Thursday, May 14, 2015

നാവുവെട്ടലും കൈവെട്ടലും നടത്തുമ്പോള്‍

നാവുവെട്ടലും കൈവെട്ടലും നടത്തുമ്പോള്‍

കാവാലം ശശികുമാര്‍                                                                                                      (നിരീക്ഷണം)
May 12, 2015
കൈവെട്ടുകേസില്‍ വിധി പറഞ്ഞ കോടതിയുടെ ചില നിരീക്ഷണങ്ങള്‍ ഇങ്ങനെ: നൂറിലേറെ പേര്‍ പങ്കെടുത്ത യോഗത്തില്‍ കുറച്ചുപേര്‍ മാത്രം ചേര്‍ന്ന് പ്രത്യേക ഗൂഢാലോചന നടത്തിയെന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ല... കൈവെട്ടുകാര്‍ക്ക് വിവിധ മതവിഭാഗങ്ങള്‍ക്കിടയില്‍ സ്പര്‍ദ്ധയുണ്ടാക്കാന്‍ ലക്ഷ്യമുണ്ടായിരുന്നു, അത് സാധിച്ചു... പ്രതികളുടെ ലക്ഷ്യം അവരുടെ വിശ്വാസത്തിനെതിരെ പറയുന്നവര്‍ക്ക്, അത് വച്ചുപൊറുപ്പിക്കില്ലെന്ന് മുന്നറിയിപ്പുകൊടുക്കുകയായിരുന്നു... ഇതൊക്കെ ബോധ്യപ്പെട്ടെങ്കിലും 54 പ്രതികളില്‍ 31 പേരെ വിചാരണ ചെയ്ത് 18 പേരെ വെറുതെ വിട്ട് 13 പേരെയാണ് പ്രത്യേക കോടതി ശിക്ഷിച്ചത്. 10 പേര്‍ക്ക് എട്ടുവര്‍ഷം തടവും മൂന്നുപേര്‍ക്ക് രണ്ടുവര്‍ഷം തടവും!!! കൈ വെട്ടിയവര്‍ കൈകൊട്ടിയാണ് വിധി സ്വീകരിച്ചതെന്നതു കാണാതെ പോകരുതല്ലോ...
kaivettu-case-prathikale-jaഅത് ഒരു പ്രത്യേകതയാണെന്ന് തിരിച്ചറിയുന്നതും അങ്ങനെ ശ്രദ്ധേയമാകുന്നതും വാര്‍ത്തയാകുന്നതും പൊതുവില്‍നിന്നു വ്യത്യസ്തമായ സവിശേഷതകളുടെ അടിസ്ഥാനത്തിലാണല്ലൊ. വ്യക്തികളുടെയും വിഷയങ്ങളുടെയും സംഭവങ്ങളുടെയും കാര്യത്തില്‍ ഇതാണ് സ്ഥിതി. സവിശേഷത തന്നെ ഗുണവും ദോഷവും നന്മയും തിന്മയും എന്നിങ്ങനെ വെളിച്ചവും ഇരുട്ടുംപോലെ വിഭിന്നവിശേഷങ്ങളുടെ അടിസ്ഥാനത്തില്‍ വിശാലമാണ്. യാത്രക്കാരന്‍ മറന്നുവച്ച്, വണ്ടിയില്‍നിന്നു കിട്ടിയ ബാഗിലെ ലക്ഷം രൂപ പോലീസ് സ്റ്റേഷനില്‍ ഏല്‍പ്പിക്കുന്ന ഓട്ടോ റിക്ഷാ ഡ്രൈവര്‍ വാര്‍ത്തയില്‍ ശ്രദ്ധേയനാകുന്നതങ്ങനെയാണ്.
എല്‍എല്‍എം പരീക്ഷക്ക് കോപ്പിയടിക്കുന്ന ഐജി മറ്റ് പരീക്ഷാര്‍ത്ഥികളില്‍ നിന്ന് വാര്‍ത്താപാത്രമാകുന്നതങ്ങനെയാണ്. അതേസമയം, ബീഹാറിലെ കോപ്പിയടി വാര്‍ത്തയാകുന്നത്, ചിലര്‍മാത്രം ചെയ്യുന്ന കോപ്പിയടിയെന്ന പരീക്ഷാകൃത്രിമം സര്‍വരും സംഘടിതമായും പരസ്യമായും ചെയ്യുന്നുവെന്ന വിശേഷംകൊണ്ടാണ്. ഒരു മന്ത്രിക്കെതിരെ അഴിമതിയാരോപണം ഉയരുന്നതും വാര്‍ത്തയാകുന്നതും അത് മറ്റുമുഴുവന്‍ മന്ത്രിമാരും ചെയ്യാത്തതുകൊണ്ടാണ്, ചെയ്യാന്‍ പാടില്ലാത്തതായതുകൊണ്ടാണ്.
കഴിഞ്ഞയാഴ്ചയില്‍ ഇങ്ങനെ മുഖ്യവാര്‍ത്തയായി ശ്രദ്ധേയമായത് സംസ്ഥാന വിജിലന്‍സ് ആന്‍ഡ് ആന്റികറപ്ഷന്‍ ബ്യൂറോ വിഭാഗം തലവന്‍ വിന്‍സന്‍ എം.പോളിന്റെ പ്രസംഗവും പ്രസ്താവനയുമായിരുന്നു. പ്രസ്താവനയുടെയും പ്രസംഗത്തിന്റെയും രത്‌നച്ചുരുക്കമിങ്ങനെ:
1. സംസ്ഥാനത്ത് അഴിമതി വ്യാപകമായിരിക്കുന്നു.
2. മന്ത്രിമാര്‍ മാത്രമല്ല, ഉദ്യോഗസ്ഥരും രാഷ്ട്രീയനേതാക്കളും കുറ്റവാളികളും കൂട്ടുചേര്‍ന്ന അഴിമതികളാണ് നടക്കുന്നത്.
3. ഇത്തരം കേസുകളില്‍ ആയിരത്തിലേറെ എണ്ണം തീര്‍പ്പാകാതെ കിടക്കുന്നു.
4. അന്വേഷണ ഏജന്‍സികള്‍ പോലും സര്‍ക്കാര്‍ സമ്മര്‍ദ്ദത്തിനു വിധേയമാകുന്നു.
5. അഴിമതി അന്വേഷിക്കുന്ന ഏജന്‍സികള്‍ക്കു മുകളില്‍, ഉദ്യോഗസ്ഥരുടെ പദവിക്കുമേല്‍ എപ്പോള്‍ വേണമെങ്കിലും വീഴാവുന്ന സ്ഥിതിയില്‍ ഡെമോക്ലീസിന്റേതുപോലെ ഒരു വാള്‍ തൂങ്ങുന്നു. വിന്‍സന്‍ പോള്‍ മുമ്പും വാര്‍ത്തയില്‍ ഇടം നേടിയിട്ടുണ്ട്.
സത്യസന്ധനായ, സമര്‍ത്ഥനായ, സമ്മര്‍ദ്ദവിധേയനാകാത്ത ഉദ്യോഗസ്ഥന്‍ എന്നനിലയില്‍. ഇപ്പോള്‍ വിജിലന്‍സ് ഡയറക്ടര്‍ പറഞ്ഞത് അസാധാരണമായി പറയുന്ന കാര്യങ്ങളായതിനാല്‍ വാര്‍ത്തയായി. ചര്‍ച്ച ചെയ്യപ്പെട്ടു.
കാര്യങ്ങള്‍ തുറന്നുപറഞ്ഞ പോലീസ് ഉദ്യോഗസ്ഥരിലെ ഈ പ്രമുഖന്‍ സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കിയെന്നുവരെ വിശകലനങ്ങള്‍ വന്നു. സാധാരണ ഇങ്ങനെയൊക്കെ ഒരുദ്യോഗസ്ഥന്‍, അതും പോലീസ് സേനപോലെയുള്ള സുപ്രധാന വിഭാഗത്തിന്റെ തലപ്പത്തിരിക്കുന്നയാള്‍ പ്രസ്താവിച്ചാല്‍, അത് സര്‍ക്കാര്‍ ഗൗരവമായി കാണും, ഉദ്യോഗസ്ഥനോട് വിശദീകരണമാരായും, തൃപ്തികരമല്ലെങ്കില്‍ നടപടിയെടുക്കും.
പക്ഷേ, വിന്‍സന്‍ എം. പോള്‍ വിജിലന്‍സ് ഡയറക്ടറായി തുടരുകയാണ്. കവതിയെഴുതിയതിന് ഐജിയോട് വിശദീകരണം ചോദിച്ച, മേലുദ്യോഗസ്ഥരുടെ പീഡനങ്ങളെക്കുറിച്ച് പരാതിപ്പെട്ട പോലീസുകാരിക്കെതിരെ വിവിധതലത്തില്‍ നടപടിയെടുത്ത കേരളത്തിലെ സര്‍ക്കാരുകളുടെ ട്രാക്ക് റെക്കോര്‍ഡ് നോക്കുമ്പോള്‍ വിജിലന്‍സ് ഡയറക്ടര്‍ ആ പദവിയില്‍ ഇരിക്കുന്നത് തികച്ചും അതിശയമാണ്. അതിന്റെ രഹസ്യം അന്വേഷിക്കുമ്പോഴാണ് ഡയറക്ടറുടെ പ്രസംഗത്തെ, പ്രസ്താവനയെ സൂക്ഷ്മവിശകലനത്തിനു വിധേയമാക്കേണ്ടിവരുന്നത്.
ഒട്ടേറെ ഗോലിയാത്തുകളെ വീഴ്ത്താനുതകുന്ന പയറ്റാണ്, ബിജു രമേശ് എന്ന ഒരു വ്യവസായി, ദാവൂദിനെപ്പോലെ ധനമന്ത്രി കെ.എം. മാണിക്കെതിരെ, തുടങ്ങിവച്ചത്. അത് ഫലംകണ്ടു. പ്രതിപക്ഷനേതാവിനുപോലും പറ്റാത്തത്ര, ആഘാതമാണ് പലരുടേയും ഭാഷയില്‍ ‘ബാര്‍മുതലാളി’യായ അല്ലെങ്കില്‍ ‘കള്ളുകച്ചവട’ക്കാരനായ ഒരു വ്യക്തിയുടെ ആരോപണം ഉണ്ടാക്കിയിരിക്കുന്നത്. ഇന്ന് അന്വേഷണത്തിന്റെ തലത്തില്‍ എത്തിനില്‍ക്കുമ്പോള്‍, സര്‍ക്കാരില്‍ മുഖ്യമന്ത്രിവരെ ആരോപണവിധേയരായി വിഷമിക്കുമ്പോള്‍, വിജിലന്‍സ് ഡയറക്ടര്‍ ഇങ്ങനെയൊരു വിശദീകരണം, അല്ലെങ്കില്‍ വിശകലനം നടത്തിയത് എരിതീയില്‍ എണ്ണയൊഴിക്കലോ, പുരക്ക് തീ പിടിച്ചപ്പോള്‍ വാഴവെട്ടലോ ഒക്കെയല്ലേ എന്ന് സംശയിക്കണമായിരുന്നു.
പക്ഷേ, എന്തുകൊണ്ട് സര്‍ക്കാരോ ഭരണകക്ഷിയോ അവരുടെ ‘കോളാമ്പിക’ളോ വിന്‍സന്‍ പോളിനെതിരെ ആക്രോശിച്ചില്ല. അവിടെയാണ് ആ പ്രസ്താവന അഴിമതിക്കാര്‍ക്കെങ്ങനെ സഹായകമായി എന്ന് തിരിച്ചറിയാനുള്ള പാസ്‌വേഡ്. വാസ്തവത്തില്‍ വിജിലന്‍സ് ഡയറക്ടര്‍ അഴിമതിക്കാര്‍ക്കെല്ലാം രക്ഷയായി പ്രസ്താവനയിലൂടെ മതില്‍ കെട്ടുകയായിരുന്നുവെന്നതാണ് വാസ്തവം.
പ്രസ്താവനകളിലേക്ക് ഒന്നു വീണ്ടും കണ്ണോടിച്ചാല്‍ കൂടുതല്‍ വ്യക്തമാകും. അത് പരോക്ഷമായി സ്ഥാപിക്കുന്നത് ഇവയാണ്.
1. അഴിമതി സംസ്ഥാനത്ത് വ്യാപകമായി. അതായത് ഒരു മുഖ്യമന്ത്രി, അല്ലെങ്കില്‍ ഒരുദ്യോഗസ്ഥന്‍ മാത്രമല്ല അഴിമതിക്കാരന്‍. അവര്‍ സംസ്ഥാനമാകെയുണ്ട് എന്നര്‍ത്ഥം. അപ്പോള്‍ ഒരാളെ മാത്രം പഴിക്കുന്നതില്‍ അര്‍ത്ഥമില്ല.
2. ഉദ്യോഗസ്ഥര്‍-ക്രിമിനലുകള്‍-രാഷ്ട്രീയക്കാര്‍ തമ്മിലുള്ള കൂട്ടുകെട്ട് ദൃഢമാണ്. എന്നുവെച്ചാല്‍ മേല്‍പ്പറഞ്ഞ വിഭാഗത്തില്‍ ആരുമില്ല പാപം ചെയ്യാത്തവരായി, അതിനാല്‍ കല്ലേറു നിര്‍ത്തിക്കൊള്ളുകയെന്നും ധ്വനിയുണ്ട്. വിജിലന്‍സ് ഡയറക്ടര്‍ കുറ്റപ്പെടുത്തിയ വിഭാഗത്തില്‍ പ്രതികരിച്ചോ എന്നു നോക്കുക. ഇല്ല. അതായത് ഡയറക്ടര്‍ എറിഞ്ഞ കല്ല് കൊള്ളേണ്ടിടത്ത് തന്നെ കൊണ്ടു.
3. ഇത്തരത്തില്‍ 1200 ല്‍ ഏറെക്കേസുകള്‍ കെട്ടിക്കിടക്കുന്നു. വെറുതെ പറയുന്നതല്ല കണക്കുകൈയിലുണ്ടെന്നര്‍ത്ഥം. അതില്‍ ആരുടെയൊക്കെ, ആരൊക്കെ പ്രതികളായ കേസുണ്ടെന്ന് സ്വയം ഓര്‍ത്തുകൊള്ളൂ എന്ന താക്കീതിന്റെ ശബ്ദമുണ്ട്. കോടതികള്‍ മെല്ലെപ്പോക്കാണെന്നും മുന്നറിയിപ്പുണ്ട്.
4. അന്വേഷണ ഏജന്‍സികള്‍ സര്‍ക്കാരുകളുടെ സമ്മര്‍ദ്ദത്തിനു വിധേയമാകുന്നു- സര്‍ക്കാരുകള്‍ എന്നാല്‍ ഈ സര്‍ക്കാര്‍ മാത്രമല്ല മുന്‍ സര്‍ക്കാരുകളും എന്നാണര്‍ത്ഥം. പൂര്‍വകാല കഥകള്‍ പുറത്തുവിടുമെന്ന ഭീഷണിയാണതിനു പിന്നില്‍. ഇത് ഒന്നു വിശകലനം ചെയ്യുക, വിജിലന്‍സ് ഡയറക്ടര്‍ക്ക് സ്വയം ഉള്‍വിളി തോന്നിപ്പറഞ്ഞതാണോ അതൊക്കെ, അതോ പറയിച്ചതോ. ഒരുതരത്തില്‍ നാവുവെട്ടലാണിത്, ഔദ്യോഗികമായി നാവുമുറിക്കുന്ന രീതി.
രണ്ടുപതിറ്റാണ്ടുമുമ്പ് കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച എന്‍.എന്‍.വോറ കമ്മീഷന്റെ റിപ്പോര്‍ട്ടുവന്നു, രാഷ്ട്രീയക്കാരും ക്രിമിനലുകളും ഉദ്യോഗസ്ഥരും തമ്മിലുള്ള അവിഹിത കൂട്ടുകച്ചവടത്തിനെതിരെ. എസ്.ബി. ചവാനായായിരുന്ന അന്ന് ആഭ്യന്തരമന്ത്രി, നരസിംഹറാവു പ്രധാനമന്ത്രിയും, കോണ്‍ഗ്രസ് ഭരണവും.
റിപ്പോര്‍ട്ടില്‍ ഓരോ സംസ്ഥാനത്തെയും കുറിച്ചുവരെ വിശകലനമുണ്ട്; കേരളത്തെക്കുറിച്ചും. വിന്‍സന്‍ പോള്‍ പറഞ്ഞത് പുതിയ കാര്യമല്ലെന്ന് ആ റിപ്പോര്‍ട്ടു വായിച്ചാല്‍ മനസിലാകും. പിന്നെ എന്തിനിപ്പോള്‍ പറഞ്ഞു. വോറ കമ്മീഷനും മുമ്പ് എത്രയോ പതിറ്റാണ്ടുമുമ്പ്, പ്രധാനമന്ത്രിയായിരിക്കെ തനിക്കെതിരെ അഴിമതിയാക്ഷേപങ്ങള്‍ ഉയര്‍ന്നപ്പോള്‍ ഇന്ദിരാഗാന്ധി പറഞ്ഞു, അഴിമതി ആഗോളപ്രതിഭാസമാണെന്നും എന്നെ മാത്രം പഴിക്കേണ്ടെന്നും. അപ്പോള്‍ പിന്നെ വിജിലന്‍സ് ഡയറക്ടറുടെ ഇപ്പോഴത്തെ സാമാന്യവല്‍ക്കരണത്തിനു പിന്നിലെന്താണ് ലക്ഷ്യം.
ഉദ്ദേശ്യം സുവ്യക്തം- അഴിമതിയെക്കുറിച്ച് ആരും മിണ്ടരുത്. മാത്രമല്ല, അതത്ര വലിയ കാര്യമൊന്നുമല്ല, സ്വാഭാവികമായ ഭരണക്രമം എന്ന സന്ദേശം പ്രചരിപ്പിക്കല്‍ അതിനു പിന്നിലുണ്ട്.
നരസിംഹറാവു പ്രധാനമന്ത്രിയായിരിക്കെ കോണ്‍ഗ്രസ് പാര്‍ട്ടിയും സര്‍ക്കാരും അഴിമതിയാരോപണങ്ങളുടെ പഞ്ചാഗ്നിമധ്യത്തിലായപ്പോഴാണ് ജെയിന്‍ ഹവാലാ കേസ് ഡയറി പുറത്തു വന്നത്. അന്നത്തെ പ്രതിപക്ഷനേതാവ് എല്‍.കെ. അദ്വാനിയെ വരെ പ്രതിയാക്കിക്കൊണ്ടായിരുന്നു കേസ്.
കോണ്‍ഗ്രസില്‍ തനിക്ക് എതിരാളിയാകാനിടയുള്ളവരുടെ പേരും ഉള്‍പ്പെടുത്തിയാണ് റാവു ഡയറിയിലെ വിവിരങ്ങള്‍ എന്ന പേരില്‍ പുറത്തുവിട്ടത്. അദ്വാനി ആരോപണത്തിനു പിന്നാലെ പ്രതിപക്ഷ നേതൃസ്ഥാനം രാജിവെച്ചു, കേസ് നടത്തി വിജയിച്ചു, അതുകൊണ്ട് മറ്റു കോണ്‍ഗ്രസുകാര്‍ കൂടി രക്ഷപ്പെട്ടു. ഇന്ദിരയും റാവുവും സൃഷ്ടിച്ച മാതൃക അനുസരിക്കുകയല്ലെ ഉമ്മന്‍ചാണ്ടി, അതിന് വിന്‍സന്‍ എം. പോള്‍ ഒത്താശ ചെയ്യുകയല്ലെ ഈ പ്രസ്താവനയിലൂടെ. അങ്ങനെ നിരീക്ഷിക്കുന്നതിലല്ലേ ശരിക്കൂടുതല്‍. അല്ലെങ്കില്‍ എന്തുകൊണ്ട് അടച്ചാക്ഷേപിച്ചിട്ടും ആരോപിച്ചിട്ടും രാഷ്ട്രീയക്കാരോ ഉദ്യോഗസ്ഥരോ നീതിന്യായ നടത്തിപ്പു സംവിധാനമോ, എന്തിന് ക്രിമിനലുകള്‍ പോലുമോ വിജിലന്‍സ് ഡയറക്ടറോടു പ്രതികരിച്ചില്ല.
ജെയിന്‍ ഹവാല ഡയറിക്കേസില്‍ തന്റെ പേരില്‍ ഉയര്‍ന്ന ആരോപണത്തിന്റെ നിജസ്ഥിതി വ്യക്തമായി, താന്‍ കുറ്റവിമുക്തനാണെന്നു തെളിയാതെ ഇനി പാര്‍ലമെന്റില്‍ പ്രവേശിക്കില്ലെന്ന് ദൃഢപ്രതിജ്ഞയെടുത്ത ലാല്‍ കൃഷ്ണ അദ്വാനിയുടെ മാതൃക പിന്തുടരാന്‍ ആരോപണവിധേയരായ കേരളത്തിലെ എത്ര രാഷ്ട്രീയക്കാര്‍ തയ്യാറാകും? അതിന് ഇമ്മിണി പുളിക്കും.
തനിയമം നടപ്പാക്കി മലാലയെ വധിക്കാന്‍ കേസില്‍ പാക്കിസ്ഥാന്‍ കോടതി പാക് താലിബാനികള്‍ക്ക് ജീവപര്യന്തം ശിക്ഷവിധിച്ച് മാതൃകയായി. മതനിന്ദയുടെ പേരില്‍ മതകോടതി തീരുമാനം നടപ്പാക്കി പ്രൊഫസറുടെ കൈ വെട്ടിക്കളഞ്ഞ കേസില്‍ പ്രതികള്‍ക്ക് ഭാരതത്തിലെ, കേരളത്തിലെ, കോടതി പത്ത് വര്‍ഷംവരെ ശിക്ഷവിധിച്ച് മാതൃക കാട്ടി.  സല്‍മാന്‍ ഖാനെന്ന പ്രശസ്ത സിനിമാതാരം മദ്യപിച്ച് ലക്കുകെട്ട് വണ്ടിയോടിച്ച്, വഴിയോരത്ത് ഉറങ്ങേണ്ടിവന്ന സാധാരണക്കാരന്റെ മേല്‍കയറ്റി കൊലപ്പെടുത്തി. ഈ കേസില്‍, 13 വര്‍ഷത്തിനുശേഷം, അഞ്ചുവര്‍ഷം തടവിന് മുംബൈയിലെ കോടതി സല്‍മാനെ ശിക്ഷിച്ചു. രണ്ടുദിവസം ജാമ്യം അനുവദിച്ചു, മൂന്നുനാള്‍ കേസ് മരവിപ്പിച്ചു.
ഒരു ദിവസം പോലും ജയിലഴിയില്‍ പിടിക്കാന്‍ ഇടവരാതെ രക്ഷപ്പെട്ടു. തൃശൂരില്‍ കോണ്‍ഗ്രസ് നേതാവിനെ കൊലപ്പെടുത്തിയ കേസില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചു. ‘ശിക്ഷകള്‍ മനഃപരിവര്‍ത്തനത്തിനാകണം,’ ‘ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധിയും ശിക്ഷിക്കപ്പെടരുത്,’ ‘നിയമം നിയമത്തിന്റെ വഴിക്കുപോകും,’ ‘കോടതിയെ ചോദ്യം ചെയ്യരുത്’ തുടങ്ങിയ ഒട്ടേറെ ആപ്തവാക്യങ്ങള്‍ നമുക്കുള്ളത് കാലോചിതമായി വിചിന്തനം ചെയ്ത് പരിഷ്‌കരിക്കേണ്ടതുണ്ടോ. ചര്‍ച്ച ചെയ്യണം; പ്രത്യേകിച്ച് ഭരണഘടനയുടെ  100-ാം ഭേദഗതിവരെ കഴിഞ്ഞ ദിവസം പാര്‍ലമെന്റ് പാസ്സാക്കിയ പശ്ചാത്തലത്തില്‍.
കൈവെട്ടുകേസില്‍ വിധി പറഞ്ഞ കോടതിയുടെ ചില നിരീക്ഷണങ്ങള്‍ ഇങ്ങനെ: നൂറിലേറെ പേര്‍ പങ്കെടുത്ത യോഗത്തില്‍ കുറച്ചുപേര്‍ മാത്രം ചേര്‍ന്ന് പ്രത്യേക ഗൂഢാലോചന നടത്തിയെന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ല… കൈവെട്ടുകാര്‍ക്ക് വിവിധ മതവിഭാഗങ്ങള്‍ക്കിടയില്‍ സ്പര്‍ദ്ധയുണ്ടാക്കാന്‍ ലക്ഷ്യമുണ്ടായിരുന്നു, അത് സാധിച്ചു… പ്രതികളുടെ ലക്ഷ്യം അവരുടെ വിശ്വാസത്തിനെതിരെ പറയുന്നവര്‍ക്ക്, അത് വച്ചുപൊറുപ്പിക്കില്ലെന്ന് മുന്നറിയിപ്പുകൊടുക്കുകയായിരുന്നു… ഇതൊക്കെ ബോധ്യപ്പെട്ടെങ്കിലും 54 പ്രതികളില്‍ 31 പേരെ വിചാരണ  ചെയ്ത് 18 പേരെ വെറുതെ വിട്ട് 13 പേരെയാണ് പ്രത്യേക കോടതി ശിക്ഷിച്ചത്. 10 പേര്‍ക്ക് എട്ടുവര്‍ഷം തടവും മൂന്നുപേര്‍ക്ക് രണ്ടുവര്‍ഷം തടവും!!! കൈ വെട്ടിയവര്‍ കൈകൊട്ടിയാണ് വിധി സ്വീകരിച്ചതെന്നതു കാണാതെ പോകരുതല്ലോ…
പിന്‍കുറിപ്പ്: നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നത് മുന്‍ സര്‍ക്കാരിന്റെ കാലത്തെ അഴിമതി ഭരണത്തിനെതിരെ വോട്ടുനേടിയാണ്. വര്‍ഷം ഒന്നു തികയാന്‍ പോകുന്ന സാഹചര്യത്തില്‍ സര്‍ക്കാരിനെ വിലയിരുത്തുന്നതില്‍ മുഖ്യ അജണ്ട അതാകണ്ടെ?അപ്പോള്‍, വിശകലനക്കാരും വിമര്‍ശകരും എണ്ണിപ്പറഞ്ഞുകൊള്ളുക, മോദി സര്‍ക്കാരിന്റെ ഒരു വര്‍ഷഭരണകാലത്തു നടന്ന അഴിമതികള്‍ ഏതൊക്കെ. കേന്ദ്രത്തില്‍ ഒന്നും കണ്ണില്‍പ്പെട്ടില്ലെങ്കില്‍ കുറച്ചുകൂടി വിശാലമായ കാന്‍വാസ് ആകട്ടെ, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്കെതിരെ പേരിനെങ്കിലും ഒരു അഴിമതി ആരോപണം ചൂണ്ടിക്കാട്ടാന്‍ പറ്റുമോ?

Tuesday, May 5, 2015

മോദിയുടെ അധികപ്രസംഗങ്ങള്‍ക്കു പിന്നില്‍

മോദിയുടെ 
അധികപ്രസംഗങ്ങള്‍ക്കു പിന്നില്‍

 കാവാലം ശശികുമാര്‍ 
 May 5, 2015 

അതെല്ലാം ഒരു ഭരണാധികാരിയുടെ ഭരണ അജണ്ടയുടെ പ്രഖ്യാപനമാണ്. രാജ്യത്തിന്റെ ഭരണ നയപരിപാടികളുടെ പ്രഘോഷണമാണ്. വെറും വാചകമടിയല്ല. യുക്തിഭദ്രമായ, ആധികാരികമായ അനുഭവപാഠങ്ങളുടെ ഉദാഹരണങ്ങള്‍ നിരത്തിയുള്ള നിലപാടറിയിക്കലാണ്. അത് തെരഞ്ഞെടുപ്പു പ്രചാരണവേദിയിലെ പ്രകടനപത്രികയുടേതില്‍നിന്നു വ്യത്യസ്തമാണ്. നരേന്ദ്രമോദിയാണ് ജനകീയ മാധ്യമങ്ങളെ ഇത്രമാത്രം വിനിയോഗിച്ചിട്ടുള്ള ഭരണാധികാരി. റേഡിയോ എന്ന ആദ്യകാല മാധ്യമം മുതല്‍ സോഷ്യല്‍ മീഡിയ എന്ന ആധുനിക മാധ്യമങ്ങള്‍വരെ വിനിയോഗിക്കുന്നു, മാത്രമല്ല ഏകപക്ഷീയമായ പലതും മുമ്പ് വിനിയോഗിച്ചിരുന്ന ഈ സംവിധാനങ്ങളെ പരസ്പരവിനിമയോപാധിയാക്കി മാറ്റിയതിനുപിന്നിലെ കാഴ്ചപ്പാട് മാത്രം മതി 'അധികപ്രസംഗ'മെന്ന വാദക്കാരുടെ നിലപാട് പൊളിയാന്‍. നരേന്ദ്രമോദി സര്‍ക്കാരിനെ വിലയിരുത്താറായോ എന്ന് സംശയിക്കാനില്ല. ഒന്നാം ദിവസം മുതല്‍ അഭിപ്രായങ്ങള്‍ അനുകൂലിച്ചും എതിര്‍ത്തും ഉയര്‍ന്നപ്പോള്‍ അത് അക്രമമാണെന്ന് ഭൂരിപക്ഷം പേരും സമ്മതിച്ചു. നൂറാം ദിവസമായപ്പോള്‍ മാര്‍ക്കിട്ടവരോട് ധൃതികൂടിപ്പോയെന്ന് നല്ലൊരുപക്ഷം വാദിച്ചു. പക്ഷേ ഒന്നാം വര്‍ഷത്തിലേക്കു കടക്കുമ്പോള്‍ വിലയിരുത്താതിരിക്കുന്നവരാണ് വിമര്‍ശിക്കപ്പെടുകയെന്നതാണ് വ്യത്യാസം. കാരണം അഞ്ചുവര്‍ഷത്തേക്കു ഭരിക്കാന്‍ ചുമതലപ്പെടുത്തിയ സര്‍ക്കാരിന്റെ ആദ്യവര്‍ഷത്തെ പ്രവര്‍ത്തനം തുടര്‍വര്‍ഷങ്ങളിലേക്കുള്ള ചൂണ്ടുപലകയാണല്ലൊ. തെരഞ്ഞെടുക്കുന്നത് ജനങ്ങളാണ്. അത് നിശ്ചിതകാലത്തേക്കാണ്. അതിനുമുമ്പ് അധികാരത്തില്‍ നിന്ന് തിരികെയിറക്കാന്‍ ഭാരതജനാധിപത്യ സംവിധാനത്തില്‍ വ്യവസ്ഥയില്ല. വോട്ടു ചെയ്യുമ്പോള്‍ സ്ഥാനാര്‍ത്ഥികളില്‍ ഒരാളെ തെരഞ്ഞെടുക്കാന്‍ മാത്രമായിരുന്നു മുമ്പ് അവസരം. ഇപ്പോഴത് മേല്‍കാണുന്നവരാരുമല്ല എന്നു പറയാന്‍ പറ്റുന്ന ‘നോട്ട’ സംവിധാനം കൂടി ചേര്‍ത്ത് പരിഷ്‌കരിച്ചു. കാലക്രമത്തില്‍ അധികാരത്തിലേറ്റാനും അധികാരത്തിലുള്ളവരെ പുറത്താക്കാനും ജനാധിപത്യത്തില്‍ പുതിയ സംവിധാനം വന്നു കൂടായ്കയില്ല. എസ്എംഎസ്സിലൂടെ വോട്ടിങ്ങിലേക്ക് അധിക കാതം ദൂരമില്ല. കാലോചിതമായ മാറ്റങ്ങള്‍ക്കു വിധേയമാണെന്നതാണല്ലോ ജീവത്തായ ഭരണസംവിധാനത്തിന്റെ സ്വഭാവം. മോദി സര്‍ക്കാരിന്റെ വരവ് വലിയ മാറ്റത്തിലൂടെയായിരുന്നു. രാഷ്ട്രീയമാറ്റം, അതുണ്ടായത് ജനങ്ങളുടെ മനോഭാവമാറ്റം മൂലമായിരുന്നു. ജനകോടികള്‍ ഒറ്റമനസ്സോടെയും ഒരേ ഒരു ലക്ഷ്യത്തോടെയുമാണ് വോട്ടു ചെയ്തത്, മികച്ച ഭരണമായിരുന്നു ആ ലക്ഷ്യം. എന്നാല്‍ അവരുടെയെല്ലാം സങ്കല്പത്തിലെ മികച്ച ഭരണം ഒരേയൊരു മാര്‍ഗത്തിലൂടെ മാത്രം നേടാവുന്നതല്ലായിരുന്നു. ഓരോരുത്തര്‍ക്കും വ്യത്യസ്ത സങ്കല്പമായിരുന്നു. ചിലര്‍ക്ക് കോണ്‍ഗ്രസിന്റെ ദുര്‍ഭരണമവസാനിപ്പിച്ചാല്‍ എല്ലാമായി എന്നായിരുന്നു ചിന്ത. ചിലര്‍ക്ക് അഴിമതിയായിരുന്നു ശത്രു. മറ്റു ചിലര്‍ക്ക് സാമ്പത്തിക ശാക്തീകരണം, ചിലര്‍ക്ക് ആഭ്യന്തരപ്രശ്‌നങ്ങളുടെ ശാശ്വതപരിഹാരം, മറ്റു ചിലര്‍ക്ക് ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വത്തിനെ കൂച്ചുവിലങ്ങിടല്‍, ചിലര്‍ക്ക് രാജ്യസുരക്ഷ, മറ്റൊരു വിഭാഗത്തിന് മികച്ച വിദേശബന്ധം, അങ്ങനെ വ്യത്യസ്തമായ കാഴ്ചപ്പാടായിരുന്നു സദ്ഭരണത്തെക്കുറിച്ച്. ഇത്തരത്തില്‍ ഓരോരുത്തരുടേയും സങ്കല്പങ്ങളെ സ്വാധീനിക്കാന്‍ കഴിഞ്ഞതിലൂടെയാണ് നരേന്ദ്രമോദിയുടെ നേതൃത്വത്തിന് ഭരണത്തിലെത്താന്‍ അവസരമായത്. അങ്ങനെ നോക്കുമ്പോള്‍ ഈ ഓരോ രംഗത്തും എത്രത്തോളം പ്രവര്‍ത്തിച്ചു, ആ പ്രവര്‍ത്തനം വിജയമോ, നേരായവഴിയിലോ അത് ശേഷിക്കുന്ന നാലുവര്‍ഷത്തേക്ക് പ്രതീക്ഷ നല്‍കുന്നതോ എന്നതിന്റെ വിലയിരുത്തലാവണം മോദി സര്‍ക്കാരിന്റെ ആദ്യവര്‍ഷത്തെക്കുറിച്ച് പറയുന്ന അഭിപ്രായങ്ങള്‍. പക്ഷേ അത്തരത്തിലുള്ള വിലയിരുത്തലിന് ആരെങ്കിലും തയ്യാറാകുമോ, അതിനുള്ള തയ്യാറെടുപ്പുകള്‍ ആര്‍ക്കെങ്കിലും ഉണ്ടോ എന്നതാണ് വിഷയം. അതിനേക്കാള്‍ എളുപ്പം, ഉപരിവിപ്ലവമായ, വിലയിരുത്തലെന്നമട്ടിലുള്ള, ഏകപക്ഷീയമായ ആക്രമണങ്ങളാണ്. വരാന്‍പോകുന്നത് അതായിരിക്കുകയും ചെയ്യും; പ്രത്യേകിച്ച് മോദിയുടെ രാഷ്ട്രീയകക്ഷിയേക്കാള്‍ ആള്‍ബലമുള്ള ‘പ്രതിപക്ഷങ്ങളെ’ തൃപ്തിപ്പെടുത്താന്‍ പെടാപ്പാടു പെടുന്ന കേരളത്തിലെ മാധ്യമങ്ങള്‍ തമ്മില്‍ അപകടകരമായി മത്സരിച്ചുകൊണ്ടിരിക്കുമ്പോള്‍. മോദി ഇപ്പോഴും പ്രസംഗിച്ചുകൊണ്ടേയിരിക്കുന്നു, തെരഞ്ഞെടുപ്പു പ്രചാരണവേദിയില്‍ തന്നെയാണ് പ്രധാനമന്ത്രിയായിട്ടും എന്നാണ് ചിലരുടെ ആക്ഷേപം. മോദിപ്രസംഗങ്ങള്‍ അധികപ്രസംഗങ്ങളാണെന്നാണ് അവരുടെ പറച്ചില്‍. പ്രസംഗിക്കേണ്ടവര്‍ മൗനത്തിലായിരിക്കുന്നത് പറയാനില്ലാത്തതിനാലും പറയാനറിയാത്തതുകൊണ്ടുമാണെന്നത് വേറെ കാര്യം. 12 ഭാഷകളറിയാമായിരുന്ന പി.വി. നരസിംഹറാവു പ്രധാനമന്ത്രിയായിരിക്കെ അദ്ദേഹത്തെ ‘മൗനിബാബ’യെന്നു കളിയാക്കി വിളിച്ചിരുന്നു. മന്‍മോഹന്‍ സിംഗിനും ഭാഷാപ്രശ്‌നമില്ലായിരുന്നു. പക്ഷേ അവര്‍ പറയേണ്ട ഘട്ടങ്ങളില്‍പ്പോലും പറഞ്ഞില്ല. അവര്‍ പത്തോ പതിനഞ്ചോ വര്‍ഷം മുമ്പ് പറയേണ്ടിയിരുന്ന കാര്യങ്ങളും ഇന്ന് പറയേണ്ടിവരുന്നുവെന്നതാണ് മോദിയുടെ പ്രസംഗാധിക്യത്തിന്, അങ്ങനെയുണ്ടെങ്കില്‍, ഒരു കാരണം. ആരോടാണ് മോദി പറയുന്നത്, രാജ്യവാസികളോട്, അവരിലെ കര്‍ഷകരോട്, വിദ്യാര്‍ത്ഥികളോട്, ശാസ്ത്രജ്ഞരോട്, ഉദ്യോഗസ്ഥവൃന്ദത്തോട്, സൈനികരോട്, രക്ഷിതാക്കളോട്, വ്യവസായികളോട്, പാര്‍ലമെന്റംഗങ്ങളോട്, വിദേശരാജ്യങ്ങളിലെ രാജ്യത്തലവന്മാരോട്, അവിടുത്തെ ഭാരതീയരോട്, തന്റെ മന്ത്രിസഭാംഗങ്ങളോട്, സ്വന്തം പാര്‍ട്ടിപ്രവര്‍ത്തകരോട്… പക്ഷേ, ഇവരോടെല്ലാം മോദിക്ക് ചിലത് പറയാനുണ്ട്. അതെല്ലാം ആദ്യമായി ഒരു ഭരണാധികാരിയില്‍നിന്ന് കേള്‍ക്കുന്ന അവര്‍ ആസ്വദിക്കുന്നുണ്ട്, ആവശ്യമാണെന്ന് തിരിച്ചറിയുന്നുണ്ട്, അനുമോദിക്കുന്നുണ്ട്, അനുസരിക്കുന്നുണ്ട്. അവിടെയാണ് ആ പ്രസംഗങ്ങളുടെ പ്രസക്തി. അതെല്ലാം ഒരു ഭരണാധികാരിയുടെ ഭരണ അജണ്ടയുടെ പ്രഖ്യാപനമാണ്. രാജ്യത്തിന്റെ ഭരണ നയപരിപാടികളുടെ പ്രഘോഷണമാണ്. വെറും വാചകമടിയല്ല. യുക്തിഭദ്രമായ, ആധികാരികമായ അനുഭവപാഠങ്ങളുടെ ഉദാഹരണങ്ങള്‍ നിരത്തിയുള്ള നിലപാടറിയിക്കലാണ്. അത് തെരഞ്ഞെടുപ്പു പ്രചാരണവേദിയിലെ പ്രകടനപത്രികയുടേതില്‍നിന്നു വ്യത്യസ്തമാണ്. നരേന്ദ്രമോദിയാണ് ജനകീയ മാധ്യമങ്ങളെ ഇത്രമാത്രം വിനിയോഗിച്ചിട്ടുള്ള ഭരണാധികാരി. റേഡിയോ എന്ന ആദ്യകാല മാധ്യമം മുതല്‍ സോഷ്യല്‍ മീഡിയ എന്ന ആധുനിക മാധ്യമങ്ങള്‍വരെ വിനിയോഗിക്കുന്നു, മാത്രമല്ല ഏകപക്ഷീയമായ പലതും മുമ്പ് വിനിയോഗിച്ചിരുന്ന ഈ സംവിധാനങ്ങളെ പരസ്പരവിനിമയോപാധിയാക്കി മാറ്റിയതിനുപിന്നിലെ കാഴ്ചപ്പാട് മാത്രം മതി ‘അധികപ്രസംഗ’മെന്ന വാദക്കാരുടെ നിലപാട് പൊളിയാന്‍. ജനങ്ങളില്‍നിന്ന് ഭരണനിര്‍വഹണത്തിനായുള്ള അഭിപ്രായമാരായുകയും യുക്തമായവ സ്വീകരിക്കുകയും ചെയ്യുന്ന നവജനാധിപത്യ സംവിധാനം ഒരുവര്‍ഷംമുമ്പുവരെ ഭാരതത്തിന് തികച്ചും അപരിചിതമായിരുന്നു. വോട്ടു കുത്തുമ്പോള്‍ തീര്‍ന്നിരുന്ന ‘വിലയേറിയ അവകാശം’ അതിനപ്പുറത്തും തുടരുന്ന അനുഭവം വിശേഷപ്പെട്ടതുതന്നെയാണ്. മോദി തന്റെ ഭരണപദ്ധതി തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം കിട്ടിയ ആദ്യനാളുകളില്‍ത്തന്നെ വ്യക്തമാക്കിയതാണ്- അഞ്ചുവര്‍ഷ ഭരണത്തില്‍, നാലുവര്‍ഷത്തെ ഭരണനടപടികള്‍ അഞ്ചാംവര്‍ഷം വിലയിരുത്തുമ്പോള്‍ മോദി തുടരട്ടെയെന്ന് വോട്ടര്‍മാരെക്കൊണ്ടു പറയിക്കുകയാണ്, വോട്ടു ചെയ്യിക്കുകയാണ് ലക്ഷ്യമെന്ന്. അതുവരെ മോദിക്കു രാഷ്ട്രീയമില്ല, രാഷ്ട്രം മാത്രം. രാഷ്ട്രീയ കാര്യങ്ങള്‍ നോക്കാന്‍ പാര്‍ട്ടിയുണ്ടാവും. പാര്‍ട്ടിയുടെ വഴിയില്‍ മോദിയും മോദിയുടെ വഴിയില്‍ പാര്‍ട്ടിയും തടസ്സമാകില്ല. പക്ഷേ അങ്ങനെ ഭരണവും രാഷ്ട്രീയവും വെവ്വേറെ പോകുന്ന ഭരണക്രമം ഭാരതത്തില്‍ സാധ്യമാണോ? ഇതുവരെയില്ലാത്ത പുതിയ വഴക്കങ്ങള്‍ സൃഷ്ടിക്കുകയാണല്ലെ വിപ്ലവകാരിയായ നേതാക്കളുടെ കര്‍ത്തവ്യം?ഐഎഎസ് ഉദ്യോഗസ്ഥരോടായിരുന്നു പ്രധാനമന്ത്രി മോദിയുടെ ആദ്യ പ്രസംഗം. നിങ്ങള്‍ക്ക് ശരിയെന്നു തോന്നുന്നത് തുറന്നു പറയാം, രാജ്യഹിതത്തിന് ഗുണമെങ്കില്‍ ചെയ്യാം. ആരും തടയില്ല. മേലുദ്യോഗസ്ഥരുടെ രേഖാമൂലമുള്ള നിര്‍ദ്ദേശങ്ങള്‍ മാത്രം അനുസരിച്ചാല്‍ മതിയെന്ന പ്രസംഗം അധികപ്രസംഗമായിരുന്നില്ല, അതുവരെ കേള്‍ക്കാത്ത പ്രസംഗമായിരുന്നു. മംഗള്‍യാനിന്റെ വിജയത്തിനുശേഷം ശാസ്ത്രജ്ഞരോട് പറഞ്ഞത് ആകാശത്തോളം വളരാന്‍ നിങ്ങള്‍ക്കൊപ്പം രാജ്യം മുഴുവനും ഉണ്ടാകുമെന്നായിരുന്നു. പരീക്ഷണത്തിനും നിരീക്ഷണത്തിനും വിലക്കനുഭവിച്ചുകൊണ്ടിരിക്കുന്നവര്‍ക്കത് കാതിന് തേന്‍മഴയായിരുന്നു. വിദ്യാര്‍ത്ഥികളോട് അധ്യാപകദിനത്തില്‍ നേരിട്ടു സംവദിച്ചപ്പോള്‍ ‘വിവാദപ്രസംഗ’മാക്കാന്‍ ശ്രമിച്ചവരെ നാണിപ്പിക്കുന്നതായിരുന്നു വിദ്യാര്‍ത്ഥികളുടേയും രക്ഷിതാക്കളുടേയും അതിനോടുള്ള പ്രതികരണം. ‘മന്‍ കീ ബാത്’ എന്ന റേഡിയോ പ്രസംഗ പരിപാടിയിലൂടെ ഓരോ വീടുകളിലുമെത്തി ജനമനസ്സില്‍ കയറുകയായിരുന്ന പ്രധാനമന്ത്രി. മാഡിസണ്‍ സ്‌ക്വയറിലായാലും രാംലീലാ മൈതാനത്തായാലും കാനഡയിലെ ടൊറന്റോവിലായാലും മോദി ജനകോടികളെ പ്രചോദിപ്പിക്കുകയായിരുന്നു. പ്രസംഗങ്ങള്‍ വെറും വചനപ്രഘോഷണങ്ങളായിരുന്നില്ല, നയപ്രഖ്യാപനങ്ങളായിരുന്നു. അത് ‘മേക്ക് ഇന്ത്യ’യുടെ ട്രെയിലറായിരുന്നു. ആ പ്രചാരണം ഭാരതത്തിലെ ജനങ്ങളുടെ ഭരണ പിന്തുണക്കുള്ള വോട്ടുകിട്ടാനായിരുന്നില്ല; അന്യരാജ്യങ്ങളുടെ പിന്തുണ നേടാനായിരുന്നു. അത് നേടി. ‘സാര്‍ക്കി’ല്‍ത്തുടങ്ങി ‘ബ്രിക്കി’ലൂടെ കടന്നുപോയ ‘ട്രിക്കു’കളും ‘ട്രിപ്പു’കളും ‘വര്‍ക്കു’ ചെയ്തു. ഇന്ന് ഭാരതം നേടിയ വിദേശ നയതന്ത്ര വിജയത്തിന്റെ നിഷ്പക്ഷമായ വിലയിരുത്തല്‍ നടത്തുന്നവര്‍ വിജയം തലകുലുക്കി സമ്മതിക്കും. യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ വൈകാതെ സ്ഥിരാംഗത്വം നേടുന്ന ഭാരതവിജയത്തിന് ഈ ആദ്യവര്‍ഷ പ്രസംഗങ്ങളാണ് അതിന് അടിത്തറയിട്ടതെന്നു വ്യക്തമാകും. ഒന്നാംവര്‍ഷത്തെ നയപ്രഖ്യാപന പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ അടുത്ത ഘട്ടം സ്വന്തംവീടിനെ പരുവപ്പെടുത്തുക (സെറ്റ് ദ ഹൗസ് ഇന്‍ ഓര്‍ഡര്‍) യാണ്. അതിനുള്ള ശ്രമങ്ങളിലാണ് സംഘാടകനായ പ്രധാനമന്ത്രി. ഒന്നാംവര്‍ഷത്തെ വിലയിരുത്തുന്നവര്‍ അതെല്ലാം ചെയ്തുകൊള്ളട്ടെ, തനിക്ക് കിട്ടിയിരിക്കുന്നത് അഞ്ചുവര്‍ഷത്തെ ഭരണാനുമതിയാണെന്നതാണ് മോദി നിലപാട്. മന്ത്രിസഭയില്‍ മുതല്‍ താഴേത്തട്ടിലുള്ള ഉദ്യോഗസ്ഥരില്‍ വരെ അഴിച്ചുപണിയും ഇളക്കി പ്രതിഷ്ഠയും വൈകാതെ നടക്കും. ഓരോരോ മന്ത്രാലയങ്ങളിലും വകുപ്പുകളിലും സ്ഥാപനങ്ങളിലും വരുത്തേണ്ട പരിഷ്‌കാരങ്ങളുടെ റിപ്പോര്‍ട്ടുകള്‍ തയ്യാറായിക്കഴിഞ്ഞു. അവയുടെ നടപ്പാക്കലാണ് രണ്ടാംവര്‍ഷ അജണ്ട. അതോടെയാണ് കുതിപ്പ്. സ്വയം പര്യാപ്തത നേടാനുള്ള ആ സാഹസിക യജ്ഞം 2017 ലെ കടുത്ത കാലമാകുമെന്നു തന്നെയാണ് കണക്കാക്കുന്നത്. എന്നാല്‍ തുടര്‍ന്നുള്ള കാലം അതിന്റെ നേട്ടം കൊയ്യുന്നതിനുള്ളതാവും. പ്രസംഗത്തില്‍ നിന്ന് പ്രവൃത്തിയിലേക്ക്, അവിടുന്ന് പ്രകടനത്തിലേക്ക്. അതിനുള്ള ആസൂത്രണനിര്‍വഹണ പരിപാടികള്‍ക്കിടയില്‍ വിലയിരുത്തലും മൂല്യനിര്‍ണയവും വിമര്‍ശനങ്ങളും പ്രതിബന്ധമാകില്ല. പക്ഷേ, അവയും കണക്കിലെടുക്കുമ്പോഴാണല്ലോ ഭരണാധികാരികള്‍ക്ക് പൂര്‍ണലക്ഷ്യം നേടാനാവുക. അതുണ്ടാവുകയും ചെയ്യും. പോരയ്മയുണ്ടെന്നു തോന്നിയാല്‍ തിരുത്തലുകളും വരുത്തും.

പിന്‍കുറിപ്പ്: ഒരാള്‍ ഏറെ പ്രസംഗിക്കുന്നുവെന്ന് ആക്ഷേപം, മറ്റൊരാള്‍ പ്രസംഗിക്കുന്നേയില്ലെന്ന് പരാതി. ഒടുവില്‍ ആനപ്രസവംപോലെ ഒന്നു സംഭവിച്ചപ്പോള്‍ അതായി സര്‍വോത്തരമെന്ന് പ്രഘോഷണം. പറയുന്നതിലല്ല, പറയുന്നതെന്താണെന്നതാണ് പ്രധാനം. ‘ആരു പറയുന്നുവെന്നല്ല, എന്തുപറയുന്നുവെന്നതാണ് കാര്യം’ എന്ന് പറഞ്ഞത് പണ്ഡിറ്റ് നെഹ്‌റുവാണ്. പിന്തിരിപ്പനാണെന്ന മുദ്ര കുത്തി തള്ളരുത്, ഇനിപ്പറയുന്നത് മുഖ്യമാണ്, മനുസ്മൃതി ഇങ്ങനെ പറയുന്നു. സഭേ വാ ന പ്രവേഷ്ടവ്യം വക്തവ്യം വാ സമഞ്ജസ അബ്രുവന്‍ വിബ്രുവന്‍ വാളപി നരോ ഭവതി കില്‍ബിഷീ. (ഒന്നുകില്‍ സഭയില്‍ പ്രവേശിക്കരുത്. പ്രവേശിച്ചാല്‍ ഔചിത്യമില്ലാതെ കാര്യങ്ങള്‍ പറയരുത്, അവസരം വരുമ്പോള്‍ മിണ്ടാതിരിക്കുകയോ വളച്ചൊടിക്കുകയോ ചെയ്യുന്നവന്‍, പാപിയായിത്തീരുന്നു.) ആരോടാണ് ‘മാനിഷാദ’ എന്നുപറയേണ്ടതെന്ന് ഇനി ജനം തീരുമാനിക്കട്ടെ.

ജന്മഭൂമി: http://www.janmabhumidaily.com/news285472

Thursday, April 30, 2015

സംസ്‌കാരത്തിന്റെ വേര് വിദ്യാഭ്യാസത്തിന്റെ തല

സംസ്‌കാരത്തിന്റെ വേര് വിദ്യാഭ്യാസത്തിന്റെ തല

നിരീക്ഷണം കാവാലം ശശികുമാര്‍
April 28, 2015
പട്ടികനിരത്തിയാല്‍ തീരില്ല. ബുദ്ധിജീവികള്‍ക്ക് ഇപ്പോള്‍ നാവില്ല. അവര്‍ കേന്ദ്രസര്‍ക്കാരിന്റെ കാവിവല്‍ക്കരണത്തിനെ സൂക്ഷ്മദര്‍ശിനിവച്ച് നിരീക്ഷിക്കുകയാണ്. സ്വന്തം കണ്ണിലെ കോലെടുക്കാന്‍ നേരമില്ല. കേരളത്തില്‍ പ്രൈമറി ക്ലാസ് മുതല്‍ സംസ്‌കൃതപഠനം നടപ്പിലാക്കുമെന്ന് 2012 ല്‍ പ്രഖ്യാപിച്ചതാണ്. ഇതുവരെ നടപ്പിലായിട്ടില്ല. നാലാം ക്ലാസുവരെ അറബിപഠനം വേണമെന്ന് നിശ്ചയിച്ചു. തകൃതിയായി നടപ്പിലായി. മദ്രസകളില്‍ ശാസ്ത്രം പഠിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ വന്‍തുക വിതരണം ചെയ്തു. പക്ഷേ, ശാസ്ത്രം പഠിപ്പിക്കുന്ന വിദ്യാലയങ്ങളില്‍ സദ്ഗുണ വിദ്യാഭ്യാസത്തിന്റെ മറവില്‍ ഖുറാന്‍ പഠനം പരോക്ഷമായി സാര്‍വത്രികമായതു മിച്ചം.
sslcസംസ്‌കാരങ്ങളുടെ വേരറുക്കാനുള്ള ശ്രമങ്ങള്‍ ചിലര്‍ നടത്താറുണ്ടെങ്കിലും സമ്പൂര്‍ണമായി ഇല്ലാതാക്കുക അത്ര എളുപ്പമല്ല. തായ്‌വേരും നാരുവേരു പടലങ്ങളുമായി പന്തലിച്ച അതിസൂക്ഷ്മമായ ശേഷിപ്പുകള്‍ അവിടവിടെയുണ്ടായിരിക്കും. ആല്‍മരംപോലെ അത് വീണ്ടും വീണ്ടും മുളച്ചുകൊണ്ടേയിരിക്കും.
അഫ്ഘാനിസ്ഥാനില്‍ താലിബാന്‍ ഭീകരര്‍ ബാമിയാന്‍ സ്മാരകങ്ങള്‍ തകര്‍ത്തതാണ് അടുത്തിടെ നടന്ന സാംസ്‌കാരിക നശീകരണ പ്രവര്‍ത്തനം. അതിന് രണ്ടു പതിറ്റാണ്ടുമുമ്പ് റഷ്യയില്‍ ലെനിന്‍ ഉള്‍പ്പെടെ കമ്മ്യൂണിസ്റ്റ് നേതാക്കളുടെ പ്രതിമകളും സ്മാരകങ്ങളും തല്ലിതകര്‍ക്കുകയും ക്രെയിന്‍കൊണ്ടു ചുമന്നു മാറ്റുകയും ചെയ്തത് നാമെല്ലാം കണ്ടു. അത് ഔദ്യോഗികമായി ഒരു രാഷ്ട്രീയ സംസ്‌കാരത്തിന് നടത്തിയ ശവമടക്കലായിരുന്നുവെന്ന് വ്യത്യാസമുണ്ട്, താലിബാന്‍ പ്രവൃത്തിയുമായി തട്ടിച്ചുനോക്കുമ്പോള്‍.
നൂറ്റാണ്ടുകള്‍ക്ക് പിന്നിലേക്ക് പോയാല്‍, പുരാതന ഭാരതത്തില്‍ നളന്ദ, തക്ഷശില തുടങ്ങിയ സാംസ്‌കാരികാധാര-ആസ്ഥാന കേന്ദ്രങ്ങള്‍ തകര്‍ക്കപ്പെട്ട സംഭവങ്ങളാണ് ഭാരതചരിത്രത്തിലെ സാംസ്‌കാരികതയ്ക്കുമേല്‍ നടന്ന ഏറ്റവും വലിയ ആക്രമണങ്ങള്‍. മുസ്ലിം അധിനിവേശം, ആക്രമണമായിരുന്നു അതിനു പിന്നില്‍.
സംസ്‌കാരത്തിന്റെ രേഖകളുടെ സൂക്ഷിപ്പുകേന്ദ്രങ്ങളായിരുന്ന നളന്ദയിലെ ഗ്രന്ഥപ്പുരകള്‍ മാസങ്ങള്‍ നീണ്ടുവത്രെ അക്രമികള്‍ കൊളുത്തിയ തീയില്‍ കത്തിത്തീരാന്‍. ഇങ്ങ് തെക്കന്‍ ഭാരതത്തില്‍ ടിപ്പു സുല്‍ത്താന്‍ നടത്തിയ തേരോട്ടത്തില്‍ തകര്‍ക്കപ്പെട്ട സാംസ്‌കാരിക കേന്ദ്രങ്ങള്‍ ക്ഷേത്രങ്ങളായിരുന്നു കേരളത്തെ സംബന്ധിച്ചു നോക്കിയാല്‍. ഉള്ളിലുള്ള വിഗ്രഹവും ഭണ്ഡാരവും മാത്രമായിരുന്നില്ല ടിപ്പുവിന്റെ ലക്ഷ്യം, മറിച്ച് സാംസ്‌കാരികതയുടെ സര്‍വ്വനാശം കൂടിയായിരുന്നു.
ഇന്ന് തേരോട്ടങ്ങള്‍ക്ക് സാധ്യതയില്ലാതായി. പക്ഷേ ഭരണംകൊണ്ട്, അധികാരം കൊണ്ട് എങ്ങനെ സാംസ്‌കാരികതയെ തകര്‍ക്കാമെന്ന് ശാസ്ത്രീയമായി തെളിയിച്ചു കാണിച്ചുതരികയാണ് ചില ഭരണകൂടങ്ങള്‍. കേരളത്തിലേക്ക് നോക്കുക.ഭാരതത്തില്‍ ബ്രിട്ടീഷ് ഭരണകാലത്തുണ്ടായ വിദ്യാഭ്യാസ വിപ്ലവത്തെക്കുറിച്ച് രോമാഞ്ചം കൊള്ളുന്നവര്‍ക്ക് മെക്കാളെ സായിപ്പ് ആരാധ്യനാണ്. ബ്രിട്ടീഷുകാര്‍ ഭാരതത്തില്‍ വന്നില്ലായിരുന്നെങ്കില്‍ ഇവിടെ റെയില്‍വേ വരില്ലായിരുന്നുവെന്ന് പ്രചരിപ്പിക്കുന്ന അല്‍പ്പബുദ്ധികളുടെ ഗണത്തില്‍പ്പെടും അവര്‍.
മിഷണറിമാര്‍ വന്നില്ലായിരുന്നെങ്കില്‍ നിഘണ്ടു ഉണ്ടാകില്ലായിരുന്നുവെന്ന് വാദിച്ച് ഗുണ്ടര്‍ട്ട് സായിപ്പിനെ എഴുത്തച്ഛന്റെയും മേലേ ഇരുത്താന്‍ മുതിരുന്നവരുമുണ്ട്. പക്ഷേ, മെക്കാളെ എങ്ങനെ നമ്മുടെ ഗുരുകുല വിജ്ഞാനസമ്പാദന സമ്പ്രദായത്തെയും സംവിധാനത്തെയും വെറും ജീവനോപാധി മാത്രമാക്കി മാറ്റിയെന്ന് പക്ഷപാതമില്ലാതെ പഠിക്കാന്‍ വിദ്വാന്മാരാരും തയ്യാറായിട്ടില്ലെന്നതു മറ്റൊരു സത്യം.
തത്വമസിയെന്ന വേദ-ഉപനിഷദ് വിശകലനമെഴുതിയ ഡോ.സുകുമാര്‍ അഴീക്കോടും അതിന് വിദേശിയായ മാക്‌സ്മുള്ളറെയാണ് ഏറെ ആശ്രയിച്ചത്. മലയാളം പ്രൊഫസര്‍ക്ക് സംസ്‌കൃതം അറിയാഞ്ഞല്ല, വേദവും ഉപനിഷത്തുമെല്ലാം സ്വയം വ്യാഖ്യാനിക്കാന്‍ പ്രാപ്തനും. പക്ഷേ മുള്ളറെപ്പോലുള്ള വിദേശികള്‍ പറഞ്ഞത് ഏറ്റുപറഞ്ഞാലേ വിലമതിക്കൂ എന്ന, അവര്‍ക്കുള്ള വിജ്ഞാനം തനിക്കില്ലെന്ന വിശ്വാസം സ്വയം നെഞ്ചില്‍ ധരിക്കാന്‍ തക്കരീതിയില്‍ ആധുനിക വിദ്യാഭ്യാസ സമ്പ്രദായം ഏതു പണ്ഡിതരേയും സ്വാധീനിച്ചിരുന്നുവെന്നര്‍ത്ഥം.
അതായിരുന്നു ബ്രിട്ടീഷ്-പാശ്ചാത്യ സാമ്രാജ്യ ഭരണതലത്തില്‍ ഭാരതീയ സാംസ്‌കാരിക മേഖലയില്‍ നടത്തിയ ആക്രമണത്തിന്റെ ഫലം. പറഞ്ഞുവന്നത് കായികവും ബൗദ്ധികവുമായ, പ്രത്യക്ഷവും പരോക്ഷവുമായ പ്രകടവും നിഗൂഢവുമായ മാര്‍ഗ്ഗങ്ങളിലൂടെ നടത്തുന്ന സംസ്‌കാരത്തിന്റെ വേരറുക്കല്‍ പ്രക്രിയകളെക്കുറിച്ചാണ്.
കേരളത്തില്‍ വിദ്യാഭ്യാസരംഗത്ത് സംസ്ഥാനം നിലവില്‍വന്ന കാലം മുതല്‍ ഭരണത്തിലേറിയവര്‍ മാറിമാറി ചെയ്തുപോരുന്നത് ഈ സാംസ്‌കാരിക വേരറുക്കലാണ്. മലയാളഭാഷക്കുവേണ്ടി എന്തൊക്കെയോ ഏറൈ ചെയ്തുവെന്ന് പുകഴ്ത്തപ്പെടുന്ന, പ്രഭാഷകനായിരുന്ന, എഴുത്തുകാരനായിരുന്ന, അധ്യാപകനായിരുന്ന, വിദ്യാഭ്യാസ വിപ്ലവ പ്രയോക്താവായിരുന്നു എന്നെല്ലാം വിശേഷിപ്പിക്കുന്ന പ്രൊഫ. ജോസഫ് മുണ്ടശ്ശേരി മുതല്‍ അബ്ദു റബ്ബുവരെ സംസ്ഥാന വിദ്യാഭ്യാസ മന്ത്രിയായിരിക്കെ ചെയ്തതും ചെയ്യുന്നതും അത് തന്നെ.
കേരളത്തിന്റെ വിദ്യാഭ്യാസരംഗത്തെക്കുറിച്ച് ഒരു സാമൂഹ്യവിചാരണ നടത്താന്‍ തയ്യാറാകട്ടെ, അപ്പോളറിയാം സത്യാവസ്ഥ. എല്ലാവര്‍ക്കും വിദ്യാഭ്യാസാവകാശമെന്ന സാമൂഹ്യസമത്വത്തിനുള്ള നിയമനിര്‍മാണം നടന്നുവെന്നത് ശരി തന്നെ. അത് വലിയനേട്ടവും സംഭവവുമാണ്. ചെറുതാക്കി കാണുന്നില്ല. പക്ഷേ, അതിനപ്പുറം കേരളത്തിന്റെ വിദ്യാഭ്യാസരംഗത്ത് സ്ഥിതി എന്താണ്.
പാര്‍ട്ടികളുടെ നേട്ടം പറയാനും ചിലരുടെ തൊപ്പിയിലെ തൂവലിന്റെ എണ്ണം പെരുക്കാനുമുള്ള നേട്ടപ്പട്ടികയല്ലാതെ സാംസ്‌കാരിക പോഷണമോ ശോഷണമോ വിദ്യാഭ്യാസരംഗത്തെന്ന് വിലയിരുത്തട്ടെ. അപ്പോള്‍ വിവരമറിയാം. ഈ വിദ്യാഭ്യാസ ബില്ലിന്റെ കാര്യത്തിലുമില്ലേ റെയില്‍വേ വന്നതിനു ബ്രിട്ടീഷ് ഭരണത്തില്‍ ഊറ്റം കൊള്ളുന്നതുപോയുള്ള വങ്കത്തം.
നിലത്തെഴുത്താശാന്മാരെ നിഷ്‌കരുണം നിഷ്‌കാസനം ചെയ്ത് എല്‍കെജിയും യുകെജിയും കൊണ്ടുവന്നത്, ഹരിഃ ശ്രീയും തറ-പറയും മാറ്റി എബിസിഡി മികച്ചതെന്നുവരുത്തിയത്, വിദ്യാദേവിയുടെ പ്രാര്‍ത്ഥനക്ക് പകരം മതേതര പ്രാര്‍ത്ഥനകളും മൗന പ്രാര്‍ത്ഥനയും നടപ്പാക്കിയത്, സര്‍ക്കാര്‍ നികുതിപ്പണം സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്താന്‍ കൊടുത്തത്, വിജ്ഞാന വിശപ്പുമാറ്റുന്നതിനു പകരം ഉച്ചക്കഞ്ഞിയില്‍ ഊന്നല്‍ കൊടുത്തത്, മാതൃഭാഷയായ മലയാളത്തെ ക്ലാസ്മുറികളില്‍നിന്ന് ആട്ടിയിറക്കിയത്, സംസ്‌കൃത പഠനം നിര്‍ത്തലാക്കിയത്, അറബി പഠനം നിര്‍ബന്ധമാക്കിയത്, അധ്യാപക യോഗ്യത പള്ളിമുക്രിയുടെ ശുപാര്‍ശ മാനദണ്ഡമാക്കിയത്,
കലാ-കായിക പരിശീലനങ്ങളെ സ്‌കൂളങ്കണത്തില്‍ നിന്ന് ചവിട്ടിപ്പുറത്താക്കിയത്… പട്ടിക നിരത്തിയാല്‍ ഏറെയുണ്ട്. പച്ച ബ്ലൗസും പച്ചപ്പെയിന്റും മറ്റുംമറ്റും പ്രകടമായിപ്പോയ ചില ചെയ്തികള്‍ മാത്രം. അവ വിവാദമാക്കിയ കാലത്തെല്ലാം ആഴത്തില്‍ ഏല്‍പ്പിച്ച ആഘാതങ്ങള്‍ ആരും കണ്ടില്ല. ഈ മഹാപാതകത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് കേരളത്തിലെ ഒരു വിദ്യാഭ്യാസമന്ത്രിക്കും രക്ഷപ്പെടാനാവില്ല.
മുണ്ടശ്ശേരി, പി.പി. ഉമ്മര്‍കോയ, സി.എച്ച്. മുഹമ്മദ് കോയ, യു.എ. ബീരാന്‍, ചാക്കീരി അഹമ്മദ് കുട്ടി, പി.ജെ. ജോസഫ്, ടി.എം. ജേക്കബ്, കെ. ചന്ദ്രശേഖരന്‍, ബേബി ജോണ്‍, നാലകത്ത് സൂപ്പി, ഇ.ടി. മുഹമ്മദ് ബഷീര്‍, എം.എ. ബേബി, അബ്ദു റബ്ബ്-വിദ്യാഭ്യാസമന്ത്രിമാരുടെ പട്ടികയാണ്. പാര്‍ട്ടി തിരിച്ചുപറഞ്ഞാല്‍ ഉമ്മര്‍കോയയും എം.എ. ബേബിയും മാത്രമാണ് പ്രാദേശികകക്ഷികളുടേതല്ലാത്ത പ്രതിനിധിമാരായിരുന്നത്.
മതപക്ഷം പറഞ്ഞാല്‍ ഭൂരിപക്ഷ മതവിഭാഗത്തില്‍ പെട്ട ഒരേയൊരാളാണ് അക്കൂട്ടത്തില്‍. കുറച്ചുകൂടി സൂക്ഷ്മമായി പറഞ്ഞാല്‍ അഞ്ച് ക്രിസ്ത്യാനികള്‍, ആറ് മുസ്ലിങ്ങള്‍, ഒരു ഹിന്ദു. ഇനിയും വിശകലനം ചെയ്താല്‍ ഒമ്പത് ക്രിസ്ത്യന്‍-മുസ്ലിം മതവിശ്വാസികളും മൂന്ന് ഹിന്ദുമത വിശ്വാസമില്ലാത്തവരും.
മതേതര രാജ്യത്ത് മതാടിസ്ഥാനത്തില്‍ സെന്‍സസ് എടുക്കാനും മതാവകാശങ്ങള്‍ പറയാന്‍ സുപ്രീംകോടതി ജഡ്ജിമാര്‍ക്ക് പോലും അധികാരവും ഉള്ളപ്പോള്‍ ഇങ്ങനെയൊക്കെ വിശകലനം ചെയ്യാം, തെറ്റല്ല. മതാടിസ്ഥാനത്തില്‍ ന്യൂനപക്ഷ കമ്മീഷനും മുന്നാക്ക കമ്മീഷനും ഒക്കെ ഉള്ളപ്പോള്‍ ഇത് വേണം താനും. അങ്ങനെയുള്ളവര്‍ വിദ്യാഭ്യാസനയ മേല്‍നോട്ടം വഹിക്കുമ്പോള്‍ പാഠപുസ്തകത്തില്‍ നിന്ന് ഗണപതി പോകും ഗര്‍ദ്ദഭം വരും. അമ്മപോകും അരിവാള്‍ വരും. അതെല്ലാം അവിടെ ഒതുങ്ങിയെന്നു കരുതിയിരുന്നവര്‍ക്ക് മതമില്ലാത്ത ജീവന്‍ വന്നപ്പോള്‍ വിറളിപിടിച്ചിരുന്നു. പക്ഷേ ഇതിനെല്ലാമപ്പുറം വിദ്യാഭ്യാസരംഗത്ത് ആഴത്തില്‍ ഏല്‍പ്പിച്ചിരുന്ന ആഘാതങ്ങള്‍ക്ക് ആര് സമാധാനം പറയും നാളത്തെ തലമുറയോട്.
പട്ടികനിരത്തിയാല്‍ തീരില്ല. ബുദ്ധിജീവികള്‍ക്ക് ഇപ്പോള്‍ നാവില്ല. അവര്‍ കേന്ദ്രസര്‍ക്കാരിന്റെ കാവിവല്‍ക്കരണത്തിനെ സൂക്ഷ്മദര്‍ശിനിവച്ച് നിരീക്ഷിക്കുകയാണ്. സ്വന്തം കണ്ണിലെ കോലെടുക്കാന്‍ നേരമില്ല. കേരളത്തില്‍ പ്രൈമറി ക്ലാസ് മുതല്‍ സംസ്‌കൃതപഠനം നടപ്പിലാക്കുമെന്ന് 2012 ല്‍ പ്രഖ്യാപിച്ചതാണ്. ഇതുവരെ നടപ്പിലായിട്ടില്ല. നാലാം ക്ലാസുവരെ അറബിപഠനം വേണമെന്ന് നിശ്ചയിച്ചു. തകൃതിയായി നടപ്പിലായി. മദ്രസകളില്‍ ശാസ്ത്രം പഠിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ വന്‍തുക വിതരണം ചെയ്തു.
പക്ഷേ, ശാസ്ത്രം പഠിപ്പിക്കുന്ന വിദ്യാലയങ്ങളില്‍ സദ്ഗുണ വിദ്യാഭ്യാസത്തിന്റെ മറവില്‍ ഖുറാന്‍ പഠനം പരോക്ഷമായി സാര്‍വത്രികമായതു മിച്ചം. സംസ്‌കൃതം പഠിപ്പിക്കണമെങ്കില്‍ രാമായണവും ഭാരതവും അടങ്ങുന്ന ഹിന്ദുപുരാണങ്ങള്‍ പാഠ്യവിഷയമാക്കണം. അതിനോട് വകുപ്പുമന്ത്രിക്കും മന്ത്രിയുടെ പാര്‍ട്ടിക്കും യോജിപ്പില്ല.
അറബി പഠനത്തിന്റെ മറവില്‍ ഖുറാന്‍ പഠനമാകാം. വെള്ളിയാഴ്ചകളില്‍ നിസ്‌കാര സമയത്ത് ക്ലാസ് ഒഴിവാക്കിയത് പഴയ തീരുമാനം, പരീക്ഷ ആ ദിവസം വേണ്ടെന്ന് പുതിയ ഭരണം നിശ്ചയിച്ചു. വെള്ളിയാഴ്ച അവധിയ്ക്കുള്ള പ്രഖ്യാപനത്തിനു കാതോര്‍ത്തുകൊള്ളുക. സ്‌കൂള്‍ കലോത്സവങ്ങള്‍ കൊലപ്പാതിരവരെ നീളുന്നു. മത്സരിക്കുന്ന ഇനങ്ങള്‍ കേട്ടാല്‍ പൊട്ടിച്ചിരിച്ചുപോകും. അറബി പദപ്പയറ്റ്, വാക്പയറ്റ്….. അറബി കലോത്സവത്തിലെ മത്സരയിനങ്ങള്‍ക്ക് കലോത്സവവേദിയിലെ പ്രസക്തി വിലയിരുത്തി നോക്കട്ടെ. കലോത്സവങ്ങളുടെ ലക്ഷ്യമല്ല മതപോഷണത്തിന്റെയും മതാധിപത്യത്തിനുവേണ്ടിയുള്ള വാശിയുടെയും വേദിയാണതെന്നു തിരിച്ചറിയാം.
ഇപ്പോള്‍ സ്‌കൂളുകളില്‍ പ്രവേശന സമയമായി. പ്രവേശന കൗണ്ടറില്‍ ഇരിക്കാന്‍ മത്സരിക്കുന്ന ചില അധ്യാപക സംഘടനാ നേതാക്കളോ പ്രവര്‍ത്തകരോ ഉണ്ടാവും. അവര്‍ സംസ്‌കൃതം പഠിക്കാന്‍ താല്‍പ്പര്യപ്പെടുന്ന വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും പിന്തരിപ്പിക്കും. അത് സംഘടിതമായ തീരുമാനമാണ്. അജണ്ടയാണ്.
പത്താം ക്ലാസിലെ പരീക്ഷാഫലത്തിന്റെ വിജയം 50 ശതമാനത്തില്‍നിന്ന് 80 ന് മുകളിലെത്തിച്ചത് രണ്ടാം മുണ്ടശ്ശേരിയായി സ്വയം ഭാവിച്ച എം.എ. ബേബി വിദ്യാഭ്യാസ മന്ത്രിയായിരിക്കെയാണ്. എന്താണീ അത്ഭുതവിദ്യ. മുതുകാട് എന്ന മാന്ത്രികന്‍ ബേബിയുടെ ഉറ്റമിത്രമായതൊഴിച്ചാല്‍ വേറേ വഴിയൊന്നുമില്ലായിരുന്നു. ക്ലാസ് സമയം കഴിഞ്ഞ് കുട്ടികള്‍ക്ക് അധികപഠനം കൊടുക്കാന്‍ ബൊറോട്ടയും ബ്രഡ്ഡും മുട്ടയും വാങ്ങിക്കൊടുത്തതാണ് പ്രവര്‍ത്തനം. അതുകൊണ്ടു മാര്‍ക്കു കിട്ടുമെങ്കില്‍ ബൊറോട്ട-ബ്രഡ് വിപ്ലവം പോരേ എന്നു സംശയിക്കണം.
പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ പരീക്ഷക്കു തലേന്നും, സ്വന്തം പേര് തെറ്റാതെ എഴുതാനറിയാത്തവര്‍ക്ക് എ ഗ്രേഡ് കൊടുത്ത് പാസാക്കുമ്പോള്‍ തകരുന്നത് വിദ്യാഭ്യാസരംഗം മാത്രമല്ല, സാംസ്‌കാരികത കൂടിയാണ്. പക്ഷേ ആരുണ്ടിവിടെ ചോദിക്കാന്‍. പല വിദ്യാര്‍ത്ഥി സംഘടനകള്‍ക്കും വീര്യമില്ലാതായി. അവരെ ചുടുചോറു വാരിച്ചിരുന്നവര്‍ക്ക് ധാര്‍മികതയില്ലായി. അധ്യാപക സംഘടനകള്‍ മിക്കതിനും താല്‍പ്പര്യങ്ങള്‍ മറ്റ് പലതുമായി. വിദ്യാഭ്യാസമേഖലയില്‍ ചെലവിടാന്‍ വിവിധ വഴിയില്‍ വരുന്ന ഫണ്ടിന്റെ തോത് അനുദിനം വര്‍ധിച്ചുവരികയായി. അപ്പോള്‍ ‘കൂട്ടു (കെട്ട്) ഉത്തരവാദിത്ത’ത്തിന്റെ ഫലമായി ഈവിധ അക്രമങ്ങള്‍ക്കെതിരെ മിണ്ടാട്ടമില്ലാതായി. സ്വാഭാവികം.
പക്ഷേ, മാര്‍ക്കു തിരുത്തല്‍ വിവാദങ്ങളെ തുടര്‍ന്ന് കാല്‍ നൂറ്റാണ്ടു മുമ്പ് കേരള യൂണിവേഴ്‌സിറ്റിയുടെ സര്‍ട്ടിഫിക്കറ്റു കൈയിലുള്ളവര്‍ക്കായിരുന്നു നാണക്കേട്. ഇന്നിപ്പോള്‍ പത്താം ക്ലാസ് സര്‍ട്ടിഫിക്കറ്റുകാര്‍ക്കും സ്വന്തമായി. അതും നൂറു ശതമാനത്തോളം!! ഇങ്ങനെയാണ് സംസ്‌കാരത്തിന്റെ വേരറുക്കുന്നത്, വിദ്യാഭ്യാസത്തിന്റെ തലയും…
പിന്‍കുറിപ്പ്: കേദാര്‍നാഥ് ക്ഷേത്ര ദര്‍ശനത്തിനിടെ, കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിക്ക് തന്നിലേക്ക് വലിയൊരു ഊര്‍ജപ്രവാഹമുണ്ടായതായി അനുഭവപ്പെട്ടെന്ന് വെളിപ്പെടുത്തി. അച്ഛന്‍ രാജീവ് ഗാന്ധി പണ്ട് അയോധ്യയില്‍ രാമജന്മഭൂമി സന്ദര്‍ശിച്ചതിന്റെ ഊര്‍ജം കിട്ടിയത് ബിജെപിക്കായിരുന്നു. യുപിയിലെ പുതിയ ബിജെപി കുതിപ്പിന് രാഹുലിന്റെ കേദാര്‍നാഥ് സന്ദര്‍ശനം സഹായകമാകുമെന്ന് ചില കുബുദ്ധികള്‍ പറയുന്നു.

Sunday, April 26, 2015

ജമ്മു ആന്റ് കശ്മീരല്ല ജമ്മുക്കശ്മീര്‍

ജമ്മു ആന്റ് കശ്മീരല്ല ജമ്മുക്കശ്മീര്‍

കാവാലം ശശികുമാര്‍
March 3, 2015
JAMMUKAAകൂട്ടു ചേരലിന്റെ കശ്മീര്‍ പരീക്ഷണത്തില്‍ കുങ്കുമപ്പൂക്കളില്‍ വീണ രക്തക്കറകള്‍ തുടച്ചു മാറ്റുന്നതിനുള്ള തുടക്കമാണ് കഴിഞ്ഞ ദിവസം, 2015 മാര്‍ച്ച് ഒന്നിനു ജമ്മു കശ്മീരില്‍ തുടങ്ങിവെച്ചത്; ഒപ്പം തീര്‍ത്ഥാടന വഴിയില്‍ കണ്ണീര്‍ തുള്ളികള്‍ വീണുടഞ്ഞ നനവു തുടയ്ക്കാനും. ജമ്മു കശ്മീരില്‍ ബിജെപിയും പിഡിപിയും ചേര്‍ന്നുള്ള സഖ്യസര്‍ക്കാര്‍ അധികാരമേറ്റത്, 68 വയസിലെത്തിയ ഭാരത ജനാധിപത്യ ചരിത്രത്തിലെ ഉജ്ജ്വല അദ്ധ്യായംതന്നെയാണ്. രാഷ്ട്രീയവും മതവും സാമൂഹ്യാവസ്ഥകളും ഭേദം മറക്കുന്നുവെന്ന ശുഭസൂചനയാണത്.
പരീക്ഷണങ്ങളാണെല്ലാം, വിജയവും പരാജയവും കാലത്തിന്റെ വിധിപോലെയിരിക്കും. പക്ഷേ, പുതുപരീക്ഷണങ്ങളുടെ തുടക്കവും പ്രയോഗവുമാണ് ഫലത്തേക്കാള്‍ പ്രധാനം.
ഇതു തിരുത്തലുകളുടെ തുടക്കത്തിന്റെ തുടര്‍ പ്രക്രിയകൂടിയാണ്. ഭാരതത്തിന്റെ ഭാവി തിരുത്തിയെഴുതാനുള്ള 2014 ജനാധിപത്യ ജനവിധിയുടെ ദൗത്യം ഭരണകൂടവും ഏറ്റെടുക്കുന്നതിന്റെയും ഭരിക്കുന്ന പാര്‍ട്ടി ഏറ്റെടുക്കുന്നതിന്റെയും അതിന്റെ സ്വാധീനത്തില്‍ മറ്റു പാര്‍ട്ടികള്‍ മനം മാറ്റുന്നതിന്റെയും തുടര്‍ പ്രവര്‍ത്തനമാണിത്. എഎപി എന്നൊരു പാര്‍ട്ടിയുടെ അവതാരവും (സര്‍വനാശത്തിനുള്ള തുടക്കം അതിനുള്ളില്‍ത്തന്നെ തുടങ്ങിയെങ്കിലും) ദേശീയ പാര്‍ട്ടികളെ പോലും മാറ്റിക്കഴിഞ്ഞുവെന്ന് വിധിയെഴുതുന്നവര്‍ കാണാതെ പോകുന്നതാണ് പിഡിപിപോലെ ഒരു പാര്‍ട്ടി ബിജെപിയോടു കൈക്കൊള്ളുന്ന സമീപനം. ആ സ്വാധീനം അധികാരവും ഉത്തരവാദിത്തവും നിറവേറ്റപ്പെടുമെന്ന ഉത്തമ വിശ്വാസം ജനിപ്പിക്കാന്‍ അവര്‍ക്കു കഴിയുന്നതുകൊണ്ടാണെന്നു വിലയിരുത്താനും ഇക്കൂട്ടര്‍ മടിക്കും.
കശ്മീരിലെ വമ്പിച്ച മനംമാറ്റം കാണണമെങ്കില്‍ തിരിഞ്ഞു നോക്കണം, അവിടത്തെ രാഷ്ട്രീയ ചരിത്രത്തിലേക്ക്. മനംമാറ്റം പാര്‍ട്ടികള്‍ക്കു മാത്രമല്ല, അവിടുത്തെ ജനതയ്ക്കു മുഴുവനാണെന്നതാണ് തിരിച്ചറിയേണ്ട കാര്യം. ജനാധിപത്യ പ്രക്രിയയുടെ ഭാഗമാകാന്‍ മുക്കാല്‍ പങ്കു വോട്ടര്‍മാരും വോട്ടുചെയ്തുവെന്നത് ചെറിയ കാര്യമല്ല; അതും, ബഹിഷ്‌കരിക്കാന്‍ ആഹ്വാനങ്ങള്‍ ഉണ്ടായിരുന്നിട്ടും.
ഭാരത സ്വാതന്ത്ര്യം പ്രഖ്യാപിക്കും മുമ്പ്, 1947 ആഗസ്ത് 12-ന് കശ്മീരിലെ മഹാരാജാവ് ഹരി സിങ് ഭാരതവുമായി ചര്‍ച്ചകള്‍ക്കും ചില കാര്യങ്ങളില്‍ ചില കരാറുകള്‍ക്കും സന്നദ്ധത കാണിച്ചെങ്കിലും പല കാരണങ്ങളാല്‍ അന്ന് നിയുക്ത പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു അതു വെച്ചു താമസിപ്പിച്ചു. പാക്കിസ്ഥാന്‍ ആസൂത്രിതമായി കശ്മീരിനെ കൊള്ളയടിച്ചപ്പോഴും യഥാസമയം സഹായമെത്തിക്കാന്‍ നെഹ്‌റു തയ്യാറായില്ല.
ചരിത്രത്തിലെ കശ്മീര്‍ തെറ്റുകള്‍ അവിടെ തുടങ്ങുന്നു. ആ നയവൈകല്യം സംഭവിച്ചില്ലായിരുന്നെങ്കില്‍ 1947 ഒക്‌ടോബര്‍ 26 വരെ, കശ്മീര്‍ ഭാരതത്തില്‍ ലയിക്കുന്നതായി പ്രഖ്യാപനം വരുന്നതുവരെ ആ പ്രദേശം പാക്കിസ്ഥാന്‍ ആക്രമണകാരികളുടെ ആവാസകേന്ദ്രമാകുമായിരുന്നില്ല. കശ്മീരിനു മേല്‍ പാക്കിസ്ഥാന്‍ അവകാശവാദം ഐക്യരാഷ്ട്ര സഭയില്‍ കൊണ്ടെത്തിച്ച് ആക്ഷേപമായി ഉന്നയിക്കാന്‍ അവസരംകൊടുത്ത് നെഹ്‌റുവിന്റെയും കോണ്‍ഗ്രസിന്റെയും ഈ അടിസ്ഥാനപരമായ പിഴവായിരുന്നു.
1947 ഡിസംബര്‍ 30-നായിരുന്നു വിഷയം യുഎന്നില്‍ എത്തിയത്. പാക്കിസ്ഥാനുമായുള്ള യുദ്ധം അവസാനിപ്പിച്ചത് 1949 ജനുവരി ഒന്നിനും. പാഴായത് 12 മാസം. നഷ്ടമായത് ഭാരതത്തിന്റെ ഒരു പ്രദേശം. ഇല്ലാതായത് സുന്ദര കശ്മീരിലെ സൈ്വര ജീവിതം.
മെഹര്‍ചന്ദ് മഹാജന്‍ കശ്മീര്‍ പ്രധാനമന്ത്രിപദം ഒഴിഞ്ഞപ്പോള്‍ നെഹ്‌റു കണ്ടെത്തിയ
പ്രധാനമന്ത്രിയായിരുന്നു ഷെയ്ഖ് അബ്ദുള്ള. രാജാവിന്റെ അധികാരങ്ങള്‍ ഇല്ലായ്മചെയ്ത്, 370-ാം വകുപ്പ് ഭരണഘടനയില്‍ ഉള്‍ക്കൊള്ളിപ്പിച്ച്, ‘സ്വതന്ത്ര കശ്മീര്‍’ എന്ന തന്റെ അജണ്ട നടപ്പാക്കാന്‍ ഷെയ്ഖ് അബ്ദുള്ളയ്ക്കായത് തന്റെ മിടുക്കുകൊണ്ടോ, നെഹ്‌റുവിന്റെ കഴിവുകേടുകൊണ്ടോ എന്നതു മറ്റൊരു ചരിത്രപഠനമര്‍ഹിക്കുന്ന വിഷയമാണ്. (അതില്‍ ലേഡി മൗണ്ട് ബാറ്റണിന്റെ റോളും മറ്റും ചര്‍ച്ചചെയ്യുമ്പോള്‍ വിഷയം മറ്റു വഴിയിലേക്കു പോയി ചുരുങ്ങിപ്പോവുകയാണ് പതിവ്.) നെഹ്‌റുവിന്റെ ഈ കശ്മീര്‍ തെറ്റുകള്‍ തിരുത്താനുള്ള വഴിയായേ ജമ്മുവില്‍ പ്രേംനാഥ് ദോഗ്രയുടെ നേതൃത്വത്തില്‍ രൂപംകൊണ്ട പ്രജാ പരിഷത്ത് എന്ന രാഷ്ട്രീയ സംഘടന. പക്ഷേ, ഷെയ്ഖ് അബ്ദുള്ളയ്‌ക്കൊപ്പം നിന്ന് പ്രജാപരിഷത്തിനെ അടിച്ചമര്‍ത്താനാണ് നെഹ്‌റു തുനിഞ്ഞത്.
സംഘടനയില്‍ ആയിരക്കണക്കിനു മുസ്ലിങ്ങളും അംഗമായിരുന്നെങ്കിലും അതിനെ വര്‍ഗ്ഗീയ സംഘടനയെന്നു മുദ്രകുത്താന്‍ അബ്ദുള്ളയ്ക്കായി. നെഹ്‌റുവും അങ്ങനെ വിളിച്ചു. കമ്മ്യൂണിസ്റ്റുകള്‍ അതു പ്രചരിപ്പിച്ചു. പ്രജാപരിഷത്ത് പില്‍ക്കാലത്ത് ജനസംഘത്തിന്റെ കശ്മീര്‍ ഘടകമാകുകയായിരുന്നു. ജനസംഘം പില്‍ക്കാലത്ത് ബിജെപിയുമായി. ഇന്നിപ്പോള്‍ ബിജെപി പങ്കാളിത്തത്തില്‍ സര്‍ക്കാര്‍ സംസ്ഥാനത്ത് അധികാരമേറ്റപ്പോള്‍, ഉപമുഖ്യമന്ത്രിയായി ബിജെപിയുടെ ഡോ. നിര്‍മ്മല്‍ സിങ് സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ ആ ചരിത്രത്തിന്റെ രാഷ്ട്രീയ വേര് അങ്ങ് പ്രജാപരിഷത്തുവരെ നീളുന്നുണ്ട്.
ജമ്മു കശ്മീരില്‍ ഷെയ്ഖ് അബ്ദുള്ളയുടെ ഭരണത്തിലെ താന്തോന്നിത്തങ്ങള്‍ക്കെതിരേ ആദ്യം ശബ്ദം ഉയര്‍ന്നത് 1952-ാണ്. സ്വന്തം പ്രധാനമന്ത്രി, സ്വന്തം ഭരണഘടന, സ്വന്തം പതാക എന്നിങ്ങനെ രാജ്യത്തിനുള്ളിലെ മറ്റൊരു രാജ്യമായി നില്‍ക്കാനുള്ള ഷെയ്ഖ് അബ്ദുള്ളയുടെയും പാര്‍ട്ടി നാഷണല്‍ കോണ്‍ഫ്രന്‍സിന്റെയും ധിക്കാരങ്ങള്‍ക്കെതിരേ 1952 ജൂണ്‍ 14-ന് ഭാരതീയ ജനസംഘത്തിന്റെ നേതാവ് ഡോ. ശ്യാമപ്രസാദ് മുഖര്‍ജിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗം പ്രമേയം പാസാക്കി. ജൂണ്‍ 26-ന് മുഖര്‍ജി പാര്‍ലമെന്റില്‍ പ്രതിപക്ഷ നേതാവെന്ന നിലയില്‍, പ്രത്യേക കശ്മീര്‍ രാജ്യമെന്ന അബ്ദുള്ളയുടെ വാദത്തെയും നിലപാടിനെയും ചോദ്യംചെയ്തു.  ജൂണ്‍ 29 കശ്മീര്‍ ദിനമായി ആചരിച്ചു. നെഹ്‌റു ഒന്നിളകിയിരുന്നു. മുഖര്‍ജിയുമായി ചര്‍ച്ചനടത്തി.
പക്ഷേ, അബ്ദുള്ള കൂടുതല്‍ ശക്തനായി എന്നതായിരുന്നു ഫലം. പക്ഷേ മുഖര്‍ജി അടങ്ങിയില്ല. പ്രജാപരിഷത്തിന്റെ കശ്മീര്‍ സമ്മേളനത്തില്‍ വിലക്കു ലംഘിച്ച് മുഖര്‍ജി പങ്കെടുത്തു. അവിടെ തിങ്ങിക്കൂടിയ ലക്ഷാവധി ജനങ്ങള്‍ക്കു മുന്നില്‍ മുഖര്‍ജി പ്രഖ്യാപിച്ചു, ”നിങ്ങളുടെ ദേശസ്‌നേഹഭരിതവും ന്യായയുക്തവുമായ ആവശ്യത്തിനുവേണ്ടി ഞാന്‍ പരിശ്രമിക്കും. അതില്‍ ലക്ഷ്യം നേടും. അല്ലെങ്കില്‍ അതിനുവേണ്ടി ഞാന്‍ മരിക്കും.” ആ വാക്കുകള്‍ക്ക് അറം പറ്റിയതുപോലെ- 1953 മെയ് എട്ടിന് വിലക്കു ലംഘിച്ച് മുഖര്‍ജി കശ്മീര്‍ സത്യഗ്രഹത്തിനു പോയി.
പാര്‍ലമെന്റിലെ പ്രതിപക്ഷ നേതാവിനെ, ഭാരതത്തിന്റെ ഭാഗമായി കശ്മീരില്‍ കടക്കരുതെന്ന വിലക്കു ലംഘിച്ച കുറ്റത്തിന് അറസ്റ്റുചെയ്ത് ജയിലില്‍ അടച്ചു. ശ്രീനഗറിലെ ജയിലില്‍ വിചാരണയില്ലാതെ 40 ദിവസം കഴിയേണ്ടിവന്ന അദ്ദേഹം 1953 ജൂണ്‍ 23-ന് ദുരൂഹ സാഹചര്യത്തില്‍ അന്തരിച്ചു.
നെഹ്‌റു കാര്യമായ ഒരു അന്വേഷണവും നടത്താന്‍ തയ്യാറായില്ല, ചരിത്രത്തിലെ നെഹ്‌റുവിയന്‍ തെറ്റുകളുടെ കൂമ്പാരത്തില്‍ മറ്റൊന്നുകൂടി. എന്നാല്‍ ഒരു ഗുണമുണ്ടായി, ഇതിനിടെ നെഹ്‌റു കാര്യങ്ങളുടെ പോക്ക് ശരിയായ ഗതിയിലല്ലെന്നു മനസിലാക്കി. കശ്മീര്‍ രാജാവിനെ അറസ്റ്റു ചെയ്യുക, കശ്മീരിനെ സ്വതന്ത്ര പരമാധികാര രാജ്യമായി പ്രഖ്യാപിക്കുക, ഇതിനു യുഎന്‍ സംരക്ഷണം ആവശ്യപ്പെടുക എന്ന വിവിധവും വിശാലവും നിഗൂഢവുമായ പദ്ധതി ഷെയ്ഖ് അബ്ദുള്ള തയ്യാറാക്കിക്കഴിഞ്ഞുവെന്ന് 1953-ല്‍ നെഹ്‌റുവിന് വിവിധ രഹസ്യാന്വേഷണ ഏജന്‍സികള്‍ റിപ്പോര്‍ട്ടു നല്‍കി. പക്ഷേ, പലകുറി ആവര്‍ത്തിച്ചിട്ടും നെഹ്‌റു വിശ്വസിക്കാന്‍ തയ്യാറായില്ലെന്ന് അന്നത്തെ ഐബി തലവന്‍ ബി. എന്‍. മല്ലിക് പില്‍ക്കാലത്ത് എഴുതിയ ‘ മൈ ഇയേഴ്‌സ് വിത് നെഹ്‌റു’ എന്ന പുസ്തകത്തില്‍ പറയുന്നുണ്ട്. ഒടുവില്‍ ആഗസ്റ്റ് ഒമ്പതിന് ഷെയ്ഖ് അബ്ദുള്ളയെ രാജ്യദ്രോഹം, വിദേശ രാജ്യങ്ങളുമായി ഗൂഢബന്ധം തുടങ്ങിയ ഏറ്റവും വലിയ കുറ്റങ്ങള്‍ ചുമത്തി അറസ്റ്റുചെയ്തു. പക്ഷേ, അഞ്ചുവര്‍ഷത്തിനു ശേഷം 1958 ജനുവരി എട്ടിന് മോചിപ്പിച്ചു. ശിക്ഷയൊന്നുമില്ലാതെ. ഇത് അബ്ദുള്ളയ്ക്ക് ഒരു രാഷ്ട്രീയ രക്തസാക്ഷിയുടെ പരിവേഷം നല്‍കിയതേ ഉള്ളു. നെഹ്‌റുവിന്റെയും കോണ്‍ഗ്രസ് പാര്‍ട്ടിയുടെയും തെറ്റുചരിത്രത്തില്‍പെട്ട മറ്റൊന്നുകൂടി.
അതേ വര്‍ഷം ഏപ്രില്‍ 12-ന് ഷെയ്ഖ് നെഹ്‌റുവിനെഴുതിയ കത്തില്‍ പറഞ്ഞു, കശ്മീരിന്റെ സ്വയം നിര്‍ണയാവകാശം നിഷേധിച്ചാല്‍ ഗുരുതരമായ ഭവിഷ്യത്തുണ്ടാകും. തുടര്‍ന്ന് 1959-ല്‍ വീണ്ടും അറസ്റ്റു ചെയ്തു. 62-ല്‍ വീണ്ടും മോചിപ്പിച്ചു. നിരുപാധികം. നട്ടെല്ലില്ലാത്ത നയത്തിന്റെ സ്ഥിരതയില്ലാത്ത ഊയലാട്ടം നെഹ്‌റുവിനെ കശ്മീര്‍ കാര്യത്തില്‍ വലിയൊരു കോമാളിയാക്കി. പക്ഷേ, തുടര്‍ന്ന് പ്രധാനമന്ത്രിക്കസേരയില്‍ വന്ന മകള്‍ ഇന്ദിരാ ഗാന്ധിയോ അതിനേക്കാള്‍ വമ്പന്‍ അബദ്ധങ്ങളുടെ അവതാരകയായി. 1965-ല്‍ വീട്ടു തടങ്കലിലായിരുന്ന അബ്ദുള്ളയെ ഇന്ദിര 1968-നിരുപാധികം മോചിപ്പിച്ചു. തികച്ചും രാഷ്ട്രീയ നേട്ടം മാത്രം ലക്ഷ്യമിട്ട്.
ഇതിനിടെ ചിലതു സംഭവിച്ചു. 1953-ല്‍ അബ്ദുള്ളയ്ക്ക പകരം ബക്ഷി ഗുലാം മുഹമ്മദാണ് മുഖ്യമന്ത്രിയായത്. ബക്ഷി സമുദായ താല്‍പര്യക്കാരനായിരുന്നു, വര്‍ഗ്ഗീയമായി ചിന്തിച്ചിരുന്നു, പക്ഷേ രാജ്യദ്രോഹപരമായ പ്രവര്‍ത്തനങ്ങള്‍ക്കു കൂട്ടുനിന്നിരുന്നില്ല.
1955-ല്‍ ജമ്മു കശ്മീര്‍ ഭരണഘടനാ നിര്‍മ്മാണ സഭ ഭാരത ഭരണഘടനയ്ക്കും ദേശീയ പതാകയ്ക്കും രാഷ്ട്രപതിയ്ക്കും സുപ്രീം കോടതിയ്ക്കും സംസ്ഥാനത്തും അംഗീകാരവും അധികാരവും നല്‍കിക്കൊണ്ടുള്ള സംസ്ഥാന ഭരണഘടനയ്ക്ക് അംഗീകാരം നല്‍കി. അതും കഴിഞ്ഞു രണ്ടു വര്‍ഷത്തിനു ശേഷമാണ് പ്ലാനിങ് കമ്മീഷന്‍, തെരഞ്ഞെടുപ്പു കമ്മീഷന്‍, സെന്‍സസ് കമ്മീഷന്‍, സിഎജി തുടങ്ങിയവയ്ക്ക് കശ്മീരില്‍ അംഗീകാരമുണ്ടായത്.  1957 ജനുവരി 26-ന് എന്നേക്കുമായി കശ്മീര്‍ ഭരണഘടനാ നിര്‍മ്മാണസഭയുടെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചു. ഒരുപക്ഷേ, സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ അതിനു ശേഷം നടക്കുന്ന വലിയൊരു പരിവര്‍ത്തനമാകും പുതിയ സഖ്യസര്‍ക്കാരിന്റെ ഭരണം.
പക്ഷേ, തെറ്റുകള്‍ക്ക് പൈതൃകം കൂട്ടുണ്ടാവുമെന്നു പറയുന്നതു സത്യമാണെന്ന് ഇന്ദിര തെളിയിച്ചു. 1975-ല്‍, അധികാരക്കൊതി മൂത്ത, ഭരണഭ്രാന്ത് തലയ്ക്കു പിടിച്ച ഇന്ദിരാ ഗാന്ധി വീണ്ടും ഷെയ്ഖ് അബ്ദുള്ളയെ കൂട്ടുപിടിച്ച് മുഖ്യമന്ത്രിയാക്കി. 77 വരെ തുടര്‍ന്നു. പിന്നീട് കശ്മീരിലും മക്കള്‍ ഭരണം തുടങ്ങി. ഷെയ്ഖ് അബ്ദുള്ള മകന്‍ ഫാറൂഖ് അബ്ദുള്ളയെ മുഖ്യമന്ത്രിയാക്കി. എന്നാല്‍ 84-ല്‍ നിര്‍ണ്ണായക വഴിത്തിരിവുണ്ടായി, ഫാറൂഖിനു ഭൂരിപക്ഷം നഷ്ടമായി. ഗവര്‍ണ്ണര്‍ ജഗ്‌മോഹന്‍ സംസ്ഥാനത്ത് ഗവര്‍ണര്‍ഭരണത്തിനു ശുപാര്‍ശചെയ്തു.
പക്ഷേ കേന്ദ്ര സര്‍ക്കാര്‍, ജി. എം. ഷായെ മുഖ്യമന്ത്രിയാക്കി. ഈ പതിറ്റാണ്ടുകള്‍ക്കിടയ്ക്ക് കശ്മീരില്‍ നിക്ഷിപ്ത താല്‍പര്യക്കാര്‍ അവരുടെ വേരോട്ടം ശക്തമാക്കി. വിഘടന വാദങ്ങളുടെ വമ്പിച്ച സംയോഗം സംഭവിച്ചുകഴിഞ്ഞിരുന്നു. കോണ്‍ഗ്രസിന്റെ പിന്തുണയില്‍ നടന്ന ഈ ഭരണകാലമായിരുന്നു നുഴഞ്ഞുകയറ്റക്കാര്‍ക്കും കടന്നുകയറ്റക്കാര്‍ക്കും രാഷ്ട്ര വിരുദ്ധ ശക്തികള്‍ക്കും കൊയ്ത്തുകാലമായത്. 1987-ല്‍ തെരഞ്ഞെടുപ്പില്‍ രാജീവ് ഗാന്ധി, അപ്പൂപ്പന്റെയും അമ്മയുടെയും വഴിയില്‍ത്തന്നെ പോയി, മലക്കം മറിഞ്ഞ് വീണ്ടും കോണ്‍ഗ്രസ് ഫാറൂഖുമായി കൂട്ടുകൂടി. ഫാറൂഖില്‍നിന്ന് മകന്‍ ഒമര്‍ ഫറൂഖിലെത്തിയതും പിഡിപിയും കോണ്‍ഗ്രസും ചേര്‍ന്ന് ഭരിച്ചതും മറ്റും മറ്റും പില്‍ക്കാല ചരിത്രങ്ങള്‍.
പക്ഷേ, പിഡിപി എന്ന പ്രാദേശിക പാര്‍ട്ടിയെ ബിജെപി പിന്തുണച്ച കേന്ദ്രത്തിലെ വി.പി. സിങ് സര്‍ക്കാരില്‍ ഉള്‍പ്പെടുത്തുന്നതില്‍ എതിര്‍പ്പു പ്രകടിപ്പിക്കാഞ്ഞപ്പോഴോ, വാജ്‌പേയി സര്‍ക്കാരില്‍ നാഷണല്‍ കോണ്‍ഫ്രന്‍സ് നേതാവ് ഒമര്‍ ഫറൂഖിനെ കേന്ദ്രമന്ത്രിയാക്കിയപ്പോഴോ ഒന്നും ആരം ഇതു പ്രതീക്ഷിച്ചില്ല- ജമ്മു കശ്മീരില്‍ ബിജെപി സംസ്ഥാന ഭരണം പിടിയ്ക്കുമെന്ന്. അതുകൊണ്ടുതന്നെ ഇതൊരു ചരിത്ര മാറ്റമാണ്. അതുപക്ഷേ പെട്ടെന്നു സംഭവിച്ച വികാരമാറ്റമല്ല, വിചാരമാറ്റമാണ്.
ജനവിധി പിഡിപിക്കു ഭരിക്കാനല്ല, ബിജെപിക്കുമല്ല.  അതേ സമയം കോണ്‍ഗ്രസിന് അല്ലേയല്ല, നാഷണല്‍ കോണ്‍ഫ്രസന്‍സിന് ഒട്ടുമേ അല്ല. എന്നാല്‍ ജമ്മുവിലെ ജനവിധി ബിജെപിയ്ക്കനുകൂലമായി. കശ്മീരിലേത് പിഡിപിക്കും. കൃത്യമായ വിഭജനം. അതിനു മതവും രാഷ്ട്രീയവും മറ്റും ആധാരമാണ്; അല്ലെന്ന് എത്രപേര്‍ ആണയിട്ടു പറഞ്ഞാലും. പക്ഷേ, മാറ്റത്തിന്റെ മനസും പെരുമാറ്റത്തിന്റെ വിശേഷമനസ്സും ഒന്നിച്ചു നില്‍ക്കേണ്ട ആവശ്യം രണ്ടു പാര്‍ട്ടികളുടെ നേതൃത്വവും അവര്‍ക്കു മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കുന്നവരും ശരിയായി തിരിച്ചറിഞ്ഞുവെന്നതാണ് യാഥാര്‍ത്ഥ്യം. അതിന്റെ സാക്ഷ്യപത്രമാണ് ഇരുകൂട്ടരും ഒട്ടേറെ കോമ്പ്രമൈസ് ചെയ്ത, അതേസമയം സംസ്ഥാന താല്‍പര്യങ്ങള്‍ക്കു മുന്‍തൂക്കം കൊടുക്കുന്ന പൊതു അജണ്ട. അതെ, ഇതു മറ്റൊരു പരീക്ഷണമാണ്.
ജമ്മു ആന്‍ഡ് കശ്മീരിനെ ജമ്മുക്കശ്മീരാക്കാനുള്ള പരിശ്രമം. അതുവഴി ആ സംസ്ഥാനത്തെയൊന്നാകെ ഭാരതത്തിനൊപ്പം നിര്‍ത്തുന്നതിനുള്ള മഹാ ശ്രമം. അങ്ങനെ പിഒകെയും അതില്‍ ചേരുമെന്ന സങ്കല്‍പ്പത്തിലുള്ള ശ്രമം. അഖണ്ഡതയുടെ സങ്കല്‍പ്പം ഭൂപരിധിയ്ക്കുമപ്പുറം സാക്ഷാത്കരിക്കാനുള്ള ആദര്‍ശാവിഷ്‌കാരത്തിന്റെ ഭഗീരഥ ശ്രമം. വി.പി. സിങ് ഭരണത്തില്‍ പിന്നില്‍നിന്ന് എല്‍. കെ. അദ്വാനിയിലൂടെ ബിജെപി പരീക്ഷിച്ച, വാജ്‌പേയി സര്‍ക്കാര്‍ കാലത്ത് പരസ്യമായി അവതരിപ്പിച്ച സമന്വയ സമീപനത്തിന്റെ നരേന്ദ്ര മോദി- അമിത്ഷാക്കാലത്തെ ഉജ്ജ്വലമായ സാക്ഷാത്കാരമാണ് ജമ്മു കശ്മീരിലെ സഖ്യ സര്‍ക്കാര്‍. ഇത്തരം പരീക്ഷണങ്ങള്‍ക്ക് വേദിയാകാന്‍ ഇനിയും സംസ്ഥനങ്ങളുണ്ട്. അവിടങ്ങളിലും താമരപ്പൂമണവുംകൊണ്ടു കാറ്റുവീശില്ലെന്നാര്‍ക്കു പറയാനാകും.

നിന്റെ രാജ്യം വരുന്നതിനെപ്പറ്റി 

കാവാലം ശശികുമാര്‍
April 7, 2015
പക്ഷേ, ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ എന്ന ചുവരെഴുത്തുകള്‍ക്ക് മറുവാക്കു പറഞ്ഞപ്പോള്‍ എന്തുകൊണ്ട് 'നിന്റെ രാജ്യം വരേണമേ' എന്ന് ഒരു രാജ്യത്തിന്റെ പരമാധികാരത്തെ വെല്ലുവിളിച്ചുകൊണ്ട് ശബ്ദം മുഴക്കുന്നത് കേട്ടിട്ടും മിണ്ടാതിരിക്കുന്നുവെന്നതിനു യുക്തിയില്ല. അത് വിശ്വാസത്തിന്റെ അടിസ്ഥാനത്തിലും പ്രാര്‍ത്ഥന ഉപദേശിച്ച ക്രിസ്തുവിന്റെ സങ്കല്‍പ്പത്തിലും സ്വര്‍ഗ്ഗമാണെന്നു വ്യാഖ്യാനിക്കാമെങ്കിലും അനുയായികളുടെ പില്‍ക്കാല പ്രവൃത്തിയുടെ തലത്തില്‍ മറ്റെന്തോ അല്ലെ എന്ന് എത്രയോനാള്‍ മുമ്പേ സംശയിക്കേണ്ടതായിരുന്നു.
രാജ്യം ദേഹമാണെങ്കില്‍ രാഷ്ട്രം ദേഹിയും ചേര്‍ന്നുളള ദേഹമാണ്. ഭൂമിശാസ്ത്രപരമായ അതിര്‍ത്തിക്കുള്ളിലൊതുങ്ങുന്നൂ രാജ്യമെങ്കില്‍ രാഷ്ട്രം അതിനപ്പുറം അവിടുത്തെ ജനതയുടെ ചേതനകൂടിയടങ്ങുന്ന സമഗ്രതയാണ്. അതുകൊണ്ടാണ് രാഷ്ട്രത്തിന്റെ ആത്മാവെന്ന സങ്കല്പം ഒരു രാജ്യത്തിന്റെ സംസ്‌കാരത്തെക്കുറിച്ചു വ്യവഹരിക്കുമ്പോള്‍ പ്രസക്തമാകുന്നത്. ഭരണഘടനയെന്ന ഭരണവ്യവസ്ഥക്കുള്ള ചിട്ടകള്‍ക്കും നിയമങ്ങള്‍ക്കുമപ്പുറം ഈ സംസ്‌കാരമാണ് ഒരു രാഷ്ട്രത്തിന്റെ സ്വഭാവം പ്രകടമാക്കുന്നത്. അങ്ങനെ വ്യവച്ഛേദിച്ചു പഠിക്കുമ്പോഴാണ് ഓരോരോ രാഷ്ട്രവും എങ്ങനെ ഭിന്നമായിരിക്കുന്നുവെന്നും അതേസമയം തന്നെ അവ തമ്മില്‍ എങ്ങനെ ബന്ധിതമയിരിക്കുന്നുവെന്നും തിരിച്ചറിയാനാവുന്നത്.
ഉള്‍ക്കൊള്ളാനും ഒത്തുപോകാനുമുള്ള വിശാലതയാണല്ലോ ഏതു വ്യക്തിയെയും മറ്റൊരാള്‍ക്ക് സ്വീകാര്യനാക്കുന്നത്. അത്തരം സന്ദര്‍ഭങ്ങളില്‍ സംഘര്‍ഷങ്ങളല്ല, സമന്വയമാകുന്നു അടിസ്ഥാനം. രക്തച്ചൊരിച്ചിലല്ല, രക്തത്തെ തിരിച്ചറിയലാണ് അവിടെ സംഭവിക്കുന്നത്. വ്യക്തികള്‍ സമൂഹമായി ചേരുമ്പോഴും സമൂഹം രാഷ്ട്രചിന്ത കൈവരിയ്ക്കുമ്പോഴും അതിന്റെ പൊതുസ്വഭാവം രൂപപ്പെടുന്നത് കൈക്കൊള്ളുന്ന ഇത്തരം നിലപാടിന്മേലായിരിക്കും.
നിലപാടുണ്ടുണ്ടാകുന്നതാകട്ടെ മുമ്പു പറഞ്ഞ സംഘര്‍ഷ മനസ്സിന്റെ അഥവാ സമന്വയ ബോധത്തിന്റെ അടിത്തറയിലും. വ്യക്തികള്‍ സമ്മേളിക്കുന്ന മതമെന്ന സംഘടിത വേദിക്കും ഈ നിലപാടും സ്വഭാവവും കൈവരും. കാരണം, മതം ആചാരവും വിശ്വാസവും അനുഷ്ഠാനവും ചേരുന്ന കര്‍മപദ്ധതിയാണെന്നു വരുമ്പോള്‍. അതിനപ്പുറം മതം ഒരു സംസ്‌കാരമാണെന്നും ജീവിതരീതിയാണെന്നും തിരിച്ചറിഞ്ഞാല്‍ കാര്യങ്ങള്‍ മറ്റൊരു വഴിയ്ക്കാകും. എന്നാല്‍ അതത്കാലത്ത് സംഘടിതമതങ്ങളുടെ മേല്‍നോട്ടക്കാരുടെ ഉള്ളിലിരിപ്പുപോലെയായിരിക്കും അവയുടെ ഗതിവിഗതികള്‍.
‘ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ’യെന്ന മുദ്രാവാക്യം മൂന്നു ദശാബ്ദങ്ങള്‍ക്കുമുമ്പ് ഇവിടെ ഉയരുമ്പോള്‍ ഇസ്ലാം മതത്തേയും മുസ്ലിങ്ങളെയും അടുത്തറിഞ്ഞവര്‍ക്കുപോലും അത്ഭുതമായിരുന്നു. വാളുകൊണ്ട് ചോര വാര്‍ത്തി രാജ്യം പിടിച്ചടക്കാനെത്തിയ മുഗളകാലത്തെ മനസ്സില്‍നിന്നുള്ള വലിയൊരു നിലപാടുമാറ്റമായിരുന്നു അത്. ഭൂമിശാസ്ത്രപരമായ അതിര്‍ത്തികീഴടക്കലും കൊട്ടാരങ്ങളിലെ ഭൂഗര്‍ഭ അറകളിലുള്ള സ്വത്ത് സ്വന്തമാക്കലും കടന്ന് അതിനുമുപ്പുറത്തേക്കുള്ള സംഘര്‍ഷത്തിന്റെ കാഹളമായിരുന്നു ആ കേട്ടത്.
പക്ഷേ ഒന്നു സമ്മതിച്ചുകൊടുക്കണം; യുദ്ധത്തിലെ മര്യാദകള്‍ പാലിച്ചായിരുന്നു ആ ആക്രമണങ്ങള്‍. പുതിയ മോചന മുദ്രാവാക്യത്തിന്് ‘ഇസ്ലാമിന്റെ അന്ത്യം ഇന്ത്യയില്‍ത്തന്നെ’യെന്ന മറു മുദ്രാവാക്യം മുഴങ്ങിയതും മറ്റും മറ്റൊരു വശം. ആ സംഘര്‍ഷം പല പോര്‍മുഖങ്ങളിലായി ഇന്നും തുടരുന്നുവെന്നത് വേറൊരു സത്യം. എന്നാല്‍ മുദ്രാവാക്യ കാഹളങ്ങളില്ലാതെ ഏതാണ്ട് അതേകാലത്തുതന്നെ ശക്തമാക്കിയ സംഘടിത പ്രവര്‍ത്തനമാണ് ഭാരതവല്‍ക്കരണമെന്ന ക്രിസ്ത്യന്‍ സഭകളുടെ പദ്ധതി. പോപ്പിന്റെ ഭാരതസന്ദര്‍ശനമായിരുന്നു അതിനു കാരണമായത്. വാളുമായി വന്ന മുഗളപ്പടയില്‍നിന്നു വ്യത്യസ്തമായി വാക്കുകൊണ്ടാണിക്കൂട്ടര്‍ ആദ്യം വന്നത്.
വിദ്യാഭ്യാസവും ആതുര ശുശ്രൂഷയും അനാഥരക്ഷയും വഴി സമന്വയമെന്ന മുഖംമൂടിയാണവര്‍ അണിഞ്ഞിരുന്നത്. കണ്ണില്‍ കാണുന്നതിനപ്പുറം ഉള്ളുകള്ളികള്‍ ചൂഴ്ന്നുനോക്കുന്ന പതിവില്ലാത്തവര്‍ അത് കണ്ണടച്ചു വിശ്വസിക്കുകയും ചെയ്തു. പക്ഷേ, ലക്ഷ്യത്തിനു വേഗം പോരാഞ്ഞാണ് ‘ഭാരതവല്‍ക്കരണം’ പ്രഖ്യാപിച്ചത്. അങ്ങനെ പള്ളികള്‍ക്കുമുമ്പില്‍ കൊടിമരങ്ങള്‍ ഉണ്ടായി. പുതുതലമുറക്കാരുടെ ക്രിസ്ത്യന്‍ പേരുകള്‍ക്കുമുന്നില്‍ ഹൈന്ദവപ്പേരുകള്‍ വന്നു, കുരുത്തോലയും നിലവിളക്കും വിദ്യാരംഭവും ഭക്തിഗാനവും മറ്റുംമറ്റും വന്നു. ലക്ഷ്യവേഗം കൂടിക്കൂടി വന്നു.
പക്ഷേ, പങ്കുവച്ചുനോക്കിയപ്പോള്‍ പകുതിയോടടുത്തു കേരളത്തിലെങ്കിലും അതിര്‍ത്തികള്‍ വര്‍ധിപ്പിക്കുന്നതില്‍ അത്ര വിജയം നേടിയില്ലെന്ന അങ്കലാപ്പ് ഒരു വഴിക്ക്. കേന്ദ്ര സര്‍ക്കാര്‍ തീരുമാനപ്രകാരം ജാതി-മത അടിസ്ഥാനത്തില്‍ 2011 അടിസ്ഥാനമാക്കി ജനസംഖ്യക്കണക്കെടുത്തു. അവയൊന്നും ഔദ്യോഗികമായി ഇനിയും പ്രസിദ്ധീകരിച്ചിട്ടില്ലെങ്കിലും. കോണ്‍ഗ്രസ് ഭരണകാലത്തെ ആ കണക്കിന്റെ അതിസൂക്ഷ്മാംശങ്ങള്‍ പോലും ന്യൂനപക്ഷ മതവിഭാഗങ്ങളുടെ ആസ്ഥാനങ്ങളിലും പ്രധാന സ്ഥാപനങ്ങളിലും ലഭ്യമാണ്. അതിനുപുറമേയാണ് അസാധ്യമെന്ന് കരുതിയത് സാധ്യമാക്കി അധികാരപക്ഷത്ത് വമ്പിച്ച മുന്നേറ്റം സംഭവിച്ചത്.
അതോടെ സംഭവിച്ച വിറളികളാണ് ഇപ്പോഴത്തെ പ്രശ്‌നമെന്ന് നിരീക്ഷിച്ചാല്‍ സുവ്യക്തമാണ്. വെള്ളിയാഴ്ചകള്‍ ്ചിലര്‍ക്കു മാത്രം വിശുദ്ധമായതിനാല്‍ പരീക്ഷകള്‍ വിലക്കുന്നതും ദുഃഖവെള്ളിയാഴ്ച അതിനേക്കാള്‍ പരിശുദ്ധമായതിനാല്‍ പരമോന്നത നീതിപീഠത്തേയും വിലക്കുന്നതും അതുകൊണ്ടാണ്. അള്‍ത്താരകള്‍ ആക്രമിക്കപ്പെടുന്നതും ചില കന്യാസ്ത്രീകള്‍ ദുരൂഹമായി പീഡിപ്പിക്കപ്പെടുന്നതും അതിന്റെ ഭാഗമായാണ്. ഇവയെല്ലാം ഒരുതരം മുന്‍കരുതലുകളാണ്, പീഡിതര്‍ക്കു പിന്തുണയേറുമെന്ന വിശ്വാസമതമാണതിന് പിന്നില്‍. കോടതിയെ എതിര്‍ത്ത് ക്രിസ്ത്യാനികളായ ചിലവക്കീലന്മാരും മുന്‍ മന്ത്രിയും സുപ്രീംകോടതി ജഡ്ജിയും മുന്നിട്ടിറങ്ങുമ്പോള്‍ അതിനുപിന്നില്‍ വലിയൊരു വിശ്വാസപ്രസ്ഥാനമുണ്ടാക്കുന്നതാണ് വാസ്തവം.
എങ്ങനെ സഭകള്‍ ഇളകാതിരിക്കും, ഇറങ്ങാതിരിക്കും. ആവശ്യമെങ്കില്‍ ഭരണഘടനാ ഭേദഗതികള്‍ക്കുപോലും സാധ്യതകള്‍ തുറന്നിടുന്ന ഭൂരിപക്ഷമുള്ള സര്‍ക്കാരാണ് അധികാരത്തില്‍. അനാവശ്യ നിയമങ്ങള്‍ റദ്ദാക്കണമെന്നും കാലഹരണപ്പെട്ടവ പരിഷ്‌കരിക്കണമെന്നും പറയുന്ന സര്‍ക്കാര്‍. സംസ്ഥാന നിയമങ്ങളും ചട്ടങ്ങളും ഭേദഗതി ചെയ്യാനും ഭരണഘടനാ പരിഷ്‌കരണത്തിനും വിവിധ കമ്മറ്റികള്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടുകള്‍ സര്‍ക്കാരിനു മുന്നിലുണ്ടുതാനും. അവയില്‍ മതപരമായി ചില വിഭാഗങ്ങള്‍ ഇപ്പോള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന ദുഃസ്വാതന്ത്ര്യങ്ങള്‍ക്കുമേല്‍ വിലക്കു വീഴാനിടയാക്കുന്ന യുക്തിഭദ്രമായ ശുപാര്‍ശകള്‍ പോലും ഉള്‍പ്പെടുന്നു. അപ്പോള്‍ ഒരുമുഴം നീട്ടി എറിയുന്നത് അതിബുദ്ധിയാണല്ലൊ, അതു നടപ്പാക്കുന്നതിന്റെ വിവിധ വഴികളാണ് ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്.
പക്ഷേ, ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ എന്ന ചുവരെഴുത്തുകള്‍ക്ക് മറുവാക്കു പറഞ്ഞപ്പോള്‍ എന്തുകൊണ്ട് ‘നിന്റെ രാജ്യം വരേണമേ’ എന്ന് ഒരു രാജ്യത്തിന്റെ പരമാധികാരത്തെ വെല്ലുവിളിച്ചുകൊണ്ട് ശബ്ദം മുഴക്കുന്നത് കേട്ടിട്ടും മിണ്ടാതിരിക്കുന്നുവെന്നതിനു യുക്തിയില്ല. അത് വിശ്വാസത്തിന്റെ അടിസ്ഥാനത്തിലും പ്രാര്‍ത്ഥന ഉപദേശിച്ച ക്രിസ്തുവിന്റെ സങ്കല്‍പ്പത്തിലും സ്വര്‍ഗ്ഗമാണെന്നു വ്യാഖ്യാനിക്കാമെങ്കിലും അനുയായികളുടെ പില്‍ക്കാല പ്രവൃത്തിയുടെ തലത്തില്‍ മറ്റെന്തോ അല്ലെ എന്ന് എത്രയോനാള്‍ മുമ്പേ സംശയിക്കേണ്ടതായിരുന്നു.
ക്രിസ്ത്യാനിക്കുട്ടികളെ ക്രിസ്ത്യന്‍ സ്‌കൂളിലയക്കണമെന്നു പറയുന്ന മതമേധാവികളും ഭീകരതയേയും സാംസ്‌കാരികതയേയും ഒന്നായി കാണുന്ന സഭാധ്യക്ഷന്മാരും സുപ്രീംകോടതിയിലേക്ക് മതവിദ്വേഷം തുപ്പുന്ന, മതേതര രാജ്യത്തില്‍ ക്രിസ്തുമത പക്ഷപാതം പരസ്യമായി പ്രകടിപ്പിക്കുന്ന ന്യായാധിപന്മാരും അതിന് ധൈര്യം കാണിക്കുന്നത് ക്രിസ്തുരാജ്യവും ക്രിസ്ത്യാനി രാജ്യവും തമ്മില്‍ അന്തരമില്ലെന്ന ഉറച്ച ധാരണയുള്ളതു കൊണ്ടായിരിക്കണം. പക്ഷേ ‘നിന്റെ രാജ്യം വരേണമേ’ എന്ന മുദ്രാവാക്യ പ്രാര്‍ത്ഥന സമാധാന മന്ത്രമായി കേള്‍ക്കുന്നവര്‍ക്ക് പണ്ടും ഇന്നും അത് മുഴക്കുന്നവരുടെ ഉദ്ദേശ്യശുദ്ധിയില്‍ സംശയമില്ലെന്നതാണ് അടിസ്ഥാനപ്രശ്‌നം.
ചില പത്രവാര്‍ത്തകള്‍ ഇങ്ങനെ:
ലോക ”ജനസംഖ്യയില്‍ ഹിന്ദുമതവിഭാഗം 2050 ല്‍ മൂന്നാം സ്ഥാനത്തെത്തും. ഏറ്റവും കൂടുതല്‍ മുസ്ലിങ്ങളുള്ള ലോകരാജ്യം ഭാരതമാവും. ലോകത്ത് ക്രിസ്ത്യന്‍-മുസ്ലിം ജനസംഖ്യ തുല്യമാവും. ഹിന്ദുവിശ്വാസികളുടെ എണ്ണം 34 ശതമാനം വര്‍ധിച്ച് 140 കോടിയാകും.” ചിരിക്കണോ കരയണോ എന്ന് വിവിധ മതസംഘടനകളുടെ അധ്യക്ഷന്മാര്‍ തീരുമാനിക്കട്ടെ. അമേരിക്കന്‍ ഗവേഷണസംഘടനയായ പ്യൂ റിസര്‍ച്ച് സെന്ററിന്റേതാണ് കണ്ടെത്തല്‍.
മുംബൈയില്‍ ഇസ്‌കോണ്‍ നടത്തിയ ഭഗവദ്ഗീതാ മത്സരത്തില്‍ 4500 കുട്ടികളെ പിന്നിലാക്കി മറിയം സിദ്ദിഖി എന്ന 12 വയസ്സുകാരി ഒന്നാമതെത്തി. മാനവികതയാണ് അന്തിമമായ മതമെന്ന് ഗീത പഠിപ്പിക്കുന്നുവെന്ന് കുഞ്ഞുവായില്‍ മറിയം സിദ്ദിഖി പറയുകയും ചെയ്തു. (ഏറെ വലുപ്പമുള്ളവര്‍ക്കാണ് പ്രശ്‌നമെന്ന് വ്യക്തം. പത്രവാര്‍ത്തയിലെ ഒരു ഭാഗമിങ്ങനെ; ‘മത്സരത്തില്‍ എല്ലാ മതവിഭാഗക്കാര്‍ക്കും പങ്കെടുക്കാന്‍ അവസരം ഉണ്ടായിരുന്നു.’ (മാതൃഭൂമി). ഭഗവദ്ഗീത ഏതൊക്കെ കാലത്ത് ആര്‍ക്കൊക്കെ വിലക്കിയിരിക്കുന്നുവെന്നു ‘മാതൃഭൂമി’ പത്രാധിപര്‍ക്ക് ഒരു പട്ടിക പ്രസിദ്ധീകരിക്കാമോ.
കാര്‍ഷികവായ്പയുടെ പലിശ കൂട്ടിയെന്ന് കര്‍ഷകരക്ഷകനായി കുട്ടനാട്ടില്‍ വേഷമിട്ടിട്ടുള്ള ഫാദര്‍ തോമസ് പീലിയാനിക്കലിന്റെ പ്രചാരണം. ഇക്കാര്യത്തില്‍ നബാര്‍ഡിനെ വിശ്വസിക്കണോ ഫാദര്‍ പീലിയാനിക്കലിനോ വിശ്വസിക്കണോ കേന്ദ്രസര്‍ക്കാരിനേ വിശ്വസിക്കണോ എന്ന് കര്‍ഷകര്‍ക്ക് തീരുമാനിക്കാം.
പക്ഷേ, ബാങ്കുകള്‍, പ്രത്യേകിച്ച് കേരളത്തിലെ ബാങ്കുകള്‍ സ്വര്‍ണപ്പണയത്തിന്മേലും കാര്‍ഷിക വായ്പായിനത്തിലും വിതരണം ചെയ്ത തുകയും അതില്‍ കൃഷിക്കുവിനിയോഗിച്ച തുകയും സംബന്ധിച്ച് ഒരു സൂക്ഷ്മപരിശോധന നടത്തേണ്ടതുണ്ട്. കര്‍ഷകപ്രേമിയായ ഫാദര്‍ പീലിയാനിക്കല്‍ തന്നെ മുന്‍കൈ എടുക്കട്ടെ, ഒരു ജനകീയ ഓഡിറ്റിങ്. കള്ളക്കളികള്‍ വെളിച്ചത്താകും. കൂട്ടത്തില്‍ തകഴിയുടെ രണ്ടു കര്‍ഷകര്‍ എന്ന ചെറുകഥ കൂടി അച്ചന്‍ ആവര്‍ത്തിച്ചാവര്‍ത്തു വായിക്കണം. കുമ്പസാരത്തിന്റെ ഗുണം ചെയ്യും.

ഭരണാഭാസത്തിലെ മാണിപ്പുലേഷന്‍

കാവാലം ശശികുമാര്‍
April 14, 2015

ശരിയാണ്, യോഗവും പ്രസംഗവും ഒക്കെ ഭരണാധിപന് ആവശ്യമാണ്. അത് ജനങ്ങള്‍ക്ക് പ്രചോദനമാകണം, ജനത്തിന് ധാര്‍മികതയും കര്‍ത്തവ്യബോധവും ഉണ്ടാക്കണം. ഒപ്പം ഭരണതലത്തില്‍ അവയെല്ലാം പ്രാവര്‍ത്തികമാക്കുകയും വേണം. ഇത് ഉമ്മന്‍ചാണ്ടി പ്രധാനമന്ത്രി നരേന്ദ്രമോദിയില്‍ നിന്നു പഠിക്കണം. ഗുജറാത്ത് മോഡല്‍ വേണ്ടെന്നു പറഞ്ഞവര്‍ പക്ഷേ, ചില കാര്യങ്ങളില്‍ മോദിയെ മോഡലാക്കുന്നുണ്ട്. വൈകാതെ വഴിക്കു വന്നേക്കും.

ഒരു ദിവസത്തെ രാത്രിവാര്‍ത്താ ചര്‍ച്ചക്കൊരുവിഷയമാണ് മാധ്യമങ്ങള്‍ (ഇലക്‌ട്രോണിക്) തേടുന്നത്. പിറ്റേന്നത്തെ അച്ചടിമാധ്യമങ്ങളില്‍ ഒരു തലക്കെട്ടിനുവേണ്ടിയുള്ള പ്രസ്താവനാവിഷയങ്ങളാണ് നേതാക്കള്‍ അന്വേഷിക്കുന്നത്. ഇതിനിടെ നടക്കുന്നത് ആഭാസഭരണമാണെന്ന് പ്രതിപക്ഷനേതാവ് ആരോപിക്കുകയും ഭരണസ്തംഭനം ഇല്ലേയില്ലെന്ന് മുഖ്യമന്ത്രി വിശദീകരിക്കുകയും ചെയ്യുമ്പോള്‍ വാസ്തവം അതല്ലെന്ന് തിരിച്ചറിയുന്ന ജനങ്ങള്‍ എത്രശതമാനമെന്നതാണ് വിഷയം.
അതറിയാന്‍ ജനഹിതമറിയണം. ജനാധിപത്യത്തില്‍ അതിന് ബാലറ്റാണ് മാര്‍ഗ്ഗം. പക്ഷേ ജനവിധിയെ കോടതിവിധിയാക്കി മാറ്റരുതെന്ന് ഒരു മുന്‍കൂര്‍ ന്യായം പറയട്ടെ. കാരണം, കേരളംപോലൊരു അതിതീവ്രരാഷ്ട്രീയ ധ്രുവീകരണമുള്ള, അതിന് മതവും ജാതിയും അടിസ്ഥാനമായ, ഒരു സംസ്ഥാനത്ത് ജനാഭിപ്രായം ഒരുതരത്തിലും നീതിന്യായവ്യവസ്ഥിതിക്കു ബദലോ മാനദണ്ഡമോ അല്ല, ആകരുത്.
ആഭാസഭരണവും ഭരണാഭാസവും രണ്ടാണ്. ആഭാസനാണെങ്കിലും ആഭാസരീതിയിലായാലും ഭരണം നടക്കുന്നുവെന്നതാണ് ആദ്യത്തേതില്‍ സമാധാനം. പക്ഷേ ഭരണാഭാസം എന്നാല്‍ ഭരണം ഉണ്ടെന്ന തോന്നല്‍ മാത്രമാണ്, ഭരണമില്ല. ഭരണത്തലവനുണ്ടാകും, സംവിധാനങ്ങളുണ്ടാകും, പക്ഷേ നടപടികള്‍ ഉണ്ടാവില്ല. എന്നല്ല, നടപടികള്‍ കൃത്യമാണെന്ന് തലവന്‍ പറഞ്ഞുകൊണ്ടേയിരിക്കും.
എനിക്ക് ഭ്രാന്തില്ല എന്ന് ഭ്രാന്തന്മാര്‍ പറയുംപോലെയേ കണക്കാക്കേണ്ടൂ. അതുകൊണ്ട് പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന്‍ പറഞ്ഞതും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞതും വാസ്തവമാണ്.
”എന്തു ഭരണസ്തംഭനം, ഏതെങ്കിലും യോഗം മാറ്റിവച്ചോ, ഏതെങ്കിലും പരിപാടി തടസപ്പെട്ടോ, വൈകിയോ. തീരുമാനങ്ങള്‍ ചിലതിനു കാലതാമസം വന്നത് എല്ലാവരുമായും കൂടിയാലോചിക്കുന്ന എന്റെ ശൈലികൊണ്ടാണ്. അതെന്റെ ശൈലിയാണ്,” മുഖ്യമന്ത്രിയുടെ വിശദീകരണമാണ്. യോഗങ്ങളാണോ ഭരണം? പരിപാടികള്‍ സമയത്തു നടക്കുന്നതാണോ ഭരണം? അങ്ങനെയെങ്കില്‍ അടിയന്തരാവസ്ഥയായിരുന്നു ഏറ്റവും നല്ല ഭരണമെന്നു സമ്മതിക്കേണ്ടിവരും. ഞാനാണ് രാഷ്ട്രം എന്ന് പ്രഖ്യാപിച്ചു ഭരിച്ച ഇന്ദിരയായിരുന്നു മികച്ച ഭരണാധികാരിയെന്നു സമ്മതിക്കേണ്ടിവരും.
ഉമ്മന്‍ചാണ്ടി സമ്മതിച്ചേക്കും, പക്ഷേ ജനം സമ്മതിക്കേണ്ടെ? ”കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി നടത്തിയ പ്രസ്താവന ശ്രദ്ധിക്കണം, ”കേരളം ഭൂമി ലഭ്യമാക്കിയാല്‍ ഇവിടെ റോഡുവികസനത്തിന് കേന്ദ്രം തയ്യാര്‍, വികസനത്തില്‍ രാഷ്ട്രീയം കലര്‍ത്തരുത്.” ഉമ്മന്‍ചാണ്ടി നെഞ്ചത്തു കൈവച്ച് പറയട്ടെ, ഭരണം ജനഹിതമനുസരിച്ച് ശരിയായദിശയിലാണെന്ന്. എങ്കില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് സാമ്പത്തികവര്‍ഷം നീക്കിവച്ച പണം വികസനപ്രവര്‍ത്തനങ്ങള്‍ക്ക് ചെലവിടാന്‍ പറ്റാഞ്ഞതെന്തുകൊണ്ട്? റോഡുവികസനങ്ങള്‍ നടക്കാത്തതെന്തുകൊണ്ട്? ഏറ്റവും പുതിയത് പറയാം- പത്താം ക്ലാസ് പരീക്ഷാ ഫലം ആദ്യം ഏപ്രില്‍ 16 ന് പ്രഖ്യാപിക്കുമെന്ന് പറഞ്ഞ് 20 ലേക്കു നീട്ടിയത് എന്തുകൊണ്ടാണ്.
വിദ്യാഭ്യാസവര്‍ഷം തീരാന്‍ പത്തുദിവസം ബാക്കിനില്‍ക്കെ വിദ്യാര്‍ത്ഥികള്‍ക്ക് ആ വര്‍ഷത്തെ സ്‌കോളര്‍ഷിപ്പിന് അപേക്ഷ സ്വീകരിച്ചതെന്തുകൊണ്ടാണ്. മദ്യനയത്തിലും വിദ്യാഭ്യാസനയത്തിലും ഉള്‍പ്പെടെ സര്‍വത്രമേഖലയിലും ഈ ആവണക്കെണ്ണപ്പരുവം; ഇതെന്തുഭരണമാണ് ഹേ. കെഎസ്ആര്‍ടിസി, കെഎസ്ഇബി, പൊതുമേഖലാ സ്ഥാപനങ്ങള്‍, ഐഐടി, എയിംസ് തുടങ്ങി ഏതേതെല്ലാം രംഗത്ത് ഭരണത്തിന്റെ പിടിപ്പുകേടുകള്‍ പ്രകടമല്ലാതുണ്ട്. ഭരണകക്ഷിയുടെ തൊഴിലാളി സംഘടനാ നേതാവ് ഭരണം നടക്കുന്നില്ലെന്ന് പറഞ്ഞതിനെന്തു മറുപടിയുണ്ട്? മീറ്റിംഗുകളാണ് ഭരണമെന്ന്, പ്രസംഗങ്ങള്‍ മാത്രമാണ് ഭരണമെന്ന് മുഖ്യമന്ത്രി കരുതുന്നെങ്കില്‍ ഒന്നേ പറയാനുള്ളൂ, താങ്കളുടെ ശൈലി മാറണം.
ഈ ശൈലിമാറ്റമാണ് അന്ന് കെ. കരുണാകരന്റെ മുഖ്യമന്ത്രിസ്ഥാനത്തിനെതിരെ ഉമ്മന്‍ചാണ്ടി ഉയര്‍ത്തിയ ഒറ്റവാക്യവിമര്‍ശനം. കരുണാകരന്‍ അന്ന് പറഞ്ഞു ”ഇത് എന്റെ ശൈലി, എഴുപതുവര്‍ഷമായി കൊണ്ടുനടക്കുന്നു, ഈ വയസ്സാംകാലത്തിനി മാറ്റാനാവില്ല.” ഉമ്മന്‍ചാണ്ടി പറയുന്ന ”എന്റെ ശൈലി” ക്കെതിരെ തൊഴിലാളി നേതാവ് ചന്ദ്രശേഖരന്‍ (ഐഎന്‍ടിയുസി) വെടിപൊട്ടിച്ചെങ്കിലും ഉമ്മന്‍ചാണ്ടിവിധേയന്മാര്‍ ഏറെ ഉള്ളതിനാല്‍ ലക്ഷ്യം കണ്ടില്ല.
ശരിയാണ്, യോഗവും പ്രസംഗവും ഒക്കെ ഭരണാധിപന് ആവശ്യമാണ്. അത് ജനങ്ങള്‍ക്ക് പ്രചോദനമാകണം, ജനത്തിന് ധാര്‍മികതയും കര്‍ത്തവ്യബോധവും ഉണ്ടാക്കണം. ഒപ്പം ഭരണതലത്തില്‍ അവയെല്ലാം പ്രാവര്‍ത്തികമാക്കുകയും വേണം. ഇത് ഉമ്മന്‍ചാണ്ടി പ്രധാനമന്ത്രി നരേന്ദ്രമോദിയില്‍ നിന്നു പഠിക്കണം. ഗുജറാത്ത് മോഡല്‍ വേണ്ടെന്നു പറഞ്ഞവര്‍ പക്ഷേ, ചില കാര്യങ്ങളില്‍ മോദിയെ മോഡലാക്കുന്നുണ്ട്. വൈകാതെ വഴിക്കു വന്നേക്കും.
ഭരണത്തെ വിലയിരുത്തുന്ന ജനവിധിയായിരിക്കും അരുവിക്കരയിലെ ഉപതെരഞ്ഞെടുപ്പ്. അത് തികച്ചും സംസ്ഥാനസര്‍ക്കാരിന്റെയും പ്രതിപക്ഷത്തിന്റെയും നടപടികളുടെ മേലുള്ള വിധിയെഴുത്താകും, ആകണം. പക്ഷേ, ആരു ജയിച്ചാലും തോറ്റാലും ജനവിധി ആരോപണങ്ങളിന്മേലുള്ള ”കോടതിവിധി”യായി ആരും വ്യാഖ്യാനിക്കരുത്. കാരണം കേരളത്തിലെ രാഷ്ട്രീയം എത്രമാത്രം കക്ഷി രാഷ്ട്രീയ-മതപക്ഷപാതപരമാണെന്നത് പകല്‍പോലെ വ്യക്തമായിരിക്കെ പോളിങ്ബൂത്തിലെ ജനവിധിയും കോടതിവിധിയും രണ്ടായിത്തന്നെ കാണുകതന്നെ വേണം.
*** *** *** ***
മന്ത്രി കെ.എം.മാണി ധനമന്ത്രിയാണ്. ധനമന്ത്രി മാത്രമല്ല നിയമവകുപ്പുമന്ത്രിയുമാണ്. ധനമന്ത്രിയെന്ന നിലയില്‍ മാണിക്കെതിരെ ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങള്‍ ചെറുതല്ല. ആദ്യമൊക്കെ ആക്ഷേപങ്ങളായി മാത്രം കണ്ടിരുന്ന വിഷയം ഇപ്പോള്‍ ഏറെ സങ്കീര്‍ണമായിരിക്കുന്നു. ബാറുകള്‍ തുറക്കാനും പൂട്ടാനുമുള്ള തീരുമാനത്തെ മാത്രമല്ല സംസ്ഥാന ബജറ്റിനെയാകെ സ്വാധീനിക്കുന്നതായിരിക്കുന്നു കോഴയിടപാടുകള്‍.
അതില്‍ മദ്യവും സെക്‌സും ക്രിമിനല്‍ കുറ്റകൃത്യങ്ങളും വരെ ഉള്‍പ്പെട്ടിരിക്കുന്നുവെന്നുവന്നിരിക്കുന്നു. വിദേശ ബാങ്കുകളിലെ രഹസ്യ പണനിക്ഷേപവും അതിനുമപ്പുറവും വിഷയമായിരിക്കുന്നു. ഈ സാഹചര്യത്തില്‍ ധനമന്ത്രിയുടെ പക്കലുള്ള നിയമവകുപ്പ് ഒഴിപ്പിച്ചെടുക്കാന്‍ മുഖ്യമന്ത്രി എന്തിനു മടിക്കണം? അതല്ലേ വേണ്ടത്? അധികാരം വിനിയോഗിക്കുന്ന അത്തരം സന്ദര്‍ഭങ്ങളിലല്ലേ ഭരണം നടക്കുന്നുവെന്ന് തോന്നിപ്പിക്കുന്നത്.
മാണി നിയമവകുപ്പ് ഒഴിയട്ടെ. കെ.എം. മാണിയുടെ പേരില്‍ കേസെടുക്കട്ടെ, അന്വേഷണം നടക്കട്ടെ, കേസ് വിചാരണ സംസ്ഥാനത്തിനു പുറത്തുനടക്കണമെന്ന് തീരുമാനിക്കട്ടെ. (എവിടുത്തെ കോടതിയും ഒരേ നീതിയും ന്യായവുമാണ് നടപ്പാക്കുന്നതെന്നുതന്നെയാണ് എന്റെ വിശ്വാസം. അങ്ങനെയല്ലെന്ന് വാദിച്ചത് ഗുജറാത്തിലെ ചില കേസുകള്‍ അന്യസംസ്ഥാനത്ത് വാദിക്കണമെന്ന് ചിലര്‍ ആവശ്യം ഉയര്‍ത്തിയപ്പോഴാണ്. കോടതികള്‍ അത് അനുവദിച്ചപ്പോഴാണ്. അതിനു പിന്നാലെയാണ് ജഡ്ജിമാര്‍ അവര്‍ക്ക് മതമുണ്ടെന്ന് സ്ഥാപിച്ചുകൊണ്ടു പരസ്യമായി രംഗത്തുവന്നത്.
കെ.എം. മാണിയുടെ പാര്‍ട്ടിയുടെ ജില്ലാ നേതാവായിരുന്നുവോ മത പ്രസംഗകനായിരുന്നോ എന്നത് പില്‍ക്കാലത്ത് ഹൈക്കോടതി ജഡ്‌ജോ സുപ്രീംകോടതി ജഡ്‌ജോ ഒക്കെ ആകുന്നതിന് അയോഗ്യതയല്ല. പക്ഷേ, ജഡ്ജി ആയശേഷം പ്രത്യക്ഷമായോ പരോക്ഷമായോ അത്തരം പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരാവുന്നത് കോടതിയെന്ന- നീതി ന്യായമെന്ന- മഹാവിശ്വാസത്തില്‍ വിള്ളല്‍ വീഴ്ത്തിയാല്‍ കുറ്റക്കാര്‍ ആരായിരിക്കുമെന്ന് പറയേണ്ടതില്ലല്ലോ.) പക്ഷേ, മാണി സ്വയം ഒഴിയില്ല, മുഖ്യമന്ത്രിയ്ക്കാണ് മന്ത്രിമാരെ സംസ്ഥാനത്ത് നിയോഗിക്കുന്നതിന് അവകാശം എന്നൊക്കെയാണ് വിശ്വാസം. പക്ഷേ സഭയെന്നു പറഞ്ഞാല്‍ നിയമസഭയോ തിരുസഭയോ എന്ന് സംശയം ചോദിക്കുന്ന കാലത്ത് ഇതൊക്കെ നടക്കുമോ എന്ന് സംശയം. തോമസിനെപ്പോലെ സംശയിക്കുകയേ നമുക്ക് നിവൃത്തിയുള്ളൂ.
സംശയാലുവായ തോമസ് (ദ ഡൗട്ടിംഗ് തോമസ്) എന്ന് പറഞ്ഞപ്പോഴാണ് രണ്ടുകാര്യങ്ങളിലേക്ക് ശ്രദ്ധ തിരിഞ്ഞത്. എങ്ങനെയാണ് ബൈബിള്‍ സ്വാധീനം എഴുത്തില്‍ കടന്നുവന്നതെന്ന്. രണ്ട് നമ്മുടെ പി.സി. തോമസ് ഒരു വലിയ ഡൗട്ട് അല്ലേ എന്നും-സംശയിക്കുന്ന തോമസ് സ്വയം. (മന്ത്രി കെ.എം. മാണി അടുത്തിടെ സംസാരിച്ചതെല്ലാം-ബൈബിള്‍ ഭാഷയിലാണ്. തനിക്ക് പള്ളിയില്‍ പോയി പ്രാര്‍ത്ഥിച്ചശേഷം ബജറ്റവതരിപ്പിക്കാന്‍ പറ്റിയില്ലല്ലോ എന്നതുമാത്രമാണ് ഫെബ്രുവരി 13 ലെ നിയമസഭാ സംഭവങ്ങളില്‍ ഉണ്ടായ ദുഃഖമെന്ന് പറഞ്ഞുതുടങ്ങിയ മാണി പിന്നെ വിശദീകരിച്ചതിലെല്ലാം ബൈബിള്‍ സ്വാധീനമുണ്ടായിരുന്നു.
ഏറ്റവും ഒടുവില്‍ പി.സി. ജോര്‍ജ് എന്ന പുലി ചീറ്റിയലറിയപ്പോഴും കുഞ്ഞാടെന്നു വിശേഷിപ്പിക്കാന്‍ മാണിക്കു മനസ്സുവന്നു. ഉമ്മന്‍ചാണ്ടി ഭരണത്തില്‍ ക്രിസ്ത്യന്‍ സ്വാധീനവും മുസ്ലിം സമ്മര്‍ദ്ദവും അധികമാണെന്ന് ആക്ഷേപിക്കുന്നവര്‍ കണ്ടുപഠിക്കേണ്ടതാണ്, എങ്ങനെയാണ്, മതം പ്രചരിപ്പിക്കേണ്ടതെന്ന്. ഭഗവദ്ഗീതയെ ദേശീയഗ്രന്ഥമാക്കാന്‍ ആഹ്വാനം ചെയ്യുന്നവര്‍ക്ക് തൊണ്ട പൊട്ടട്ടെ. ബൈബിള്‍ വചനപ്രഘോഷണം കേട്ട് കാതുകുളിരട്ടെ. അത് എഴുത്തിലും കഴുത്തിലും സ്വാധീനിക്കട്ടെ.
ഘര്‍വാപസികള്‍ വിവാദത്തിലാകട്ടെ, മുടിയനായ പുത്രന്മാര്‍ മടങ്ങിവരട്ടെ!!) സംശയാലുവായ തോമസ് ബൈബിള്‍ കഥയിലെ കഥാപാത്രമാണ്. എന്തും സംശയിക്കും. അങ്ങനെ ഒടുവില്‍ യേശു ഉയിര്‍ത്തെഴുന്നേറ്റുവെന്നു പറഞ്ഞപ്പോള്‍ നെഞ്ചിലെ മുറിവില്‍ വിരലിട്ട് അതുറപ്പുവരുത്തുന്നുണ്ട് തോമസ്. കാറാവാജിയോയുടെ പ്രശസ്തമായ ചിത്രമുണ്ട് ഡൗട്ടിങ് തോമസിന്റെ- ദ ഇന്‍ക്രെഡൂലിറ്റി ഓഫ് സെയിന്റ് തോമസ്.
നമുക്ക് അടുത്തറിയാവുന്ന പി.സി. തോമസ് ഈ സംശയം തോമായുടെ പുതിയ പതിപ്പായി അവതരിപ്പിക്കുന്നു. കെ.എം. മാണിയും മകന്‍ ജോസ് കെ. മാണിയും ഇപ്പറയുന്നപോലെ അഴിമതിക്കാരാണോ എന്നാണ് തോമസിന്റെ സംശയം. പണ്ട് പാലാഴി ടയേഴ്‌സ് ലിമിറ്റഡില്‍ അഴിമതിയെന്നും മാണി മുഖ്യപ്രതിയെന്നും ആരോപിച്ചത് ഈ തോമസ് തന്നെയല്ലെ. ഈ തോമസല്ലെ മാണിയെവിട്ട്, പപ്പുയാദവെന്ന ബീഹാര്‍ എംപിയെ ചാരി, ബിജെപി നയിച്ച എന്‍ഡിഎയില്‍ അംഗമായി കേന്ദ്രമന്ത്രിയായി പിന്നെ എല്‍ഡിഎഫില്‍ എത്തിയ തോമസ് എന്നൊരു സംശയം. ഒരു സംശയം തോമയും തോമാസംശയവും.
പിന്‍കുറിപ്പ്: കെ.എം. മാണിക്കെതിരെ അഴിമതിക്കാരന്നെ് ഏറ്റവും കൂടുതല്‍ വിമര്‍ശനം വന്നത് സോഷ്യല്‍ മീഡിയയിലാണ്. കാരണം കണ്‍വെന്‍ഷന്‍ മീഡിയയില്‍ പലതിനേയും അദ്ദേഹം ‘കൈകാര്യം’ ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ ഏറ്റവുംകടുത്ത പ്രതിരോധ നിര മാണിക്കു വേണ്ടി ഒരുക്കുന്നത് സോഷ്യല്‍മീഡിയയിലെ ചില പ്രമുഖരാണ്. അതും ‘കൈകാര്യം’ ചെയ്തുവെന്നര്‍ത്ഥം. മാണിയുടെ കൗശലം വലുതാണ്. കൗശലത്തിന് ഇംഗ്ലീഷില്‍ മാനിപ്പുലേഷന്‍ (manipulation)എന്നു പറയും. അതോ മാണിപ്പുലേഷനോ. ഇംഗ്ലീഷില്‍ ഈ വാക്കുണ്ടായിട്ട് 80 വര്‍ഷമായോ എന്ന് ഭാഷാശാസ്ത്രജ്ഞര്‍ പറയട്ടെ.

വീണ്ടും ചില കുടുംബ പ്രശ്‌നങ്ങള്‍

വീണ്ടും ചില കുടുംബ പ്രശ്‌നങ്ങള്‍

 കാവാലം ശശികുമാര്‍
April 21, 2015
യുപിയില്‍ 2017-ല്‍ വരാന്‍ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പിലേക്കോ, 2019-ല്‍ വരുന്ന പൊതു തെരഞ്ഞെടുപ്പിലോ ഉപയോഗിക്കാമായിരുന്ന ഒരു ആയുധം നേരത്തേ പാഴാക്കിക്കളഞ്ഞുവെന്നതൊഴിച്ചാല്‍ വാസ്തവത്തില്‍ ജനതാ പരിവാറിന്റെ പുനസ്സമാഗമത്തിന് എന്തു രാഷ്ട്രീയ ചലനം ഉണ്ടാക്കാനാണു സാധിച്ചിട്ടുള്ളത്, സാധിക്കുക?

കുടുംബക്കോടതികള്‍ പെരുകുകയും അവയിലെല്ലാം അതിപ്രശസ്തരുടെ മുതല്‍ അപ്രശസ്തരുടെ വരെ കുടുംബപ്രശ്‌നങ്ങള്‍ തര്‍ക്ക വിഷയമാവുകയും ചെയ്യുന്ന കാലമാണിത്. ഭാരതത്തിന്റെ നിലനില്‍പ്പുതന്നെ അടിസ്ഥാന ഘടകമായ കുടുംബ വ്യവസ്ഥയിലൂടെയാണ്. അത് ശക്തിപ്പെടേണ്ടത്ആവശ്യവുമാണ്. പക്ഷേ, കുടുംബ വഴക്കുകളുടെ എണ്ണം കൂടിക്കൂടിവരികയാണ്. അതു ദമ്പതിമാര്‍ തമ്മില്‍ മാത്രമല്ല, അമ്മ മകനെതിരേ കോടതി കയറുന്നു, അച്ഛന്‍ മകനെതിരേ കേസുകൊടുക്കുന്നു, സഹോദരങ്ങള്‍ തമ്മില്‍ തലതല്ലിക്കീറുന്നു. ഇതെല്ലാം പതിവു സംഭവങ്ങളാകുന്നു.
കുടുംബ വ്യവസ്ഥയുടെ കരുത്ത് ഏറെക്കുറേ ശക്തമാണ് ഭാരതത്തില്‍. അതുകൊണ്ടാണ് ആഗോള സാമ്പത്തിക മാന്ദ്യം വന്നപ്പോഴും ഭാരതം മറ്റു രാജ്യങ്ങളേക്കാള്‍ പിടിച്ചു നിന്നത് എന്നൊരു സാമ്പത്തിക ശാസ്ത്ര വിശകലനമുണ്ട്. കുടുംബം എന്ന സങ്കല്‍പ്പത്തിലുള്ള സമ്പാദ്യ സമ്പ്രദായത്തിന്റെ അടിത്തറയാണ് അതിനു സഹായകമായതത്രെ. സാംസ്‌കാരികമായി ഈ കുടുംബ ഭദ്രതയെന്ന മനഃസ്ഥിതിയാണ് ഭാരതത്തിലെ രാഷ്ട്ര സങ്കല്‍പ്പത്തിന്റെയും ആധാരശിലകളിലൊന്ന്.
മറ്റു പല രാജ്യങ്ങള്‍ക്കുമില്ലാത്ത, അവിടുത്തെ ചിന്തകര്‍ക്ക് ഇനിയും പിടികിട്ടാത്ത, ഈ മനഃശാസ്ത്രത്തിന്റെ കരുത്ത് അവര്‍ക്ക് മനസ്സിലായിട്ടുണ്ട്. അതുകൊണ്ടുതന്നെയാണ് സാമ്രാജ്യ അധിനിവേശ കാലം മുതല്‍ ഇപ്പോഴും ഭാരതീയ സംസ്‌കാരത്തിന്റെ ഇത്തരം തായ്‌വേരുകള്‍ അറുക്കാനുള്ള പ്രവണതകള്‍ ചുറ്റും സജീവമായിക്കൊണ്ടിരിക്കുന്നത്. വൈദേശിക സങ്കല്‍പ്പിതമായ ഇത്തരം വഴിതെറ്റിയ പരിഷ്‌കാരങ്ങള്‍ പുതിയൊരു സംസ്‌കാരമായോ ജീവിതരീതിയായോ നമ്മള്‍ സ്വീകരിക്കാന്‍ നിര്‍ബന്ധിതരാകുന്നു.
ഉടുപ്പും കഴിപ്പും മുതല്‍ ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും വരെ ഈ നിര്‍ബന്ധാവസ്ഥയുടെ സമ്മര്‍ദ്ദം ശക്തമാകുന്നു. അതിനു വഴങ്ങാത്തവരും എതിര്‍ക്കുന്നവരും വികസനവിരുദ്ധരോ പരിഷ്‌കാര വിദ്വേഷികളോ ആയി മുദ്രകുത്തപ്പെടുന്നു. പക്ഷേ, പുത്തന്‍ പരിഷ്‌കാരങ്ങളുടെ പൊള്ളത്തരങ്ങള്‍ തിരിച്ചറിയുന്നുണ്ട് പുതിയതലമുറയില്‍പ്പെട്ട പലരും എന്നതാണ് ആശ്വാസകരമായ സൂചനകള്‍.അതുകൊണ്ടുതന്നെ കുടുംബത്തകര്‍ച്ചകള്‍ക്കുള്ള വഴികളില്‍ സ്വയം പരിഹാരങ്ങളുമുണ്ടായി വരുന്നു; വരും-അതാണു പ്രകൃതി നിയമം.
കുടുംബത്തെക്കുറിച്ച്, പരിവാറിനെക്കുറിച്ച്, പറഞ്ഞു തുടങ്ങിയത് ജനതാ പരിവാറിന്റെ പുനഃസമാഗമത്തെക്കുറിച്ച് പറയാനാണ്. പരിവാര്‍ എന്ന ഹിന്ദിഭാഷയിലെ പ്രയോഗം ഒരു കാലത്ത് മാധ്യമലോകം മോശം അര്‍ത്ഥത്തില്‍ ആര്‍എസ്എസ്-ആര്‍എസ്എസ് അനുബന്ധ സംഘടനകളെ പരാമര്‍ശിക്കാന്‍ വിനിയോഗിച്ചതാണ്- സംഘപരിവാര്‍ എന്നായിരുന്നു പ്രയോഗം. ഈ വിശേഷണത്തിലൂടെ ഗണംതിരിച്ച് അകറ്റി നിര്‍ത്തപ്പെടേണ്ട ഒരു വിഭാഗമാക്കി, ചാപ്പകുത്തി തുടങ്ങിവെച്ചതാണ്.
പക്ഷേ, തൃശൂലവും നെറ്റി മൂടുന്ന ചുകപ്പന്‍ സിന്ദൂരക്കുറിയും രൗദ്ര ഭാവവും മറ്റുംമറ്റും അടയാളം കൊടുത്ത് ആ ഗണത്തോട് എതിര്‍പ്പുണ്ടാക്കാന്‍ പ്രചാരണം നടത്തിയവര്‍ക്കും നിരാശയുണ്ടാക്കിക്കൊണ്ട് സംഘപരിവാര്‍ എന്ന പ്രയോഗം നല്ല അര്‍ത്ഥത്തില്‍ ജനങ്ങള്‍ക്കിടയില്‍ പ്രചരിച്ചുപോയി. അതാണു കുടുംബ സങ്കല്‍പ്പത്തിന്റെ വൈകാരിക ശക്തി. ജനതാ പരിവാറിലേക്കു വരാം.
ജനതാ പരിവാര്‍ എന്നു പറയുമ്പോള്‍ അതിന്റെ പ്രാരംഭ ചരിത്രമറിയണം. അടിയാധാരം എടുക്കണം. ഇന്ദിരാ ഗാന്ധിയുടെ അടിയന്തരാവസ്ഥ എന്ന ജനാധിപത്യക്കശാപ്പിന്റെ കാലത്ത് രൂപപ്പെട്ട ആശയം 1977-ല്‍ അവസാനിച്ച കാലത്ത് ആരംഭിച്ച പൊതുവേദിയായിരുന്നു ജനതാ പരിവാര്‍. കോണ്‍ഗ്രസ് ഐ വിരുദ്ധ പാര്‍ട്ടികള്‍ എല്ലാവരും ഒന്നിച്ച് ഇന്ദിരയെ ഒരു പാഠം പഠിപ്പിക്കാനിറങ്ങിത്തിരിച്ചപ്പോള്‍ രൂപപ്പെട്ടതാണ് ജനതാ പാര്‍ട്ടി. വിവിധ ആദര്‍ശക്കാരും ആശയക്കാരും ഒന്നിച്ചു.
അതില്‍ ജനസംഘമുണ്ടായിരുന്നു, സോഷ്യലിസ്റ്റു പാര്‍ട്ടികള്‍ ഉണ്ടായിരുന്നു, പരോക്ഷമായി കമ്മ്യൂണിസ്റ്റുകള്‍ പോലും. തെരഞ്ഞെടുപ്പില്‍ ജനതാ പരിവാര്‍ കൊടുങ്കാറ്റായി അടിച്ചു. 295 ലോക്‌സഭാ സീറ്റുകളാണ് പാര്‍ട്ടി നേടിയത്. അതില്‍ 93 സീറ്റ് ഇന്നത്തെ ബിജെപി ആയ അന്നത്തെ ജനസംഘത്തിനായിരുന്നു. 44 സീറ്റുകള്‍ കോണ്‍ഗ്രസ് (ഒ) എന്ന സംഘടനാ കോണ്‍ഗ്രസിനായിരുന്നു.
ചരണ്‍സിങിന്റെ ലോക്ദളിന് 71 സീറ്റും ജഗ്ജീവന്റാം കോണ്‍ഗ്രസിന് 28 സീറ്റും. അതായിരുന്നു ജനതാപരിവാര്‍. അതില്‍ നിന്നു ജനസംഘം വഴിപിരിഞ്ഞപ്പോള്‍ ശേഷിക്കുന്നവയെ എങ്ങനെ ജനതാ പരിവാര്‍ എന്നു വിളിക്കാമെന്നത് അടിസ്ഥാനപരമായ ചോദ്യമാണ്. എന്തായാലും സോഷ്യലിസ്റ്റുകള്‍ക്ക് ഒരു പൊതുവേദിയെന്ന നിലയില്‍ അവര്‍ ജനതാ പരിവാര്‍ എന്നു വിളിക്കപ്പെടാന്‍ ആഗ്രഹിക്കുന്നു.
മാത്രമല്ല, പഴയ പുഷ്‌കല കാലത്തെ അനുസ്മരിപ്പിച്ച് അതു ചില പ്രതീക്ഷകള്‍ക്കു വഴിവെക്കുന്നെങ്കില്‍ നല്ലതാണല്ലോ. പക്ഷേ, ഇന്നിപ്പോള്‍ പഴയ കൂട്ടുകക്ഷിയായിരുന്ന ജനസംഘത്തിന്റെ മാറിയ രൂപമായ ബിജെപിയെ എതിര്‍ക്കാനാണ് പരിവാര്‍ വീണ്ടും ചേര്‍ന്നിരിക്കുന്നതെന്നത് വൈരുദ്ധ്യമാണ്.
അതിനേക്കാള്‍ ആഭാസം നിറഞ്ഞ വൈരുദ്ധ്യമാണ് ആത്യന്തികമായി ഇക്കൂട്ടര്‍ എത്തിപ്പെടുന്നത് കോണ്‍ഗ്രസ് ക്യാമ്പിലാണെന്നത്. യഥാര്‍ത്ഥ ജനതാ പരിവാര്‍ ആരെ എതിര്‍ക്കാന്‍ രൂപപ്പെട്ടുവോ അതേ കോണ്‍ഗ്രസിന്റെ പാദസേവയ്ക്കു കുനിയുന്നുവെന്നതാണ് ദുര്‍ഗ്ഗതി.എങ്കിലും, തമ്മില്‍ തല്ലിയവരും തല്ലിപ്പിരിഞ്ഞവരും ഒന്നിക്കുന്നുവെന്നത് പരിവാര്‍ (കുടുംബം) എന്ന സങ്കല്‍പ്പത്തില്‍ നല്ലകാര്യംതന്നെയാണല്ലോ.
ഏകദേശം നാല്‍പ്പതു വര്‍ഷത്തിനു ശേഷമാണ് ഈ സമാഗമം. അവര്‍ക്ക് എതിര്‍ക്കാനുള്ളത് നരേന്ദ്ര മോദിയേയാണ്. (മോദിയെയോ ബിജെപിയേയോ എതിര്‍ക്കാനല്ല ഈ പരിവാര്‍ മേള എന്ന് ദേവഗൗഡ പറഞ്ഞത് കുടുംബത്തിന്റെ ഭദ്രത വിളിച്ചോതുന്നതാണല്ലോ). അവര്‍ യോഗം ചേരുമ്പോള്‍ ഒന്നിച്ചുള്ളത് മുലായം സിങിന്റെ സമാജ്‌വാദി പാര്‍ട്ടി, ലാലു പ്രസാദിന്റെ രാഷ്ട്രീയ ജനതാദള്‍, നിതീഷ് കുമാറിന്റെ ജനതാ ദള്‍ (യുണൈറ്റഡ്), ഓം പ്രകാശ് ചൗത്താലയുടെ ഇന്ത്യന്‍ നാഷണല്‍ ലോക് ദള്‍, ദേവഗൗഡയുടെ ജനതാദള്‍ (സെക്യുലര്‍), കമാല്‍ മൊറാര്‍ക്കയുടെ സമാജ്‌വാദി ജനതാ പാര്‍ട്ടി എന്നിവരാണ്. ഇവരെല്ലാരും ചേര്‍ന്നപ്പോള്‍ ആകെയുള്ള ലോക്‌സഭാംഗങ്ങളുടെ എണ്ണം 15 മാത്രം. (അന്ന് 295 ആയിരുന്നു). രാജ്യസഭയില്‍ 30 അംഗങ്ങള്‍. ഇവര്‍ ഒന്നിച്ചു നില്‍ക്കുമോ, നിന്നാല്‍ത്തന്നെ മോദിക്കെതിരേ ദേശീയ തലത്തില്‍ എന്തുചെയ്യുമെന്നത് ഉത്തരമില്ലാത്ത ചോദ്യമാണ്.
ഇനി ഇവര്‍ എല്ലാംതന്നെ പ്രാദേശിക ശക്തികളാണെന്ന് അവകാശപ്പെടുന്നതു പരിശോധിക്കുക. യുപിയിലെ സമാജ്‌വാദി പാര്‍ട്ടിക്കും ബീഹാറിലെ നിതീഷ് പാര്‍ട്ടിക്കുമാണ് തെല്ലെങ്കിലും കരുത്തവകാശപ്പെടാനാവുന്നത്. പക്ഷേ, ബീഹാറില്‍ ബിജെപിയും രാംവിലാസ് പസ്വാനും കൂടിച്ചേര്‍ന്നാല്‍ 35.8 ശതമാനം വോട്ടുണ്ടെന്നാണ് ലോക്‌സഭാ തെരഞ്ഞെടുപ്പുകഴിഞ്ഞുള്ള തെരഞ്ഞെടുപ്പുകമ്മീഷന്‍ വിവരങ്ങള്‍ വ്യക്തമാക്കുന്നത്. ആര്‍ജെഡി (20.1%), കോണ്‍ഗ്രസ് (8.4%), ജെഡിയു എന്നിവ ഒന്നിച്ചു നിന്നു വേണം ബിജെപിയെ ബീഹാറില്‍ നേരിടാന്‍. അങ്ങനെ നിന്നാല്‍ 45.6 % വോട്ടു കിട്ടും. അതിനു സാധിച്ചാല്‍ പരിവാര്‍ പുനസ്സമാഗമംകൊണ്ട് വിജയമുണ്ടാകും. പക്ഷേ 2015 നവംബറിലാണ് ബീഹാര്‍ തെരഞ്ഞെടുപ്പ്. അന്നുവരെ ഈ പരിവാരം ഒന്നിച്ചു നില്‍ക്കുമോ എന്നതാണ് കണ്ടറിയേണ്ടത്.
കാല്‍നൂറ്റാണ്ടിനു മുമ്പാണ് അവസാനം ജനതാ പരിവാര്‍ അവസാനം ശക്തി പ്രകടിപ്പിച്ചുകണ്ടത്. ന്യൂദല്‍ഹിയിലെ ജന്തര്‍ മന്തറിലെ ഏഴാം നമ്പര്‍ ബംഗ്ലാവില്‍, ലോഹ്യയുടെയും ജയപ്രകാശ് നാരായണന്റെയും മറ്റും ചിത്രങ്ങള്‍ വെച്ച ആ പഴയകെട്ടിടത്തില്‍, പ്രധാനമന്ത്രിയായിരിക്കെ ജനതാദള്‍ നേതാവുകൂടിയായ വി. പി. സിങ് പലവട്ടം വന്നുപോയിരുന്നു.
അന്നെല്ലാം രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ ആസ്ഥാനമെന്ന നിലയില്‍ അവിടം ശ്രദ്ധേയ കേന്ദ്രമായിരുന്നു. സിങ്ങിന്റെ ജനതാദള്‍ ചക്രം പലതുണ്ടായി തകര്‍ന്നുപൊളിഞ്ഞു പോയി. ആ കെട്ടിടം ഇപ്പോഴുമുണ്ട്, ക്ഷയിച്ച ഒരു തറവാടുപോലെ. അതിനിടെ ഇങ്ങനെയൊരു പുനസ്സമാഗമത്തിന്റെ വാര്‍ത്ത കേള്‍ക്കുമ്പോള്‍ ചിലര്‍ക്കെങ്കിലുമൊക്കെ സന്തോഷം തോന്നാം. പക്ഷേ ആ പഴയ കെട്ടിടത്തിലെ കടവാവലുകള്‍ക്കും എലിക്കൂട്ടങ്ങള്‍ക്കും അലോസരമുണ്ടായേക്കും.
അതിനപ്പുറം യുപിയില്‍ 2017-ല്‍ വരാന്‍ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പിലേക്കോ, 2019-ല്‍ വരുന്ന പൊതു തെരഞ്ഞെടുപ്പിലോ ഉപയോഗിക്കാമായിരുന്ന ഒരു ആയുധം നേരത്തേ പാഴാക്കിക്കളഞ്ഞുവെന്നതൊഴിച്ചാല്‍ വാസ്തവത്തില്‍ ജനതാ പരിവാറിന്റെ പുനസ്സമാഗമത്തിന് എന്തു രാഷ്ട്രീയ ചലനം ഉണ്ടാക്കാനാണു സാധിച്ചിട്ടുള്ളത്, സാധിക്കുക? ‘ചാത്തമൂട്ടാനൊത്തു ചേരുമാറുണ്ടെങ്ങള്‍ ചേട്ടന്റെ ഇല്ലപ്പറമ്പില്‍’ എന്ന കവിതാ ശകലം ചിലര്‍ക്ക് ഉത്തരമായി പറയാനുണ്ടാവും. മറ്റുചിലര്‍ക്ക് ‘വരുംകൊല്ലമാരെന്നുമെന്തെന്നുമാര്‍ക്കറിയാം’ എന്നു പാടാനുണ്ടാവും.
അതേ സമയം വിശാഖപട്ടണത്തില്‍നിന്നു കേട്ട ചുകപ്പന്‍ വിപ്ലവ വൃത്താന്തങ്ങള്‍ വിചിത്രമാണ്. വിഘടിതമായ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ എണ്ണം ഏതാണ്ട് 200 കവിയും. തമ്മില്‍ ലയിക്കാനൊന്നും ഇനിയും സമയമായില്ലെന്നു കൂട്ടരിലെ ചേട്ടന്‍ സിപിഎം വ്യക്തമാക്കിക്കഴിഞ്ഞു. കമ്മ്യൂണിസ്റ്റു കുടുംബത്തില്‍ അത്തരം പുനഃസമാഗമങ്ങള്‍ക്കു സാധ്യതയില്ലെന്നര്‍ത്ഥം. എന്നാല്‍ സിപിഎമ്മിന് പ്രാദേശികമായി ഏതുപാര്‍ട്ടിയുമായും കൂട്ടുകൂടാമെന്നും അപ്പപ്പോളത്തെ സൗകര്യം പോലെ ആകാമെന്നും 21-ാം പാര്‍ട്ടി കോണ്‍ഗ്രസ് നയം പ്രഖ്യാപിക്കുമ്പോള്‍ വ്യക്തമാകുന്നതിങ്ങനെ- ‘ച്ചാല്‍, വേളി നിഷിദ്ധം, ന്നാല്‍ സംബന്ധമാകാം’ എന്ന ആ പഴയ നമ്പൂരിമാരില്‍ ചിലരുടെ നിലപാട്.
ആഗോള കമ്മ്യൂണിസത്തില്‍നിന്ന് ഇന്ത്യന്‍ കമ്മ്യൂണിസം ഉണ്ടായതേ പിഴവ്. ഇപ്പോള്‍ ലോക്കല്‍ കമ്മ്യൂണിസങ്ങള്‍ക്ക് അനുമതിയായതോടെ ആഗോള കുടുംബം അണുകുടുംബമായി. അവര്‍ക്കിനി ഒരിക്കലും അണുശക്തിയാകാന്‍ ആവാത്ത സാഹചര്യത്തില്‍ അണുനാശിനി പോലുമില്ലാതെ ആ ചുകപ്പന്‍ കറ വൈകാതെ സ്വയം മായുമെന്ന് ഉറപ്പായിക്കഴിഞ്ഞു.
എന്നാല്‍ കേരള കോണ്‍ഗ്രസ് എന്ന പരിവാറിന്റെ കാര്യം അങ്ങനെയല്ല. മാണിക്കോണ്‍ഗ്രസിന്റെ ചിഹ്നത്തിലെ രണ്ടില ഇത്തിള്‍ക്കണ്ണിയുടേതാണെന്ന് ഒരു നിരീക്ഷണം. ശരിയായിരിക്കണം, പണ്ട് ഏതോ ഫാദര്‍ കൗതുകത്തിനു കുട്ടനാട്ടില്‍ കൊണ്ടുവന്ന ജര്‍മ്മന്‍ പായലാണ് വളര്‍ന്ന് പെരുകി കുട്ടനാടിനെ നശിപ്പിച്ചത്. ക്രിസ്തീയസഭ രാഷ്ട്രീയരംഗത്തു വിതച്ച കേ. കോ. എന്ന ഇത്തിള്‍വിത്ത് എവിടൊക്കെ പടരുന്നുവെന്ന് ആര്‍ക്കറിയാം. അതെന്തായാലും തിരുക്കുടുംബം ഭദ്രമായാല്‍ മതിയല്ലോ.
പിന്‍കുറിപ്പ്: യഥാര്‍ത്ഥ പരിവാര്‍ സമാഗമം ഫിറോസ് കുടുംബത്തിലായിരുന്നു. ഇറങ്ങിപ്പോയവന്‍ 57-ാം ദിനത്തില്‍ മടങ്ങിവന്നു. കാത്തിരുന്നവര്‍ പലതും ചോദിച്ചു. മിണ്ടാട്ടമില്ല. പാര്‍ട്ടിക്കുഞ്ഞുങ്ങള്‍ കാണാനും മിണ്ടാനും കൊതിച്ചു. പക്ഷേ കഥാനായകന്‍ പട്ടിക്കുഞ്ഞുങ്ങളെ തിരഞ്ഞു നടന്നു….