്ണാമ്പും ചേര്‍ത്ത് നിറം കൊടുത്ത് വേഷം കോലില്‍ ഇട്ടുണ്ടാക്കിയ കാറ്റാടിയുടെ കറക്കം ആസ്വദിക്കുന്ന അഞ്ചാം ക്ളാസുകാരനായി.... അത്തരം വേളകളിലാണ് ആ സുഗന്ധം വരാറ്... നാട്ടുകാര്‍ സ്നേഹപൂര്‍വം അളിയനെന്നു  വിളിച്ചിരുന്ന അദ്ദേഹത്തിന്റെ ചയക്കട... അമ്പലത്തിലും സ്കൂളിലും പോകുമ്പോള്‍ അവിടത്തെ ചില്ലരമായലില്‍ ഇരുന്നു ചിരിക്കുന്ന പരിപ്പുവടയും ഉണ്ട (ബോണ്ട)യും (ഇത് ഇന്ന് അകത്തു മസാലവെച്ച ബോണ്ടയല്ല... എങ്ങനെയാണോ പഴയ ആ ഉണ്ട ഉണ്ടമ്പൊരിയായത്, എത്തയ്ക്കാപ്പം (അതു പഴംപൊരിയായിരിക്കുന്നു ഞങ്ങടെ നാട്ടിലും).... 
ആ ചിരിയെല്ലാം കടയുടെ മുന്നില്‍ ചെല്ലുന്ന വേളയിലേ ആകര്‍ഷിച്ചിരുന്നുള്ളു. എന്നാല്‍ ഈ സുഗന്ധമുണ്ടല്ലോ, അത് ഇങ്ങോട്ടു വരുമായിരുന്നു. മൊരിഞ്ഞ പരിപ്പുവടയുടെ സ്വാദ് ഒന്നു വേറേതന്നെ... പച്ചമുളകും ചെറിയുള്ളിയും കറിവേപ്പിലയും കൃത്യമായ അളവില്‍ ചേര്‍ന്ന്... ഒരു സുവര്‍ണ നിറത്തില്‍ മൊരിഞ്ഞ്, അകത്തു മഞ്ഞ നിറം നിറഞ്ഞ്, വെളിച്ചെണ്ണ കിനിയുന്ന പരിപ്പുവട... വല്ലപ്പോഴും വാങ്ങുന്ന (ചായക്കടയില്‍ കയറുന്നത് അന്നെല്ലാം ആക്ഷേപകരമായിരുന്നു... ചായക്കടയിലെ പലഹാരങ്ങള്‍ വാങ്ങുന്നതും എന്തോ മോശപ്പെട്ട കാര്യമായി കണക്കാക്കപ്പെട്ടിരുന്നു... ഇന്ന് മൂന്നു നേരം ഹോട്ടല്‍ ഭക്ഷണം കഴിച്ചു കഴിയേണ്ടുന്ന സാഹചര്യങ്ങളില്‍ ആ കാലം ഒരു കൌതുകമായി ഓര്‍മയില്‍ വരാറുണ്ട്...) ആ പരിപ്പുവട കൊതിയോടെ തിന്നുന്നതിന്റെ അവസാന അവസാന ഭാഗം പൊതിഞ്ഞുകൊണ്ടുവന്ന ആ കടലാസു മണപ്പിക്കലാണ്.
അങ്ങനെ ഒരിക്കല്‍ ഒരു ചേച്ചിയാണ് ആ അഭിപ്രായം മുന്നോട്ടു വെച്ചത്. നമ്മള്‍ പരിപ്പുവടയുണ്ടാക്കുന്നു. അതിനു മുന്നോടിയായി നിര്‍മാണം പഠിക്കാന്‍ വിട്ടത് ഞങ്ങളെയാണ്. ഞാനും ചേട്ടനും കൂടി അങ്ങനെ ചായക്കടയുടെ പിന്നാമ്പുറത്തു പോയി. അന്നു വയസു 13-14 ആയെന്നാണോര്‍മ്മ. ഉച്ചയൂണുകഴിഞ്ഞ് അടുക്കളില്‍ അദ്ദേഹം വലിയ ആട്ടുകല്ലില്‍ പരിപ്പ് അരയ്ക്കുകയാണ്... ഞങ്ങള്‍ കാര്യം പറഞ്ഞു... ആദ്യമൊന്നു ചിരിച്ചു... എന്റെ കച്ചവടം പൂട്ടിക്കുമോ.... ഇവിടുന്നു വാങ്ങിയാല്‍ പോരേ എന്നു ചോദ്യവും വന്നു... പിന്നെ പറയാന്‍ തുടങ്ങി... കടയ്ക്കുള്ളില്‍ ബഞ്ചിനു മുകളില്‍ അരിഞ്ഞു വെച്ചിരിക്കുന്ന ഉള്ളിയും മുളകും നോക്കി വരാന്‍ പറഞ്ഞു... അകത്ത് ബഞ്ചില്‍ ഒരുകൂന ഉള്ളി അരിഞ്ഞിരിക്കുന്നു.... അവിശ്വസനീയം ഒരു ഫാക്ടറിയില്‍ ഉണ്ടാക്കിയതുപോലെ.. എല്ലാ കഷ്ണവും ഒരേ വലുപ്പത്തില്‍...... പച്ചമുളക് ഒരു ചെറുകൂന... അവയും അച്ചടക്കമുള്ള പട്ടാളക്കാരുടെ ഒരു കൂട്ടം പോലെ... കറിവേപ്പിലയുമുണ്ട് ഒരു പിടി.... പിന്നെ വിളിച്ചു.. അത് കണ്ടോ... ഇനി ഇതുപോലെ പരിപ്പ് അരച്ചെടുക്കണം. ഈ പരിപ്പ് രാവിലെ അഞ്ചുമണിക്ക് വെള്ളത്തിലിട്ടു കുതിര്‍ത്തതാണ്.... എണ്ണ തിളയ്ക്കുമ്പോള്‍ പരിപ്പില്‍ ഉള്ളിലും വേപ്പിലയും മുളകും ചേര്‍ത്ത് ചെറു വലുപ്പത്തില്‍ വട പരത്തി അതിലിട്ട് മൂത്ത മണം വരുമ്പോള്‍ കോരിയെടുക്കുക....വട എണ്ണയില്‍ ഇടുമ്പോള്‍ എണ്ണ പൊട്ടിത്തെറിക്കാതെ സൂക്ഷിക്കണം എന്നൊരുപദേശവും....
ഞങ്ങള്‍ കുതിച്ചു വീട്ടിലേക്ക്... നിര്‍മാണ രഹസ്യം പങ്കുവെച്ചു. പിറ്റേന്ന് പരിപ്പുവടനിര്‍മാണ യജ്ഞം... തലേന്നേ വാങ്ങിയ പരിപ്പു പുലര്‍ച്ചെ വെള്ളത്തിലിട്ടു. പാടുപെട്ട് ഉള്ളിയും മുളകും ഒരേ വലുപ്പത്തില്‍ അരിഞ്ഞെടുത്തു. ഊണുകഴിഞ്ഞപ്പോള്‍ പരിപ്പ് കഴുകിയെടുത്ത് അരച്ചു. അരയാന്‍ വിഷമം... വെള്ളം ചേര്‍ത്ത് അരച്ചു...
എണ്ണ മൂത്തു... വട പരത്തി... എണ്ണയിലിട്ടു... പരിപ്പു പലവഴിക്ക്... ഉള്ളി കരിഞ്ഞ് എണ്ണക്കു മുകളില്‍ പൊന്തി... കണ്ണോപ്പയിട്ടിളക്കി പൊക്കിയപ്പോള്‍ കരിഞ്ഞ പരിപ്പിന്റെ അവശിഷ്ടങ്ങള്‍ മാത്രം....
പഴി ഞങ്ങള്‍ക്കായി... ഞങ്ങള്‍ അളിയനെ സംശയിച്ചു... പറഞ്ഞുതത് തെറ്റിയോ... ആദ്യം നാണക്കേട്...പിന്നെ ദേഷ്യം...
ഒന്നു ചോദിച്ചിട്ടുതന്നെ കാര്യം .....നേരേ കടയിലേക്ക്....
ങും?? എന്താ വടയുണ്ടാക്കിയോ?...
മിണ്ടിയില്ല...
എന്തു പറ്റി...??
വടയുണ്ടാക്കിയില്ല... അതിനു കാര്യം പറഞ്ഞു...
ഹഹഹഹ എന്നൊരു പൊട്ടിച്ചിരി... പിന്നെ ചോദ്യം ചെയ്യല്‍... പരിപ്പു കഴുകിയാണോ കുതിരാന്‍ ഇട്ടത്....? മറുപടി-അല്ല....
ഛെ... കുതിര്‍ന്നു കഴിഞ്ഞു കഴുകിയാല്‍ പരിപ്പിന്റെ പശിമ പോകില്ലെ.... അതാണു പ്രശ്നം... അരച്ചപ്പോള്‍ വെള്ളം ചേര്‍ത്തോ...?? മറുപടി-ചേര്‍ത്തു...
ഹാ കഷ്ടം.... കുറച്ചെങ്കിലും പശിമ ഉണ്ടായിരുന്നെങ്കില്‍ അതും പോയിക്കിട്ടിക്കാണും.... സാരമില്ല... ഇനി ഉണ്ടാക്കുമ്പോള്‍ ശ്രദ്ധിച്ചാല്‍ മതി... ഇപ്പോള്‍ ഈ വട കൊണ്ടുപൊയ്ക്കോ... പൈസ പിന്നെ കൊണ്ടുവന്നാല്‍ മതി.....
ആ പരിപ്പുവടയ്ക്ക് പതിവിലുമേറെ സ്വാദുണ്ടായിരുന്നോ....... പില്‍ക്കാലത്ത് കണ്ണന്‍ചേട്ടനാണ് ആ കട നടത്തിയത്. കണ്ണന്‍ചേട്ടന്റെ സ്പെഷ്യല്‍ 'അള്‍ഗാ'യിരുന്നു.... ഇഡ്ഡലിത്തട്ടില്‍ ഉണ്ടാക്കിയെടുക്കുന്ന, ഗോതമ്പുകൊണ്ടുള്ള, ഇളം മധുരമുള്ള, ഉള്ളില്‍ ഒരുകൊത്തു തേങ്ങയുള്ള ആ ഭക്ഷണത്തിന് ആരാണ് 'അള്‍ഗ്' എന്നു പേരിട്ടതെന്നറിയില്ല. അതിനു മറ്റൊരു പേരും ചേരില്ലായിരുന്നു...... അന്നത്തെ കാവാലം ജംഗ്ഷനെന്നോ ടൌണ്‍  എന്നോ ഒക്കെ വിശേഷിപ്പിക്കാമായിരുന്ന മുലേച്ചേരിയില്‍ കേശവന്റെ കടയിലെ പ്രത്യേകത ഉണ്ടയായിരുന്നു... കേശവനുണ്ട എന്നായിരുന്നു പേര്....അങ്ങനെ എത്രയെത്ര കടകള്‍.. കഥകള്‍ ... 
നാട്ടുമ്പുറത്തെ ചായക്കടകള്‍ എല്ലാ നാട്ടിനും ഒരു മുഖമായിരുന്നു... ഇന്നു നാട്ടിന്‍ പുറത്തും ചായക്കടകള്‍ റസ്റ്ററന്റുകളായി.... പൊറോട്ടയും ഇറച്ചിയും ചപ്പാത്തിയും ചിക്കനും ബിരിയാണിയും ഫ്രൈഡ് റൈസും ആണു മുഖ്യ മെനു....
ആ പഴയ കാലം...
പള്ളിയറക്കാവ് അമ്പലത്തിലെ ഉത്സവകാലം.. വിശാലമായ അമ്പലപ്പറമ്പില്‍ എട്ടു താല്‍കാലിക ചായക്കടകള്‍ വരെ എണ്ണിയിട്ടുണ്ട് ഞാന്‍... അതില്‍ രാമകൃഷ്ണന്‍ ചേട്ടന്റെ ചായക്കടയിലെ ചായക്കുള്ള വെള്ളം തിളയ്ക്കുന്ന ചെമ്പു പാത്രം സംസാരിക്കുന്നതു കേള്‍ക്കാന്‍ പോയി നില്‍ക്കുമായിരുന്നു...
കിടുകിടു.. കിടുകിടുകിടു... കിടു..എന്നിങ്ങനെ...
പാത്രം പറയുന്നത് ഇതാണ്, അല്ല, അതാണ് എന്നു ഞങ്ങള്‍ കുട്ടികള്‍ തര്‍ക്കിക്കുമായിരുന്നു..
പിന്നൊരിക്കലാണറിഞ്ഞത് അതു വെള്ളം തിളയ്ക്കുന്നതിന്റെ ചൂടറിയാനുള്ള സംവിധാനമായിരുന്നുവെന്നറിഞ്ഞത്...
 20 പൈസയുടെ പഴയ പിത്തള നാണയമായിരുന്നുവത്രേ അത്.... അതു ചെമ്പു പാത്രത്തില്‍ ചെന്നു മുട്ടുന്ന ശബ്ദമായിരുന്നു അത്..... 
ഒടുവില്‍ പങ്കന്‍ ചേട്ടന്റെ ചായക്കടക്കഥ കൂടി പറഞ്ഞു നിര്‍ത്താം...(ഇതിലെ കഥാപാത്രമായ മണിയന്‍ ചേട്ടന്‍ പറഞ്ഞ കഥ) പങ്കന്‍ ചേട്ടന്‍ ചായക്കട നടത്തുന്നു...ഏറെ ചെറുപ്പക്കാര്‍ അന്നു നാട്ടില്‍ തൊഴിലില്ലാതെ നടന്ന കാലം... ആല്‍ത്തറയിലും അമ്പലക്കടവിലും ആറ്റുവക്കത്തും ഇവരുടെ വിഹാരം... തൊഴിലില്ലെങ്കിലും ചായക്കടയില്‍ നിന്നു ഭക്ഷണം, ചായ... കടമാണു കാര്യങ്ങള്‍... പറ്റു പറയുക പോലുമില്ല... കിട്ടില്ലെന്നു പങ്കന്‍ചേട്ടനറിയാം, കൊടുക്കാനാവില്ലെന്ന്  മണിയന്‍ ചേട്ടനും മറ്റു പറ്റുകാര്‍ക്കും അറിയാം...എങ്കിലും പങ്കന്‍ചേട്ടന്‍ കൃത്യമായി എഴുതിവെക്കും... രാജ്യവ്യാപകമായി ജനസംഖ്യാ പെരുപ്പം തടയാന്‍ 'നമ്മള്‍ രണ്ട്, നമുക്കു രണ്ട്' പദ്ധതിയുടെ ഭാഗമായി കുടുംബാസൂത്രണം തകൃതിയായി നടക്കുന്ന കാലം...
കാലത്ത് പത്തുമണിക്ക് കടയടച്ച് പങ്കന്‍ചേട്ടന്‍ പത്തരമണിയുടെ ബോട്ടില്‍ ആലപ്പുഴക്കു പോയി.... പിറ്റേന്നു കാലത്തെ   കട തുറന്നുള്ളു... പതിവുപോലെ ദോശയും ചായയും കഴിച്ച്, കടയുടെ മുന്നിലുള്ള തോട്ടില്‍ കൈകഴുകി, പാലം കയറി, മണിയന്‍ ചേട്ടന്‍ അമ്പലപ്പറമ്പു ലക്ഷ്യമാക്കി പോകുമ്പോള്‍ പിറകില്‍ നിന്നു കൈകൊട്ടി വിളിക്കുന്നു പങ്കന്‍ചേട്ടന്‍...
ദയനീയമായി ഇങ്ങനെ ഒരു പ്രസ്താവനയും.....
'എടാ മഹാ പാപീ... പ്രാണന്‍ വിറ്റ കാശാണ്... പൈസ തന്നില്ലെങ്കിലും പറ്റു പറഞ്ഞിട്ടെങ്കിലും പോടാ....'
സംഭവത്തിന്റെ ഫ്ളാഷ് ബാക്ക് ഇങ്ങനെ- പങ്കന്‍ചേട്ടന്‍ തലേന്ന് ആലപ്പുഴക്കു പോയത് കുടുംബക്ഷേമ തീവ്രയജ്ഞ പരിപാടിയില്‍ പങ്കെടുക്കാനാണ്. വന്ധ്യംകരണം നടത്തി 250 രൂപ വാങ്ങി, അതില്‍നിന്ന് ഒരു കിലോ തേയിലയും രണ്ടു കിലോ പഞ്ചസാരയും വാങ്ങി വന്നതാണ് വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമായ പങ്കന്‍ചേട്ടന്‍... ആ സങ്കടമെല്ലാം തീര്‍ക്കുകയായിരുന്നു 'പ്രാണന്‍ വിറ്റ...' എന്ന ആ പ്രയോഗത്തിലൂടെ....
രഘു നാട്ടില്‍ അവധിക്കു വന്നതാണ്.... പിറ്റേന്നു തിരിച്ചു പോയി... എപ്പോള്‍ വന്നാലും പോകുമ്പോള്‍ മധുച്ചേട്ടന്റെ കടയില്‍ പറഞ്ഞ് എണ്ണയില്‍ വറുക്കുന്ന കേക്കുണ്ടാക്കിക്കും... മൈദയും പഞ്ചസാരയും മുട്ടയും ചേര്‍ത്തുണ്ടാക്കുന്ന എണ്ണയില്‍ വറുത്ത കേക്കുകള്‍... അതു കുറേ കൊണ്ടു പോയി അന്യനാട്ടില്‍ കഴിയുന്ന മക്കള്‍ക്കൊപ്പമിരുന്നു  തിന്നുന്നത് ഒരു സുഖമാണെന്ന് രഘുവിന്റെ പക്ഷം....
ഇപ്പോഴും നാട്ടില്‍ പോയാല്‍ ഏതെങ്കിലും ചായക്കടയില്‍നിന്ന് ഒരു ചായ ഞാന്‍ കുടിക്കും... അതൊരു സുഖമാണ്... ഓര്‍മകള്‍ക്ക് പുതിയ ഉന്‍മേഷം നല്‍കും.... പക്ഷേ ചില്ലലമാരയില്‍ ചിലപ്പോള്‍ ചിരിക്കുന്നത് മരിച്ച കോഴിയും മരവിച്ച പൊറോട്ടയുമായിരിക്കും....

Monday, January 23, 2012

ദേവിമാര്‍ കുളിച്ച കുളം

ദേവിമാര്‍ കുളിച്ച കുളം


പിന്നിൽ കാണുന്നില്ലെ ഒരു കുളം... അമ്പലക്കുള മാണു...ഞങ്ങടെ നാട്ടിലെ ഭഗവതിയുടെ കുളം... പള്ളിയറക്കാവു ദേവിയുടെ കുളം...എങ്ങും കായ ലും പാടവും തോടും പുഴകളും  കുളങ്ങളും നിറ ഞ്ഞ ഞങ്ങടെ നാട്ടിൽ കുളം ഞങ്ങൾക്കൊരു വലിയ കാഴ്ചയൊന്നുമല്ല... അമ്പലത്തിന്; അല്ല അമ്പല ങ്ങൾക്കു ചുറ്റുമായി അഞ്ചു വലിയ കുളങ്ങളുണ്ട്... അവയ്ക്കെല്ലാം പല പ്രത്യേകതകളും...
പക്ഷെ ഇന്നിപ്പോൾ കാണുന്ന കുളമല്ല അന്നത്തേത്.... ഇപ്പോൾ കാണുന്ന ടാറിട്ട റോഡുകൊണ്ടു നാടു കണ്ണെ ഴുതിയിരുന്നില്ല അന്നെല്ലാം ...ഇരു പുറവും കദളി പ്പൂക്കൾ വിരിഞ്ഞു നിൽക്കുന്ന പഴയ നാട്ടുവഴി.... രണ്ടു പേർക്കു നടന്നു പോകാം...വഴിയരികിൽ വേന ൽ പച്ചകളെന്നു വിളിക്കുന്ന നല്ല ആസ്വാദ്യമായ ഗന്ധ മുള്ള ചെളിയും മണലും കലർന്ന വഴി... തോട്ടു വക്കിൽ വേഴംകോലെന്നോ..വേഷം കോലെന്നോ വിളിച്ചിരുന്ന മുളവർഗത്തിൽ പെട്ട ചെടി... .ഇടയ് ക്കിടയ്ക്ക്  ചൊറിയിക്കുന്ന നായ്കുരണച്ചെടി...കുള വക്കത്തെ വലിയ ആൽ മരം...
എന്റെ വീട്ടിൽനിന്നു വിളിച്ചാൽ വിളി കേൾക്കാം അമ്പലത്തിൽ ...പക്ഷെ അന്നു രണ്ടു പാലം കടന്നു വേണമായിരുന്നു അമ്പലത്തിലെത്താൻ...ഒറ്റയ്ക്കു പോകുക അപൂർവമായിരുന്നു... സ്കൂളിൽ പോയി ത്തുടങ്ങിയ കാലത്തും... പൂജ കഴിഞ്ഞു നട അടച്ചാൽ അമ്പലം വഴി പ്പോകുവാൻ ഭയമായിരുന്നു.. അനുഗ്ര ഹിക്കുന്ന ദേവിയുടെ നിഗ്രഹ കഥകളാണ് അധിക വും കേട്ടിരിക്കുന്നത്, അതുകൊണ്ടുതന്നെയാണ് പേടിയും.....
കുളത്തിന്റെ കഥ പറയാം. അമ്പലത്തിലെ ശാന്തി ക്കാര്‍ക്കു കുളിക്കാന്‍ വേറേ കുളമുണ്ട്. അവിടെ നാട്ടുകാര്‍ ആരും കാലോ കയ്യോ പോലും കഴുകില്ലാ യിരുന്നു. ഇവിടെ ഈ കുളത്തില്‍ നാട്ടുകാര്‍ക്കു കുളി ക്കാനനുവാദം ഉണ്ടായിരുന്നു. സ്ത്രീകള്‍ക്കു കുളിച്ച് ഈറന്‍ മാറാന്‍ ഒരു കുളിപ്പുരയും. (കുട്ടിക്കാലത്തു മുതിര്‍വര്‍ ചൂളം വിളിച്ചും ചൂണ്ടയിട്ടും നാട്ടുതോ ടിന്റെ വക്കത്തും കുളപ്പുരയുടെ പരിസരത്തും ഒക്കെ നടന്നിരുന്നതിന്റെ പൊരുള്‍ പിന്നെ  എത്ര വളര്‍പ്പോളാണ് മനസിലായതെന്നോ....) കുളപ്പുരയു ടെ ഒരു വശത്തെ ഓടും പലകകൊണ്ടുള്ള മറയും പല ദിവസങ്ങളിലും തകര്‍ക്കപ്പെട്ടിരുന്നതും ഈ നാടന്‍ പൂവാലന്‍മാരുടെ   വിക്രിയകളായിരുത്രേ.... അതൊക്കെ മനസിലാക്കുന്നതിനു മുമ്പാണ് ഈ കഥ.
അമ്പലത്തിന്റെ കഥയും ദേവിയുടെ വിലാസങ്ങളു മൊക്കെ പറയാന്‍ നാട്ടിന്‍ പുറങ്ങളില്‍ പഴമക്കാര്‍ ക്ക് ആയിരം നാവാണ്. മുത്തശ്ശിമാര്‍ക്കാണെങ്കില്‍ ഭാവനകൊണ്ട് അമ്മാനമാട്ടമാണു വിനോദം. പാറു വമ്മുമ്മ പറഞ്ഞ കഥ ഇങ്ങനെയാണല്ലാ എന്നു പറ ഞ്ഞാല്‍ പിന്നെ തങ്കയമ്മൂമ്മയ്ക്ക് അതിനേക്കാള്‍ ഡോസുകൂടിയ ഒരെണ്ണം പറഞ്ഞില്ലങ്കില്‍ ശരിയാ കില്ല. അങ്ങനെ കഥകളിലൂടെ അത്ഭുതവും വിസ്മ യവും ഉള്ളുകിടുങ്ങുന്ന ഭയവുമായി കഴിയുന്ന ഒരു ദിവസമാണ് വേലു സ്വാമി ആ കഥ പറഞ്ഞത്......
" അതു രാത്രിയിലല്ല, നട്ടുച്ചക്ക്, ശീവേലി കഴിഞ്ഞു.. നട്ടുച്ചയെന്നാല്‍ നട്ടുച്ച. എന്റെ നിഴല്‍ എനി ക്കു തന്നെ  കാണാന്‍ വയ്യ. ഞാന്‍ അമ്പല മതിലിന്റെ കിഴക്കേ തലയ്ക്കല്‍ എത്തി... വഴിയിലെങ്ങും ആരു മില്ല.... എനിക്കൊരുഭയം... ഞാനാണെങ്കില്‍ എന്നും  കൊണ്ടുനടക്കുന്ന ചെറിയ പേനാക്കത്തി എടുത്തിട്ടുമില്ല. അമ്പലത്തിന്റെ വശത്തേക്കൊ ന്നു  പാളി നോക്കി... അനക്കമില്ല.... ആലില പോലും അനങ്ങുന്നില്ല...കൊടിമരത്തിലെ കൊടിക്കയര്‍ ഇള കുന്നുണ്ട്. ഞാന്‍ മുന്നോട്ടു തന്നെ നടന്നു... ചെറിയ മണിയൊച്ച... അതു കൂട്ടമണിയായി... എനിക്കു വിയര്‍ത്തു... ഭയം തോന്നി.... ഓടാന്‍ വയ്യ... നട ക്കാനും വയ്യ... ഒരു വിധം മുന്നോട്ടു പോയി... കണ്ണില്‍ ഇരുട്ട്... മതിലിന്റെ പടിഞ്ഞാറേ അറ്റമെ ത്തി...കുളത്തില്‍ എന്തോ അനക്കം...സമാധാ നമായി... ആരോ ഉണ്ടല്ലാ.... ഞാന്‍ അങ്ങോട്ടു പാളി നോക്കി... കുളത്തില്‍ വെള്ളമനങ്ങുന്നു .. പക്ഷേ ആരും വെള്ളത്തിലില്ല... ഞാന്‍ പിന്നെയും  നോക്കി... "
"ദേവീ.....നോക്കിക്കേ...എന്റെ മേല്‍മുഴുവന്‍ കുളിരുകണ്ടോ.... (വേലൂ സ്വാമി ഒന്ന് നിര്‍ത്തി ..  കുളിര് കാണിച്ചു തന്നു.. രോമങ്ങള്‍ എഴുന്നേറ്റു നില്‍ക്കുന്നു ... രോമ കൂപങ്ങള്‍ വസൂരിത്തുടിപ്പ് പോലെ ...
" ഞാന്‍ എന്താ കണ്ടത്.....????" 

 ഉരുണ്ട കണ്ണും കുറുകിയ ശരീരവും വലിഞ്ഞു മുറു കിയ ഞരമ്പുകളും ഉള്ള വേലു സ്വാമി എന്നും കഴു ത്തില്‍ കാണാറുള്ള തുളസി മാലയില്‍ പിടിച്ചു കൊണ്ടു തൊഴുതു നിന്നു പ്രാര്‍ത്ഥിക്കുന്നു....  ഞ ങ്ങള്‍ കുട്ടികള്‍ക്കു പരിഭ്രാന്തിയായി.... ഞങ്ങള്‍ മൂവരും കൈകള്‍ കോര്‍ത്തു പിടിച്ചു... സ്വാമി എന്തായിരിക്കും പറയാന്‍ പോകുത്....
സ്വാമി കണ്ണു തുറന്നു .... "ഞാനെന്താ കണ്ടതെന്ന റിയാമോ.... കുളപ്പുരയില്‍ ഓടിനു മുകളില്‍ ചുവന്ന പട്ട്... ആഭരണങ്ങള്‍.... ഒരു സ്ത്രീ കുളപ്പടിയി ലിരുന്നു തലമുടി കോത്തുന്നു ... നീണ്ട മുടി... കൈ കൊണ്ടു വിടര്‍ത്തുകയാണ്....മഞ്ഞള്‍ പോലെ ശരീ രം... ഞാന്‍ ഒന്നു നോക്കി നിന്നു.. എനിക്ക് എന്താണു ചെയ്യേണ്ടതെറിയാതെ പോയി..അപ്പോള്‍ പൊയ്ക്കോ എന്നു കൈ പൊക്കി എന്നോട് ആജ്ഞാപിച്ചു... ഞാന്‍ തിരിഞ്ഞു നോക്കാതെ പാഞ്ഞു.... അന്ധാളിച്ചു നിന്ന ഞങ്ങളോടു പറഞ്ഞു... ഇനി നിങ്ങളെങ്ങാനും ആ സമയത്തു പോയാല്‍ അങ്ങനെ എന്തെങ്കിലും കണ്ടാല്‍ നോക്കരുതേ... ഓടിക്കോണം...."
കുളപ്പുര അങ്ങനെ ഒരു ഭയപ്പുരയായി ഞങ്ങളില്‍ നില്‍ക്കവേയാണ് ഗോപാലന്‍ തന്റെ കഥ പറഞ്ഞ ത്... അയാള്‍ ദേവിയെ കണ്ടത് അത്താഴപ്പൂജ കഴി ഞ്ഞ ഒരു ദിവസമാണത്രേ... അപ്പോഴും ദേവി കുളി ക്കുകയായിരുന്നു .... ദേവി കുളിക്കുന്ന ഈ കുളത്തി ല്‍ ഉണ്ടായിരുന്ന കുളപ്പുര ഇന്നില്ല. ഉത്സവകാലത്ത് വേലകളിയുടെ കുളത്തില്‍ വേല നടക്കുന്നതു കാണു മ്പോള്‍ അന്നും ഇന്നും  ഈ കുളത്തിന്റെ സൌന്ദര്യം ആസ്വദിക്കുക ഒരു സുഖമാണ്.
 ഒരു കാലത്ത് താമര പൂത്തു നില്‍ക്കുന്നത് ഒരു സുന്ദ ര കാഴ്ചയായിരുന്നു. കുട്ടിയായിരിക്കുമ്പോള്‍ ഞാന്‍ കണ്ട് കയ്യടിച്ചിരു ഒരു കാഴ്ചയാണ് നല്ല വേനല്‍ ചൂടില്‍ കുളത്തിനു നടുവിലെ ഒരു കല്‍തൂണില്‍ ഒരു ആമക്കുഞ്ഞ് കയറിയിരുന്നു വെയിലു കായുന്നത്. പതിറ്റാണ്ടുകള്‍ക്കു ശേഷം അതേ കാഴ്ച എന്റെ മകന്‍ കണ്ടതായി പറഞ്ഞു.... കുളത്തില്‍ കുളിക്കു ദേവിയെ കണ്ടില്ല... പക്ഷേ കുറേ കാലം കഴിഞ്ഞു കേട്ട ഒരു കഥയില്‍ നാട്ടിലെ ഒരു സ്ത്രീ അസമയങ്ങളില്‍ അമ്പലക്കുളത്തില്‍ കുളിക്കാന്‍ പോകുമായിരുന്നുവെന്നും പറഞ്ഞു കേട്ടു.... ഏറെ ദുരൂഹതകള്‍ക്കിടെ ആയുവതി നാട്ടില്‍ നിന്നും അപ്രത്യക്ഷയായി.... ഏതോ രഹസ്യ ചികി ത്സയ്ക്കായി വീട്ടുകാര്‍ എങ്ങോട്ടോ കൊണ്ടു പോയ താണ്... ആ ....ദേവിയും വേലു സ്വാമിയും ഗോപാല നും മറ്റും കണ്ട ദേവിയും ഓയിരുന്നോ.... എനിക്കി ന്നും അതൊരു ദുരൂഹതയാണ്.....

Wednesday, December 21, 2011



 ഇവര്‍ മറവിയില്‍ മുങ്ങി പോകരുതേ
 നമ്മുടെ സ്മാരകങ്ങളും ഗ്രന്ഥശാലകളും അധികൃതരുടെ അവഗണനയുടെ പരകോടിയില്‍ എത്തിനില്‍ക്കുന്നു


നാണയവും ഗ്രന്ഥങ്ങളുമാണ് എക്കാലത്തും എവിടെയും നാഗരികതയുടെ അടയാളങ്ങള്‍- പോയകാല പ്രതാപചരിത്രങ്ങളുടെ അവശേഷിപ്പുകളാണവ. അവയുടെ ആവിഷ്ക്കര്‍ത്താക്കളായ ഭരണാധികാരികളും എഴുത്തുകാരും അതിലൂടെ കൊണ്ടാടപ്പെടും; അവയുടെ മൂല്യത്തിലൂടെ. ദൌര്‍ഭാഗ്യകരം; നമ്മുടെ രാജ്യത്തെമ്പാടും നാണയത്തിനും നാട്ടക്ഷരത്തിനും മൂല്യം കുറഞ്ഞു പോകുന്ന തരത്തില്‍ അവഗണനയാണ്. മറ്റു നാടുകളിലെ എഴുത്തു തമ്പുരാന്മാര്‍ ആരാധിക്കപ്പെടുമ്പോള്‍ നമ്മുടെ നാട് പ്രവൃത്തിയില്‍ എഴുത്തിനെയും എഴുത്തുകാരെയും അവഗണിക്കുന്നു. കൊച്ചു കേരളത്തിന്‍റെ ഇത്തിരി വെട്ടത്തില്‍ നിന്ന് ചില ചിത്രങ്ങള്‍-വിശ്വസാഹിത്യകാരന്മാരായി വളര്‍ന്നവര്‍ക്കും ജീവിതം അക്ഷരങ്ങള്‍ക്കുഴിഞ്ഞുവെച്ചവര്‍ക്കും “ഇതു താന്‍ ഗതി”!!

ജ്ഞാനപീഠ പുരസ്കാര ജേതാവായ കഥാകാരന്‍ തകഴി ശിവശങ്കരപ്പിളളയുടെ ജന്മശതാബ്ദിവര്‍ഷമാണ് 2012. കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവം പതിനഞ്ചാം വര്‍ഷത്തിലേക്കു കടക്കുന്ന ഇക്കൊല്ലം ആ അക്ഷര പുരുഷന്‍റെ സ്മരണാര്‍ത്ഥം തകഴി സ്മൃതിയാത്ര എന്ന സാംസ്ക്കാരിക യാത്ര സംഘടിപ്പിച്ചു. തകഴിയില്‍ നിന്ന്, ഡിസംബര്‍ 2 മുതല്‍ 10 ദിവസം പുസ്തകോത്സവം നടക്കുന്ന കൊച്ചിയിലേക്ക്. നയിച്ചത് സാംസ്കാരിക നായകര്‍. ആ യാത്ര കടന്നുപോകുന്ന വഴിയിലെ എഴുത്തുകാരുടെ സ്മാരകങ്ങളില്‍ പ്രണാമ പ്രയാണമാകട്ടെയെന്നായി ചിന്ത. ആസൂത്രണം ചെയ്യുമ്പോള്‍ ആ ഹ്ലാദകരമായിരുന്നു, ആഘോഷമായിരുന്നു യാത്ര. പക്ഷേ, ആവിഷ്ക്കരണം പൂര്‍ത്തിയായപ്പോള്‍ ആശങ്കകളും ആത്മനൊമ്പരവുമേറെ. 15 സ്മാരകങ്ങളാണ് സന്ദര്‍ശിച്ചത്. എല്ലാറ്റിന്‍റെയും സ്ഥിതി പരിതാപകരം. ഒരുപക്ഷേ, കേരളത്തിലെമ്പാടും എഴുത്തുകാരുടെ സ്മാരകങ്ങളും അവരുടെ അക്ഷരക്കൂട്ടുകളുടെ സംരക്ഷണ കേന്ദ്രങ്ങളാകേണ്ട ഗ്രന്ഥശാലകളും ഈ സ്ഥിതിയിലായിരിക്കും. ഒരു നാടിന്‍റെ സാംസ്കാരികതയുടെ ജീര്‍ണിപ്പിന്‍റെ കങ്കാളരൂപങ്ങള്‍ പോലെ- വിരലിലെണ്ണാവുന്നവയുണ്ടാകും വ്യത്യസ്തമായിയെന്നും പറയട്ടെ.

വിദേശരാജ്യങ്ങള്‍ സന്ദര്‍ശിച്ച് പ്രമുഖ എഴുത്തുകാര്‍ അവിടത്തെ ‘എഴുത്തച്ഛന്മാ’രുടെ സ്മാരകാലയങ്ങളെക്കുറിച്ച് ആരാധനയോടെ യാത്രാവിവരണമെഴുതുമ്പോഴും അനുസ്മരിക്കുമ്പോഴും നമുക്കു പുളകംകൊളളും. പക്ഷേ, നമ്മുടെ സ്വന്തം എഴുത്തുകാരുടെ സ്മാരകങ്ങളോ? തകഴിയില്‍ ചെല്ലുമ്പോള്‍ തകഴി സ്മാരകത്തിനും മ്യൂസിയത്തിനും ഭരണസമിതിയില്ല. പുതിയ സര്‍ക്കാര്‍ വന്നിട്ട് സമിതി പുനഃസംഘടിപ്പിച്ചില്ല. സമിതിയില്ലാത്തതുകൊണ്ട് മ്യൂസിയം ചോര്‍ന്നൊലിക്കണമോ? ചുറ്റും മുട്ടോളം പൊക്കത്തില്‍ പുല്ലുവളര്‍ന്നു നില്‍ക്കണമോ? അറിയില്ല. സ്മൃതിയാത്ര ഉദ്ഘാടനം ചെയ്ത സാംസ്കാരിക വകുപ്പു മന്ത്രി കെ. സി. ജോസഫിന് കുറ്റബോധം. അതു പരസ്യമായി ഏറ്റുപറഞ്ഞു, പുതിയ സമിതി ഒരാഴ്ചയ്ക്കുളളില്‍ നിലവില്‍ വരുമെന്ന് പ്രഖ്യാപിച്ചു. ഈ റിപ്പോര്‍ട്ടെഴുതുമ്പോള്‍ പ്രസ്താവന വന്ന് 10 ദിവസം കഴിഞ്ഞു, സമിതി ആയിട്ടില്ല. തകഴിക്കടുത്ത് പ്രസിദ്ധമായ അമ്പലപ്പുഴ, ചെമ്പകശ്ശേരി രാജാവിന്‍റെ കൊട്ടാര ആസ്ഥാനം. ഇന്ന് അമ്പലപ്പുഴ അമ്പലത്തിലെ പാല്‍പായസം കൊണ്ടു മാത്രമാണ് കീര്‍ത്തി. ഇവിടത്തെ കളിത്തട്ടിലാണ് കുഞ്ചന്‍നമ്പ്യാര്‍ ജനകീയ കലാപ്രസ്ഥാനമായ തുളളല്‍ അരങ്ങേറ്റിയത്. ഇവിടെയാണ് മേല്‍പ്പത്തൂര്‍ നാരായണ ഭട്ടതിരി നാരായണീയം ഒഴികെയുളള കൃതികള്‍ രചിച്ചത്. പക്ഷേ, അതൊക്കെ പഴമക്കാരുടെ സ്മൃതിയില്‍ മാത്രം. കുഞ്ചന്‍നമ്പ്യാര്‍ സ്മാരകവും ഒഡിറ്റോറിയവും ജനക്കൂട്ടം- തുളളല്‍ കാണാന്‍ പോയപ്പോള്‍ ഒഴിഞ്ഞ ചാക്യാരുടെ സദസുപോലെ. അവിടെയും ഭരണസമിതി പുനഃസംഘടിപ്പിച്ചിട്ടില്ല. മിമിക്രി യും മോണോ ആക്ടും കോമഡിയും തല യറഞ്ഞാടുന്ന കേരളത്തില്‍ ഇതു തിരിച്ചറിയുക-ജനകീയനായ, കേരളത്തെ എക്കാലത്തേക്കും ചിരിച്ചു ചിന്തിക്കാന്‍ പഠിപ്പിച്ച നമ്പ്യാരുടെ പേരില്‍ സര്‍ക്കാര്‍ ഒരു അവാര്‍ഡു നല്‍കുന്നില്ല.

അമ്പലപ്പുഴയിലാണ് കേരളത്തിലെ സുശക്തമായ ഗ്രന്ഥശാലാപ്രസ്ഥാനത്തിന്‍റെ ആദ്യത്തെ രജിസ്റ്റര്‍ ചെയ്ത ഗ്രന്ഥ ശാലയും വായനശാലയും- സാഹിത്യ പഞ്ചാനനന്‍ പി. കെ. നാരായണ പിളളയുടെ സ്മാരകാര്‍ത്ഥം. 1946ല്‍ തുടങ്ങിയ ലൈബ്രറി കെട്ടിടം അതേപോലെ. സൌകര്യങ്ങള്‍ തീരെയില്ല. പുസ്തകങ്ങള്‍ ജീര്‍ണ്ണിച്ചു തുടങ്ങി. ഗ്രന്ഥശാല പ്ലാറ്റിനം ജൂ ബിലിയാഘോഷവര്‍ഷത്തിലാണ്; 75 വര്‍ഷം നിലനിന്നതിന്‍റെ ക്ലേശം പ്രകടിപ്പിച്ചു കൊണ്ട്- സംഘാടകര്‍ ഒരു പുതിയ കെട്ടിടത്തിനുളള പദ്ധതി ആസൂത്രണം ചെയ്യുന്നു. ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്‍റെ സര്‍വസ്വമായിരുന്ന പി. എന്‍.പണിക്കരുടെ സ്മൃതി മണ്ഡപത്തിലേക്കുളള യാത്രയില്‍ കുട്ടനാട്ടിലെ പുളിങ്കുന്നിലാണ് ഐ. സി. ചാക്കോയുടെ ഭവനം. ശാസ്ത്രവും സാഹിത്യവും പാണ്ഡിത്യവും ഒന്നിച്ച ഒരു മനീഷിയുടെ ഭവനം. അത്യപൂര്‍വ്വവും അതിവിശിഷ്ടവുമായ ഗ്രന്ഥശേഖരം കാത്തു സംരക്ഷിക്കുന്നത് ഐ.സി.യുടെ മകള്‍ 70 വയസെത്തിയെ ബേബി. അവസാന കാലത്ത് ഐ.സി. ആ മുറി ഉപയോഗിച്ചിരുന്ന അതേപടി സംരക്ഷിച്ചുനിര്‍ത്തിയിരിക്കുന്നു. വരും കാലം ഇതെല്ലാം എന്താകുമെന്ന ആശങ്ക ബേബി പ്രകടിപ്പിക്കുന്നു. ഒരുപക്ഷേ, വ്യവസ്ഥാപിതമായ സംരക്ഷണത്തിന് ആരും മുതിരാത്തതിനാലാവണം ഈ പുസ്തകപ്പുര ഇങ്ങനെ നിലനില്‍ക്കുന്നതെന്നും തോന്നി. ഐസിയുടെ ഭവനത്തില്‍ നിന്ന് അകലെയല്ലാതെ ‘സന്താനഗോപാലം’ ആട്ടക്കഥയെഴുതിയ മണ്ഡവപ്പളളി ഇട്ടിരാരിശ്ശിമേനോന്‍റെ ജന്മ സ്ഥലം. അനന്തര തലമുറ വീടും നാടും വിട്ടുപോയപ്പോള്‍ അവിടെ അവശേഷിപ്പുകള്‍ ഒന്നുമില്ലാതായി.

വായനയെ കൊന്നത് സിനിമയാണോ? എങ്കില്‍ മലയാള സിനിമയുടെ നിര്‍മ്മാണം നാട്ടിലേക്കു കൂട്ടിക്കൊണ്ടുവന്ന കുഞ്ചാക്കോയുടെ ഭവനവും ആ പഴയ മാതാ സിനിമാക്കൊട്ടകയും പുളിങ്കുന്നില്‍ ആളുകളെ ആകര്‍ഷിച്ചുനില്‍ക്കേണ്ടതല്ലെ.
 
അടുത്തകരയായ കാവാലം. ആ ഗ്രാമത്തില്‍ ജനിച്ച് കടലുകള്‍ക്ക് അക്കരെകളില്‍ നയതതന്ത്രജ്ഞനും അധ്യാപകനും വിസിയും ഭാഷാപ്രദേശരൂപീകരണത്തിലെ ആസൂത്രകരില്‍ ഒരാളും എഴുത്തുകാരനുമായ സര്‍ദാര്‍ കെ. എം പണിക്കരുടെ ജന്മദേശം. മലയാള കവിതയില്‍ ആധുനികതയുടെ അവതാരകനായിരുന്ന ഡോ. കെ. അയ്യപ്പപ്പണിക്കരുടെ ജീവിതാ ന്ത്യത്തിലാണ് അദ്ദേഹം കാവാലത്തുകാരനാണെന്ന് പുറംലോകവും നാട്ടുകാരും മിക്കവരും അറിഞ്ഞത്. സ്വന്തം ജന്മ നാട്ടില്‍ അന്ത്യവിശ്രമം വേണമെന്നായിരുന്നു വില്‍പത്രം. പക്ഷേ, സര്‍ദാറും അനന്തിരവനും വിശ്വപ്രസിദ്ധരാണെങ്കിലും ജന്മനാട്ടില്‍ ഒരു സ്മാരകമില്ല! സ്ഥലത്തെ വായനശാലക്ക് സര്‍ദാരിന്‍റെ പേരിട്ടു, പക്ഷേ, ആ പേര് ഗ്രന്ഥശാലാ സംഘത്തിന്‍റെ രജിസ്റ്ററില്‍ കയറിയിട്ടില്ല! അയ്യപ്പപ്പണിക്കര്‍ക്ക് സ്മാരകം പണിയാന്‍ ആലപ്പുഴ ജില്ലാ പഞ്ചായത്ത് തീരു മാനിച്ചിട്ടുണ്ട്!

ഇന്ന് ദീര്‍ഘകാല അവധിയെടുത്ത് ഗള്‍ഫില്‍ പോകുന്ന അധ്യാപകര്‍ക്കിടയില്‍ അപവാദമായിരുന്നു പി. എന്‍. പണിക്കര്‍. അദ്ദേഹം അവധിയെടുത്തത് സംസ്ഥാനത്തെ വായനശാലകള്‍ സംഘടിപ്പിക്കാനായിരുന്നു. കന്യാകുമാരി മുതല്‍ കാസര്‍കോട്ടു വരെ രണ്ടുവട്ടം കാല്‍നടയാത്ര ചെയ്ത് പുസ്തകത്തിനും വായനക്കും പുസ്തകപ്പുരക്കും സ്വയം സമര്‍ പ്പിച്ച ആ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്‍റെ സ്ഥാപകനെ സ്മരിക്കാനുളള പി. എന്‍. പണിക്കര്‍ സനാതന ധര്‍മ്മ ഗ്രന്ഥശാല ജന്മനാടായ നീലംപേരൂരില്‍. ആരും സഹിക്കില്ല അതിന്‍റെ അവസ്ഥ കണ്ടാല്‍. അധികാരികളുടേയും സംസ്കാരകേര ളത്തിന്‍റെയും തന്നെ കൃതഘ്നതയുടെ കറുത്ത പാടുപോലെ.

കോട്ടയം ജില്ലയിലെ കോടിമതയില്‍ കൊട്ടാരത്തില്‍ ശങ്കുണ്ണി സ്മാരക ഗ്രന്ഥ ശാല. തൊട്ടുപിന്നില്‍ കൊട്ടാരത്തില്‍ വീട്. അതിന്‍റെ സമീപം ഐതിഹ്യവും അത്ഭുതവും കൊണ്ട് ലക്ഷാവധി പേരെ വായനയുടെ ലോകത്തെത്തിച്ച അക്ഷരമാ ന്ത്രികന്‍റെ ആരാധനാ മൂര്‍ത്തിയായിരുന്ന പളളിപ്പുറത്തുകാവ് ദേവിയുടെ ക്ഷേത്രം. ക്ഷേത്രത്തിനു നാട്ടുകാരും വിശ്വാസിക ളും കൊടുക്കുന്ന പ്രാധാന്യം അക്ഷരക്ഷേത്രത്തിനു നല്‍കുന്നുണ്ടോ എന്നു ശങ്കിക്കണം. കൊട്ടാരം വീട്ടില്‍ അക്ഷരങ്ങളെ ആവാഹിച്ച അകത്തളം, വാളും ചിലമ്പും നാരായവും എഴുത്തോലയും മറ്റും ചേര്‍ന്ന് പഴമയുടെ മാന്ത്രിക നിഗൂഢാന്തരീക്ഷം തീര്‍ക്കുന്നു. പക്ഷേ, വേണ്ട സംരക്ഷണം കിട്ടാതെ അവ ജീര്‍ണിക്കുന്നു.
 
തകഴിയാത്ര ബഷീര്‍ ജന്മഗൃഹത്തിലെത്തിയപ്പോള്‍ തലയോലപ്പറമ്പിലെ ജനങ്ങള്‍ യാത്രയെ പ്രൌഢോജ്വലമായി വര വേറ്റു. പക്ഷേ, വൈക്കം മുഹമ്മദ് ബഷീറെന്ന വിശ്വവിഖ്യാതന്‍റെ സ്മാരകം ഇനിയും പണിതുയര്‍ന്നിട്ടില്ല; തുടങ്ങിയിട്ടു ണ്ട്. അവിടെ വീട്ടുമുറ്റത്ത് പുറംപോക്കില്‍ നടത്തിയ അനുസ്മരണ-സ്വീകരണ ചടങ്ങില്‍ വെയില്‍ കൊണ്ടിരുന്നവരില്‍ ബഷീറിന്‍റെ സോദരന്‍ അബൂബക്കറുമുണ്ടായിരുന്നു. വൈക്കം ടിവി പുരത്തെ കവി പാലാ നാരായണന്‍ നായരുടെ വസ തിയായിരുന്ന അടുത്ത കേന്ദ്രം - പാലായുടെ ജന്മശതാബ്ദി വര്‍ഷമാണു വരുന്നത്. കേരളത്തിന്‍റെ വളര്‍ച്ച അതിസൂക്ഷ്മമായി ഒരോ കവിതകളിലൂടെയും വരച്ചിട്ട കവിക്ക് സ്മാരകം എവിടെ? അതെക്കുറിച്ച് കൂടുതല്‍ എഴുതാതിരിക്കാനെന്ന വണ്ണം കവി മുമ്പേ പറഞ്ഞുവെച്ചിരിക്കുന്നു - “കോട്ടങ്ങളോരോന്നും പൊക്കിപ്പിടിച്ചു കൊണ്ടോട്ടവും ചാട്ടവും നന്നോ സഖാക്കളെ” എന്ന്. അടുത്തുതന്നെ വടക്കുംകൂര്‍ രാജരാജവര്‍മ്മയെന്ന സംസ്കൃതപണ്ഡിതന്‍റെ ഗൃഹം. അതിന്‍റെ ഭാവി ഒരു ചോദ്യചിഹ്നമായി നില്‍ക്കുന്നു. സംസ്കൃത സാഹിത്യ ചരിത്രം മാത്രം മതി ആ സ്മരണ നിലനില്‍ക്കാന്‍, പക്ഷേ.....
 
സ്മൃതിയാത്ര ചേര്‍ത്തല വാരനാട്ടെ ഇരയിമ്മന്‍ തമ്പി സ്മാരകത്തില്‍.  പുരാവസ്തുവകുപ്പിന്‍റെ സംരക്ഷിത സ്മാരകം. എട്ടുകെട്ട് ഏറെക്കുറേസംരക്ഷിച്ചിരിക്കുന്നു. പക്ഷേ, അതു പുറംമോടി മാത്രം. സംരക്ഷണത്തിനു സര്‍ക്കാര്‍ അനുവദിച്ച 15 ലക്ഷം രൂപ വിനിയോഗിക്കാനാവുന്നില്ല. കെട്ടിടത്തിലുളള ബന്ധുക്കളുടെ അവകാശത്തര്‍ക്കം മൂലം. കേസ് കോടതിയില്‍... യാത്ര വയലാര്‍ രാമവര്‍മ്മയുടെ ജന്മഗേഹത്തിനു ചേര്‍ന്നുളള സ്മാരകത്തില്‍ എത്തുമ്പോള്‍ അതും ഒരു പണിതീരാത്ത വീട്. മലയാളിയുടെ നിത്യജീവിതത്തിന്‍റെ തന്നെ ഈണവും ഈരടിയുമായ വയലാറിന്‍റെ സ്മാരകം പൂര്‍ത്തിയാകാത്തതെ ന്തേ? ആ സ്മാരകം നിര്‍മ്മിക്കാന്‍ എന്താണ് ഇത്ര വൈകിയത്?

യാത്രയുടെ അവസാന പാദം- ചേര്‍ത്തല കടയ്ക്കരപ്പളളിയിലെ ഇട്ടി അച്യുതന്‍റെ ഭവനം. 17-ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ആ വൈദ്യ-സംസ്കൃത പണ്ഡിതനെക്കുറിച്ചുളള ഓര്‍മകളും അദ്ദേഹം വളര്‍ത്തിയ ഔഷധ സസ്യങ്ങളും പച്ചപിടിച്ചു നില്‍ ക്കുന്നു. അവിടെ നൂറുകണക്കിനു പേര്‍ തടിച്ചുകൂടി, അവര്‍ക്ക് ഹോര്‍ത്തൂസ് ഇന്‍ ഡിക്കൂസ് മലബാറിക്കൂസിനെക്കുറിച്ചുളള ജഞാനം കുറവായിരുന്നുവെങ്കില്‍ കൂടി. അവടെ ഒരു വലിയ സ്മാരകം വരുമെന്ന പ്രതീക്ഷയിലാണു പക്ഷേ അവര്‍. അതിനുളള പദ്ധതികള്‍ സമര്‍പ്പിച്ചു കാത്തിരിക്കുന്നു. യാത്ര കവിതിലകന്‍ പണ്ഡിറ്റ് കെ.പി.കറുപ്പന്‍റെ സ്മാരകമായ ഇടക്കൊച്ചിയിലെ ഓഡിറ്റോറിയത്തിലെത്തി. ചെറിയൊരു സ്വീകരണം ഏറ്റുവാങ്ങി.
യാത്ര സമാപിച്ചത് എറണാകുളം പബ്ലിക് ലൈബ്രറി അങ്കണത്തിലായിരുന്നു. 141 വയസു തികയുന്ന അക്ഷരഖനി. അവ സ്ഥ അത്ര മെച്ചമാണെന്ന് ആരും പറയില്ല.

വായനശാലകളേയും ഗ്രന്ഥപ്പുരകളേയും ആളില്ലാത്തിടങ്ങളാക്കിയത് ഡിജിറ്റല്‍ ലോകമാണെന്നാണ് വയ്പ്.- സിനിമയും ടിവിയും കമ്പ്യൂട്ടറും മറ്റും മറ്റും. സിനിമാ വ്യവസായം സംരക്ഷിക്കാനും സിനിമാ തീയേറ്ററുകള്‍ ആധുനിക വല്‍ക്കരിക്കാനും 250 കോടിയും മറ്റു സൌജന്യങ്ങളുമായി സര്‍ക്കാര്‍ പിന്നാലെ നടക്കുന്നു. അതു വേണ്ടെന്ന് പിണങ്ങി സമരത്തിന്‍റെ വഴിയില്‍ തീയേറ്റര്‍ ഉടമകള്‍ പോകുന്നു.

നമ്മുടെ സാംസ്കാരിക സ്മാരകങ്ങളും ഗ്രന്ഥശാലകളും ഫണ്ടിന്‍റെയും ഇച്ഛാശക്തിയുടേയും അഭാവത്തില്‍ ചക്രശ്വാസം വലിക്കുന്നു. നാടിന്‍റെ സംസ്കാരാവസ്ഥയുടെ പ്രതിഫലനമായിത്തീരുന്നു ഈ നേര്‍ക്കാഴ്ചകള്‍. .....
  •  
തകഴി: തകഴി ശിവശങ്കരപ്പിളള (1912-1999) ചെറുകഥാകൃത്ത്, നോവലിസ്റ്റ്, ആലപ്പുഴയില്‍ കുട്ടനാട്ടിലെ തകഴിയില്‍ ജനനം. 1984-ല്‍ ജ്ഞാനപീഠം പുരസ്കാരം ലഭിച്ചു.

കുഞ്ചന്‍ നമ്പ്യാര്‍ : തുളളല്‍ പ്രസ്ഥാനത്തിന്‍റെ ഉപജ്ഞാതാവ്. (1700) ജനനം ഒറ്റപ്പാലം കിളളിക്കുറിശ്ശി മംഗലത്ത്. അമ്പ ലപ്പുഴയില്‍ ചെമ്പകശ്ശേരി രാജാവിന്‍റെ കൊട്ടാരത്തില്‍ താമസിച്ചു. മലയാളത്തിന്‍റെ ജനകീയ കവി. 
സാഹിത്യ പഞ്ചാനനന്‍  പി.െക. നാരായണ പിളള:  സാഹിത്യ നിരൂപകന്‍, പണ്ഡിതന്‍ (1938 മ) മഹാരാജാസ് കോളേജില്‍ അധ്യാപകനായിരുന്നു. 1972ല്‍ നിയമസഭാംഗമായി. മലയാള സാഹിത്യ വിമര്‍ശനത്തിന് ആധുനിക ശൈലി നല്‍കി. 

ഐ. സി. ചാക്കോ : വൈയാകരണന്‍, ബഹുഭാഷാ പണ്ഡിതന്‍ (1875-1966) ആലപ്പുഴ കുട്ടനാട്ടില്‍ പുളിങ്കുന്നില്‍ ജനനം. 1956ല്‍ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് നേടി. തിരുവി താംകൂര്‍ സര്‍ക്കാരിന്‍റെ ജിയോളജിസ്റ്റായിരുന്നു. വ്യവസായ ഡയറക്ടറും.

സര്‍ദാര്‍ കെ. എം. പണിക്കര്‍: (1895-1963) ചരിത്രകാരന്‍, സാ ഹിത്യകാരന്‍, നയതന്ത്രജ്ഞന്‍. കുട്ടനാട്ടിലെ കാവാലത്ത് ജനിച്ചു. കേരളസാഹിത്യ അക്കാദമിയുടെ ആദ്യത്തെ പ്രസിഡന്‍റ്. 

ഡോ. അയ്യപ്പപ്പണിക്കര്‍: (1930-2006) കാവാലത്ത് ജനനം. ഇംഗ്ലീഷ് അധ്യാപകന്‍. ആധുനിക കവിതയുടെ പ്രയോക്താവ്. വിവിധ വിദേശസര്‍വകലാശാലകളില്‍ അധ്യാപകനായ അന്താ രാഷ്ട്ര പ്രശസ്തന്‍.

പി. എന്‍. പണിക്കര്‍:
കേരള ഗ്രന്ഥശാലാ സംഘത്തിന്‍റെ സ്ഥാപകന്‍ (1909-95) കോട്ടയം ജില്ലയിലെ നീലംപേരൂരില്‍ ജനനം. അധ്യാപകനായിരുന്നു.1947ല്‍ അദ്ദേഹം സ്ഥാപിച്ച തിരു- കൊച്ചി ഗ്രന്ഥശാലാസംഘം 1957-ല്‍ ഗ്രന്ഥശാലാ സംഘമായത്. ഗ്രന്ഥാലോകം പത്രാധിപര്‍, കാന്‍ഫെഡ് സെക്രട്ടറി.

കൊട്ടാരത്തില്‍ ശങ്കുണ്ണി : കവി, വൈദ്യന്‍, വൈയാകരണന്‍, ഐതിഹ്യമാലയുടെ കര്‍ത്താവ് (1855-1937) ജനനം കോട്ടയ ത്തെ കോടിമതയില്‍. ശരിയായ പേര് വാസുദേവന്‍. 59 കൃതികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

വൈക്കം മുഹമ്മദ് ബഷീര്‍: (1908-1994) വൈക്കത്തിനടുത്ത് തലയോലപ്പറമ്പില്‍ ജനിച്ചു. മലയാളത്തിന്‍റെ ഈ വിശ്വപ്രസിദ്ധ എഴുത്തുകാരന്‍ കോഴിക്കോട്ട് ബേപ്പൂരിലാക്കി സ്ഥിരതാമസം.പാലാ നാരായണന്‍ നായര്‍: (1911-2008) പ്രസിദ്ധ കവി, പട്ടാ ളക്കാരനും അധ്യാപകനുമായി. കേരള സര്‍വകലാശാലയുടെ പ്രസിദ്ധീകരണ വിഭാഗം ഡയറക്ടറായി. കേരള സാഹിത്യ അക്കാദമിയുടെ പ്രഥമ സെക്രട്ടറിയായിരുന്നു. 

വടക്കുംകൂര്‍ രാജരാജവര്‍മ്മ: (1891-1970) സംസ്കൃത പണ്ഡി തന്‍, സാഹിത്യകാരന്‍. വൈക്കത്ത് ജനിച്ചു. 30ല്‍ അധികം ഗ്രന്ഥങ്ങള്‍ രചിച്ചു. 

ഇരയിമ്മന്‍ തമ്പി: തിരുവിതാംകൂറിലെ ആസ്ഥാനകവിയായി രുന്നു 1815ല്‍. സാഹിത്യം സംഗീതം എന്നിവകളില്‍ നിപുണന്‍. 1783-ല്‍ തിരുവനന്തപുരത്ത് ജനിച്ചു. ചേര്‍ത്തലയില്‍ നടു വിലെ കോവിലകത്താണ് പിതൃഭവനം. ആട്ടക്കഥകളും പ്രസി ദ്ധമായ ‘ഓമനത്തിങ്കള്‍ കിടാവോ’ എന്ന താരാട്ടുപാട്ടും ‘പ്രാണനാഥന്‍ എനിക്കു നല്‍കിയ...’ എന്ന ഗാനവും എഴുതി. 
വയലാര്‍ രാമവര്‍മ്മ: (1928-75) കവി. ഗാനരചയിതാവ്. ചലച്ചിത്ര ഗാനകാരന്‍. മലയാളത്തിന്‍റെ പ്രിയപ്പെട്ട കവി. ആലപ്പുഴ ചേര്‍ത്തലയ്ക്കടുത്ത് വയലാറില്‍ ജനനം.

ഇട്ടി അച്യുതന്‍: (17-ാം നൂറ്റാണ്ട്)
പ്രാചീന കേരളീയ ആയുര്‍ വേദ വൈദ്യനും പണ്ഡിതനും. ചേര്‍ത്തലയ്ക്കടുത്ത് കാക്കരപ്പ ളളിയില്‍ ജീവിച്ചു. ഇദ്ദേഹത്തിന്‍റെ കേരളാരാമം എന്ന ഓഷധ സസ്യങ്ങളെക്കുറിച്ചുളള വിശിഷ്ട ഗ്രന്ഥരചനയാണ് ഹെന്‍റിക് വാന്‍റീഡിന്‍റെ ഹോര്‍ത്തൂസ് ഇന്‍ഡിക്കൂസ് മലബാറിക്കൂസ് എന്ന ബൃഹദ്ഗ്രന്ഥത്തിന്‍റെ രചനക്ക് പ്രേരകമായത്. 

എറണാകുളം പബ്ലിക് ലൈബ്രറി:  കൊച്ചി രാജ്യത്തെ ആദ്യ പബ്ലിക് ലൈബ്രറി. ഇപ്പോള്‍ 141 വയസ്. ഒന്നര ലക്ഷത്തിലധികം പുസ്തകങ്ങള്‍. റഫറന്‍സ് വിഭാഗത്തില്‍ മാത്രം 20,000-ല്‍ അധികം. 200-ല്‍ അധികം ആനുകാലികം. ഇംഗ്ലീഷ്, മലയാളം, തമിഴ്, സംസ്കൃതം, കൊങ്കണി, ഫ്രഞ്ച് ഭാഷാ പുസ്തകങ്ങള്‍ ഇവിടെ ലഭ്യം.

Konkani_language_Anandan N N_

അഭിമുഖം

'കൊങ്കണി അന്താരാഷ്ട്ര ഭാഷയാണ്'



കൊങ്കണി ഭാഷ സംസാരിക്കുന്ന വലിയൊരു ജനവിഭാഗം ഉണ്ടായിട്ടും പല കാരണങ്ങളാല്‍ ആ ഭാഷ പൊതുധാരയില്‍നിന്നു വേറിട്ടുനില്‍ക്കുകയാണ്. സ്വകീയ സാഹിത്യം കൊണ്ടും വിവര്‍ത്തന സമ്പത്തുകൊണ്ടും ഇന്ന് കൊങ്കണി സാഹിത്യ സമ്പന്നമാണ്. എന്നാല്‍ ലിപിയുടെ കാര്യത്തില്‍ കൊങ്കണിയുടെ സ്ഥാനം ഇനിയും സ്വന്തം മുദ്ര രേഖപ്പെടുത്തിയിട്ടില്ലെന്ന പോരായ്മ നിലനില്‍ക്കുന്നു. അഖില ഭാരത കൊങ്കണി പരിഷത്തിന്‍റെ അടുത്ത അദ്ധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന പ്രൊഫ. ആനന്ദന്‍ എന്‍. എന്‍ ടിഎസ്ഐയോടു സംസാരിക്കുന്നു. മംഗലാപുരം ആസ്ഥാനമായ സെന്‍റര്‍ ഫോര്‍ കള്‍ചറല്‍ സ്റ്റഡീസ് ആന്‍റ് റിസര്‍ച്ചിന്‍റെ ചുമതല നോക്കുകയാണ് ഇദ്ദേഹം ഇപ്പോള്‍....

? ഒരു സമ്പൂര്‍ണ ഭാഷ എന്ന നിലയില്‍ കൊങ്കണിയുടെ ഇന്നത്തെ സ്ഥിതി എന്താണ്?
കൊങ്കണി സ്വതന്ത്ര സാഹിത്യഭാഷയാണെന്ന് വിശ്രുത ഭാഷാ ശാസ്ത്രജ്ഞന്മാര്‍ സാക്‌ഷ്യപ്പെടുത്തിയിട്ടുണ്ട്. സുമിത്രാ മംഗേശ് ഖത്രി സുനീതി കുമാര്‍ ചാറ്റര്‍ജി തുടങ്ങിയവര്‍ കൊങ്കണി ഭാഷയ്ക്കു സാഹിത്യ അക്കാഡമിയുടെ അംഗീകാരം കിട്ടുന്നതില്‍ നിര്‍ണായകമായ പങ്കുവഹിച്ചു.

? കൊങ്കണി ഭാഷയുടെ പ്രധാന പ്രശ്നം അതിനു ലിപി ഇല്ല എന്നതാണല്ലോ?
ഒരു ഭാഷയുടെ ശരീരസ്ഥാനമാണ് ലിപിക്ക്; ആത്മാവിന്‍റേതല്ല. ലോകഭാഷയായ ഇംഗ്ലീഷ് എഴുതുന്നത് റോമന്‍ ലിപിയിലാണല്ലോ; മാത്രമല്ല, ഫ്രഞ്ച്, ജര്‍മ്മന്‍, ഇറ്റാലിയന്‍, പോര്‍ത്തുഗീസ്, സ്പാനിഷ് തുടങ്ങി അനേകം യൂറോപ്യന്‍ ഭാഷകളും. അതുപോലെ കൊങ്കണി ദേവനാഗരി, മലയാളം, കന്നഡ, അറബി, റോമന്‍ ലിപികളില്‍ എഴുതിവരുന്നു; ഔദ്യോഗിക ലിപി ദേവനാഗരിയാണെങ്കിലും.

? വിവര്‍ത്തനം വഴി കൊങ്കണി ഭാഷ എത്രമാത്രം സമ്പന്നമായിട്ടുണ്ട്?

വിവര്‍ത്തനം ആധുനിക ലോകത്ത് ഏറെ പ്രാധാന്യമര്‍ഹിക്കുന്ന ഒരു പ്രവൃത്തിയാണ്. ഇതിനു പണ്ടത്തേക്കാള്‍ പ്രാധാന്യം വന്നിട്ടുണ്ട്. മുമ്പ് രണ്ടാം കിടയായിരുന്ന വിവര്‍ത്തനം ഇന്ന് പുനഃസൃഷ്ടി, പ്രയുക്ത ഭാഷാശാസ്ത്രം (Applied Linguistics) എന്നീ നിലകളിലും കൂടുതല്‍ അംഗീകാരം നേടിക്കഴിഞ്ഞിട്ടുണ്ട്. എല്ലാഭാഷകളിലും. കൊങ്കണിയിലെ സാഹിത്യം വിവര്‍ത്തനങ്ങളിലൂടെ കൂടുതല്‍ സമ്പുഷ്ടമാകണം. അതുപോലെ കൊങ്കണിയിലെ വിശിഷ്ട കൃതികള്‍ മറ്റു ഭാരതീയ/ഏഷ്യന്‍/ യൂറോപ്യന്‍/ലോക ഭാഷകളിലേക്ക് വിവര്‍ത്തിതമാകുകയും വേണം.

? കൊങ്കണിയുടെ വളര്‍ച്ചയില്‍ അധികൃതരുടെയും സമുദായത്തിന്‍റെയും പങ്ക് എത്രത്തോളമുണ്ട്?

ഭാഷ നിലനില്‍ക്കാന്‍ സമുദായം വേണം. (വ്യക്തികള്‍ ചേര്‍ന്നതാണല്ലോ സമൂഹം) സംഘടനകള്‍ക്കും ഒരുപരിധിവരെ ഭാഷയുടെ വളര്‍ച്ചയില്‍ പങ്കുവഹിക്കാനാകുമെന്നതു സമ്മതിക്കാം. എന്നാല്‍ സംഘടനകള്‍ക്കും സമുദായങ്ങള്‍ക്കും സാഹിത്യ സൃഷ്ടിയില്‍ കാര്യമായൊന്നും ചെയ്യാനാകില്ല. പുറമേ നിന്ന് പ്രോത്സാഹനം, സഹായ സഹകരണങ്ങള്‍ നല്‍കാനാകുമെന്നു മാത്രം.

? കൊങ്കണിയുടെ ഇന്നത്തെ സ്ഥിതി എന്താണ്?
കൊങ്കണി ഭാരതീയ ഭാഷയെന്നതുപോലെ അന്താരാഷ്ട്ര ഭാഷയുമാണ്; രാഷ്ട്രത്തിനു പുറത്ത് ഗള്‍ഫ് രാജ്യങ്ങളിലും, അമേരിക്കയിലും കൊങ്കണിഭാഷക്കാര്‍ ഗണ്യമായ സാന്നിദ്ധ്യമാണ്. മംഗലാപുരം കേന്ദ്രമായി വിശ്വകൊങ്കണി സാംസ്കാരിക പ്രതിഷ്ഠാനം (world Konkani Culture Centre) പ്രവര്‍ത്തിച്ചു വരുന്നു. കൂടാതെ കേരളം, കര്‍ണാടകം, ഗോവ, മഹാരാഷ്ട്രം, ഗുജറാത്ത് മുതലായ സംസ്ഥാനങ്ങളിലായി അനേകം (25-ല്‍ കുറയാതെ) സംഘടനകളും പ്രവര്‍ത്തിക്കുന്നു. വിവിധ സാഹിത്യ ശാഖകളില്‍ അനേകം പേര്‍ രചനകള്‍ നടത്തിവരുന്നു. വിവര്‍ത്തന രംഗത്തും സാഹിത്യ അക്കാഡമിയും നാഷണല്‍ ബുക് ട്രസ്റ്റും കൊങ്കണിയ്ക്കും സ്ഥാനം നല്‍കിയിട്ടുണ്ട്.

? ഈ ഭാഷാ പോഷണത്തിനു താങ്കളുടെ സംഭാവന എന്താണ്?
കേരളത്തില്‍ കൂടുതല്‍ പ്രസക്തമായ, താരതമ്യ ഭാഷാ ശാസ്ത്രം, താരതമ്യം സാഹിത്യം (വിവര്‍ത്തനം ഉള്‍പ്പെടെ) താരതമ്യ നാടോടി വിജ്ഞാനീയം (കേരള ഫോക്‌ലോര്‍ അക്കാഡമിയുമായി സഹകരിച്ച്) മുതലായ മേഖലകളില്‍ പ്രവര്‍ത്തനം ലക്‌ഷ്യമാക്കുന്നു. ഇതിനു പറ്റിയ പശ്ചാത്തലം ഉണ്ടാക്കാനുളള ശ്രമം തുടരുന്നു

Saturday, November 5, 2011






കുട്ടനാട്.. എന്റെ നാട്...കാവാലത്തു കൂടി കഴിഞ്ഞ ദിവസം ഒരു സന്ധ്യയ്കു പോയപ്പോള്‍ കണ്ടതാണിത്... ഇപ്പോളിപ്പോള്‍ എത്ര വേഗമാണെന്നോ ഇരുള്‍ പരക്കുന്നത്..... വെയില്‍ മങ്ങുന്നതിനു തൊട്ടു മുമ്പ് വീട്ടുമുറ്റത്തെ വൈപ്പിന്‍ പാടമാണു പച്ചച്ചു കാണുന്നത്... പിന്നെ കൃഷ്ണപുരം പ്രദേശം... അവസാന ചിത്രം ഞങ്ങള്‍ കുട്ടനാട്ടുകാരുടെ ആശങ്കയാണു.... പ്രകൃതിയുടെ ലൈറ്റണഞ്ഞാല്‍ പിന്നെ ആശ്രയിക്കേണ്ട വൈദ്യുതിയെ ഞങ്ങള്‍ക്കു പേടിയാണു.... ഉത്കണ്ഠയാണു....എപ്പോളാണവന്‍ കണ്ണടയ്ക്കുക എന്നറിയില്ല....

Wednesday, October 19, 2011

കാക്കനാടന്‍ ധ്യാനമുടക്കങ്ങളില്‍നിന്ന് നിത്യസമാധിയിലേക്ക്




റക്കം കെടുത്തിയ കഥകള്‍, അഗ്നിയില്‍ പഴുപ്പിച്ച സങ്കല്‍പ്പങ്ങള്‍, ആണത്തത്തിന്‍റെ കരുത്തുളള ഭാഷയും ആര്‍ജ്ജവമുളള വികാരങ്ങളും നിറച്ച അക്ഷരപ്പൊരുളുകള്‍- അതായിരുന്നു കാക്കനാടന്‍ രചിച്ച ലോകം. ജീവിതത്തിന്‍റെ നിത്യസമാധിയിലേക്കു പോകുമ്പോള്‍ ആ മനസില്‍ വിരിഞ്ഞ ‘ചുവര്‍ ചിത്രങ്ങള്‍’ എന്തെല്ലാമായിരുന്നിരിക്കണം? ജര്‍മ്മനി, ഡല്‍ഹി, കൊല്ലം, ചിന്നക്കട, കുഞ്ഞമ്മപ്പാലം...അതോ എഴുതാന്‍ ഏറെ മോഹിച്ച, ചരിത്രം ഇതിവൃത്തമായ ‘ക്ഷത്രിയന്‍’ എന്ന നോവലിലെ താന്‍ തന്നെയോ...? കാക്കനാടന്‍റെ നോവലുകളെ ഏറ്റവും പഠിച്ചു തിരിച്ചറിഞ്ഞ പ്രസിദ്ധ നിരൂപകന്‍ കെ.പി.അപ്പന്‍ വിശേഷിപ്പിച്ചതുപോലെ ‘പലപ്പോഴും ശിഥില സമാധിയില്‍’ ആയ ആ കഥാകാരന്‍ ജീവിതത്തിന്‍റെ നിത്യസമാധിയിലായി.

കഥയെ കാലംകൊണ്ടു തിരിച്ചപ്പോള്‍ കഥയെഴുത്തുകാരുടെ പ്രായം മറന്നുപോയിരുന്നു നമ്മള്‍. എം ടി വാസുദേവന്‍ നായര്‍, ടി.പത്മനാഭന്‍, മാധവിക്കുട്ടി എന്നി ആദ്യതലമുറയ്ക്കു ശേഷമാണ് എംടിയേക്കാള്‍ ഒരു വയസ് പ്രായം കൂടുതലുള്ള കാക്കനാടനെ കാലം തിരിച്ചവര്‍ പെടുത്തിയത്. ഇനം തിരിച്ചപ്പോഴും കാക്കനാടനെ പലരും വേണ്ട തരത്തില്‍ വിലയിരുത്തിയിരിക്കില്ല. ഒടുവില്‍ താന്‍ എഴുതാന്‍ തുടങ്ങിയ നോവലിന് ‘ക്ഷത്രിയന്‍’ എന്ന പേരുകൊടുത്തപ്പോള്‍ അതു തന്നെത്തന്നെ മറനീക്കി കാണിക്കാനുളള പുറപ്പാടായിരുന്നില്ലെ എന്നു വേണം ചിന്തിക്കാനെന്നു തോന്നുന്നു. മുമ്പു പറഞ്ഞപോലെ കാക്കനാടന്‍ എന്ന എഴുത്തുകാരന്‍റെ ക്ഷാത്രവീര്യത്തെക്കുറിച്ചും കണ്ടെത്തിയത് കെ. പി. അപ്പന്‍ മാത്രമായിരുന്നുവല്ലോ.
‘പലപ്പോഴും ശിഥില സമാധിയില്‍ ആയ ഈ എഴുത്തുകാരന്‍...’ എന്ന അപ്പന്‍റെ പ്രയോഗം കാക്കനാടന്‍ കഥകളുടെ മുദ്രയാണ്. എഴുത്തിനിടെ സമാധിയുടെ ലോകത്തുകയറും, പക്ഷേ പെട്ടെന്ന് അതില്‍നിന്നുണര്‍ന്നുപോകും. നിദ്രയും മയക്കവും സ്വപ്നവും യാഥാര്‍ത്ഥ്യവും ധ്യാനവും ഉണര്‍ച്ചയും മാറിമാറി ആ എഴുത്തുകാരനില്‍ ആവേശിച്ചിരുന്നു. ധ്യാനത്തിന്‍റെ തുടര്‍ച്ചയുണ്ടായിരുന്നെങ്കില്‍ കാക്കനാടന്‍ കൂടുതല്‍ വിശാലമായ എഴുത്തിന്‍റെ ലോകത്തെത്തിപ്പെട്ടേനെ എന്ന അപ്പന്‍റെ നിരീക്ഷണം ആരും ശരിവെച്ചു പോകും. (ഒരുപക്ഷേ അനുജനായിരുന്ന, ചിത്രകാരന്‍ കൂടിയായിരുന്ന രാജന്‍ കാക്കനാടന്‍റെ എഴുത്തില്‍ ഈ ധ്യാനലീനത കൂടുതല്‍ കാണാന്‍ കഴിയുമെന്ന് ഇടയ്ക്കിവിടെ നിരീക്ഷിച്ചുകൊളളട്ടെ-‘ഹിമവാന്‍റെ മുകള്‍ തട്ടില്‍’ എന്ന രാജന്‍റെ യാത്രാവിവരണ രചനയെ സാഹിത്യത്തിന്‍റെ ഏതു പ്രസ്ഥാനത്തില്‍ പെടുത്തുമെന്ന് അത്ഭുതപ്പെട്ടേക്കാം പലരും.)
‘ഉഷ്ണമേഖല’യിലൂടെ കാക്കനാടന്‍ വിമര്‍ശിച്ച കമ്മ്യൂണിസത്തിന്‍റെ തകര്‍ച്ച ഇന്നു പ്രവചനം പോലെ യാഥാര്‍ത്ഥ്യമായി. ഉണ്ഷ മേഖലയെഴുതിയ കാലത്ത് കമ്മ്യൂണിസ്റ്റുകള്‍ കാക്കനാടനെതിരേ വധഭീഷണികള്‍ പോലും മുഴക്കി. ഇന്നുപക്ഷേ ഒരു രണ്ടാം വായന നടത്തിയാല്‍ അന്ന് ക്ഷോഭിച്ചവര്‍ കാക്കനാടന് ഓശാന പാടിയേക്കും. ഉഷ്ണമേഖലയെക്കാള്‍ കാക്കനാടന്‍റെ എഴുത്തിന്‍റെ മുദ്ര കിടക്കുന്നത് ‘ഏഴാം മുദ്ര’യിലാണ്. ബൈബിളിന്‍റെ പശ്ചാത്തല സംഗീതം മുഴങ്ങുന്ന മുദ്ര മലയാള നോവല്‍ ചരിത്രത്തിലെ മായാത്ത അടയാളമാണ്. ‘ഒറോത’യെന്ന മലയോര ജീവിതകഥ പറഞ്ഞപ്പോള്‍ അനാവൃതമായ ജീവിതം പില്‍ക്കാലത്തു പലര്‍ക്കും മാതൃകയായ എഴുത്തായി. ഹൈന്ദവ ദര്‍ശനങ്ങള്‍, ബൈബിള്‍ ഭാഷ, ക്ഷാത്രശക്തിയുടെ ആത്മാവ് ഇവയെല്ലാം ചേര്‍ന്ന എഴുത്തിന്‍റെ വിചിത്ര ലോകമാണ് കാക്കനാടന്‍റേത്. ‘അജ്ഞതയുടെ താഴ്വര’ ‘ശ്രീചക്രം’ തുടങ്ങിയവ മലയാളം വേണ്ട രീതിയില്‍ വായിക്കപ്പെട്ടിട്ടുണ്ടോ എന്നു പോലും സംശയിക്കേണ്ടതുണ്ട്.
നോവല്‍ സാഹിത്യചരിത്രം എഴുതിയ കെ. എം. തരകന്‍റെ ഒരു നിരീക്ഷണമുണ്ട് കാക്കനാടനെക്കുറിച്ച്- മലയാളത്തില്‍ എക്കാലത്തും നോവല്‍ എഴുത്തുകാര്‍ക്കിടയില്‍ പൌരുഷ രചനയും സ്ത്രൈണ രചനയുമുണ്ടായിരുന്നു, അങ്ങനെ ഒരേ കാലത്തെഴുതിയ എം. മുകുന്ദന്‍റെ ലോകത്തു സ്ത്രൈണതയും കാക്കനാടന്‍ മേഖലകളില്‍ പൌരുഷവുമാണ് മുഴച്ചു നിന്നിരുന്നതെന്ന അര്‍ത്ഥത്തില്‍. അതെ, പൌരുഷ ചേതനയുടെ അംശം കാക്കനാടന്‍ സവിശേഷതയായിരുന്നു.
പക്ഷേ എഴുത്തിന്‍റെ ലോകത്തുനിന്നും ഏറെയൊന്നും സമ്പാദ്യം കാക്കനാടനുണ്ടായില്ല, നല്ല എഴുത്തുകാരനെന്ന പേരൊഴികെ. കൊല്ലത്ത് അച്ചാണി രവിയും നാട്ടുകാരും ചേര്‍ന്നു നിര്‍മ്മിച്ചുകൊടുത്ത വീട്ടിലാണ് താമസിച്ചിരുന്നത്. അദ്ദേഹത്തിന്‍റെ വെട്ടിത്തുറന്നു പറയുന്ന ശീലവും പറയുന്നതില്‍ ഉറച്ചു നില്‍ക്കുന്ന പിടിവാശിയും ഒരുപക്ഷേ വിട്ടുവീഴ്ചകള്‍ക്കും ഒത്തുതീര്‍പ്പുകള്‍ക്കും യോജിക്കുന്നതായിരുന്നില്ലല്ലോ. “ഇതുവരെ എഴുതിയതൊന്നും എനിക്കു തിരുത്തിപ്പറയേണ്ടി വന്നിട്ടില്ല. കഴിഞ്ഞതിനെ ഒര്‍ത്ത് പശ്ചാത്തപിക്കേണ്ടി വന്നിട്ടില്ല. എല്ലാം വളരെ കണ്‍വിക്ഷനോടു കൂടിയാണ് എഴുതിയിട്ടുളളത്. ആരെയും തൃപ്തിപ്പെടുത്താന്‍ വേണ്ടി എനിക്ക് എഴുതാന്‍ പറ്റില്ല..” കാക്കനാടന്‍ ഒരിക്കല്‍ പറഞ്ഞു.
ക്ഷത്രിയന്‍ പൂര്‍ത്തിയായിരുന്നെങ്കില്‍ ഒരു നാടിന്‍റെ കഥയായേനെ... ഒരുപക്ഷേ ഇതുവരെ കണ്ടിട്ടും കേട്ടിട്ടും ഇല്ലാത്ത കാക്കനാടനെ അതിലൂടെ മലയാളത്തിനു കിട്ടിയേനെ. സാഹിത്യത്തിന് ഒരു മാസ്റ്റര്‍ പീസും.

അത്ഭുതം തോന്നിയ ഒരു സംഭവം- കാക്കനാടനും എം ടിയും ജീവിതത്തില്‍ ആദ്യമായി ഒരുമിച്ചു കൂടിയത് 2008-ല്‍ കൊച്ചിയില്‍ നടന്ന അന്താരാഷ്ട്ര പുസ്തകോത്സവ വേദിയിലായിരുന്നു. അക്കൊല്ലം ബാലാമണിയമ്മ പുരസ്കാരം കാക്കനാടനായിരുന്നു. സമ്മാനിച്ചത് എം.ടിയും. ഏറെ വികാര ഭരിതനായ കാക്കനാടനും എംടിയും പരസ്പരം ആശ്ലേഷിച്ചു, ആശീര്‍വദിച്ചു.
അവസാന കാലത്ത്, തന്‍റെ ജീവിതത്തിന്‍റെ ആദ്യകാലത്ത് താന്‍ കണ്ട ജര്‍മ്മനിയില്‍പോലും മതിലുകള്‍ ഇല്ലാതായപ്പോള്‍ കാക്കനാടന്‍ കൊല്ലത്തെ ചെറിയ ലോകത്ത് ഏകാന്ത ധ്യാനത്തിലേക്കു ചുരുങ്ങുകയായിരുന്നുവോ. ആവണം, ആദ്യകാലത്തുണ്ടായ അസ്തിത്വത്തിന്‍റെ സന്ദേഹങ്ങളില്‍നിന്ന് സ്വത്വത്തിന്‍റെ തിരിച്ചറിയലിലേക്കുളള യാത്ര എത്തിയതവിടെയാണല്ലോ- അങ്ങനെയാകുമല്ലോ അദ്ദേഹം പറഞ്ഞത്,“ കേട്ടറിഞ്ഞ, വായിച്ചറിഞ്ഞ, കുടുംബ ചരിത്രം നല്‍കിയിട്ടുളള സൂചനകള്‍ അനുസരിച്ച് എന്‍റെ തായ്‌വേരിനെക്കുറിച്ച് എന്‍റെ മനസില്‍ പാറപോലെ ഉറച്ചു നില്‍ക്കുന്ന ചില സംഗതികളുണ്ട്. അവയുടെ അടിസ്ഥാനത്തില്‍ ഞാന്‍ ഒരു യാത്ര ആരംഭിക്കുകയാണ്. ഒരു മടക്കയാത, കാലത്തിലൂടെ, സാമൂഹ്യ വ്യവസ്ഥകളിലൂടെ, ദാര്‍ശനിക പ്രശ്നങ്ങളിലൂടെ, സ്വന്തം നാട്ടിലേക്കൊരു തീര്‍ത്ഥയാത്ര.”