Thursday, November 18, 2010

ഈ തമാശകള്‍ക്കിടയില്‍ എനിക്കും കിട്ടി ലൈസന്‍സ്




അങ്ങനെ എനിക്കും കിട്ടി ഒരു ലൈസന്‍സ്. ഇരു-ചതുഷ്ചക്ര വാഹനങ്ങള്‍ ഓടിക്കാനുള്ള നിയമപരമായ അവകാശം. ഒട്ടേറെ കടമ്പകള്‍ കടന്ന് പ്രായത്തില്‍ ഇതിനു തുനിഞ്ഞത് അക്കാര്യത്തില്‍ മോശക്കാരനാണെന്ന അയോഗ്യത വേണ്ടെന്നു കരുതിയാണ്. പരിശീലനം, പരീക്ഷ, പരീക്ഷണം, പ്രാര്‍ത്ഥന.... എന്തായാലും ഇനി വഴിനടക്കുന്നവര്‍ക്കും വാഹനമോടിക്കുന്നവര്‍ക്കും ഒരാളെക്കൂടി പേടിക്കണം എന്നായി സ്ഥിതി എന്നു ചുരുക്കം.
ഏതാണ്ടു മൂന്നു മാസത്തെ പരിശീലനത്തിനിടെ ഒട്ടേറെ രസകരമായ അനുഭവങ്ങള്‍, കഥകള്‍.. ചിലതു പങ്കുവെക്കാമെന്നു തോന്നുന്നു.. ..
മാഷിന്റെ വകയാണേറെയും--
ആദ്യത്തെ ദിവസം വണ്ടിയെക്കുറിച്ച് എന്തെങ്കിലും അറിയുമോ എന്നു ചോദ്യം- ഇല്ല എന്നു മറുപടി. നമ്മള്‍ വണ്ടി ഓടിക്കുകയാണ്. നമ്മള്‍ വണ്ടിക്കുള്ളിലാണ്. യന്ത്രമാണ് വണ്ടി ഓടിക്കുന്നത്. മുന്നോട്ടു പോകാനും നിര്‍ത്താനും ആണു നമ്മുടെ അദ്ധ്വാനം വേണ്ടത്. റോഡു മര്യാദകള്‍ സംബന്ധിച്ച പാഠങ്ങള്‍ എത്ര പഠിച്ചാലും വണ്ടിയോടിക്കാന്‍ ചില സ്കില്ലൊക്കെ വേണം- അങ്ങനെ വാക്പാഠങ്ങള്‍. പിന്നെ ചില പ്രയോഗ പാഠങ്ങള്‍.
മൂന്നാമത്തെ ക്ളാസില്‍ വണ്ടി അങ്ങനെ പോകുമ്പോള്‍ മാഷ്- എങ്ങനെയുണ്ട്, ഇപ്പോള്‍ ഓടിക്കാമെന്നൊക്കെ ഒരു ധൈര്യം വന്നില്ലെ? ഞാന്‍- മാഷു കൂടെയിരുന്നു ബ്രേക്കും ആക്സിലേറ്ററും ചവിട്ടുകയും സ്റ്റിയറിംഗ് നിയന്ത്രിക്കുകയും ചെയ്താല്‍ കാഷ്മീരുവരെയും പോകാം മാഷേ. അപ്പോള്‍ മാഷ്- ങ്ഹാ.. അപ്പോള്‍ സംഗതിയറിയാം അല്ലേ. രണ്ടാമത്തെ ദിവസം ചിലവാരടെ വിചാരം അവരുടെ കാലിലാ വണ്ടിയോടുന്നതെന്നാ.. അങ്ങനെയിരിക്കെ മുന്നില്‍ ബസ് നിര്‍ത്തി. പിന്നില്‍ മറ്റൊരു വണ്ടി. മാഷ് പറഞ്ഞു, ചവിട്ടൂ ബ്രേക്ക്.. ഞാന്‍ ചവിട്ടി. വണ്ടി നിന്നില്ല. ഞാന്‍ ചുണ്ടുകടിച്ചു ബ്രേക്ക് ചവിട്ടി നോക്കി. വണ്ടി നില്‍ക്കുന്നില്ല. കാരണം ക്ളച്ചു ചവിട്ടിയില്ല. മാഷിന്റെ ചോദ്യം- ചുണ്ടുകടിച്ചാല്‍ വണ്ടി നില്‍ക്കുമെന്നാരാ പറഞ്ഞത്. പിന്നെ കുറച്ചു വഴക്ക്. ഞാനൊന്നു ചമ്മിയിരിക്കെ ചില പാഠങ്ങള്‍. ക്ളച്ചിന്റെ പ്രസക്തി. പിന്നെ ഒരു വിശദീകരണം-പറയാറില്ലെ അവന്റെ ബിസിനസ് ക്ളച്ചു പിടിച്ചില്ല, ഒന്നും ക്ളച്ചു പിടിക്കുന്നില്ലഎന്ന്. എന്താ കാരണം, നിര്‍ത്താനും വേഗത കൂട്ടുന്നതിനു ഗിയര്‍മാറ്റാനും ക്ളച്ചാണു പ്രധാനം. പലപ്പോഴും ബ്രേക്കില്‍ കാലു വെക്കാതെ വണ്ടി ഓടിക്കാന്‍ പറ്റും. അതാണു ക്ളച്ച്. മറ്റൊരിക്കല്‍ ക്ളച്ചില്ലാതെ ബ്രേക്കു ചവിട്ടിയപ്പോള്‍ മാഷിന്റെ ചോദ്യം- അല്ലാ രണ്ടു കാലും ഒരേ അരയില്‍നിന്നു തന്നെയല്ലേ. അതോ ഒന്നിനു പോളിയോ വരാറുണ്ടോ ഇടയ്ക്ക്?
അങ്ങനെയിരിക്കെ മറ്റൊരു മാഷിന്റെ ശിഷ്യന്‍ പതിവില്ലാതെ എന്റെ പതിവു മാഷിന്റെ വണ്ടിയില്‍ പരിശീലനത്തിനു കേറിക്കോട്ടെ എന്നു ചോദിച്ചു. ആയിക്കോട്ടെ. ഒരു സ്കൂളിന്റെ വണ്ടി. ആരെ പഠിപ്പിച്ചാലും ഒരേ പാഠം. പിന്നെയെന്താ കേറിക്കോ എന്നു മാഷ്. അങ്ങനെ പുതിയ ആള്‍ കയറിയ വണ്ടി ഓടിക്കൊണ്ടിരിക്കെ ഒരു ബമ്പ്. മാഷ് പതിവുപോലെ പതിഞ്ഞ ശബ്ദത്തില്‍ പറഞ്ഞു, ആക്സിലേറ്റര്‍ വേണ്ട. പതുക്കെ പോകട്ടെ. ശിഷ്യന്‍ വണ്ടി ബമ്പില്‍ കയറ്റി ഒറ്റ ചാടിക്കല്‍. അപ്രതീക്ഷിതമായി കിട്ടിയ ചാട്ടത്തില്‍ മാഷിന്റെ തല വണ്ടിയുടെ മച്ചില്‍ ഇടിച്ചു. ഈശോയെ എന്നൊരു വിളി. പിന്നെ കുറച്ചു നേരം തിരുമ്മി. കനത്ത നിശബ്ദത. ഒരു ഷോര്‍ട് ബ്രേക്കിനു ശേഷം മാഷിന്റെ ചോദ്യം- താനിന്നു യാദൃച്ഛികമായി വന്നതാണോ അതോ മറ്റേ അവന്‍ (മാഷ്) പറഞ്ഞുവിട്ടതാണോ. വണ്ടിയില്‍ തമാശ കേട്ടിട്ടും കനത്ത നിശബ്ദത. അപ്പോള്‍ മാഷ്- ഒന്നു ചിരിക്കെന്റെ പിള്ളാരെ. ദേഷ്യവും വേദനയും പോകട്ടെ. ഹഹഹഹഹഹ
വണ്ടി റോഡില്‍ ഓടിക്കാനായി എന്നു മാഷ് വിശ്വാസം പറഞ്ഞ ദിവസമാണതു സംഭവിച്ചത്- അങ്ങനെ പോകുകയാണ്, എറണാകുളത്തെ തിരിക്കില്‍. ബൈപാസിലൂടെ ചീറിപ്പായുന്നു ലോറികളും സ്വകാര്യ ബസുകളും. എറണാകുളത്തെ വണ്ടിവേഗതയെക്കുറിച്ച് നാട്ടുകാരനായ ബാലചന്ദ്രന്‍ ചുള്ളിക്കാടു പാടിയതാണ് ശരി. മരണ വേഗത്തിലോടുന്ന വണ്ടികള്‍, നഗരവീഥികള്‍ നിത്യ പ്രയാണങ്ങള്‍.. അതിനിടയിലാണ് എല്‍ എന്നൊരു ബോര്‍ഡും വെച്ച് ഡ്രൈവിംഗ് സ്കൂളിന്റെ പേരും, ഡ്രൈവിംഗ് പഠിപ്പിക്കുന്നു വേഗത കുറച്ചു പോകുക എന്ന മുന്നറിയിപ്പും ഒക്കെയായി കൊച്ചു കുട്ടികള്‍ നടക്കാന്‍ തുടങ്ങുന്നതു പോലെ വണ്ടിയോടിക്കുന്നത്. അപ്പോള്‍ ഒരു ബൈക്ക് യാത്രക്കാരന്‍ ഹോണും അടിച്ച് ഒവര്‍ടേക്ക് ചെയ്തു പോകുംവഴി സൈഡു ചേര്‍ന്നു പോടോ ഇല്ലെങ്കില്‍ പേസ്റ്റാകും എന്ന് ആക്രോശിച്ചത്. അപ്പോള്‍ ആശാന്റെ വിശദീകരണം- അവന്റെ വീറിനു കാര്യമുണ്ട്. പിറകില്‍ പൊണ്ടാട്ടി ഇരിക്കുന്നതുകൊണ്ടുള്ള അസുഖമാ. അതങ്ങനെയാ. നിങ്ങള്‍ക്കിപ്പോള്‍ ഒരു ദേഷ്യമൊക്കെ വന്നില്ലേ. പഠിച്ച് വലിയ വണ്ടിയൊക്കെ ഓടിക്കുമ്പോള്‍ ഇപ്പം കിട്ടിയത് ആര്‍ക്കെങ്കിലും കൊടുത്താല്‍മതി. റാഗിംഗ് പോലെ... അങ്ങനെ പോകവേ പിന്നില്‍ വലിയ ഹോണടി. വണ്ടി ഇടത്തേക്കു തിരിക്കുമ്പോള്‍ മാഷിന്റെ ഉപദേശം, അത്രയ്ക്ക് അങ്ങോട്ടു പോകണ്ട. അവന്‍ ഹോണടിക്കട്ടെ. ഞാന്‍ സൈഡ് മിററില്‍ കാണുന്നു ചുവന്ന സ്വകാര്യ ബസിന്റെ പേടിപ്പിക്കുന്ന മുഖം കണ്ടു. അതില്‍ മുമ്പു വായിച്ചിട്ടുണ്ട് കണ്ണാടിയില്‍ കാണുന്നതിനേക്കാള്‍ അടുത്താണ് ഇതില്‍ കാണുന്ന വണ്ടിയെന്ന്. ഉള്ളൊന്നു പിടഞ്ഞു. പിന്നെ മാഷിന്റെ ഉപദേശം കേട്ടു. സ്വകാര്യ ബസ് കടന്നു പോയി- ഞങ്ങടെ വണ്ടിയുടെ സൈഡ് മിററും കൊണ്ട്. മാഷ് പറഞ്ഞു: പുതിയൊരു പാഠം- വണ്ടിയിലിരുന്നു പലരും പലതും പറഞ്ഞെന്നിരിക്കും. വണ്ടി ഓടിക്കുന്നവരുടെ കയ്യിലാ സ്വന്തം ജീവനും അതിലിരിക്കുന്നവരുടെ ജീവനും. ഇപ്പോള്‍ കണ്ണാടിയേ പോയുള്ളു, മേലില്‍ സൂക്ഷിക്കുക.

അങ്ങനെ ലേണേഴ്സ് ടെസ്റ്റു ദിവസം, അതു പാസായി. ഉച്ചയോടെ ആര്‍ടിഒ ഓഫീസില്‍നിന്ന് മടങ്ങുമ്പോള്‍ മാഷിനോടു പറഞ്ഞു, ഉച്ചയായില്ലേ, നമുക്ക് ഊണുകഴിഞ്ഞു പോയാലോ, ഏതെങ്കിലും ഹോട്ടലിനു മുന്നില്‍ നിര്‍ത്തണം മാഷേ. മാഷാണു വണ്ടി ഓടിക്കുന്നത്. . . മാഷു വേഗം ഓടുന്ന വണ്ടി ചവുട്ടി നിര്‍ത്തി. നമുക്ക് എന്നാല്‍ ഇവിടെനിന്നെങ്ങാനും കഴിച്ചാലോ. അവിടേക്കു പോയാല്‍ തിരിക്കിനിടയില്‍ പാര്‍ക്കിംഗ് ബുദ്ധിമുട്ടാകും. ഞാനൊന്നമ്പരന്നു.. ഡ്രൈവിംഗ് പഠിപ്പിക്കുന്ന മാഷാണ് ഇങ്ങനെ പറയുന്നത്. അപ്പോള്‍ എനിക്ക് എന്താ ഇദ്ദേഹത്തില്‍നിന്നു പഠിക്കാന്‍. തിരക്കുള്ള സ്ഥലങ്ങളില്‍ പാര്‍ക്കിംഗ് പറ്റില്ലെന്നാണോ. ഇതൊക്കെ എന്റെ മനസില്‍ വന്നുവെന്ന് എന്റെ നിശബ്ദതകൊണ്ടു മനസിലായതുപോലെ മാഷിന്റെ വിശദീകരണം- അതേ, ഡ്രൈവിംഗ് സ്കൂളിന്റെ വണ്ടി കണ്ടാല്‍തന്നെ പലര്‍ക്കും ഒരു പുച്ഛമാ. ഇവനൊക്കെ ഇത്തരം വണ്ടികളിലോടിച്ചാ പണി പഠിച്ചതെങ്കിലും അതൊക്കെ മറക്കും. പിന്നെ വണ്ടി ആശാനോടിച്ചാലും ശിഷ്യാരോടിച്ചാലും അവര്‍ക്ക് എല്ലാം പഠിക്കുന്ന പിള്ളാരെന്ന ഭാവമാ. ഞാന്‍ ആശാനാണെന്നൊന്നു അവര്‍ക്കു തോന്നില്ല. എന്തിനാ വെറുതേ നിങ്ങടെ മുന്നില്‍ നാണം കെടുന്നത്..അതുകൊണ്ടാ... അതാ.... ഹാവൂ.. .. സമാധാനമായി.. ..ഞാന്‍ വെറുതേ മാഷിനെ തെറ്റിദ്ധരിച്ചു.. .. ..

വണ്ടി പിന്നിലേക്ക് ഓടിക്കാനും പുതിയ ഭാഷയില്‍ പറഞ്ഞാല്‍ ഒടിക്കാനും വൈഭവം ഇല്ലെങ്കില്‍ ഡ്രൈവിംഗ്കൊണ്ടു കാര്യമില്ല. അങ്ങനെയാണ് എച്ച് ക്ളാസിനെത്തിയത്. നാലു ചക്രവാഹനം ഇംഗ്ളീഷിലെ എച്ച് എന്ന അക്ഷരം പോലുള്ള ആകൃതിയില്‍ ഓടിച്ച് കാണിക്കുകയാണല്ലോ സംഗതി. ടൂവീലറിന് 8 ക്ളാസാണ്. അതോ 88 ആണോ. എന്തായാലും വലത്തോട്ടും ഇടത്തോട്ടും എട്ടു മാതൃകയില്‍ വണ്ടി ഓടിച്ചു കഴിഞ്ഞ് കാറിന്റെ എച്ചിനു ചെന്നപ്പോള്‍ മാഷിന്റെ ചോദ്യം, ഇനി കാറിന്റെ എട്ടെടുക്കാം അല്ലേ. മാഷിനു പറ്റിയ തെറ്റു തിരുത്തും പോലെ പറഞ്ഞു-അല്ല മാഷേ കാറിന് എട്ടല്ലല്ലോ എച്ച് അല്ലേ... ഉടനെ വന്നൂ മറുപടി. സാറേ, ഇതാണു പറയുന്നത് നിങ്ങള്‍ക്ക് ഒന്നുമറിയാന്‍ യ്യന്ന്. അക്കത്തിലെ എട്ടാണ് അക്ഷരത്തിലെ എച്ച്. ഒന്നെണ്ണി നോക്കിക്കേ... -1, ബി-2,സി-3, ഡി-4, -5, എഫ്-6,ജി-7,എച്ച്-8... .. ഠിം... .. .. .. അങ്ങനെ പുതിയ പാഠവും പഠിച്ച് വണ്ടി പിന്നിലേക്കും മുന്നിലേക്കും ഓടിച്ച് വണ്ടികൊണ്ട് എച്ച് വരച്ച് (ഇതിനേക്കാള്‍ എളുപ്പമാണ് മൂക്ക്കൊണ്ട് ക്ഷ വരയ്ക്കാന്‍) അവിടവിടെ കുത്തി നിര്‍ത്തിയിരുന്ന കമ്പികളില്‍ മുട്ടാതെ വിജയീഭാവത്തില്‍ വണ്ടിയില്‍നിന്നിറങ്ങിയപ്പോള്‍ മാഷിന്റെ കമന്റ്- അങ്ങനെ റിവേഴ്സും പഠിച്ചു. ഇനി ലൈസന്‍സ് കിട്ടും. പേടിക്കണ്ട. ഞാന്‍ ഒന്നാശ്വസിച്ചു. അപ്പോള്‍ മാഷ് വീണ്ടും.. .. .. അല്ല മാഷ് വീടു വെച്ചോ? മറുപടി- വെച്ചു. കാര്‍പോര്‍ച്ചു കെട്ടിയോ? -കെട്ടി. അയ്യോ വേണ്ടാരുന്നുവെന്ന് മാഷ്. എന്താ മാഷേ? അതേ ഓലകൊണ്ടു കെട്ടുന്നതായിരുന്നു നല്ലത്. അല്ലെങ്കില്‍ ഇങ്ങനെ റിവേഴ്സ് എടുത്താല്‍ വണ്ടീം പോകും, കാര്‍പോര്‍ച്ചും പോകും.. . . കൂട്ടച്ചിരിയ്ക്കിടയില്‍ ഞാന്‍ നോക്കുമ്പോള്‍ നേരേ കിടക്കേണ്ട വണ്ടി ഞാന്‍ നിര്‍ത്തിയിട്ടിരിക്കുമ്പോള്‍ കിടക്കുന്നത് കുറുകെ.. . . ഹഹഹഹ

ഒന്നിലേറെ മാഷാരുണ്ട്. ടീച്ചറും. വണ്ടികള്‍ ചിലത് പഴയത്. ഒരാളുടെ വിദ്യാര്‍ത്ഥിയെ മറ്റേയാള്‍ എച്ച് പഠിപ്പിക്കുമ്പോള്‍ മാഷിന്റെ ഡ്രൈവിംഗ് പരിശീലന രീതിയെ കുറ്റപ്പെടുത്തും. തിരിച്ചും.. .. .. അങ്ങനെ ഇവര്‍ ശിഷ്യാരുടെ മുന്നില്‍ സ്കോര്‍ ചെയ്യാന്‍ കിട്ടുന്ന അവസരം വിനിയോഗിക്കുകയും ചെയ്യും. അതിനു സ്ഥലകാലമൊന്നും നോട്ടമില്ല. ചിലപ്പോള്‍ പരസ്പര മര്യാദ ലംഘിക്കപ്പെടുന്നുവെന്നും തോന്നും...
അങ്ങനെ ഡ്രൈവിംഗ് ടെസ്റ്റ് വന്നു.. കടുത്ത ടെന്‍ഷന്‍. കാലത്തേ പോയി ക്യൂ നിന്നു. പെണ്‍ പഠിതാക്കള്‍ക്ക് ഒരു ടീച്ചര്‍ ഉണ്ട്. ഒരുശിഷ്യക്കു ഭയങ്കര ടെന്‍ഷന്‍... ടീച്ചറേ ഞാന്‍ പാസാകുമോ. അപ്പോള്‍ ടീച്ചറിന്റെ മറുപടിച്ചോദ്യം.. കൊച്ചു തോറ്റാല്‍ പിന്നെ ഞാനെന്തിനാ സാരിയുമുടുത്തിവിടെ നില്‍ക്കുന്നത്? ഉടനെ വന്നു ഒപ്പം നിന്ന മാഷിന്റെ കമന്റ്- കൊച്ചേ.. എങ്ങനെയെങ്കിലും ജയിക്കണേ.. അല്ലെങ്കില്‍ നമ്മുടെ ആകെ മാനം പോകും.. ടീച്ചര്‍.. സാരി.. ഹഹഹഹഹ കൂട്ടച്ചിരി. എല്ലാവര്‍ക്കും ടെന്‍ഷന്‍ മാറി.

അങ്ങനെ ടെസ്റ്റ് കഴിഞ്ഞു. വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ അദ്ദേഹത്തിന്റെ വാഹനത്തിലിരുന്ന് എന്റെ പേപ്പറൊക്കെ നോക്കിക്കൊണ്ടിരിക്കുമ്പോള്‍ ഒരു വിദ്യാര്‍ത്ഥിനി 8 എടുത്ത ടൂ വീലര്‍ കമ്പിക്കു പുറത്തുകൂടിയാണ് കടന്നു പോയത്. എന്റെ പേപ്പറൊക്കെ നോക്കുമ്പോള്‍ തന്റെ അബദ്ധം കണ്ടില്ലെന്ന വിശ്വാസത്തില്‍ കുട്ടി വന്നു നിന്നു. ഉദ്യോഗസ്ഥന്‍ ചോദിച്ചു. പാസായോ? കുട്ടിയുടെ മറുപടി- ഞാന്‍ കാലുകുത്തിയില്ല. അതല്ല താന്‍ പാസായോ എന്നു വീണ്ടും. ഇല്ല സാര്‍ ഞാന്‍ കാലുകുത്തിയില്ല എന്നു കുട്ടി. പിന്നെ താനെന്തിനാ കമ്പിക്കു പുറത്തുകൂടി പോയത് എന്നദ്ദേഹം. അയ്യോ. അതു ഞാന്‍ അകത്തൂടെ എടുത്താല്‍ കമ്പിയില്‍ മുട്ടുമെന്നു കരുതി എടുത്തതാ എന്നു കുട്ടി ചിണുങ്ങി. ഉദ്യോഗസ്ഥന്റെ പ്രസംഗം- മോളേ അതു കമ്പിയല്ല കാണയാണെങ്കിലോ? തന്റെ ഷേപ്പും മാറും വണ്ടീടെ കാറ്റും പോകും. പിന്നെ കമ്പിക്കു പകരം ആളാണെങ്കിലോ. അവരുടെ കാറ്റും പോകും. ഞാനെന്താ വണ്ടിക്കുള്ളില്‍നിന്നു പുറത്തിറങ്ങാത്തത്. എനിക്കറിയാം ഓടിക്കുന്നവരൊക്കെ മിടുക്കാരാ. കമ്പിയുടെ അുത്തെങ്ങാനും നിന്നാല്‍ എന്റെ മക്കള്‍ക്ക് അപ്പനില്ലാതാകും. അതുകൊണ്ട് മോള്‍ അടുത്ത തവണ ഒന്നുകൂടി വാ. എട്ടും പൊട്ടുമൊക്കെ ഒന്നു തിരിയട്ടെ... സങ്കടപ്പെട്ടു കുട്ടി പോയപ്പോള്‍ ബാക്കി കമന്റ് പഴയ സിനിമാ പാട്ടു മുഴുവന്‍ പാടാന്‍ വയ്യ.. പാവാടക്കാരില്ലല്ലോ ഇപ്പോള്‍ ചുരീദാറല്ലേ. ( അന്നു നിന്റെ നുണക്കുഴി തെളിഞ്ഞിട്ടില്ല. . . .എട്ടും പൊട്ടും തിരിയാത്ത. . . ) എന്ന പാട്ടിന്റെ ബാക് ഗ്രൌണ്ടു കേട്ടപോലെ. . ..

ടെസ്റ്റു പാസായി മടക്കയാത്രയില്‍ പഴയ കഥകള്‍ പറയുകയാണ് മാഷ്. ഒരിക്കല്‍ മാഷ് പഠിപ്പിച്ച ഒരു ശിഷ്യന്‍ 10 ക്ളാസ് കഴിഞ്ഞിട്ടും ക്ളച്ചു ചവിട്ടാതെ വണ്ടി ഗിയര്‍മാറ്റി. അതും വലിയ തിരക്കുള്ള റോഡില്‍. അാഷിനു ദേഷ്യം വന്നുവത്രേ. പെട്ടെന്ന് എന്താ കാണിക്കുന്നതെന്നു ചോദിച്ച് ഒറ്റയടി കൊടുത്തു ഗിയറില്‍ വെച്ചിരുന്ന കയ്യില്‍. പിന്നെ മാഷിനു പശ്ചാത്താപം. കുറച്ചു കഴിഞ്ഞു ക്ഷമ പറഞ്ഞു. അപ്പോള്‍ മധ്യവയസ്കനായ വിദ്യാര്‍ത്ഥി പറഞ്ഞുവത്രേ-അതു സാരമില്ല എന്ന്. അടുത്തപടിയായി മാഷ് ചോദിച്ചുവത്രേ- സാറിന് എന്താണു ജോലിയെന്ന്. മറുപടി-ഹൈക്കോടതിയിലാ. ഹൈക്കോടതിയില്‍ ഏതു സെക്ഷനിലാ? മറുപടി- ഞാന്‍ ജഡ്ജാ. ഠിം. മാഷിന്റെ വിവരണം ഇങ്ങനെ- എന്റെ കാല്‍ സഡന്‍ ബ്രേക്കില്‍. രണ്ടു കയ്യും കൂട്ടി തൊഴുതു പറഞ്ഞുപോയി-എന്നെ ശിക്ഷിക്കല്ലേ എന്ന്. അപ്പോള്‍ ജഡ്ജ്-അതു സാരമില്ല, ഇപ്പോള്‍ ഞാന്‍ ജഡ്ജല്ല, വണ്ടി ഓടിക്കാന്‍ പഠിക്കുന്നയാളാ. മാഷ് അദ്ധ്യാപകന്‍. തെറ്റു ചെയ്താല്‍ കുട്ടികളെ ശിക്ഷിക്കണം. എങ്കിലേ നേരേയാകൂ. അാഷ് തുടരുന്നു- സമാധാനമായി. അതു തമാശയും ഗൌരവവും എല്ലാം ചേര്‍ന്ന ഒരു അനുഭവമായി. അന്നു മുതല്‍ ഞാന്‍ ആരേയും ചീത്തപോലും പറയില്ല. ആര്‍ക്കറിയാം പഠിക്കാന്‍ വരുന്നവര്‍ ആരാണെന്ന്. എന്റെ ഡ്രൈവിംഗ് മാഷാരെല്ലാം തമാശക്കാരായത് ഇത്തരം അനുഭവങ്ങള്‍കൊണ്ടാകാം. എന്നാലും ഡ്രൈവിഗ് ഒരു തമാശയായി കാണുന്നില്ല ഞാന്‍. കീ കീ കീ ഇടതും വലതും നോക്കി ഫുട്പാത്തില്‍ കൂടിത്തന്നെ പോകണേ. . . ഹോണടിക്കുന്ന ഒരു വണ്ടി ഓടിക്കുന്നത് ഞാനായിരിക്കും.. . . സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ടല്ലോ. . . .


Friday, November 12, 2010

ചൂട്ടു കത്തിച്ച വെളിച്ചം


ചൂട്ടു കത്തിച്ച വെളിച്ചം


നേരം പുലരുന്നു.. ആദ്യത്തെ ബോട്ടില്‍ തിരിച്ചു പോരണം. തലേന്നു രാത്രി വൈകിയാണ് തറവാട്ടിലെത്തിയത്.മഴ. സുഖമുള്ള മഴ. വെള്ളത്തില്‍ മഴപെയ്യുന്നത് നോക്കിയിരിക്കാന്‍ രസമാണ്. അങ്ങോട്ടുള്ള യാത്രയും ബോട്ടിലായിരുന്നു. അന്തര്‍വാഹിനിയില്‍ ഇങ്ങനെയാവണം-വെള്ളത്തിലൂടെ, മഴയിലൂടെ ബോട്ടില്‍ പോകുമ്പോള്‍ അങ്ങനെ തോന്നി. നാലുചുറ്റിലും അടിയിലും മുകളിലും
ജലസാന്നിദ്ധ്യം. ചില്ലുജാലകത്തിലൂടെ കാണാം മഴ പെയ്തുകൊണ്ടിരുന്നു. . . .

സമയം പുലര്‍ച്ചെ നാലര. അടുത്തുള്ള അമ്പലത്തില്‍ പള്ളിയുണര്‍ത്തല്‍ കൊട്ട്. പണ്ടു നടന്ന വഴികള്‍.. അന്നു പാതിരാവിലും കറുത്തവാവിലും നടക്കുമായിരുന്നു, തെറ്റാതെ, വീഴാതെ. ഇന്നലെ പക്ഷേ സൂക്ഷിച്ച് അടിവെച്ചടിവെച്ചു നടന്നു.. വീട്ടില്‍നിന്നിറങ്ങുമ്പോള്‍ പെങ്ങള്‍ പറഞ്ഞു, വഴി നീളെ വെള്ളവും കുഴിയുണ്ടാകും. ഇതാ തീപ്പെട്ടി കയ്യില്‍ വെച്ചോളൂ. പുലര്‍ച്ചെ പോകുമെന്നു കേട്ടപ്പോള്‍ അമ്മയും തലേന്നു രാത്രി പറഞ്ഞു, വഴി സൂക്ഷിക്കണം. കുട്ടിക്കാലത്തും ഇതൊക്കെ കേട്ടിരുന്നു. അവരുടെ സങ്കല്‍പ്പത്തിലുള്ള വഴിയിലാണോ നടന്നത്. അറിയില്ല. ഒരിക്കല്‍ ജീവിതയാത്രയെക്കുറിച്ച് പറഞ്ഞപ്പോള്‍ അച്ഛന്‍ പറഞ്ഞു, 80 ശതമാനം വഴിയും ശരിയായി. തെറ്റിയ 20 ശതമാനം ഏതെന്ന് അന്നു ചോദിച്ചില്ല. ചോദിക്കണം…
തീപ്പെട്ടി വേണ്ട മൊബൈല്‍ ഫോണിന്റെ ലൈറ്റുണ്ടെന്ന് പറഞ്ഞുവെങ്കിലും നിര്‍ബന്ധിച്ചു തീപ്പെട്ടി പിടിച്ചേപ്പിച്ചു പെങ്ങള്‍. ഇരുട്ടില്‍ ബോട്ടടുക്കണമെങ്കില്‍ ജെട്ടിയില്‍ നിന്ന് തീപ്പെട്ടി ഉരച്ച് വെട്ടം കാണിക്കണം.
തപ്പിത്തടഞ്ഞ് നദിക്കരയിലൂടെ. പമ്പയുടെ കൈവഴിയാണിത്. കാവാലത്തെത്തുമ്പോള്‍ അവള്‍ക്ക് പൂക്കൈതയാറെന്നാണ് പേര്. മനോഹരി, സുന്ദരി. കണ്‍തുറന്നിട്ടില്ല, അതോ പുലര്‍കാല ധ്യാനത്തിലോ. എന്തൊരു ശാന്തതയാണ് നദി അനുഭവിക്കുന്നത്. ഇടയ്ക്ക് ഏതോ മീന്‍ വെള്ളം കുടിക്കാനോ ഇര പിടിക്കാനോ പൊന്തിവന്ന ശബ്ദം. ഒരു തുഴ വെള്ളത്തില്‍ വീഴുന്ന നേര്‍ത്ത ശബ്ദവും കേള്‍ക്കാനുണ്ട്, വഞ്ചി കാണാനായില്ലെങ്കിലും.. ..
ഓരോന്നു ചിന്തിച്ച് പുഴവക്കിലൂടെ നടന്ന് ബോട്ടുജെട്ടിയിലെത്തി. ആരുമില്ല. പുതിയ പഞ്ചായത്തു സമിതിയുടെ ഭരണം തുടങ്ങിയിട്ടു വേണം സുന്ദരിയാകാന്‍ കാത്തിരിക്കുന്ന തെരുവുവിളക്ക്. അത് ആവുന്നത്ര പ്രകാശത്തില്‍ എന്നെ നോക്കി ചിരിക്കുന്നുവെന്നു തോന്നി. അതോ എന്റെ വേഷം കണ്ട് പരിഹസിച്ചതോ. ഗ്രാമസൌഭാഗ്യങ്ങള്‍ വിട്ട് തിരക്കുകളിലേക്ക് ഓടുന്നതിന്റെ പുച്ഛം. അതല്ലെങ്കില്‍ വല്ലപ്പഴുമെങ്കിലും വന്നുപോകുന്നതിന്റെ സന്തോഷം. . . ആറ്റിലേക്ക് ഇറങ്ങി നില്‍ക്കുന്ന ബോട്ടുജെട്ടിയില്‍ കയറി നിന്നു. ആകാശം, ജലം, ഭൂമി, വായു, പ്രഭാത വെട്ടം.. .. നിശ്ശബ്ദ സംഗമം...പഞ്ചഭൂതങ്ങളുടെ ഉജ്ജ്വല സാന്നിദ്ധ്യത്തില്‍ ആത്മീയ-ഭൌതിക ലയം.. .. ഹൃദയം നനഞ്ഞു.
ഒരു മൂലയില്‍ ഒരു ചൂട്ടുകറ്റ. പകുതി കത്തിത്തീര്‍ന്നത്. എനിക്കുമുമ്പേ ആരെങ്കിലും വന്നുവോ. അതോ തലേന്ന് അവസാനത്തെ ബോട്ടില്‍ വന്നിറങ്ങിയ ആളെ കൂട്ടാന്‍ വന്നവരാരെങ്കിലും കൊണ്ടുവന്നതാകാം. ഗ്രാമത്തിന്റെ ജ്വാല. വന്നിറങ്ങിയ ആള്‍ പരിഷ്കാരത്തിന്റെ ടോര്‍ച്ചോ മൊബൈല്‍ വെട്ടമോ മതിയെന്നു പറഞ്ഞിരിക്കാം. പട്ടണത്തില്‍നിന്നു വന്നയാള്‍ പഴയ ചൂട്ടുകറ്റയുമായി നിന്ന പഴഞ്ചനെ പഴിച്ചിരിക്കാം.. ..
ആ ചൂട്ടുകറ്റ ഒരുപാടൊരുപാട് കാലം പിന്നിലേക്ക് കൊണ്ടുപോയി. ഒരു ചൂട്ടുകറ്റ പിടിച്ചിട്ട് എത്രയോ നാളായി. ഒരു മോഹം തോന്നി- ആരും കാണാനില്ല. ചൂട്ടെടുത്തു. പാതിവെന്ത തല. കമനീയമായ നിര്‍മാണ ഭംഗി. എടുത്തു മണം പിടിച്ചു. തെങ്ങോലയുണങ്ങിയ മധുരം പുരണ്ട മണം. കരിയെടുത്ത് നരകയറിയ മീശയില്‍ പുരട്ടാന്‍ തോന്നി. കരിഞ്ഞ ഈര്‍ക്കില്‍ തുമ്പു ചവയ്ക്കാന്‍ തോന്നി.. .. ഇല്ല. ആരും കാണാനില്ല. കണ്ടാല്‍ എനിക്കു വട്ടാണെന്ന് ചിലപ്പോള്‍ തോന്നും. അവര്‍ നാട്ടുമ്പുറത്തുകാരല്ലേ, മനസില്‍ വച്ചേക്കില്ല. അതു പറഞ്ഞു നടക്കും, ഗ്രാമത്തില്‍ പരത്തും. എനിക്കു ചിരിപൊട്ടി.. .. ..
ചൂട്ടു പഴയതു പലതിലേക്കും കൂട്ടിക്കൊണ്ടുപോയി. സ്വാതന്ത്യ്ര സമരകാലത്തെ കുട്ടനാടന്‍ കഥകളിലേക്ക്. പാര്‍ട്ടി നിരോധിക്കപ്പെട്ട കാലത്ത് സഖാവ് ഇം.എം.എസ് ചൂട്ടുവെളിച്ചത്തില്‍ നടന്ന കഥ. നക്സല്‍ പ്രസ്ഥാനവുമായി കെ. വേണുവും മറ്റും മോസ്കോ ദ്വീപില്‍ ചെന്ന കഥ. അടിയന്തിരാവസ്ഥയില്‍ ജനസംഘക്കാര്‍ പാടം കടന്ന കഥ. മീനാക്ഷിയരയത്തി കൈതോലപ്പായ വില്‍ക്കാന്‍ ചന്തക്കു പോയകഥ. വെള്ളപ്പൊക്കത്തില്‍ ചൂട്ടുമീന്‍ പിടിച്ച കഥ.നീലമ്പേരൂര്‍ പടയണിക്ക് പോയകഥ.. .. അക്കഥയിലെല്ലാം ചൂട്ടിന്റെ വെട്ടവും ചൂടും കരിയും പുകയും നിറഞ്ഞു നിന്നു.
ബോട്ടുവരാറായി. പെങ്ങള്‍ തന്ന തീപ്പെട്ടിയുണ്ട് കയ്യില്‍. മഴ നനഞ്ഞ ചൂട്ടു കത്തിച്ചു നോക്കിയാലോ. ഒന്നു പരീക്ഷിച്ചു. അകലെ ബോട്ടിന്റെ ഇരമ്പം. തീപ്പെട്ടിക്കൊള്ളികള്‍ എട്ടോ ഒമ്പതോ പാഴായി. ഇനി രണ്ടെണ്ണം ബാക്കി. ഭാഗ്യം പരീക്ഷിക്കണോ. ഒന്നുകൂടി. ഇല്ല തീപിടിച്ചില്ല. ഓര്‍മകള്‍ക്കു തീപിടിക്കും പോലെ ചൂട്ടില്‍ തീ കത്തില്ല. പക്ഷേ ഒരിക്കല്‍ തീപൂട്ടിയാല്‍ ഇടയ്ക്കിടെ വീശീയാല്‍മതി ആളിക്കത്തും. ഓര്‍മയും അങ്ങനെയാണല്ലോ. അവസാനത്തെ തീപ്പെട്ടിക്കൊള്ളി. ചൂട്ടുകത്തിയില്ലെങ്കില്‍ ബോട്ടടുക്കില്ല. യാത്ര മുടങ്ങും. സമയത്ത് ഓഫീസിലെത്താനാവില്ല. എങ്കിലും സാരമില്ല. ഒരിക്കല്‍കൂടി ഭാഗ്യ പരീക്ഷണം. പുഴയുടെ വളവു തിരിഞ്ഞ് ബോട്ടിന്റെ വരവ്. തീപ്പെട്ടിയില്‍ കൊള്ളി ഉരസി. ഒരു ശീല്‍ക്കാരം. അഭിലാഷം പോലെതന്നെ തീപിടിച്ചു. ചൂട്ടുകത്തുന്നു. വീശി. ആഞ്ഞു വീശി. എന്റെ മുഖവെട്ടം കണ്ടോ ചൂട്ടുവെളിച്ചം കണ്ടോ ബോട്ടടുത്തു. കത്തുന്ന ചൂട്ടുകറ്റയുമായി ബോട്ടില്‍ കയറുമ്പോള്‍ ജീവനക്കാരും യാത്രക്കാരും അത്ഭുതം കൂറി. ചൂട്ടുകളയാശാനെ-ആരോ പറഞ്ഞു. കുറേ പൊട്ടിച്ചിരികള്‍ കേട്ടു. മനസില്ലാ മനസോടെ ചൂട്ടുകറ്റ വെള്ളത്തിലേക്കെറിഞ്ഞു. ഒരു ശബ്ദം-ച്ശീ.. .. . ഒരു ശീ വിളി. ചൂട്ടിന്റേതെന്നു കരുതി. ഒരിക്കല്‍ കൂടി കേട്ടപ്പോള്‍ തിരിഞ്ഞു നോക്കി. ആളെ തിരിച്ചറിഞ്ഞു. മൂന്നു പതിറ്റാണ്ടു മുമ്പ് കാവാലം ഗവണ്‍മെന്റ് യു പി സ്കൂളില്‍ ഒരു ബഞ്ചിലിരുന്നു പഠിച്ച രാധാകൃഷ്ണന്‍. പൊട്ടിച്ചിരിച്ചു, ഞങ്ങള്‍ ഒന്നിച്ച്. നിന്റെ പഴയ വട്ടൊന്നും ഇനിയും മാറിയിട്ടില്ലേ. കുശലം. എന്നെ അറിയാത്തവര്‍ എന്റെ ഭ്രാന്തിന് അടിവരയിട്ടു.

രാധാകൃഷ്ണന്‍ കായലിലേക്കാണ്. കൃഷി നോക്കാന്‍. സ്വയം കൃഷിപ്പണി ചെയ്യുന്ന നല്ല കര്‍ഷകനാണയാള്‍. ഞങ്ങള്‍ കുറേ നേരം പഴയ കഥകളിലേക്ക് പുതിയൊരു ചൂട്ടു കത്തിച്ചു. ഒപ്പം കുട്ടനാട്ടിലെ കര്‍ഷക പ്രശ്നങ്ങളിലേക്ക്. ജീവിത വിഷയങ്ങളിലേക്ക്. നഗരത്തിലൂടെ സ്മാര്‍ട് സിറ്റിക്കും മറ്റും മുന്നിലൂടെ ഞങ്ങളുടെ വര്‍ത്തമാനം ചൂട്ടിന്‍ പുക ഉയര്‍ത്തിക്കൊണ്ടു പോയി.

കായലിലെ മൂലക്കുള്ള ബോട്ടു ജെട്ടിയില്‍ അവനിറങ്ങി. ഞാന്‍ തുടര്‍ന്നു. കാവാലം-ആലപ്പുഴ ബോട്ടുയാത്രയുടെ ഒന്നര മണിക്കൂര്‍ പോയതറിഞ്ഞില്ല. വേമ്പനാട്ടുകാലയില്‍ രാത്രിയുടെ ആലസ്യം വിടാതെ ഹൌസ് ബോട്ടുകള്‍ ഒഴുകി മടങ്ങുന്നു, കരയിലേക്ക്. അതിനുള്ളില്‍ കാണും ചിലപ്പോള്‍ നാടു മാറി നഗരവാസികളായ കുട്ടനാട്ടിലെ പുതിയ തലമുറക്കാരും… ഞാന്‍ ചൂട്ടിന്റെ ചൂരു പിടിക്കാന്‍ ശ്രമിച്ചു... .. .. ..

കാവാലം ശശികുമാര്‍

Monday, November 8, 2010

വളരുന്നോ കേരളം??





“1949-ജൂലൈ ഒന്നാം തീയതി തിരുവിതാംകൂറും കൊച്ചിയും യോജിപ്പിച്ച് 'തിരുവി താംകൂര്‍-കൊച്ചി' എന്ന പുതിയ സംസ്ഥാനം രൂപീകൃതമായി. 1956 നംവബര്‍ ഒന്നാം തീയതി മലബാര്‍ ജില്ലയെ തിരു-കൊച്ചിയോട് സംയോജിപ്പിച്ച് കേരളം എന്ന പേരില്‍ ഒരു പുതിയ സംസ്ഥാനം സ്ഥാപിതമായി.....”

കേരളത്തിന് കേരള സര്‍വീസ് ചട്ടപ്രകാരം 'വിര മിക്കല്‍' പ്രായമാകുന്നു, 55-ാം വയസിലേക്ക്. ഈ നവംബര്‍ ഒന്നിന് സംസ്ഥാനം പിറന്നിട്ട് 55 വര്‍ഷമാകുന്നു. വികസനം, പുരോഗതി, വളര്‍ച്ച തുടങ്ങിയ വാക്കുകള്‍ കൊണ്ടളന്നാല്‍ കേരളം എവിടെയെത്തി? കവി പാലാ പാടിയ തുപോലെ കേരളം വളരുന്നുണ്േടാ? സഖാവ് പി.കൃഷ്ണപിള്ള ആഹ്വാനം ചെയ്തതുപോലെ 'സഖാക്കളേ നാം മുന്നോട്ടു'പോയോ. പണ്ഡിറ്റ് നെഹ്രു ഓര്‍മിപ്പിച്ച, 'ഉറങ്ങുന്നതിനു മുമ്പു താണ്േടണ്ട മൈലു'കളില്‍ എത്ര നാം താണ്ടി. എന്നാല്‍, അത്രക്കു നിരാശപ്പെടാനില്ല; പക്ഷേ, ഏറെയൊന്നും നേട്ടങ്ങള്‍ അവ കാശപ്പെടാനുമില്ല. 'മുതിര്‍ന്ന പൌരത്വം' ആര്‍ജ്ജിച്ചെങ്കിലും ജനാധിപത്യത്തിലെ പക്വതക്കുറവിനു തെളിവായി ഏറ്റവും പുതിയ തെരഞ്ഞെടുപ്പ്. രാഷ്ട്രീയ പ്രബുദ്ധതബോംബേറിനും ബൂത്തു പിടുത്തത്തിനും മുമ്പില്‍ കൈപൊക്കി കീഴടങ്ങേണ്‍ണ്ടിവരുന്നു. രാഷ്ട്രീയത്തിനുമേല്‍ മതം ആധിപത്യം നേടുന്നു. മത നിര്‍ബന്ധങ്ങള്‍ സമൂഹക്രമം നിശ്ചയിക്കുന്നു. സാംസ്കാരത്തിനുമേല്‍ രാഷ്ട്രീയ പിടിവാശികളില്‍ മൃതദേഹങ്ങളും അനാദരിക്കപ്പെടുന്നു... സംസ്ഥാനം പിറന്നശേഷം ആറു വട്ടം ഇടതുപക്ഷം കേരളം ഭരിച്ചു. കമ്മ്യൂണിസ്റ്റുകള്‍ മൂക്കുവെട്ടി നാടു കടത്തിയ സിപി രാമസ്വാമിയുടെ കാലത്ത് സംസ്ഥാനത്ത് ആരംഭിച്ച വ്യവസായ സ്ഥാപനങ്ങളിലല്ലാതെ പുതിയതൊന്നിനെക്കുറിച്ച് അഭിമാനം പറയാന്‍ ഇടതുപക്ഷത്തിനോ കോണ്‍ഗ്രസ് പക്ഷത്തിനോ കഴിഞ്ഞിട്ടില്ല. ഇരുപക്ഷവും ഏറെ ഘോരഘോരം വാദിച്ച സ്മാര്‍ട്സിറ്റിയെന്ന ആനു കാലിക - ഐടി വ്യവസായ സംരംഭം ഇന്നും ഏട്ടിലെ പശുവാണ്; പുല്ലുതിന്നുന്നതേയില്ല. ദേശീയ പാതകള്‍ പലതും ചെറു നീളത്തില്‍ ഉണ്ടായെങ്കിലും എന്‍എച്ച് 47 നു ശേഷം കേരളത്തില്‍ ഗൌരവമുള്ള പാതകളൊന്നും ഉണ്ടായിട്ടില്ല. എം. സി. റോഡിനു ശേഷം മെച്ച മായൊരു സംസ്ഥാനപാതയും. റോഡു വീതിയും യാത്രാ വേഗവും തര്‍ക്കിക്കുമ്പോള്‍ റോഡിലെ കുഴികളില്‍ ചോരപ്രളയങ്ങള്‍. കേരളത്തില്‍ മരണനിരക്കിന്റെ കണക്കു തെറ്റിക്കാന്‍ അപകട മരണങ്ങള്‍ മത്സരിക്കുകയാണ്. ദൈവത്തിന്റെ സ്വന്തം നാട് അശാന്തിയുടെ താഴ്വരയെന്നു കുപ്രസിദ്ധമാകുന്നു. രാജ്യാന്തര ഭീകരപ്രവര്‍ത്തനത്തിന്റെ തായ്വേര് കേരളത്തിലാണെന്ന ആശങ്കയുളവാക്കുന്നതാണ് ആനുകാലിക തെളിവുകള്‍. ക്രമസമാധാന കാര്യത്തില്‍ കഷ്മീരും കേരളവും തമ്മി ലുണഢട 'അകലം' കുറഞ്ഞിരിക്കുന്നു. 'വയസാകുന്ന' കേരളത്തിന് ആരോഗ്യക്ഷയ മാണെവിടെയും. അന്യനാടുകള്‍ക്ക് അന്യമായ രോഗങ്ങള്‍ ഇവിടെ വ്യാപകമാകും. എലിപ്പനിയും മസ്തിഷ്കജ്വരവും ഉത്ക്കണ്ഠപ്പെടുത്തുന്നു. നാടുനീങ്ങിയെന്നു കരുതിയിരുന്ന കോളറയും കുഷ്ഠവും പോലും കേരള ത്തില്‍ നിന്നു റിപ്പോര്‍ട്ടു ചെയ്യപ്പെടുന്നു. ക്ഷയരോഗവും കാന്‍സറും സംസ്ഥാനത്ത് ആശങ്കാകുലമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. വിദ്യാഭ്യാസരംഗത്ത് അശങ്കകളേറെ. ഉന്നതവിദ്യാഭ്യാസ രംഗത്തെ ആനുകാലിക വാര്‍ത്തകള്‍ അത്ര ശുഭകരമല്ല. വ്യാജസര്‍ട്ടിഫിക്കറ്റുകള്‍ വിറ്റ് കുപ്രസിദ്ധി നേടിയ യൂണിവേഴ്സിറ്റികളുണ്ടാക്കിയ വിലയിടിവിനു ശേഷം സംസ്ഥാന വിദ്യാഭ്യാസ രംഗം ഇത്രയേറെ നി ലവാരത്താഴ്ചയനുഭവിക്കുന്ന കാലമില്ല. കേരളത്തില്‍നിന്ന് ഐ എ എസ് സെലക്ഷന്‍ നേടുന്നവരുടെ എണ്ണം ഏറെ കുറഞ്ഞു. മാതൃഭാ ഷയെ സിലബസിനു പുറത്താക്കി ഇംഗ്ളീഷ് ഭ്രമം വിലസുന്നെങ്കിലും സംസ്ഥാനത്തു യുജിസി പരീക്ഷ പാസായത് ഒരാള്‍!! 'കേരളം ഭ്രാന്താലയമാണെ'ന്ന് വിശേഷിപ്പിക്കപ്പെട്ടത് ജാതിവ്യവസ്ഥയുടെ മാമൂലുകളടിസ്ഥാനമാക്കിയായിരുന്നു. അവിടെ നിന്ന് കേരളം എത്ര വളര്‍ന്നുവെന്നു നോക്കിയാല്‍ സ്ഥിതി കഷ്ടമാണ്. അന്ന് ജാതികള്‍ 64-ഉം ഉപജാതികള്‍ 220 ആയിരുന്നുവെന്നാണ് കണക്ക്. ഇന്ന് അതിലും അവാന്തര വിഭാഗമുണ്ടാണ്‍യി പടര്‍ന്നു. മുമ്പ് ജാതിയുടെ പേരില്‍ അഗവണനയായിരുന്നുവെങ്കില്‍ ഇന്ന് പരിഗണ നകള്‍ക്ക് ജാതി പറയുന്നുവെന്നു വ്യത്യാസം മാത്രം. 1986-ലെ സെന്‍സസ് പ്രകാരം പട്ടികജാതി-പട്ടികവര്‍ഗം-പിന്നോക്കക്കാര്‍ എന്നീ വിഭാഗങ്ങളില്‍ മാത്രം പെടുന്ന ജാതികള്‍ 35 എണ്ണമാണ് പിന്നോക്കസമുദായങ്ങളുടെ എണ്ണം പ്രധാനമായും 68 ആണ്. ഉപവിഭാഗങ്ങള്‍ കൂടി ചേര്‍ക്കുമ്പോള്‍ 170 വരും.പ്രബുദ്ധ കേരളത്തില്‍ നമ്മുടെ ആശയപ്പോരാട്ടം ജാതി യും മതവുമില്ലാത്ത 'ജീവനു' വേണ്ടി യാണെന്നത് വെറും 'പൊങ്ങച്ചം'. 1848-ല്‍ ദിവാന്‍ ശങ്കരവാരിയര്‍ ആണ് ആദ്യമായി കേരളത്തില്‍ സര്‍ക്കാര്‍ വക ആശുപത്രി സ്ഥാപിച്ചത്. അതാണ് ഇന്നത്തെ എറണാകുളം ജനറല്‍ ആശുപത്രി. അതിനുശേഷം കാല്‍നൂറ്റാണ്ട് ആ വകുപ്പില്‍ ഒന്നും നടന്നില്ല. 1875-ലാണ് തൃശൂരില്‍ അടുത്ത സര്‍ക്കാര്‍ ആശുപത്രി വന്നത്. പക്ഷേ പില്‍ക്കാലത്ത് കേരളം ആരോഗ്യരംഗത്ത് ഇന്‍ഡ്യക്കു മോഡലായി. കുറഞ്ഞ ശിശുമരണനിരക്ക്, ദീര്‍ഘാരോഗ്യശേഷി, മരണനിരക്കില്‍ കുറവ്..... പക്ഷേ ആ പ്രതാപം ഇന്നു മങ്ങി. സര്‍ക്കാരിന്റെ ആരോഗ്യ രംഗത്തെ ഇടപാടുകള്‍ക്ക് ആക്ഷേപങ്ങള്‍ ഏറെയാണ്. സ്വകാര്യാശുപത്രികളുടെ 'ചികിത്സക്കൊള്ള'ക്ക് ഏറ്റവും ഇരയാകുന്നത് കേരളീയരാണത്രെ. കേരളത്തിന്റെ ആയുര്‍വേദ പാരമ്പര്യം ആധുനിക കാലത്ത് വന്‍ ബിസിനസായി മാറിയപ്പോള്‍ ചികിത്സാവിശ്വാസ്യതക്ക് ഇടിവു സംഭവിച്ചുവെന്നും ആരോപണമുണ്ട്-ഒരു പഴയ ചരിത്രം : 1892-ാമാണ്ടില്‍ തൃശിവ പേരൂരിന് 14 രോഗികള്‍ക്കു വേണ്ട സൌകര്യങ്ങളോടുകൂടി ഒരു ഭ്രാന്തശാല ഏര്‍പ്പെടുത്തിയെന്ന് ചരിത്ര രേഖ. ഇന്നു കേരളത്തില്‍ എവിടെയും ലൈംഗികോത്തേജന മരുന്നു വിപണനമാണ് തകൃതിയായി നടക്കുന്നത്. അച്ഛന്‍ മകളെ പീഡിപ്പിക്കുന്നതും നാലുവയസുകാരി ബലാത്സംഗത്തിനിരയാകുന്നതും കേരള ജനതയെ ഞെട്ടിക്കാതായിത്തുടങ്ങി. സ്ത്രീകളുടെ സാമൂഹ്യ പദവിയില്‍ ഉയര്‍ച്ചയുണ്ടായി. സ്ത്രീസംഘടിത ബോധത്തിന്റെ വിപ്ളവം അടുക്കളയില്‍ നിന്ന് അവരെ പുറത്തിറക്കി. തെരഞ്ഞെടുക്കപ്പെടാന്‍ സംവരണാനുകൂല്യം 50 ശതമാനമായതു മാത്രമല്ല നേട്ടം. തൊഴിലില്‍, പൊതു വേദിയില്‍ സാമൂഹിക രംഗത്ത് എല്ലാം 'തുല്യ'പദവി കിട്ടുമ്പോഴും സംഘടനകളിലൂടെ ശക്തരാകുമ്പോഴും വലിയ വിഭാഗം സ്ത്രീകളുടെ വളര്‍ച്ച കുടുംബ ശ്രീകളുടെ 'വെയ്സ്റ്റ് മാനേജ്മെന്റി'ലേക്കു മാത്രം ഒതുങ്ങിപ്പോകുന്നില്ലേ എന്നും സംശയം ജനിക്കാം. സ്ത്രീകളുടെ ജീവിത സ്വാതന്ത്യ്രം വര്‍ ദ്ധിച്ചു. നിരത്തില്‍ വാഹനമോടിക്കാന്‍, രാത്രിയില്‍ ഒറ്റക്കു സഞ്ചരിക്കാന്‍, ഭരണ സാരഥ്യം വഹിക്കാന്‍ കഴിയുന്ന സ്ത്രീ കളുടെ എണ്ണം വര്‍ദ്ധിച്ചു. പുരുഷമേധാവിത്വം ചോദ്യം ചെയ്യപ്പെട്ടു തുടങ്ങി. പക്ഷേ ഒപ്പം വിവാഹപ്പന്തലില്‍ തന്നെ സംഭവിക്കുന്ന വിവാഹമോചനക്കേസു കള്‍ വര്‍ദ്ധിച്ചു. സ്ത്രീകള്‍ വഞ്ചിക്കപ്പെ ടുന്നതിന്റെ എണ്ണം കുറയുന്നില്ല. പൊതു ആവശ്യങ്ങള്‍ക്കും ആനുകൂല്യങ്ങള്‍ക്കും വേണ്ടിയുള്ള പോരാട്ടത്തില്‍ കേരളീയര്‍ പിന്നിലാണ്. സ്വന്തം കാര്യങ്ങള്‍, പരമാവധി പോയാല്‍ സമുദായകാര്യങ്ങള്‍, ചിലപ്പോള്‍ പാര്‍ട്ടി താല്‍പര്യങ്ങള്‍. അതിനപ്പുറം ഒന്നുമില്ലെന്നാണ് ആക്ഷേപം. കേന്ദ്രത്തില്‍ ഒരു സര്‍ക്കാരിനെ കേരളത്തിലെ മുഴുവന്‍ പാര്‍ലമെന്റംഗങ്ങളും പിന്തുണച്ച സന്ദര്‍ഭത്തിലും ഒന്നിച്ചു നിന്നു സംസ്ഥാന താല്‍പര്യം നേടാന്‍ നമുക്കു കഴിഞ്ഞില്ല. കേരളത്തിന്റെ ആവശ്യങ്ങള്‍ നേടിയെടുക്കാനുള്ള എംപിമാരുടെ സര്‍ക്കാര്‍ കൂടിയാലോചനകള്‍ പോലും പോര്‍വിളി അരങ്ങുകള്‍ മാത്രമാകുന്നു. ചരിത്രം പറയുന്നു:-തിരുവിതാംകൂറില്‍ ദിവാന്‍ ഓസ്റ്റിന്റെ കാലത്ത് ക്രിസ്ത്യാനി-ഈഴവ-മുസ്ളിം സമുദായങ്ങളുടെ രാഷ്ട്രീയാവകാശങ്ങള്‍ നേടിയെടുക്കാന്‍ മൂന്നു സമുദായങ്ങളും ഒന്നിച്ചു പ്രക്ഷോഭം തുടങ്ങി. 1933 ഏപ്രില്‍ രണ്ടിന് വടക്കന്‍ പറവൂരില്‍ യോഗം കൂടി. പില്‍ക്കാലത്ത് 'നിവര്‍ത്ത ന'പ്രക്ഷോഭമായി. ഇന്ന് കേരളത്തിന്റെ ആവശ്യവും ഇത്തരത്തില്‍ യോജിച്ചൊരു സംരംഭമാണ്; രാഷ്ട്രീയാവകാശങ്ങള്‍ക്കല്ല, സംസ്ഥാനആവശ്യങ്ങള്‍ക്ക്. പക്ഷേ, തലസ്ഥാനത്തുനിന്ന് ഷൊര്‍ണൂര്‍ വരെ ഓടുന്ന 'തീവണ്ടിക്കു' പേര് വേണാട്. വണ്ടി കണ്ണൂര്‍ വരെ നീണ്ടാല്‍ മലബാര്‍. കൊച്ചിയില്‍ കെഎസ്ആര്‍ടിസി സിറ്റി സര്‍വ്വീസ് നടത്തിയാല്‍ പേര് തിരു-കൊച്ചി. 'കേരള'മെന്ന് പേര് വീഴണമെങ്കില്‍ വണ്ടി സംസ്ഥാനം വിട്ടു ഡല്‍ഹിക്കു(കേരളാ എക്സ്പ്രസ്) പോകണമെന്നാണ് സ്ഥിതി. കേരളം വിട്ടാല്‍ മലയാളികള്‍ക്ക് ഈ ഒരുമയുണ്ടുതാനും. സംസ്ഥാനം വളര്‍ന്നുവെന്ന പ്രതീതിയുണ്ട്. ബഹുരാഷ്ട്ര കമ്പനികളുടെ ഉല്‍പ്പന്നം പോലും ആദ്യ-ലോഞ്ചു ചെയ്യാന്‍ കേരളം തിരഞ്ഞെടുക്കുന്നു. അന്താരാഷ്ട്ര നിലവാരമുള്ള ഉല്‍പ്പന്നങ്ങളുടെ വിപണന ഷോറൂമുകള്‍ കേരളത്തില്‍ തുറക്കപ്പെടുന്നു. ഷോപ്പിംഗ് മാളുകളും കൂറ്റന്‍ പ്രോജക്ടുകളുടെ സാങ്കേതിക സഹായ കേന്ദ്രങ്ങളും കേരളത്തില്‍ ഉണ്ടാകുന്നു. ആളോഹരി വരുമാനത്തില്‍ കേരളം മുന്‍ നിരയിലേക്ക്. ആഡംബര ജീവിതത്തിനും കേരളം മോഡലായിരിക്കുന്നു. മൊബൈല്‍ ഫോണും ഇന്റര്‍നെറ്റും സാധാര ണക്കാര്‍ക്കും ഫാഷന്‍ ആയിക്കഴിഞ്ഞു. പക്ഷേ, ഇക്കഴിഞ്ഞ ജനാധിപത്യ വിശ്വാസ പരീക്ഷണത്തിലും ഇടുക്കിയിലെ ഇടമലക്കുടിയില്‍ വൈദ്യുതിയും വാര്‍ത്താ വിനിമയ സംവിധാനവുമില്ലാഞ്ഞതിനാല്‍ ഹാം റേഡിയോ ആയിരുന്നു സഹായമായത്. ഓഹരിക്കമ്പോളത്തില്‍ ലിസ്റ്റുചെയ്യപ്പെടുന്ന കേരളത്തില്‍നിന്നുള്ള വാണിജ്യ സ്ഥാപനങ്ങളുടെ എണ്ണം കൂടുന്നു. ഫാഷന്‍ ഷോകളും നൈറ്റ് ഷോപ്പിംഗു മുള്‍പ്പെടെ വാണിജ്യത്തിന്റെ പുതിയ വേദികള്‍ തുറക്കപ്പെടുന്നു. ടൂറിസം വികസനത്തിന്റെ മേഖലയില്‍ കേരളത്തിന്റെ സ്ഥാനം ലോക നിലവാരപ്പട്ടികയില്‍ മുകളിലെത്തുന്നു. ജ്ഞാനപീഠ പുരസ്കാര വേദിയില്‍ കേരളവും മലയാളവും ആദരിക്കപ്പെടുന്നു. സംസ്ഥാനത്ത് തര്‍ക്കവും വിവാദവും അരങ്ങു തകര്‍ക്കുന്നെങ്കിലും ദേശീയ ചലച്ചിത്രോത്സവ വേദിയില്‍ മലയാളവും മലയാളിയും ബഹുമാനിക്കപ്പെടുന്നു. പക്ഷേ 55 ആകുമ്പോള്‍ കേരളത്തിന്റെ കീര്‍ത്തികള്‍ പലതും മങ്ങിക്കൊണ്ടിരിക്കുന്നു. മദ്യോപഭോഗത്തിലും മാഫിയാ പ്രവര്‍ത്തനത്തിലും ഭീകരപ്രവര്‍ത്തനത്തിലും കേരളം ഒന്നാമതെത്തുന്നത് ഭൂഷണവുമല്ലല്ലോ. ആരോഗ്യരംഗത്തും വിദ്യാഭ്യാസ രംഗത്തും കാര്‍ഷിക മേഖല യിലും വ്യവസായത്തിലും കേരള മോഡല്‍ പരാജയമാണെന്നു വരുന്നതും നല്ല വാര്‍ത്തയല്ല. പക്ഷേ, ഒരു കാലത്ത് അതിരൂക്ഷമായിരുന്ന തൊഴിലില്ലായ്മ യെച്ചൊല്ലിയുള്ള തെരുവുപ്രകടനങ്ങള്‍ ഇന്നില്ല, രാഷ്ട്രീയത്തിന്റെ പേരില്‍ കൊടിപിടിച്ചിറങ്ങി തെരുവു തടയുന്ന പ്രക്ഷോഭങ്ങളും കുറഞ്ഞു. അതേസമയം സംസ്ഥാനത്തെ മുതിര്‍ന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നു. 60 വയസു കഴിഞ്ഞവര്‍ 60 ശതമാനത്തിലധികമാകാന്‍ പോകുകയാണ്. സ്വാശ്രയകേരളമെന്ന ആശയം നടപ്പായിട്ടില്ലെങ്കിലും 'സ്വന്തം കാര്യം' നോക്കാനുള്ള വഴിയില്‍ കേരളീയര്‍ തിരിഞ്ഞു. പക്ഷേ, സാമൂഹ്യബോധത്തിന്റെ അഭാവത്തില്‍ സംസ്ഥാനത്തിന്റെ ഈ പുരോഗതി വളര്‍ച്ച, വികസനം തുടങ്ങിയ വയെ നിരാശയുടെ ദശാകാലമെന്നേ ആരും പറയൂ. വാല്‍കഷണം: ലോട്ടറിയും മദ്യവില്‍പ്പ നയുമാണ് കേരളത്തിന്റെ മുഖ്യവരുമാനമാര്‍ഗം. മദ്യദുരന്തങ്ങള്‍ക്ക് അന്തമില്ല. ലോട്ടറിയും ദുരന്തമാണെന്ന് തെളിയുന്നു. ഒടുവില്‍ പുറത്തുവന്ന വിവരപ്രകാരം ലോട്ടറിയിലെ പിഴവുകള്‍ക്കു തക്കസമയത്തു പരിഹാരം കാണാനുള്ള നിര്‍ദ്ദേശം നടപ്പിലാക്കാഞ്ഞതിനാല്‍ സംസ്ഥാനത്തിന് 5000 കോടി നഷ്ടമുണ്‍ണ്ടായെന്ന് പ്രതിപക്ഷ നേതാവ് ആരോപിക്കുന്നു. പക്ഷേ ഒന്നോര്‍ക്കുക, ഇന്നത്തെ പ്രതിപക്ഷനേതാവ് അന്നത്തെ മുഖ്യമന്ത്രിയും ഇന്നത്തെ മുഖ്യമന്ത്രി അന്നത്തെ പ്രതിപക്ഷ നേതാവുമായിരിക്കെയാണ് ആദ്യം ലോട്ടറിത്തട്ടിപ്പെന്ന വിവാദം ഉണ്‍ണ്ടായത്!!!