Sunday, April 26, 2015

ഭരണാഭാസത്തിലെ മാണിപ്പുലേഷന്‍

കാവാലം ശശികുമാര്‍
April 14, 2015

ശരിയാണ്, യോഗവും പ്രസംഗവും ഒക്കെ ഭരണാധിപന് ആവശ്യമാണ്. അത് ജനങ്ങള്‍ക്ക് പ്രചോദനമാകണം, ജനത്തിന് ധാര്‍മികതയും കര്‍ത്തവ്യബോധവും ഉണ്ടാക്കണം. ഒപ്പം ഭരണതലത്തില്‍ അവയെല്ലാം പ്രാവര്‍ത്തികമാക്കുകയും വേണം. ഇത് ഉമ്മന്‍ചാണ്ടി പ്രധാനമന്ത്രി നരേന്ദ്രമോദിയില്‍ നിന്നു പഠിക്കണം. ഗുജറാത്ത് മോഡല്‍ വേണ്ടെന്നു പറഞ്ഞവര്‍ പക്ഷേ, ചില കാര്യങ്ങളില്‍ മോദിയെ മോഡലാക്കുന്നുണ്ട്. വൈകാതെ വഴിക്കു വന്നേക്കും.

ഒരു ദിവസത്തെ രാത്രിവാര്‍ത്താ ചര്‍ച്ചക്കൊരുവിഷയമാണ് മാധ്യമങ്ങള്‍ (ഇലക്‌ട്രോണിക്) തേടുന്നത്. പിറ്റേന്നത്തെ അച്ചടിമാധ്യമങ്ങളില്‍ ഒരു തലക്കെട്ടിനുവേണ്ടിയുള്ള പ്രസ്താവനാവിഷയങ്ങളാണ് നേതാക്കള്‍ അന്വേഷിക്കുന്നത്. ഇതിനിടെ നടക്കുന്നത് ആഭാസഭരണമാണെന്ന് പ്രതിപക്ഷനേതാവ് ആരോപിക്കുകയും ഭരണസ്തംഭനം ഇല്ലേയില്ലെന്ന് മുഖ്യമന്ത്രി വിശദീകരിക്കുകയും ചെയ്യുമ്പോള്‍ വാസ്തവം അതല്ലെന്ന് തിരിച്ചറിയുന്ന ജനങ്ങള്‍ എത്രശതമാനമെന്നതാണ് വിഷയം.
അതറിയാന്‍ ജനഹിതമറിയണം. ജനാധിപത്യത്തില്‍ അതിന് ബാലറ്റാണ് മാര്‍ഗ്ഗം. പക്ഷേ ജനവിധിയെ കോടതിവിധിയാക്കി മാറ്റരുതെന്ന് ഒരു മുന്‍കൂര്‍ ന്യായം പറയട്ടെ. കാരണം, കേരളംപോലൊരു അതിതീവ്രരാഷ്ട്രീയ ധ്രുവീകരണമുള്ള, അതിന് മതവും ജാതിയും അടിസ്ഥാനമായ, ഒരു സംസ്ഥാനത്ത് ജനാഭിപ്രായം ഒരുതരത്തിലും നീതിന്യായവ്യവസ്ഥിതിക്കു ബദലോ മാനദണ്ഡമോ അല്ല, ആകരുത്.
ആഭാസഭരണവും ഭരണാഭാസവും രണ്ടാണ്. ആഭാസനാണെങ്കിലും ആഭാസരീതിയിലായാലും ഭരണം നടക്കുന്നുവെന്നതാണ് ആദ്യത്തേതില്‍ സമാധാനം. പക്ഷേ ഭരണാഭാസം എന്നാല്‍ ഭരണം ഉണ്ടെന്ന തോന്നല്‍ മാത്രമാണ്, ഭരണമില്ല. ഭരണത്തലവനുണ്ടാകും, സംവിധാനങ്ങളുണ്ടാകും, പക്ഷേ നടപടികള്‍ ഉണ്ടാവില്ല. എന്നല്ല, നടപടികള്‍ കൃത്യമാണെന്ന് തലവന്‍ പറഞ്ഞുകൊണ്ടേയിരിക്കും.
എനിക്ക് ഭ്രാന്തില്ല എന്ന് ഭ്രാന്തന്മാര്‍ പറയുംപോലെയേ കണക്കാക്കേണ്ടൂ. അതുകൊണ്ട് പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന്‍ പറഞ്ഞതും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞതും വാസ്തവമാണ്.
”എന്തു ഭരണസ്തംഭനം, ഏതെങ്കിലും യോഗം മാറ്റിവച്ചോ, ഏതെങ്കിലും പരിപാടി തടസപ്പെട്ടോ, വൈകിയോ. തീരുമാനങ്ങള്‍ ചിലതിനു കാലതാമസം വന്നത് എല്ലാവരുമായും കൂടിയാലോചിക്കുന്ന എന്റെ ശൈലികൊണ്ടാണ്. അതെന്റെ ശൈലിയാണ്,” മുഖ്യമന്ത്രിയുടെ വിശദീകരണമാണ്. യോഗങ്ങളാണോ ഭരണം? പരിപാടികള്‍ സമയത്തു നടക്കുന്നതാണോ ഭരണം? അങ്ങനെയെങ്കില്‍ അടിയന്തരാവസ്ഥയായിരുന്നു ഏറ്റവും നല്ല ഭരണമെന്നു സമ്മതിക്കേണ്ടിവരും. ഞാനാണ് രാഷ്ട്രം എന്ന് പ്രഖ്യാപിച്ചു ഭരിച്ച ഇന്ദിരയായിരുന്നു മികച്ച ഭരണാധികാരിയെന്നു സമ്മതിക്കേണ്ടിവരും.
ഉമ്മന്‍ചാണ്ടി സമ്മതിച്ചേക്കും, പക്ഷേ ജനം സമ്മതിക്കേണ്ടെ? ”കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി നടത്തിയ പ്രസ്താവന ശ്രദ്ധിക്കണം, ”കേരളം ഭൂമി ലഭ്യമാക്കിയാല്‍ ഇവിടെ റോഡുവികസനത്തിന് കേന്ദ്രം തയ്യാര്‍, വികസനത്തില്‍ രാഷ്ട്രീയം കലര്‍ത്തരുത്.” ഉമ്മന്‍ചാണ്ടി നെഞ്ചത്തു കൈവച്ച് പറയട്ടെ, ഭരണം ജനഹിതമനുസരിച്ച് ശരിയായദിശയിലാണെന്ന്. എങ്കില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് സാമ്പത്തികവര്‍ഷം നീക്കിവച്ച പണം വികസനപ്രവര്‍ത്തനങ്ങള്‍ക്ക് ചെലവിടാന്‍ പറ്റാഞ്ഞതെന്തുകൊണ്ട്? റോഡുവികസനങ്ങള്‍ നടക്കാത്തതെന്തുകൊണ്ട്? ഏറ്റവും പുതിയത് പറയാം- പത്താം ക്ലാസ് പരീക്ഷാ ഫലം ആദ്യം ഏപ്രില്‍ 16 ന് പ്രഖ്യാപിക്കുമെന്ന് പറഞ്ഞ് 20 ലേക്കു നീട്ടിയത് എന്തുകൊണ്ടാണ്.
വിദ്യാഭ്യാസവര്‍ഷം തീരാന്‍ പത്തുദിവസം ബാക്കിനില്‍ക്കെ വിദ്യാര്‍ത്ഥികള്‍ക്ക് ആ വര്‍ഷത്തെ സ്‌കോളര്‍ഷിപ്പിന് അപേക്ഷ സ്വീകരിച്ചതെന്തുകൊണ്ടാണ്. മദ്യനയത്തിലും വിദ്യാഭ്യാസനയത്തിലും ഉള്‍പ്പെടെ സര്‍വത്രമേഖലയിലും ഈ ആവണക്കെണ്ണപ്പരുവം; ഇതെന്തുഭരണമാണ് ഹേ. കെഎസ്ആര്‍ടിസി, കെഎസ്ഇബി, പൊതുമേഖലാ സ്ഥാപനങ്ങള്‍, ഐഐടി, എയിംസ് തുടങ്ങി ഏതേതെല്ലാം രംഗത്ത് ഭരണത്തിന്റെ പിടിപ്പുകേടുകള്‍ പ്രകടമല്ലാതുണ്ട്. ഭരണകക്ഷിയുടെ തൊഴിലാളി സംഘടനാ നേതാവ് ഭരണം നടക്കുന്നില്ലെന്ന് പറഞ്ഞതിനെന്തു മറുപടിയുണ്ട്? മീറ്റിംഗുകളാണ് ഭരണമെന്ന്, പ്രസംഗങ്ങള്‍ മാത്രമാണ് ഭരണമെന്ന് മുഖ്യമന്ത്രി കരുതുന്നെങ്കില്‍ ഒന്നേ പറയാനുള്ളൂ, താങ്കളുടെ ശൈലി മാറണം.
ഈ ശൈലിമാറ്റമാണ് അന്ന് കെ. കരുണാകരന്റെ മുഖ്യമന്ത്രിസ്ഥാനത്തിനെതിരെ ഉമ്മന്‍ചാണ്ടി ഉയര്‍ത്തിയ ഒറ്റവാക്യവിമര്‍ശനം. കരുണാകരന്‍ അന്ന് പറഞ്ഞു ”ഇത് എന്റെ ശൈലി, എഴുപതുവര്‍ഷമായി കൊണ്ടുനടക്കുന്നു, ഈ വയസ്സാംകാലത്തിനി മാറ്റാനാവില്ല.” ഉമ്മന്‍ചാണ്ടി പറയുന്ന ”എന്റെ ശൈലി” ക്കെതിരെ തൊഴിലാളി നേതാവ് ചന്ദ്രശേഖരന്‍ (ഐഎന്‍ടിയുസി) വെടിപൊട്ടിച്ചെങ്കിലും ഉമ്മന്‍ചാണ്ടിവിധേയന്മാര്‍ ഏറെ ഉള്ളതിനാല്‍ ലക്ഷ്യം കണ്ടില്ല.
ശരിയാണ്, യോഗവും പ്രസംഗവും ഒക്കെ ഭരണാധിപന് ആവശ്യമാണ്. അത് ജനങ്ങള്‍ക്ക് പ്രചോദനമാകണം, ജനത്തിന് ധാര്‍മികതയും കര്‍ത്തവ്യബോധവും ഉണ്ടാക്കണം. ഒപ്പം ഭരണതലത്തില്‍ അവയെല്ലാം പ്രാവര്‍ത്തികമാക്കുകയും വേണം. ഇത് ഉമ്മന്‍ചാണ്ടി പ്രധാനമന്ത്രി നരേന്ദ്രമോദിയില്‍ നിന്നു പഠിക്കണം. ഗുജറാത്ത് മോഡല്‍ വേണ്ടെന്നു പറഞ്ഞവര്‍ പക്ഷേ, ചില കാര്യങ്ങളില്‍ മോദിയെ മോഡലാക്കുന്നുണ്ട്. വൈകാതെ വഴിക്കു വന്നേക്കും.
ഭരണത്തെ വിലയിരുത്തുന്ന ജനവിധിയായിരിക്കും അരുവിക്കരയിലെ ഉപതെരഞ്ഞെടുപ്പ്. അത് തികച്ചും സംസ്ഥാനസര്‍ക്കാരിന്റെയും പ്രതിപക്ഷത്തിന്റെയും നടപടികളുടെ മേലുള്ള വിധിയെഴുത്താകും, ആകണം. പക്ഷേ, ആരു ജയിച്ചാലും തോറ്റാലും ജനവിധി ആരോപണങ്ങളിന്മേലുള്ള ”കോടതിവിധി”യായി ആരും വ്യാഖ്യാനിക്കരുത്. കാരണം കേരളത്തിലെ രാഷ്ട്രീയം എത്രമാത്രം കക്ഷി രാഷ്ട്രീയ-മതപക്ഷപാതപരമാണെന്നത് പകല്‍പോലെ വ്യക്തമായിരിക്കെ പോളിങ്ബൂത്തിലെ ജനവിധിയും കോടതിവിധിയും രണ്ടായിത്തന്നെ കാണുകതന്നെ വേണം.
*** *** *** ***
മന്ത്രി കെ.എം.മാണി ധനമന്ത്രിയാണ്. ധനമന്ത്രി മാത്രമല്ല നിയമവകുപ്പുമന്ത്രിയുമാണ്. ധനമന്ത്രിയെന്ന നിലയില്‍ മാണിക്കെതിരെ ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങള്‍ ചെറുതല്ല. ആദ്യമൊക്കെ ആക്ഷേപങ്ങളായി മാത്രം കണ്ടിരുന്ന വിഷയം ഇപ്പോള്‍ ഏറെ സങ്കീര്‍ണമായിരിക്കുന്നു. ബാറുകള്‍ തുറക്കാനും പൂട്ടാനുമുള്ള തീരുമാനത്തെ മാത്രമല്ല സംസ്ഥാന ബജറ്റിനെയാകെ സ്വാധീനിക്കുന്നതായിരിക്കുന്നു കോഴയിടപാടുകള്‍.
അതില്‍ മദ്യവും സെക്‌സും ക്രിമിനല്‍ കുറ്റകൃത്യങ്ങളും വരെ ഉള്‍പ്പെട്ടിരിക്കുന്നുവെന്നുവന്നിരിക്കുന്നു. വിദേശ ബാങ്കുകളിലെ രഹസ്യ പണനിക്ഷേപവും അതിനുമപ്പുറവും വിഷയമായിരിക്കുന്നു. ഈ സാഹചര്യത്തില്‍ ധനമന്ത്രിയുടെ പക്കലുള്ള നിയമവകുപ്പ് ഒഴിപ്പിച്ചെടുക്കാന്‍ മുഖ്യമന്ത്രി എന്തിനു മടിക്കണം? അതല്ലേ വേണ്ടത്? അധികാരം വിനിയോഗിക്കുന്ന അത്തരം സന്ദര്‍ഭങ്ങളിലല്ലേ ഭരണം നടക്കുന്നുവെന്ന് തോന്നിപ്പിക്കുന്നത്.
മാണി നിയമവകുപ്പ് ഒഴിയട്ടെ. കെ.എം. മാണിയുടെ പേരില്‍ കേസെടുക്കട്ടെ, അന്വേഷണം നടക്കട്ടെ, കേസ് വിചാരണ സംസ്ഥാനത്തിനു പുറത്തുനടക്കണമെന്ന് തീരുമാനിക്കട്ടെ. (എവിടുത്തെ കോടതിയും ഒരേ നീതിയും ന്യായവുമാണ് നടപ്പാക്കുന്നതെന്നുതന്നെയാണ് എന്റെ വിശ്വാസം. അങ്ങനെയല്ലെന്ന് വാദിച്ചത് ഗുജറാത്തിലെ ചില കേസുകള്‍ അന്യസംസ്ഥാനത്ത് വാദിക്കണമെന്ന് ചിലര്‍ ആവശ്യം ഉയര്‍ത്തിയപ്പോഴാണ്. കോടതികള്‍ അത് അനുവദിച്ചപ്പോഴാണ്. അതിനു പിന്നാലെയാണ് ജഡ്ജിമാര്‍ അവര്‍ക്ക് മതമുണ്ടെന്ന് സ്ഥാപിച്ചുകൊണ്ടു പരസ്യമായി രംഗത്തുവന്നത്.
കെ.എം. മാണിയുടെ പാര്‍ട്ടിയുടെ ജില്ലാ നേതാവായിരുന്നുവോ മത പ്രസംഗകനായിരുന്നോ എന്നത് പില്‍ക്കാലത്ത് ഹൈക്കോടതി ജഡ്‌ജോ സുപ്രീംകോടതി ജഡ്‌ജോ ഒക്കെ ആകുന്നതിന് അയോഗ്യതയല്ല. പക്ഷേ, ജഡ്ജി ആയശേഷം പ്രത്യക്ഷമായോ പരോക്ഷമായോ അത്തരം പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരാവുന്നത് കോടതിയെന്ന- നീതി ന്യായമെന്ന- മഹാവിശ്വാസത്തില്‍ വിള്ളല്‍ വീഴ്ത്തിയാല്‍ കുറ്റക്കാര്‍ ആരായിരിക്കുമെന്ന് പറയേണ്ടതില്ലല്ലോ.) പക്ഷേ, മാണി സ്വയം ഒഴിയില്ല, മുഖ്യമന്ത്രിയ്ക്കാണ് മന്ത്രിമാരെ സംസ്ഥാനത്ത് നിയോഗിക്കുന്നതിന് അവകാശം എന്നൊക്കെയാണ് വിശ്വാസം. പക്ഷേ സഭയെന്നു പറഞ്ഞാല്‍ നിയമസഭയോ തിരുസഭയോ എന്ന് സംശയം ചോദിക്കുന്ന കാലത്ത് ഇതൊക്കെ നടക്കുമോ എന്ന് സംശയം. തോമസിനെപ്പോലെ സംശയിക്കുകയേ നമുക്ക് നിവൃത്തിയുള്ളൂ.
സംശയാലുവായ തോമസ് (ദ ഡൗട്ടിംഗ് തോമസ്) എന്ന് പറഞ്ഞപ്പോഴാണ് രണ്ടുകാര്യങ്ങളിലേക്ക് ശ്രദ്ധ തിരിഞ്ഞത്. എങ്ങനെയാണ് ബൈബിള്‍ സ്വാധീനം എഴുത്തില്‍ കടന്നുവന്നതെന്ന്. രണ്ട് നമ്മുടെ പി.സി. തോമസ് ഒരു വലിയ ഡൗട്ട് അല്ലേ എന്നും-സംശയിക്കുന്ന തോമസ് സ്വയം. (മന്ത്രി കെ.എം. മാണി അടുത്തിടെ സംസാരിച്ചതെല്ലാം-ബൈബിള്‍ ഭാഷയിലാണ്. തനിക്ക് പള്ളിയില്‍ പോയി പ്രാര്‍ത്ഥിച്ചശേഷം ബജറ്റവതരിപ്പിക്കാന്‍ പറ്റിയില്ലല്ലോ എന്നതുമാത്രമാണ് ഫെബ്രുവരി 13 ലെ നിയമസഭാ സംഭവങ്ങളില്‍ ഉണ്ടായ ദുഃഖമെന്ന് പറഞ്ഞുതുടങ്ങിയ മാണി പിന്നെ വിശദീകരിച്ചതിലെല്ലാം ബൈബിള്‍ സ്വാധീനമുണ്ടായിരുന്നു.
ഏറ്റവും ഒടുവില്‍ പി.സി. ജോര്‍ജ് എന്ന പുലി ചീറ്റിയലറിയപ്പോഴും കുഞ്ഞാടെന്നു വിശേഷിപ്പിക്കാന്‍ മാണിക്കു മനസ്സുവന്നു. ഉമ്മന്‍ചാണ്ടി ഭരണത്തില്‍ ക്രിസ്ത്യന്‍ സ്വാധീനവും മുസ്ലിം സമ്മര്‍ദ്ദവും അധികമാണെന്ന് ആക്ഷേപിക്കുന്നവര്‍ കണ്ടുപഠിക്കേണ്ടതാണ്, എങ്ങനെയാണ്, മതം പ്രചരിപ്പിക്കേണ്ടതെന്ന്. ഭഗവദ്ഗീതയെ ദേശീയഗ്രന്ഥമാക്കാന്‍ ആഹ്വാനം ചെയ്യുന്നവര്‍ക്ക് തൊണ്ട പൊട്ടട്ടെ. ബൈബിള്‍ വചനപ്രഘോഷണം കേട്ട് കാതുകുളിരട്ടെ. അത് എഴുത്തിലും കഴുത്തിലും സ്വാധീനിക്കട്ടെ.
ഘര്‍വാപസികള്‍ വിവാദത്തിലാകട്ടെ, മുടിയനായ പുത്രന്മാര്‍ മടങ്ങിവരട്ടെ!!) സംശയാലുവായ തോമസ് ബൈബിള്‍ കഥയിലെ കഥാപാത്രമാണ്. എന്തും സംശയിക്കും. അങ്ങനെ ഒടുവില്‍ യേശു ഉയിര്‍ത്തെഴുന്നേറ്റുവെന്നു പറഞ്ഞപ്പോള്‍ നെഞ്ചിലെ മുറിവില്‍ വിരലിട്ട് അതുറപ്പുവരുത്തുന്നുണ്ട് തോമസ്. കാറാവാജിയോയുടെ പ്രശസ്തമായ ചിത്രമുണ്ട് ഡൗട്ടിങ് തോമസിന്റെ- ദ ഇന്‍ക്രെഡൂലിറ്റി ഓഫ് സെയിന്റ് തോമസ്.
നമുക്ക് അടുത്തറിയാവുന്ന പി.സി. തോമസ് ഈ സംശയം തോമായുടെ പുതിയ പതിപ്പായി അവതരിപ്പിക്കുന്നു. കെ.എം. മാണിയും മകന്‍ ജോസ് കെ. മാണിയും ഇപ്പറയുന്നപോലെ അഴിമതിക്കാരാണോ എന്നാണ് തോമസിന്റെ സംശയം. പണ്ട് പാലാഴി ടയേഴ്‌സ് ലിമിറ്റഡില്‍ അഴിമതിയെന്നും മാണി മുഖ്യപ്രതിയെന്നും ആരോപിച്ചത് ഈ തോമസ് തന്നെയല്ലെ. ഈ തോമസല്ലെ മാണിയെവിട്ട്, പപ്പുയാദവെന്ന ബീഹാര്‍ എംപിയെ ചാരി, ബിജെപി നയിച്ച എന്‍ഡിഎയില്‍ അംഗമായി കേന്ദ്രമന്ത്രിയായി പിന്നെ എല്‍ഡിഎഫില്‍ എത്തിയ തോമസ് എന്നൊരു സംശയം. ഒരു സംശയം തോമയും തോമാസംശയവും.
പിന്‍കുറിപ്പ്: കെ.എം. മാണിക്കെതിരെ അഴിമതിക്കാരന്നെ് ഏറ്റവും കൂടുതല്‍ വിമര്‍ശനം വന്നത് സോഷ്യല്‍ മീഡിയയിലാണ്. കാരണം കണ്‍വെന്‍ഷന്‍ മീഡിയയില്‍ പലതിനേയും അദ്ദേഹം ‘കൈകാര്യം’ ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ ഏറ്റവുംകടുത്ത പ്രതിരോധ നിര മാണിക്കു വേണ്ടി ഒരുക്കുന്നത് സോഷ്യല്‍മീഡിയയിലെ ചില പ്രമുഖരാണ്. അതും ‘കൈകാര്യം’ ചെയ്തുവെന്നര്‍ത്ഥം. മാണിയുടെ കൗശലം വലുതാണ്. കൗശലത്തിന് ഇംഗ്ലീഷില്‍ മാനിപ്പുലേഷന്‍ (manipulation)എന്നു പറയും. അതോ മാണിപ്പുലേഷനോ. ഇംഗ്ലീഷില്‍ ഈ വാക്കുണ്ടായിട്ട് 80 വര്‍ഷമായോ എന്ന് ഭാഷാശാസ്ത്രജ്ഞര്‍ പറയട്ടെ.

വീണ്ടും ചില കുടുംബ പ്രശ്‌നങ്ങള്‍

വീണ്ടും ചില കുടുംബ പ്രശ്‌നങ്ങള്‍

 കാവാലം ശശികുമാര്‍
April 21, 2015
യുപിയില്‍ 2017-ല്‍ വരാന്‍ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പിലേക്കോ, 2019-ല്‍ വരുന്ന പൊതു തെരഞ്ഞെടുപ്പിലോ ഉപയോഗിക്കാമായിരുന്ന ഒരു ആയുധം നേരത്തേ പാഴാക്കിക്കളഞ്ഞുവെന്നതൊഴിച്ചാല്‍ വാസ്തവത്തില്‍ ജനതാ പരിവാറിന്റെ പുനസ്സമാഗമത്തിന് എന്തു രാഷ്ട്രീയ ചലനം ഉണ്ടാക്കാനാണു സാധിച്ചിട്ടുള്ളത്, സാധിക്കുക?

കുടുംബക്കോടതികള്‍ പെരുകുകയും അവയിലെല്ലാം അതിപ്രശസ്തരുടെ മുതല്‍ അപ്രശസ്തരുടെ വരെ കുടുംബപ്രശ്‌നങ്ങള്‍ തര്‍ക്ക വിഷയമാവുകയും ചെയ്യുന്ന കാലമാണിത്. ഭാരതത്തിന്റെ നിലനില്‍പ്പുതന്നെ അടിസ്ഥാന ഘടകമായ കുടുംബ വ്യവസ്ഥയിലൂടെയാണ്. അത് ശക്തിപ്പെടേണ്ടത്ആവശ്യവുമാണ്. പക്ഷേ, കുടുംബ വഴക്കുകളുടെ എണ്ണം കൂടിക്കൂടിവരികയാണ്. അതു ദമ്പതിമാര്‍ തമ്മില്‍ മാത്രമല്ല, അമ്മ മകനെതിരേ കോടതി കയറുന്നു, അച്ഛന്‍ മകനെതിരേ കേസുകൊടുക്കുന്നു, സഹോദരങ്ങള്‍ തമ്മില്‍ തലതല്ലിക്കീറുന്നു. ഇതെല്ലാം പതിവു സംഭവങ്ങളാകുന്നു.
കുടുംബ വ്യവസ്ഥയുടെ കരുത്ത് ഏറെക്കുറേ ശക്തമാണ് ഭാരതത്തില്‍. അതുകൊണ്ടാണ് ആഗോള സാമ്പത്തിക മാന്ദ്യം വന്നപ്പോഴും ഭാരതം മറ്റു രാജ്യങ്ങളേക്കാള്‍ പിടിച്ചു നിന്നത് എന്നൊരു സാമ്പത്തിക ശാസ്ത്ര വിശകലനമുണ്ട്. കുടുംബം എന്ന സങ്കല്‍പ്പത്തിലുള്ള സമ്പാദ്യ സമ്പ്രദായത്തിന്റെ അടിത്തറയാണ് അതിനു സഹായകമായതത്രെ. സാംസ്‌കാരികമായി ഈ കുടുംബ ഭദ്രതയെന്ന മനഃസ്ഥിതിയാണ് ഭാരതത്തിലെ രാഷ്ട്ര സങ്കല്‍പ്പത്തിന്റെയും ആധാരശിലകളിലൊന്ന്.
മറ്റു പല രാജ്യങ്ങള്‍ക്കുമില്ലാത്ത, അവിടുത്തെ ചിന്തകര്‍ക്ക് ഇനിയും പിടികിട്ടാത്ത, ഈ മനഃശാസ്ത്രത്തിന്റെ കരുത്ത് അവര്‍ക്ക് മനസ്സിലായിട്ടുണ്ട്. അതുകൊണ്ടുതന്നെയാണ് സാമ്രാജ്യ അധിനിവേശ കാലം മുതല്‍ ഇപ്പോഴും ഭാരതീയ സംസ്‌കാരത്തിന്റെ ഇത്തരം തായ്‌വേരുകള്‍ അറുക്കാനുള്ള പ്രവണതകള്‍ ചുറ്റും സജീവമായിക്കൊണ്ടിരിക്കുന്നത്. വൈദേശിക സങ്കല്‍പ്പിതമായ ഇത്തരം വഴിതെറ്റിയ പരിഷ്‌കാരങ്ങള്‍ പുതിയൊരു സംസ്‌കാരമായോ ജീവിതരീതിയായോ നമ്മള്‍ സ്വീകരിക്കാന്‍ നിര്‍ബന്ധിതരാകുന്നു.
ഉടുപ്പും കഴിപ്പും മുതല്‍ ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും വരെ ഈ നിര്‍ബന്ധാവസ്ഥയുടെ സമ്മര്‍ദ്ദം ശക്തമാകുന്നു. അതിനു വഴങ്ങാത്തവരും എതിര്‍ക്കുന്നവരും വികസനവിരുദ്ധരോ പരിഷ്‌കാര വിദ്വേഷികളോ ആയി മുദ്രകുത്തപ്പെടുന്നു. പക്ഷേ, പുത്തന്‍ പരിഷ്‌കാരങ്ങളുടെ പൊള്ളത്തരങ്ങള്‍ തിരിച്ചറിയുന്നുണ്ട് പുതിയതലമുറയില്‍പ്പെട്ട പലരും എന്നതാണ് ആശ്വാസകരമായ സൂചനകള്‍.അതുകൊണ്ടുതന്നെ കുടുംബത്തകര്‍ച്ചകള്‍ക്കുള്ള വഴികളില്‍ സ്വയം പരിഹാരങ്ങളുമുണ്ടായി വരുന്നു; വരും-അതാണു പ്രകൃതി നിയമം.
കുടുംബത്തെക്കുറിച്ച്, പരിവാറിനെക്കുറിച്ച്, പറഞ്ഞു തുടങ്ങിയത് ജനതാ പരിവാറിന്റെ പുനഃസമാഗമത്തെക്കുറിച്ച് പറയാനാണ്. പരിവാര്‍ എന്ന ഹിന്ദിഭാഷയിലെ പ്രയോഗം ഒരു കാലത്ത് മാധ്യമലോകം മോശം അര്‍ത്ഥത്തില്‍ ആര്‍എസ്എസ്-ആര്‍എസ്എസ് അനുബന്ധ സംഘടനകളെ പരാമര്‍ശിക്കാന്‍ വിനിയോഗിച്ചതാണ്- സംഘപരിവാര്‍ എന്നായിരുന്നു പ്രയോഗം. ഈ വിശേഷണത്തിലൂടെ ഗണംതിരിച്ച് അകറ്റി നിര്‍ത്തപ്പെടേണ്ട ഒരു വിഭാഗമാക്കി, ചാപ്പകുത്തി തുടങ്ങിവെച്ചതാണ്.
പക്ഷേ, തൃശൂലവും നെറ്റി മൂടുന്ന ചുകപ്പന്‍ സിന്ദൂരക്കുറിയും രൗദ്ര ഭാവവും മറ്റുംമറ്റും അടയാളം കൊടുത്ത് ആ ഗണത്തോട് എതിര്‍പ്പുണ്ടാക്കാന്‍ പ്രചാരണം നടത്തിയവര്‍ക്കും നിരാശയുണ്ടാക്കിക്കൊണ്ട് സംഘപരിവാര്‍ എന്ന പ്രയോഗം നല്ല അര്‍ത്ഥത്തില്‍ ജനങ്ങള്‍ക്കിടയില്‍ പ്രചരിച്ചുപോയി. അതാണു കുടുംബ സങ്കല്‍പ്പത്തിന്റെ വൈകാരിക ശക്തി. ജനതാ പരിവാറിലേക്കു വരാം.
ജനതാ പരിവാര്‍ എന്നു പറയുമ്പോള്‍ അതിന്റെ പ്രാരംഭ ചരിത്രമറിയണം. അടിയാധാരം എടുക്കണം. ഇന്ദിരാ ഗാന്ധിയുടെ അടിയന്തരാവസ്ഥ എന്ന ജനാധിപത്യക്കശാപ്പിന്റെ കാലത്ത് രൂപപ്പെട്ട ആശയം 1977-ല്‍ അവസാനിച്ച കാലത്ത് ആരംഭിച്ച പൊതുവേദിയായിരുന്നു ജനതാ പരിവാര്‍. കോണ്‍ഗ്രസ് ഐ വിരുദ്ധ പാര്‍ട്ടികള്‍ എല്ലാവരും ഒന്നിച്ച് ഇന്ദിരയെ ഒരു പാഠം പഠിപ്പിക്കാനിറങ്ങിത്തിരിച്ചപ്പോള്‍ രൂപപ്പെട്ടതാണ് ജനതാ പാര്‍ട്ടി. വിവിധ ആദര്‍ശക്കാരും ആശയക്കാരും ഒന്നിച്ചു.
അതില്‍ ജനസംഘമുണ്ടായിരുന്നു, സോഷ്യലിസ്റ്റു പാര്‍ട്ടികള്‍ ഉണ്ടായിരുന്നു, പരോക്ഷമായി കമ്മ്യൂണിസ്റ്റുകള്‍ പോലും. തെരഞ്ഞെടുപ്പില്‍ ജനതാ പരിവാര്‍ കൊടുങ്കാറ്റായി അടിച്ചു. 295 ലോക്‌സഭാ സീറ്റുകളാണ് പാര്‍ട്ടി നേടിയത്. അതില്‍ 93 സീറ്റ് ഇന്നത്തെ ബിജെപി ആയ അന്നത്തെ ജനസംഘത്തിനായിരുന്നു. 44 സീറ്റുകള്‍ കോണ്‍ഗ്രസ് (ഒ) എന്ന സംഘടനാ കോണ്‍ഗ്രസിനായിരുന്നു.
ചരണ്‍സിങിന്റെ ലോക്ദളിന് 71 സീറ്റും ജഗ്ജീവന്റാം കോണ്‍ഗ്രസിന് 28 സീറ്റും. അതായിരുന്നു ജനതാപരിവാര്‍. അതില്‍ നിന്നു ജനസംഘം വഴിപിരിഞ്ഞപ്പോള്‍ ശേഷിക്കുന്നവയെ എങ്ങനെ ജനതാ പരിവാര്‍ എന്നു വിളിക്കാമെന്നത് അടിസ്ഥാനപരമായ ചോദ്യമാണ്. എന്തായാലും സോഷ്യലിസ്റ്റുകള്‍ക്ക് ഒരു പൊതുവേദിയെന്ന നിലയില്‍ അവര്‍ ജനതാ പരിവാര്‍ എന്നു വിളിക്കപ്പെടാന്‍ ആഗ്രഹിക്കുന്നു.
മാത്രമല്ല, പഴയ പുഷ്‌കല കാലത്തെ അനുസ്മരിപ്പിച്ച് അതു ചില പ്രതീക്ഷകള്‍ക്കു വഴിവെക്കുന്നെങ്കില്‍ നല്ലതാണല്ലോ. പക്ഷേ, ഇന്നിപ്പോള്‍ പഴയ കൂട്ടുകക്ഷിയായിരുന്ന ജനസംഘത്തിന്റെ മാറിയ രൂപമായ ബിജെപിയെ എതിര്‍ക്കാനാണ് പരിവാര്‍ വീണ്ടും ചേര്‍ന്നിരിക്കുന്നതെന്നത് വൈരുദ്ധ്യമാണ്.
അതിനേക്കാള്‍ ആഭാസം നിറഞ്ഞ വൈരുദ്ധ്യമാണ് ആത്യന്തികമായി ഇക്കൂട്ടര്‍ എത്തിപ്പെടുന്നത് കോണ്‍ഗ്രസ് ക്യാമ്പിലാണെന്നത്. യഥാര്‍ത്ഥ ജനതാ പരിവാര്‍ ആരെ എതിര്‍ക്കാന്‍ രൂപപ്പെട്ടുവോ അതേ കോണ്‍ഗ്രസിന്റെ പാദസേവയ്ക്കു കുനിയുന്നുവെന്നതാണ് ദുര്‍ഗ്ഗതി.എങ്കിലും, തമ്മില്‍ തല്ലിയവരും തല്ലിപ്പിരിഞ്ഞവരും ഒന്നിക്കുന്നുവെന്നത് പരിവാര്‍ (കുടുംബം) എന്ന സങ്കല്‍പ്പത്തില്‍ നല്ലകാര്യംതന്നെയാണല്ലോ.
ഏകദേശം നാല്‍പ്പതു വര്‍ഷത്തിനു ശേഷമാണ് ഈ സമാഗമം. അവര്‍ക്ക് എതിര്‍ക്കാനുള്ളത് നരേന്ദ്ര മോദിയേയാണ്. (മോദിയെയോ ബിജെപിയേയോ എതിര്‍ക്കാനല്ല ഈ പരിവാര്‍ മേള എന്ന് ദേവഗൗഡ പറഞ്ഞത് കുടുംബത്തിന്റെ ഭദ്രത വിളിച്ചോതുന്നതാണല്ലോ). അവര്‍ യോഗം ചേരുമ്പോള്‍ ഒന്നിച്ചുള്ളത് മുലായം സിങിന്റെ സമാജ്‌വാദി പാര്‍ട്ടി, ലാലു പ്രസാദിന്റെ രാഷ്ട്രീയ ജനതാദള്‍, നിതീഷ് കുമാറിന്റെ ജനതാ ദള്‍ (യുണൈറ്റഡ്), ഓം പ്രകാശ് ചൗത്താലയുടെ ഇന്ത്യന്‍ നാഷണല്‍ ലോക് ദള്‍, ദേവഗൗഡയുടെ ജനതാദള്‍ (സെക്യുലര്‍), കമാല്‍ മൊറാര്‍ക്കയുടെ സമാജ്‌വാദി ജനതാ പാര്‍ട്ടി എന്നിവരാണ്. ഇവരെല്ലാരും ചേര്‍ന്നപ്പോള്‍ ആകെയുള്ള ലോക്‌സഭാംഗങ്ങളുടെ എണ്ണം 15 മാത്രം. (അന്ന് 295 ആയിരുന്നു). രാജ്യസഭയില്‍ 30 അംഗങ്ങള്‍. ഇവര്‍ ഒന്നിച്ചു നില്‍ക്കുമോ, നിന്നാല്‍ത്തന്നെ മോദിക്കെതിരേ ദേശീയ തലത്തില്‍ എന്തുചെയ്യുമെന്നത് ഉത്തരമില്ലാത്ത ചോദ്യമാണ്.
ഇനി ഇവര്‍ എല്ലാംതന്നെ പ്രാദേശിക ശക്തികളാണെന്ന് അവകാശപ്പെടുന്നതു പരിശോധിക്കുക. യുപിയിലെ സമാജ്‌വാദി പാര്‍ട്ടിക്കും ബീഹാറിലെ നിതീഷ് പാര്‍ട്ടിക്കുമാണ് തെല്ലെങ്കിലും കരുത്തവകാശപ്പെടാനാവുന്നത്. പക്ഷേ, ബീഹാറില്‍ ബിജെപിയും രാംവിലാസ് പസ്വാനും കൂടിച്ചേര്‍ന്നാല്‍ 35.8 ശതമാനം വോട്ടുണ്ടെന്നാണ് ലോക്‌സഭാ തെരഞ്ഞെടുപ്പുകഴിഞ്ഞുള്ള തെരഞ്ഞെടുപ്പുകമ്മീഷന്‍ വിവരങ്ങള്‍ വ്യക്തമാക്കുന്നത്. ആര്‍ജെഡി (20.1%), കോണ്‍ഗ്രസ് (8.4%), ജെഡിയു എന്നിവ ഒന്നിച്ചു നിന്നു വേണം ബിജെപിയെ ബീഹാറില്‍ നേരിടാന്‍. അങ്ങനെ നിന്നാല്‍ 45.6 % വോട്ടു കിട്ടും. അതിനു സാധിച്ചാല്‍ പരിവാര്‍ പുനസ്സമാഗമംകൊണ്ട് വിജയമുണ്ടാകും. പക്ഷേ 2015 നവംബറിലാണ് ബീഹാര്‍ തെരഞ്ഞെടുപ്പ്. അന്നുവരെ ഈ പരിവാരം ഒന്നിച്ചു നില്‍ക്കുമോ എന്നതാണ് കണ്ടറിയേണ്ടത്.
കാല്‍നൂറ്റാണ്ടിനു മുമ്പാണ് അവസാനം ജനതാ പരിവാര്‍ അവസാനം ശക്തി പ്രകടിപ്പിച്ചുകണ്ടത്. ന്യൂദല്‍ഹിയിലെ ജന്തര്‍ മന്തറിലെ ഏഴാം നമ്പര്‍ ബംഗ്ലാവില്‍, ലോഹ്യയുടെയും ജയപ്രകാശ് നാരായണന്റെയും മറ്റും ചിത്രങ്ങള്‍ വെച്ച ആ പഴയകെട്ടിടത്തില്‍, പ്രധാനമന്ത്രിയായിരിക്കെ ജനതാദള്‍ നേതാവുകൂടിയായ വി. പി. സിങ് പലവട്ടം വന്നുപോയിരുന്നു.
അന്നെല്ലാം രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ ആസ്ഥാനമെന്ന നിലയില്‍ അവിടം ശ്രദ്ധേയ കേന്ദ്രമായിരുന്നു. സിങ്ങിന്റെ ജനതാദള്‍ ചക്രം പലതുണ്ടായി തകര്‍ന്നുപൊളിഞ്ഞു പോയി. ആ കെട്ടിടം ഇപ്പോഴുമുണ്ട്, ക്ഷയിച്ച ഒരു തറവാടുപോലെ. അതിനിടെ ഇങ്ങനെയൊരു പുനസ്സമാഗമത്തിന്റെ വാര്‍ത്ത കേള്‍ക്കുമ്പോള്‍ ചിലര്‍ക്കെങ്കിലുമൊക്കെ സന്തോഷം തോന്നാം. പക്ഷേ ആ പഴയ കെട്ടിടത്തിലെ കടവാവലുകള്‍ക്കും എലിക്കൂട്ടങ്ങള്‍ക്കും അലോസരമുണ്ടായേക്കും.
അതിനപ്പുറം യുപിയില്‍ 2017-ല്‍ വരാന്‍ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പിലേക്കോ, 2019-ല്‍ വരുന്ന പൊതു തെരഞ്ഞെടുപ്പിലോ ഉപയോഗിക്കാമായിരുന്ന ഒരു ആയുധം നേരത്തേ പാഴാക്കിക്കളഞ്ഞുവെന്നതൊഴിച്ചാല്‍ വാസ്തവത്തില്‍ ജനതാ പരിവാറിന്റെ പുനസ്സമാഗമത്തിന് എന്തു രാഷ്ട്രീയ ചലനം ഉണ്ടാക്കാനാണു സാധിച്ചിട്ടുള്ളത്, സാധിക്കുക? ‘ചാത്തമൂട്ടാനൊത്തു ചേരുമാറുണ്ടെങ്ങള്‍ ചേട്ടന്റെ ഇല്ലപ്പറമ്പില്‍’ എന്ന കവിതാ ശകലം ചിലര്‍ക്ക് ഉത്തരമായി പറയാനുണ്ടാവും. മറ്റുചിലര്‍ക്ക് ‘വരുംകൊല്ലമാരെന്നുമെന്തെന്നുമാര്‍ക്കറിയാം’ എന്നു പാടാനുണ്ടാവും.
അതേ സമയം വിശാഖപട്ടണത്തില്‍നിന്നു കേട്ട ചുകപ്പന്‍ വിപ്ലവ വൃത്താന്തങ്ങള്‍ വിചിത്രമാണ്. വിഘടിതമായ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ എണ്ണം ഏതാണ്ട് 200 കവിയും. തമ്മില്‍ ലയിക്കാനൊന്നും ഇനിയും സമയമായില്ലെന്നു കൂട്ടരിലെ ചേട്ടന്‍ സിപിഎം വ്യക്തമാക്കിക്കഴിഞ്ഞു. കമ്മ്യൂണിസ്റ്റു കുടുംബത്തില്‍ അത്തരം പുനഃസമാഗമങ്ങള്‍ക്കു സാധ്യതയില്ലെന്നര്‍ത്ഥം. എന്നാല്‍ സിപിഎമ്മിന് പ്രാദേശികമായി ഏതുപാര്‍ട്ടിയുമായും കൂട്ടുകൂടാമെന്നും അപ്പപ്പോളത്തെ സൗകര്യം പോലെ ആകാമെന്നും 21-ാം പാര്‍ട്ടി കോണ്‍ഗ്രസ് നയം പ്രഖ്യാപിക്കുമ്പോള്‍ വ്യക്തമാകുന്നതിങ്ങനെ- ‘ച്ചാല്‍, വേളി നിഷിദ്ധം, ന്നാല്‍ സംബന്ധമാകാം’ എന്ന ആ പഴയ നമ്പൂരിമാരില്‍ ചിലരുടെ നിലപാട്.
ആഗോള കമ്മ്യൂണിസത്തില്‍നിന്ന് ഇന്ത്യന്‍ കമ്മ്യൂണിസം ഉണ്ടായതേ പിഴവ്. ഇപ്പോള്‍ ലോക്കല്‍ കമ്മ്യൂണിസങ്ങള്‍ക്ക് അനുമതിയായതോടെ ആഗോള കുടുംബം അണുകുടുംബമായി. അവര്‍ക്കിനി ഒരിക്കലും അണുശക്തിയാകാന്‍ ആവാത്ത സാഹചര്യത്തില്‍ അണുനാശിനി പോലുമില്ലാതെ ആ ചുകപ്പന്‍ കറ വൈകാതെ സ്വയം മായുമെന്ന് ഉറപ്പായിക്കഴിഞ്ഞു.
എന്നാല്‍ കേരള കോണ്‍ഗ്രസ് എന്ന പരിവാറിന്റെ കാര്യം അങ്ങനെയല്ല. മാണിക്കോണ്‍ഗ്രസിന്റെ ചിഹ്നത്തിലെ രണ്ടില ഇത്തിള്‍ക്കണ്ണിയുടേതാണെന്ന് ഒരു നിരീക്ഷണം. ശരിയായിരിക്കണം, പണ്ട് ഏതോ ഫാദര്‍ കൗതുകത്തിനു കുട്ടനാട്ടില്‍ കൊണ്ടുവന്ന ജര്‍മ്മന്‍ പായലാണ് വളര്‍ന്ന് പെരുകി കുട്ടനാടിനെ നശിപ്പിച്ചത്. ക്രിസ്തീയസഭ രാഷ്ട്രീയരംഗത്തു വിതച്ച കേ. കോ. എന്ന ഇത്തിള്‍വിത്ത് എവിടൊക്കെ പടരുന്നുവെന്ന് ആര്‍ക്കറിയാം. അതെന്തായാലും തിരുക്കുടുംബം ഭദ്രമായാല്‍ മതിയല്ലോ.
പിന്‍കുറിപ്പ്: യഥാര്‍ത്ഥ പരിവാര്‍ സമാഗമം ഫിറോസ് കുടുംബത്തിലായിരുന്നു. ഇറങ്ങിപ്പോയവന്‍ 57-ാം ദിനത്തില്‍ മടങ്ങിവന്നു. കാത്തിരുന്നവര്‍ പലതും ചോദിച്ചു. മിണ്ടാട്ടമില്ല. പാര്‍ട്ടിക്കുഞ്ഞുങ്ങള്‍ കാണാനും മിണ്ടാനും കൊതിച്ചു. പക്ഷേ കഥാനായകന്‍ പട്ടിക്കുഞ്ഞുങ്ങളെ തിരഞ്ഞു നടന്നു….

Wednesday, April 1, 2015

കൗരവസഭയില്‍ കേള്‍ക്കാത്ത ഗീതാവചനങ്ങള്‍

 കാവാലം ശശികുമാര്‍ March 17, 2015

ഗവര്‍ണ്ണര്‍ പി. സദാശിവം മാന്യനാണ്, അതിമാന്യനാണ്. സുപ്രീം കോടതി ചീഫ് ജസ്റ്റീസായിരുന്ന ഒരാള്‍ക്ക് അങ്ങനെയാവാനേ കഴിയൂ. കേരളത്തിലേക്ക് അദ്ദേഹത്തെ ഗവര്‍ണറായി നിയോഗിച്ചപ്പോള്‍ പ്രതിഷേധ മൂക്കറയിട്ട മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും മറ്റു ജനാധിപത്യ ജീവികളും ഒരുപക്ഷേ ഭയന്നിട്ടുതന്നെ. കാരണം, ഭരണഘടനയുടെ 356-ാം വകുപ്പിനെ ‘ഡെഡ് ലറ്റര്‍’- മൃതാക്ഷരം, അഥവാ മരവിച്ച വകുപ്പ് ആയാണ് വിശേഷിപ്പിക്കുന്നതെങ്കിലും ആ വകുപ്പ് ഏറ്റവും കൂടുതല്‍ ദുരുപയോഗിച്ച കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഭാഗമാണല്ലോ ചാണ്ടി. മൃതാക്ഷരം മന്ത്രാക്ഷരമാകാന്‍ അധിക സമയം വേണ്ടെന്നകാര്യവുമറിയാം. പക്ഷേ, 356-നു മുന്നോടിയായുള്ള 355-ാം വകുപ്പിനും അയലത്തുമാത്രം എത്തുന്ന ചില കാര്യങ്ങളേ ഗവര്‍ണര്‍ സദാശിവം ചെയ്തുള്ളൂ, ഇത്രയൊക്കെ സംസ്ഥാന നിയമസയില്‍ നടന്നിട്ടും!! കേരള രാഷ്ട്രീയത്തിന്റെയും ജനാധിപത്യത്തിന്റെയും ചരിത്രത്തിലെ നാണക്കേടിന്റെ നാഴികക്കല്ലായി 2015 മാര്‍ച്ച് 13. അതിനു കാരണവും കാര്യവും കാരണക്കാരെയും തേടുന്നത് നില്‍ക്കട്ടെ, ജനങ്ങള്‍ക്കു വേണ്ടി ജനങ്ങള്‍ തെരഞ്ഞെടുത്തുണ്ടാക്കിയ ജനങ്ങളുടെ നിയമനിര്‍മ്മാണ സംവിധാനമാണല്ലോ സംസ്ഥാന നിയമസഭ. അവിടെ ഇക്കണ്ട തോന്ന്യാസങ്ങള്‍ കാട്ടാന്‍ ആര് ആര്‍ക്ക് ലൈസന്‍സു കൊടുത്തുവെന്ന ചോദ്യത്തിന് മറുപടി ജനങ്ങള്‍ക്കു കിട്ടേണ്ടതുണ്ട്. ധനമന്ത്രിയുടെ ചുമതലയാണ് സംസ്ഥാന വാര്‍ഷിക ധനവിനിയോഗ ബില്‍ നിയമസഭയില്‍ അവതരിപ്പിച്ച് അംഗീകാരം നേടുകയെന്നത്. അതിനു സഹായങ്ങള്‍ ചെയ്തുകൊടുക്കേണ്ടത് മന്ത്രിസഭാ തലവനെന്ന നിലയില്‍ മുഖ്യമന്ത്രിയുടെ ചുമതല. അതു നിയമസഭയില്‍ ചട്ടപ്പടി നടപ്പാക്കുകയെന്നത് സ്പീക്കറുടെ കര്‍ത്തവ്യം. ഇതിനെല്ലാം പങ്കാളിയാവുകയും അപാകതകള്‍ ഉണ്ടെങ്കില്‍ ചൂണ്ടിക്കാണിച്ച് തിരുത്തിക്കുകയും ചെയ്യുകയാണ് പ്രതിപക്ഷ ധര്‍മ്മം. ഇതൊക്കെ ചേരുമ്പോഴാണ് കേരള നിയമസഭയുടെ ജനാധിപത്യ സംവിധാനത്തിലുള്ള പ്രവര്‍ത്തന പദ്ധതിയിലൂടെ സംസ്ഥാന വാര്‍ഷികാസൂത്രണ പദ്ധതിയായ ബജറ്റ് അവതരിപ്പിക്കപ്പെട്ട് അംഗീകാരം നേടുന്നത്. പക്ഷേ, അത്രത്തോളം കര്‍ത്തവ്യഭരിതമായ കര്‍മ്മത്തിന്റെ ദിനത്തില്‍ നമ്മുടെ ജനപ്രതിനിധികളുടെ ചെയ്തികള്‍ സാക്ഷര-സാഭിമാന കേരളത്തിന്റെ അഭിമാനത്തെ കൂട്ടക്കശാപ്പു ചെയ്യുന്നതായിരുന്നില്ലേ?. ഇന്ത്യാസ് ഡോട്ടര്‍ സംപ്രേഷണം ചെയ്തതുവഴി ബിബിസി ഭാരതത്തിനുണ്ടാക്കിയ നാണക്കേടിന്റെ നാലായിരമിരട്ടിയാണ് നമ്മുടെ ഭരണ-പ്രതിപക്ഷ നിയമസഭ അംഗങ്ങള്‍ ഉണ്ടാക്കിയതെന്നതിനു രണ്ടുപക്ഷമുണ്ടാവാനിടയില്ല. കുറ്റാരോപിതനായ, കളങ്കിതനായ ധനമന്ത്രിക്ക് ബജറ്റ് അവതരിപ്പിക്കാനവകാശമില്ലെന്ന പ്രതിപക്ഷവാദം ന്യായം. ധാര്‍മികപക്ഷത്ത് അത് ശരിയാണുതാനും. പക്ഷേ കുറ്റം തെളിയുന്നതുവരെ ആരോപിതന്‍ മാത്രമാണെന്നത് ഭാരതം അംഗീകരിച്ച നീതി-നിയമം. രാഷ്ട്രീയത്തില്‍ ധാര്‍മികത വേണമെന്നത് മറ്റൊരു ന്യായം. പക്ഷേ മുന്‍കാല മര്യാദകള്‍ ഇക്കാര്യത്തില്‍ കീഴ്‌വഴക്കമാണെന്ന് മറുന്യായം. കോടതിയാണ് ഇത്തരം കാര്യങ്ങളില്‍ സര്‍വാധികാരിയെന്ന് വേറൊരു വാദം. പക്ഷേ ജനാധിപത്യ രാഷ്ട്രീയത്തില്‍ പ്രക്ഷോഭങ്ങള്‍ക്കും ജനകീയ പ്രതിഷേധങ്ങള്‍ക്കും ഇടമുണ്ടെന്ന് ബദല്‍ വാദം. ഇതൊക്കെ ശരിയാകുന്നു. പക്ഷേ, നിയമനിര്‍മാണ സഭയ്ക്കുള്ളില്‍ നിയമവും നീതിയും ധര്‍മ്മവും മര്യാദയും ജനാധിപത്യവും പരസ്യമായി ബലാല്‍ക്കാരം ചെയ്യപ്പെടുമ്പോഴോ. പഴയ ആ ചോദ്യമില്ലേ, മനുഷ്യനു ഭ്രാന്തുപിടിച്ചാല്‍ ചങ്ങലക്കിടാം ചങ്ങലയ്ക്കു ഭ്രാന്തുപിടിച്ചാലോ… അഭിനവ കൗരവസഭയാക്കി മാറുകയായിരുന്നു, മാറ്റുകയായിരുന്നു 2015 മാര്‍ച്ച് 13 ലെ കേരളസഭാ സമ്മേളനത്തെ അതിന്റെ അംഗങ്ങള്‍. നീതി നിഷേധം, ബഹുമാന്യരെ അപമാനിക്കല്‍, പൗരാവകാശലംഘനം, പൊതുമുതല്‍ നശിപ്പിക്കല്‍, വസ്ത്രാക്ഷേപം, കായിക പീഡനം, ലൈംഗികപീഡനം, സ്ത്രീ പീഡനം, അസഭ്യാഭിഷേകം… എന്തൊക്കെ നടന്നില്ല? ഭരണഘടനയ്ക്കു പണയപ്പെട്ടുപോയ വോട്ടര്‍മാരില്‍ ബുദ്ധിയും കായശേഷിയും ആസൂത്രണ വൈദഗ്ദ്ധ്യവും പോരാട്ടവൈഭവവും ഉള്ളവര്‍ കൈകെട്ടി, പല്ലിറുമ്മി പുറത്തു നില്‍ക്കേണ്ടിവന്നു. അവരില്‍ ചിലരുടെ ക്ഷോഭം നിയമസഭാ മന്ദിരത്തിനു പുറത്തൊതുങ്ങി. അപമാനിക്കപ്പെട്ട ജനാധിപത്യത്തിന്റെ സമ്മാന്യത കാക്കാന്‍ ഭീമന്മാരും പാണ്ഡവസഹോദരങ്ങളും മനസ്സില്‍ പ്രതിജ്ഞയെടുത്തിട്ടുണ്ടാവണം. ആ പ്രതിജ്ഞയുടെ സഫലത അറിയാന്‍ അടുത്ത തെരഞ്ഞെടുപ്പുകാലം വരെ കാക്കേണ്ടിവന്നേക്കും. പക്ഷേ, അക്കാലംകൊണ്ട്, പകല്‍വെട്ടത്തില്‍, തെരവു ഗുണ്ടകളെപ്പോലെ നിയമസഭയില്‍ തെമ്മാടിത്തം കാണിച്ചവര്‍ തമ്മില്‍ ധാരണകളുണ്ടാകും. എല്ലാം പറഞ്ഞു ‘കോംപ്ലിമെന്റ്‌സ്’ ആക്കാന്‍ ‘ഗീര്‍വാസീസ് ആശാ’ന്മാരും ‘റാംജിറാവു’മാരും മുന്‍കാലശീലങ്ങള്‍ ആവര്‍ത്തിക്കും. ചെയ്ത അതിക്രമങ്ങള്‍ക്ക് ന്യായീകരിച്ച, ചെയ്ത തെറ്റുകള്‍ ഏറ്റുപറഞ്ഞ, നിയമനിര്‍മാതാക്കള്‍ പരസ്പരം കൈകൊടുത്തു പിരിയുന്നതു കാണാനും നമ്മള്‍ക്കു വിധിയുണ്ടായേക്കാം. എന്നാല്‍, നിയമസഭക്കുള്ളില്‍ നശിപ്പിച്ച പൊതുമുതലിന് നഷ്ടപരിഹാരം നിയമസഭാംഗങ്ങളില്‍ നിന്ന് ഈടാക്കാന്‍ സഹായകമായ കൂട്ടപ്പിഴയീടാക്കലിനുള്ള നിയമസാധുത പരിശോധിക്കപ്പെടണം. ജനപ്രതിനിധികള്‍ നാടിനുണ്ടാക്കിവച്ച മാനക്കേടിന് അവരെക്കൊണ്ട് സംസ്ഥാന ജനതയോട് കൂട്ടക്ഷമാപണം നടത്തിക്കാന്‍ ചട്ടമുണ്ടോയെന്ന് പരിശോധിക്കപ്പെടണം. ഗവര്‍ണര്‍ നിര്‍ദ്ദേശിച്ചതുപോലെ ഇനിയിത്തരത്തില്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാന്‍ എന്തുചെയ്യണമെന്ന കൂടിയാലോചനയില്‍ ഇതിനുള്ള വകുപ്പുകള്‍ കൂടി ഉണ്ടാകണം, നിയമം വേണമെങ്കില്‍ നിര്‍മിക്കണം. എത്ര സുന്ദരമായ നടക്കാത്ത സ്വപ്‌നം!!! ഈ സഭാക്കൂത്ത് ഇങ്ങനെ നടക്കുമ്പോള്‍ മറ്റൊരു മഹാസഭ നടക്കുന്നുണ്ടായിരുന്നു കുറച്ച് അകലെ നാഗപ്പൂരില്‍. ലോകത്തെ ഏറ്റവും വലിയ സാമൂഹ്യസേവന പ്രസ്ഥാനത്തിന്റെ വാര്‍ഷിക യോഗം; ആര്‍എസ്എസിന്റെ അഖിലഭാരതീയ സഭ. ആ പ്രസ്ഥാനം കേരളത്തില്‍, ഭാരതത്തിലെമ്പാടും, ലോകത്താകെമാനവും നടത്തുന്ന വ്യക്തിനിര്‍മ്മാണപ്രക്രിയയുടെ വാര്‍ഷിക പദ്ധതി തയ്യാറാക്കുകയായിരുന്നു അവിടെ. ആ സംഘടനയുടെ വളര്‍ച്ചാ രേഖകള്‍ അവിടെ വിലയിരുത്തപ്പെട്ടു. സംഘടനയുടെ വളര്‍ച്ച ഇരട്ടി; മൂന്നുവര്‍ഷംകൊണ്ട്. നിത്യപ്രവര്‍ത്തനം, നിരന്തരപ്രവര്‍ത്തനം, സാര്‍വത്രികപ്രവര്‍ത്തനം ശക്തിപ്പെട്ടുകൊണ്ടിരിക്കുന്നു. പ്രസ്ഥാനത്തിന്റെ പദ്ധതികളിലൂടെ വളര്‍ന്ന വ്യക്തി നരേന്ദ്ര മോദി ഭാരതത്തിന്റെ പ്രധാനമന്ത്രിയായിരിക്കുന്നു. കേരളത്തിലും ഭാരതത്തിലും, നിയമസഭയില്‍ തമ്മില്‍ തല്ലിയ ഭരണപക്ഷവും പ്രതിപക്ഷവും പ്രധാനമന്ത്രി പ്രതിനിധാനം ചെയ്യുന്ന ആ സംഘടനയെ ആശയംകൊണ്ടും ആയുധംകൊണ്ടും നഖശിഖാന്തം എതിര്‍ക്കാന്‍ ഒന്നിച്ചു നില്‍ക്കുന്നവരാണ്. അവരുടെ താഴേത്തട്ടിലുള്ള പ്രവര്‍ത്തകര്‍ ഈ സംഘടനയ്‌ക്കെതിരേ തെരുവില്‍ നടത്തുന്ന ഉന്മൂലന പ്രവര്‍ത്തങ്ങളുടെ ചെറുപതിപ്പായിരുന്നു നേതാക്കളുടെ സഭയിലെ കായിക പ്രകടനമെന്നു വിലയിരുത്തുന്നവരെ പഴിയ്ക്കാനാവില്ല. കേരളത്തിലെ കൗരവസഭയില്‍ കാട്ടാളത്തം അരങ്ങുതകര്‍ക്കുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ശ്രീലങ്കയില്‍ ദേശാന്തര ദേശീയ രാഷ്ട്രദൗത്യം നിര്‍വഹിക്കുകയായിരുന്നു. ഇവിടെ കണ്ണില്‍ക്കണ്ടത് തകര്‍ത്തും കൈയില്‍ കിട്ടിയത് കശക്കിയും ജനനേതാക്കള്‍ സ്വത്വം പ്രകടിപ്പിച്ചു. അതത് സംഘടനകള്‍ വളര്‍ത്തുന്ന സാംസ്‌കാരികതയുടെ പ്രകടീകരണം. പക്ഷേ, ഏറ്റവും അടുത്ത അവസരത്തില്‍ ഇക്കൂട്ടരെ പാഠം പഠിപ്പിക്കാന്‍ കേരള ജനത മുതിരുമോ, ഇനിയും വൈകുമോ എന്നതാണ് ഏറെപ്പേര്‍ ഉത്തരം കാത്തിരിക്കുന്ന ചോദ്യം. മറ്റൊരു തീയതി: മാര്‍ച്ച് 10, 2015. കേരളത്തിലെ മാത്രമല്ല ഒരുപക്ഷേ ലോകത്തെമ്പാടും ക്രൈസ്തവര്‍ സന്തോഷിച്ച ദിവസമാവണം. ക്രിസ്തു ജനിച്ചതിന്റെ പേരിലല്ല, ക്രിസ്തുരാജ്യം വരുമെന്ന പ്രതീക്ഷ വര്‍ധിച്ചതിന്റെ പേരില്‍. അന്നാണ് കേരള നിയമസഭയില്‍ ബൈബിള്‍ പ്രഘോഷണം മുഴങ്ങിയത്. പെന്തക്കോസ്തുകാര്‍ മുതല്‍ കത്തോലിക്കര്‍ വരെ ഒറ്റക്കെട്ടായി ഉള്ളില്‍ കര്‍ത്താവിനെ സ്തുതിച്ചു. മതേതര കേരളത്തില്‍ മുഖ്യമന്ത്രി ക്രിസ്ത്യാനിയാണെന്നും മുഖ്യ ഉദ്യോഗസ്ഥരില്‍ മുഖ്യപങ്കും ആ മതവിഭാഗത്തിലാണെന്നും മറ്റും ആക്ഷേപം കേള്‍ക്കുമ്പോഴും മതപരിവര്‍ത്തന നിരോധനം, ഗോവധനിരോധനം, മദ്യനിരോധനം, മദര്‍ തെരേസ വിവാദം തുടങ്ങി വിവിധ വിഷയങ്ങളില്‍ നിരാശപ്പെട്ടിരിക്കെയാണ് മതവിശ്വാസികളുടെ വിശുദ്ധ ഗ്രന്ഥമായ ബൈബിള്‍ നിയമസഭയില്‍ ‘പ്രമാണഗ്രന്ഥ’മായത്. ഭഗവദ്ഗീത ദേശീയ ഗ്രന്ഥമാക്കണമെന്നു പറഞ്ഞവരെ കിഴുക്കിയിരുത്തിയ കാലത്ത് ഇത്തരമൊരു സൗഭാഗ്യം ഇനിയെന്നു കിട്ടാന്‍. നിയമസഭയിലെ പ്രതിപക്ഷനേതാവ് വിപ്ലവപാര്‍ട്ടി നേതാവാണ്. അദ്ദേഹമാണ് ക്രിസ്ത്യാനികളുടെ വിശുദ്ധ ഗ്രന്ഥമായ ബൈബിള്‍ പാടാന്‍ തുടക്കമിട്ടത്. ധനമന്ത്രി മാണിക്കെതിരെ നടപടി ആവശ്യപ്പെട്ടുകൊണ്ടുള്ള അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ച സഭാധ്യക്ഷന്റെ നടപടിയില്‍ പ്രതിഷേധിച്ച് വി.എസ്. അച്യുതാനന്ദന്‍ ബൈബിള്‍ ഭാഗങ്ങള്‍ വായിച്ചു. ”ഈ ചോദ്യം മുഴുവന്‍ നേടിയാലും സ്വന്തം ആത്മാവു നഷ്ടപ്പെടുത്തിയാല്‍ പിന്നെ എന്തു പ്രയോജനം” എന്ന മത്തായി സുവിശേഷം അധ്യായം 16, ഉദ്ധരിച്ച വിഎസിനെ അനുകൂലിച്ചവരും പ്രതികൂലിച്ചവരും ഏറ്റുപാടിയത് ഹലേലൂയതന്നെ. എങ്ങനെ ആഹ്ലാദിക്കാതിരിക്കും? സംസ്ഥാന നിയമസഭയുടെ ചരിത്രത്തിലല്ലെ ബൈബിള്‍ വചനങ്ങള്‍ സ്ഥാനംപിടിക്കുന്നത്-അതും ഭഗവദ്ഗീത ദേശീയഗ്രന്ഥമാക്കണമെന്ന് ചിലര്‍ ആഗ്രഹിക്കുകയും ആവശ്യപ്പെടുകയും ചെയ്യുന്ന വേളയില്‍. ഇടയ്ക്ക് സംസാരിച്ച മുസ്ലിം ലീഗിന്റെ അബ്ദുസ്സമദ് സമദാനി ഉറുദു സാഹിത്യമാണ് വിളമ്പിയത്. മന്ത്രി മാണിയെ കര്‍മ്മത്തിന്റെ മഹത്വം പറഞ്ഞു മനസിലാക്കിക്കാന്‍ ഒരു ഗാന്ധിയനുമുണ്ടായില്ല. മാര്‍ക്കണ്ഡേയ കട്ജു ഗാന്ധിജിയുടെ കാലനായി വേഷം കെട്ടിയിറങ്ങിയ ഈ കാലത്തെങ്കിലും അതാകാമായിരുന്നു. ബൈബിളിനും മുമ്പേ, ഭഗവദ് ഗീതയില്‍ പറഞ്ഞുവെച്ചിട്ടുണ്ട് കര്‍മ്മത്തെപ്പറ്റി. ഗാന്ധിജി അതേറ്റു ചൊല്ലിയിട്ടുണ്ട്. സ്ഥാനത്തും അസ്ഥാനത്തും അര്‍ത്ഥം അറിയാതെ ഉച്ചരിക്കുന്ന ”കര്‍മ്മണ്യേവ.. മാ ഫലേഷു…” എന്ന അനാസക്തിയോഗമല്ല. നിര്‍ണായകമായ യുദ്ധകര്‍മ്മത്തെക്കുറിച്ച് ഉപദേശമെല്ലാം കേട്ടുകഴിഞ്ഞ അര്‍ജ്ജുനന് അവസാന അന്ധതയും നീക്കിക്കൊണ്ട് ശ്രീ കൃഷ്ണന്‍ പറയുന്നുണ്ട് ‘മോക്ഷ സംന്യാസ യോഗ’മെന്ന അവസാന അദ്ധ്യായത്തില്‍ രണ്ടു മുതല്‍ 65 വരെയുള്ള ശ്ലോകങ്ങളില്‍ എന്താണു കര്‍മ്മമെന്നും അതെങ്ങനെ വേണമെന്നും എന്താണു ഫലമെന്നും. പക്ഷേ ഭഗവദ് ഗീത ഉദ്ധരിക്കാന്‍ അറിയാവുന്നവര്‍, അറിയാമെങ്കിലും അതിനു ധൈര്യമുള്ളവര്‍ സഭയിലില്ലാതെപോയാല്‍..? ഹാ കഷ്ടം! കഷ്ടം!! എന്നല്ലാതെ എന്തു പറയാന്‍?
ജന്മഭൂമി: http://www.janmabhumidaily.com/news274671

ഏച്ചുകെട്ടോ ഈ മതേതരത്വം

 കാവാലം ശശികുമാര്‍ 
March 24, 2015

ഭരണകൂടംതന്നെ ഭരണഘടനയെ തകര്‍ത്തുകളയുന്ന സന്ദര്‍ഭങ്ങള്‍ ഉണ്ടായിട്ടുണ്ട്, ഔദ്യോഗികമായിത്തന്നെ. കോണ്‍ഗ്രസ് അധ്യക്ഷയും പ്രധാനമന്ത്രിയുമായിരുന്ന ഇന്ദിരാഗാന്ധിയുടെ അധികാരപ്രമത്തതയില്‍ നടത്തിയ അടിയന്തരാവസ്ഥ എന്ന ആ ദുഷ്‌ചെയ്തി ഭാരതത്തിന്റെ ചരിത്രത്തിലെ തീരാകളങ്കമാണ്. ഏകാധിപത്യവും സ്വേച്ഛാധിപത്യവും ഉള്ളിലുള്ള ഭരണാധികാരികളുടെ പ്രവര്‍ത്തനങ്ങളില്‍ എപ്പോഴും അത്തരം പ്രവണതകള്‍ ഉണ്ടാകും. പ്രത്യേകിച്ച് വളഞ്ഞവഴിയില്‍ വന്ന, വഴിയില്‍ കണ്ടവരെ ചതിച്ചു വെട്ടിവീഴ്ത്തിയ നേതാക്കള്‍ക്ക്. കാരണം അവര്‍ക്ക് അരക്ഷിതബോധം കൂടും; ഏറിയും കുറഞ്ഞുമിരിക്കുമെന്നുമാത്രം. ഭരണഘടനയെപ്പോലും തുലച്ചുകളയുന്ന ഇത്തരം നടപടികള്‍ക്ക് പിന്നില്‍ ഒറ്റമനഃശാസ്ത്രം മാത്രം. എങ്ങനെയും അധികാരം പിടിക്കുക, കിട്ടിയ അധികാരം ഏതുവിധവും നിലനിര്‍ത്തുക. ഭാരതത്തിന്റെ ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന ചില മൂല്യങ്ങളില്‍ പ്രധാനപ്പെട്ടവ മതേതരത്വവും ജനാധിപത്യവും സോഷ്യലിസവുമാണെന്ന് ഇടയ്ക്കിടെ നമ്മുടെ നേതാക്കള്‍ സ്ഥാനത്തും അസ്ഥാനത്തും പറഞ്ഞു ധരിപ്പിക്കാറുണ്ട്. പക്ഷേ മതേതരത്വം! ഹാ, കഷ്ടം!! പറയാനെളുപ്പം, പ്രയോഗത്തില്‍ ഓരോ അണുവിലും അതിന്റെ അര്‍ത്ഥവും തത്വവും മൂല്യമില്ലാതായിക്കൊണ്ടിരിക്കുകയാണ്. മതേതരത്വം, മതനിരക്ഷേപത, ന്യൂനപക്ഷ സംരക്ഷണം, ഭൂരിപക്ഷ അവഗണന, മതനിരാസം ഈ വാക്കുകള്‍ക്കെല്ലാം പ്രയോഗത്തില്‍ തമ്മില്‍ ഭേദമില്ലാത്ത സ്ഥിതിവിശേഷമാണിന്ന്. ഭരണകൂടങ്ങളുടെ ഗൂഢാലോചനയെന്നെല്ലാം പറയാവുന്ന തരത്തിലാണ് മതേതരത്വം എന്നറിയപ്പെടുന്ന സെക്യുലറിസത്തിന്റെ പ്രവൃത്തിമാര്‍ഗ്ഗമെന്ന് സൂക്ഷ്മനിരീക്ഷണത്തില്‍ കാണാം. പതിറ്റാണ്ടുകളായി തടുരുന്ന സംവിധാനപ്രകാരമുള്ള ഈ സമ്പ്രദായത്തിന് മാറ്റം വരണമെങ്കില്‍ വമ്പിച്ച വിപ്ലവം തന്നെയുണ്ടാകണം-മാനസിക വിപ്ലവം. അതുപക്ഷേ ഇന്നത്തെ രീതിയിലുള്ള ‘മതേതര ഭാരത’ത്തില്‍ അത്ര എളുപ്പമല്ലാതാനും. രണ്ടു സംഭവങ്ങള്‍ ഇതാ: 19 ക്രിസ്ത്യന്‍ എംപിമാര്‍ ദല്‍ഹിയില്‍ കാത്തലിക് ബിഷ്പ് കോണ്‍ഫ്രന്‍സ് ഓഫ് ഇന്ത്യയുടെ ആസ്ഥാനത്ത് ഒത്തുചേര്‍ന്നു. യോഗത്തില്‍ നാല് ഇന്ത്യന്‍ കര്‍ദ്ദിനാള്‍മാരില്‍ രണ്ടുപേര്‍, ഇവാന്‍ ഡിയാസും (റോമന്‍ കത്തോലിക്ക) ബസേലിയോസ് ക്ലീമിസും (സീറോ മലങ്കര സഭ) പങ്കെടുത്തു. എംപിമാര്‍ പാര്‍ട്ടിഭിന്നത മറന്ന്, ക്രിസ്ത്യാനിയെന്ന പൊതുമാനദണ്ഡമാണ് യോഗ്യതയാക്കിയത്. കോണ്‍ഗ്രസ്, തൃണമൂല്‍, എഐഎഡിഎംകെ, കേരള കോണ്‍ഗ്രസ്, നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി, നാഗാലാന്‍ഡ് പീപ്പിള്‍സ് ഫ്രണ്ട് തുടങ്ങിയ പാര്‍ട്ടികളുടെ എംപിമാരുണ്ടായിരുന്നു. ആകെയുള്ള 25 ക്രിസ്ത്യന്‍ എംപിമാരില്‍ 19 പേര്‍ പങ്കെടുത്തു. മറ്റുള്ളവര്‍ക്ക് വിയോജിപ്പില്ല, അസൗകര്യം മാത്രം. രാജ്യസഭാ ഉപാദ്ധ്യക്ഷന്‍ പി.ജെ. കുര്യന്‍ ആയിരുന്നു സംഘാടകന്‍!! സഭയോ (മത) സഭയോ (നിയമ നിര്‍മ്മാണ) ഇവര്‍ക്കു വലുത്, പ്രധാനം എന്നു വായനക്കാര്‍ക്കു നിശ്ചയിക്കാം. മറ്റൊരു മതേതര കാഴ്ച: ഭരണഘടനയുടെ അടിസ്ഥാനത്തില്‍ രാജ്യത്ത് മുസ്ലിങ്ങള്‍ക്ക് എന്തെല്ലാം അവകാശങ്ങളുണ്ടോ, അതെല്ലാം നേടിയെടുക്കാന്‍ മറ്റു ന്യൂനപക്ഷസമുദായങ്ങള്‍ക്കൊപ്പം നിന്നു പോരാടാന്‍ ജയ്പൂരില്‍ ചേര്‍ന്ന മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് വാര്‍ഷിക പൊതുയോഗം ആഹ്വാനം ചെയ്തു. ഭരണഘടനയില്‍ മുസ്ലിങ്ങള്‍ക്കു മാത്രമായി അവകാശമുണ്ടെന്നു കണ്ടെത്തിയ മതേതരത്വം!! ഉടലോടെ സ്വര്‍ഗത്തില്‍ പോകാന്‍ മോഹിച്ച ഒരു രാജാവ് ആത്മീയാചാര്യനെ കാണാന്‍ പോയ കഥയുണ്ട്. ആചാര്യന്‍ കുഴങ്ങി. സാധ്യമല്ലെന്നു പറഞ്ഞാല്‍ വിഡ്ഢിയായ രാജാവ് അതിനു ശിക്ഷിക്കും. ഒടുവില്‍ ഒരുപായം പറഞ്ഞു, അങ്ങ് ഉറക്കമുണരുമ്പോള്‍ സ്വന്തം പാദരക്ഷകളെ ഓര്‍മ്മിക്കാത്ത ഒരു ദിവസം എന്നെ കാണാന്‍ വരൂ, ഉടലോടെ സ്വര്‍ഗ്ഗത്തിലയയ്ക്കാം. രാജാവ് പിന്നെ ആചാര്യനെ ശല്യം ചെയ്തിട്ടില്ല. ഊണിലും ഉറക്കത്തിലും രാജാവിന്റെ മനസ്സില്‍ പാദരക്ഷകളായിരുന്നു. രാജാവിന്റെ കഥപോലെയായിട്ടുണ്ട് നമ്മുടെ നിത്യജീവിതവും. മതേതര രാജ്യത്തില്‍ എന്തു ചെയ്യുമ്പോഴും ഹിന്ദു, ക്രിസ്ത്യാനി, മുസ്ലിം എന്നിങ്ങനെയും ജാതിതിരിച്ചും അതെക്കുറിച്ച് ചിന്തിക്കാറില്ലെന്ന് നെഞ്ചില്‍ കൈവച്ച് എത്ര ഭരണാധികാരികള്‍ക്ക് പറയാനാകും? എത്ര രാഷ്ട്രീയ നേതാക്കള്‍ക്ക്, ഉദ്യോഗസ്ഥര്‍ക്ക്, നയരൂപീകര്‍ത്താക്കള്‍ക്ക് പറയാനാകും? വന്നുവന്ന് എന്റെ അടുക്കളയില്‍ പാകംചെയ്യുന്ന ഭക്ഷണത്തിന്റെ ഗന്ധം അയലത്തെ അന്യമതക്കാരനെ എങ്ങനെ ബാധിക്കുമെന്ന ചിന്തയിലേക്കുപോലും കാര്യങ്ങള്‍ എത്തിനില്‍ക്കുമ്പോള്‍ മതേതരത്വം ഒരു പാഴ്‌വാക്കായോ എന്ന് സംശയിക്കുന്നവരെ പഴിക്കാനാവില്ല. മറിച്ച് മതസഹിഷ്ണുതയാണ് ഇന്നത്തെ അടിയന്തരവുംഅടിസ്ഥാനവുമായ ആവശ്യമെന്ന് സമ്മതിക്കേണ്ടിയുംവരും. മതവൈവിധ്യമല്ല, സംസ്‌കാര ബഹുലതയാണ് നമ്മുടെ നാടിന്റെ പ്രത്യേകത. നാനാത്വത്തിലെ ഏകത്വം എന്നൊക്കെയുള്ള പ്രയോഗം കൂടുതല്‍ ചേരുന്നത് സാംസ്‌കാരികമായ ഈ ബാഹുല്യത്തിലാണ്. സംസ്‌കാരത്തിന്റെ അടിത്തറ ഒന്നാണെങ്കിലും അതിന്റെ പ്രകടീകൃതഭാവത്തിലാണ് ഈ ബാഹുല്യമെന്നത് പ്രത്യേകമോര്‍ക്കണം. മതാടിസ്ഥാനത്തില്‍ ഇങ്ങനെയൊരു ബാഹുല്യവും വൈവിധ്യവും ഉണ്ടായത് പില്‍ക്കാലത്താണെന്ന ചരിത്രവസ്തുത മറക്കരുത്. അനാദിയായ സാംസ്‌കാരിക സമ്പത്തുള്ള ഒരു രാഷ്ട്രത്തിന്റെ, (ഔദ്യോഗികമായി ചിലര്‍ അംഗീകരിച്ചുതന്ന അയ്യായിരം വര്‍ഷത്തെയെങ്കിലും) ചരിത്രം പരിഗണിക്കണം. അപ്പോള്‍ രണ്ടായിരത്തോളം വര്‍ഷം പഴക്കം അവകാശപ്പെടുന്ന സെമിറ്റിക് മതങ്ങളുടെ സാന്നിദ്ധ്യം എങ്ങനെയുണ്ടായി എന്നു വ്യക്തം. അങ്ങനെ വിലയിരുത്തുമ്പോള്‍ ഇന്നത്തെ രീതിയിലുള്ള മതേതരത്വം നമുക്ക് ഒരു ഏച്ചുകെട്ടുതന്നെയാണ്. ഒരു രാജ്യത്തിന്റെ ഭരണഘടന രൂപപ്പെടുന്നത് അന്നത്തെ സാഹചര്യങ്ങളുടേയും ആവശ്യങ്ങളുടെയും അടിസ്ഥാനത്തിലാണ്. ഭാരതത്തിന്റെ ഭരണഘടനക്ക് ന്യായമായും അത് രൂപംകൊള്ളുന്നതിനുമുമ്പ് നിലനിന്നിരുന്ന ഒരു ഭരണസംവിധാനത്തിന്റെ സമ്പ്രദായങ്ങളോട് സാമ്യം ഉണ്ടാവും. പക്ഷെ ഡോ.ബി.ആര്‍. അംബേദ്കറുടെ നേതൃത്വത്തില്‍, അന്നത്തെ ചിന്തകരും വിചക്ഷണരും വിദഗ്ദ്ധരും പ്രമുഖരും ഒത്തുചേര്‍ന്ന് മാനങ്ങള്‍ കൂടിയാലോചന നടത്തിയിട്ടും മതേതരത്വം അല്ലെങ്കില്‍ മതനിരപക്ഷേത എന്ന് വ്യാഖ്യാനിക്കാന്‍ പറ്റുന്ന സെക്യുലറിസം ഭാരത ഭരണഘടനയുടെ ഭാഗമായില്ല എന്നത് വിചിത്രസ്ഥിതിയല്ല, മറിച്ച് യാഥാര്‍ത്ഥ്യാവസ്ഥയാണ് വ്യക്തമാക്കുന്നത്. ധര്‍മ്മം അഥവാ മതം എന്നതിന് റിലീജിയണ്‍ എന്ന ഇംഗ്ലീഷ് പരിഭാഷയും അതിനു പിന്നെ അര്‍ത്ഥവ്യാഖ്യാനവും വിവര്‍ത്തനവും വന്നപ്പോള്‍ സംഭവിച്ച അര്‍ത്ഥം ചുരുങ്ങലുംതന്നെ സെക്യുലറിസത്തിന്റെ ഭാരതഭാഷകളിലേക്കുള്ള വിവര്‍ത്തനത്തിനും സംഭവിച്ചു. മതേതരത്വവും മതനിരപേക്ഷതയും വിദേശികള്‍ക്ക് സെക്യുലറിസമാണ്. ഇതുരണ്ടും പക്ഷേ ”മുന്നാണ്” താനും. മതേതരത്വത്തെ ഇങ്ങനെ ഭരണകൂടം കൊലചെയ്തതിന്റെ തുടര്‍ച്ചയാണ് ജനാധിപത്യത്തിന്റെ കൊല്ലാക്കൊല. ഇതുരണ്ടുമില്ലാതെ എന്തു സോഷ്യലിസ സ്വപ്‌നം? ഭരണകൂട ഭീകരത, പച്ചക്കറി ഭീകകരതയെന്നൊക്കെ ചില ബുദ്ധിജീവികളായ എഴുത്തുകാര്‍ വാക്യത്തില്‍ പ്രയോഗിക്കുന്നതുപോലെയല്ല ഇത്. ജനാധിപത്യത്തിന്റെ ശ്രീകോവില്‍ (അങ്ങനെ പറയാമോ, മതേതരത്വത്തിന്റെ ഭാഗമായി നോക്കുമ്പോള്‍, ജനകീയമായിപ്പറയേണ്ടി വരുമ്പോള്‍ ചന്തയെന്നോ മറ്റോ വിശേഷിപ്പിക്കേണ്ടിവരും; നല്ല അര്‍ത്ഥത്തില്‍ത്തന്നെ) എന്നെല്ലാം വിശേഷിപ്പിക്കുന്നിടത്ത് ജനാധിപത്യത്തിന്റെ ഓരോ ഘടകങ്ങളും തകര്‍ത്തുതരിപ്പണമാക്കിയപ്പോള്‍ വാസ്തവത്തില്‍ കണ്ടത് ഭരണകൂട ഭീകരത തന്നെയാണ്.

 2015 മാര്‍ച്ച് 13 ന് കേരള നിയമസഭയില്‍ തകര്‍ന്നത് ആ ജനാധിപത്യമായിരു ന്നല്ലൊ. ഇല്ലാതായത് ഇതൊക്കെയാണ്, മാന്യത, സ്ത്രീസുരക്ഷ, ആവിഷ്‌കാരസ്വാതന്ത്ര്യം, നിയമവാഴ്ച, മൗലികാവകാശം നീതി നടപ്പാക്കല്‍… ഇതെല്ലാം ചേര്‍ന്നതാണല്ലൊ ജനാധിപത്യം. കളങ്കിതനായ ധനമന്ത്രിയെക്കൊണ്ടുതന്നെ ബജറ്റവതരിപ്പിക്കാന്‍ മുഖ്യമന്ത്രി നിര്‍ബന്ധം പിടിച്ചത് ആദ്യം പറഞ്ഞ അധികാരം സംരക്ഷിക്കാനുള്ള സ്വേച്ഛാധിപത്യ -ഏകാധിപത്യ വ്യഗ്രതയാണ്. പുതിയ സ്പീക്കറെ സഭയിലിരുത്താതെ സഭ തകര്‍ക്കാന്‍ പ്രതിപക്ഷത്തെ പ്രേരിപ്പിച്ചത് ആ അധികാരസ്ഥാനത്തേക്കുള്ള വഴിവെട്ടലിന്റെ തിടുക്കമാണ്. ജനാധിപത്യത്തിന്റെ ഓരോ പടിയും തകര്‍ത്ത്, സംവിധാനവും പാരമ്പര്യവും ചവിട്ടിമെതിച്ച് മൂല്യങ്ങളെ പടിയിറക്കി, ധാര്‍മികതയെ തച്ചുടച്ച് സാങ്കേതികമായിപ്പോലും കൃത്യത പാലിക്കാതെ ബജറ്റവതരിപ്പിച്ചുകൊണ്ട് ‘മിമിക്രി’ അവതരിപ്പിച്ച ധനമന്ത്രി കെ.എം.മാണിയുടെ ആദ്യ പ്രസ്താവന ഇങ്ങനെയായിരുന്നു. ”ഇന്ന് നിയമസഭയില്‍ നടന്ന സംഭവത്തില്‍ എനിക്ക് ഒട്ടും ഖേദമില്ല. വിഷമവുമില്ല. പക്ഷേ കഴിഞ്ഞ 12 തവണയും ബജറ്റവതരിപ്പിക്കാന്‍ വരുന്നതിനുമുമ്പ് ഞാന്‍ പള്ളിയില്‍ പോയി പ്രാര്‍ത്ഥിക്കുമായിരുന്നു. ഇത്തവണ അതു നടന്നില്ല. അതു മാത്രമാണ് വിഷമം.” ധനമന്ത്രിയുടെ മതേതരത്വ പ്രഖ്യാപനം! ഇനി ഏറെ എന്തുപറയാന്‍? അല്ലെങ്കില്‍ എന്തിനേറെ പറയണം!? മാര്‍ച്ചു മാസമാണ് മാര്‍ച്ചു ചെയ്തുപോകുന്നത്. വനിതാ ദിനമായ മാര്‍ച്ച് എട്ടായിരുന്നു അതിന്റെ മാര്‍ക്ക് (അടയാളം). ആ കലണ്ടര്‍ത്താളില്‍ കേരളം 13-ന്റെ കോളം കറുപ്പിച്ചെടുത്തു. ചില ചോദ്യങ്ങള്‍- വനിതാ എംഎല്‍എമാരെക്കൊണ്ട് ഇടതുപക്ഷം സഭയില്‍ ചാവേര്‍ കളിപ്പിക്കാന്‍ ഉദ്ദേശിച്ചിരുന്നുവോ? യുഡിഎഫ് എംഎല്‍എമാര്‍ വനിതാംഗങ്ങളെ പീഡിപ്പിക്കാന്‍ പദ്ധതി ആസൂത്രണം ചെയ്തിരുന്നോ? കെ.എം. മാണിയുടെ ബജറ്റവതരണം തടയുകയായിരുന്നോ എല്‍ഡിഎഫിന്റെ യഥാര്‍ത്ഥ ലക്ഷ്യം. ആ പദ്ധതി തയ്യാറാക്കിയത് പാര്‍ട്ടി മുന്‍സെക്രട്ടറി പിണറായി വിജയനോ, അച്യുതാനന്ദനോ, പ്രതിപക്ഷ ഉപനേതാവും സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണനോ? ആര്‍ക്കാണ് പിഴച്ചതെന്ന് ആരു സമ്മതിക്കും? എന്തായാലും കാര്യങ്ങളുടെ ഇപ്പോഴത്തെ പോക്ക് ഒന്നു വ്യക്തമാക്കുന്നു- ‘പുലിയച്ചാ ഞങ്ങടെ വഴക്കുതീര്‍ന്നുവെന്നു’വെന്ന് അവര്‍ സംയുക്തമായി വൈകാതെ പ്രഖ്യാപിക്കും; ജനം വീണ്ടും, നീണ്ട ചെവിവട്ടം പിടിച്ച് സ്വയംചിരിച്ച് നാലുകാലില്‍ നിന്ന് ആ മൃഗത്തെപ്പോലെ അമറും. മൂന്നു സംഭവങ്ങളിലേക്ക് ശ്രദ്ധ ക്ഷണിക്കട്ടെ. 1. പാര്‍ലമെന്റില്‍ മുതിര്‍ന്ന ജനതാപരിവാര്‍ നേതാവ് ശരത് യാദവ് സ്ത്രീകളെ അവഹേളിച്ചു സംസാരിച്ചു. എതിര്‍ത്ത കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെ ആക്ഷേപിച്ചു. ആരും സ്പീക്കറുടെ ചെയര്‍ എടുത്തെറിഞ്ഞില്ല. പിന്‍വലിക്കണമെന്ന് യാദവിനോടാവശ്യപ്പെട്ടു. ആദ്യം ബലം പിടിച്ചെങ്കിലും പിന്നീട് പിന്‍വലിച്ചു. 2. പശ്ചിമബംഗാളില്‍ 72 വയസ്സുള്ള കന്യാസ്ത്രീ ബലാല്‍ക്കാരം ചെയ്യപ്പെട്ടു. 12 അംഗ കൊള്ളയടി സംഘമാണ് പിന്നിലെന്ന് വ്യക്തമായി. വനിതാ മുഖ്യമന്ത്രിയുടെ സംസ്ഥാനമാണ്. പ്രതികളെ അറസ്റ്റ് ചെയ്യാനായിട്ടില്ല. ക്രിസ്തീയ സഭകള്‍ കുറ്റപത്രം തയ്യാറാക്കി അവതരിപ്പിച്ചത് സംഘപരിവാറിനെതിരെ. വാജ്‌പേയി ഭരണകാലത്ത് സ്‌കൂട്ടര്‍ തട്ടി പരിക്കേറ്റ ആന്ധ്രയിലെ ‘കന്യാസ്ത്രീ പീഡനകഥ’ വായനക്കാര്‍ക്ക് ഓര്‍മയുണ്ടാകും. ഏതായാലും മദര്‍ സുപ്പീരിയര്‍ ഇപ്പോള്‍ ആശുപത്രിയില്‍ നിന്ന് അജ്ഞാത കേന്ദ്രത്തിലേക്ക് പോയിരിക്കുന്നു. 3. അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ ഖുറാന്‍ കത്തിച്ചുവെന്ന് ആരോപിച്ച് ഒരു വനിതയെ കല്ലുകൊണ്ട് ഇടിച്ചുകൊന്ന് പരസ്യമായി കത്തിച്ചു. പള്ളി പ്രസംഗത്തില്‍ മതപണ്ഡിതര്‍ അതിനെ ന്യായീകരിച്ചു- വനിതാദിന മാസത്തിലെ മൂന്നു മതേതര വനിതാ പീഡന ചിത്രങ്ങള്‍.
ജന്മഭൂമി: http://www.janmabhumidaily.com/news276417

വേണം നമുക്ക് ഭാഷാമൗലികവാദം

 കാവാലം ശശികുമാര്‍ (നിരീക്ഷണം) 
March 31, 2015 

അടല്‍ബിഹാരി വാജ്‌പേയി പ്രധാനമന്ത്രിയായിരിക്കെ മനുഷ്യവിഭവശേഷി വകുപ്പ് മന്ത്രി ഡോ. മുരളീ മനോഹര്‍ ജോഷിക്കായിരുന്നു. വിദ്യാഭ്യാസരംഗത്ത് മികച്ച പരിവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹം നയം അവതരിപ്പിച്ചു. അന്ന് കേരളത്തിലെ ഒരു ബുദ്ധിജീവി സ്വകാര്യ സംഭാഷണത്തില്‍ പറഞ്ഞതിങ്ങനെ ” സംസ്‌കൃതം പഠിക്കാത്തതില്‍ ഖേദിക്കുന്നയാളാണ് ഞാന്‍. ഇപ്പോള്‍ പഠിക്കാന്‍ ശ്രമിക്കുന്നുമുണ്ട്. പക്ഷേ സംസ്‌കൃതം പഠിക്കണമെന്ന് ജോഷി പറയുമ്പോഴുണ്ടല്ലൊ, ഒരു ഒരു ഇത്. എതിര്‍ക്കാന്‍ തോന്നിപ്പോവുകയാണ്.  ജോഷി പറയുന്നുവെന്നതു തന്നെയാണ് പ്രശ്‌നം.” ഒരു തരം മനോരോഗം എന്നല്ലാതെ ഒന്നും അതിനു കാരണമില്ല. വ്യവസ്ഥിതിയെ എതിര്‍ക്കുക, മറ്റൊരാള്‍ പറഞ്ഞാല്‍ ചെയ്യാതിരിക്കുക തുടങ്ങിയ കൗമാരചാപല്യങ്ങള്‍ ജീവിതം മുഴുവന്‍ കൊണ്ടുനടക്കുന്നുവെന്നതാണ് എക്കാലത്തും ചില ബുദ്ധിജീവികളുടെയും ദുര്‍വിധി. ഗോവധനിരോധനത്തെ എതിര്‍ക്കുന്ന ഒരു ആരോഗ്യ ചിന്തകനും സമാനമായി പ്രതികരിച്ചു. പശുവിറച്ചി എന്നല്ല ഒരു ഇറച്ചിയും മനുഷ്യശരീരത്തിനു താങ്ങാനാവില്ല എന്നാണ് ശാസ്ത്രം. അവനേക്കാള്‍ വലിയ ശരീരമുള്ള, ശേഷിയുള്ള ഒരു ജീവിയുടെയും മാംസം ഭക്ഷിക്കാന്‍ ആരോഗ്യ ശാസ്ത്ര പ്രകാരം വിധിയില്ല, ചില പക്ഷികളെ ഒഴികെ; അവശ്യഘട്ടത്തിലൊഴികെ. എങ്കിലും ഗോവധം, നിരോധനം, അതിന് മതപരമായ വിശ്വാസ പശ്ചാത്തലം ഇതൊക്കെ വരുമ്പോള്‍ എതിര്‍ത്തുപോവുകയാണ്.എതിര്‍ക്കേണ്ടതാണെന്ന് തോന്നിപ്പോവുകയാണ്, എന്നാണ് വിശദീകരണം-വൈകൃതം മനസ്സു തുറക്കുന്നതിനങ്ങനെയാണ്. ഇതൊക്കെക്കൊണ്ടാകണം, മാതൃഭാഷാ സംരക്ഷണത്തിന് കിട്ടുന്ന വേദികളിലെല്ലാം വീമ്പിളക്കുന്ന ബുദ്ധിജീവികളാരും രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ഭാഷാപ്രമേയത്തെ കണ്ടില്ലെന്ന് നടിച്ചത്. ആര്‍എസ്എസിന്റെ ഈ വര്‍ഷത്തെ നാഗ്പൂര്‍ അഖിലഭാരതീയ പ്രതിനിധി സഭ പാസ്സാക്കിയ പ്രമേയങ്ങളിലൊന്ന് മാതൃഭാഷയെക്കുറിച്ചായിരുന്നു. പ്രമേയം വിശദീകരിക്കുന്നു: ”വിദേശഭാഷകളുള്‍പ്പെടെ വിവിധ ഭാഷകള്‍ പഠിക്കുന്നതിനെ ആര്‍എസ്എസ് അഖിലഭാരതീയ പ്രതിനിധിസഭ പൂര്‍ണമായും പിന്തുണക്കുന്നുണ്ടെങ്കിലും സ്വാഭാവിക പഠനത്തിനും സാംസ്‌കാരിക അടിത്തറ ബലപ്പെടുത്തുന്നതിനും വിദ്യാഭ്യാസം, പ്രത്യേകിച്ചും പ്രാഥമിക വിദ്യാഭ്യാസം മാതൃഭാഷയിലോ നമ്മുടെ ഭരണഘടന അംഗീകരിച്ച സംസ്ഥാന ഭാഷകളിലോ ആയിരിക്കണം.” ഒരുപക്ഷേ ഭാഷാ വിഷയത്തില്‍ ഇത്ര സുചിന്തിതവും സമഗ്രവും സമ്പൂര്‍ണവുമായ ഒരു നിലപാടുപ്രഖ്യാപനം മുമ്പുണ്ടായിട്ടില്ല. ഭാഷാഭ്രാന്തില്ല, അന്യഭാഷാ വിരോധമില്ല, പ്രായോഗികത ഏറെയുണ്ട്, അടിസ്ഥാനപരമായി വലിയ പരിവര്‍ത്തനത്തിനുള്ള അടിത്തറയാണ് ഈ പ്രമേയത്തില്‍. അതുകൊണ്ടാവണം ആരും അനുകൂലിച്ചില്ല, ആരുംതന്നെ എതിര്‍ത്തില്ല, ഈ രണ്ടു വിഭാഗക്കാരും കണ്ടതായി ഭാവിച്ചില്ല. അതുപറയാന്‍ ആര്‍എസ്എസ് ആരാണ് എന്ന് ചോദിക്കാനുള്ള തന്റേടംപോലും. അതു കാണിച്ചില്ല എന്നതാണ് വിസ്മയകരം. മലയാളഭാഷയുടെ ക്ലാസിക്കല്‍ പദവിയെ ചോദ്യം ചെയ്ത് കഴിഞ്ഞ മാസം ഒരു തമിഴ് പൗരന്‍ മദ്രാസ് ഹൈക്കോടതിയില്‍ പൊതുതാല്‍പ്പര്യ ഹര്‍ജി ഫയല്‍ ചെയ്തു. എതിര്‍പ്പ് മലയാളത്തോടല്ല, ക്ലാസിക്കല്‍ പദവിയുടെ മാനദണ്ഡത്തോടാണ്. അതിന്റെ വിധിയെന്തായാലും മലയാളത്തിനു നേരേ ഒരു ചോദ്യമാണത്. 2045 ല്‍ മലയാളത്തില്‍ അവസാനത്തെ അച്ചടി നടക്കുമെന്ന് വിദഗ്ദ്ധര്‍ ദീര്‍ഘവീക്ഷണം നടത്തുന്നു. അതാണിപ്പോള്‍ മലയാള ഭാഷയുടെ വളര്‍ച്ചയുടെയും നിലനില്‍പ്പിന്റെയും ഗതി. പ്രശ്‌നം സാങ്കേതികം മാത്രമല്ല. മലയാളികള്‍ അതിവേഗം അന്യഭാഷകള്‍ പഠിച്ചെടുക്കുന്നു, കാരണം സംസ്ഥാനത്ത് വ്യവഹാരത്തിന് അന്യഭാഷ വേണമെന്ന സ്ഥിതി വന്നിരിക്കുന്നു. മലയാളത്തില്‍ ഇംഗ്ലീഷിനു പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ബംഗാളി പദങ്ങള്‍ സ്ഥാനം പിടിച്ചുകഴിഞ്ഞു. വൈകാതെ ആസാമീസും ഉറുദുവും മലയാളത്തില്‍ വമ്പിച്ച സ്വാധീനം നേടും. ആധുനിക ആശയവിനിമയ ഉപാധികളും സാങ്കേതിക സൗകര്യങ്ങളും ഭാഷയെ കൊല്ലാക്കൊല ചെയ്യുകയാണ്. ശാസ്ത്രത്തെ എതിര്‍ക്കുകയാണെന്നു വ്യാഖ്യാനിക്കരുത്, ശാസ്ത്രവളര്‍ച്ചയോടൊപ്പം, ശാസ്ത്രാവബോധത്തോടൊപ്പം  നമ്മുടെ സാംസ്‌കാരികത്തനിമയെ സംരക്ഷിക്കേണ്ടതുണ്ട്, അതിനു ഭാഷാവബോധവും പുതു തലമുറയ്ക്ക് ഉണ്ടാകേണ്ടതുണ്ട് എന്ന് ഓര്‍മിപ്പിക്കുകയാണ്. അതിന് എന്താണ് പരിഹാരം. അതിലേക്കുള്ള ചിന്തയ്ക്കാണ് ആര്‍എസ്എസ് പ്രമേയം ശ്രദ്ധ ക്ഷണിക്കുന്നത്. കവിതയെഴുതിയും കരഞ്ഞും ഭാഷയുടെ ഇന്നത്തെ ദുഃസ്ഥിതിയില്‍ വിലപിക്കുന്നതിനപ്പുറമുള്ള പ്രവൃത്തി. ”ദൈനംദിന പ്രവര്‍ത്തനത്തിലും പൊതുകാര്യങ്ങളിലും മാതൃഭാഷയുടെ മാന്യത സ്ഥാപിച്ചെടുക്കാന്‍ ഫലപ്രദമായ പങ്കുവഹിക്കാന്‍ സ്വയംസേവകരുള്‍പ്പെടെ പൗരജനങ്ങളോട് ആഹ്വാനം ചെയ്യുന്നു,” പ്രമേയം പറയുന്നു. മാതൃഭാഷയുടെ കാര്യത്തില്‍ ചില മൗലികവാദങ്ങള്‍ വേണമെന്നുതന്നെയാണ് തോന്നുന്നത്. സ്വാതന്ത്ര്യസമര പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് മഹാത്മാഗാന്ധി ഹിന്ദി പ്രചാരണത്തെ കണ്ടത്. ദേശീയ പ്രവണതയ്ക്ക് അത് ആക്കംകൂട്ടി. എന്തിനോടെങ്കിലും അഥവാ ആരോടെങ്കിലുമുള്ള അന്ധമായ വിരോധത്തിന്റെ അടിസ്ഥാനത്തില്‍ മാനസിക അകല്‍ച്ചകള്‍ പ്രാദേശിക പ്രവണതകളായി മാറുമ്പോള്‍ അതിനെ അതിജീവിക്കാന്‍ ഭാഷയുടെ സ്വാധീനത്തിനു കഴിയും. അതിന് മാതൃഭാഷ ഏറെ സഹായകമാകും. (തമിഴ്‌നാട്ടില്‍ നടന്ന ഹിന്ദി വിരുദ്ധ പ്രക്ഷോഭവും മാതൃഭാഷാ സംരക്ഷണത്തിന്റെ പേരിലായിരുന്നുവെന്ന് ഓര്‍ക്കുക. തമിളര്‍ ഇന്നും തമിഴിനെ കൈവിടാത്തത് അത് തന്നാടിന്റെ സംസ്‌കാരത്തെ ഇല്ലാതാക്കുമെന്ന യുക്തി നിരത്തിയാണ് എന്നും ഓര്‍ക്കണം) മതവും ജാതിയും മറ്റു വികാരങ്ങളും മനസ്സുകളെ അകറ്റുന്ന കാലത്ത് ഭാഷയ്ക്ക് അതിനെ പ്രതിരോധിക്കാനാവും. മാതൃഭാഷയ്ക്ക് അതില്‍ വലിയ പങ്കുവഹിക്കാനാകും. ഭാഷാ സംസ്ഥാനങ്ങളെന്ന സങ്കല്‍പ്പത്തില്‍ സംസ്ഥാനത്തിന്റെ ഭാഷ സംരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധരായാല്‍ മതി. അതിന് 1. അനൗദ്യോഗികവേളകളില്‍ ശുദ്ധമലയാളമേ സംസാരിക്കൂ എന്ന് പ്രതിജ്ഞയെടുക്കുക. 2. ആഴ്ചയില്‍ ഒരിക്കല്‍ ഒരു സുഹൃത്തിനെങ്കിലും കൈപ്പടയില്‍ കത്തെഴുതുമെന്ന് നിശ്ചയിക്കുക. 3. ഭാഷാപോഷണത്തിന് അവസരം കിട്ടുന്ന വേദികളിലെല്ലാം അത് ചെയ്യുക. ഉദാഹരണത്തിന് നമ്മുടെ സ്വാധീനതയില്‍ നടക്കുന്ന ചടങ്ങുകള്‍, ആഘോഷങ്ങള്‍-അവിടെ മലയാള ഭാഷാധിഷ്ഠിതമായ വായന, ഉച്ചാരണം, കൈയെഴുത്ത്, കേട്ടെഴുത്ത് മത്സരങ്ങള്‍ സംഘടിപ്പിക്കുക. 4. മലയാള ഭാഷ അപര്യാപ്തമാണെന്ന് വിമര്‍ശിക്കപ്പെടുന്ന വേദികളില്‍ മറുവാദം പറയാന്‍ സ്വയം സജ്ജരാവുക, വാദിക്കുക. 5. മലയാളത്തെ നിന്ദിക്കുന്നവരെ കണ്ടെത്തി മുഖം നോക്കാതെ വിമര്‍ശിക്കുക, തിരുത്തിക്കുക. 6. ഓരോരുത്തരും മലയാള പ്രചാരകരാവുക. അസാധ്യമാക്കുന്നത് സാധ്യമാക്കാന്‍ സ്ഥാപനങ്ങളെ കാത്തുനില്‍ക്കുന്നതിനുപകരം വ്യക്തികള്‍ ഇറങ്ങിത്തിരിച്ചാല്‍ ആ രംഗത്ത് അത്ഭുതം സാധ്യമാണെന്ന് സ്ഥാപിച്ചു കാണിച്ചിട്ടുള്ള പ്രസ്ഥാനമാണ് ആര്‍എസ്എസ്. ആ പ്രസ്ഥാനത്തിന്റെതാണ് ആഹ്വാനം. അമൃതഭാരതി പോലുള്ള പരിവാര്‍ സംഘടനകളെന്നു വിശേഷിപ്പിക്കാവുന്നവ ഈ ഭാഷാ ദൗത്യം ഏറ്റെടുത്താല്‍, എന്‍ടിയു പോലെയുള്ള, എബിവിപി പോലെയുള്ള അദ്ധ്യാപക-വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ അതിനെ മുന്നോട്ടു കൊണ്ടുപോയാല്‍ ആഹ്വാനം ജനകീയ പ്രസ്ഥാനമാക്കാനാവും. ബഹുഭാഷകളും പ്രാദേശികാചാരാനുഷ്ഠാന വൈവിധ്യവുമുള്ള രാജ്യത്തിന്റെ സാംസ്‌കാരിക സംരക്ഷണവും ഉദ്ഗ്രഥനവും ഉദ്ധാരണവും സാധ്യമാണെന്ന് ഒരിക്കല്‍ കൂടി തെളിയിക്കാനുള്ള അവസരമാകും ഈ പുതിയ ചുവടുവയ്പ്പ് എന്നുറപ്പാണ്. 

ഐടി നിയമത്തിലെ 66 എ വകുപ്പ് സുപ്രീംകോടതി റദ്ദാക്കി. വ്യക്തികളേയും പ്രസ്ഥാനങ്ങളേയും എന്നു വേണ്ട മറ്റാരെയെങ്കിലും അപകീര്‍ത്തിപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങള്‍ സൈബര്‍ സംവിധാനം വഴി ചെയ്യുന്നതു ശിക്ഷാര്‍ഹമാക്കുന്ന നിയമമായിരുന്നു 66 എ. ഇതു റദ്ദായതോടെ സോഷ്യല്‍ മീഡിയകളില്‍ ഇനി എന്തുചെയ്യാനും സ്വാതന്ത്ര്യം എന്നാണ് വ്യാഖ്യാനം. പക്ഷേ നിയമമില്ലാതായ ശേഷം ഇതുവരെ അപകടകരമായ നടപടികളൊന്നും ജനങ്ങളില്‍ നിന്നുണ്ടായില്ല. നിയമം നിലനിന്നപ്പോള്‍ ഉണ്ടായിട്ടുണ്ടുതാനും. അപ്പോള്‍ ചില നിയമലംഘകരുടെ മനോനിലയാണ് പ്രശ്‌നം. നിരോധിച്ചാല്‍ എതിര്‍ക്കുമെന്ന നിയമം. നിയമമോ നിയമലംഘനമോ ആദ്യമുണ്ടായതെന്ന് പുതിയ സമസ്യ. പക്ഷേ യുപിഎ സര്‍ക്കാരിന്റെ കാലത്ത് പാര്‍ലമെന്റ് ചര്‍ച്ച ചെയ്ത് രൂപപ്പെടുത്തിയ നിയമം. അതില്‍ ഇത്ര വലിയ പഴുതുണ്ടായിരുന്നെങ്കില്‍ അതിനുത്തരവാദികളായ നിയമനിര്‍മ്മാതാക്കള്‍ ഓരോരുത്തര്‍ക്കും എന്തു ശിക്ഷയാണ് കൊടുക്കേണ്ടത്. കേരള സര്‍ക്കാരിന്റെ പോലീസ് കൊണ്ടുവന്ന സൈബര്‍ ചട്ടവും കോടതി റദ്ദാക്കി. നോക്കണേ നമ്മുടെ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥ പ്രഭൃതികളുടെയും ഒരു യോഗ്യതയും കഴിവും!!
ജന്മഭൂമി: http://www.janmabhumidaily.com/news277999

Tuesday, February 5, 2013

AMMA VILICHAPPOL_ അമ്മ വിളിച്ചപ്പോള്‍........



അമ്മ വിളിച്ചപ്പോള്‍..........

തിരക്കുകള്‍ക്കിടെ അമ്മയുടെ പരിഭവ ഫോണ്‍വിളി വന്നപ്പോളാണ് ഇത്തിരി സമയമുണ്ടാക്കി കാവാലത്തേക്കു പോയത്. ചെല്ലുന്ന സമയം എന്തായാലും തിരികെ പോരുന്ന സമയം തീരുമാനിച്ചിരുന്നു, നട്ടുച്ചക്ക് 12 മണിക്കുള്ള കാവാലം-ആലപ്പുഴ ബോട്ടില്‍. എറണാകുളത്തുനിന്നു കാലത്തേ തിരിച്ചുവെങ്കിലും ആലപ്പുഴ, പുളിങ്കുന്ന് വരെ ബസ്സിലും പിന്നീട് ഓട്ടോറിക്ഷയിലും അവിടുന്ന് ജങ്കാറിലും പിന്നെയും ഓട്ടോയിലും ഒടുവില്‍ രാമചന്ദ്രന്റെ കടത്തു വള്ളത്തിലുമായി വീട്ടിലെത്തിയപ്പോള്‍ സമയം പതിനൊന്ന്. ചായകുടിച്ചുകൊണ്ടിരിക്കെ അമ്മയുടെ പരിഭവങ്ങള്‍, സഹോദരിയുടെ പരാതികള്‍, അച്ഛന്റെ പരിഹാരങ്ങള്‍.. വീട്ടുമുറ്റത്ത് ഒരു വശത്ത് ചെറുയോഗം നടക്കുന്നു- കുടുംബയോഗമാണത്രേ. കുടുംബത്തില്‍ പെട്ട ഒരാളുടെ എണ്‍പത്തിനാലാം പിറന്നാള്‍ ആഘോഷിക്കാന്‍ കൂടിയ വേളയില്‍ പെട്ടെന്നു വിളിച്ചു ചേര്‍ത്ത യോഗമാണത്രേ. അതിനാല്‍ ഞാനറിഞ്ഞിരുന്നില്ല. എന്റെ ഓര്‍മ്മ കുട്ടിക്കാലത്തേക്കു പോയി. അന്നൊക്കെ അയലത്തുള്ള സ്വന്തക്കാര്‍ തമ്മില്‍ പോലും ചെറുകാരണങ്ങള്‍ക്കു കലഹിച്ചിരുന്ന കാഴ്ച പതിവായിരുന്നു. തര്‍ക്കം തീര്‍ക്കാന്‍ നാട്ടുകാര്‍ ഇടപെട്ടിരുന്നു. അതിര്‍ത്തി തര്‍ക്കവും കോഴി കടന്നു ചീരത്തടം ചികഞ്ഞതും പശുവോ ആടോ വാഴയില കടിച്ചതിന്റെ പേരില്‍ സര്‍വ സാധാരണമായിരുന്നു ഗ്രാമത്തില്‍ ഇത്തരം ബന്ധുവഴക്കുകള്‍. ഇന്നിപ്പോള്‍ അകലത്തുള്ളവര്‍ പോലും ഒന്നിച്ചിരിക്കുന്നു. സൌഹാര്‍ദ്ദം നുണയുന്നു. കൌതുകം തോന്നി. 
കാലം മാറുന്നു, കഥയും.
ഒരു കാക്കക്കുളി നടത്തി എത്തിയപ്പോള്‍, യോഗം കഴിഞ്ഞിരുന്നു; കൂട്ടത്തില്‍ മുതിര്‍ന്നയാള്‍ കാണാന്‍ വന്നു. ഇത്തരം യോഗങ്ങള്‍ കുടുംബ ക്ഷേത്രത്തിലെ പൂജയോ ഉത്സവമോ മറ്റുമായി ബന്ധപ്പെട്ടാണെങ്കില്‍ കൂടുതല്‍ പേര്‍ പങ്കെടുക്കുമെന്ന നിര്‍ദ്ദേശം പൊതുവേ പലര്‍ക്കും സ്വീകാര്യമായതുപോലെ തോന്നി. 

അമ്മയ്ക്കു വയസ് 80. അസുഖങ്ങള്‍ പലത്. ആയുര്‍വേദവും അലോപ്പതിയും ഹോമിയോയും പ്രാര്‍ത്ഥന വഴിപാടുകളുമായി അവശതകള്‍ പോക്കുന്നു. ചിലതെല്ലാം അസുഖത്തോന്നലുകള്‍ മാത്രമാണെന്നു ഡോക്ടര്‍മാര്‍. ചിലത് വാര്‍ദ്ധക്യ സഹജമായതിനാല്‍ ഇനി മാറില്ലെന്നും. കേള്‍വി കുറവായിരിക്കുന്നു. അതിനാല്‍ ഫോണ്‍ വിളിയില്‍ ഇങ്ങോടുള്ള പരിദേവനങ്ങളല്ലാതെ അങ്ങോട്ടു പറയുന്നതൊന്നും കേള്‍ക്കാറില്ല. അസുഖങ്ങള്‍ കേട്ടു ചെന്ന എന്നെ ഒച്ചയില്‍ നേരിയ വ്യത്യാസം കേട്ടറിഞ്ഞ് ആവി പിടിക്കാന്‍ പൂവാന്‍കുറുന്നിലയും തുളസിയും കൊണ്ടുവരാമെന്ന് പറഞ്ഞു പോകാനൊരുങ്ങുന്ന അമ്മ. കുളികഴിഞ്ഞ് എത്തിയപ്പോള്‍ രാസ്നാദി തലയില്‍ തിരുമ്മിയോ എന്നന്വേഷിക്കുന്ന അച്ഛന്‍, അപ്പോള്‍ രാസ്നാദി ഡപ്പിയുമായി മുന്നില്‍ നില്‍ക്കുന്ന പെങ്ങള്‍. ആഹാരം കഴിക്കാന്‍ ധൃതികൂട്ടുന്ന അനന്തിരവള്‍. സ്കൂള്‍ദിനാഘോഷങ്ങളിലെ വിശേഷങ്ങള്‍ പറഞ്ഞു കേള്‍പ്പിക്കുന്ന കുഞ്ഞനന്തിരവള്‍. വീട്ടില്‍നിന്നു ഭാര്യ വിളിച്ചു പറഞ്ഞതനുസരിച്ചു കുടമ്പുളി പാക്കറ്റിലാക്കി ഏല്‍പ്പിക്കാന്‍ കാത്തു നില്‍ക്കുന്ന അന്തിരവന്റെ ഭാര്യ...എങ്ങനെയെല്ലാമാണ് എന്റെ ഗ്രാമത്തിലെ ജ•വീട് എന്നെ ആര്‍ദ്രനാക്കുന്നതെന്നോ.
നാട്ടമ്പലത്തിലെ ഉത്സവ അറിയിപ്പുമായി ചില ചെറുപ്പക്കാര്‍, 
അവരുടെ കുശലാന്വേഷണങ്ങള്‍- ഏറെക്കാലമായി നാട്ടില്‍ സ്ഥിര സമ്പര്‍ക്കമില്ലെങ്കിലും പുതിയ തലമുറയില്‍ പെട്ടവര്‍ക്കും ഞാന്‍ പരിചിതനാണല്ലോ എന്നോര്‍ത്തു സന്തോഷിച്ചു. എന്നേക്കാള്‍ അവര്‍ക്കു ചങ്ങാതിമാരാണ് വല്ലപ്പോഴും അവധിക്കു മാത്രമെത്തുന്ന 
എന്റെ മക്കള്‍ എന്നത് അതിലേറെ അത്ഭുതപ്പെടുത്തി.

ഇതിനിടെ 12 മണിയുടെ ബോട്ടു വരാറായി. ബോട്ടിന്റെ ശബ്ദം കേട്ടാല്‍ ഇറങ്ങി ഒന്ന് ഓടിയാല്‍ മതി അടുത്ത ബോട്ടുജെട്ടിയിലെത്തി അതില്‍ കയറാം. പണ്ടു മുതലേ അതാണു ശീലം. ആറ്റിറമ്പില്‍ താമസിച്ചാല്‍ അതാണു പല ഗുണങ്ങളിലൊന്ന്. ഊണുകഴിക്കാന്‍ സമയമില്ല. പൊതിച്ചോറെടുക്കാന്‍ തീരുമാനമായി. അച്ഛന്റെ തറവാട്ടിലും 
ഒന്നു മുഖം കാണിച്ച് കുടുംബത്തിലെ വച്ചാരാധന നടക്കുന്നിടത്ത് ഒന്നു പ്രാര്‍ത്ഥിച്ച് ബോട്ടുജെട്ടിയിലേക്ക്. അവിടെ യാത്രപുറപ്പെട്ടു നില്‍ക്കുന്ന ചിലര്‍. അവരില്‍ ഒരു സ്ത്രീ ഭര്‍ത്താവിനെ ഉപദേശിക്കുന്നു- നിങ്ങള്‍ ആഴ്ചയിലൊരിക്കല്‍ ഇത്തിരി കള്ളു കുടിച്ചോ. പക്ഷേ ഇങ്ങനെ ബ്രാണ്ടിയില്‍ മുങ്ങിക്കുളിക്കണോ. കുഴഞ്ഞാടണോ. 
അയാള്‍ക്ക് എന്തോ പറയണമെന്നുണ്ട്. നാവു കുഴയുന്നു. 
ചങ്ങാതി താങ്ങിയിരിക്കുന്നതിനാല്‍ വീഴുന്നില്ലെന്നു മാത്രം. 
ഒടുവില്‍ ബോട്ടിലേക്കു കയറും മുമ്പ് സ്ത്രീ പറയുന്നതു കേട്ടു, "ദൈവമേ, ഈ ബ്രാണ്ടി കണ്ടുപിടിച്ചവന്റെ തലയില്‍ ഇടിത്തീ വീഴണേ...'' മനം മടുത്തുള്ള പറച്ചില്‍.

തിരക്കില്ല ബോട്ടില്‍. ഞായറാഴ്ച ഉച്ച തിരിഞ്ഞ നേരമായതുകൊണ്ടാവാം. വശങ്ങളില്‍ പച്ചപ്പാടം. അവിടവിടെ ടക്കുമി, നോമിനോ ഗോള്‍ഡ് തുടങ്ങിയ കീടനാശിനികളുടെ നിറമുള്ള പരസ്യങ്ങള്‍. കുട്ടനാടിനെ കൊല്ലുന്ന വിഷമരുന്നുകള്‍. പുഴയോരത്ത് തണലില്‍ നിരന്നിരുന്നു ചൂണ്ടയിടുന്നവര്‍. കായല്‍ ചിറയില്‍ കാറ്റുകൊണ്ടു 
കഥ പറയുന്നവര്‍, അകലത്തല്ലാത്ത കള്ളു ഷാപ്പിലെ കറിയുടെ രുചിയും മരനീരിന്റെ മധുരവും അവരുടെ പാട്ടിനു താളം ചേര്‍ക്കുന്നുണ്ടാവണം. കായല്‍ കയത്തിലേക്കു  ബോട്ടു കുതിക്കുമ്പോള്‍ ഹൌസ് ബോട്ടുകളില്‍ സായിപ്പ•ാരും നാടന്‍ സായിപ്പ•ാരും ടൂറിസ്റ്റു ശീലങ്ങളുടെ മര്യാദകള്‍ കാണിക്കുന്നു. 
സി ബ്ളോക്ക്, അവിടവിടെ കുട്ടനാടന്‍ പാക്കേജിന്റെ ഭാഗമായി പണികള്‍ നടക്കുന്നു. വിശാലമായ കായലിനെ കീറി മുറിച്ചു രണ്ടാക്കി കല്ലുകെട്ടി ഉയര്‍ത്തിയ ബണ്ട് നീണ്ടു കിടക്കുന്നു. ആറിനു മുകളിലൂടെ പോകുന്ന കൂറ്റന്‍ വൈദ്യുതിക്കമ്പി. 11 കെവി ലൈനില്‍ കൂട്ടമായി നിരന്നിരിക്കുന്നു. മൂന്നുവരിയായി. അച്ചടക്കത്തോടെ. 
പണ്ടത്തെ കാഴ്ച- ബോട്ട് അടുത്തു വരുമ്പോള്‍ അവരില്‍ ആരെങ്കിലുമൊരാള്‍ അറിയാതെ പറന്നു പോകും. പിന്നാലെ മുഴുവന്‍ കിളികളും. അന്ന് ഞങ്ങള്‍ പറയുമായിരുന്നു, ബോട്ടിനെ പേടിക്കാതെ ധൈര്യം കാണിക്കാനാണവര്‍ ഇരുന്നത്, പക്ഷേ ഒരാള്‍ പതറിപ്പോയി, മറ്റുള്ളവര്‍ അതോടെ പേടിച്ചുപോയി എന്ന്. 
ഇന്നിപ്പോള്‍ ഒരു കിളിയും അനങ്ങിയില്ല. അവര്‍ക്കും കാലക്രമത്തില്‍ ധൈര്യം വന്നിരിക്കുന്നുവെന്നോര്‍ത്തപ്പോള്‍ അഭിമാനം തോന്നി. 
ഈ നീര്‍ക്കിളികളുടെ കുലം മുടിയില്ലല്ലോ എന്ന്.

വിശപ്പു തുടങ്ങി.
 ഒരു തലയിണ വലുപ്പത്തില്‍ ചോറു പൊതി. പതുക്കെ അഴിക്കുമ്പോള്‍ മാങ്ങാ അച്ചാറിന്റെ മണം പരന്നു. ബോട്ടുമാസ്റ്റര്‍ ഊറി ചിരിച്ചു. പിന്‍സീറ്റിലിരുന്ന സ്ത്രീകള്‍ എന്തോ അടക്കം പറഞ്ഞോ... (എനിക്കു തോന്നിയതാവാം) അവിയല്‍, തോരന്‍, തൈര്, അച്ചാര്‍. ചുടോടെ വിളമ്പിയ ചോര്‍ വാഴയില വഴറ്റിയിരിക്കുന്നു. അതു സ്വാദുകൂട്ടിയില്ലേ എന്നു സംശയം. മുരിങ്ങക്കോല്‍ ആസ്വദിക്കുമ്പോള്‍ ഞാന്‍ ആലോചിച്ചു, ഇത് വീട്ടില്‍ വളര്‍ന്ന മുരിങ്ങയിലേതാവുമോ?. മാങ്ങാ വീട്ടിലെ മാവില്‍ വിളഞ്ഞതാവുമോ....ഊണുകഴിഞ്ഞ് ഏമ്പക്കം വിട്ടപ്പോള്‍ പൊതിയില്‍ ഒരുപിടി ശേഷിക്കുന്നു. പ്ളാസ്റ്റിക്കല്ല, വാഴയിലയായതിനാല്‍ 
അതു വെള്ളത്തിലേക്കിടാന്‍ മടി തോന്നിയില്ല. പരല്‍ മീനുകള്‍ വന്ന് വെട്ടി വിഴുങ്ങിയിട്ടുണ്ടാവുമോ? 
എങ്കില്‍ അവര്‍ക്കൊരു ഞായര്‍ സദ്യ കിട്ടിക്കാണണം.

മുരിങ്ങക്കയെക്കുറിച്ചുള്ള സംശയം തീര്‍ക്കാന്‍ വീട്ടിലേക്കൊന്നു വിളിച്ചു. സങ്കടം തോന്നി, മുരിങ്ങക്കായ മാത്രമല്ല, മാങ്ങയും കറിവേപ്പിലയും പോലും കടയില്‍നിന്നു വാങ്ങിയത്!! എനിക്കു സങ്കടം തോന്നി. കറിവേപ്പിലയും? പെങ്ങള്‍ പറഞ്ഞു, ഒരു തളിര്‍ത്ത കറിവേപ്പുണ്ടായിരുന്നു, കഴിഞ്ഞ മാസം അതിന്റെ തലതിന്നുകളഞ്ഞു കെട്ടഴിഞ്ഞു കയറിവന്ന ഒരു ആട്. പിന്നെ അതു കരിഞ്ഞേ പോയി. 
വീട്ടു മുറ്റത്തിപ്പോള്‍ വണ്ടി വരുന്നു. വണ്ടിയില്‍ പച്ചക്കറിയും പാലും വില്‍ക്കുന്നവര്‍ വീട്ടുവാതില്‍ക്കല്‍ വന്നു ഹോണടിക്കുന്നു- ഡയറക്ട് മാര്‍ക്കറ്റിംഗ്. 
മുമ്പൊക്കെ കരിവളയും കണ്‍മഷിയും വാങ്ങാന്‍ അമ്പലത്തിലെ ഉത്സവം കാത്തിരുന്ന കാലം,അലലങ്കില്‍ വള്ളത്തില്‍ ആഴ്ചയിലൊരിക്കല്‍ അന്തപ്പന്‍ വരുന്നതും കാത്തുകാത്തു വീട്ടമ്മമാര്‍ ഇരുന്ന കാലം. അന്നെല്ലാം അവര്‍ക്കു ചീര നടാനും കറിവേപ്പിലയും പാവലും പടവലും വെള്ളിരിയും ചേനയും വച്ചു ശുശ്രൂഷിക്കാന്‍ മടിയില്ലായിരുന്നു. ഭാഗ്യം-വാഴയില വിലയ്ക്കു വാങ്ങിയതല്ലല്ലോ എന്ന ചോദ്യത്തിന് അല്ല എന്നാണു മറുപടി കിട്ടിയത്. 

ബോട്ട് ആലപ്പുഴയെത്തി. ഇനി ബസ്സിലേക്ക്. ഓഫീസിലേക്ക്. വാര്‍ത്തകളുടെ തിരക്കിലേക്ക്. അതിനിടെ നാട്ടു തനിമകള്‍ നഷ്ടമാകുന്നതിനെക്കുറിച്ച് വാര്‍ത്തയിലൂടെയും എഡിറ്റോറിയിലിലൂടെയും ലേഖനങ്ങളിലൂടെയും ആക്രോശിക്കണം. കെ.എസ്.ആര്‍.ടി.സിയുടെ ഇരുമ്പു കമ്പിയിലെ തുരുമ്പു മണം കയ്യില്‍ പിടിക്കും മുമ്പ് ഒന്നുകൂടി നാടും വീടും ഉള്ളിലേക്കു വലിച്ചു കയറ്റി. ഹായ്! അവിയലും മാങ്ങാക്കറിയും തൈരും ചേര്‍ന്നുള്ള സുഗന്ധം….. ..

Monday, September 10, 2012

കണ്ണും കണ്ണനും

കണ്ണും കണ്ണനും



'ചരിഞ്ഞു ചാഞ്ഞു വളഞ്ഞിക്കാലടി

നടന്നു നീങ്ങുവതെങ്ങോട്ടാ?'

"ഇറങ്ങുകമ്മേ, ഗോകുലമെല്ലാ-

മൊരുങ്ങിനില്‍പ്പതു കണ്ടില്ലേ?''

'ഇതെന്തു കോലം? കയ്യില്‍ കോലും

മൌലിയിലയ്യാ പീലിയതും?'

"മറന്നുവോ എന്നമ്മേ നീയിതു?

മണിക്കുരുന്നിന്‍ തിരുനാളായ്. . . ''


നിറഞ്ഞു ഗ്രാമം നഗരവുമെല്ലാ,

മമ്പാടിക്കൊരു മത്സരമായ്

അറിഞ്ഞുകേട്ടവരെല്ലാരും പോ-

ന്നണഞ്ഞു മഞ്ഞക്കടലായി

ഉയര്‍ന്നുകേള്‍ക്കുന്നെവിടെയുമിവിടെ-

യുമിനിപ്പുചൊരിയും മൃദുനാദം

മറഞ്ഞുനിന്നാ കാറൊളി വര്‍ണ്ണന്‍ മുഴക്കു-

മോടക്കുഴല്‍ വിളിയാകാം

അടുത്തുവന്നെല്‍ കവിളിലൊരുമ്മയ-

തുതിര്‍ത്തുപോയൊരു കുളിരലയില്‍

തണുപ്പുതോന്നിച്ചയ്യാ കണ്ണന്‍

പീലിയുഴിഞ്ഞൊരു സുഖമാകാം

അകന്നുപോകുന്നെന്നോ കളമൃദു-

നൂപുരരഞ്ജിത മണിനാദം

പിരിഞ്ഞൊടെല്ലേ പൊന്നേ, നീയെന്‍

നിതാന്ത ജീവനരസമല്ലേ….


കാവാലം ശശികുമാര്‍

Tuesday, May 1, 2012

ശതാഭിഷേകത്തിന്‍റെ തെയ്യത്തെയ്യം

ശതാഭിഷേകത്തിന്‍റെ തെയ്യത്തെയ്യം 

 


ഒരു പരിപാടിയില്‍ പ്രസംഗിച്ചയാള്‍ കാവാലത്തോടു തന്നെ ചോദിച്ചു, എത്ര വയസായെന്ന്.  ആംഗ്യഭാഷയില്‍ കാവാലം പറഞ്ഞു അതൊന്നും ഒരു കാര്യമല്ല, താങ്കള്‍ പറയാനുളളത് പറഞ്ഞുകൊളളൂ എന്ന്. കാവാലം നാരായണപ്പണിക്കര്‍ ശതാഭിഷിക്തനാകുന്നുവെന്നു പറയുമ്പോള്‍ ആരും അത്ഭുതപ്പെടും. കാരണം കാവാലത്തിനും നാടകത്തിനും എന്നും പുതുമയാണല്ലോ. 

കാവാലത്തുനിന്ന് ആലപ്പുഴയിലും തിരുവനന്തപുരത്തും ഉജ്ജയിനിയിലും ഗ്രീസിലും എല്ലാമെല്ലാം ചുറ്റിത്തിരിഞ്ഞ് കാളിദാസനേയും ഭാസനേയും ഭവഭൂതിയേയും ഹോമറേയും ഷേക്സ്പിയറേയും മറ്റും അടുത്തറിഞ്ഞ് തനതായ സംഗീതവും നാടകവും തിരിച്ചറിഞ്ഞ് അവയുടെ സോപാനം കയറിയ ഈ വിശ്വകലാകാരന് കാവാലത്തെ ജനിച്ച മണ്ണിലേക്കുളള തിരിച്ചുവരവിന് ആധാരമെന്താണ്? അദ്ദേഹം തന്നെ ഒരിക്കല്‍ പറഞ്ഞു, “വേരുകള്‍, സ്വന്തം വേരുകള്‍ കണ്ടെത്തി, പാരമ്പര്യം തിരിച്ചറിഞ്ഞ്, പൈതൃകം സംരക്ഷിക്കാനുളള അടങ്ങാത്ത ആഗ്രഹം തന്നെ" യെന്ന്. അല്ലെങ്കില്‍ അവസരം കിട്ടുമ്പോഴെല്ലാം തന്‍റെ ഗ്രാമത്തിലേക്കു വരുന്നതെന്തിനാണ്? മധ്യവേനലവധിക്കാലത്ത് കഴിഞ്ഞ എട്ടുവര്‍ഷമായി കാവാലത്തെ കൊച്ചുകുട്ടികള്‍ക്കായി നാടന്‍ കലാവിജ്ഞാന-വിനോദ സമ്പാദനത്തിനു ദശദിന ക്യാമ്പ് (കുരുന്നു കൂട്ടം) നടത്തുന്നതെന്തിനാണ്? 


സമ്പന്നതയുടെ മുകളില്‍, അധികാരത്തിന്‍റെയും പ്രൌഢിയുടേയും നടുവില്‍ പിറന്ന ചാലയില്‍ തമ്പുരാക്കന്മാരില്‍ ഏറെ വ്യത്യസ്തനായിരുന്നു കുഞ്ഞുനാള്‍ മുതലേ നാരായണപ്പണിക്കരെന്ന് സമപ്രായക്കാരനായ, കുറച്ചുകാലം
സതീര്‍ത്ഥ്യനായിരുന്ന സുദര്‍ശനന്‍ പിളള പറയുന്നു, “കുട്ടിയായിരിക്കുമ്പോഴേ നാടുമുഴുവന്‍ ചുറ്റുമായിരുന്നു. വയലിലും കളപ്പുരകളിലും തൊഴിലാളികളുടെ വീടുകളിലും എല്ലാം കറങ്ങിനടക്കുക പതിവായിരുന്നു. അധികാരത്തിന്‍റെയും അയി ത്തത്തിന്‍റേയും കാലത്തായിരുന്നു അത്.” അതെക്കുറിച്ച് കാവാലം പറഞ്ഞതിങ്ങനെ - “കുഞ്ഞുനാളിലേ അങ്ങനെ ഞാന്‍ കേട്ട ഞാറ്റുപാട്ടും കളപ്പാട്ടും പൊലിപ്പാട്ടുമാണെന്‍റെ താളവും രാഗവും. നെല്‍പ്പാടത്തെ പണിക്കാരുടെ ജീവിതം ഞാന്‍ ഏറെകണ്ടു, അതെന്‍റെ അടിത്തറയായി; തനി നാടന്‍ സംസ്കാരത്തിന്‍റെ പാരമ്പര്യത്തിന്‍റെ പൈതൃകം. എന്‍റെ തുടര്‍ ജീവിതങ്ങളില്‍ ഞാനവ സമ്പന്നമാക്കി. സംഗീതനാടക അക്കാദമിയില്‍ ചുമതല കിട്ടിയ കാലത്ത് ഞാന്‍ കേരളം മുഴുവന്‍ സഞ്ചരിച്ച് കലാകാരന്മാരെയും കലാരൂപങ്ങളേയും അടുത്തറിഞ്ഞു. മുടിയേറ്റവും തീയാട്ടും തെയ്യവും തിറയും പടയണിയും എന്‍റെ അടിസ്ഥാന സമ്പത്തിനെ കൂടുതല്‍ സാംസ്കാരികമാക്കി.”

കാവാലത്തെത്തിയാല്‍ ഒരു പ്രഭാത സവാരിയുണ്ട്. ഒപ്പം ആര്‍ക്കും കൂടാം. പിന്നെ നടത്തം, സംസാരം-അത്തരം വേളകളിലാണ് പലതും എനിക്കു കിട്ടിയിട്ടുളളത്. ഗ്രീസിലെ നാടക പര്യടനവിശേഷം, സിനിമയും നാടകവും തമ്മിലുളള യഥാര്‍ത്ഥ അകലം, സോപാനസംഗീത പൈതൃകം, നാടന്‍ പാട്ടിന്‍റെ തനിമ സംരക്ഷണം, അന്യം നിന്നുപോകുന്ന നാട്ടുപാരമ്പര്യം തുടങ്ങിയവ. 84
-ാം വയസിലെ ആ കാല്‍പെരുമാറ്റത്തിനൊപ്പം നില്‍ക്കുവാന്‍ പകുതി വയസുകാരന്‍ കിതക്കും. പലതും വിശദീകരിക്കെ അതിലാസ്യവും ഉഗ്രതാണ്ഡവവും സവാരിക്കിടെ പൊതുകവലയില്‍ അദ്ദേഹം അഭിനയിക്കും. നടവഴിയില്‍ എതിരെ ഒരാള്‍ ‘അറിയുമോ’ എന്നു ചോദിച്ചാല്‍ രണ്ടു കയ്യും കൂപ്പി ഒരു നമസ്കാരം; പിന്നെ ആ ആളെക്കുറിച്ച് ഒരു സൂചന ലഭിച്ചാല്‍ അദ്ദേഹത്തെപോലും അമ്പരപ്പിച്ചുകൊണ്ട് വീട്ടുപേരും വിളിപ്പേരും ബന്ധുക്കളുടെ വിവരവും ചോദിക്കുന്നതു കേട്ടാല്‍ അത്ഭുതപ്പെടും, ഇപ്പോള്‍ നാട്ടിലുളളവര്‍ക്കും അറിയാത്ത ക്യത്യമായ വിവരങ്ങള്‍ കയ്യിലുണ്ടാവും. നാട്ടറിവിന്‍റെ, നാടിനെ അറിയുന്നതിന്‍റെ തനിമയെ കാക്കുന്നതിന്‍റെ വൈഭവം.

കാവാലത്തിന്‍റെ നാടക
സംഘമായ സോപാനത്തിലെ ഓരോ കലാകാരനും പറയാനുണ്ട് ഗുരുവിനെക്കുറിച്ച്. നാടകക്കളരിയില്‍ നടനായും സംവിധായകനായും താളക്കാരനായും പാട്ടുകാരനായും അദ്ദേഹം കൂടെയുണ്ടാവും. 
അടുത്തിടെ തന്‍റെ ‘നിഴലായനം’ എന്ന നാടകം എറണാകുളത്ത് ടൌണ്‍ ഹാളില്‍ ആദ്യമായരങ്ങേറിയപ്പോഴദ്ദേഹം പറഞ്ഞു, “ഓരോ തവണ എന്‍റെ നാടകം കളിക്കാന്‍ തുടങ്ങുമ്പോഴും- ആദ്
യമായി ഒരു നാടകം അരങ്ങേറ്റുന്ന ഒരു സംവിധായകന്‍റെ ഉദ്വേഗങ്ങളാണെനിക്ക്.” നാടകം കളിച്ചുകഴിയും വരെ, അതിനോടുളള കാണികളുടെ പ്രതികരണം കാണുംവരെ അസ്വസ്ഥനായിരിക്കും 45 വര്‍ഷമായി രംഗകലയില്‍ നിത്യപ്രവര്‍ത്തകനായ അദ്ദേഹം ഓരോ പുതിയ അറിവും അത് ആരില്‍ നിന്നായാലും കിട്ടുമ്പോള്‍ കൃത്യമായി ചോദിച്ചറിഞ്ഞ് വശത്താക്കുന്നത് കാണുമ്പോള്‍ കാവാലത്തിന് 84 ആയെന്ന് തോന്നില്ല, ഒരു നാലുവയസുകാരന്‍റെ കൌതുകം. ആരു പറയുന്നതും വിലയുറ്റതാണെന്നാണ് അദ്ദേഹത്തിന്‍റെ പക്ഷം - ‘ന മന്ത്രമക്ഷരം നാസ്തി.....’ 

‘തെയ്യത്തെയ്യം’ നാടകം ആദ്യം കളിച്ച് 25-ാം വര്‍ഷം തികഞ്ഞപ്പോള്‍, ആ നാടകം കാവാലം പിച്ചവച്ചുനടന്ന ചാലയില്‍ കുടുംബത്തിന്‍റെ തിരുമുറ്റത്ത് സോപാനം കലാകാരന്മാര്‍ അഭിനയിച്ചപ്പോള്‍, അതുകണ്ട് നാട്ടുകാര്‍ പറഞ്ഞു, ഇതാണു ഞങ്ങളുടെ സ്വന്തം നാടകം. കാവാലത്തിന്‍റെ അപ്പോഴത്തെ മനസ് വളരെ പണ്ട് അദ്ദേഹം എഴുതിയ ഒരു പാട്ടിന്‍റെ വരി തിരുത്തുകയായിരുന്നിരിക്കണം, “മുത്തുകൊണ്ടെന്‍റെ മുറം നിറഞ്ഞൂ, പവിഴം കൊണ്ടെന്‍റെ പറ നിറഞ്ഞൂ, ...നിറയാത്ത തൊരു പാത്രം മനസുമാത്രം..... ” എന്നാണു പാട്ട്. അന്ന് ആ മനസ് അന്നു നിറഞ്ഞു. ഇപ്പോള്‍ കാവാലത്തുകാര്‍ 84-ാം പിറന്നാള്‍ ആഘോഷിക്കുമ്പോള്‍ ആ മനസ് നിറഞ്ഞുകവിയുകയായിരിക്കും. 

ശ്രീമദ് ഭാഗവതം സംസ്കൃതത്തില്‍ നിന്നു മലയാളത്തിലേക്ക് മൊഴി മാറ്റുകയാണിപ്പോള്‍. ഈ വര്‍ഷം കുരുന്നുകൂട്ടത്തിലെ കുട്ടികള്‍ക്കായി എഴുതിയ നാടകം ‘ആം ക്രോം’ നല്‍കുന്ന സന്ദേശമിതാണ്- ഓരോരുത്തര്‍ക്കും ഓരോ കഴിവ്. അവ യൊന്നും നിസാരമല്ല. ‘കുയില്‍പാട്ട് കുയിലിനും തവളപ്പാട്ട് തവളകള്‍ക്കും....’ അവ പരസ്പരം നിര്‍ബന്ധിച്ചു പഠിപ്പിക്കാനോ മാറ്റാനോ പറ്റില്ല, പാടില്ല. അതാണു തനിമ. തനിമയുടെ സംരക്ഷണത്തിനു തപസു വേണം. വൈവിധ്യങ്ങളുടെ സമന്വയമാണ് സംസ്കാരം. അതിനു കാവല്‍ നില്‍ക്കണം. 

കുരുന്നുകൂട്ടം നടത്താന്‍ പലരും വലിയ വാഗ്ദാനങ്ങളുമായി കാവാലത്തെ സമീപിച്ചു, അദ്ദേഹം പറഞ്ഞു, “ഇല്ല, ഇതെന്‍റെ നാട്ടിലെ കുട്ടികള്‍ക്കാണ്. അവരുടെ നാട്ടില്‍ അവര്‍ക്കായി.” അവരിലെ പ്രതിഭയും കഴിവും തിരിച്ചറിഞ്ഞ് അദ്ദേഹം ഒരിക്കല്‍  പറഞ്ഞു, “ഇവരിലൂടെ നാടിന്‍റെ സംസ്കാരം നിലനില്‍ക്കും, വളരും, പോഷിപ്പിക്കപ്പെടും. അതുമതി, ധാരാളം.”

നര്‍മ്മത്തില്‍ ഗൌരവം നിറച്ച്, സാധാരണക്കാര്‍ക്കുവേണ്ടി, സംസ്കാരത്തിന്‍റെ വേരോട്ടമുളള താളവും ഈണവും ചുവടുകളും തെഴുപ്പിച്ച് അദ്ദേഹം രംഗപാഠം നല്‍കുന്ന ഓരോ നാടകവും നര്‍മ്മ ഭരിതമാണ്, ഫലിതങ്ങളാണ്. ഫലിതം എന്നാല്‍ നര്‍മ്മമെന്നല്ല കാവാലത്തിന്‍റെ വ്യാഖ്യാനം - “ഫലിക്കുന്നത് ഫലിതം.” ശരിക്കും മലയാളത്തിന്‍റെ ജനകീയ കവി കുഞ്ചന്‍ നമ്പ്യാര്‍ക്കു പിന്തുടര്‍ച്ചക്കാരന്‍. ഒരിക്കല്‍ കാവാലം പഴയ സംഭവം പറഞ്ഞു ചിരിച്ചു. 40 വര്‍ഷം മുമ്പ് അവനവന്‍ കടമ്പ പയ്യന്നൂരില്‍ കളിച്ചപ്പോള്‍ കാണികള്‍ വളഞ്ഞുവച്ച് എന്തിന് ഈ നാടകം സംവിധാനം ചെയ്തു എന്നു ചോദിച്ച കാര്യം. ഇപ്പോള്‍ അതേ തനതു നാടക അവതരണം കാളിദാസന്‍റെ നാട്ടിലുംഡല്‍ഹിയിലും ഒഡീഷയിലും പയ്യ ന്നൂരിലും ഒരേപോലെ സ്വീകരിക്കപ്പെടുന്നു. ആയിരം പൂര്‍ണചന്ദ്രന്മാരെ കാണുന്നതിലേറെ അദ്ദേഹം ആസ്വദിക്കുന്നതും ആശ്വസിക്കുന്നതും അതിലാവണം. 

ഞങ്ങള്‍ പലരും കുട്ടിക്കാലം മുതലേ കാവാലം നാരായണപ്പണിക്കരെ ആശാന്‍ എന്നാണ് വിളിച്ചുപോന്നത്. ആശാനും ശിഷ്യനും തമ്മിലുളള ബന്ധത്തിന് ആഴം കൂടുമെന്നു തോന്നുന്നു സാറും വിദ്യാര്‍ത്ഥിയും തമ്മിലുളളതിനേക്കാള്‍. ആശാന്‍റെ ശതാഭിഷേക നിറവില്‍ ഏറെ അര്‍ത്ഥപൂര്‍ണ മായ ആ കവിതാവരികള്‍ തോന്നുന്നു - 
“ഗുരുലഘുലഘുഗുരു
ലഘുഗുരുഗുരുലഘു 
രണ്ടും കൊണ്ടേ ഗുണമറിയാം
രണ്ടും കൊണ്ടേ ദോഷവുമറിയാം
ഇരുളറിയാം വെളിവറിയാം, ഇരവറിയാം 
പകലറിയാം, രണ്ടും രണ്ടാണെങ്കിലും   
രണ്ടുമൊന്നാകും....”
ശതാഭിഷിക്തനാകുന്ന ആശാന് ശതകോടി പ്രണാമങ്ങള്‍.

Tuesday, April 17, 2012

കണിയമ്മുമ്മ....

കണിയമ്മുമ്മ....



കണ്ണുകൾ പൂട്ടിച്ചമ്മ കുഞ്ഞിനെ കൊഞ്ചിച്ചപ്പോൾ-
കർണ്ണികാരത്തിൻ പൂക്കൾ നല്ലപുഞ്ചിരി  തൂവും-
കണ്ണന്റെ മുന്നിൽ നിർത്തി കൈകൾ നീക്കവേ, ചോദി-
ച്ചെന്താണിതമ്മുമ്മേ എൻ കണ്ണുകൾ പൂട്ടിക്കെട്ടി.

അമ്മ തൻപൊന്നുണ്ണിയ്ക്കു കണ്ണനെ കാണും പുണ്യ-
പൊന്നുഷക്കാലത്തിന്റെ കൌതുകം പകർന്നപ്പോൾ
കണ്ണിലുമകക്കണ്ണിന്നുള്ളിലും കടന്നെത്തും
പൊൻ കണിഫലം ചേർത്തു വെള്ളരി ചിരിച്ചുവോ
പുന്നെല്ലിന്നരി നീളെ കിന്നരി വിരിയിച്ചാ
വെൺപുടക്കവിളിന്മേലുമ്മകൾ നിറച്ചുവോ...

കണ്ണനും കണ്ണാടിക്കുമുള്ളോരു ദ്വൈതാദ്വൈത
നിർവേദ സ്മരണയിൽ മുത്തച്ഛൻ ചിറികോട്ടി
അമ്മതൻ കഥാഖ്യാന വൈഭവം, കേൾക്കുന്നൊരു
കുഞ്ഞിന്റെ കഥകേൾക്കും പുന്നാരച്ചിരികളും
കണ്ണന്റെ കഥകളും കേട്ടുഞാൻ കിടക്കവേ
കുഞ്ഞുമോൻ ചോദിച്ചോരു ചോദ്യമിങ്ങനെ പൊങ്ങീ...

അമ്മുമ്മേ, ചൊല്ലമ്മുമ്മേ ആരാണു കണിവച്ച
തമ്മുമ്മയാണേലാ‍രെ അമ്മുമ്മ കണികണ്ടു...??
അമ്മുമ്മ ചൊല്ലീ, കുഞ്ഞേ അന്നെല്ലാം കണ്ടേൻ കുഞ്ഞി
ന്നച്ഛനെ, കാണുന്നിപ്പോൾ നിന്നെയെൻ പൊന്നുണ്ണീ ഞാൻ
കണ്ണിന്നു കണ്ണായെന്നും കണ്മുന്നിലുണ്ടെന്നാകിൽ
കണ്ണനെ കാട്ടിത്തരാം എന്നെന്നും കുഞ്ഞേ ഞാനും

Monday, April 16, 2012

കലാകേരളത്തിന്‍റെ കാമ്പസ്


 

കലാപഠനത്തിനൊരു പൈതൃകകേന്ദ്രം

കലാകേരളത്തിന്‍റെ കാമ്പസ്


നൈസര്‍ഗികമായ കലാവൈഭവം ചിട്ടയായി അഭ്യസിക്കപ്പെടാന്‍ വേറൊന്നില്ലാത്ത കലാമണ്ഡലത്തെക്കുറിച്ച്...

 

ഒരു മൂളിപ്പാട്ടെങ്കിലും പാടാത്തവരില്ല, ഒരു നൃത്തച്ചുവടെങ്കിലും ചവിട്ടാത്തവരും. പക്ഷേ, ശാസ്ത്രീയമായി പാട്ടും ആട്ടവും പഠിക്കാന്‍ എല്ലാവര്‍ക്കും കഴിഞ്ഞെന്നു വരില്ല, കഴിയുന്നവര്‍ക്കും അത് കേരളത്തിന്‍റെ കലാ-സാംസ്കാരിക ആസ്ഥാനമായ കലാമണ്ഡലത്തില്‍നിന്നു സാധ്യമാകണമെന്നുമില്ല. 

കലാമണ്ഡലമോ, അതു വെറും ആട്ടം- കഥകളി പഠിപ്പിക്കുന്ന സ്ഥലമല്ലേ എന്നാവും പലര്‍ക്കും ആദ്യകേള്‍വിയില്‍ തോന്നുക. എന്നാല്‍ കലാമണ്ഡലത്തെ അടുത്തറിയുന്നവര്‍ക്കറിയാം ഈ കലാകേന്ദ്രത്തിന്‍റെ മഹിമ. അത് അറിയാത്തവര്‍ക്ക് അറിയിച്ചുകൊടുക്കാന്‍ കലാമണ്ഡലത്തിലേക്ക് എത്താത്തവര്‍ക്കിടയിലേക്ക് കലയും കലാമണ്ഡലവും വരികയായി.

എത്രപേര്‍ക്കറിയാം കലാമണ്ഡലം ഒരു ഡീംഡ് യൂണിവേ
ഴ്സിറ്റിയാണെന്ന്? ആസ്ട്രേലിയയിലും ന്യൂസിലാന്‍റിലും എംബിഎയും മെഡിക്കല്‍ പഠനവും നടത്തുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നവര്‍ പക്ഷേ കലാമണ്ഡലത്തെ കാണുന്നില്ല. കലാമണ്ഡലത്തില്‍ എംഫില്‍ ബിരുദവും പിഎച്ച്‌ഡി യോഗ്യതയും നേടാനുളള അവസരവും സൌകര്യവുമുണ്ടെണ്ടന്നറിയാവുന്നവര്‍ വളരെ കുറവാണ്. കേരള സര്‍ക്കാര്‍ അംഗീകരിച്ച ബിരുദവും ബിരുദാനന്തര ബിരുദവും ഇവിടെയുണ്ടെന്ന് കേള്‍ക്കുമ്പോള്‍ അതിശയിക്കേണ്ട. കലാമണ്ഡലത്തിന്‍റെ വൈസ്ചാന്‍സലര്‍ പി.എന്‍. സുരേഷ് പറയുന്നു, “ലാപ് ടോപ്പിലും എംബിഎയിലും ആണ് ലോകം എന്നു വിശ്വസിക്കുന്നവര്‍ കൂടുന്നു, സംസ്കാരവും കലയും അടിസ്ഥാനപരമായി മനുഷ്യത്വത്തിനാവശ്യമാണ്. അതു നേടാന്‍ പലരും മറക്കുന്നു, കലാമണ്ഡലം പാരമ്പര്യത്തെയും പൈതൃകത്തേയും നവീനതയുമായി കൂട്ടിയിണക്കി സംരക്ഷിക്കാന്‍ ശ്രമിക്കുന്നു,” എന്ന്. അതെ, കലാമണ്ഡലം വേറിട്ടൊരു ശൈലിയില്‍ നമ്മുടെ സംസ്കാരത്തിന്‍റെ സംരക്ഷണം ഉറപ്പാക്കുകയാണ്.


കഥകളിയും സംഗീതവും തുടങ്ങി ഒട്ടേറെ നൃത്തവാദ്യകലകള്‍ ഇവിടെ പരിശീലിപ്പിക്കപ്പെടുന്നു. പ്രതിവര്‍ഷം 150 മുതല്‍ 200 വരെ പേര്‍ വിവിധ കോഴ്സുകള്‍ പൂര്‍ത്തിയാക്കി കലാമണ്ഡലത്തില്‍ നിന്നു പുറത്തിറങ്ങുന്നു. അവരില്‍ വിദേശികളുണ്ട്. അന്യസംസ്ഥാനക്കാരുണ്ട്. നമ്മുടെ നാട്ടിന്‍പുറത്തുകാരുണ്ട്. വിവിധ കലകള്‍ പഠിച്ചുപുറത്തിറങ്ങുന്ന ഇവരില്‍ പലരും അതിപ്രശസ്തരാകുന്നു. ചിലര്‍ പഠിച്ച കല അഭ്യസിപ്പിച്ചും അവതരിപ്പിച്ചും ഉപജീവനം കഴിക്കുന്നു. കല യുടെ മഹത്വം അറിയുന്നവര്‍ക്കു മുന്നില്‍ ഇവിടെ പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് മികച്ച പരിഗണന ലഭിക്കുന്നു. പക്ഷേ, ഈ കല അഭ്യസിക്കാന്‍ എത്തുന്നവര്‍ സര്‍വ സമര്‍പ്പണമനസോടെയാണോ എത്തുന്നത്? മറ്റു വിഷയങ്ങള്‍ക്ക് ഉപരിപഠന രംഗത്ത് സാധ്യത അടയുന്നവര്‍ വഴിതെറ്റിയെത്തുന്ന ഇടം എന്ന സ്ഥിതിയില്‍നിന്ന് കലാമണ്ഡലം മാറിക്കൊണ്ടിരിക്കുന്നു. കലാ വിഭാഗങ്ങളില്‍ ഗവേഷണം നടത്താനും തന്‍റെ കലാദര്‍ശനം കണ്ടെത്തി അവതരിപ്പിക്കാനും അംഗീകരിപ്പിക്കാനുമുളള വേദിയായി കലാമണ്ഡലം മാറിക്കഴിഞ്ഞു.

ഡീംഡ് യൂണിവേഴ്സിറ്റിയായി മാറിയിട്ട് അഞ്ചുവര്‍ഷമാകുന്നു. ഇതിനകം വേറിട്ട വഴികളിലൂടെ, ഗുരുകുല സമ്പ്രദായത്തിന്‍റെ തുടര്‍ച്ച സംരക്ഷിച്ച്, മുന്നേ റുന്ന സ്ഥാപനം പുതിയൊരു ഘട്ടത്തിലേക്കു പ്രവേശിക്കുകയാണ്. അടിസ്ഥാന സൌകര്യങ്ങള്‍ മെച്ചപ്പെടുന്നു. പുതിയ പരിശീലന അനുശീലന സംവിധാനങ്ങള്‍ അവതരിപ്പിക്കപ്പെടുന്നു. കൂടുതല്‍ മേഖലകളിലേക്കു വളര്‍ന്നു വികസിക്കുന്നു. പശ്ചിമ ബംഗാളിലെ ശാന്തിനികേതനുമായുളള സാംസ്കാരിക വിനിമയ പദ്ധതിക്ക് കേന്ദ്രമാനവ വിഭവശേഷി വകുപ്പ് അനുമതി നല്‍കി. യുജിസി നേരിട്ട് ധനസഹായ-വിതരണ പദ്ധതിക്ക് അംഗീകാരം നല്‍കിയതോടെ വികസന പ്രവര്‍ത്തനങ്ങളില്‍ സ്ഥാപനത്തിനു പുതിയൊരു അവസരംതന്നെ വന്നുകഴിഞ്ഞുവെന്നു പറയാം.

സ്ഥാപനത്തെ പഴഞ്ചന്‍ മാര്‍ഗത്തിലുളള ഒരു കലാപ
ഠിപ്പു കേന്ദ്രം എന്ന പ്രതിച്ഛായയില്‍നിന്ന് ഉയര്‍ത്തുക എന്ന പരിശ്രമത്തിന് കലാമണ്ഡലം വിദ്യാര്‍ത്ഥി കളും അദ്ധ്യാപകരും സെക്രട്ടറിയും രജിസ്ട്രാറും അടക്കം വിസിയുടെ ആസൂത്രണങ്ങള്‍ക്കൊപ്പം നില്‍ക്കുന്നു എന്നതാണ് ഒരു പ്രത്യേകത. ഈ മധ്യവേനല്‍ അവധിക്കാലത്ത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് എ ഗ്രേഡ് കിട്ടിയ കുട്ടികള്‍ക്ക് ക്ലാസിക് കലകളില്‍ വേണ്ടണ്ടത്ര പരിശീലനം നല്‍കാന്‍ കലാമണ്ഡലത്തില്‍ 12 ദിവസത്തെ പരിശീലന ക്ലാസ് നടത്തുന്നു. “കുട്ടികളില്‍ പലരും എഗ്രേഡ് വാങ്ങിയത് അതതു കലാവിഷയങ്ങളില്‍ മത്സരത്തിനു മാത്രമായി നേടിയ പരിശീലനത്തിലൂടെ ആയിരിക്കും. അവര്‍ക്ക് കലയില്‍ അഭിരുചി ഉണ്ടണ്ടാക്കുക എന്ന ലക്‌ഷ്യത്തിലാണ് ഈ പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്. അവര്‍ക്ക് കലയിലും കലമണ്ഡലത്തിലും ആഭിമുഖ്യമുണ്ടണ്ടാക്കാന്‍ ഇതു സഹായകമാകും,” വൈസ് ചാന്‍സലര്‍ പി.എന്‍.സുരേഷ് ടിഎസ് ഐയോടു പറഞ്ഞു.

അടുത്ത അദ്ധ്യയന വര്‍ഷം തിരഞ്ഞെടു ക്കുന്ന 100 സ്കൂകളുകളില്‍ വിദ്യാര്‍ത്ഥി കള്‍ക്ക് കലാസ്വാദന പരിശീലന ക്യാമ്പുകള്‍ സംഘടിപ്പിക്കാനും കലാമണ്ഡല ത്തിനു പദ്ധതിയുണ്ടണ്ട്. സ്ഥാപനത്തിലെ അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും ഇത്തരം പരിശീലന പരിപാടികളില്‍ പങ്കെടുക്കും. ചില പ്രദേശങ്ങളില്‍ കലാമണ്ഡലത്തില്‍ പഠിച്ചവരും പഠിപ്പിച്ചവരുമായ പ്രതിഭകളുണ്ടണ്ടാവും. അവരുടെ സഹായവും ഇതിനു തേടാനാണ് ആലോചിക്കുന്നത്. 
നിലവില്‍ കലാമണ്ഡലത്തില്‍ കഥകളിയിലെ വേഷം
, സംഗീതം, ചെണ്ടണ്ട, മദ്ദളം, ചുട്ടി, മോഹിനിയാട്ടം, കൂടിയാട്ടം തുളളല്‍, മിഴാവു വാദനം, പഞ്ചവാദ്യം, മൃദംഗം, വിവിധ നൃത്തങ്ങള്‍ തുടങ്ങിയവയാണ് പഠിപ്പിക്കുന്നത്. ഹൈസ്കൂള്‍ മുതല്‍ എംഫില്‍ കോഴ്സുവരെ ഈ കാമ്പസില്‍ സാധ്യമാണ്. കലാമണ്ഡലം കൂടുതല്‍ മേഖലകളിലേക്കു വരും നാളുകളില്‍ വളരാന്‍ പോകുകയാണെന്ന് വി സി പറയുന്നു. കലാകേരളത്തിന്‍റെ സാംസ്കാരിക തലസ്ഥാനം തൃശൂര്‍ ആണ്. അവിടെ സ്ഥിതിചെയ്യുന്ന കലാമണ്ഡലം കേരളത്തിന്‍റെ കലാആസ്ഥാനമായി മാറുകയെന്ന സങ്കല്‍പ്പം സാധിതമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കലാ രംഗത്തെ സാധ്യതകള്‍ അനുദിനം കേരളത്തില്‍ വര്‍ദ്ധിക്കുകയാണ്. നിത്യവൃത്തിക്ക് ഒരു തൊഴില്‍ എന്ന നിലയിലും അക്കാഡമിക് പാണ്ഡിത്യ വേദിയിലും കലയുടെ മേഖല കൂടുതല്‍ ആവശ്യപ്പെടുന്ന കാലമാണ്. ഡിജിറ്റല്‍ മാധ്യമ രംഗം കലയുടെ മൂല്യം ശോഷിപ്പിച്ചുവെന്ന വാദം ഒരുവശത്തു ശക്തിപ്രാപിക്കുമ്പോള്‍തന്നെ കലയുടെ പരിചയവും പരിശീലനവും ആഗ്രഹിക്കുന്നവര്‍ കുടിക്കൂടി വരികയാണ്. ടെലിവിഷന്‍ പരിപാടികളിലൂടെ പുറത്തുവരുന്ന കലാവൈഭവമുളളവര്‍ക്കും യുവജനോത്സവങ്ങളില്‍ തെളിയുന്ന പ്രതിഭകള്‍ തുടങ്ങിയവര്‍ക്കു കലയുടെ ശാസ്ത്രീയ മേഖലയിലേക്ക് വഴിതെളിയിക്കേണ്ടതുണ്ട് അവരുടെ യഥാര്‍ത്ഥ സര്‍ഗവൈഭവം പ്രകടിപ്പിക്കാന്‍. അതിനു പക്ഷേ, തുടക്കത്തിലേ പരിചരണം വേണം, അടിസ്ഥാനപരമായ പരിശീലനം വേണം. അതിനു തികച്ചും യുക്തമായ കേന്ദ്രമാണ് കേരള കലാമണ്ഡലം. പുതിയ പ്രതിഭകളെ കണ്ടെത്താനുളള കേരളത്തിന്‍റെ ശ്രമങ്ങള്‍ക്കു സഹായകമാകുന്ന സാംസ്കാരിക ആസ്ഥാനമായി മാറുകയാണ് ഇവിടം.  

ഏപ്രില് 9, 2012 The Sunday Indian

“പ്രതിസന്ധി മനുഷ്യനാണ്, കലയ്ക്കല്ല ”

“പ്രതിസന്ധി മനുഷ്യനാണ്, കലയ്ക്കല്ല ”  

 

(കലാമണ്ഡലം കേരളത്തിന്‍റെ സാംസ്കാരിക ആസ്ഥാനമാകുന്നുവെന്ന് വിസിയായ പി. എന്‍. സുരേഷ് കാവാലം ശശികുമാറിനോട് അഭിമുഖത്തില്‍)

ഡീംഡ് യൂണിവേഴ്സിറ്റി ആയ ശേഷം കലാമണ്ഡലത്തിന്‍റെ വളര്‍ച്ചയെക്കുറിച്ച്?

അഞ്ചുവര്‍ഷമായി കലാമണ്ഡലം ഡീംഡ് യൂണിവേഴ്സിറ്റി ആയിട്ട്. ഏറെ മുന്നോട്ടു പോയിരിക്കുന്നു. കേന്ദ്ര സര്‍ ക്കാരിലെ എച്ച്ആര്‍ഡി മന്ത്രാലയം കലാമണ്ഡലവും ശാന്തി നികേതനു മായി സാംസ്കാരിക വിനിമയത്തിനു ളള അനുമതി അംഗീകരിച്ചുകഴിഞ്ഞു. കലാമണ്ഡലത്തിനെ സംബന്ധിച്ചു പറയുകയാണെങ്കില്‍ ലോകത്തിനു മുന്നില്‍ നമുക്കു പ്രകടിപ്പിക്കാനുളള സംസ്കാരവും കഴിവുമുണ്ട്. അതു വിക്ഷേപിക്കാന്‍ ലോഞ്ചിംഗ് പാഡുമുണ്ട്.ശരിയായ രീതിയില്‍ അതു വിനിയോഗിച്ചാല്‍ മാത്രം മതി.

 

വിസി ആകും മുമ്പ് താങ്കള്‍ കലാമണ്ഡലത്തെ ഡീംഡ് യൂ ണിവേഴ്സിറ്റി ആക്കുന്നതു സംബന്ധിച്ച നടപടിക്രമങ്ങ ളുടെ സ്പെഷ്യല്‍ ഓഫീസറായിരുന്നുവല്ലോ? അടിസ്ഥാനപരമായി കലാമണ്ഡലത്തിന്‍റെ സങ്കല്‍പ്പങ്ങളില്‍നിന്ന് യുണിവേഴ് സിറ്റി പദവിയിലേക്കു മാറിയതു ഗുണകരമായോ?

കലാമണ്ഡലത്തിനെ ഡീംഡ് യൂണിവേഴ്സിറ്റി ആക്കുമ്പോള്‍ ഈ പ്രശ്നം ഉടലെടുക്കുമെന്നറിയാമായിരുന്നു. അതുകൊണ്ട് ഇക്കാര്യത്തില്‍ വ്യക്തമായ നയനിലപാടുകള്‍ കേന്ദ്ര മാനവവിഭവശേഷി വകുപ്പിനെക്കൊണ്ട് അംഗീകരിപ്പിച്ചു. ഗുരുകുല സമ്പ്രദായത്തില്‍ തുടര്‍ന്ന് കാലിക പ്രസക്തമായ പഠന രീതികളിലൂടെ പഠിതാക്കളെ പ്രതിഭകളാക്കുകയാണ് ഇവിടത്തെ പദ്ധതി. പിന്നെ യുജിസിയുടെ പതിവു നിഷ്കര്‍ഷകള്‍ക്കും നിയമങ്ങള്‍ക്കും കലാമണ്ഡലത്തില്‍ പ്രത്യേക ഇളവുകള്‍ നല്‍കിയിട്ടുണ്ട്. യുജിസി കലാമണ്ഡലത്തിനു 12 ബി സ്റ്റാറ്റസ് നല്‍കിയിട്ടുണ്ട്- യുജിസി നേരിട്ടു സാമ്പത്തിക സഹായം നല്‍കും, കൂടാതെ ഇവിടെ പരിശീലിപ്പിക്കുന്ന രംഗകലയുടെ ദേശീയ നോഡല്‍ ഏജന്‍സിയാക്കിയിട്ടുണ്ട് കലാമണ്ഡലത്തെ.


കലയുടെ ജനകീയവല്‍കരണത്തി ന്‍റെ ഇക്കാലത്ത് പരമ്പരാഗത രീതി കള്‍ക്കു പ്രസക്തി കുറയുന്നുണ്ടോ?

സംസ്കാരത്തിന്‍റെ പ്രധാന ചാലകശക്തിയാണു കല. കലയില്‍ ഭാഷയും നൃത്തവും വാദ്യവും എന്നു വേണ്ട മനസിനെ ഹരം പിടിപ്പിക്കുന്ന എന്തും വരും. ആ കലയുടെ ചൈതന്യത്തിനുശോഷണം സംഭവിക്കരുത്. കലാകാരനും ആസ്വാദകനും തമ്മിലുളള ഏക വ്യത്യാസം ആസ്വാദകനേക്കാള്‍ സര്‍ഗശേഷി കലാകാരനുണ്ട് എന്നതുമാത്രമാണ് എന്നെനിക്കു തോന്നുന്നു. പക്ഷേ സമൂഹം ആഗ്രഹിക്കുന്നത് നിലവാരം താണതാണെങ്കില്‍ അതേ കലാകാരനില്‍നിന്നും ഉണ്ടാകൂ.

കലാമണ്ഡലത്തില്‍നിന്ന് മികച്ച പ്രതിഭകള്‍ ഇപ്പോള്‍ ഉണ്ടാകുന്നില്ല എന്ന ആക്ഷേപം ഉണ്ടല്ലോ?

അങ്ങനെയല്ല. ഇന്നും ധാരാളം പ്രതിഭകളുണ്ടാകുന്നുണ്ട്. പണ്ട് കലാകാരന്മാരുടെ എണ്ണം കുറവായിരുന്നതിനാല്‍ പലരും ശ്രദ്ധിക്കപ്പെട്ടു. 

മറ്റു കോഴ്സുകള്‍ക്ക് പ്രവേശനം കിട്ടാത്തവരുടെ അഭയസ്ഥാനമാണ് കലാമണ്ടണ്ഡലം എന്ന ആക്ഷേപമോ?

അങ്ങനെ ഞാന്‍ പറയില്ല. അറിയാവു ന്നവര്‍ പറയില്ല. കലയോടു പ്രിയമുളളവര്‍തന്നെയാണ് ഇവിടെ പ്രവേശനം നേടുന്നത്. 200-ന് അടുത്തുവരുന്ന അദ്ധ്യാപക-അനദ്ധ്യാപക സംഘത്തിന്‍റെ ആത്മാര്‍ത്ഥമായ ശ്രമങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്കു ലഭ്യമായ എല്ലാസഹായവും സഹകരണവും നല്‍കുന്നുണ്ട്. പല വിദ്യാര്‍ത്ഥികളും അതുവിനിയോഗിക്കുന്നുണ്ട്. പഠിതാക്കളുടെ അഭ്യാസമാണു മുഖ്യം. കഠിനമായ നിരന്തരമായ അഭ്യാസം ആവശ്യമാണ്. പലരും അതിനു തയ്യാറാണ്. 

അന്യസംസ്ഥാനങ്ങളില്‍നിന്നും അന്യരാജ്യങ്ങളില്‍നിന്നുമുളള വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്. അവര്‍ കലാമണ്ഡലം എന്ന ലേബലിനു വേണ്ടി മാത്രം വരുന്നതാണോ?

അല്ല. ഒരിക്കലുമല്ല. അവര്‍ ഓരോരുത്തരും നിശ്ചയമായും കലാമണ്ഡലത്തിന്‍റെ അംബാസഡര്‍മാരാണ്. അവര്‍ അവരവരുടെ നാട്ടിലെ കലകളെക്കുറിച്ച് പഠിച്ചുവരുന്നവരാണ്. ഇവിടെ പഠിക്കുന്ന കാര്യങ്ങളുമായി അവര്‍ സ്വന്തം നാട്ടിലെ കലകളെ താരതമ്യം ചെയ്യുന്നു. രണ്ടര വര്‍ഷം കൊണ്ടു പഠിക്കേണ്ടത് അവര്‍ വെറും എട്ടുമാസംകൊണ്ടു പഠിച്ചു തീര്‍ക്കുന്നു. അവര്‍ കാണിക്കുന്നത്ര ആത്മാര്‍ത്ഥതയും അര്‍പ്പണവും നമ്മുടെ നാട്ടിലെ കുട്ടികള്‍ എല്ലാവരും കാണിക്കുന്നില്ലെന്നു ചില അദ്ധ്യാപകര്‍തന്നെ അഭിപ്രായപ്പെട്ടിട്ടുണ്ട്.


പിന്നെ കലാമണ്ഡലം എന്ന ലേബലിന്‍റെ കാര്യം- അതെ, അതൊരു നല്ല ബലാണ്. പക്ഷേ സ്ഥാപനത്തോടുളള പ്രതിബദ്ധതകൂടി അത് ആവശ്യപ്പെടുന്നുണ്ട്. ലേബല്‍ കിട്ടിയതുകൊണ്ടായില്ല, അര്‍പ്പണം കൂടി കല ആവശ്യപ്പെടുന്നുണ്ട്. എങ്കിലേ ലേബല്‍കൊണ്ടു പ്രയോജനമുളളു. സ്ഥാപനവുമായി, പഠന വിഷയവുമായി താദാത്മ്യം പ്രാപിക്കണം.


കലാമണ്ഡലത്തെക്കുറിച്ച് മുമ്പ് പല ആക്ഷേപങ്ങളും അപഖ്യാതികളും ഉണ്ടായിരുന്നു. താങ്കള്‍ ചുമതലയേറ്റിട്ട് ഒരു വര്‍ഷമാകുന്നു ?

ഇല്ല. ഒമ്പതുമാസമായി ഞാന്‍ വന്നിട്ട്. ഇവിടത്തെ തന്നെ പല ജീവനക്കാരും പറയുന്നു, ഇപ്പോള്‍ കലാമണ്ഡലം ശരിയായ ദിശയില്‍ നല്ല നിലയില്‍ പോകുന്നുവെന്ന്. പക്ഷേ, ഞാന്‍ പറയുന്നു, കലാമണ്ഡലത്തിന്‍റെ സാധ്യതയില്‍ പത്തു ശതമാനംപോലും വിനിയോഗിക്കാന്‍ കഴിഞ്ഞിട്ടില്ല. പിന്നെഎന്നെക്കുറിച്ചു നല്ലതു പറയുന്നത് മുന്‍ഗാമികള്‍ എന്നേക്കാള്‍ മോശമായിരുന്നുവെന്ന് ഈ പറയുന്നവര്‍ക്കു തോന്നിയിട്ടാവണം. ഞാന്‍ വന്ന ശേഷം വിസിയും സെക്രട്ടറിയും രജിസ്ട്രാറും തമ്മിലെല്ലാം സംസാരിക്കാന്‍ തുടങ്ങിയെന്നാണ് പലരും പറയുന്നത്. 

കലാരംഗം ഇന്നു നേരിടുന്ന പ്രതിസന്ധിയെന്താണെന്ന് തോന്നുന്നു?

വാസ്തവത്തില്‍ പ്രതിസന്ധി മനുഷ്യനാണ്, കലയ്ക്കല്ല. ഇന്ന് എല്ലാം ലാപ്ടോപ്പിലും ഇന്‍റര്‍നെറ്റിലും ഉണ്ടെന്നാണ് പലരുടെയും തെറ്റിദ്ധാരണ. മനുഷ്യന്‍ഇല്ലാതാകുന്നു, എല്ലാം പ്രൊഫഷണലുകളാണ്. പ്രൊഫഷണലുകള്‍ക്ക് പല മുഖങ്ങളാണ്. മനുഷ്യന് അതില്ല. എന്‍റെ കുടുംബത്തില്‍ ഒരു ഡോക്ടറുണ്ട്, എഞ്ചിനീയറുണ്ട് എന്നാണ് പലരും മക്കളെക്കുറിച്ചു പോലും പറയുന്നത്. ഫ്രിഡ്ജുണ്ട്, ടിവി ഉണ്ട് എന്നു പറയും പോലെ. മനുഷ്യര്‍ വീടുകളില്‍ ഒരു ഉല്‍പ്പന്നമോ ഉപകരണമോ ആണ്. ഇത് അപകടമാണ്. വീട്ടിലെ മുത്തശ്ശിയെയും മുത്തച്ഛനേയും വിശേഷ ദിവസങ്ങളില്‍ പ്രദര്‍ശിപ്പിക്കാനുളള പൈതൃക വസ്തുവാണ് പലര്‍ക്കും. സാധാരണ ദിവസങ്ങളില്‍ അവരെ നോക്കുന്നത് ഹോം നഴ്സുകളാണ്. ഈ മനസ്ഥിതി കലയിലേക്കും സംക്രമിക്കുന്നു. കലയെന്നാല്‍ കച്ചവടച്ചരക്കോ വിപണനവസ്തുവോ ആയി മാറിയിരിക്കുന്നു. അതില്‍ കലാകാരന്മാര്‍ വീണു പോകരുത്.